Prabodhanm Weekly

Pages

Search

2014 ജനുവരി 17

ഒരു ഇസ്‌ലാം അനുഭവം

ഇ.സി സൈമണ്‍ മാസ്റ്റര്‍ / അനുഭവം

കഴിഞ്ഞ 13 വര്‍ഷങ്ങളായി ഞാന്‍ വളര്‍ന്നുവരുന്ന എന്റെ ഇസ്‌ലാം ജീവിതത്തിന് അടുത്ത കാലത്ത് ഒരു പുതിയ മാനവും അര്‍ഥതലവും ഉണ്ടായതിന്റെ ഒരു അനുഭവക്കുറിപ്പാണിത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അപരിചിതനായ ഒരാള്‍ എന്നെ അന്വേഷിച്ച് വീട്ടില്‍ വന്നു. പരിചയപ്പെടലില്‍ നിന്നുതന്നെ ആള്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള ക്രൈസ്തവ പുരോഹിതനാണെന്ന് മനസ്സിലായി. ക്രൈസ്തവ പുരോഹിതരുമായി കാര്യമായ ഒരു ബന്ധവും എനിക്കില്ല. അവരില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആഗ്രഹിച്ചിരുന്ന എന്നെ അന്വേഷിച്ച് ഒരു പുരോഹിത പ്രമുഖന്‍ വീട്ടിലെത്തിയത് എന്നില്‍ വല്ലാത്ത ജിജ്ഞാസയുളവാക്കി. പല വിഷയങ്ങളിലും ഭാഷകളിലും പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ വളരെ നിസ്സാരനാണെന്ന ബോധം ആദ്യമേ തന്നെ എനിക്കുണ്ടായി. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും വേണ്ടത്ര മനസ്സിലാക്കാന്‍ എനിക്കായില്ല. എങ്കിലും സംസാരം നീണ്ടുപോയി. അതിനാല്‍ അദ്ദേഹത്തിന് വിഷമം തോന്നാത്ത വിധത്തില്‍ ഞാന്‍ പറഞ്ഞു, 'അത്യാവശ്യമായ ഒരു കാര്യം ചെയ്യാനുണ്ട്. നമ്മുടെ സംസാരം പിന്നീടെപ്പോഴെങ്കിലും തുടരാം. ഇപ്പോള്‍ സമയം പോരാ.'
പക്ഷേ, സംഭാഷണം തുടരുന്നതിന് അദ്ദേഹം താല്‍പര്യം കാണിച്ചപ്പോള്‍ ഞാനും ആ വഴിക്കു നീങ്ങി. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ നിന്ന് അദ്ദേഹത്തിന് ഇസ്‌ലാമിനെപ്പറ്റി കേള്‍ക്കുന്നതിനും അറിയുന്നതിനും ആഗ്രഹമുണ്ടെന്ന് മനസ്സിലായപ്പോള്‍ എനിക്കും ഉത്സാഹം വര്‍ധിച്ചു. പിന്നീട് ഇസ്‌ലാമിനെപ്പറ്റിയായി ഞങ്ങളുടെ സംഭാഷണം.പലതും അറിയണമെന്നുണ്ടെന്നും ഇസ്‌ലാമിനെപ്പറ്റി പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാമിനെതിരായി തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് പറഞ്ഞു പരത്തി ഇസ്‌ലാംവിരോധം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന ധാരാളം ക്രൈസ്തവര്‍ ലോകത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്ന ഇക്കാലത്ത് ഒരു ക്രൈസ്തവ പുരോഹിതന്‍ ഇസ്‌ലാമിനെപ്പറ്റി പഠിക്കാനുള്ള ആഗ്രഹവുമായി ഒറു മുസ്‌ലിമിനെ സമീപിച്ചത് ഒരു വലിയ കാര്യമായി എനിക്ക് തോന്നി.  അങ്ങനെ ഞങ്ങള്‍ കുറെ സമയം സംഭാഷണം തുടര്‍ന്നു. ഒടുവില്‍ ഞാന്‍ ചോദിച്ചു: ''അച്ചന് ഇവിടെ വന്ന് എന്നോട് സംസാരിച്ച് ഇസ്‌ലാമിനെ അറിയാനും പഠിക്കാനും തോന്നാന്‍ എന്താണ് കാരണം? തീരെ പരിചയമില്ലാത്തവരാണല്ലോ നമ്മള്‍ രണ്ടു പേരും.'' സംശയം കൂടാതെ വന്നു അച്ചന്റെ മറുപടി: ''എന്നെ സൈമണ്‍ മാസ്റ്ററുടെ ഈ ഇലഞ്ഞിക്കല്‍ വീട്ടില്‍ കൊണ്ടുവന്നതും ഇസ്‌ലാമിനെപ്പറ്റി പഠിക്കാന്‍ ആഗ്രഹം ഉണ്ടാക്കിയതും ദൈവമാണ്.'' ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇത്ര നിര്‍വ്യാജവും ഉള്ള് തുറന്നതുമായ മറുപടി ഒരു പക്ഷേ ഇതിനു മുമ്പൊരിക്കലും ഞാന്‍ കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഞാനത് വിശ്വസിച്ചു, കലവറയില്ലാതെ.
ആലോചിക്കും തോറും അതിലടങ്ങിയ സൂചനകളുടെ വ്യാപ്തി തെളിഞ്ഞുവന്നു. എനിക്ക് എന്നെപ്പറ്റി തന്നെ കൂടുതല്‍ ചിന്തിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ദൈവം ഒരാളെ എന്റെ അടുത്തേക്ക് അയച്ചത് ഇസ്‌ലാമിനെ പറ്റി പഠിക്കാനാണ്. അപ്പോള്‍ ഇസ്‌ലാം എന്തെന്ന് അദ്ദേഹത്തെ പഠിപ്പിക്കലാണ് എന്നിലര്‍പ്പിതമായ ചുമതല. ഈ മഹത്തായ ദൗത്യം ഏറ്റെടുക്കാനുള്ള എന്റെ യോഗ്യതയാവട്ടെ എത്ര നിസ്സാരം! എങ്കിലും ഞാനത് ഏറ്റെടുത്തു. എന്നെക്കൊണ്ട് തനിച്ച് അതിനാവില്ലെന്ന് വ്യക്തം. അപ്പോള്‍ അതിനു കഴിവുള്ള ആരുടെയെങ്കിലും സഹായം തേടണം. അങ്ങനെയും അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കി എന്റെ ദൗത്യം നിറവേറ്റാമല്ലോ.
പിന്നീട് അതിലായി എന്റെ ശ്രദ്ധ മുഴുവന്‍. അധികം പ്രയാസപ്പെടേണ്ടിവന്നില്ല. അദ്ദേഹത്തെ വിശ്വസിച്ചേല്‍പിക്കാവുന്ന ഒരു നല്ല സ്ഥാപനത്തെ സംബന്ധിച്ച് വിവരം കിട്ടി. പിന്നെ താമസിച്ചില്ല. ഞങ്ങള്‍ പോയി ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തകരുമായി വിശദമായി സംസാരിച്ചു. ഇസ്‌ലാമിനെപ്പറ്റി പഠിക്കാന്‍ ദൈവം ഉള്ളുതുറന്നു കൊടുത്ത ആ പുരോഹിതനെ അവിടെ പ്രവേശിപ്പിച്ചു. ഞാന്‍ കൃതാര്‍ഥനായി. ചില മുസ്‌ലിം സുഹൃത്തുക്കളുടെ സഹായ സഹകരണങ്ങള്‍ ഇക്കാര്യത്തില്‍ എനിക്ക് വേണ്ടത്ര ലഭിച്ചത് കാര്യങ്ങള്‍ എളുപ്പമാക്കി.
ദൈവത്തെ മുന്‍ നിര്‍ത്തി ഞാനദ്ദേഹത്തിന് മുന്നോട്ടുള്ള വഴി ഒന്നുകൂടി വിശദീകരിച്ച് ഉറപ്പിച്ചു കൊടുത്തു. മറ്റാരുടെയും പ്രേരണയില്ലാതെ സ്വന്തം മനസ്സാക്ഷിയനുസരിച്ച് തനിക്കു വേണ്ടി മാത്രമുള്ളതാണ് ഈ തീരുമാനമെന്ന് അച്ചന്‍ ആവര്‍ത്തിച്ചു. അങ്ങനെയെങ്കില്‍ ദൈവത്തിനിഷ്ടപ്പെട്ട പ്രവാചകന്മാര്‍ക്ക് അല്ലാഹു കാണിച്ചുകൊടുത്ത് പഠിപ്പിച്ച് അവര്‍ക്കും ഭാവിതലമുറകള്‍ക്കുമായി പൂര്‍വ പിതാവായ ഇബ്‌റാഹീം നബി വഴി അനുവദിച്ചുകൊടുത്ത ഇസ്‌ലാം സ്വീകരിക്കുന്നതിനുള്ള ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്ത് അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് സ്വാഗതം ചെയ്യുന്നതിന് ഇനി സംശയിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി.
അപ്പോഴാണ് ഒരു ചെറിയ സംശയം ഉടലെടുത്തത്. ശഹാദത്ത് കലിമ എന്ന സത്യപ്രസ്താവന ഈ പുതിയ സത്യവിശ്വാസിക്ക് ആര് ചൊല്ലിക്കൊടുക്കണം? പണ്ഡിതനും എല്ലാവര്‍ക്കും സ്വീകാര്യനുമായ ഒരാളെ കൊണ്ട് ആ മഹദ് കര്‍മം നിര്‍വഹിപ്പിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എങ്കിലും ഒടുവില്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാവരും ഏകകണ്ഠമായി നിര്‍ദേശിച്ചത് എന്റെ പേരാണ്.
മനുഷ്യ ഹൃദയങ്ങളുടെ അകവും പുറവും നല്ല പോലെ അറിയുന്ന അല്ലാഹുവിന്റെ നിശ്ചയം അതായിരിക്കണം. ആ ചിന്ത ഒരു കാര്യം എന്നെ ബോധ്യപ്പെടുത്തി. എന്റെ ഇസ്‌ലാം അനുഭവങ്ങള്‍ വളരുകയാണ്, ഞാന്‍ അറിഞ്ഞും അറിയാതെയും. അല്ലാഹുവിന് സ്തുതി. വളരെ കുറഞ്ഞകാലത്തെ നിസ്സാരമായ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഞാന്‍ രംഗം വിടുമ്പോള്‍ ഇസ്‌ലാമിന്റെ വെളിച്ചം ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരാള്‍ ഉയര്‍ന്നുവരണം. അതിനായിരിക്കണം ഈ പുതിയ വിശ്വാസിയുടെ ആഗമനം.
ആ തിരിച്ചറിവ് മനസ്സില്‍ നല്ലപോലെ സ്മരിച്ചുകൊണ്ടും അതിനായി ഹൃദയപൂര്‍വം പ്രാര്‍ഥിച്ചുകൊണ്ടും അല്ലാഹുവിന്റെ നാമത്തില്‍ ആ തിരുവചനം ഞാന്‍ അദ്ദേഹത്തിന് ചൊല്ലിക്കൊടുത്തു. തികഞ്ഞ ഗൗരവത്തോടെ ആ പ്രഖ്യാപനം അദ്ദേഹം ഏറ്റുചൊല്ലി. അങ്ങനെ ഒരു പുതിയ സത്യവിശ്വാസി പിറന്നു, ഡിസംബര്‍ ആറ് വെള്ളിയാഴ്ച. അല്ലാഹു അക്ബര്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/4-8
എ.വൈ.ആര്‍