Prabodhanm Weekly

Pages

Search

2014 ജൂണ്‍ 20

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍

ഹാഫിസ് മുഹമ്മദ് ഇദ്‌രീസ് /യാത്ര

         ബംഗ്ലാദേശ് യാത്ര വളരെ കാലമായുള്ള ആഗ്രഹമായിരുന്നു. വിവേകമുദിച്ച കാലത്താണ് ബംഗ്ലാദേശ് എന്റെ കണ്‍മുന്നില്‍ ജന്മം കൊണ്ടത്. അപ്പോള്‍ ഞാന്‍ കൊല്‍ക്കത്ത യൂനിവേഴ്‌സിറ്റിയിലെ രാഷ്ട്രതന്ത്ര വിദ്യാര്‍ഥിയായിരുന്നു. ശക്തമായ രണ്ടു ഗ്രൂപ്പുകളുണ്ടായിരുന്നു അന്ന് കാമ്പസില്‍. ഒന്ന് മാവോ സെതൂങ്ങിനെ ചെയര്‍മാനായി അംഗീകരിക്കുന്ന നക്‌സലുകള്‍; രണ്ട് മുജീബുര്‍റഹ്മാനെ ഹീറോയായി കരുതുന്ന ബംഗള ദേശീയവാദികള്‍. സോനാര്‍ ബംഗളയുടെ യഥാര്‍ഥ മുജാഹിദായിരുന്നു മുജീബ്. ബംഗളവാദികള്‍ക്ക് നക്‌സലുകളെ പേടിയായിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. അക്കാരണത്താലായിരിക്കാം നക്‌സലുകളെ അവര്‍ അഭിമുഖീകരിക്കാതിരുന്നത്. ബ്ലാക് ബോര്‍ഡില്‍ ഒരു നക്‌സല്‍ എന്തെങ്കിലും എഴുതിവെച്ചാല്‍ ആരും അത് മായ്ക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല. അത് മായ്ക്കാനോ മായ്ക്കണമെന്ന് നിര്‍ദേശിക്കാനോ അധ്യാപകന്മാര്‍ക്കുമുണ്ടായിരുന്നില്ല ധൈര്യം. ക്ലാസില്‍ വരുന്ന പ്രഫസര്‍മാര്‍ ബോര്‍ഡിലേക്ക് തിരിഞ്ഞുനോക്കാതെ ലക്ചര്‍ നടത്തി തിരിച്ചുപോകും. ബംഗ്ലാദേശ് നിലവില്‍ വരുന്നതില്‍ സംതൃപ്തനാണോ എന്ന് ഒരിക്കല്‍ ഒരു നക്‌സല്‍ വിദ്യാര്‍ഥി ക്ലാസില്‍ വെച്ച് പ്രഫസറോട് ചോദിച്ചപ്പോള്‍ അതുകൊണ്ട് ചിലപ്പോള്‍ ഭാവിയില്‍ അവര്‍ക്ക് നേട്ടമുണ്ടായിക്കൂടായ്കയില്ല എന്നായിരുന്നു മറുപടി.

ഷാ ജലാലുദ്ദീന്‍ എയര്‍പോര്‍ട്ടില്‍

         ബംഗ്ലാദേശ് നിലവില്‍വന്ന് 43 വര്‍ഷത്തിനുശേഷം ധാക്ക വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ ഷാ ജലാലുദ്ദീന്‍ മത്വ്ര്‍ എന്ന് അതിന്റെ പേര് മാറിയത് കണ്ട് അമ്പരന്ന്‌പോയി. ഏതൊരു ഭാഷക്കെതിരിലാണോ ശക്തമായ പ്രക്ഷോഭം നടന്നത് അതിന്റെ ലിപികള്‍ വിമാനം ഇറങ്ങുന്നതോടെ തന്നെ ദൃഷ്ടിയില്‍ വരികയാണ്. അടുത്തെത്തിയപ്പോള്‍ അത് അറബി ഭാഷയില്‍ വ്യക്തമായി. ഉര്‍ദു അറിയുന്നവര്‍ക്കൊക്കെ എളുപ്പം അത് വായിക്കാന്‍ പറ്റും. ബംഗ്ലാദേശികള്‍ക്ക് ഉര്‍ദുവിനോട് നീരസവും ശത്രുതയുമുണ്ടെങ്കിലും അറബി അവരുടെ ശത്രുഭാഷയായിട്ടില്ലെന്നാണ് അതില്‍നിന്ന് മനസ്സിലാകുന്നത്. വിമാനമിറങ്ങി മൊബൈലിലെ സിം കാര്‍ഡ് മാറ്റുന്നതിനിടയില്‍ കൗണ്ടറിന് മുന്നില്‍ മൂന്ന് ബംഗാളി യുവാക്കളെ കണ്ടു. ഞാന്‍ സലാം പറയുന്നതിന് മുമ്പേ അവര്‍ സലാം പറഞ്ഞു. പേര് ചോദിച്ചപ്പോള്‍ ഒരാള്‍ മുനീറുല്‍ ഇസ്‌ലാമാണ്; രണ്ടാമന്‍ നസ്‌റുല്‍ ഇസ്‌ലാം; മൂന്നാമന്‍ മുഹമ്മദ് മുഹിയുദ്ദീനും. ഉര്‍ദു പാകിസ്താന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച അയ്യൂബ്ഖാന്‍ വലിയൊരു മണ്ടത്തരമാണ് ചെയ്തതെന്ന് സംഭാഷണമധ്യേ മുനീറുല്‍ ഇസ്‌ലാം പറഞ്ഞു. ''ഉര്‍ദു പടിഞ്ഞാറന്‍ പാകിസ്താനിലെ ഭാഷയായിരിക്കാം. എന്നാല്‍ കിഴക്കന്‍ പാകിസ്താന്റെ ഭാഷ ബംഗാളിയാണ്. അന്ന് ആ മണ്ടത്തരം ചെയ്തിരുന്നില്ലെങ്കില്‍ ഇന്ന് ബംഗ്ലാദേശ് ഉണ്ടാകുമായിരുന്നില്ല.'' മുനീര്‍ പറഞ്ഞു.

രഞ്ജന്‍ ബിശ്വാസും 
സുഹൃത്തുക്കളും

         മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി പ്രകാരം താമസിക്കാന്‍ സുഹൃത്ത് സുകൃതി രഞ്ജന്‍ ബിശ്വാസിനോടൊപ്പം ഒരാളുടെ വീട്ടിലെത്തേണ്ടതുണ്ടായിരുന്നു. തന്റെ വസതിയില്‍ നാലാള്‍ക്ക് സുഖമായി താമസിക്കാമെന്ന് എന്റെ ഒരു ബന്ധുവിനോട് അയാള്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞിട്ടുണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെത്തി ബന്ധപ്പെട്ടാല്‍ താന്‍ വാഹനവുമായി വരാമെന്നും അദ്ദേഹം ഏറ്റിരുന്നു. എയര്‍പോര്‍ട്ടില്‍നിന്ന് അദ്ദേഹത്തെ ഫോണ്‍ ചെയ്തപ്പോള്‍ ഓട്ടോ പിടിച്ചു ചെല്ലാനാണ് പറഞ്ഞത്. എയര്‍പോര്‍ട്ടില്‍നിന്ന് അയാളുടെ വീട്ടിലേക്ക് മൂന്ന് മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുണ്ടെന്ന് മനസ്സിലായി. ഗതാഗത  സ്തംഭനമുണ്ടാവുകയാണെങ്കില്‍ പിന്നെയും സമയമെടുക്കും. ധാക്കയില്‍ വലിയ ട്രാഫിക് ജാമാണ്. കൊല്‍ക്കത്തയിലും ഗതാഗതക്കുരുക്കുണ്ടാവാറുണ്ടെങ്കിലും ധാക്കയില്‍ വാഹനപ്പെരുപ്പം കൂടുതലായിട്ടാണ് തോന്നിയത്. ഞാന്‍ ബിശ്വാസിനോട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ നേതാവും ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ കാര്‍ത്തിക് ഠാക്കൂറിനെ സുകൃതി വിളിച്ചു. ധാക്ക യൂനിവേഴ്‌സിറ്റിയുടെ നേരെ മുന്നിലുള്ള റുഖിയ ബീഗം ഹാളിന്നരികെ ഞങ്ങളെയും കാത്തിരിക്കയാണെന്ന് ഠാക്കൂര്‍ മറുപടി പറഞ്ഞു. പട്ടണ മധ്യത്തിലുള്ള ആ സ്ഥലം എയര്‍പോര്‍ട്ടിന് സമീപമാണെന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായി. ഒരു മണിക്കൂറിനകം റിക്ഷയില്‍ അവിടെ എത്താം. ഒന്നര മണിക്കൂറിനകം ഞങ്ങള്‍ അവിടെ എത്തി. കുറേ ആളുകള്‍ അവിടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ഞങ്ങളെ ഒരു കെട്ടിടത്തിനുള്ളിലേക്ക് ആനയിച്ചു. അകത്തെ വിശാലമായ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അവിടെയാണ് ഞങ്ങള്‍ക്ക് താമസമൊരുക്കിയതെന്ന് അവര്‍ പറഞ്ഞു. സുകൃതി രഞ്ജന്‍ ബിശ്വാസിന് അവരില്‍ പലരെയും മുന്‍പരിചയമുണ്ടായിരുന്നു. വളരെ സ്‌നേഹത്തോടെ അവര്‍ ഞങ്ങളെ സ്വാഗതം ചെയ്തു.

യാത്രയുടെ ലക്ഷ്യം

         ബംഗ്ലാദേശ് യാത്രയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ബിശ്വാസ് അവരെ ധരിപ്പിച്ചു. യഥാര്‍ഥത്തില്‍ ഇവിടത്തെ ന്യൂനപക്ഷങ്ങളുടെ, വിശിഷ്യ ഹിന്ദുന്യൂനപക്ഷത്തിന്റെ സ്ഥിതിഗതികള്‍ അറിയാനാണ് ഞങ്ങള്‍ വന്നിട്ടുള്ളതെന്ന് അവരോട് അദ്ദേഹം പറഞ്ഞു. അതോടനുബന്ധമായി ഇവിടത്തെ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും നേതാക്കളുമായുള്ള കൂടിക്കാഴ്ചയും പരിപാടിയില്‍ പെടും. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി അവര്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് മനസ്സിലാക്കാന്‍ അതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇവിടത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസ്സിലാക്കാനും ഈ കൂടിക്കാഴ്ചകള്‍ ഉപകരിക്കുമല്ലോ. ന്യൂനപക്ഷങ്ങളുടെ അവസ്ഥ മനസ്സിലാക്കാനാണ് ഇന്ത്യയില്‍ നിന്നുള്ള രണ്ടു കോളമിസ്റ്റുകള്‍ വന്നിട്ടുള്ളതെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായി; അതില്‍ ഒരാള്‍ ഹിന്ദുവും മറ്റെയാള്‍ മുസ്‌ലിമുമാണെന്നറിഞ്ഞപ്പോള്‍ വിശേഷിച്ചും. പരസ്പരം കൂടിയാലോചിച്ചു അതിന് അവര്‍ പല പരിപാടികളും ആവിഷ്‌കരിച്ചു.

         ബംഗ്ലാദേശ് സര്‍ക്കാറിന്റെ ജോ. സെക്രട്ടറിയായിരുന്ന ഹീരാലാല്‍ ബല്ല ഇപ്പോള്‍ ഒരു ഹിന്ദു കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ തലവനാണ്. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൂറ്റന്‍ കെട്ടിടങ്ങളുള്ള ഒരു കോളനി പണിതിട്ടുണ്ട്. മൈനോറിറ്റി പാര്‍ട്ടി ഓഫ് ബംഗ്ലാദേശ് എന്ന പേരില്‍ ന്യൂനപക്ഷങ്ങളുടെ ഒരു പാര്‍ട്ടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണമധ്യേ ശര്‍മ എന്നൊരാള്‍ ഞങ്ങളെ കാണാന്‍ ഒരു ഹോട്ടലില്‍ കാത്തിരിക്കുന്ന വിവരവും അദ്ദേഹം അറിയിച്ചു. സുകൃതി ബിശ്വാസ് നേരത്തെ തന്നെ സ്വന്തം സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ പരിപാടികളുടെ ഒരു രൂപരേഖ തയാറാക്കുന്നതില്‍ കാലതാമസമുണ്ടായില്ല. തദടിസ്ഥാനത്തില്‍ ഞങ്ങളുടെ താമസ സ്ഥലത്തിനടുത്ത് തന്നെ പലരും കൂടിക്കാഴ്ചക്ക് തയാറായി കാത്തിരിക്കുന്നുണ്ടായിരുന്നു. കാര്‍ത്തിക് ഠാക്കൂറിന് പുറമെ അവരില്‍ മറ്റൊരു പ്രധാനിയായിരുന്നു ഗണേഷ് ഹല്‍ദാര്‍. ശശികുമാര്‍പൂരിലെ എസ്.എസ് കോളേജിന്റെ സ്ഥാപക പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. ബംഗ്ലാദേശ് സര്‍ക്കാറിന്റെ മതകാര്യവകുപ്പിന്റെ കീഴിലുള്ള ട്രസ്റ്റിന്റെയും ഹിന്ദു വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും ട്രസ്റ്റിയായ ഹല്‍ദാര്‍ ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) യുടെ മുന്‍ എം.പി കൂടിയാണ്. ഭാരതത്തിന്റെ സഹായത്തോടെ ബംഗ്ലാദേശിന് ജന്മം നല്‍കിയ അവാമി ലീഗ് ഒരു സെക്യുലര്‍ പാര്‍ട്ടിയാണെന്ന് ഹിന്ദുക്കള്‍ക്കിടയില്‍ പൊതുധാരണയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവാമി ലീഗ് കൂടുതല്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കയാണെന്നാണ് ഭൂരിപക്ഷം ഹിന്ദുക്കളും വിശ്വസിക്കുന്നതെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ബി.എന്‍.പിയില്‍ ഗണ്യമായൊരു വിഭാഗം ഹിന്ദുക്കളുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹിന്ദുക്കളുടെ എണ്ണവും കൂടി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവാമി ലീഗ് ഏറ്റവും അധികം കടന്നാക്രമിക്കുന്നത് ജമാഅത്തിനെയാണ്. ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും നടന്നാല്‍ ഉടനെ അവാമി ലീഗ് അത് ജമാഅത്തിന്റെ പേരില്‍ ചാര്‍ത്തും. ഈ സംഭാഷണം നടക്കുമ്പോള്‍ ഹല്‍ദാറിന്റെ കൂടെ വേറെയും ഹിന്ദുക്കളുണ്ടായിരുന്നു. അവരാരും അദ്ദേഹത്തെ ഖണ്ഡിക്കാന്‍ മുതിര്‍ന്നില്ല. മാത്രമല്ല ഒരു ഹിന്ദു യുവാവ് അദ്ദേഹത്തെ പിന്താങ്ങിക്കൊണ്ട് ഇത്രകൂടി പറഞ്ഞു: ''ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും അവക്ക് നാശനഷ്ടം വരുത്തുകയും ചെയ്യുക എന്നത് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്ത  കാര്യമാണ്. മറിച്ചു അന്യരുടെ സ്വത്ത് കൈയേറുന്നവര്‍ തന്നെയാണ് ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ത്ത് ജമാഅത്തിനെതിരെ വ്യാജാരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത്. തങ്ങളെ ഭയപ്പെടുത്തുന്ന നയം സ്വീകരിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് ഇപ്പോള്‍ ഹിന്ദുക്കള്‍ക്ക് നന്നായി അറിയാം.''

         സംഭാഷണം അവസാനിപ്പിച്ച് ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി ധാക്ക യൂനിവേഴ്‌സിറ്റിക്ക് സമീപമുള്ള ഒരു റസ്റ്റോറന്റിലേക്ക് നീങ്ങി. ഒരു ഇടത്തരം റസ്റ്റോറന്റ്; പക്ഷേ വൃത്തി കുറവായിരുന്നു. കൊല്‍ക്കത്തയില്‍ ഇത്തരം റസ്റ്റോറന്റുകള്‍ ഇതിനേക്കാള്‍ വൃത്തിയുള്ളതാണ്. ബില്ല് കിട്ടിയപ്പോള്‍ വിലയും കൊല്‍ക്കത്തയിലേതിനേക്കാള്‍ കൂടുതലാണെന്ന് മനസ്സിലായി. ആളുകളുടെ വേഷം കണ്ടാല്‍ ദരിദ്രരാണെന്ന് തോന്നും. എന്നാല്‍ വാഹനങ്ങളുടെ എണ്ണപ്പെരുപ്പം കൊല്‍ക്കത്തയിലേതിനേക്കാള്‍ കൂടുതലാണ്. വിലയേറിയ ആഡംബരക്കാറുകളും എത്രയോ കാണാം. വീതിയേറിയ പാതകളാണെങ്കിലും ഗതാഗതത്തിരക്ക് ഒഴിഞ്ഞ നേരമില്ല. ഓട്ടോറിക്ഷകള്‍ക്കുമില്ല ഒട്ടും പഞ്ഞം.

'അമര്‍ദേശ്' പത്രമോഫീസില്‍

         ഭക്ഷണം കഴിച്ച് താമസ സ്ഥലത്ത് തിരിച്ചുവന്നപ്പോള്‍ ബംഗ്ലാദേശില്‍ നല്ല പ്രചാരമുള്ള 'അമര്‍ദേശ്' പത്രത്തിന്റെ ഓഫീസില്‍ ജോയന്റ് എഡിറ്റര്‍ സഞ്ജീബ് ചൗധരിയുമായി കൂടിക്കാഴ്ചക്ക് ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്ന് കാര്‍ത്തിക് ഠാക്കൂര്‍ പറഞ്ഞു. കാര്‍ത്തികിനൊപ്പം ഓട്ടോറിക്ഷയില്‍ കയറി ഞങ്ങള്‍ പത്ത് നില കെട്ടിടത്തിലെ പത്രമോഫീസിലെത്തി. ധാരാളം ജീവനക്കാരുള്ള പത്രമാണെന്ന് തോന്നി. കൊല്‍ക്കത്തയിലെ ആനന്ദ്ബസാര്‍ പത്രികയുടെ കെട്ടിടത്തേക്കാള്‍ വലുപ്പമുണ്ട് അമര്‍ദേശിന്റെ കെട്ടിടത്തിന്. ബംഗ്ലാദേശിലെ വലിയ പത്രങ്ങളിലൊന്നാണിതെന്ന് കാര്‍ത്തിക് പറഞ്ഞു. പക്ഷേ, സര്‍ക്കാര്‍ അത് ബലാല്‍ക്കാരം അടച്ചുപൂട്ടിയതിനാല്‍ ഓണ്‍ലൈന്‍ എഡിഷനേ ഇപ്പോള്‍ നടക്കുന്നുള്ളൂ. ആറാം നിലയിലാണ് ഞങ്ങള്‍ക്കിറങ്ങേണ്ടത്. മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയമായിരുന്നു. ലിഫ്റ്റ് ഓരോ നിലയിലെത്തുമ്പോഴും ആളുകള്‍ നമസ്‌കാരത്തില്‍ വ്യാപൃതരായതായി കണ്ടു. അമര്‍ദേശിന്റെ പത്രാധിപര്‍ മഹ്മൂദുര്‍റഹ്മാന്‍ തടവിലാണെന്നാണ് കാര്‍ത്തിക് ഠാക്കൂര്‍ പറഞ്ഞത്. ഗവണ്‍മെന്റിന്റെ ദൃഷ്ടിയില്‍ ജമാഅത്ത് അനുകൂല പത്രമാണ് അമര്‍ദേശ്. അതിന്റെ ശിക്ഷയാണ് പത്രാധിപര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാര്‍ത്തിക് പറഞ്ഞു.

         വര്‍ത്തമാനം പറഞ്ഞ് പറഞ്ഞ് ഞങ്ങള്‍ സഞ്ജീബ് ചൗധരിയുടെ ഓഫീസ് മുറിയില്‍ പ്രവേശിച്ചു. കസേലകള്‍ ശൂന്യമായിരുന്നു. ഞങ്ങള്‍ അവിടെ ഇരുന്നതും സഞ്ജീബ് ചൗധരി കടന്നുവന്നു. അദ്ദേഹം സംസാരിച്ചു തുടങ്ങി: ''ബംഗ്ലാദേശില്‍ ഇപ്പോള്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. മീഡിയയുടെ മേല്‍ കടുത്ത നിയന്ത്രണമാണ്. എല്ലാ പ്രതിപക്ഷ പത്രങ്ങളും സര്‍ക്കാറിന്റെ നിരീക്ഷണത്തിലാണ്; സെന്‍സര്‍ഷിപ്പുമുണ്ട്. ജമാഅത്തെ ഇസ്‌ലാമിയാണ് കൂടുതല്‍ അനീതിക്ക് ഇരയായിട്ടുള്ളത്. അവാമി ലീഗിന് ഇപ്പോള്‍ ജനസ്വീകാര്യത കുറഞ്ഞിരിക്കുന്നു എന്നത് മാത്രമാണ് അതിന് കാരണം. ഹിന്ദുക്കള്‍ക്കും അവരോട് ആഭിമുഖ്യം കുറഞ്ഞുവരികയാണ്. അവാമി ലീഗിന്റെ തനിനിറം അവര്‍ക്കും ബോധ്യമായി വരുന്നുണ്ട്. അവാമി ലീഗുകാരില്‍ അധികവും ചൂഷകരാണെന്ന് അവര്‍ മനസ്സിലാക്കുന്നു. അക്രമത്തിന്റെ പാതയല്ലാതെ അവര്‍ക്കറിയില്ല.'' പിന്നീട് 'ഇസ്‌ലാം സംരക്ഷണ സമിതി'ക്ക് വേണ്ടി ഖാദി നഫീസുല്ല രചിച്ച 8 പേജുള്ള ഒരു ലഘുലേഖ അദ്ദേഹം ഞങ്ങള്‍ക്ക് തന്നു. 'ഇസ്‌ലാമിന്റെ സംരക്ഷണം മനുഷ്യന്റെ സംരക്ഷണം' എന്നാണ് അതിന്റെ ശീര്‍ഷകം. ഇംഗ്ലീഷ് തര്‍ജുമയും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2013 ഏപ്രില്‍ 6 ന് ധാക്കയില്‍ നടന്ന 'ഇസ്‌ലാം സംരക്ഷണ'റാലിക്ക് ശേഷം അമര്‍ദേശില്‍ പ്രസിദ്ധീകരിച്ച നീണ്ട ലേഖനമാണ് ഈ ലഘുലേഖ. അത് വായിച്ചാല്‍ ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ എളുപ്പം മനസ്സിലാക്കാനാകും.

         മനുഷ്യാവകാശ പ്രവര്‍ത്തകനും മതാന്തര പ്രസ്ഥാന (Interfaith Movement) നേതാവും കൂടിയാണ് സഞ്ജീബ് ചൗധരി. 1971-ല്‍ ബംഗ്ലാദേശ് നാഷ്ണല്‍ കോണ്‍ഗ്രസ് ജോയന്റ് സെക്രട്ടറിയായിരുന്നു. ബംഗ്ലാദേശ് വിഘടനത്തിന് നേതൃത്വം നല്‍കിയ അഞ്ച് സംഘടനകളിലൊന്നാണ് നാഷ്ണല്‍ കോണ്‍ഗ്രസ്. 1981-ല്‍ പത്രപ്രവര്‍ത്തക യൂനിയന്റെ ഉപാധ്യക്ഷനായി. ഇപ്പോള്‍ മനുഷ്യാവകാശ ഫോറത്തിന്റെയും ബംഗ്ലാദേശ് ഇന്റര്‍ഫെയ്ത്ത് കൗണ്‍സില്‍ ഫോര്‍ പീസ് ആന്റ് ജസ്റ്റിസി (BICPAJ) ന്റെയും ചെയര്‍മാനാണ്. സംഭാഷണമധ്യേ താന്‍ പറയുന്നതിനൊക്കെ തെളിവുകള്‍ നിരത്തിക്കൊണ്ടിരുന്നു അദ്ദേഹം. രാജ്യത്തെ നിലവിലുള്ള അവസ്ഥ അത്യന്തം സങ്കീര്‍ണമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണകക്ഷിയുടെ നയങ്ങള്‍ അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ആവശ്യത്തിലേറെ അവാമിലീഗിനെ ആശ്രയിക്കുന്നതായി ഇന്ത്യയെക്കുറിച്ച് അദ്ദേഹത്തിന് പരാതിയുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹമിത് ഞങ്ങളോട് പറഞ്ഞത്.

ഖിലാഫത്ത് പാര്‍ട്ടി

         സഞ്ജീബ് ചൗധരിയുടെ ഉറ്റ സുഹൃത്താണ് ഖാദി അസീസുല്‍ ഹഖ്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയില്ലെങ്കില്‍ നിങ്ങളുടെ ഈ കൂടിക്കാഴ്ച അപൂര്‍ണമായവശേഷിക്കുമെന്ന് ചൗധരി ഞങ്ങളോട് പറഞ്ഞു. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയി. പ്രസന്നനും അതിഥി സല്‍ക്കാര പ്രിയനുമായ ഒരു മനുഷ്യന്‍. ചെന്നതും അദ്ദേഹം ചായ സല്‍ക്കാരത്തിന് ഏര്‍പ്പാട് ചെയ്തു. വയറ് നിറയെ ഞങ്ങള്‍ക്ക് പ്രാതല്‍ നല്‍കിയ ശേഷമേ അദ്ദേഹം കസേരയിലിരുന്നുള്ളൂ. ഖിലാഫത്ത് പാര്‍ട്ടി നേതാവാണ് അസീസുല്‍ ഹഖ്. പക്ഷേ ഖിലാഫത്തിനെയും ഇസ്‌ലാമിക വ്യവസ്ഥയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരങ്ങള്‍ ഉപരിപ്ലവമായാണ് തോന്നിയത്. പാര്‍ട്ടിയുടെ ലക്ഷ്യം നേടിയെടുക്കാനുള്ള പ്രവര്‍ത്തന മാര്‍ഗത്തിലെ പ്രയാസങ്ങള്‍ അദ്ദേഹം വിവരിച്ചു. ഏതോ ആത്മീയാചാര്യന്റെ സ്വാധീനത്തില്‍ പെട്ടാണ് അദ്ദേഹം ഈ പാര്‍ട്ടിയില്‍ വന്നതെന്നാണ് മനസ്സിലായത്. ഇപ്പോള്‍ 'ഇസ്‌ലാം സംരക്ഷണ' സമിതിയിലെ സജീവ പ്രവര്‍ത്തകനാണ്. അവാമി ലീഗും ഇടതുപക്ഷ സംഘടനകളുമൊഴികെ ബംഗ്ലാദേശിലെ എല്ലാ രാഷ്ട്രീയ സംഘടനകളും രാഷ്ട്രീയേതര സംഘടനകളും ഈ സമിതിയില്‍ അംഗങ്ങളാണ്.

         സഞ്ജീബ് ചൗധരിയും ഖാദി അസീസുല്‍ ഹഖും തമ്മിലുള്ള സൗഹൃദം സുദൃഢമാണ്. ധാക്കയില്‍ എല്ലാവര്‍ക്കും ഇതറിയാം. 'അസീസുല്‍ ഹഖ് ഒരു ദിവസം താങ്കളുടെ കഴുത്തറുക്കു'മെന്ന് തന്റെ ഹിന്ദുസുഹൃത്തുക്കള്‍ പറയാറുണ്ടെന്ന് ചൗധരി ഞങ്ങളോട് പറയുകയുണ്ടായി. അസീസുല്‍ ഹഖിനോട് ഇത് പറഞ്ഞപ്പോള്‍, തന്റെ മുസ്‌ലിം സുഹൃത്തുക്കളാരും ചൗധരിയെക്കുറിച്ച് ഇങ്ങനെ പറയാറില്ലെന്ന് അസീസുല്‍ ഹഖ് പറഞ്ഞു. അങ്ങനെയാരെങ്കിലും പറയുകയാണെങ്കില്‍ താന്‍ ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പല സംഘടനകളുടെയും ഫെഡറേഷനായ 'ഇസ്‌ലാം സംരക്ഷണസമിതി'യുടെ തലവനും തടവറയിലാണെന്ന് അസീസുല്‍ ഹഖ് അറിയിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റ് ബംഗ്ലാദേശിലെങ്ങും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. എങ്കിലും ആളുകള്‍ സംയമനം പാലിച്ചു. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുമിച്ചുകൂടാന്‍ ബംഗ്ലാദേശില്‍ ഒരു വേദിയുണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ ചൂണ്ടിക്കാണിച്ചു. അത്തരം സംഗമത്തിലൂടെ ന്യൂനപക്ഷവിരോധം ഇല്ലാതാക്കാന്‍ കഴിയും. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങളും അനീതികളുമുണ്ടാകുമ്പോള്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ അത് തടയാം. ദേശീയോദ്ഗ്രഥനത്തിന് സഹായകമായ അത്തരമൊരു വേദിയുടെ ആവശ്യകത സഞ്ജീബ് ചൗധരിയും സമ്മതിച്ചു.

മൈനോറിറ്റി പാര്‍ട്ടി

         മാര്‍ച്ച് 20 ന് 'മൈനോറിറ്റി പാര്‍ട്ടി ഓഫ് ബംഗ്ലാദേശി'ന്റെ ഓഫീസ് സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്ക് ക്ഷണം കിട്ടി. ഓഫീസിലെത്തിയപ്പോള്‍ അവിടം നിറയെ ആളുകളായിരുന്നു. സംഭാഷണം തുടങ്ങിയപ്പോള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ കുറിച്ചു രൂക്ഷമായ ഭാഷയില്‍ ആളുകള്‍ സംസാരിക്കാന്‍ തുടങ്ങി. മുസ്‌ലിംകള്‍ കൈയേറിയ ഹിന്ദുക്കളുടെ ഭൂമിയെക്കുറിച്ച് സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി വിസ്തരിച്ചു. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്ത്‌നിന്ന് ഈ കൈയേറ്റങ്ങള്‍ക്കെതിരെ ന്യായമായ നടപടികളുണ്ടാകുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. 

വിവ: വി.എ.കെ

(അടുത്ത ലക്കത്തില്‍ 
അവസാനിക്കും) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 103-107
എ.വൈ.ആര്‍