ഖുര്‍ആന്‍ മനഃപാഠമുള്ള കുട്ടികളെ ഇമാമാക്കാമോ?
ഖുര്‍ആന്‍ കൂടുതല്‍ അറിയുന്നവരാണ് ഇമാമായി നില്‍ക്കാന്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്നവര്‍ എന്നാണല്ലോ നബിവചനം. ഈ 'അറിവ്' അര്‍ഥമറിയാതെ കൂടുതല്‍ മനഃപാഠമാക്കിയവരെ ഇമാമായി നിര്‍ത്തുന്നതിന് തെളിവാണോ? കൂടുതല്‍ മനഃപാഠമുള്ളത് കൊണ്ടുമാത്രം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഇമാമായി നിര്‍ത്തി മുതിര്‍ന്നവര്‍ തുടര്‍ന്ന് നമസ്‌കരിക്കാന്‍ പാടുണ്ടോ?
കൂടുതല്‍ ഖുര്‍ആന്‍ അറിയുന്നവര്‍ക്കാണ് ഇമാമത്തിന് പ്രഥമ പരിഗണന നല്‍കേണ്ടത്. ഈ വിഷയകമായി വന്ന ഹദീസുകള്‍ പരിശോധിച്ചാല്‍ മറ്റൊരു നിഗമനത്തിലെത്തുക സാധ്യമല്ല. പാണ്ഡിത്യത്തെക്കാള്‍ ഖുര്‍ആന്‍ അറിയുക എന്നതിന് തന്നെയാണ് മുന്‍ഗണന. ഹദീസില്‍ 'ഖുര്‍ആനില്‍ അവര്‍ സമന്മാരാണെങ്കില്‍ നബിചര്യ കൂടുതല്‍ അറിയുന്നവര്‍ ഇമാമാകട്ടെ' (മുസ്‌ലിം) എന്ന ഭാഗം അതാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇവിടെ കൂടുതല്‍ പരിഗണനീയം നമസ്‌കാരവുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍ നിശ്ചയമുണ്ടായിരിക്കണം എന്നതായിരിക്കണം. കേവലം ഖുര്‍ആന്‍ മാത്രം മനഃപാഠമുണ്ട്, നമസ്‌കാര സംബന്ധമായ കാര്യങ്ങള്‍ വേണ്ടത്ര പിടിപാടില്ല എന്നതാണ് അവസ്ഥയെങ്കില്‍ അത്തരക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നത് സംഗതമല്ല. നബി(സ) ഈ ക്രമം വിവരിച്ച പശ്ചാത്തലം മനസ്സിലാക്കിയാല്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സാധാരണക്കാരായ സ്വഹാബിമാര്‍ പോലും ഇന്നുള്ള പണ്ഡിതന്മാരേക്കാള്‍ ഒരുവേള ദീനീ കാര്യങ്ങള്‍ നിശ്ചയമുള്ളവരായിരിക്കും. ഖുര്‍ആന്‍ അവരുടെ ഭാഷയിലായതിനാല്‍ അതിന്റെ ആശയം പാരായണമാത്രയില്‍ തന്നെ അവര്‍ക്ക് ഗ്രാഹ്യവുമായിരുന്നു. കൂടാതെ ഖുര്‍ആന്‍ മുഴുവന്‍ സുഗ്രാഹ്യമായ സ്വഹാബിമാര്‍ പലരും ഉണ്ടായിരിക്കെ നബി(സ) അബൂബക്‌റി(റ)നോട് ഇമാമായി നമസ്‌കരിക്കാന്‍ നിര്‍ദേശിച്ചതും ശ്രദ്ധേയമാണ്. അതുകൊണ്ടായിരിക്കാം ഇമാം നവവിയെപ്പോലുള്ളവര്‍ ഈ വീക്ഷണത്തിന് മുന്‍ഗണന നല്‍കിയത്. വിശദീകരണത്തിന് ശറഹുല്‍ മുസ്‌ലിം 0/177, മുഗ്‌നി ഇബ്‌നു ഖുദാമ 2/19, ഫത്ഹുല്‍ ബാരി 1/171, ഖത്താബി മആലിമുസ്സുനന്‍ 1/167 കാണുക.
ആദ്യത്തെ അത്തഹിയ്യാത്തില്‍ നബിയുടെ മേലുള്ള സ്വലാത്ത് ചെല്ലേണ്ടതുണ്ടോ? 'അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്' എന്ന് മാത്രം ചൊല്ലണമെന്ന് ചിലര്‍ പറയുന്നു.
ആദ്യത്തെ അത്താഹിയ്യാത്തില്‍ തശഹുദിന് ശേഷം നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നത് സംബന്ധമായി രണ്ടഭിപ്രായമുണ്ട്. ഒന്ന്, സ്വലാത്ത് ചൊല്ലേണ്ടതുണ്ട് എന്നതാണ്. ഇമാം ശാഫിഈ ഈ അഭിപ്രായക്കാരനാണ്(ഉമ്മ് 1/228). ഇതേ അഭിപ്രായം തെന്നെയാണ് ശൈഖ് ഇബ്‌നു ബാസിനും ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിക്കുമുള്ളത് (മജ്മൂഉല്‍ ഫതാവാ ഇബ്‌നു ബാസ് 11/201, കിതാബുസ്സ്വലാത്ത്- അല്‍ബാനി പേജ് 145).
രണ്ട്, ആദ്യത്തെ അത്തഹിയ്യാത്തില്‍ തശ്ഹുദ് മാത്രം മതി. അതിലുപരിയായി നബിയുടെ പേരില്‍ സ്വലാത്ത് വേണ്ടതില്ല. ഭൂരിഭാഗം ഫുഖഹാക്കളും ഈ അഭിപ്രായക്കാരാണ്. ശാഫിഈ മദ്ഹബില്‍ മേല്‍ പറഞ്ഞ രണ്ടഭിപ്രായവും കാണാം. എന്നാല്‍, ആദ്യത്തെ അത്തഹിയ്യാത്ത് ലഘുവാക്കുക എന്ന തത്ത്വം വെച്ചുകൊണ്ട് നബിയുടെ പേരില്‍ സ്വലാത്ത് (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്) മാത്രം ചൊല്ലുന്നത് സുന്നത്താണെന്നതാണ് പ്രബല വീക്ഷണം. അതിനാല്‍ നബിയുടെ കുടുംബത്തിന്റെ പേരില്‍ അത് ചൊല്ലി ദീര്‍ഘിപ്പിക്കേണ്ടതില്ല (മുഗ്‌നി 4/304).
ഇബ്‌നുല്‍ ഖയ്യിം പ്രസ്താവിക്കുന്നു. ആദ്യത്തെ അത്തഹിയ്യാത്തില്‍ തിരുമേനി തന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ സ്വലാത്ത് ചൊല്ലിയതായോ ഖബ്ര്‍ ശിക്ഷയില്‍ നിന്നും ജീവിത-മരണ ഫിത്‌നകളില്‍ നിന്നും ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്നും രക്ഷ തേടിയതായോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതെല്ലാം സുന്നത്താണെന്ന് പറയുന്നവര്‍ അത് ചില പൊതു തെളിവുകളില്‍ നിന്ന് മാത്രം മനസ്സിലാക്കിയതാണ്. എന്നാല്‍ അവയുടെ സന്ദര്‍ഭം അവസാനത്തെ അത്തഹിയ്യാത്ത് മാത്രമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. (സാദുല്‍ മആദ്, ഹിഖ്ഹുസ്സുന്ന 1/131)
റുകൂഇലും സുജൂദിലും മൂന്ന് തവണ തസ്ബീഹ് ചൊല്ലി മതിയാക്കി ഇമാം ഉയരുന്നത് വരെ മഅ്മൂം ഒന്നും ചൊല്ലാതിരിക്കുന്നതായി കാണുന്നു. മൂന്നില്‍ കൂടുതല്‍ ചൊല്ലാന്‍ പാടില്ലേ? മറ്റു പ്രാര്‍ഥനകള്‍ ചൊല്ലുന്നതില്‍ തെറ്റുണ്ടോ?
സുജൂദിലും റുകൂഇലും പല ദിക്‌റുകളും നബി(സ)യില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ഒരാള്‍ക്ക് താന്‍ ഒറ്റക്ക് നമസ്‌കരിക്കുമ്പോള്‍ അവയെല്ലാം ചൊല്ലാവുന്നതാണ്. എന്നാല്‍ ഇമാം അങ്ങനെയല്ല. മഹല്ലിയില്‍ പറയുന്നു: ''സുജൂദില്‍ സുബ്ഹാന റബ്ബിയല്‍ അഅ്‌ലാ എന്ന് മൂന്ന് വട്ടം പറയണം. മഅ്മൂമുകള്‍ക്ക് എളുപ്പമാകാനായി ഇമാം അതിലധികരിപ്പിക്കരുത്'' (ശറഹുല്‍ മഹല്ലി 1./191). എന്നാല്‍ ദീര്‍ഘിപ്പിക്കുന്നതില്‍ തൃപ്തരാണ് മഅ്മൂമുകളെങ്കില്‍ ഇമാമിന് മൂന്നിലധികം പ്രാവശ്യം ചൊല്ലാവുന്നതാണ്. അതുപോലെ മറ്റു സ്ഥിരപ്പെട്ട ദിക്‌റുകളും (മഹല്ലി, മുഗ്‌നി, നിഹായ തുടങ്ങിയവ നോക്കുക). സുന്നത്ത് നമസ്‌കാരത്തിന്റെ സുജൂദുകളില്‍ ഏത് പ്രാര്‍ഥനയും ചൊല്ലാം. നബി(സ) പറഞ്ഞു: ''റുകൂഇലും സുജൂദിലും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് എന്നോട് വിരോധിച്ചിരിക്കുന്നു. അതിനാല്‍ റുകൂഇല്‍ റബ്ബിനെ മഹത്വപ്പെടുത്തുക (സുബ്ഹാന റബ്ബിയല്‍ അളീം), സുജൂദിലാകട്ടെ കൂടുതല്‍ പ്രാര്‍ഥിക്കാന്‍ ശ്രമിക്കുക. എങ്കില്‍ നിങ്ങളുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടാന്‍ തികച്ചും അനുയോജ്യമാണ്'' (മുഗ്‌നി 3/432).
തശഹുദില്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നത് എപ്പോള്‍? നമസ്‌കാരത്തില്‍നിന്ന് വിരമിക്കുന്നത് വരെ തുടരേണ്ടതുണ്ടോ? ചൂണ്ടിയ ഉടനെത്തന്നെ താഴ്ത്താമോ? അതോ അത് ചലിപ്പിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ടോ?
അത്തഹിയ്യാത്തില്‍ തശഹുദ് ചൊല്ലി (ഇല്ലല്ലാഹ്) എന്ന് പറയുമ്പോള്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തി ചൂണ്ടിക്കാണിക്കേണ്ടതാണ്. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് അതിന് തെളിവ്. അത് ചലിപ്പിക്കേണ്ടതില്ല എന്നാണ് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിന്നും മനസ്സിലാകുന്നത്. എന്നാല്‍, അത് ചലിപ്പിക്കാമെന്നാണ് ഇമാം ബൈഹഖി നിവേദനം ചെയ്ത ഹദീസില്‍ കാണുന്നത്. രണ്ട് ഹദീസുകളും സ്വഹീഹാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു (മഹല്ലി 1'197). വിരലുകള്‍ മടക്കിയ ശേഷം തള്ളവിരല്‍ ചൂണ്ടുവിരലിന്റെ അടിഭാഗത്തു കൂടെ അതിന്റെ മധ്യ സന്ധിയില്‍ വെക്കുകയും ഇല്ലല്ലാഹ് എന്ന് പറയുമ്പോള്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുകയും അതു കഴിഞ്ഞ് താഴ്ത്തുകയും ചെയ്യുക എന്നതാണ് ഒരു രൂപം. ഇതാണ് ശാഫിഈ മദ്ഹബിന്റെ വീക്ഷണം. എന്നാല്‍ വിരലുകള്‍ ചൂണ്ടിപ്പിടിച്ചുകൊണ്ട് തുടരേണ്ടതാണെന്നും, ചൂണ്ടുവിരല്‍ ഇളക്കിക്കൊണ്ടിരിക്കേണ്ടതാണെന്നുമെല്ലാം അഭിപ്രായങ്ങളുണ്ട്. അതിനൊക്കെയും പണ്ഡിതന്മാര്‍ക്ക് അവരവരുടേതായ തെളിവുകളുമുണ്ട്. ഇവയില്‍ ഒരാള്‍ക്ക് ഏതഭിപ്രായം പിന്‍പറ്റാനും സ്വതന്ത്ര്യവുമുണ്ട്.
പലപ്പോഴും അത്തഹിയ്യാത്തിന്റെ പ്രാര്‍ഥനയും സ്വലാത്തും ചൊല്ലിക്കഴിഞ്ഞാലും ഇമാം സലാം വീട്ടാന്‍ സമയമെടുക്കാറുണ്ട്. അതിനാല്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ഈ സമയം ഉപയോഗിച്ചുകൂടേ?
അത്തഹിയ്യാത്തില്‍ തശഹുദും നബിയുടെ പേരിലുള്ള സ്വലാത്തുമാണ് ഒഴിച്ചുകൂടാന്‍ പറ്റാത്ത ദിക്‌റുകളായിട്ടുള്ളത്. ശേഷമുള്ള ദുആകളും ദിക്‌റുകളും കേവലം ഐഛികം മാത്രമാണ്. ഒഴിവാക്കിയതുകൊണ്ട് ഇമാമിന്റെയോ മഅ്മൂമിന്റെയോ ഒറ്റക്ക് നമ്‌സകരിക്കുന്നവന്റെയോ നമസ്‌കാരത്തെ അത് ബാധിക്കുകയില്ല. എന്നാല്‍, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ള സമയമാണെന്ന പരിഗണന വെച്ച് പ്രസ്തുത ഇടവേളയില്‍ മിണ്ടാതിരിക്കുന്നത് ഒട്ടും ഭൂഷണമല്ല. ആ സന്ദര്‍ഭത്തില്‍ ഏതു പ്രാര്‍ഥനയും ആകാവുന്നതാണ്. ഖുര്‍ആനിലും സുന്നത്തിലും വന്ന പ്രാര്‍ഥനകളാണങ്കില്‍ ഏറെ ഉത്തമമായി. അത്തഹിയ്യാത്തില്‍ ഇങ്ങനെ പ്രാര്‍ഥിക്കാമെന്നതിന് തെളിവാക്കാവുന്ന ഹദീസുകള്‍ ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെയുള്ളവര്‍ ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ അത്തഹിയ്യാത്തും നബി(സ)യുടെ പേരില്‍ സ്വലാത്തും തശഹുദുമെല്ലാം ചൊല്ലുകയും തുടര്‍ന്ന് 'താനുദ്ദേശിക്കുന്ന ആവശ്യങ്ങളില്‍ ഏത് വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളട്ടെ' (തശഹുദിന്റെ അധ്യായം- മുസ്‌ലിം) എന്ന് കാണാവുന്നതാണ്. ആ ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തുന്നു: ''നമസ്‌കാരാന്ത്യത്തില്‍ സലാം വീട്ടും മുമ്പായി പ്രാര്‍ഥിക്കുന്നത് അഭികാമ്യമാണെന്നതിന് ഇതില്‍ തെളിവുണ്ട്. കുറ്റകരമല്ലാത്ത ഐഛികവും പാരത്രികവുമായ, താനുദ്ദേശിക്കുന്ന ഏത് പ്രാര്‍ഥനയുമാകാമെന്നതിനും ഇതില്‍ തെളിവുണ്ട്. നമ്മുടെയും ഭൂരിഭാഗം പണ്ഡിതന്മാരുടെയും മദ്ഹബും ഇതു തന്നെയാണ്'' (ശറഹു മുസ്‌ലിം 2/140). ഇമാം ഇബ്‌നു ഹജര്‍ പറയുന്നു: നമസ്‌കരിക്കുന്ന വ്യക്തി തെരഞ്ഞെടുക്കുന്ന ഐഹികവും പാരത്രികവുമായ ഏത് കാര്യത്തിനും നമസ്‌കാരത്തില്‍ പ്രാര്‍ഥിക്കുന്നത് അനുവദനീയമാണെന്നതിന് ഇത് തെളിവാക്കാവുന്നതാണ് (ഫത്ഹുല്‍ ബാരി 2/321).
Comments