Prabodhanm Weekly

Pages

Search

2014 ജനുവരി 17

പാത്രങ്ങളുടെ പുറം കഴുകുന്നവര്‍

വി.പി ശൗക്കത്തലി / കുടുംബം

വിശ്വാസികളുടെ പരസ്പര ബന്ധങ്ങള്‍ ഊന്നിപ്പറഞ്ഞ ഉല്‍ബോധന പ്രധാനമായ ഒരു ദീനീ ക്ലാസ് കഴിഞ്ഞ ഉടനെ ഉസ്താദിനോട് ഒരു സഹോദരിയുടെ ചോദ്യം: ''ഗൃഹസന്ദര്‍ശനത്തിനിടയില്‍ വീടുകളില്‍നിന്ന് ലഭിക്കുന്ന ഭക്ഷണം സ്‌നേഹപൂര്‍വം വേണ്ടെന്ന് പറയുന്നതില്‍ തെറ്റുണ്ടോ?'' തെല്ലിട അമ്പരന്ന് നിന്ന ഉസ്താദിനോട് സഹോദരിയുടെ വിശദീകരണം: ''ഒരു വീട്ടില്‍ പോയപ്പോള്‍ ആ വീട്ടുകാരി ഏറെ നിര്‍ബന്ധിച്ചപ്പോഴാണ് ഞാന്‍ അവരുടെ അടുക്കളയിലേക്ക് ചെന്നത്. കയറിയതും അസഹ്യ ദുര്‍ഗന്ധം. രണ്ട് മൂന്ന് ദിവസം ഭക്ഷണം പാകം ചെയ്ത പാത്രങ്ങള്‍ വൃത്തിയാക്കാതെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നു. ചവറ്റുകൊട്ടയില്‍ ഈച്ചയാര്‍ക്കുന്നു... കരിപിടിച്ച പാത്രങ്ങള്‍..! മൂടിവെക്കാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍.. വീട്ടുകാരി തിരക്കിട്ട് എന്തോ ഒരു വെള്ളം കലക്കിത്തന്നു. നിര്‍ബന്ധത്തിനു വഴങ്ങി ആ ഗ്ലാസു വാങ്ങി ചുണ്ടോടടുപ്പിച്ചതും മനംപിരട്ടുന്ന മണം.. ഓക്കാനം അടക്കിവെക്കാന്‍ സാധിച്ചില്ല...'' സംഭവം കേട്ടുകഴിഞ്ഞപ്പോള്‍ അടുത്ത ക്ലാസ് വൃത്തിയെ കുറിച്ചാവാം എന്ന് പറഞ്ഞ് പിരിയാനേ ഉസ്താദിനു സാധിച്ചുള്ളൂ.
'കിണ്ടിയുടെ പുറം വൃത്തിയാക്കുന്നവര്‍,' 'വെള്ളി പൂശിയ ശവക്കല്ലറകള്‍' എന്നൊക്കെ യേശു പറഞ്ഞതായുള്ള ബൈബിള്‍ വചനങ്ങള്‍ നേര്‍ക്ക്‌നേരെ പുരോഹിതന്മാരെ കുറിച്ചാണെങ്കിലും, വീടിന്റെയും ജീവിതത്തിന്റെയും പുറംമോടിയില്‍ വല്ലാതെ ശ്രദ്ധിക്കുകയും അകത്തളങ്ങളില്‍ അശ്രദ്ധ കാണിക്കുകയും ചെയ്യുന്നവര്‍ക്കും നന്നായി ചേരും.
വീട് മനുഷ്യന്റെ പിറപ്പിടവും പാര്‍പ്പിടവുമാണ്. അവന്റെ തീറ്റ, കുടി, ഉറക്കം, ഉണര്‍വ്, വിശ്രമം, സംഗമം തുടങ്ങി എല്ലാം ഈ വീടിനകത്താണ്. 'ദാര്‍' എന്നാല്‍ മനുഷ്യന്‍ 'ചുറ്റിപ്പറ്റി കഴിയുന്ന ഇടം' എന്നാണ് അര്‍ഥം. വീടിനെ മനുഷ്യന് ശാന്തിയിടം ആക്കിയിരിക്കുന്നു എന്ന് ഖുര്‍ആനും പറയുന്നു. ജീവിതത്തിന്റെ ഈ അവിഭാജ്യ ഘടകത്തെ വൃത്തിയിലും ചിട്ടയിലും ക്രമീകരിക്കുന്നത് ദാമ്പത്യ ജീവിതത്തിന്റെ കൂടി വിജയരഹസ്യമാണ്. ജീവിത പരിസരങ്ങളില്‍ ശുദ്ധി പാലിക്കാത്തവര്‍ക്ക് ജീവിതത്തിന്റെ ഇടപാടുകളിലും വിശുദ്ധി പാലിക്കാന്‍ കഴിഞ്ഞ് കൊള്ളണമെന്നില്ല. അതിനാല്‍ വീടകം വിശുദ്ധിയുടെ ഉറവിടമാകണം. വീടിന്റെ അകത്തളങ്ങള്‍ ക്രമീകരിക്കുക, ഫര്‍ണിച്ചറുകളുടെ ക്രമം ഇടക്കിടെ മാറ്റി പുതുമ വരുത്തുക, കണ്ണിന് കുളിര്‍മ നല്‍കുന്ന അലങ്കാരങ്ങള്‍ ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ജീവിതാസ്വാദനത്തിന്റെയും നല്ല ദാമ്പത്യത്തിന്റെയും ഘടകങ്ങളായി വിദഗ്ധര്‍ വിശദീകരിച്ചിരിക്കുന്നു. മുന്നറിയിപ്പില്ലാതെയും സാന്നിധ്യമറിയിക്കാതെയും നബി(സ) സ്വന്തം വീടുകളിലേക്ക് പോലും പെട്ടെന്ന് കയറിച്ചെല്ലാറില്ലായിരുന്നു എന്ന കാര്യം ശ്രദ്ധിക്കുക.
പ്രിയതമന്‍-പ്രിയതമയും- തന്റെ ഇണയില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അര്‍ഹിക്കുന്നതും സുഖം പകരുന്ന സുഗന്ധമാണ്; വെടിപ്പും വൃത്തിയുമാണ്. സൗരഭ്യമില്ലാത്ത സൗന്ദര്യത്തിന് മാറ്റ് കുറയും. കല്യാണം കഴിഞ്ഞു, കുട്ടികളായി, ഇനി അത്തരം കാര്യങ്ങള്‍ വല്ലാതെ ശ്രദ്ധിക്കേണ്ടതില്ലെന്ന് കരുതുന്ന ചിലരുണ്ട്. എന്നാല്‍ ആ ധാരണ മൗഢ്യമാണ്. ഒരാള്‍ പല സ്ത്രീകള്‍ക്കിടയില്‍നിന്ന് ഇണയെ കണ്ടെത്തുന്നത് അവള്‍ക്ക് ചില ആകര്‍ഷണീയതകള്‍ ഉള്ളതു കൊണ്ടായിരിക്കും. അത് ജീവിതാന്ത്യം വരെ അയാള്‍ അവളില്‍നിന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. 'ഭര്‍ത്താവ് അവളിലേക്ക് നോക്കിയാല്‍ അവള്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കും' എന്ന തിരുമൊഴി ഇതിനോട് ചേര്‍ത്ത് വായിക്കുക.
ജീവിതത്തിന്റെ ഏറെ ഭാഗം വീടിനു പുറത്ത് കഴിച്ചുകൂട്ടുന്നവരാണ് ഭര്‍ത്താക്കന്മാര്‍. അവരുടെ കാഴ്ചയില്‍ നിരവധി സ്ത്രീകള്‍ മിന്നിമറയും. ദൈവഭക്തരുടെ ചിന്ത ഉടനെ പായുക തന്റെ ഭാര്യയും ഇങ്ങനെയൊക്കെ ശരീര സൗന്ദര്യവും വൃത്തിയും വെടിപ്പും കാത്ത് സൂക്ഷിക്കണമെന്ന കാര്യത്തിലേക്കായിരിക്കും. ഇത്തരം കാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്താത്തതിന്റെ പേരില്‍ നിവൃത്തിയില്ലാതെ വിവാഹമോചനമെന്ന കടുത്ത നിലപാടെടുത്തവരുടെ കഥകളും നാം കേള്‍ക്കുന്നു. സ്ത്രീകള്‍ സൗന്ദര്യം നിലനിര്‍ത്താന്‍, മുറതെറ്റാതെ ഫേഷ്യല്‍ ചെയ്യുകയും പുരികം നേരെയാക്കുകയും നാസാരന്ധ്രത്തിലെ വരെ രോമം നീക്കുകയും ചെയ്യുന്ന ഇക്കാലത്ത് അത്രത്തോളം പോയിട്ടില്ലെങ്കിലും ഭര്‍ത്താവിന്റെ മുമ്പില്‍ കഴിയുന്നത്ര ആകര്‍ഷകമായും വൃത്തിയായും ചമഞ്ഞൊരുങ്ങാന്‍ വിശ്വാസിനികള്‍ക്ക് ബാധ്യതയുണ്ട്. കര്‍മശാസ്ത്ര പണ്ഡിതര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ''എന്റെ ഭാര്യ എന്റെ മുമ്പില്‍ അലങ്കാരത്തോടെ സന്നിഹിതയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഞാന്‍ അവളുടെ മുന്നില്‍ അലങ്കാരത്തോടെ പ്രത്യക്ഷപ്പെടാന്‍ ഇഷ്ടപ്പെടുന്നു'' എന്ന ഇബ്‌നു അബ്ബാസി(റ)ന്റെ മൊഴി ഭര്‍ത്താക്കന്മാരും ശ്രദ്ധിക്കണം. മനം മടുപ്പിക്കുന്ന ഇടപെടലുകള്‍ക്ക് പകരം മനം കുളിര്‍പ്പിക്കുന്ന സുഗന്ധ സംഗമങ്ങളിലേക്ക് നാം വളര്‍ന്നാല്‍ ജീവിതാനന്ദം നമുക്കും ആസ്വദിക്കാം. ആകര്‍ഷണത്തിന്റെ ആദ്യ ബിന്ദുവാണത് എന്നും അറിയുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/4-8
എ.വൈ.ആര്‍