Prabodhanm Weekly

Pages

Search

2014 ജനുവരി 17

പ്രവാചക സ്‌നേഹത്തിന്റെ പൊരുള്‍

അബ്ദുര്‍റഹ്മാന്‍ തുറക്കല്‍ / ലേഖനം

സ്‌നേഹം മനസ്സിന്റെ പ്രവര്‍ത്തനമാണ്. വിശ്വാസത്തിനും അതില്‍ പങ്കുണ്ട്. അതിന്റെ പ്രതിഫലനങ്ങള്‍ ഒരാളുടെ സ്വഭാവങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രകടമാകും. ആരെങ്കിലും വല്ലതിനെയും സ്‌നേഹിക്കുന്നുവെങ്കില്‍  അതവനില്‍ പ്രകടമാകണം.  അല്ലെങ്കില്‍ ആ സ്‌നേഹം നിഷ്‌കളങ്കമല്ല; അവന്‍ സ്‌നേഹിക്കുന്നുണ്ടെന്ന് വാദിക്കുന്നുണ്ടെങ്കിലും. പ്രവാചകനോടുള്ള സ്‌നേഹം നിഷ്‌കളങ്കമാണെങ്കില്‍ അതിന്റെ അടയാളങ്ങളും ഫലങ്ങളും അവനിലുണ്ടാകണം. പ്രവാചകനെ പിന്തുടരണം. വാക്കും പ്രവൃത്തിയും മുറുകെ പിടിക്കണം. കല്‍പനകള്‍ അനുസരിക്കുകയും  നിരോധിച്ച കാര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും വേണം. പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും പ്രവാചകന്‍ കാണിച്ചുതന്ന മര്യാദകള്‍ പിന്തുടരുകയും സ്വന്തം താല്‍പര്യങ്ങളേക്കാള്‍ അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യണം.
അന്ത്യനാള്‍ വരെയുള്ള മനുഷ്യന്റെ സന്മാര്‍ഗ ദീപമായ വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനിലൂടെയാണ് മനുഷ്യകുലത്തിന് അല്ലാഹു നല്‍കി അനുഗ്രഹിച്ചത്. ''ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും, മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നാം നിനക്ക് നല്‍കിയിട്ടുണ്ട്'' (അല്‍ഹിജ്ര്‍: 87). പ്രവാചകനിലൂടെ അവതീര്‍ണമായ ആ വിശുദ്ധ ഗ്രന്ഥം പഠിക്കലും അതിനനുസരിച്ച് ജീവിതം നയിക്കലും പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണ്. പ്രവാചകന്റെ തീരുമാനങ്ങളും വിധികളും അംഗീകരിക്കലും അതുപോലെ തന്നെ. അല്ലാഹു പറഞ്ഞു: ''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ വിധി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ ഒരു വിശ്വാസിനിക്കോ, അക്കാര്യത്തില്‍ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല'' (അഹ്‌സാബ്:36). ഖുര്‍ആന്റെ തൊട്ടടുത്ത സ്ഥാനമാണ് പ്രവാചക ചര്യക്കുള്ളത്. വിശുദ്ധ ഖുര്‍ആന്റെ വിശദീകരണമാണത്. ''നിങ്ങള്‍ക്ക് പ്രവാചകന്‍ നല്‍കിയത് സ്വീകരിക്കുക...'' (ഹശ്ര്‍:7). പ്രവാചക സ്‌നേഹം ഒരടിമക്ക് അല്ലാഹു നല്‍കുന്ന മഹത്തായ സൗഭാഗ്യമാണ്. ഇബ്‌നു തൈമിയ പറഞ്ഞു: ''പ്രവാചകനെ പ്രകീര്‍ത്തിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തവന്‍ ദീന്‍ മുഴുവന്‍ നിലനിര്‍ത്തി. അങ്ങനെ ചെയ്യാത്തപക്ഷം അവന്‍ സ്വന്തം ദീനിനെ തകര്‍ത്തിരിക്കുന്നു.''
സത്യവിശ്വാസികള്‍ പ്രവാചകനോട് അനുസരണവും ബഹുമാനവും ആദരവും കാണിക്കണം. ''നാം താങ്കളെ സാക്ഷിയും ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായി നിയോഗിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിലും ദൈവദൂതനിലും വിശ്വസിക്കേണ്ടതിനും അദ്ദേഹത്തെ പിന്തുണക്കേണ്ടതിനും സഗൗരവം ആദരിക്കേണ്ടതിനും പ്രഭാതത്തിലും പ്രദോഷത്തിലും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതിനും'' (അല്‍ഫത്ഹ്:8-9). ഇബ്‌നുതൈമിയ പറഞ്ഞു: ''ഇവിടെ 'പിന്തുണക്കുക' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകനെ സഹായിക്കുകയും അദ്ദേഹത്തിന് ശക്തിപകരുകയും എല്ലാ ഉപദ്രവങ്ങളില്‍നിന്നും അദ്ദേഹത്തെ രക്ഷിക്കുകയുമാണ്. 'ആദരിക്കുക' എന്നതുകൊണ്ട് ഉദ്ദേശ്യം പ്രവാചകന്റെ മഹത്വത്തിന് കളങ്കമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നെല്ലാം അകന്ന്, അദ്ദേഹത്തെ ബഹുമാനിക്കുകയും മഹത്വപ്പെടുത്തുകയുമാണ്.''
പ്രവാചകന്റെ തീരുമാനങ്ങള്‍ അംഗീകരിക്കലും പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണ്. അല്ലാഹു പറഞ്ഞു: ''ഇല്ല, നിന്റെ രക്ഷിതാവാണ് സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധി കര്‍ത്താവാക്കുകയും, നീ നല്‍കുന്ന വിധിതീര്‍പ്പില്‍ പിന്നീടവരുടെ മനസ്സില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വസികളാവുകയില്ല'' (അന്നിസാഅ്:65). അതുപോലെ തന്നെയാണ് പ്രവാചകന്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് സാക്ഷ്യപ്പെടുത്തലും.  പ്രവാചകന്‍ ബൈത്തുല്‍ മഖ്ദിസിലേക്ക് (ഇസ്‌റാഅ്) പോയ സംഭവം പലര്‍ക്കും വിശ്വസിക്കാനായില്ല. അവര്‍ അബൂബക്ര്‍(റ)നെ സമീപിച്ചു ചോദിച്ചു. ''താങ്കളുടെ കൂട്ടുകാരന്‍ ബൈത്തുല്‍ മഖ്ദിസില്‍ പോയിരുന്നതായി കേള്‍ക്കുന്നുണ്ടല്ലോ, താങ്കളത് വിശ്വസിക്കുന്നുവോ?'' അബൂബക്കര്‍(റ) പറഞ്ഞു. ''പ്രവാചകനത് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമാണ്.'' അവര്‍ ഇങ്ങനെയാണ് ചോദിച്ചതെന്നും മറ്റൊരു റിപ്പോര്‍ട്ടുണ്ട്: ''ഒരൊറ്റ രാത്രി കൊണ്ട് ബൈത്തുല്‍ മഖ്ദിസില്‍ പോയി പ്രഭാതമാകുമ്പോഴേക്കും തിരിച്ചുവന്നുവെന്ന് പ്രാവചകന്‍ പറഞ്ഞത് താങ്കള്‍ വിശ്വസിക്കുന്നുവോ?'' അബൂബക്ര്‍(റ)പറഞ്ഞു: ''അതിനേക്കാള്‍ ദൂരമാണെങ്കിലും ഞാനത് സത്യമാണെന്ന് വിശ്വസിക്കും.'' സിദ്ദീഖ് എന്ന പേരില്‍ അബൂബക്ര്‍(റ) അറിയപ്പെടാന്‍ കാരണം പ്രവാചകന്റെ വാക്കുകളെ സത്യപ്പെടുത്താന്‍ എപ്പോഴും അദ്ദേഹം കാണിച്ച ധൃതിയും ഉത്സാഹവും താല്‍പര്യവുമാണ്.
പ്രവാചകചര്യ പിന്തുടരുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യല്‍ പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണ്. അഥവാ ഒരോ വിശ്വാസിയും പ്രവാചക സ്‌നേഹത്തിന്റെ ജീവിക്കുന്ന മാതൃകയാകണം. അല്ലാഹു പറഞ്ഞു: ''പറയുക, നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ആലുഇംറാന്‍:31). പ്രവാചകനെ മാതൃയാക്കുക എന്നത് പ്രവാചക സ്‌നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്.
യഥാര്‍ഥ വിശ്വാസി അവന്റെ ഇബാദത്തുകള്‍, സ്വഭാവചര്യകള്‍, ഇടപാടുകള്‍, പെരുമാറ്റ മര്യാദകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും പ്രവാചകനെ അനുകരിക്കും. അത് പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കും. സ്വഹാബികളുടെ ജീവിതം പരിശോധിക്കുമ്പോള്‍  പ്രവാചകനെ അവര്‍ അക്ഷരംപ്രതി അനുകരിക്കാന്‍ ശ്രമിച്ചിരുന്നതായി കാണാം. പ്രവാചകനെ പ്രതിരോധിക്കലും സഹായിക്കലും വിശ്വാസത്തിന്റെ അടയാളമാണ്. സ്വഹാബികളുടെ ജീവിതത്തില്‍ ഇതിന് ഉദാത്തമായ  മാതൃകകള്‍ കാണാം. ശരീരവും സമ്പത്തും നല്‍കി അവര്‍ പ്രവാചകനെ സഹായിച്ചു. പ്രവാചകന് വേണ്ടി എല്ലാം ത്യജിച്ചു.
പ്രവാചകന്റെ മരണശേഷവും പ്രതിരോധവും സഹായവുമുണ്ട്. സമ്പത്തും ശരീരവും സമര്‍പ്പിച്ചുകൊണ്ട് പ്രവാചകന്‍ കൊണ്ട് വന്ന സന്ദേശം പ്രബോധനം ചെയ്യലാണത്. അഥവാ അതിനാവശ്യമായ സഹായം നല്‍കുക, അത് പ്രചരിപ്പിക്കുക. പ്രവാചകനും അവിടുത്തെ സന്ദേശങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്ഷേപങ്ങളെ ആശയപരമായും പ്രതിപക്ഷ ബഹുമാനത്തോടെയും ചെറുക്കുകയും ആരോപണങ്ങള്‍ക്ക് യുക്തിയുക്തം മറുപടി നല്‍കുകയും ചെയ്യുക, പ്രവാചകനോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുക, പ്രവാചകന്റെ കുടുംബാംഗങ്ങളെ സ്‌നേഹിക്കുക, പ്രവാചകന്റെ കല്‍പനകള്‍ക്ക് എപ്പോഴും മുന്‍തുക്കം നല്‍കുക, അന്ധവിശ്വാസങ്ങളും ബിദ്അത്തുകളും വെടിയുക, ശരീഅത്തനുസരിച്ച് നേരെ ചൊവ്വെ നിലകൊള്ളുക, ഇസ്‌ലാമിക പ്രബോധകരെ ഇഷ്ടപ്പെടുക, ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തിലെ ഉപദ്രവങ്ങള്‍ സഹിക്കുക ഇതെല്ലാം പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/4-8
എ.വൈ.ആര്‍