ബദ്ര്‍ യുദ്ധം
ബദ്റില്‍ തമ്പടിച്ച പ്രവാചകന്‍ പ്രതിയോഗികളെക്കുറിച്ച് കിട്ടാവുന്നേടത്തോളം വിവരങ്ങള്‍ ശേഖരിച്ച ശേഷം രാത്രി അല്‍പ്പ നേരമൊന്ന് തല ചായ്ച്ചു. പിറ്റേന്ന് അതിരാവിലെ തന്റെ ചെറിയ 312 അംഗസംഘത്തെ അഞ്ചായി വിഭജിച്ചു. ഓരോന്നിനും കമാന്റര്‍മാരെയും നിശ്ചയിച്ചു. അവര്‍ യുദ്ധ ഭൂമിയുടെ ഇടത്, വലത്, മധ്യം തുടങ്ങി ഏത് ഭാഗത്ത് നില്‍ക്കണമെന്ന് പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തു. തന്റെ പടയാളികളുടെ സുരക്ഷക്ക് വേണ്ട സകല മുന്‍കരുതലുകളും പ്രവാചകന്‍ കൈക്കൊണ്ടു. യുദ്ധഗതികള്‍ നേരില്‍ വീക്ഷിക്കാനും അപ്പപ്പോള്‍ വേണ്ട ഉത്തരവുകള്‍ നല്‍കാനും പാകത്തില്‍ പ്രവാചകന് വേണ്ടി കുന്നിന്‍ മുകളില്‍ ചെറിയൊരു കൂര പണിതിരുന്നു. അതേസമയം ശത്രുക്കള്‍ നേര്‍ക്കുനേരെ അമ്പെയ്താല്‍ ഏല്‍ക്കാത്ത വിധത്തിലായിരുന്നു 'കമാന്‍ഡര്‍ ഇന്‍ ചീഫി'ന്റെ ഈ 'ഹെഡ്‌ക്വോര്‍ട്ടേഴ്‌സ്' സംവിധാനിച്ചിരുന്നത്. അടിയന്തര ഘട്ടങ്ങളില്‍ പിന്‍വാങ്ങേണ്ടി വന്നാല്‍ സഞ്ചാരവേഗമുള്ള രണ്ട് പെണ്ണൊട്ടകങ്ങളെയും തൊട്ടടുത്ത് തന്നെ ഒരുക്കി നിര്‍ത്തിയിരുന്നു.
ശത്രുക്കളുടെ എണ്ണം 950, മുസ്‌ലിംകളുടേത് 312. മുസ്‌ലിംകള്‍ക്ക് രണ്ട് കുതിരകള്‍ മാത്രം. ശത്രുക്കളുടെ കൈവശമാകട്ടെ നൂറിലധികം കുതിരകളുണ്ട്. മുസ്‌ലിംകളുടെ കൈയില്‍ ഒരു ഡസന്‍ പടച്ചട്ടകള്‍ മാത്രമാണുള്ളത്; ശത്രുക്കളുടെ കൈയിലാവട്ടെ ഇരുനൂറ് പടച്ചട്ടകളും. എങ്ങനെ നോക്കിയാലും ശത്രു വളരെ ശക്തനാണ്. ഏത് നിലക്കും മുന്‍തൂക്കം ശത്രുവിന് തന്നെ. അന്നേരം പ്രവാചകന്‍ ലോക സ്രഷ്ടാവിന്റെ മുമ്പില്‍ സാഷ്ടാംഗം വീണ് സഹായം നല്‍കാന്‍ വേണ്ടി മനസ്സുരുകി പ്രാര്‍ഥിക്കുന്നു. എത്ര അര്‍ഥവത്തായിരുന്നു ആ പ്രാര്‍ഥന!
''അല്ലാഹുവേ! ഈ ചെറിയ സംഘമെങ്ങാനും യുദ്ധത്തില്‍ തോല്‍പ്പിക്കപ്പെട്ടാല്‍ പിന്നെ നിന്നെ കീഴ്‌വണങ്ങി ജീവിക്കാന്‍ ഭൂമുഖത്താരും ഉണ്ടാവുകയില്ല. നിന്നെ കീഴ്‌വണങ്ങിയും ആരാധിച്ചും ജീവിക്കുന്നവര്‍ ഇവിടെ നിലനില്‍ക്കണമെന്നാണ് നിന്റെ ഇച്ഛയെങ്കില്‍ വലിയ സൈന്യത്തിനെതിരെ ഈ കൊച്ചു സൈന്യത്തിന് വിജയം നല്‍കിയാലും.''
പ്രാര്‍ഥനക്ക് ശേഷം കുടിലില്‍നിന്ന് പുറത്തുവന്ന പ്രവാചകന്‍ അനുയായികളെ അഭിമുഖീകരിച്ചു: ''ഈ നിമിഷം നിങ്ങള്‍ മാത്രമാണ് ഈ സത്യദര്‍ശനത്തിന്റെ സംരക്ഷകരായി ഭൂമുഖത്തുള്ളത്. നിങ്ങള്‍ മാത്രമാണ് ദൈവിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പൊരുതുന്നത്. ബാക്കി മനുഷ്യരൊക്കെയും ശത്രുനിരയിലാണ്.'' ആ മാസ്മരിക സംസാരത്തിന് ഉദ്ദേശിച്ച ഫലമുണ്ടായി. ഒരു സമുന്നത ലക്ഷ്യത്തിന് വേണ്ടി മുസ്‌ലിംകള്‍ വീറോടെ പോരാടി വമ്പന്‍ ശത്രുസൈന്യത്തെ അവര്‍ തോല്‍പ്പിച്ചോടിച്ചു. ശത്രുനിരയില്‍ നിന്ന് കൊല്ലപ്പെട്ടവര്‍ എഴുപത്. ധാരാളം ശത്രുസൈനികരെ യുദ്ധത്തടവുകാരായും പിടിച്ചു.
യുദ്ധത്തടവുകാര്‍
യുദ്ധത്തടവുകാരെ എന്ത് ചെയ്യണം, യുദ്ധമുതലുകള്‍ എന്ത് ചെയ്യണം? ഇതായിരുന്നു യുദ്ധാനന്തരം മുസ്‌ലിംകള്‍ അഭിമുഖീകരിച്ച പ്രശ്‌നം. ഹസ്‌റത്ത് ഉമറിന്റെ അഭിപ്രായം വളരെ വ്യക്തമായിരുന്നു. യുദ്ധത്തില്‍ തടവുകാരാക്കപ്പെട്ട ഖുറൈശികള്‍ ഇസ്‌ലാമിന്റെ ബദ്ധശത്രുക്കളാണ്. കഴിഞ്ഞ 15 വര്‍ഷമായി മുസ്‌ലിംകളെ കഴിയാവുന്ന വിധത്തിലൊക്കെ അവര്‍ പീഡിപ്പിച്ചു. ഇസ്‌ലാമിനോടോ മുസ്‌ലിംകളോടോ അവര്‍ക്ക് അനുഭാവമുണ്ടാകാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. അതിനാല്‍ അവര്‍ ചെയ്ത അതിക്രമങ്ങള്‍ക്ക് പകരമായി അവരെ വാളിന്നിരയാക്കണം. അബൂബക്ര്‍(റ) ഈ അഭിപ്രായത്തോട് വിയോജിച്ചു. നഷ്ടപരിഹാരത്തുക വാങ്ങി തടവുകാരെ വിട്ടയക്കണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. യുദ്ധത്തടവുകാരെ ഉന്മൂലനം ചെയ്തത് കൊണ്ട് എന്ത് നേടാനാണ്, അദ്ദേഹം ചോദിച്ചു. അതേസമയം അവരുടെ പിന്‍തലമുറകള്‍ മുസ്‌ലിംകളായിത്തീരാനുള്ള സാധ്യത വിദൂരമായെങ്കിലും നിലനില്‍ക്കുന്നുമുണ്ട്. ഒരു വന്‍ നഷ്ടപരിഹാരത്തുക മുസ്‌ലിംകളുടെ കൈയില്‍ വന്നുചേരുമല്ലോ. അത് ഖുറൈശികളെ ദുര്‍ബലമാക്കുകയും മുസ്‌ലിംകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും.
അബൂബക്‌റിന്റെ അഭിപ്രായമാണ് പ്രവാചകന്‍ സ്വീകരിച്ചത്. പക്ഷേ ഇതിന്റെ പേരില്‍ പിന്നീട് ഖുര്‍ആന്‍ പ്രവാചകനെ വിമര്‍ശിക്കുകയാണ് ചെയ്തത് (8:68). വിമര്‍ശിക്കാനുള്ള കാരണം ഒരുപക്ഷേ മോസസിന്റെ നിയമപുസ്തകത്തില്‍ നിലനില്‍ക്കുന്ന വിധിയായിരിക്കാം. കഴിഞ്ഞുപോയ പ്രവാചകന്മാരുടെ നിയമവിധികളാണ്-അവ കാലഹരണപ്പെട്ടിട്ടില്ലെങ്കില്‍-പില്‍ക്കാല പ്രവാചകന്മാര്‍ സ്വീകരിക്കേണ്ടത് എന്നൊരു കീഴ്‌വഴക്കമുണ്ട്. യുദ്ധവിജയ സന്ദര്‍ഭത്തില്‍ പിടിക്കപ്പെടുന്ന ശത്രുക്കളെ കൊന്നുകളയണമെന്ന് തോറയില്‍ വ്യക്തമായി പറയുന്നുണ്ട്. ശത്രുക്കളില്‍ നിന്ന് പിടിച്ചെടുക്കുന്ന സ്വത്തുവഹകളും സമ്പാദ്യങ്ങളും സ്വന്തമാക്കുന്നതിന് പകരം അവ തീവെച്ച് കരിച്ച് കളയണം. മാനുഷ്യകത്തിന് കാരുണ്യമായി ആഗതനായ പ്രവാചകന്‍ മുഹമ്മദ് നബി(സ) ഈ ജൂതനിയമം സ്വീകരിക്കാതിരുന്നത് സ്വാഭാവികം മാത്രം. ഖുര്‍ആന്‍ വിമര്‍ശിക്കാനുള്ള കാരണം, തിരുത്തുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലാത്ത തോറയിലെ നിയമങ്ങള്‍ പ്രവാചകന്‍ പിന്തുടരാന്‍ മടിച്ചത് കൊണ്ടാവാം. വിമര്‍ശിക്കുന്നുണ്ട് എന്നല്ലാതെ, ഈ തീരുമാനമെടുത്തതിന്റെ പേരില്‍ പ്രവാചകന്‍ ശിക്ഷാര്‍ഹനാണ് എന്നൊന്നും ഖുര്‍ആന്‍ പറയുന്നില്ല. അതിനര്‍ഥം അല്ലാഹു തന്നെ ഈ പഴയ നിയമം മാറ്റാന്‍ ഉദ്ദേശിച്ചിരുന്നു എന്നാണ്.
ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് വലിയ തോതില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടായി. ശത്രുക്കളാകട്ടെ സാമ്പത്തികമായി വളരെ ദുര്‍ബലമാക്കപ്പെടുകയും ചെയ്തു. കാരണം മില്യന്‍ കണക്കിനാണ് അവരുടെ യുദ്ധച്ചെലവുകള്‍. നഷ്ടപരിഹാരം വഴിയായി തന്നെ മുസ്‌ലിംകള്‍ക്ക് വലിയൊരു തുക ലഭിച്ചു. ഒരു യുദ്ധത്തടവുകാരന്‍ തന്റെ മോചനത്തിന് നല്‍കേണ്ടിയിരുന്നത് നൂറ് ഒട്ടകങ്ങളെയാണ്; അല്ലെങ്കില്‍ അതിന് തുല്യമായത്. ചിലര്‍ പണമായി തന്നെ നഷ്ടപരിഹാര തുക നല്‍കി. ഒരാള്‍ ആ തുകക്കുള്ള പടച്ചട്ടകളാണ് കൈമാറിയത്. പാവപ്പെട്ട തടവുകാര്‍ക്ക് വേണ്ടി അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് നഷ്ടപരിഹാരത്തുക കെട്ടിവെച്ചത്. ചില പാവങ്ങളായ തടവുകാര്‍ക്കാകട്ടെ നഷ്ടപരിഹാരത്തുക സംഘടിപ്പിക്കാന്‍ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. പക്ഷേ ആ തടവുകാര്‍ക്ക് അക്ഷരാഭ്യാസമുണ്ടായിരുന്നു. നൂറ് ഒട്ടകം നല്‍കുന്നതിന് പകരമായി അവര്‍ ഓരോരുത്തരും പത്ത് മുസ്‌ലിംകള്‍ക്ക് അക്ഷരാഭ്യാസം നല്‍കട്ടെ എന്ന് തീരുമാനമായി. ഇനിയും ചില തടവുകാര്‍ക്ക് പണമോ സഹായിക്കാന്‍ ആളുകളോ അക്ഷാരാഭ്യാസമോ ഒന്നും ഉണ്ടായിരുന്നില്ല. അവരെ, ഇനി മേലില്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്യില്ല എന്ന പ്രതിജ്ഞയെടുപ്പിച്ച് വിട്ടയച്ചു. ചില ഗോത്രങ്ങള്‍ മുസ്‌ലിംകളില്‍ ചിലരെ തടവുകാരായി പിടിച്ചപ്പോള്‍, ആ ഗോത്രത്തില്‍പെട്ട തടവുകാരെ മോചിപ്പിച്ചുകൊണ്ട് മുസ്‌ലിംകള്‍ തടവുകാരെ പരസ്പരം കൈമാറ്റം ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ബദ്ര്‍ യുദ്ധാനന്തരമുള്ള നിരവധി കീഴ്‌വഴക്കങ്ങള്‍ പില്‍ക്കാലത്ത് രൂപപ്പെട്ട ഇസ്‌ലാമിക അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനമായി വര്‍ത്തിച്ചു.
(തുടരും)
Comments