Prabodhanm Weekly

Pages

Search

2014 ജനുവരി 17

സ്വര്‍ണഭ്രമം ഇനിയെങ്കിലും ഉപേക്ഷിച്ചുകൂടേ?

ഇബ്‌റാഹീം ശംനാട് / പ്രതികരണം

കേരളക്കാരുടെ വിശിഷ്യ മുസ്‌ലിംകളുടെ സ്വര്‍ണത്തോടുള്ള ഭ്രമം ഉപേക്ഷിക്കാന്‍ സമയമായിരിക്കുന്നു. ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സ്വര്‍ണത്തിന്റെ വില ബാണം പോലെ ഉയരുകയായിരുന്നുവല്ലോ. ഇപ്പോഴത് കീഴ്‌പോട്ട് പതിക്കാന്‍ തുടങ്ങിയിരിക്കുന്നു. സുരക്ഷിത നിക്ഷേപമാണ് സ്വര്‍ണം എന്ന ഖ്യാതിയില്‍ നിന്ന് ഷെയര്‍ വില പോലെ ചാഞ്ചാടി കളിക്കുന്ന ഒരു അവസ്ഥയിലേക്ക് സ്വര്‍ണവും എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇതിന്റെ പിന്നില്‍ സാധാരണക്കാരെ ആപ്പിലാക്കുന്ന വലിയൊരു മാഫിയ സംഘം തന്നെ അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിപണിയില്‍ നിന്ന് സ്വര്‍ണം അനിയന്ത്രിതമായി വാങ്ങിക്കൂട്ടുകയും ചെറിയ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവര്‍ തന്നെ മുന്നിട്ടിറങ്ങി സ്വര്‍ണം കമ്പോളത്തില്‍ സുലഭമാക്കുകയും ചെയ്യുന്നതോടെ വിലയിടിച്ചില്‍ ആരംഭിക്കുകയായി. ആരാണ് ഇതില്‍നിന്ന് മുതലെടുക്കുന്നതെന്നും ആരാണ് ഇതിലൂടെ പാപ്പരാവുന്നതെന്നും കൃത്യമായി മനസ്സിലാക്കാതെയാണ് നാം സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. ഇക്കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വര്‍ണത്തിന്റെ വിലയിടിച്ചില്‍ മൂലം കണക്കെടുപ്പിന് പോലും കഴിയാത്തവിധം കേരളത്തിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
സ്വര്‍ണത്തിന്റെ ഈ ക്രമപ്രവൃദ്ധമായ വിലയിടിച്ചിലില്‍ തകരുന്ന മനുഷ്യരെയും കുടുംബങ്ങളെയും ആര്‍ക്കും രക്ഷപ്പെടുത്തുക സാധ്യമല്ല. ഗ്രാമിന് 3000 രൂപയിലധികം വിലകൊടുത്ത് വാങ്ങിയവര്‍ ഇപ്പോഴുണ്ടായിട്ടുള്ള വിലയിടിവ് കാരണം വിരല്‍ കടിക്കുന്നുണ്ടാവണം. പക്ഷേ, എന്നാലും നമ്മള്‍ സ്വര്‍ണഭ്രമം ഉപേക്ഷിക്കുകയില്ല എന്നത് കട്ടായം. പൂര്‍ണ സാക്ഷരര്‍ എന്ന നിലയില്‍ സ്വല്‍പം അഹങ്കരിക്കുന്നവരാണ് നാം കേരളീയര്‍. പക്ഷേ, ഈ സാക്ഷരത കൊണ്ട് മാത്രം എന്താണ് പ്രയോജനം? പരസഹായമില്ലാതെ നാനാതരം ഫോമുകള്‍ പൂരിപ്പിക്കാന്‍ കഴിഞ്ഞേക്കാം എന്ന് മാത്രം. സാക്ഷരതയിലൂടെ നാം നേടിയെടുക്കേണ്ടിയിരുന്ന സംസ്‌കാരം സ്വാശ്രയത്വവും സദാചാര സംശുദ്ധിയുമായിരുന്നു. ഇന്ന് കേരള ജനത ഏത് കാര്യത്തിലാണ് സ്വാശ്രയത്വത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്? സദാചാര സംശുദ്ധിയുടെ കാര്യം പറയാതിരിക്കുകയാണ് ദേഭം.
സ്വര്‍ണം ലോക്കറുകളിലും വീടുകളിലെ അലമാറകളിലും സൂക്ഷിച്ച് ചത്ത നിക്ഷേപമാക്കുന്നതിന് പകരം ഉല്‍പാദന മാര്‍ഗങ്ങളിലേക്ക് അതിനെ തിരിച്ചുവിടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സ്വാശ്രയത്വത്തിന്റെ കാര്യത്തിലും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നമുക്ക് ഏറെ മുന്നോട്ടുപോവാന്‍ കഴിയുമായിരുന്നു. ഇതിന് കര്‍മപരമായ നേതൃത്വം കൊടുക്കുവാന്‍ നമ്മുടെ മത സംഘടനകള്‍ തയാറായിരുന്നുവെങ്കില്‍ സമുദായത്തില്‍ പെട്ടവരുടെ കുറ്റ കൃത്യങ്ങളെ വലിയൊരളവോളം തടയാന്‍ സാധിക്കുമായിരുന്നു. സമ്മേളനങ്ങള്‍ നടത്തി ഏതാനും ദിവസം ആത്മ സായൂജ്യം കൊള്ളുന്നതിനെക്കാള്‍ എന്തുകൊണ്ടും അഭികാമ്യമായിരുന്നു അത്. പക്ഷേ, ഇന്ന് പ്രസംഗം തന്നെ തൊഴിലാക്കി നടക്കുന്ന നമുക്ക് മറ്റു വഴികള്‍ ആലോചിക്കുക അചിന്ത്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/4-8
എ.വൈ.ആര്‍