അംഗോളയിലെ 'ഇസ്‌ലാം നിരോധം' കുടിയേറ്റ വിരുദ്ധത
അംഗോളയിലെ 'ഇസ്‌ലാം നിരോധം' കുടിയേറ്റ വിരുദ്ധത
2013 നവംബര്‍ 25-നാണ് അമേരിക്കന്‍ ഇ-പത്രമായ ഇന്റര്‍നാഷ്‌നല്‍ ബിസിനസ് ടൈംസ് ആ വാര്‍ത്ത പുറത്തുവിട്ടത്. ആഫ്രിക്കന്‍ രാഷ്ട്രമായ അംഗോളയില്‍ ഇസ്‌ലാം നിരോധിക്കപ്പെട്ടിരിക്കുന്നു! ഡെയ്‌ലി മെയ്‌ലും ചില ആഫ്രിക്കന്‍-ഇന്ത്യന്‍-അറബി പത്രങ്ങളും വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ബദല്‍ മാധ്യമങ്ങളിലാണ് വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നത്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഒട്ടുമിക്കതും ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തതേയില്ല. ഇസ്‌ലാം അംഗോളന്‍ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നും അതിനാല്‍ ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനോ മസ്ജിദുകള്‍ തുറക്കാനോ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അനുവദിക്കില്ലെന്നും അംഗോളന്‍ സാംസ്‌കാരിക മന്ത്രി റോസ റോസ് പ്രസ്താവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത പരന്നത്. പല രാജ്യങ്ങളും തീവ്രവാദിസംഘടനകളെ നിരോധിക്കാറുണ്ട്. പക്ഷേ, ഒരു മതത്തെ തന്നെ, അതും ഒന്നര ബില്യനിലധികം അനുയായികളുള്ള ഒരു മതത്തെ ഔദ്യോഗികമായി നിരോധിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും. വാര്‍ത്ത കടുത്ത പ്രതികരണങ്ങള്‍ സൃഷ്ടിച്ചതോടെ അംഗോളന്‍ ഗവണ്‍മെന്റ് അങ്ങനെയൊരു നിലപാടെടുത്തിട്ടില്ലെന്ന് നിഷേധക്കുറിപ്പിറക്കി.
പക്ഷേ, പിന്നീടുള്ള നീക്കങ്ങള്‍ ഗവണ്‍മെന്റിന്റെ നിഷേധക്കുറിപ്പ് സത്യമല്ലെന്ന് തെളിയിക്കുന്നതായിരുന്നു. അംഗോളയിലെ 80 മസ്ജിദുകളില്‍ 50 എണ്ണം തകര്‍ക്കപ്പെട്ടു എന്നാണ് ഒരു റിപ്പോര്‍ട്ടില്‍ കണ്ടത്. ഗവണ്‍മെന്റിന്റെ നിഷേധക്കുറിപ്പ് ഒരു സാങ്കേതിക ഭാഷ്യം മാത്രം. അംഗോളയില്‍ ഏതൊരു സംഘടനക്ക് പ്രവര്‍ത്തിക്കണമെങ്കിലും ഗവണ്‍മെന്റ് അംഗീകാരം നല്‍കണം. അംഗീകാരത്തിന് വേണ്ടി സംഘടനകള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ഇങ്ങനെ അപേക്ഷ സമര്‍പ്പിച്ച 194 സംഘടനകളുടേതും തള്ളിപ്പോയി. സകല മുസ്‌ലിം കൂട്ടായ്മകളും അതില്‍ പെടും. അംഗീകാരം ലഭിച്ചതാകട്ടെ 83 സംഘടനകള്‍ക്ക് മാത്രം. അവയത്രയും ക്രിസ്ത്യന്‍ കൂട്ടായ്മകളാണ്. നിരോധിക്കപ്പെട്ട 194 സംഘങ്ങള്‍ ഏതൊക്കെയെന്ന് ഗവണ്‍മെന്റ് കുറിപ്പില്‍ പറയുന്നില്ല. അവയില്‍ പലതും ആഭിചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ടുനടക്കുന്ന കള്‍ട്ടുകളാകാനാണ് സാധ്യത. നിരോധം മുസ്‌ലിം കൂട്ടായ്മകളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടാണെന്ന് വ്യക്തം.
യൂറോപ്പില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കുടിയേറ്റ വിരുദ്ധതയുടെ മറ്റൊരു പതിപ്പാണ് അംഗോളയില്‍ കാണുന്നത്. അംഗോളയിലെ മുസ്‌ലിംകളില്‍ ഭൂരിഭാഗവും കുടിയേറിയവരാണ്. 1975-ല്‍ മാത്രം പോര്‍ച്ചുഗല്‍ കോളനി ഭരണത്തില്‍ നിന്ന് സ്വതന്ത്രമായ ഈ കൊച്ചു ആഫ്രിക്കന്‍ രാഷ്ട്രത്തില്‍ മുസ്‌ലിംകളുടെ നില ഒരു ഘട്ടത്തിലും ശുഭകരമായിരുന്നില്ല. ഏഴു വര്‍ഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഒരു യു.എന്‍ റിപ്പോര്‍ട്ടില്‍ അംഗോളന്‍ മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യം അപകടത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഒരു മതത്തിന് അനുഷ്ഠാന സ്വാതന്ത്ര്യം വേണമെങ്കില്‍ അനുയായികള്‍ ഒരു ലക്ഷമെങ്കിലും വേണം എന്ന വിചിത്ര നിയമവും ഈ നാട്ടിലുണ്ടത്രെ. അനൗദ്യോഗികമായി ഇവിടത്തെ മുസ്‌ലിം ജനസംഖ്യ 90,000 ആണെങ്കിലും ഔദ്യോഗിക ഭാഷ്യമനുസരിച്ച് അര ലക്ഷമേ വരൂ. ഈ നിയമവും മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
അംഗോളന്‍ മുസ്‌ലിംകള്‍ക്ക് നല്ലൊരു നേതൃത്വമില്ല എന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ആഗോള മുസ്‌ലിം പണ്ഡിതസഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഒരു അംഗോളന്‍ മുസ്‌ലിം പണ്ഡിതന്‍ പറയുന്നത്, മുസ്‌ലിംകളുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു പ്രതിനിധിയെ അയച്ചുതരണമെന്ന് ഗവണ്‍മെന്റ് പത്ത് വര്‍ഷം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു എന്നാണ്. പക്ഷേ, ഇതുവരെയും ഒരു പ്രതിനിധിയെ അവര്‍ നല്‍കിയിട്ടില്ല. മുസ്‌ലിം ജനസാമാന്യമാകട്ടെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ട് കിടക്കുകയും. 'ഇസ്‌ലാം നിരോധം' ചര്‍ച്ച ചെയ്യുമ്പോള്‍ സമുദായത്തിന്റെ ഈ ആഭ്യന്തര സ്ഥിതി കൂടി കണക്കിലെടുക്കേണ്ടിവരുന്നു.
ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്...
അങ്ങനെ ജനുവരി 5-ന് ബംഗ്ലാദേശില്‍ നടന്ന 'പൊതു തെരഞ്ഞെടുപ്പി'ല്‍ ശൈഖ് ഹസീനാ വാജിദും അവാമി ലീഗും 'ഗംഭീര വിജയം' കൊയ്തു. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ഒരു പാര്‍ട്ടിയും മുന്നണിയും ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം നേടിയ തമാശ ഹുസ്‌നി മുബാറക്കിന്റെയോ സദ്ദാം ഹുസൈന്റെയോ ഭരണകാലത്ത് പോലും പറഞ്ഞു കേട്ടിട്ടില്ല. 300 അംഗ പാര്‍ലമെന്റിലേക്കുള്ള 157 സീറ്റില്‍ ഭരണകക്ഷിക്കും കൂട്ടാളികള്‍ക്കുമെതിരെ മത്സരിക്കാന്‍ ഒരു സ്വതന്ത്രന്‍ പോലുമുണ്ടായിരുന്നില്ല. ആ വകയില്‍ തന്നെ ഭരണകക്ഷിയായ അവാമി ലീഗിന് 127 സീറ്റ് കിട്ടി. 'മത്സരിച്ച് ജയിച്ച' 105 സീറ്റ് വേറെയും. ബാക്കിയുള്ളത് ഒപ്പമുള്ള ജാതീയ പാര്‍ട്ടിക്കും സ്വതന്ത്രന്മാര്‍ക്കുമായി വീതിച്ച് നല്‍കി. അത്യന്തം പരിഹാസ്യമായ ഈ തെരഞ്ഞെടുപ്പ് പ്രഹസനത്തില്‍ വോട്ട് ചെയ്യാനെത്തിയവര്‍ മൊത്തം വോട്ടര്‍മാരിലെ 20 ശതമാനം മാത്രം. ബംഗ്ലാദേശ് നാഷ്‌നല്‍ പാര്‍ട്ടി(ബി.എന്‍.പി)യും ജമാഅത്തെ ഇസ്‌ലാമിയും ഉള്‍പ്പെടെ പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഈ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
സാധാരണഗതിയില്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക കാലാവധി പൂര്‍ത്തിയായ ഭരണകൂടം തന്നെയാണ്. പക്ഷേ, പക്വതയാര്‍ജിച്ച ഒരു ജനാധിപത്യ സംവിധാനത്തിലേ ഇത് സാധ്യമാകൂ. ബംഗ്ലാദേശിന്റെ സ്ഥിതി അതല്ല. 1971-നു ശേഷം ഒന്നിലധികം തവണ സൈനിക ഇടപെടലുകള്‍ ഉണ്ടായ രാഷ്ട്രമാണത്. കാലാവധി തികയ്ക്കുന്ന ഭരണകൂടം തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച് വീണ്ടും അധികാരം പിടിച്ചുപറ്റുന്ന പതിവുമുണ്ടായിരുന്നു. ഇതിനെതിരെ 1991-ല്‍ അവാമി ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഉള്‍പ്പെടുന്ന മുഖ്യ പ്രതിപക്ഷം അന്നത്തെ പ്രധാനമന്ത്രിയായ ഖാലിദ സിയക്കെതിരെ പ്രക്ഷോഭം നയിച്ചാണ് ഒരു കാവല്‍ ഭരണകൂടമായിരിക്കണം തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന വ്യവസ്ഥ അംഗീകരിപ്പിച്ചത്. അതിനു ശേഷം ബംഗ്ലാദേശില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ ഏറെക്കുറെ സ്വതന്ത്രവും നീതിപൂര്‍വകവും ആയിരുന്നു. തെരഞ്ഞെടുപ്പ് നടത്തുന്നത് കെയര്‍ ടേക്കര്‍ ഭരണകൂടമായിരിക്കും എന്ന വ്യവസ്ഥ 2011-ല്‍ ഹസീന വാജിദ് 15-ാം ഭരണഘടനാ ഭേദഗതിയിലൂടെ അട്ടിമറിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയാണ് ഹസീനയെ ഇതിന് പ്രേരിപ്പിച്ചതെന്ന് വ്യക്തം. കാവല്‍ ഭരണകൂടമല്ല തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമാവുകയും ചെയ്തു.
അതിക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പരമ്പരയാണ് തെരഞ്ഞെടുപ്പ് ദിനങ്ങളില്‍ ബംഗ്ലാദേശില്‍ അരങ്ങേറിയത്. വരും ദിനങ്ങളില്‍ അത് കൂടുതല്‍ കത്തിപ്പടരും. ഹസീനാ വാജിദിന്റെ മുന്നില്‍ ഇനി ഒരൊറ്റ വഴിയേ ഉള്ളൂ. നടന്നുകഴിഞ്ഞ ഈ തെരഞ്ഞെടുപ്പാഭാസം റദ്ദ് ചെയ്യുക. കാവല്‍ ഭരണകൂടത്തെ പുനഃസ്ഥാപിച്ച് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തുക. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. അല്ലാത്തപക്ഷം രാജ്യം വീണ്ടുമൊരു ആഭ്യന്തര കലഹത്തിലേക്ക് നീങ്ങും. സൈന്യത്തിന് ഇടപെടാന്‍ അത് അവസരമൊരുക്കും. അയല്‍ രാജ്യമായ പാകിസ്താനില്‍, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന് പറഞ്ഞാണ് 1977-ല്‍ സൈന്യം അധികാരം പിടിച്ചെടുത്തത്. പിന്നെ പതിനൊന്ന് വര്‍ഷം പട്ടാളത്തിന്റെ സ്വേഛാധിപത്യമായിരുന്നു. ശൈഖ് ഹസീന ജനാഭിലാഷം മാനിക്കുന്നില്ലെങ്കില്‍ ഈയൊരു പരിണതി തന്നെയായിരിക്കും ബംഗ്ലാദേശിനെയും കാത്തിരിക്കുന്നത്.
Comments