Prabodhanm Weekly

Pages

Search

2014 ജനുവരി 17

നന്മയുടെ വസന്തം തീര്‍ക്കാം

അബു നന്മണ്ട / ചിന്താവിഷയം

''അതിനെ (മനസ്സിനെ) സംസ്‌കരിച്ചവന്‍ വിജയിച്ചു; അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു'' (ഖുര്‍ആന്‍, അശ്ശംസ്: 9,10). ഒരു മനുഷ്യന്റെ ജയപരാജയങ്ങളുടെ ഉറവിടം മനസ്സാണെന്നാണ് ഈ വിശുദ്ധ വാക്യത്തിന്റെ സാരം. മനഃശുദ്ധി പാലിക്കാത്തവന്റെ വിജയം കേവലം നശ്വരമാണെന്നും, യഥാര്‍ഥ വിജയം പരിശുദ്ധമായ മനസ്സിന്റെ ഉടമകളുടേതാണെന്നും ഈ വാക്യം നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യ മനസ്സ് പ്രവചനാതീത സ്വഭാവങ്ങളുള്‍ക്കൊള്ളുന്ന ഒരു പ്രഹേളികയാണ്. ഒരാളുടെ രൂപഭാവങ്ങളില്‍നിന്ന് അയാളുടെ മനസ്സ് വായിക്കാന്‍ നമുക്ക് കഴിയില്ല. ഒരാള്‍ ശുദ്ധനെന്നോ ഭോഷ്‌കനെന്നോ രൂപഭാവങ്ങളില്‍ നിന്നല്ല, പെരുമാറ്റ മര്യാദകളില്‍ നിന്നാണ് നാം തിരിച്ചറിയുന്നത്.
ഒരു വ്യക്തി സമൂഹത്തില്‍ ആദരിക്കപ്പെടുന്നത് അയാളുടെ സ്വഭാവമഹിമ കൊണ്ടാണ്. ഒരാളെ നല്ലവനെന്നോ തീയവനെന്നോ സമൂഹം വിലയിരുത്തുന്നത് അയാളുടെ സ്വഭാവവും ആളുകളോടുള്ള പെരുമാറ്റവും വിലയിരുത്തിയാണ്.
ചെറുതന്യനും നന്മ ചെയ്കക്കൊ-
ണ്ടൊരു ചേതം വരികയില്ലയെങ്കിലും
പരനില്ലുപകാരമെങ്കിലീ
നരജന്മത്തിനു മാറ്റു മറ്റുപോം.
എന്ന കുമാരനാശാന്റെ കവിതാശകലവും ഇതേ കാര്യം തന്നെയാണ് വ്യക്തമാക്കുന്നത്. അന്യര്‍ക്ക് വേണ്ടി ചെറുതെങ്കിലും ഒരു നന്മയും ചെയ്യാത്ത മനുഷ്യജന്മം കൊണ്ടെന്ത് പ്രയോജനം! നിഷ്ഫല ജന്മമെന്നാണ് അതിന് പറയുക.
''ജനങ്ങളുമായി ഇടകലരുകയും അവരുടെ ഉപദ്രവം ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസി, അവരോട് ഇടപെടുകയോ അവരുടെ ഉപദ്രവം സഹിക്കുകയോ ചെയ്യാത്തവനേക്കാള്‍ ഉത്തമനാകുന്നു'' എന്ന പ്രവാചക വചനത്തിന്റെ പൊരുളും മറ്റൊന്നല്ല. ജനങ്ങളില്‍ നിന്നെല്ലാം അകന്ന്, സമൂഹത്തിലെ പ്രശ്‌നങ്ങളോടൊന്നും പ്രതികരിക്കാതെ കേവലം ആരാധനാകര്‍മങ്ങളിലും പൂജാ കര്‍മങ്ങളിലും മുഴുകുന്നത് പുണ്യമായി ഇസ്‌ലാം പരിചയപ്പെടുത്തുന്നില്ല.
തനിക്ക് നന്മകളും അനുഗ്രഹങ്ങളും ഉണ്ടാവണമെന്നും യാതൊരുവിധ പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാവരുതെന്നുമാണ് നമ്മള്‍ പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ മറ്റുള്ളവരും നമ്മെപ്പോലെ മജ്ജയും മാംസവുമുള്ള മനുഷ്യരാണെന്ന് മനസ്സിലാക്കി നമ്മെപ്പോലെ അവര്‍ക്കും നന്മയുണ്ടാവണമെന്ന് ആഗ്രഹിക്കുമ്പോഴേ മനുഷ്യജന്മം സാര്‍ഥകമാവുകയുള്ളൂ. തനിക്ക് മാത്രം സര്‍വ ഐശ്വര്യങ്ങളുമുണ്ടാവണമെന്നും മറ്റുള്ളവര്‍ക്കതൊന്നും ഉണ്ടാവരുതെന്നും ആഗ്രഹിക്കുന്നവര്‍ സങ്കുചിത മനസ്‌കരാണ്. സൗമ്യത, സല്‍സ്വഭാവം, വിശാലമനസ്‌കത, പരസ്പര സ്‌നേഹം, വിശ്വസ്തത, പ്രതിപക്ഷ ബഹുമാനം തുടങ്ങിയ സ്വഭാവങ്ങള്‍ സ്വായത്തമാക്കിയവര്‍ക്ക് മാത്രമേ അന്യരുടെ ദുഃഖങ്ങളിലും പ്രയാസങ്ങളിലും മനസ്സലിയുകയുള്ളൂ. അവര്‍ക്ക് മാത്രമേ അന്യരുടെ കത്തുന്ന മനസ്സില്‍ ആശ്വാസത്തിന്റെ കുളിര്‍മഴയായി പെയ്തിറങ്ങാന്‍ സാധ്യമാവൂ.
നാം ഈ കാലത്തെ കെട്ടകാലമെന്നും ആസുര കാലമെന്നുമൊക്കെ പറയാറുണ്ട്. ദൈവത്തിന്റെ നാട് ചെകുത്താന്റെ നാടായി എന്ന് പരിഭവിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഈയൊരവസ്ഥക്ക് കാരണക്കാര്‍ നാം തന്നെയല്ലേ? ഈ കാലത്തെ ഇങ്ങനെയാക്കുന്നത് നമ്മുടെ തന്നെ ചെയ്തികളല്ലേ? ജീവിതത്തിന്റെ സമസ്ത മേഖലകളെയും ജീര്‍ണത ബാധിച്ചിരിക്കുന്നു. സ്ത്രീപീഡനം, മോഷണം, പരവിദ്വേഷം, വര്‍ഗീയത തുടങ്ങി എല്ലാ തിന്മകളും നാട്ടില്‍ കൊടികുത്തിവാഴുന്നു. ഈ അവസ്ഥ മാറ്റിയെടുക്കേണ്ടതല്ലേ?
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മ രൂപം
അവനവനാത്മ സുഖത്തിനാചരിക്കു-
ന്നവയപരന്ന് സുഖത്തിനായ് വരേണം
എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ ഈയവസ്ഥയില്‍ ഏറെ പ്രസക്തമാണ്. ഒരുവന്‍ ആത്മസുഖത്തിനാചരിക്കുന്ന കര്‍മം മുഖേന മറ്റുള്ളവര്‍ക്ക് സുഖമാചരിക്കാന്‍ കഴിയുന്ന കാലം വരണം. അന്യരുടെ വാക്കുകള്‍ സംഗീതമായി ആസ്വദിക്കാനുള്ള ഒരു മനസ്സ് നാം വളര്‍ത്തിയെടുക്കണം.
ഓരോ വ്യക്തിയുടെയും മനഃസംസ്‌കരണത്തിലൂടെ മാത്രമേ നമ്മുടെ ലോകവും കാലവും രക്ഷപ്പെടുകയുള്ളൂ. കാരണം, കുറെ വ്യക്തികളുടെ സാകല്യമാണല്ലോ സമൂഹം. പ്രശസ്ത കഥാകൃത്തും കവയിത്രിയുമായ കമലാ സുറയ്യ ഒരിക്കല്‍ പറയുകയുണ്ടായി: ''ഒരു നിമിഷം ഭൂമിയൊന്ന് ഇളകിയാല്‍ എല്ലാം തകരുന്ന ഒരിടത്താണ് നാമൊക്കെ ജീവിക്കുന്നത്.'' നശ്വരമായ ഈ ജീവിത രഥ്യയില്‍ അന്യരെ സേവിച്ചും കഴിയുന്നത്ര നന്മകള്‍ ചെയ്തും ഈ കെട്ടകാലത്തെ നമുക്ക്  നന്മയുടെ വസന്ത കാലമാക്കി മാറ്റാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/4-8
എ.വൈ.ആര്‍