അബുല്ലൈസ് ഇസ്വ്‌ലാഹി നദ്‌വി (1913-1995)
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അഖിലേന്ത്യാ അധ്യക്ഷന്‍, വിവിധ ഘട്ടങ്ങളിലായി 34 വര്‍ഷം സംഘടനയെ നയിച്ച സാരഥി, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശോഭിച്ച ഇസ്‌ലാമിക പ്രതിഭയാണ് മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി നദ്‌വി. ഷേര്‍ മുഹമ്മദ് എന്നായിരുന്നു ആദ്യപേര്. 1913-ല്‍ ഉത്തര്‍പ്രദേശിലെ അഅ്‌സംഗഢ് ചാന്ദ്പാട്ടിയില്‍ ജനനം. പിതാവ് തവജ്ജുഹ് ഹുസൈന്‍. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1925 മുതല്‍ അഅ്‌സംഗഢിലെ മദ്‌റസതുല്‍ ഇസ്വ്‌ലാഹില്‍ പഠനം തുടര്‍ന്നു. അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി, അഖ്തര്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി എന്നിവരായിരുന്നു അവിടുത്തെ ഗുരുവര്യന്മാര്‍. 1931 മുതല്‍ ലഖ്‌നോ നദ്‌വതുല്‍ ഉലമായില്‍ ഉന്നതവിദ്യാഭ്യാസം. സയ്യിദ് സുലൈമാന്‍ നദ്‌വി, തഖിയുദ്ദീന്‍ ഹിലാലി, മൗലാനാ ഹമീദുദ്ദീന്‍ ഫറാഹി എന്നിവരായിരുന്നു ഇസ്വ്‌ലാഹിയുടെ അവിടത്തെ പ്രധാന അധ്യാപകര്‍. അബുല്‍ഹസന്‍ അലിനദ്‌വി പ്രമുഖ സഹപാഠിയുമായിരുന്നു. പഠനാനന്തരം 1934-ല്‍ ഒരു വര്‍ഷം നദ്‌വയില്‍ അധ്യാപകനായി. 1935-ല്‍ ബിജ്‌നൂറിലെത്തി 'അല്‍മദീന' പത്രത്തില്‍ സഹപത്രാധിപരായി ചേര്‍ന്നു. വിദ്യാര്‍ഥിയായിരിക്കെ അദ്ദിയാഅ് എന്ന പത്രത്തില്‍ അറബിയില്‍ അദ്ദേഹം എഴുതിയിരുന്ന ലേഖനങ്ങള്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
1944-ലാണ് അബുല്ലൈസ് ഇസ്വ്‌ലാഹി ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമാവുന്നത്. 1946-ല്‍ മദ്‌റസതുല്‍ ഇസ്വ്‌ലാഹില്‍ അധ്യാപകനായി എത്തിയ അദ്ദേഹം സറായെമീറില്‍ പ്രസ്ഥാനത്തിന്റെ പ്രാദേശിക അമീറായിരുന്നു. 1947-ലെ ഇന്ത്യാ വിഭജനത്തെതുടര്‍ന്ന് പ്രവര്‍ത്തകരുടെ പ്രാസ്ഥാനിക വികാരം അണയാതെ കാത്തുസൂക്ഷിച്ചതും, വിഭജനത്തിന് ഉത്തരവാദികളായവരുടെ ശേഷിപ്പുകള്‍ എന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ അപകര്‍ഷബോധത്തില്‍നിന്നുളവായ സങ്കീര്‍ണ സാമൂഹിക സാഹചര്യത്തെ നേരിട്ട് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരണത്തിന് നേതൃത്വം വഹിച്ചതുമാണ് അബുല്ലൈസ് ഇസ്വ്‌ലാഹിയുടെ പ്രധാന സംഭാവനകള്‍. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ആത്മവിശ്വാസവും പ്രതീക്ഷയും വളര്‍ത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ശത്രുക്കളുടെ പീഡനം ഭയന്ന് പതിനായിരത്തിലധികം മുസ്‌ലിംകള്‍ മതപരിത്യാഗികളായ കാലമായിരുന്നു അത്. വ്യത്യസ്ത നാടുകളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ശൈലി ഇന്ത്യന്‍ സാഹചര്യത്തില്‍ അനുയോജ്യമല്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.
വിഭജനത്തെ തുടര്‍ന്ന് 1947 ഏപ്രിലില്‍ ഇസ്വ്‌ലാഹി മുന്‍കൈയെടുത്ത് അലഹബാദില്‍ വിളിച്ചുചേര്‍ത്ത രണ്ട് ദിവസത്തെ പ്രാസ്ഥാനിക സമ്മേളനത്തിലാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിറവി. അമീറായി ഐകകണ്‌ഠ്യേന മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി അവിടെവെച്ച് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ 36 വയസ്സായിരുന്നു അദ്ദേഹത്തിന്. വിഭജനത്തെത്തുടര്‍ന്ന് പാകിസ്താനിലേക്കു പോയ സയ്യിദ് മൗദൂദിയോട് ഇന്ത്യയില്‍ രൂപീകരിക്കപ്പെടുന്ന പ്രസ്ഥാനത്തിന്റെ നയനിലപാടുകള്‍ എന്തായിരിക്കണമെന്ന് അന്വേഷിച്ച് ഇസ്വ്‌ലാഹി കത്തയച്ചിരുന്നെങ്കിലും അതവിടെ കൃത്യസമയത്ത് ലഭിച്ചില്ല. മൗദൂദിയാവട്ടെ, അബുല്ലൈസ് ഇസ്വ്‌ലാഹിയെ നേതാവായി തെരഞ്ഞെടുത്ത് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം മുന്നോട്ട് പോകണമെന്നറിയിച്ച് നേരത്തെ കത്ത് അയച്ചിരുന്നു. എന്നാല്‍ സമ്മേളനം കഴിഞ്ഞ് ഒരാഴ്ചക്കു ശേഷമാണ് ആ കത്ത് ഇന്ത്യയിലും ലഭിച്ചത്. മുസ്‌ലിംകളുടെ ഒരു സംഘടനയും സജീവമല്ലാത്ത, അവരില്‍ നിരാശയും നിഷ്‌ക്രിയത്വവും പടര്‍ന്ന ആ നാളുകളില്‍ ജമാഅത്ത് പുനഃസംഘാടനമെന്ന സാഹസികതക്ക് മുതിര്‍ന്ന ഇസ്വ്‌ലാഹി തന്റെ ചങ്കൂറ്റവും മനക്കരുത്തുമാണ് വിളിച്ചോതിയത്. രാഷ്ട്രീയപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും മുസ്‌ലിം സംഘടനകളും ജമാഅത്തിനെതിരെ കടന്നാക്രമണങ്ങള്‍ നടത്തിയ പില്‍ക്കാലങ്ങളിലും സംഘടനയെ ഉലച്ചില്‍ തട്ടാതെ അദ്ദേഹം മുന്നോട്ടു നയിച്ചു. കലാപ പ്രദേശങ്ങളിലും ദുരന്തഭൂമികളിലും അബുല്ലൈസിന്റെ നേതൃത്വത്തില്‍ ജമാഅത്ത് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ജമാഅത്തിന്റെ അവര്‍ഗീയ മുഖം വ്യക്തമാക്കുന്നതായിരുന്നു. വ്യക്തിയെ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം സംഘടനയെ ഉയര്‍ത്തിനിര്‍ത്തുന്ന സംസ്‌കാരം പ്രസ്ഥാനത്തെ ശീലിപ്പിക്കുന്നതില്‍ ആ നേതാവിന് അനല്‍പമായ പങ്കുണ്ട്.
വേഷം, ഭക്ഷണം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതീവ ലാളിത്യത്തിനുടമയായിരുന്നു മൗലാനാ ഇസ്വ്‌ലാഹി. അതിനാല്‍ പരിചിത വൃത്തത്തില്‍ സല്‍മാനുല്‍ ഫാരിസി എന്ന് അദ്ദേഹം വിളിക്കപ്പെട്ടു. പ്രസ്ഥാനത്തിന് വേണ്ടി മൂന്ന് തവണ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1953, 1965, 1975 വര്‍ഷങ്ങളിലായിരുന്നു ജയില്‍വാസം. അദ്ദേഹത്തിന്റെ അസാമാന്യ നേതൃപാടവമാണ് ഇന്ത്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ കരുത്തുറ്റതാക്കിയത്. 1948 മുതല്‍ 1972 വരെ 24 വര്‍ഷവും പിന്നീട് 1981 മുതല്‍ 1990 വരെ 10 വര്‍ഷവുമാണ് അദ്ദേഹം സംഘടനയെ നയിച്ചത്. 1972 മുതല്‍ 1981 വരെ ഇടക്കുള്ള കാലത്ത് മൗലാനാ മുഹമ്മദ് യൂസുഫ് ആയിരുന്നു അഖിലേന്ത്യാ അമീര്‍. അബുല്ലൈസ് സാഹിബ് രണ്ടാം തവണ അമീറായപ്പോഴാണ് യുവജന-വിദ്യാര്‍ഥി പ്രസ്ഥാനമായി സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ പിറവിയെടുക്കുന്നത്. അദ്ദേഹം തന്നെയായിരുന്നു അതിന്റെ പ്രഥമ രക്ഷാധികാരിയും. വോട്ടവകാശം വിനിയോഗിക്കുന്നതിന് ജമാഅത്ത് അംഗങ്ങള്‍ക്കു മേലുണ്ടായിരുന്ന വിലക്ക് എടുത്തുകളഞ്ഞതും ഇതേ കാലയളവിലാണ്.
മുസ്‌ലിം മജ്‌ലിസെ മുശാവറ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ദീനീ തഅ്‌ലീമി കൗണ്‍സില്‍ എന്നീ പൊതുവേദികളുടെ രൂപവത്കരണത്തിന് മുന്‍കൈയെടുത്തു. 1963-ല്‍ ബീഹാറില്‍ നടന്ന സംസ്ഥാന മുസ്‌ലിം സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ ഉദ്ഘാടന പ്രസംഗം ചരിത്ര പ്രധാനമാണ്. മുസ്‌ലിം വ്യക്തിനിയമ സംരക്ഷണം ലക്ഷ്യംവെച്ച് ഇന്ത്യന്‍ ഭരണഘടനയിലെ 44-ാം മാര്‍ഗനിര്‍ദേശക തത്ത്വത്തിലടങ്ങിയ അപകടം പ്രസ്തുത പ്രസംഗത്തില്‍ അദ്ദേഹം തുറന്നു കാണിച്ചു. ഇക്കാര്യം ആദ്യമായി ചൂണ്ടിക്കാണിച്ചതും അബുല്ലൈസ് തന്നെയാണ്. ഇടക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടെയുള്ള ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം ആവേശം പകര്‍ന്നു. അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു. ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ അഖീദതുല്‍ മുസ്‌ലിം എന്ന ഗ്രന്ഥം ഉര്‍ദുവിലേക്കു വിവര്‍ത്തനം ചെയ്തത് ഇസ്വ്‌ലാഹിയാണ്. നിരവധി വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ കനപ്പെട്ട പ്രഭാഷണങ്ങള്‍ക്കു പില്‍കാലത്ത് ഗ്രന്ഥാവിഷ്‌കാരം നല്‍കപ്പെട്ടു. മുസല്‍മാനെ ഹിന്ദ് ക ലാഇഹതെ അമല്‍, മസ്അലെ ഇന്‍തിഖാബാത് ഔര്‍ മുസല്‍മാനെ ഹിന്ദ്, മഗ്‌രിബ് മേം ഇസ്‌ലാം കീ ദഅ്‌വത്ത്, ദഅ്‌വത്ത്: ഫിക്ര്‍ വ അമല്‍, ദാത്ത് കീ നയീ തഅ്മീര്‍ ഔര്‍ ഹം, ഹാലാതെ ഹാദിറ ഓര്‍ ഹമാരി ദിമ്മേദാരിയാം എന്നിവ അവയില്‍ പെടുന്നു. ജമാഅത്തെ ഇസ്‌ലാമി തശ്കീലെ ജദീദ് പ്രധാന ഗ്രന്ഥമാണ്. ഇവയില്‍ ചിലത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഏത് വിഷയമായിരുന്നാലും അതിന്റെ നാനാ വശങ്ങളെ സംബന്ധിച്ച് പഠനം നടത്തിയ ശേഷമാണ് അദ്ദേഹം രചന നടത്താറുള്ളത്. വികാരത്തിന് പകരം ചിന്താബന്ധുരമായിരുന്നു എഴുത്തിന്റെയും പ്രസംഗത്തിന്റെയും ശൈലി. ചിട്ടയും ക്രമവും ചിന്തയും സഹനവും ക്ഷമയും കൃതജ്ഞതയും ചാലിച്ച ജീവിതത്തിന്നുടമയായിരുന്നു.
ജമാഅത്ത് നയരേഖയില്‍ പ്രബോധനത്തിന് ഒന്നാംസ്ഥാനം ലഭിച്ചത് മൗലാനാ അബുല്ലൈസ് നേതൃത്വത്തിലിരിക്കുമ്പോഴാണ്. 1981 മുതല്‍ക്കായിരുന്നു ഈ മാറ്റം. അതുവരെ ഇസ്‌ലാമിക സമൂഹത്തിലെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു നയപരിപാടിയില്‍ പ്രഥമസ്ഥാനം. നേതൃത്വത്തില്‍നിന്ന് ഒഴിഞ്ഞ ശേഷം ഗ്രന്ഥരചനയിലായിരുന്നു കൂടുതല്‍ ശ്രദ്ധ. 1983 ഫെബ്രുവരിയില്‍ മലപ്പുറം ദഅ്‌വത്ത് നഗറില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി കേരള സമ്മേളനത്തില്‍ ഉള്‍പ്പെടെ നിരവധി തവണ മൗലാനാ അബുല്ലൈസ് കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1952-ല്‍ കേരളം സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ കൊച്ചിയില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍വെച്ചാണ് കേരള ജമാഅത്ത് ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റാന്‍ തീരുമാനമെടുത്തത്. 1995 ഡിസംബര്‍ 5-ന് അഅ്‌സംഗഢില്‍ വെച്ച് ആ യുഗപ്രഭാവന്‍ ഇഹലോകവാസം വെടിഞ്ഞു.
Comments