Prabodhanm Weekly

Pages

Search

2014 ജനുവരി 17

പ്രവാചക വിമര്‍ശകരെ നിരായുധരാക്കുന്ന പുസ്തകം

മുനീര്‍ മുഹമ്മദ് റഫീഖ് / പുസ്തകം

ലോകത്ത് ഏറ്റവും കൂടുതല്‍ ജീവചരിത്രം എഴുതപ്പെട്ടത് പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചാണെങ്കില്‍ അതില്‍ അതിശയിക്കാനൊട്ടുമില്ല. അനേകം ഗ്രന്ഥങ്ങളാണ് തിരുമേനിയുടെ ജീവിതത്തെ ഇതിവൃത്തമാക്കി പതിനാല് നൂറ്റാണ്ടുകളിലായി എഴുതപ്പെട്ടിട്ടുള്ളത്. ആധുനിക കാലത്ത് പ്രവാചകന്റെ സന്ദേശവും ജീവിതവും സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന കൃതിയാണ് എം. ഫതഹുല്ലാ ഗുലന്റെ The Messenger of God: Muhammed, An Analysis of the Prophet's Life എന്ന കൃതി. ഇസ്‌ലാമിക പ്രബോധനത്തിന് ആശയ സ്‌നേഹ സംവാദങ്ങളും ഇന്റര്‍ഫെയ്ത്ത് സംവാദങ്ങളും പരസ്പര സഹകരണവും ആഹ്വാനം ചെയ്യുന്ന ഫതഹുല്ലാ ഗുലന്റെ ഈ കൃതി സമന്വയത്തിന്റെ ഭൂമികയാണ് അന്വേഷിക്കുന്നത്. ഫതഹുല്ലാ ഗുലന്റെ മറ്റു കൃതികള്‍ പോലെ ഈ കൃതിയും ബൗദ്ധിക നിലവാരമുള്ള വിദ്യാസമ്പന്നരായ മധ്യവര്‍ഗത്തെയാണ് ഉന്നം വെക്കുന്നത്. വിശിഷ്യ പാശ്ചാത്യരായ വായനക്കാരെ. പ്രവാചക ജീവിതത്തെ സംബന്ധിച്ച് ജനനം മുതല്‍ മരണം വരെയുള്ള ഒരു കഥാകഥനമല്ല ഇത്; പ്രവാചക ജീവിതത്തിലെ ചില പ്രധാന വശങ്ങളെ കുറിച്ച യുക്തിസഹവും ചിന്തോദ്ദീപകവുമായ വിശകലനങ്ങളാണ്. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനു നേരെ നെറ്റിചുളിച്ചവര്‍ക്കും ആ സന്ദേഹം ഇനിയും പരത്താന്‍ ശ്രമിക്കുന്നവര്‍ക്കും കൃത്യമായ മറുപടി കൂടിയാണ് ഈ കൃതി. പ്രവാചകത്വത്തെ കുറിച്ച് ഉയര്‍ത്തപ്പെട്ട സംശയങ്ങളും പലരും കെട്ടിപ്പൊക്കിയ ദുരൂഹതകളും തകര്‍ത്തെറിഞ്ഞ് ഗ്രന്ഥകര്‍ത്താവ് പ്രവാചകത്വത്തിന്റെ യുക്തിസഹമായ കാരണങ്ങള്‍ വിശകലനം ചെയ്യുന്നു.
ഇതര മതങ്ങളുടെ വക്താക്കളും നാസ്തികരും ഓറിയന്റലിസ്റ്റുകളുമൊക്കെ ചൊരിഞ്ഞ ആക്ഷേപ ശകാരങ്ങളെയാണ് പ്രവാചക ജീവിതം മുന്‍നിര്‍ത്തി അദ്ദേഹം അപഗ്രഥിക്കുന്നത്. പ്രവാചകന്റെ ബഹുഭാര്യാത്വം ഇസ്‌ലാം വിമര്‍ശകര്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിമര്‍ശമാണ്. മുഹമ്മദെന്ന ഭര്‍ത്താവിനെയും മുഹമ്മദെന്ന പിതാവിനെയും ഗ്രന്ഥകര്‍ത്താവ് വിശദീകരിക്കുമ്പോള്‍ വ്യക്തി എന്ന നിലയിലും പ്രവാചകന്‍ എന്ന നിലയിലും അതത് മേഖലകളില്‍ മുഹമ്മദ് നബി എങ്ങനെ വിജയം വരിച്ചുവെന്ന് ഗ്രന്ഥകര്‍ത്താവ് അക്കമിട്ടു നിരത്തുന്നുണ്ട്. എന്തുകൊണ്ട് പ്രവാചകന്‍ മുഹമ്മദ് നിരവധി വിവാഹങ്ങള്‍ കഴിച്ചു എന്നതിന് അതിന്റെ കാരണങ്ങള്‍ നിരത്തുക മാത്രം ചെയ്യാതെ, എന്നു മുതലാണ് നിങ്ങള്‍ക്ക് ബഹുഭാര്യാത്വം ഇത്ര നീചമായ കാര്യമായതെന്ന് ഗുലന്‍ മറുചോദ്യം ഉന്നയിക്കുകയും ചെയ്യുന്നു. ചരിത്രത്തില്‍ ഏതു സമൂഹത്തിലാണ് ബഹുഭാര്യാത്വമില്ലാതിരുന്നത്? ഒന്നുകില്‍ വിമര്‍ശനത്തില്‍ എല്ലാ സമൂഹങ്ങളെയും ഉള്‍പ്പെടുത്തുക; അല്ലെങ്കില്‍ ബഹുഭാര്യാത്വം എന്നത് അത്ര നീചമായ കാര്യമല്ലെന്നും അത് എന്തിനുവേണ്ടി ചെയ്യുന്നു എന്നതിനെ മുന്‍നിര്‍ത്തി അത് നല്ലതും തിയ്യതുമാകുമെന്നുമുള്ള നിലപാടിലേക്കു മാറുക. മുന്‍കാല പ്രവാചകന്മാരിലും സമൂഹങ്ങളിലും നിലനിന്നിരുന്ന ബഹുഭാര്യാത്വത്തെ എടുത്തുദ്ധരിച്ചാണ് ഗുലന്‍ വിമര്‍ശകര്‍ക്ക് മറുപടി പറയുന്നത്. നിരവധി എഴുത്തുകാരും പണ്ഡിതന്മാരും നല്‍കിയ മറുപടികളും ഗുലന്റെ പുസ്തകത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
പ്രവാചകന്റെ യുദ്ധസമീപനം, പ്രവാചകന്‍ സാര്‍വകാലിക-സാര്‍വജനീന നേതാവ് എന്നീ തലക്കെട്ടുകള്‍ക്കു കീഴിലും ഗുലന്‍ ഇസ്‌ലാം വിമര്‍ശകരുടെ ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കുന്നുണ്ട്. സുന്നത്തിന്റെ ക്രോഡീകരണം, സ്വഹാബികള്‍, നബിയോടുള്ള അവരുടെ സ്‌നേഹം തുടങ്ങി ഒരുപിടി വിഷയങ്ങളും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രവാചകനും ഭാര്യമാരും, പ്രവാചകനും സന്താനങ്ങളും, പ്രവാചകനും അനുചരന്മാരും എന്നീ ഭാഗങ്ങള്‍ വായനക്കാരില്‍ പ്രവാചകനോടു അടങ്ങാത്ത സ്‌നേഹവായ്പും ആദരവും നിറക്കും. പ്രവാചക സ്‌നേഹത്തെ കുറിച്ച ഗുലന്റെ എഴുത്ത് വികാരനിര്‍ഭരമാകുന്നു. ഈജിപ്തിലെ പ്രമുഖ എഴുത്തുകാരന്‍ മുഹമ്മദ് ഇമാറ ഈ പുസ്തകത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ''ഈ പുസ്തകം ഹൃദയം കൊണ്ടും മനസ്സുകൊണ്ടും വായിക്കുന്നവര്‍ പ്രവാചകനെ സഹായിക്കുക മാത്രമല്ല, പ്രവാചകന്റെ സ്വന്തക്കാരായും വിനീതവിധേയരായ അനുയായികളായും മാറുകയും ചെയ്യും.''
436 പേജുള്ള പുസ്തകം അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള ദ ലൈറ്റ് പബ്ലിഷേഴ്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തുര്‍ക്കി ഭാഷയില്‍ രചിക്കപ്പെട്ട മൂലകൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് അലി യൂനാല്‍ ആണ്. 19.95 യു.എസ് ഡോളറാണ് പുസ്തകത്തിന്റെ മുഖവില.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/4-8
എ.വൈ.ആര്‍