മതം, മനുഷ്യന്‍ പിന്നെ ബിയ്യാത്തുമ്മ ഉമ്മമാരും
തലക്കെട്ട് കണ്ട് തെറ്റിദ്ധരിച്ചു പോകരുത്. മതത്തെയും മനുഷ്യനെയും സംബന്ധിച്ച ഒരു ദാര്‍ശനിക ചര്‍ച്ച ഇവിടെ ഉദ്ദേശ്യമല്ല. മനുഷ്യനും മുസ്‌ലിമും ആയ ബിയ്യാത്തുമ്മയുടെയും മറ്റു രണ്ടുപേരുടെയും ജീവിതകഥ അല്‍പമൊന്നോര്‍ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതിലെന്തെങ്കിലും 'ദര്‍ശനം' ഉണ്ടെങ്കില്‍ അത് വായനക്കാര്‍ക്ക് വിട്ടുതരുന്നു.
ചെമ്പന്റവിട ബിയ്യാത്തുമ്മ ചെറുപ്രായത്തിലേ എന്റെ വീട്ടിലാണ്; ബാപ്പയുടെ തറക്കണ്ടി വീട്ടില്‍. ഞാന്‍ ജനിക്കുന്നതിനു മുമ്പേ വീട്ടുവേലക്കാരിയായി വന്നതാണ്. അവിടന്നങ്ങോട്ട് തറക്കണ്ടി ബിയ്യാത്തുമ്മ എന്നാണ് എല്ലാവരും അവരെ അറിയുക. കല്യാണ പ്രായമെത്തിയപ്പോള്‍ ബാപ്പ താല്‍പര്യമെടുത്ത് കല്യാണം കഴിപ്പിച്ചു കൊടുത്തെങ്കിലും ആ ബന്ധം നിലനിന്നില്ല. ബിയ്യാത്തുമ്മ തറക്കണ്ടിയില്‍ തന്നെ. ഇനിയൊരു ബന്ധത്തിനു അവര്‍ക്ക് താല്‍പര്യമുണ്ടായതുമില്ല (കല്യാണ നാളില്‍ പുതുമാരന്‍ കൊടുത്തയച്ച നിസ്‌കാരക്കുപ്പായം എല്ലാ കൊല്ലവും റമദാന്‍ മാസം വരുമ്പോള്‍ ബിയ്യാത്തുമ്മ അലക്കി വെടിപ്പാക്കി വെക്കും-ഇതിന്റെ 'തഫ്‌സീര്‍' പിന്നീട് വരും).
തറക്കണ്ടി ബിയ്യാത്തുമ്മ എന്ന വിളിപ്പേര് വീണത് വെറുതെയല്ല. സ്വന്തം വീട്ടില്‍ വല്ലപ്പോഴുമൊന്ന് പോയെങ്കിലായി. നെല്‍കൃഷിയില്ലാത്ത ഞങ്ങള്‍ക്ക് പുന്നെല്ല് കൊണ്ടുതരാന്‍ കൊയ്ത്ത് കാലത്ത് ഒന്ന് പോകും. പുന്നെല്ലിന്റെ പുട്ടും അവിലും കുട്ടികള്‍ക്ക് ഉണ്ടാക്കിത്തരുന്നത് ബിയ്യാത്തുമ്മക്ക് വലിയ ഇഷ്ടമാണ്.
തറക്കണ്ടി വീട്ടില്‍ ബിയ്യാത്തുമ്മ 'സര്‍വാധികാരി'യാണ്. പെറ്റുമ്മയെപ്പോലെ ഞങ്ങള്‍ക്ക് പോറ്റുമ്മ. മക്കളെപ്പോലെ സ്‌നേഹിക്കുന്നത് കൊണ്ട് ഞങ്ങളെ ശാസിക്കാനും അവര്‍ക്ക് കഴിയും. ബാപ്പ കുട്ടികളെ ശിക്ഷിക്കുമ്പോള്‍ ഇടപെടുന്നതും ബിയ്യാത്തുമ്മ.
ബാപ്പ (ആയഞ്ചേരി തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍) ദൂരെ ദിക്കുകളില്‍ ദര്‍സിനു പോയാല്‍ വീടിന്റെ എല്ലാ അകം-പുറം ചുമതലകളും ബിയ്യാത്തുമ്മയുടെ കൈകളിലാണെങ്കിലും അവരുടെ മുഖ്യ ഉത്തരവാദിത്വം വയസ്സായ വലിയുമ്മയുടെ പരിപാലനമാണ്.
വല്യുമ്മ (ബാപ്പയുടെ ഉമ്മ) വലിയ മതഭക്തയാണ്. വുദു, കുളി, നമസ്‌കാരാദികളില്‍ വല്ലാത്ത ചിട്ടകളും ശീലങ്ങളും. അല്‍പം 'വസ്‌വാസും' ഉണ്ട്. സ്വുബ്ഹ് നമസ്‌കാരത്തിന്റെ ചിട്ടവട്ടങ്ങള്‍ കാലത്ത് 4 മണി മുതല്‍ തുടങ്ങണം. അതിലൊക്കെ നിഴല്‍ പോലെ എല്ലായിടത്തും ബിയ്യാത്തുമ്മ ഉണ്ടാകും. പരാതിയോ പരിഭവമോ ഇല്ല.
ഇതൊക്കെ ഇങ്ങനെ നീട്ടിവലിച്ച് വിസ്തരിക്കുന്നതിന് പിന്നില്‍ വലിയൊരു 'രഹസ്യ'മുണ്ട്. മറ്റൊന്നുമല്ല, ആണ്ടോടാണ്ട് രാവും പകലും വലിയുമ്മക്ക് നിസ്‌കാര കര്‍സേവ ചെയ്യുന്ന നമ്മുടെ കഥാനായികയുണ്ടല്ലോ- ബിയ്യാത്തുമ്മ -അവര്‍ ഒരിക്കലും നിസ്‌കരിക്കുകയില്ല. നിസ്‌കരിച്ച ചരിത്രം ആരും കേട്ടിട്ടില്ല. അവരെ നിസ്‌കരിപ്പിക്കാന്‍ ആരാലും സാധ്യവുമല്ല. ചിലപ്പോള്‍ സഹികെട്ട് വല്ല്യുമ്മ പറഞ്ഞു പോകും: ''അല്ല പഹച്ചീ, നിനക്കും ഒന്നു നിസ്‌കരിച്ചാലെന്താ''? എന്ന്. ഉടനെ വരും വായടപ്പന്‍ മറുപടി: ''ങ്ങള് ങ്ങളെ ഖബ്‌റ് നോക്യാ മതി. എന്റെ ഖബ്‌റ് ഞാന്‍ നോക്കിക്കോളും. എന്റെ ഖബ്‌റില്‍ ങ്ങള് പോണ്ട.'' ഇത്രയും കേട്ട്, വല്യുമ്മാന്റെ നാക്ക് അണ്ണാക്കില്‍ തള്ളിപ്പോകും. പിന്നെ അഞ്ചോ ആറോ മാസത്തിനിടെ വല്ലപ്പോഴും നിസ്‌കാരക്കാര്യം ഒന്നു പറഞ്ഞുപോയാല്‍ അപ്പോഴും മറുപടി മേപ്പടി തന്നെ.
ബിയ്യാത്തുമ്മ അറിഞ്ഞുകൊണ്ട് ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. നിസ്‌കാരക്കാര്യം മാത്രം ആരും ചോദിച്ചുപോകരുത്. അതേ സമയം, ഒരു ശീലമെന്ന നിലയില്‍ നോമ്പ് പിടിക്കുകയും ചെയ്യും. നോമ്പുകാലത്ത് ആ നിസ്‌കാരക്കുപ്പായം അലക്കി വെടിപ്പാക്കി വെക്കലുണ്ടല്ലോ, അതായിരിക്കണം മൂപ്പത്തിയാരുടെ ഒരാണ്ട് കാലത്തെ നിസ്‌കാരത്തിന്റെ പകരം! ഇത് ഇസ്‌ലാം ദീനിലെ ഏത് മദ്ഹബ് പ്രകാരമെന്നതൊന്നും ബിയ്യാത്തുമ്മക്ക് അറിയേണ്ട കാര്യമില്ല. ആരും ചോദിക്കുകയുമില്ല.
കാലം കടന്നുപോയി. 1940-ല്‍ ബാപ്പ പാമ്പ് കടിയേറ്റ് മരിച്ചു. കുറെ കഴിഞ്ഞ് വലിയുമ്മയും പോയി. 1967-ല്‍ ഞാന്‍ കുറ്റിയാടിയിലേക്ക് താമസം മാറിയപ്പോള്‍ ബിയ്യാത്തുമ്മയും കൂടെ പോന്നു. കുട്ടികളെ പിരിയാന്‍ കഴിയാഞ്ഞത് കൊണ്ടാവണം. ടി.കെ ഫാറൂഖിന്റെ അനുജന്‍, ഞങ്ങളുടെ ഫൈസല്‍ എന്ന മകന്‍ മൂന്നാം വയസ്സില്‍ മരിച്ചുപോയ സംഭവം ബിയ്യാത്തുമ്മയുടെ ജീവിതത്തിലെ വഴിത്തിരിവായി. ഏതോ ഒരു വെളിപാടെന്ന പോലെ അവരില്‍ വന്ന മാറ്റം തീര്‍ത്തും അവിശ്വസനീയമായിരുന്നു. അതെ, ഞങ്ങളുടെ പോറ്റുമ്മയായ അവര്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങണം! തറക്കണ്ടി കുടുംബത്തില്‍ ഇനി വയ്യ! ഫൈസല്‍ മോന്റെ വേര്‍പാട് അവരില്‍ ഉണ്ടാക്കിയ ആഘാതം അത്ര വലുതായിരുന്നു. നിശ്ചയിച്ചുറച്ചപോലെ ഞങ്ങളുടെ ബിയ്യാത്തുമ്മ വയസ്സ് കാലത്ത് കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് പടിയിറങ്ങുകയും ചെയ്തു.
ഈ കൊച്ചു കൊച്ചു കുടുംബകാര്യങ്ങള്‍ ചെന്നെത്തുന്നത് ബിയ്യാത്തുമ്മ സംഭവത്തിന്റെ ക്ലൈമാക്‌സിലേക്കാണ്. വീട്ടില്‍നിന്ന് പോയി അല്‍പകാലത്തിനുശേഷം അവരെക്കുറിച്ച് ഞങ്ങളിലേക്കെത്തുന്നത് അവിശ്വസനീയമായ ഒരു അത്ഭുത വാര്‍ത്ത! അതെ, ബിയ്യാത്തുമ്മ നമസ്‌കാരം തുടങ്ങിയിരിക്കുന്നു! കൃത്യമായി അഞ്ചുനേരം! ജീവിതാന്ത്യം വരെ! (നിസ്‌കാരക്കുപ്പായം 'പഴയത്' തന്നെയോ എന്ന് നിശ്ചയമില്ല).
ആരാണ് ബിയ്യാത്തുമ്മ? എന്താണ് അവരിലെ മതം? ആരാണ് അവരിലെ മനുഷ്യന്‍? ഈവക, കടിച്ചാല്‍ പൊട്ടാത്ത തത്ത്വചിന്തകളിലേക്കൊന്നും പോകുന്നില്ല. ഇമാം ജുവൈനിയെപ്പോലൊരു മഹാപണ്ഡിതന്‍ പ്രാര്‍ഥിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: പടച്ചവനേ! ഒരു കിളവിയുടെ ഈമാനോടുകൂടി മരിക്കാന്‍ എന്നെ അനുഗ്രഹിക്കുമാറാകണേ എന്ന്. ബിയ്യാത്തുമ്മ ഉമ്മാ, നിങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്ക് സലാം.
ഈ ദുനിയാവില്‍ ബിയ്യാത്തുമ്മ ഒറ്റയാളല്ല. ഒറ്റയാന്മാര്‍ വേറെയും കാണും. എനിക്കു തന്നെ ഒരാളെ പരിചയമുണ്ട്. ജീവിച്ചിരിക്കുന്നതുകൊണ്ട് ഊരുംപേരും പറയുന്നില്ല. തല്‍ക്കാലം നമുക്കദ്ദേഹത്തെ 'കുഞ്ഞമ്മദ്ക്ക' എന്ന് വിളിക്കാം.
കുഞ്ഞമ്മദ്ക്ക മാന്യനും കുലീനനുമാണ്. സാമ്പത്തിക സ്ഥിതിയും തരക്കേടില്ല. പരോപകാരിയാണ്. കടം കൊടുത്താല്‍ തിരിച്ച് കൊടുക്കാത്തവരോട് പകയില്ല. നാട്ടില്‍ എല്ലാവര്‍ക്കും സമ്മതനാണ്. മുതലുണ്ടെങ്കിലും 'മുതലാളി' അല്ല.
കുടുംബത്തിന്റെ മതചിട്ടകളിലൊക്കെ കുഞ്ഞമ്മദ്ക്കാക്ക് വലിയ താല്‍പര്യമാണ്. കുട്ടികളെ സ്‌കൂളിലും മദ്‌റസയിലും കൃത്യമായി പറഞ്ഞയക്കും. നോമ്പും പെരുന്നാളുമൊക്കെ മുറപോലെ കൊണ്ടാടും. ഒരു കുഴപ്പമേ ഉള്ളൂ. കുഞ്ഞമ്മദ്ക്കാക്ക് നിസ്‌കാരമില്ല. നോമ്പും കമ്മി. എന്നാല്‍ കുടുംബവും കുട്ടികളും നിസ്‌കരിച്ച് നോമ്പെടുത്ത് നന്നായി നടക്കണം. 'പടച്ചോനില്ലാത്ത' കമ്യൂണിസ്റ്റുകാരെ ഇഷ്ടമല്ല. പെരുന്നാളായാല്‍ കുഞ്ഞമ്മദ്ക്ക പുതുവസ്ത്രമണിഞ്ഞ് പള്ളിയിലേക്കെന്നപോലെ ഇറങ്ങി തിരിച്ചുപോരും. ഒരിക്കല്‍ ഒരു കല്യാണപാര്‍ട്ടി വഴിയില്‍ നിസ്‌കാരത്തിന് പള്ളിയില്‍ കയറിയപ്പോള്‍ കുഞ്ഞമ്മദ്ക്കായെ ഞാനൊന്ന് 'ശ്രദ്ധിച്ചു'നോക്കി. എല്ലാവരും നിസ്‌കാരത്തിനു കൈകെട്ടിയെന്ന് ബോധ്യമായതോടെ കുഞ്ഞമ്മാദ്ക്കാ ഒരു പോക്കാണ്! എല്ലാവരും നിസ്‌കാരം കഴിഞ്ഞിറങ്ങിയപ്പോള്‍ കൂട്ടത്തില്‍ കുഞ്ഞമ്മദ്ക്കായും ഉണ്ട്.
കുഞ്ഞമ്മദ്ക്കാക്ക് പ്രായമായി. ഈയിടെയായി നമസ്‌കാരവും തുടങ്ങിയത്രെ! ആരെയും ബോധ്യപ്പെടുത്താനല്ല. താനേ ഒരു ബോധോദയം! അപ്പോള്‍, ആരാണ് കുഞ്ഞമ്മദ്ക്ക? എന്താണ് മതബോധം? ആര്‍ക്കാണറിയുക, മനുഷ്യമനസ്സിന്റെ അകംപൊരുള്‍?
അടുത്തത് മീന്‍കാരന്‍ അമ്മദ്ക്ക. മൂപ്പരുടെ കഥ അല്‍പം വ്യത്യസ്തമാണ്; രസകരവും. അമ്മദ്ക്കയെ എനിക്ക് നേരിട്ടറിയില്ല. കേട്ടറിവേ ഉള്ളൂ. ജനിച്ചുവളര്‍ന്ന സ്ഥലവും കൃത്യമായി അറിയില്ല. വടകരയില്‍ നിന്ന് ഏകദേശം പതിനഞ്ച് കി.മീ ചുറ്റളവില്‍ ഉള്‍നാട്ടിലാണെന്ന് മനസ്സിലാക്കുന്നു. എന്റെയൊക്കെ ചെറുപ്പകാലത്തേ മരിച്ചുപോയി. മീന്‍ വില്‍പനയാണ് ഉപജീവനമാര്‍ഗം. വടകര കടപ്പുറത്ത് നിന്ന് കാവടിയില്‍ ഇരുവശവും മീന്‍കുട്ട ചുമന്ന് നിത്യവും നാട്ടുമ്പുറത്തേക്ക് നടന്നുനീങ്ങുന്ന അമ്മദ്ക്കായുടെ മുതുകും ഏതാണ്ട് കാവടി പോലെ വളഞ്ഞിരിക്കും. വഴിനീളെ മീന്‍ വിറ്റ് തളര്‍ന്നവശനായി സന്ധ്യയോടെ വീടണയും.
സ്‌കൂളില്‍ പോയ 'കുറ്റ'മൊന്നും അമ്മദ്ക്ക ചെയ്തില്ലെങ്കിലും മീന്‍വിറ്റ കണക്കൊക്കെ കൃത്യമായി വിരല്‍തുമ്പില്‍ കൂട്ടിയെടുക്കും. മാത്രമല്ല, ഇത്തിരി 'ബുദ്ധിജീവി'യും 'യുക്തിവാദി'യും കൂടിയാണ് അമ്മദ്ക്ക. അതുകൊണ്ടുതന്നെ, ആള് ദൈവവിശ്വാസിയല്ല. ആലം, അര്‍ശ്, കുര്‍ശ്, ലൗഹ്, ഖലമ്-ഒക്കെ പടച്ച അല്ലാഹു എന്ന ഒരുവനെപ്പറ്റി മുസ്‌ലിയാര്‍ 'വഅദി'ല്‍ പറയുന്നത് കേട്ടാലും അമ്മദ്കാക്ക് കുലുക്കമില്ല. ആരെന്ത് തര്‍ക്കിച്ചാലും മൂപ്പിലാന്‍ ഒരൊറ്റ ചോദ്യമാണ്: പടച്ചവന്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് അവനെ കാണുന്നില്ല? ഉള്ള പടച്ചോന്‍ എന്തിനു ഒളിഞ്ഞിരിക്കുന്നു? അമ്മദ്ക്കായുടെ ഈ ചോദ്യത്തോട് തര്‍ക്കിച്ച് ജയിക്കാന്‍ ആ നാട്ടുമ്പുറത്ത് ആരും പിറന്നിട്ടില്ല. 'സ്ഥലത്തെ പ്രധാന ദിവ്യന്മാരൊ'ക്കെ ഒഴിഞ്ഞുമാറലാണ് പതിവ്. അമ്മദ്ക്കായാകട്ടെ, കുസൃതിക്കുട്ടികള്‍ പിന്നാലെ കൂടുമ്പോള്‍ മാത്രമേ തന്റെ 'യുക്തിചിന്ത' പുറത്തെടുക്കാറുള്ളൂ.
പടച്ചോന്‍ ഇല്ലാത്തതൊക്കെ ശരി. ഉണ്ടെന്ന് സമ്മതിക്കാന്‍ അമ്മദ്ക്ക തയാറുമല്ല. എങ്കിലും മൂപ്പിലാന് തന്റെ ചിന്തക്ക് ചേരാത്ത ഒരു വലിയ ദൗര്‍ബല്യമുണ്ട്. മറ്റൊന്നുമല്ല. തന്റേതായ ഒരു നമസ്‌കാരം! തന്റെ ജോലിക്കും ദിനചര്യക്കും ചേര്‍ന്ന നിസ്‌കാരം!
മഗ്‌രിബോടടുത്ത് വീടണഞ്ഞ്, കുളിച്ച് വുദു ചെയ്ത്, നിസ്‌കാരപ്പായിലേക്ക് ഒരു കയറ്റമാണ്. പിന്നെ, തനിക്കറിയും പോലെ, ബാങ്കും ഇഖാമത്തും കൊടുത്ത് നിസ്‌കാരത്തിലേക്ക് പ്രവേശിക്കലായി. ദുഹ്ര്‍, അസ്വ്ര്‍, മഗ്‌രിബ്, ഇശാ കൂടി വഴിക്ക് വഴിയായി നാല് നേരത്തെ നിസ്‌കാരം! ആ ഓത്തും സ്വലാത്തുമൊക്കെ കണ്ടാല്‍ ആരും അതിശയിച്ചുപോകും. ഈ അമ്മദ്ക്കയോ ആ അമ്മദ്ക്ക! യുക്തിവാദവും ഭക്തിഭാവവും ഒരേ അമ്മദ്ക്കായില്‍!
ചിലപ്പോള്‍, ചെറുപ്പക്കാര്‍ വിടില്ല. ഈ നിസ്‌കാരത്തെപ്പറ്റിയും അവര്‍ ചോദ്യം ചെയ്യും. ചോദിച്ചാല്‍ ചോദിച്ചവനേ തോല്‍ക്കുകയുള്ളൂ. അമ്മദ്ക്കായുടെ മറുപടി റെഡിറെഡി. കിറുകൃത്യം: പടച്ചവന്‍ ഇല്ലാത്തതൊക്കെ ശരി. എങ്കിലും, അഥവാ ഉണ്ടെങ്കിലോ? പൊല്ലാപ്പിനൊന്നും പോകണ്ട എന്നു കരുതി. അതുകൊണ്ടാ മക്കളേ, ഈ നിസ്‌കാരം.
ഈ മമ്മദ്ക്ക അവിശ്വാസിയാണോ? മതശാസ്ത്രത്തില്‍ എവിടെയാണ് അങ്ങോരുടെ ഇടം? ഈ വക ദാര്‍ശനിക ചിന്തകളിലേക്കൊന്നും കടക്കുന്നില്ല. എങ്കിലും, അമ്മദ്ക്കയും കുഞ്ഞമ്മദ്ക്കയും ബിയ്യാത്തുമ്മ ഉമ്മയും ഒക്കെ നമ്മോടൊപ്പമുണ്ട്. അവരും നമ്മുടെ കുടുംബത്തിന്റെ, സമുദായത്തിന്റെ കുടപ്പിറപ്പുകള്‍ തന്നെ. അവരും ചേര്‍ന്നതാണ് മുസ്‌ലിം സമുദായം.
Comments