Prabodhanm Weekly

Pages

Search

2014 ജൂണ്‍ 20

കര്‍മോത്സുക യൗവനം ഒത്തുചേര്‍ന്നു പുതിയ ചുവടുകള്‍ വെക്കാന്‍

ടി. ജാഫര്‍

         കേരളത്തെ പുനര്‍നിര്‍ണയിക്കുകയും പുനര്‍ നിര്‍വചിക്കുകയും ചെയ്ത കര്‍മോത്സുക യൗവനത്തിന്റെ ഒത്തുചേരലായിരുന്നു 2014 മെയ് 24,25 തീയതികളില്‍ പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ നടന്ന സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം. സംഘടനയുടെ രണ്ടായിരത്തോളം അംഗങ്ങള്‍ മാത്രം പങ്കെടുത്ത പരിപാടി പഠന പ്രധാനവും, മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ ആഴത്തില്‍ വിലയിരുത്തുന്നതുമായിരുന്നു. ഒരു ദശാബ്ദക്കാലം കേരളത്തിന്റെ തെരുവുകളിലും സമര ഭൂമികളിലും പുതിയ ആവേശവും ആത്മ സമര്‍പ്പണവുമായി നിറഞ്ഞുനിന്ന യൗവന തീക്ഷ്ണത വികസനത്തെക്കുറിച്ച് കേരളത്തിന് പഠിപ്പിച്ചു നല്‍കിയ പാഠങ്ങള്‍ ഏറ്റുപറയാന്‍ കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ ഒട്ടേറെപ്പേരുണ്ടായി. നിയമസഭയില്‍ പോലും അതിന്റെ അനുരണനങ്ങളുണ്ടായി. വികസനം മുകളില്‍ നിന്ന് താഴേക്ക് അരിച്ചിറങ്ങേണ്ടതല്ല, മറിച്ച് അടിത്തട്ടില്‍ നിന്ന് മുകളിലേക്ക് ക്രമപ്രവൃദ്ധമായി വളരേണ്ടതാണെന്ന പാഠം മലയാളിയെ പഠിപ്പിച്ച പത്തുവര്‍ഷങ്ങളാണ് പിന്നിട്ടത്. 

         ഇപ്പോള്‍ കേരളം അതിഗുരുതര മനുഷ്യാവകാശ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. ഇതിലേറെയും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ബോധപൂര്‍വം തമസ്‌കരിക്കുന്നതുമാണ്. അതുകൊണ്ടാണ് തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ ഇതര സംസ്ഥാനങ്ങളിലെ പോലീസും മറ്റു അന്വേഷണ ഏജന്‍സികളും ഇവിടെ വന്ന് നിരപരാധികളായ ചെറുപ്പക്കാരെ നിര്‍ബാധം പിടിച്ചുകൊണ്ടുപോയി ജയിലിലടക്കുന്നത്. ഇനി സോളിഡാരിറ്റിയുടെ പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്ന് ഇത്തരം കേസുകളുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തിക്കൊണ്ട് ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമായിരിക്കും. മാറുന്ന ഇന്ത്യന്‍ സാഹചര്യത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രവര്‍ത്തനമായിരിക്കും ഇതെന്ന പ്രഖ്യാപനം കൂടിയായിരുന്നു ഈ സമ്മേളനം.

         ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് മുന്‍ അമീറും കേന്ദ്ര സെക്രട്ടറിയുമായ ശഫി മദനി സാഹിബായിരുന്നു സമ്മേളനത്തിന്റെ ഉദ്ഘാടകന്‍. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം കൊടുത്തവര്‍ക്കെതിരെ നിരന്തര നിയമയുദ്ധത്തിന് നേതൃത്വം നല്‍കുന്ന അദ്ദേഹത്തിന്റെ വിപുലമായ ഒരു സെഷന്‍ സമ്മേളനത്തിലുണ്ടായിരുന്നു. അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ ടി. മുഹമ്മദ് വേളം സംഘടനയുടെ ദാര്‍ശനിക ഊന്നലും പ്രവര്‍ത്തന വികാസവും മുന്‍നിര്‍ത്തിയാണ് സംസാരിച്ചത്. കേരളത്തിന്റെ മതേതര പൊതുമണ്ഡലത്തെ പുനര്‍നിര്‍വചിച്ചുവെന്നതാണ് സോളിഡാരിറ്റി പത്തുവര്‍ഷം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പൊതുമണ്ഡലം മതേതരത്വത്തിന് മാത്രമല്ല, മതത്തിന്  കൂടി ഇടമുള്ളതാണെന്ന് വളരെ സൗന്ദര്യാത്മകമായി അത് തെളിയിക്കുകയും ചെയ്തു. സോളിഡാരിറ്റിയുള്ള കേരളം എന്നത് സൗന്ദര്യാത്മകമായ ഒരു മുദ്രാവാക്യമല്ല. മറിച്ച്, കടുത്ത എതിരാളികള്‍ക്ക് പോലും നിഷേധിക്കാനാവാത്ത ഒരു യാഥാര്‍ഥ്യമാണ്, അദ്ദേഹം പറഞ്ഞു. 

ഇരകളുടെ സംഗമം

         തീവ്രവാദ കേസുകളുടെ പേരില്‍ ഇരകളാക്കപ്പെടുന്ന മുസ്‌ലിം ചെറുപ്പക്കാരുടെ വേദനകള്‍ ഏറ്റുവാങ്ങേണ്ടിവന്ന ബന്ധുക്കളുടെ ഒത്തുചേരലായി മാറിയ മനുഷ്യാവകാശ സംഗമം സമ്മേളനത്തിന്റെ പ്രധാന പരിപാടികളിലൊന്നായിരുന്നു. മുസ്‌ലിം ചെറുപ്പക്കാരെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഇന്ത്യയുടെ പല ഭാഗത്തും അന്വേഷണ ഏജന്‍സികള്‍ ഓപ്പറേറ്റ് ചെയ്യുന്ന തീവ്രവാദ കേസുകളില്‍ നിരപരാധികളായ നൂറുകണക്കിന് ചെറുപ്പക്കാര്‍ ജയിലറകളില്‍ കഴിയുകയാണ്. ഇവരില്‍ ചിലരെങ്കിലും കോടതി ഇടപെടലിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം യൗവനം ചതഞ്ഞരഞ്ഞ് ഒരിക്കലും മായ്ക്കാനാവാത്ത തീവ്രവാദ മുദ്രയുമായി പുറത്തിറങ്ങുന്നു. സുരക്ഷിതമെന്ന് നമ്മള്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്ന കേരളവും ഇത്തരം കേസുകളുടെ വിളനിലമാണെന്ന വിപത് സന്ദേശം നല്‍കുന്നതായിരുന്നു ഈ സംഗമം. ഇത്തരം കേസുകളില്‍ ശബ്ദമുയര്‍ത്താന്‍ മുസ്‌ലിം സമുദായത്തില്‍ തന്നെ ആരുമില്ല എന്നതും  ഭീതിയുളവാക്കുന്നതാണ്. ഭയത്തിന്റെ പുറന്തോടിനുള്ളില്‍ സുരക്ഷിത ഇടം കണ്ടെത്താനുള്ള വൃഥാ ശ്രമമാണ് രാഷ്ട്രീയ സംഘടനകളും മറ്റും നടത്തുന്നത്. സമുദായം എന്ന ഒറ്റ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പോലും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇവിടെയാണ് ഈ ഇരകള്‍ക്കൊപ്പം സധൈര്യം ഉറച്ചുനില്‍ക്കുന്ന സോളിഡാരിറ്റിയുടെ നിലപാട് പ്രസക്തമാവുന്നതും ഇരകള്‍ക്ക് ആശ്വാസമാകുന്നതും.

         തീവ്രവാദക്കേസുകളില്‍ ഉറ്റവര്‍ അകപ്പെടുന്നതോടെ സമൂഹത്തില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന അവഗണനയും ഒറ്റപ്പെടുത്തലുകളും അതിഭീകരമാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാര്‍ എന്ന ജാവേദിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള പത്തുവര്‍ഷത്തിലധികമായി ഗുജറാത്ത് സര്‍ക്കാരിനെതിരെ തുടരുന്ന നിയമയുദ്ധത്തിന്റെ കനല്‍വഴികള്‍ പരിപാടിയില്‍ പങ്കുവെച്ചു. അദ്ദേഹത്തിന്റെ കേസ് നടത്തിയിരുന്ന അഭിഭാഷകന്‍ അഡ്വ. മുകുള്‍സിന്‍ഹയുടെ മരണം ഗോപിനാഥന്‍ പിള്ളയെ ഏറെ തളര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് അര്‍ബുധ ബാധിതനായ അദ്ദേഹം മരണമടഞ്ഞത്. താന്‍ ആര്‍ക്കെതിരെയാണോ നിയമയുദ്ധം നടത്തിയത്, അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായ വര്‍ത്തമാന കാലത്തും പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകള്‍ മറന്ന് നീതിക്കുവേണ്ടി അങ്ങേയറ്റം വരെ പോകാന്‍ തന്നെയാണ് ഈ പിതാവിന്റെ തീരുമാനം.

         ബംഗളൂരു സ്‌ഫോടനക്കേസില്‍ അകപ്പെട്ട് ബംഗളൂരു ജയിലില്‍ കഴിയുന്ന, പരപ്പനങ്ങാടിയിലെ സകരിയ്യയുടെ ബന്ധു ശുഹൈബ് കോണിയത്ത് പങ്കുവെച്ചത് രാഷ്ട്രീയ നേതൃത്വത്തിന്റെ അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും കഥയാണ്. ഒടുവില്‍ സോളിഡാരിറ്റി  പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഉറച്ച പിന്തുണയില്‍ നീതിക്കുവേണ്ടി പോരാടാന്‍ തന്നെ ഈ ചെറുപ്പക്കാരന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ കേരള പോലീസില്‍ നിന്നടക്കം നേരിടേണ്ടിവന്നത് കടുത്ത പീഡനങ്ങളാണ്. സോളിഡാരിറ്റി മുന്‍കൈയെടുത്ത് രൂപവത്കരിച്ച 'ഫ്രീ സകരിയ്യ ആക്ഷന്‍ ഫോറ'മാണ് പോരാട്ടത്തിനുള്ള ഈ ചെറുപ്പക്കാരന്റെ ഏക ധൈര്യം. 

         ഇന്‍ഫോസിസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മുക്കം ഗോതമ്പ് റോഡ് സ്വദേശിയായ യഹ്‌യ കമ്മുക്കുട്ടി എന്ന ചെറുപ്പക്കാരന്റെ ഭാര്യ ഫരീദ പങ്കുവെച്ചതും വേദനയുടെയും ദുരിതത്തിന്റെയും നീണ്ട കഥയാണ്. രണ്ട് ദിവസം ഭര്‍ത്താവ് എവിടെ എന്നറിയാതെ പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് ബംഗളൂരു നഗരത്തില്‍ അരക്ഷിതമായി അലഞ്ഞതിനൊടുവിലാണ് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതാണ് എന്നുപോലും അറിയാന്‍ കഴിയുന്നത്. 2008-ല്‍ അറസ്റ്റ് ചെയ്യപ്പെട്ട യഹ്‌യ ഇപ്പോഴും ജയിലറയിലാണ്. 

         അഭ്യസ്തവിദ്യരും പ്രഫഷനലുകളുമായ മുസ്‌ലിം ചെറുപ്പക്കാരെ ലക്ഷ്യം വെച്ചുനടന്ന ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു യഹ്‌യ. കഴിഞ്ഞ ആറുവര്‍ഷം ജീവിതം സമ്മാനിച്ചത് അറുപതുവര്‍ഷത്തിന്റെ വേദനയും അനുഭവങ്ങളുമാണെന്ന് ഫരീദ പറയുന്നു. എങ്കിലും പിന്മാറാന്‍ ഒരുക്കമല്ല. പിന്നില്‍ സോളിഡാരിറ്റിയുടെ ചെറുപ്പക്കാരുണ്ടെന്നത് ഇവര്‍ക്ക് ധൈര്യം പകരുന്നു.

         കണ്ണൂര്‍ താന സ്വദേശി ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ട് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത് തന്നെ ദിവസങ്ങള്‍ക്കു ശേഷമാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷമീറിനെ കര്‍ണാടക പോലീസാണ് അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ അനുജന് നീതി ലഭിക്കാനായി പാടുപെടുന്ന സഹോദരന്‍ ശഹീര്‍ പങ്കുവെക്കുന്നതും മറ്റൊരു അനുഭവമല്ല.

         മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് പരിപാടിയില്‍ പങ്കെടുത്ത മറ്റൊരു വ്യക്തി. കോയമ്പത്തൂര്‍ ജയിലില്‍ പിച്ചവെച്ചു വളര്‍ന്ന തന്റെ ശൈശവത്തെ ഓര്‍ത്താണ് സ്വലാഹുദ്ദീന്‍ പ്രസംഗം തുടങ്ങിയത്. ഉപ്പക്ക് ഒരു മുത്തം കൊടുക്കണമെങ്കില്‍ പോലും പോലീസിന്റെ അനുവാദത്തിന് കാത്തുനില്‍ക്കേണ്ടിവരുന്ന ഒരു മകന്റെ വേദനയും സങ്കടവുമായിരുന്നു അത്. കോയമ്പത്തൂരിലെ ഒമ്പത് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം വീണ്ടും ബംഗളൂരു ജയിലില്‍. ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ മഅ്ദനിയുടെ കുടുംബത്തിന്റെ അനുഭവങ്ങള്‍ സമാനതകളില്ലാത്തതാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരായ കെ.പി ശശി, ജോയ് കൈതാരത്ത്, എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. എന്‍.എം സിദ്ദീഖ് എന്നിവരും സംസാരിച്ചു.

ഗുജറാത്ത് എന്ന പാഠപുസ്തകം

         അന്തര്‍ സംസ്ഥാന സമ്മേളനത്തിന്റെ  മുഖ്യ ഘടകം ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ ഗുജറാത്ത് അമീറും കേന്ദ്ര സെക്രട്ടറിയുമായ ശഫി മദനി സാഹിബുമായുള്ള മുഖാമുഖത്തില്‍ കലാപാനന്തര ഗുജറാത്തിലെ മുസ്‌ലിം സമൂഹത്തിന്റെ അസ്വസ്ഥതയും ജമാഅത്തിന്റെ പുനരധിവാസ-നിയമപോരാട്ട ചരിത്രവും ഇതള്‍ വിരിഞ്ഞു. പാരമ്പര്യവും പ്രൗഢിയുമുള്ള ഗുജറാത്തീ മുസ്‌ലിം സമൂഹത്തിന് നേരെ ആസൂത്രിതമായി നടപ്പാക്കിയ വംശഹത്യയായിരുന്നു കലാപമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഭൂകമ്പത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഫാഷിസ്റ്റുകളുടെ വളര്‍ച്ചക്ക് വളരെ ബോധപൂര്‍വം ഉപയോഗിക്കപ്പെട്ടു. കോണ്‍ഗ്രസ് അങ്ങേയറ്റം ദുര്‍ബലമായി. കേന്ദ്ര പദ്ധതികള്‍ പോലും ഗുജറാത്തിന്റെ നേട്ടവും മഹിമയുമായി മോദി പ്രചരിപ്പിക്കുമ്പോള്‍ പ്രതിരോധിക്കാനുള്ള ശേഷി പോലും നിലവില്‍ കോണ്‍ഗ്രസ്സിനില്ല. ഗുജറാത്ത് ചരിത്രത്തില്‍ മുസ്‌ലിം സമൂഹം വഹിച്ച പങ്ക് നിസ്തുലമാണ്. ഇന്നും അവര്‍ അന്തസ്സും പ്രൗഢിയുമുള്ള സമൂഹമാണ്. ഇവിടെ ഫാഷിസ്റ്റുകള്‍ നേരത്തെത്തന്നെ ആസൂത്രിതമായി കലാപങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 1970,1984,1992 വര്‍ഷങ്ങളില്‍ മുസ്‌ലിംകള്‍ക്ക് നേരെ കലാപങ്ങള്‍ അരങ്ങേറി. ഇതിന്റെ തുടര്‍ച്ച മാത്രമായിരുന്നു 2002-ലെ കലാപം. രാജ്യത്തെ ആര്‍.എസ്.എസിന്റെ രണ്ടാമത്തെ ആസ്ഥാനം എന്നറിയപ്പെടുന്നത് ഗുജറാത്തിലെ രാജ്‌കോട്ട് ആണ്. ജനസംഖ്യയില്‍ വലിയ ശതമാനമുള്ള ആദിവാസികള്‍ക്കിടയില്‍ മുസ്‌ലിംവിരോധം വളര്‍ത്തി കലാപത്തിനുപയോഗിക്കുന്ന രീതിയാണ് ആര്‍.എസ്.എസ് ഇവിടെ പയറ്റുന്നത്. തങ്ങളുടെ പിന്നാക്കാവസ്ഥക്ക് കാരണം മുസ്‌ലിംകളാണെന്നാണ് പ്രചാരണം.

         കലാപാനന്തരം ഗുജറാത്തില്‍ ജമാഅത്ത് ആദ്യം ചെയ്തത് മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭയവും അരക്ഷിതാവസ്ഥയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി വിപുലമായ രീതിയില്‍ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കി. ഒപ്പം കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിക്കാനായി  നിയമയുദ്ധവും ആരംഭിച്ചു. നിലവില്‍ 11000-ത്തോളം കേസുകള്‍ കലാപവുമായി ബന്ധപ്പെട്ട് കോടതിയുടെ മുന്നിലുണ്ട്. കീഴ്‌കോടതികള്‍ അവസാനിപ്പിച്ച പല കേസുകളും സുപ്രീം കോടതിയെ സമീപിച്ച്  മുന്നോട്ടുകൊണ്ടുപോവുകയാണ്. നിരവധി അമുസ്‌ലിംകളും സഹായവുമായി രംഗത്തുണ്ട്. ജമാഅത്തിന് കീഴിലുള്ള ഇസ്‌ലാമിക് റിലീഫ് കമ്മിറ്റിയാണ് കേസും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക്ക് സ്‌കോളര്‍ഷിപ്പ് മോദിസര്‍ക്കാര്‍ എടുത്തുകളഞ്ഞത് സുപ്രീം കോടതിയെ സമീപിച്ച് പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത് വന്‍ വിജയമായി. ഇതേ പരിപാടിയില്‍ കര്‍ണാടക ജമാഅത്തിന്റെ യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍ അസ്ഗറുല്ലാ ഖാസിമിയും പങ്കെടുത്തു. സോളിഡാരിറ്റി മാതൃകയില്‍ യൂത്ത് വിംഗ് കര്‍ണാടകയില്‍ നടത്തിയ ഇടപെടലുകള്‍ അദ്ദേഹം വിശദീകരിച്ചു. സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ക്കും മറ്റു തെറ്റായ വികസന പദ്ധതികള്‍ക്കുമെതിരെ യൂത്ത് വിംഗ് നടത്തിയ പല ഇടപെടലുകളും വിജയം കാണുകയുണ്ടായി. ഇവരുടെ മാതൃക ഡോളിഡാരിറ്റിയാണ്. സോളിഡാരിറ്റി കേരളത്തില്‍ മാത്രമൊതുങ്ങാതെ അഖിലേന്ത്യാ തലത്തില്‍ രൂപവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

         സേവന സമ്മേളനം സോളിഡാരിറ്റിയുടെ സേവന പദ്ധതിയായ 'സണ്‍റൈസ് കൊച്ചി' യുടെ പ്രോജക്ട് അവതരണംകൊണ്ട് ശ്രദ്ധേയമായി. പദ്ധതി കോര്‍ഡിനേറ്റര്‍ എം.എം മുഹമ്മദ് ഉമര്‍ പദ്ധതി വിശദീകരിച്ചു. കൊച്ചി എന്ന് നമ്മളറിയുന്ന മഹാനഗരത്തില്‍ പിന്നാമ്പുറത്ത് ചേരികളിലും ചാളകളിലും കഴിയുന്ന യഥാര്‍ഥ കൊച്ചി നിവാസികളുടെ നേര്‍ ചിത്രമാണ് അദ്ദേഹം വരച്ചുകാണിച്ചത്. ഫോര്‍ട്ടുകൊച്ചി എന്നറിയപ്പെടുന്ന പശ്ചിമ കൊച്ചിയിലെ വികസനത്തിന്റെ ഇരകളായ ഈ മനുഷ്യര്‍ക്കുവേണ്ടിയാണ് 'സണ്‍റൈസ് കൊച്ചി' എന്ന ബൃഹത്തായ പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ചത്. സര്‍ക്കാറിന്റെ പല പദ്ധതികളും ഫയലിലൊതുങ്ങുമ്പോഴാണ് സോളിഡാരിറ്റി സുമനസ്സുകളുടെ പിന്തുണയോടെ ഇങ്ങനെയൊരു ഉദ്യമം ഏറ്റെടുത്തത്. ഇരുപത് ഫഌറ്റുകളുടെ പണി തുടരുകയാണ്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍ സൗജന്യമായാണ് ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാണ് സോളിഡാരിറ്റിയുടെ ബൃഹത്തായ ഈ സംരംഭം. നിരവധി വ്യവസായികള്‍, വ്യാപാരികള്‍, പല തുറകളിലുള്ള പൗരപ്രമുഖര്‍ എന്നിവര്‍ ഈ പദ്ധതിക്ക് വേണ്ടി അകമഴിഞ്ഞ സഹായങ്ങള്‍ നല്‍കിവരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ സമാനതകളില്ലാത്ത പുനരധിവാസ മാതൃകയായി ഇത് മാറും.

         രണ്ട് ഭാഗത്തായി നടന്ന പഠന സെഷനുകളില്‍ ഇഖാമത്തുദ്ദീന്‍, ലാഇലാഹ ഇല്ലല്ലാഹ്, യൂസുഫ്(അ) ധാര്‍മിക യൗവനത്തിന്റെ മാതൃക, ഇന്ത്യയുടെ രാഷ്ട്ര നിര്‍മിതിയില്‍ ഇസ്‌ലാമിന്റെ പങ്ക് എന്നീ വിഷയങ്ങള്‍ യഥാക്രമം വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, എം.ഐ അബ്ദുല്‍ അസീസ്, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ അവതരിപ്പിച്ചു.

         സമാപന സെഷന്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പൊതു പാരമ്പര്യം എപ്പോഴും മതേതരത്വത്തിന് അനുകൂലമാണെന്നും ഇതിനെ തകര്‍ത്ത് ഏകശിലാത്മക സമൂഹത്തെ സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ്സിനോ ബി.ജെ.പിക്കോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ്, ജി.ഐ.ഒ പ്രസിഡന്റ് പി. റുക്‌സാന, വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം എന്നിവരും സംസാരിച്ചു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 103-107
എ.വൈ.ആര്‍