Prabodhanm Weekly

Pages

Search

2014 ജനുവരി 17

ജമാഅത്തെ ഇസ്‌ലാമി ഒരു സാമൂഹിക പ്രസ്ഥാനം എന്ന നിലയില്‍

ഡോ. ഇര്‍ഫാന്‍ അഹ്മദ്/ കെ. അശ്‌റഫ്

താങ്കളുടെ ഇസ്‌ലാമിസം ആന്റ് ഡമോക്രസി ഇന്‍ ഇന്ത്യ: ദ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ജമാഅത്തെ ഇസ്‌ലാമി എന്ന പുസ്തകത്തിന്റെ വിശകലനപരമായ ഏറ്റവും വലിയ സംഭാവന, അത് ജമാഅത്തിനെ  ഇന്ത്യന്‍ സാമൂഹിക ഘടനയിലും ദേശ രാഷ്ട്രത്തിലും ജനാധിപത്യ സംവിധാനത്തിലും ഇടപെടുന്ന സാമൂഹിക പ്രസ്ഥാനം എന്ന നിലയില്‍ കാണാന്‍ തയാറായി എന്നതാണ്. ഇവിടത്തെ സാമൂഹിക ഘടനയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അതിന്റെ സങ്കീര്‍ണതകളോട് പ്രതികരിക്കുകയും അതില്‍ നിന്ന് തന്നെ ഊര്‍ജം സ്വീകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമായി താങ്കള്‍ ജമാഅത്തിനെ സ്ഥാനപ്പെടുത്തി. ഇതിന്റെ പ്രധാന ഗുണമായി പറയാന്‍ കഴിയുക, അത് ഇന്ത്യന്‍ ജമാഅത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യാതെ അതിനെ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി അംഗീകരിച്ചുകൊണ്ട് പുതിയ വിമര്‍ശനം രൂപപ്പെടുത്തി എന്നതാണ്. അതോടൊപ്പം ആ പുസ്തകം വായിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനം കേരളം, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സ്റ്റേറ്റുകള്‍ ജമാഅത്തിന്റെ നയപരമായ കാര്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ്. എന്നാല്‍, ആ സ്റ്റേറ്റുകളെ സൂക്ഷ്മമായി പഠിക്കാതെയാണ് താങ്കള്‍ ബീഹാര്‍, ദല്‍ഹി, യു.പി എന്നിവ മാത്രം തെരഞ്ഞെടുത്ത് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ പഠിച്ചത്. ഇത് പൊതുവെ താങ്കളുടെ പുസ്തകം വായിച്ചപ്പോള്‍ കേരളത്തില്‍ നിന്നുയര്‍ന്നുവന്ന രണ്ടു വ്യത്യസ്ത അഭിപ്രായങ്ങളാണ്. എങ്ങനെ പ്രതികരിക്കുന്നു?

ജമാഅത്തെ  ഇസ്‌ലാമിയെ സാമൂഹിക പ്രസ്ഥാനം എന്ന നിലക്ക് വളരെ കുറച്ചാളുകള്‍ മാത്രമേ പഠിച്ചിട്ടുള്ളൂ. ഇന്ത്യന്‍  അക്കാദമിക രംഗത്ത്  നിലനില്‍ക്കുന്ന സവിശേഷമായ  ഇടതുബോധമാണതിന് കാരണം. ഇവിടെ നിങ്ങള്‍ ഒരു സ്ത്രീ പ്രസ്ഥാനത്തെ എടുക്കുക. അതിന് പുരോഗമന അജണ്ടയുണ്ടെങ്കില്‍ മാത്രമാണ് അത് സാമൂഹിക പ്രസ്ഥാനമായി കണക്കാക്കപ്പെടുക. അതുമല്ലെങ്കില്‍  സോഷ്യലിസം പോലുള്ള ലക്ഷ്യങ്ങളുണ്ടാവണം അത് സാമൂഹിക പ്രസ്ഥാനമായി പരിഗണിക്കപ്പെടാന്‍. സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ധാരണകള്‍ തന്നെ വളരെ നോര്‍മറ്റീവ് ആണ് പലപ്പോഴും. ഒരു പ്രത്യേക പ്രത്യയശാസ്ത്ര ലൈനിന് അപ്പുറത്തുള്ളതൊന്നും  സാമൂഹിക പ്രസ്ഥാനമല്ല എന്ന സമീപനമാണിവിടെയുള്ളത്. നിങ്ങള്‍ സാമൂഹിക പ്രസ്ഥാനമെന്ന് ജമാഅത്തെ ഇസ്‌ലാമിയെ വിശേഷിപ്പിക്കുകയാണെങ്കില്‍ അതിന്റെ അര്‍ഥം തന്നെ നിങ്ങള്‍ ചലനാത്മകമായ ഒരു സാമൂഹിക സംവിധാനത്തെ കുറിച്ച് മനസ്സിലാക്കുന്നുവെന്നാണ്. ഇവിടെ നിലനില്‍ക്കുന്ന പുരോഗമന ഇടതുപക്ഷബോധം പറയുന്നത് അവരല്ലാത്ത ഒന്നും സാമൂഹിക പ്രസ്ഥാനമല്ലെന്നാണ്. ഇനി അങ്ങനെ പരിഗണിച്ചാല്‍ തന്നെ വളരെ പരിമിതമായ രീതിയില്‍ മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളെ മനസ്സിലാക്കുന്നുള്ളൂ. ഉദാഹരണമായി,  ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള വായനകള്‍ മൗലാനാ മൗദൂദിയുടെ എഴുത്തുകളിലേക്കും അതിലൂടെ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളിലേക്കും പരിമിതപ്പെടുത്തുന്നു. അതില്‍ തന്നെ നല്ലൊരു ശതമാനവും വിഭജനപൂര്‍വ ഇന്ത്യയില്‍ വെച്ച് അദ്ദേഹം എഴുതിയ കാര്യങ്ങളിലാണ് അങ്ങനെ പരിമിതപ്പെടുത്തുന്നത്. ജമാഅത്തുകാര്‍ സ്വന്തമായി ഒന്നും ചിന്തിക്കുന്നില്ല, അവര്‍ മൗദൂദി പണ്ടുകാലത്ത് പറഞ്ഞത് വെറുതെ പുനരുല്‍പാദിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് വരുത്താനാണിത്. ഇവിടെ പ്രസ്ഥാനങ്ങള്‍ക്ക്  സ്വാഭാവികമായുണ്ടാവുന്ന ചലനാത്മകതയെ ഒട്ടും പരിഗണിക്കാതെ അതിനെ  നിശ്ചലമായ സാമൂഹിക പ്രതിഭാസമായി ഇവര്‍ ചുരുക്കുന്നു. അതുകൊണ്ടുതന്നെ എന്റെ പുസ്തകം വാദിച്ചത് ഇതൊരു നിശ്ചലമായ സാമൂഹിക സംവിധാനമല്ലെന്നാണ്. നേരെ മറിച്ച് ഇതില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ വളരെ സര്‍ഗാത്മകമായി ചിന്തിക്കുന്നു. ഇത് മൗലാനാ മൗദൂദിക്കു പോലും ബാധകമായ കാര്യമാണ്. അദ്ദേഹം വളരെ വ്യത്യസ്തമായി ചിന്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 2001 സെപ്റ്റംബര്‍ പതിനൊന്നിന് ശേഷം മൗദൂദിയെയും സയ്യിദ് ഖുത്വ്ബിനെയും ന്യൂ യോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത് ഇസ്‌ലാമിക തീവ്രവാദത്തിന്റെ പ്രവാചകര്‍ എന്നോ മറ്റോ ആണ്. ഇത് ജമാഅത്തിനെ കുറിച്ച ധാരണകളെ കൂടുതല്‍ വഷളാക്കി. എന്നാല്‍, ഞാന്‍ മുന്നോട്ടുവെക്കുന്ന ആശയം ഇതാണ്: മൗദൂദിയിലും ഇന്ത്യയിലെ ജമാഅത്തിന്റെ മുന്നോട്ടു പോക്കിലും ധാരാളം മാനങ്ങളുണ്ട്. അത് ചലനാത്മകമായ പ്രസ്ഥാനത്തിന്റെ പ്രത്യേകതയാണ്. മാത്രമല്ല ജമാഅത്തിനകത്തും പല ദിശയിലുള്ള സംവാദങ്ങളും ചലനങ്ങളും നടക്കുന്നുവെന്നും ഒരാള്‍ക്ക് കാണാം.
ഇനി രണ്ടാമത്തെ ചോദ്യത്തെപ്പറ്റി. എന്റെ പുസ്തകത്തിന്റെ ശീര്‍ഷകം അല്ല നോക്കേണ്ടത്. അതിന്റെ ആമുഖത്തില്‍ ഞാന്‍ വളരെ കൃത്യമായി ഈ പുസ്തകം എന്റെ അലിഗഢ്, പാറ്റ്‌ന, അഅ്‌സംഗഢ്, കാന്‍പൂര്‍, ദല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ നടത്തിയ  എത്‌നോഗ്രാഫിയുടെ  ഉല്‍പ്പന്നമാണ് എന്ന് പറയുന്നുണ്ട്. ഇതൊരു പൂര്‍ണ സമീപനമല്ല എന്നെനിക്കറിയാം. എന്നാല്‍, ഇസ്‌ലാമിസവുമായി ബന്ധപ്പെട്ട ചില പൊതു പ്രവണതകള്‍  അടയാളപ്പെടുത്താനാണ് ഞാന്‍ തുനിഞ്ഞത്. ശരിയാണ്, എനിക്ക് മലയാളം അറിയില്ല. കേരളത്തിലെ ജമാഅത്ത് കുറെ കൂടി പൊതു സജീവതയും സംവാദാത്മകമായ ആന്തരികതയും കാത്തു സൂക്ഷിക്കുന്നുവെന്നു കാണാം. ഞാന്‍ ഇതൊക്കെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ വളരെ നന്നായേനെ. എങ്കിലും ഞാന്‍ ആ പുസ്തകത്തില്‍ തന്നെ, കേരള ജമാഅത്തും ആന്ധ്ര ജമാഅത്തും  നയപരമായ പുതിയ മാറ്റങ്ങള്‍ക്കു ഇന്ത്യയിലാകമാനം  ജമാഅത്തിന് പ്രചോദനമായെന്നു പറയുന്നുണ്ട്. തീര്‍ച്ചയായും കേരളത്തിലെ ജമാഅത്തിനെ അതിന്റെ സവിശേഷതകള്‍ മുന്‍നിര്‍ത്തി പഠിക്കണം. അത് കേരളത്തിന്റെ തന്നെ സവിശേഷതകളുടെ ഭാഗമാണ്. അതോടൊപ്പം ജമാഅത്തിന്റെ അഖിലേന്ത്യാ തലത്തില്‍ നിന്ന് അതിനെ പൂര്‍ണമായി മാറ്റി നിര്‍ത്താനും സാധിക്കില്ല.

താങ്കളുടെ ആദ്യ പുസ്തകമാണിത്. അതിനു ശേഷം ജമാ അത്ത് പുതിയ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നു.  ഭൂസമരം അടക്കമുള്ള നിരവധി രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി കടന്നുവരുന്നു. പുതിയ ജനാധിപത്യ സമരങ്ങളില്‍ സജീവമായി ഇടപെടുന്നു. താങ്കളുടെ പുസ്തകം വന്നതിനു ശേഷം ധാരാളം മാറ്റങ്ങള്‍ ജമാഅത്തിന് സംഭവിച്ചു.

ആദ്യ പുസ്തകം  എന്റെ പി.എച്ച്.ഡി തിസീസിന്റെ ഭാഗമായിരുന്നു. ഒരാള്‍ പി.എച്ച്.ഡിക്ക് വിഷയം സെലക്റ്റ് ചെയ്യുന്നത് വളരെ സങ്കീര്‍ണമായ പ്രക്രിയയാണ്. എങ്കിലും ഞാന്‍ ഈ മേഖലയില്‍ തന്നെ കുറച്ചു കൂടി മുന്നോട്ടു പോകും. എന്റെ അടുത്ത ഒരു പ്രോജക്റ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നാല്  ജമാഅത്തെ ഇസ്‌ലാമികളുടെ താരതമ്യം ആണ്. ഇന്ത്യന്‍ ജമാഅത്തും ശ്രീലങ്കന്‍ ജമാഅത്തും ന്യൂനപക്ഷ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവയും, പാകിസ്താനിലും ബംഗ്ലാദേശിലുമുള്ള ജമാഅത്തുകള്‍  മുസ്‌ലിം ഭൂരിപക്ഷ സാഹചര്യത്തിലുമാണ്.  ഇവ തമ്മിലുള്ള വ്യത്യാസങ്ങളും സാമ്യതകളും ആരും ഇതുവരെ ഗൗരവത്തില്‍ പഠിച്ചിട്ടില്ല. ഇതേക്കുറിച്ച പഠനം എന്റെ ഭാവി പരിപാടിയാണ്.
ഇപ്പോള്‍ ഞാന്‍ ഗവേഷണം  ചെയ്യുന്നത് ഇസ്‌ലാമിലെ വിമര്‍ശനം (critique) എന്ന ആശയത്തെ കുറിച്ചാണ്. അത്  ജമാഅത്തുമായി ബന്ധപ്പെട്ട എന്റെ പി.എച്ച്.ഡി കാലത്ത് ഉയര്‍ന്നുവന്ന ഒരു വിഷയമാണ്. ജമാഅത്തിനെ കുറിച്ച് ഫീല്‍ഡ് വര്‍ക്ക് ചെയ്യുമ്പോള്‍ ഒരുപാട് ജമാഅത്ത് വിരുദ്ധരെ കണ്ടു. അവര്‍ എനിക്ക് ജമാഅത്ത്‌വിരുദ്ധ ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഓഡിയോ ടേപ്പുകള്‍ ഒക്കെ  തരും. എന്തിനാണ് ഞാന്‍ തെറ്റായ ഒരു മുസ്‌ലിം സംഘടനയെ കുറിച്ച് പഠിച്ചു വെറുതെ  സമയം കളയുന്നതെന്ന് അവര്‍ എന്നോട് ചോദിക്കും. എന്റെ കൈയില്‍ ഇതിന്റെയൊക്കെ വലിയ കളക്ഷന്‍ ഉണ്ട്. ഇതൊക്കെ വ്യത്യസ്ത മുസ്‌ലിം ഗ്രൂപ്പുകള്‍ നടത്തുന്ന ജമാഅത്ത് വിമര്‍ശനമാണ്. ഇവര്‍ക്ക് മറുപടി പറയുന്ന ജമാഅത്ത് ലഘുലേഖകള്‍, പുസ്തകങ്ങള്‍ ഒക്കെ വേറൊരു കലക്ഷനായി ഉണ്ട്. ഞാന്‍ ഇത് ഏറെ താല്‍പര്യത്തോടെയാണ് കാണുന്നത്. ഇവര്‍ വലിയ ഗൗരവത്തില്‍ തന്നെ പരസ്പരം വിമര്‍ശിക്കുന്നു. മതത്തിന്റെ ഭാഷയില്‍ ഇസ്‌ലാമിലെ ദൈവശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്ന സവിശേഷ വിമര്‍ശന സംസ്‌കാരമാണിത്. ഇവരെല്ലാം ഇസ്‌ലാമിന്റെ തന്നെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് മറ്റുള്ളവരെ വിമര്‍ശിക്കുന്നു.  ആരാണ് ഇസ്‌ലാമിനെ ശരിക്കും പ്രതിനിധീകരിക്കുന്നതെന്ന ചോദ്യം ഉന്നയിക്കുന്നു. ഇത് ഇസ്‌ലാമിലെ വിമര്‍ശനം എന്ന ആശയത്തെ കുറിച്ച് തന്നെ എന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തി. അതെന്താണെന്ന് ഞാന്‍ പഠിക്കാന്‍ തുടങ്ങി. അക്കാദമികതലത്തില്‍ ഇന്ന് ഏറെ പ്രബലമായ ജ്ഞാനോദയ (Enlightenment) വീക്ഷണ പ്രകാരം വിമര്‍ശനം എന്നത് യുക്തിയുമായി ബന്ധപ്പെട്ടതാണ്. മത ചിന്തയെ  എങ്ങനെ ബഹിഷ്‌കരിക്കാം എന്നാണ്  അതാലോചിക്കുന്നത്. എന്നാല്‍, ഞാന്‍ കണ്ട ഇസ്‌ലാമിക വിമര്‍ശന സംസ്‌കാരത്തില്‍  വേറൊരു തരത്തിലുള്ള വിമര്‍ശന സംസ്‌കാരവും  ചോദ്യങ്ങളും ശീലങ്ങളും പുലര്‍ത്തുന്നു. അവര്‍ വിമര്‍ശനത്തെ കുറിച്ച് വ്യത്യസ്തമായി തന്നെ സംസാരിക്കുന്നു. എന്തിനു വിമര്‍ശിക്കണം? നിങ്ങള്‍ വിമര്‍ശനം നടത്തുമ്പോള്‍ എന്താണ് നിങ്ങള്‍ പൂര്‍വ നിശ്ചയം ചെയ്യുന്നത്? നിങ്ങള്‍ കുറെ ആളുകളെ മുന്നില്‍ കണ്ട് ഒരു വിമര്‍ശനം എഴുതുകയാണോ? ശരിക്കും വിമര്‍ശനം എന്ത്? അതിന്റെ അര്‍ഥവും ഉദ്ദേശ്യവും എന്ത്? ജ്ഞാനോദയത്തിന്റെ ഭാഗമായ വിമര്‍ശനത്തില്‍ നിന്നും  അതിന്റെ മതേതര പാരമ്പര്യത്തില്‍  നിന്നും എത്രയോ  വ്യത്യസ്തമാണ് ഇസ്‌ലാമിലെ വിമര്‍ശനമെന്ന് ഈ ചോദ്യങ്ങള്‍ പഠിക്കുന്നതിലൂടെ ഉരുത്തിരിഞ്ഞു വരുന്നുണ്ട്. ഇതൊരു പുസ്തകമായി തന്നെ പുറത്തിറക്കാം എന്നാണ് ആലോചിക്കുന്നത്. ആന്ത്രോപോളോജിക്കല്‍ തിയറി ജേണലില്‍ ഞാന്‍ ഇത് സംബന്ധമായ ചില ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

താങ്കളുടെ പുസ്തകം ഉന്നയിക്കുന്ന പ്രധാന സംവാദം ഇസ്‌ലാമിസവും ജനാധിപത്യവും ആണല്ലോ. ഇപ്പോള്‍ അറബ് ഉത്തരാഫ്രിക്കന്‍ മേഖലയില്‍ നടക്കുന്ന അറബ് വസന്തം എന്നൊക്കെ വിളിക്കപ്പെടുന്ന രാഷ്ട്രീയ ചലനങ്ങള്‍ ഇസ്‌ലാമിസവും ജനാധിപത്യവും എന്ന പ്രശ്‌നത്തെ പുതിയ രീതിയില്‍ പരിഷ്‌കരിക്കുന്നുവെന്നു കാണാം. ഇസ്‌ലാമിസവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു?
അറബ് വസന്തം പ്രായോഗിക തലത്തില്‍ കാണിച്ചു തന്ന പല കാര്യങ്ങളുമുണ്ട് . അതിനു മുമ്പേ ഞാന്‍ നടത്തിയ   പഠനത്തിലും ഇസ്‌ലാമും ജനാധിപത്യവും എന്ന പ്രശ്‌നത്തെ വ്യത്യസ്തമായി സമീപിച്ചിട്ടുണ്ട് . രണ്ടാം ലോക യുദ്ധത്തിനു ശേഷം ഉയര്‍ന്നുവന്ന പ്രധാന ചോദ്യം ഇസ്‌ലാമിസവും ജനാധിപത്യവും ഒത്തുപോകുമോ എന്നതായിരുന്നു. ഈ ചോദ്യം തന്നെ തെറ്റാണ് എന്നാണ് ഞാന്‍ എന്റെ പുസ്തകത്തില്‍  വാദിച്ചത്. അക്കാദമിക മേഖലയിലും മാധ്യമ സംവാദങ്ങളിലുമൊക്കെ നിലനില്‍ക്കുന്ന  ഈ തെറ്റായ ചോദ്യം ഒരിക്കലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സാമൂഹിക  അനുഭവത്തെ വിലമതിച്ചിട്ടില്ല എന്നതാണ് ശരി. എന്റെ പുസ്തകത്തിന് വേണ്ടി ഞാന്‍ നടത്തിയ ഫീല്‍ഡ് വര്‍ക്ക് വളരെ കൃത്യമായി ബോധ്യപ്പെടുത്തിയത് ഇസ്‌ലാമിസം പുതിയ ജനാധിപത്യ സാഹചര്യത്തില്‍ പുതിയ വഴികള്‍ തേടുന്നുവെന്നാണ്. ഇതാണ് അറബ് വസന്തം കാണിക്കുന്നതും. ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നം, എല്ലായ്‌പ്പോഴും ഇസ്‌ലാമിസവുമായി ബന്ധപെട്ട പഠനങ്ങള്‍ ഇസ്‌ലാമിസവും ഹിംസയും, ഇസ്‌ലാമിസവും സഹിഷ്ണുതയും തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിക്കാറുള്ളത് എന്നതാണ്.  ഈ ചോദ്യങ്ങള്‍ വളരെ ഇടുങ്ങിയ അക്കാദമിക സമീപനമാണ്. ബാലിശമായ  ഈ ചോദ്യങ്ങള്‍  ജമാഅത്തിന്റെ പുറത്ത് കെട്ടിവെക്കപ്പെടുന്നു. അവരെപ്പോഴും ഇതൊക്കെ വിശദീകരിക്കേണ്ട ആളുകളായി മാറുന്നു. ഇതൊരു തെറ്റായ  സമീപനമാണ്. ഏതൊരു സാമൂഹിക പ്രസ്ഥാനവും ഇന്‍ക്ലൂസീവ് ആവുന്നതും എക്‌സ്‌ക്ലൂസീവ് ആവുന്നതും ആ പ്രസ്ഥാനം മാത്രം ആഗ്രഹിച്ചത് കൊണ്ട് നടക്കുകയില്ല. ഇവിടത്തെ ഭരണകൂടം, ഇതര സാമൂഹിക പ്രസ്ഥാനങ്ങള്‍  അടക്കമുള്ള ഘടകങ്ങള്‍ കൂടി അങ്ങനെ ആവുമ്പോള്‍ മാത്രമേ ഇത് സാധ്യമാവൂ. ഭരണകൂടം  സഹിഷ്ണുതയില്ലാതിരിക്കുമ്പോള്‍ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് മാത്രം  അത് വേണമെന്ന് വെറുതെ പ്രതീക്ഷിക്കാനാവില്ല.
അത് പറയുമ്പോള്‍ ഞാന്‍ ജമാഅത്തില്‍ നടക്കുന്ന നിരവധി സംവാദങ്ങളും മുന്നില്‍ കാണുന്നു. ഇപ്പോള്‍ ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ജമാഅത്തില്‍ നടക്കുന്ന സംവാദങ്ങള്‍ തന്നെ ഉദാഹരണം. അവിടെ സൃഷ്ടിപരമായ നേതൃത്വം വളരെ പ്രധാനമാണെന്ന് തോന്നുന്നു. എഴുപതുകള്‍ മുതല്‍ക്കു തന്നെ അവര്‍ ചെയ്യേണ്ടത് വളരെ വൈകി തൊണ്ണൂറുകളിലാണ് ആരംഭിച്ചത് എന്ന പോരായ്മ ഉണ്ടെങ്കിലും  ഖാദി ഹുസൈന്റെ  നേതൃത്വത്തില്‍ ഫ്യൂഡലിസത്തിനെതിരെ വലിയ സമരം പാകിസ്താനില്‍ നടന്നിരുന്നു. പാകിസ്താന്‍ ജമാഅത്ത് മുശര്‍റഫിന്റെ ഏകാധിപത്യ കാലത്ത് നിരവധി സമാന മനസ്‌കരുമായി യോജിച്ചു പ്രവര്‍ത്തിച്ചു. പാകിസ്താനിലെ  ഇടതുപക്ഷവുമായി അവര്‍ പല കാര്യങ്ങളിലും യോജിച്ചിരുന്നു. പാകിസ്താനില്‍ ഇടതു പാര്‍ട്ടികള്‍  വിഭജനം കഴിഞ്ഞ ഉടനെ ഇന്ത്യയിലെ സി.പി.എം പോലെ ജനത്തിനിടയില്‍ തുടക്കത്തില്‍ ക്ലച്ച് പിടിച്ചില്ല. അതുകൊണ്ട് തന്നെ ഇസ്‌ലാമിസ്റ്റുകളുമായി അവര്‍ അക്കാലത്ത് പല വിഷയങ്ങളിലും സഹകരിച്ചിരുന്നു . എന്നാല്‍ എഴുപതുകള്‍ മുതല്‍ അത് ശത്രുതയുടെ മറ്റൊരു അധ്യായം തുറന്നു. എങ്കിലും ഇങ്ങനെയുള്ള പല ഇന്ററാക്ഷനുകള്‍ ജമാഅത്തിലും വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഖാദി ഹുസൈന്റെ പന്ത്രണ്ട് വര്‍ഷക്കാലം ഇങ്ങനെയുള്ള ചോദ്യങ്ങളാല്‍ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹം നവ ലിബറല്‍ സാമ്പത്തിക നയത്തിനെതിരെ വലിയ സഖ്യങ്ങള്‍ തുറന്നിരുന്നു. ഇന്ത്യയില്‍ തന്നെ കേരളത്തിലും ജാര്‍ഖണ്ഡിലും ഇങ്ങനെയുള്ള സംവാദങ്ങള്‍ നടക്കുന്നു. പ്രശ്‌നാധിഷ്ഠിതമായ സഹകരണങ്ങള്‍ വികസിക്കുന്നു. അവിടെ ഇസ്‌ലാമിസ്റ്റുകള്‍ പോയി ചോദിക്കുന്നത് നിങ്ങളുടെ വിശ്വാസം എന്താണ് എന്നതല്ല. സമരവും അതിലൂടെ വികസിക്കുന്ന  സംവാദവുമാണ് പുതിയ ചോദ്യങ്ങളെ നിര്‍മിക്കുന്നത് എന്ന് അവിടത്തെ ജമാഅത്ത് ഘടകങ്ങള്‍ തിരിച്ചറിയുന്നു.

താങ്കള്‍ ഏകദേശം ഒരു ദശകത്തിലേറെ ജമാഅത്തിനെ വളരെ സൂക്ഷ്മമായി പിന്തുടരുന്നു. ജമാഅത്തിന്റെ സാധ്യതകളും പരിമിതികളും ധാരാളം താങ്കള്‍ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്താണ് ജമാഅത്തിന്റെ മുന്നോട്ടു പോക്കില്‍ തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍?
ഇന്ത്യയിലെ ജമാഅത്ത് ഒരിക്കലും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന പ്രസ്ഥാനമല്ല. എന്നാല്‍, ജമാഅത്ത് അവഗണിക്കാനാവാത്ത ഒരു ശബ്ദം തന്നെയാണ്. കേരളത്തില്‍ തന്നെ നിങ്ങള്‍ക്കറിയാം, ജമാഅത്ത് ഒരിക്കലും ഒരു കീ പൊസിഷനില്‍ ഇരിക്കുന്ന പ്രസ്ഥാനമല്ല. പക്ഷേ, സാമൂഹിക ജീവിതത്തില്‍ സംഭാവനകള്‍ അര്‍പ്പിക്കുന്ന, അതിനോട് പ്രതികരിക്കുന്ന പ്രസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ സാമൂഹിക ഘടനയുടെ ഭാഗമായുള്ള എല്ലാ വിമര്‍ശനവും ജമാഅത്തുമായി ബന്ധപ്പെട്ട് സാധ്യമാണ്. അതായത് ഒരു സാമൂഹിക പ്രസ്ഥാനം എന്ന നിലയില്‍ ജമാഅത്ത് ശൂന്യതയില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. ഇതൊരു വൈരുദ്ധ്യാത്മക പ്രശ്‌നമാണ്. ജമാഅത്ത് കൂടുതല്‍ സൃഷ്ടിപരവും സ്വയം വിമര്‍ശനാത്മകവുമായ സമീപനം സ്വീകരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ജമാഅത്ത് അങ്ങനെയൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ, അവര്‍ അത് ശരിയായ സമയത്തല്ല നിര്‍വഹിക്കുന്നത്. പല തീരുമാനങ്ങളും അനാവശ്യമായി വൈകിപ്പിക്കുന്നു. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കില്‍, ജമാഅത്ത് ഒരു ആധുനിക പ്രസ്ഥാനമാണെങ്കിലും (modern movement) അത് എത്രത്തോളം ഒരു സമകാലിക പ്രസ്ഥാനമാണ് (contemporary movement) എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. സമകാലിക പ്രസ്ഥാനം എന്നാല്‍ ഇപ്പോള്‍, ഇവിടെ,   ചലിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനം എന്ന അര്‍ഥത്തിലാണ്. എന്തുകൊണ്ട് പല പ്രശ്‌നങ്ങളിലും അവര്‍ക്ക് ഒരു സമകാലിക പ്രസ്ഥാനം ആവാന്‍ സാധിക്കുന്നില്ല? അവര്‍ മറ്റുള്ളവരുടെ തീരുമാനത്തിനായി ദീര്‍ഘകാലം കാത്തുനില്‍ക്കുന്നു എന്നതാണ് അതിന് ഉത്തരം. എല്ലാവരും പ്രതികരിച്ചതിനു ശേഷം മാത്രമേ അവര്‍ പ്രതികരിക്കുകയും ഇടപെടുകയും ചെയ്യാറുള്ളൂ. അങ്ങനെയൊരു സമകാലിക സമീപനം റിസ്‌ക് നിറഞ്ഞതാണ്. പക്ഷേ, ഇത് പലപ്പോഴും അജണ്ട സെറ്റിംഗ് കൂടിയാണ് എന്നു ജമാഅത്ത് തിരിച്ചറിയണം. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വഴി കാണിച്ചു കൊടുക്കണം. തീര്‍ച്ചയായും തെറ്റുകള്‍ വരുത്താം. അത് സമകാലിക പ്രസ്ഥാനത്തിന്റെ ചലനാത്മകതയുടെ ഭാഗമാണ്. തെറ്റുകള്‍ വരുത്താത്ത പ്രസ്ഥാനം എന്നത് വെറും മിഥ്യ മാത്രമാണ് എന്ന തിരിച്ചറിവ് ഉണ്ടാവണം. ഇത് ലോകത്തെ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ബാധകമായ കാര്യമാണ്. മനുഷ്യ സഹജമായ തെറ്റുകളെ തിരുത്താനുള്ള ആര്‍ജവം ജമാഅത്ത് കാണിക്കണം. തുറന്നു പറയാനും വിശദീകരിക്കാനും പുതിയ ചുവടുകള്‍ വെക്കാനും ഉള്ള കരുത്താണ് ഒരു പ്രസ്ഥാനത്തെ സമകാലികമാക്കുന്നത്.
ഇതോടൊപ്പം തന്നെ വളരെ പ്രായോഗികമായ മറ്റൊരു പ്രശ്‌നം ഏറെ രൂക്ഷമാണ്. വിശിഷ്യ ഉത്തരേന്ത്യയില്‍ അത് ഏറെ രൂക്ഷമാണ്. നേതൃതലങ്ങളില്‍ പൊതുവെ പ്രായമുള്ളവരെയാണ് കാണുന്നത്. കൂടുതല്‍ ചെറുപ്പമുള്ളവരെ ജമാഅത്ത് നേതൃത്വത്തില്‍ കൊണ്ടുവരണം. ഇത് പറയുമ്പോള്‍ ഇത് ജമാഅത്തിന്റെ മാത്രം പ്രശ്‌നമല്ല. നമ്മുടെ പ്രധാന മന്ത്രിമാര്‍, പ്രസിഡന്റുമാര്‍ ഒക്കെ ഇങ്ങനെ എഴുപത് കഴിഞ്ഞവരാണ്. അവരൊക്കെ ഇപ്പോഴും ഇങ്ങനെ തന്നെ അധികാര സ്ഥാനത്തിരിക്കുന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ പ്രശ്‌നമാണ്. ഇന്ത്യയില്‍ തല നരച്ചില്ലെങ്കില്‍ നിങ്ങളെ ഇന്ത്യയില്‍ ആരും സീരിയസായി എടുക്കാന്‍ പോകുന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയ രംഗവും സാമൂഹിക പ്രസ്ഥാനങ്ങളും ഇങ്ങനെ സ്വയം നശിച്ചു കൊണ്ടിരിക്കുന്നു. അറബ് വസന്തം അടക്കം പുതിയ ചെറുപ്പക്കാരുടെ ശേഷിയെ ഉപയോഗപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയം അനാവശ്യമായ വാശികള്‍ പിന്തുടരുകയാണെന്ന് കാണാം. പക്ഷേ, ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ വളരെ വ്യത്യസ്തരാണ്. അവര്‍  വളരെ വേഗം തന്നെ ചെറുപ്പക്കാരെ വിശ്വാസത്തിലെടുക്കുന്നു. അവര്‍ക്ക് അവസരം നല്‍കുന്നു. അതുകൊണ്ട് തന്നെ ആ മേഖല നല്ല വളര്‍ച്ച കൈവരിക്കുന്നു. രാഷ്ട്രീയം മാത്രം ഇപ്പോഴും പഴയ കാലത്ത് ജീവിക്കുന്നു. അമേരിക്കയില്‍ ഒബാമ ആയാലും ബ്രിട്ടനില്‍ ടോണി ബ്ലയറോ ഡേവിഡ് കാമറൂണോ ആയാലും അവരൊക്കെ ചെറുപ്പക്കാരാണ്. അറുപതു കഴിഞ്ഞാല്‍ അവര്‍ റിട്ടയര്‍ ചെയ്ത് പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നു. ലോകത്ത് എല്ലായിടത്തും  രാഷ്ട്രീയം പുതിയ ആളുകളെയും പുതിയ ആശയങ്ങളെയും സ്വീകരിക്കുന്നു. അവര്‍ ലോകത്തെ മാറ്റുന്നു. പക്ഷേ, ഇവിടെ അങ്ങനെ സംഭവിക്കുന്നില്ല. ഇത് നമ്മുടെ സാമൂഹിക ചിന്തയുടെ ബലഹീനതയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/4-8
എ.വൈ.ആര്‍