Prabodhanm Weekly

Pages

Search

2014 ജനുവരി 17

അന്താരാഷ്ട്ര ന്യൂനപക്ഷ അവകാശ ദിനം

ഐക്യ രാഷ്ട്രസഭ അന്താരാഷ്ട്ര ന്യൂനപക്ഷ ദിനമായി പ്രഖ്യാപിച്ച ദിവസമാണ് ഡിസംബര്‍ 18. ലോകത്തെങ്ങുമുള്ള മത-ഭാഷാ-വംശീയ ന്യൂനപക്ഷ സമൂഹങ്ങളുടെ സംരക്ഷണത്തിലേക്കും അവകാശങ്ങളുറപ്പുവരുത്തുന്നതിലേക്കും ആഗോള സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ക്ഷണിക്കുകയാണീ ദിനാചരണത്തിന്റെ ലക്ഷ്യം. ലോക രാജ്യങ്ങള്‍ ഔദ്യോഗിക തലത്തില്‍ ഈ ദിനം ആചരിച്ചുവരുന്നുണ്ട്. അതിന്റെ ഭാഗമായി ചര്‍ച്ചകളും സെമിനാറുകളും സിമ്പോസിയങ്ങളും മുറക്ക് നടക്കുന്നു. വിവിധ ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിച്ചുവരുന്ന യാതനകള്‍ എണ്ണിപ്പറഞ്ഞ് നേതാക്കള്‍ കണ്ണീരൊഴുക്കുന്നു. ചിലര്‍ ഉത്സവാന്തരീക്ഷത്തില്‍ ആവേശകരമായ പ്രഭാഷണങ്ങളവതരിപ്പിക്കുന്നു. ആകെക്കൂടി സര്‍ക്കാറും അതിന്റെ മെഷിനറികളും ന്യൂനപക്ഷ സംരക്ഷണത്തിന് കച്ചകെട്ടിയിറങ്ങുന്നുവെന്ന ഒരു പ്രതീതി സൃഷ്ടിക്കുന്നു. അന്ന് സൂര്യാസ്തമയത്തോടെ എല്ലാം വിസ്മൃതമാകുന്നു. വേദിയിലവതരിപ്പിക്കപ്പെട്ട പ്രതിജ്ഞകളും പ്രഖ്യാപനങ്ങളും ഒരിക്കലും കടലാസില്‍ നിന്ന് പുറത്ത് കടക്കുന്നില്ല. പുറത്ത് കടക്കണമെന്ന് അതവതരിപ്പിച്ചവര്‍ തന്നെ ഉദ്ദേശിച്ചിട്ടില്ല എന്നതാണ് വാസ്തവം. യു.എന്‍ ന്യൂനപക്ഷ ദിനാചരണം പ്രഖ്യാപിച്ചത് ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയാണെങ്കിലും രാജ്യങ്ങള്‍ അതാചരിക്കുന്നത് യുഎന്‍ നിര്‍ദേശം പാലിച്ചുവെന്ന് വരുത്തുന്നതിനു വേണ്ടി മാത്രമാണ്.
യു.എന്നിന്റെ മൂക്കിനു താഴെയുള്ള യു.എസ്.എയിലെ ന്യൂനപക്ഷങ്ങളില്‍ പോലും ഈ ദിനം ഒരു ചലനവും സൃഷ്ടിക്കുന്നില്ല. കറുത്ത വര്‍ഗക്കാരും മുസ്‌ലിംകളും ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുമെല്ലാം അമേരിക്കയില്‍ പലവിധ വിവേചനങ്ങള്‍ നേരിടുന്നുണ്ട്. അതില്ലാതാക്കാനുള്ള പ്രായോഗിക പദ്ധതികളൊന്നും ന്യൂനപക്ഷ ദിനത്തില്‍ ആ രാജ്യം മുന്നോട്ടുവെക്കുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഈയിടെയായി മുസ്‌ലിം വിരോധത്തിന് ആക്കം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനേക്കാള്‍ കഷ്ടമാണ് ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെ സ്ഥിതിവിശേഷം. ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ ഇസ്‌ലാംമതം തന്നെ നിയമവിരുദ്ധമാക്കിയിരിക്കുന്നു. മുസ്‌ലിം പള്ളികള്‍ പൊളിച്ചു നീക്കപ്പെടുന്നു. ഏഷ്യന്‍ രാജ്യമായ മ്യാന്മറില്‍ പച്ചയായ മുസ്‌ലിം വംശഹത്യയാണ് നടക്കുന്നത്. ശ്രീലങ്കയില്‍ തമിഴ് വംശം വംശഹത്യയെ നേരിടുന്നു. തമിഴരില്‍ നിന്നും സിംഹളരില്‍ നിന്നും ആക്രമണം നേരിടുന്നവരാണ് മുസ്‌ലിംകള്‍. ചൈനയില്‍ ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്‌ലിംകള്‍ കടുത്ത അടിച്ചമര്‍ത്തലിനു വിധേയരാണ്. ന്യൂനപക്ഷങ്ങളുടെ  കേദാരമാണ് ഇന്ത്യ. ഇവിടെ ഭാഷാ ന്യൂനപക്ഷങ്ങള്‍ തന്നെ നിരവധിയുണ്ട്. മത ന്യൂനപക്ഷങ്ങള്‍ അര ഡസനോളം വരും. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം മുസ്‌ലിംകളാണ്. രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ട്. ഇടക്കിടെ സിഖുകാരും ക്രൈസ്തവരും ആക്രമിക്കപ്പെടാറുണ്ടെങ്കിലും സ്ഥിരമായ വിവേചനത്തിനും പീഡനത്തിനുമിരയാകുന്നത് മുസ്‌ലിംകളാണ്. സ്വാതന്ത്ര്യ ലബ്ധി തൊട്ടേ ആരംഭിച്ച മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇക്കഴിഞ്ഞ 2013-ലും അനേകം വര്‍ഗീയാക്രമണങ്ങളുണ്ടായി. അതിലേറ്റവും ഭയാനകമായിരുന്നു മുസഫര്‍ നഗറില്‍ നടന്നത്. മുസഫര്‍ നഗര്‍ കലാപത്തിലെ ഇരകളെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നു പോലും അടിച്ചോടിക്കുന്ന നയമാണ് യു.പി ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവേചനങ്ങളും അവശതകളും സര്‍ക്കാര്‍ നിയോഗിച്ച രജീന്ദര്‍ സച്ചാര്‍ കമീഷന്‍ അഞ്ചു വര്‍ഷം മുമ്പ് അക്കമിട്ട് ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷേമപദ്ധതികളും വികസന പരിപാടികളും ഏറെ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷം മുസ്‌ലിംകളുടെ സാമൂഹികാവസ്ഥ കൂടുതല്‍ പിന്നാക്കമാവുകയാണുണ്ടായതെന്നാണ് സച്ചാര്‍ കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായിരുന്ന ഡോ. അബൂ സ്വാലിഹ് ശരീഫ് പറയുന്നത്. സര്‍ക്കാറുദ്യോഗത്തില്‍ മുസ്‌ലിം പ്രാതിനിധ്യം വര്‍ധിച്ചിട്ടില്ലെന്നു മാത്രമല്ല, പൂര്‍വാധികം കുറയുകയാണുണ്ടായതെന്ന് ഒരു ചോദ്യത്തിനുത്തരമായി സര്‍ക്കാര്‍ തന്നെ ലോക്‌സഭയില്‍ വെച്ച മറുപടിയിലും പറയുന്നു.
ഈ സാഹചര്യത്തിലാണ് ഇക്കുറി അന്താരാഷ്ട്ര ന്യൂനപക്ഷ ദിനം കടന്നുപോയത്. അങ്ങനെ ഒരു ദിനം ഉള്ളതും അത് ആചരിക്കപ്പെട്ടതും ഇവിടെ ന്യൂനപക്ഷങ്ങള്‍ പോലും അറിഞ്ഞില്ല. സര്‍ക്കാര്‍ അക്കാര്യം ന്യൂനപക്ഷ വിഭാഗങ്ങളെ വേണ്ടവിധം അറിയിക്കുകയോ പരിപാടികളില്‍ അവരെ പങ്കാളികളാക്കുകയോ ഉണ്ടായില്ല. 2013-2014-ല്‍ യു.പി.എ ഗവണ്‍മെന്റ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കുറെ ക്ഷേമപദ്ധതികള്‍ ആരംഭിച്ചതായി അവകാശപ്പെട്ടുകൊണ്ട് 2013 ഡിസംബര്‍ 18-ന് ചില ചെറുകിട പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിക്കുക മാത്രമാണുണ്ടായത്. അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ അത് പറ്റെ അവഗണിച്ചുകളഞ്ഞു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ നിന്നുപോലും അക്ഷന്തവ്യമായ അവഗണനയാണുണ്ടായത്.
ഇങ്ങനെ അന്താരാഷ്ട്ര ന്യൂനപക്ഷാവകാശ ദിനാചരണം വെറും പ്രഹസനമായിത്തീരുന്നു. ന്യൂനപക്ഷങ്ങള്‍ പോലും അറിയുന്നില്ലെങ്കില്‍, പങ്കെടുക്കാനും ഫലപ്രദമായി ഉപയോഗിക്കാനും ശ്രമിക്കുന്നില്ലെങ്കില്‍ അതുകൊണ്ട് ആര്‍ക്ക് എന്തു നേട്ടം? ഒരു ദിനം ആചരിച്ചതുകൊണ്ട് പരിഹൃതമാകുന്നതല്ല മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ എന്നത് ശരിയാണെങ്കിലും സ്വന്തം പ്രശ്‌നങ്ങള്‍ ആഗോള സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താനും വിപുലമായ ചര്‍ച്ചക്ക് വിധേയമാക്കാനും പരിഹാരങ്ങളന്വേഷിക്കാനും പ്രയോജനപ്പെടുത്തേണ്ട സന്ദര്‍ഭമാണ് ന്യൂനപക്ഷാവകാശ ദിനം. സര്‍ക്കാറിന്റെ മുന്നില്‍ പരാധീനതകള്‍ നിരത്താനും പിച്ചച്ചട്ടി നീട്ടാനും മാത്രമേ മുസ്‌ലിംകള്‍ക്ക് കഴിയുന്നുള്ളൂ. സ്വന്തം സാധ്യതകള്‍ കണ്ടെത്താനും പ്രയോജനപ്പെടുത്താനും കഴിയുന്നില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ അവരറിയാതെയും ആചരിക്കാതെയും അന്താരാഷ്ട്ര ന്യൂനപക്ഷാവകാശ ദിനം കടന്നുപോകുമായിരുന്നില്ല. നിസ്സാരമായ ഒരു ദിനാചരണവുമായി മാത്രം ബന്ധപ്പെട്ടതല്ല ഈ അലംഭാവം. ജനാധിപത്യ ഭാരതത്തില്‍ 15 കോടി വരുന്ന ഒരു സമുദായത്തിന്റെ വോട്ടവകാശം തന്നെ അവരുടെ അവശതകള്‍ പരിഹരിക്കാന്‍ പറ്റിയ ആയുധമായി ഉപയോഗിക്കാവുന്നതാണ്. സമാനമായ അവശതയനുഭവിക്കുന്ന ദലിത് പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ കൂടി സംഘടിപ്പിക്കാനായാല്‍ ആ ആയുധം കൂടുതല്‍ ബലവത്താവുകയും എല്ലാവരുടെയും ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമാവുകയും ചെയ്യും. പക്ഷേ, സ്വന്തം വോട്ടുബാങ്ക് തന്നെ അധികാരവേട്ടക്കാര്‍ക്ക് മാത്രം പ്രയോജനപ്പെടുംവണ്ണം ശിഥിലീകരിച്ച് ദുര്‍ബലമാക്കുന്നതിലാണ് സമുദായം മത്സരിക്കുന്നത്. അസ്തിത്വത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെങ്കിലും നിസ്സാരമായ ആഭ്യന്തര ഭിന്നതകള്‍ മാറ്റിവെച്ച് ഒറ്റക്കെട്ടായി അന്തസ്സും ആത്മവീര്യവും ഉല്‍ക്കര്‍ഷേഛയുമുള്ള സമുദായമായിത്തീരുക എന്നത് വിദൂര സ്വപ്നമായി അവശേഷിക്കുകയാണ്. സ്വയം ശക്തരാകാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തയാറാവാത്തവരെ ബാഹ്യശക്തികള്‍ ശാക്തീകരിക്കാന്‍ പോകുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/4-8
എ.വൈ.ആര്‍