മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാലേ മതകലാലയങ്ങള്‍ക്ക് മുന്നോട്ടു പോകാനാവൂ
ഭൗതിക വിദ്യാഭ്യാസ രംഗം പാടെ അവഗണിച്ച് മതവിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു കാലം കേരള മുസ്‌ലിംകള്‍ക്കും മതസംഘടനകള്‍ക്കുമുണ്ടായിരുന്നു. ആ ഘട്ടം ഏറെക്കുറെ അവസാനിച്ചു. ഇന്ന് പഠിക്കാന്‍ ആവശ്യത്തിന് വിദ്യാര്‍ത്ഥികളില്ലാതെ മതകലാലയങ്ങള്‍ അടച്ചുപൂട്ടല്‍ പ്രതിസന്ധി നേരിടുകയാണ്. ഭൗതിക വിദ്യാഭ്യാസ രംഗത്താകട്ടെ മുസ്‌ലിംകള്‍ വളരെയധികം മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മതകലാലയങ്ങളെ ബാധിച്ച ഇത്തരം പ്രതിസന്ധികളുടെ കാരണം?
മതകലാലയങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം യഥാര്‍ഥത്തില്‍ മത വിദ്യാഭ്യാസത്തിന്റേതല്ല; അത് നടത്തുന്നവരുടേതാണ്. മതമെന്ന അര്‍ഥത്തില്‍ മാത്രമല്ല, ഒരു വിജ്ഞാനശാഖ എന്ന നിലക്ക് തന്നെ സുന്ദരവും കരുത്തുറ്റതുമായ പഠനവിഷയമാണ് ഇസ്‌ലാം. പക്ഷേ അത് പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ആ സാധ്യത തിരിച്ചറിഞ്ഞില്ല. ഭൗതിക വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് ആ പ്രശ്‌നം ഉണ്ടായിരുന്നില്ല. അവര്‍ അവരുടെ വിഭവത്തെ ഏറ്റവും സുന്ദരമായി അവതരിപ്പിച്ചു. എന്നാല്‍, മതവിദ്യാഭ്യാസ രംഗത്തുള്ളവര്‍, ഏറ്റവും നല്ല ഇസ്‌ലാമിക വിജ്ഞാനമെന്ന വിഭവത്തെ മോശം പേക്കിംഗ് നടത്തുകയാണ് നിര്‍ഭാഗ്യവശാല്‍ ചെയ്യുന്നത്. നമ്മുടെ കാലത്ത് അനന്ത സാധ്യതകളുള്ള വിജ്ഞാന ശാഖയാണ് ഇസ്‌ലാം. പാശ്ചാത്യ യൂനിവേഴ്‌സിറ്റികളില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് പ്രത്യേക ഫാക്കല്‍റ്റികള്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളിലെ പല യൂനിവേഴ്‌സിറ്റികളിലും ഇസ്‌ലാമിക വിജ്ഞാന ശാഖകളില്‍ പ്രത്യേകം ഫാക്കല്‍റ്റികളുണ്ട്, വിദ്യാര്‍ഥികളും അധ്യാപകരുമുണ്ട്. വളരെ കൗതുകകരമാണിത്. ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികളെ കിട്ടാത്തൊരു പ്രശ്‌നം അവിടെയില്ല. യഥാര്‍ഥത്തില്‍ അവിടെയാണല്ലോ ആ പ്രതിസന്ധി ഉണ്ടാവേണ്ടിയിരുന്നത്. അപ്പോള്‍ ഈ അനന്തമായ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് കേരളത്തിലും ഇന്ത്യയിലും ഇസ്‌ലാമിക കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യേണ്ടത്. വലിയ സാധ്യതകളുള്ള വിജ്ഞാന ശാഖ കൂടിയാണ് ഇസ്‌ലാം എന്ന് പുതിയ തലമുറയിലെ വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുകയും വേണം.
മത-ഭൗതിക വിദ്യാഭ്യാസ സമന്വയമെന്നാണ് ഏറെക്കുറെ എല്ലാ മതകലാലയങ്ങളുടെയും ഇന്നത്തെ പരസ്യവാചകം. പല സ്ഥാപനങ്ങളെ സംബന്ധിച്ചേടത്തോളവും ഇത് പരസ്യ വാചകം മാത്രമായി ചുരുങ്ങുകയാണ്. അല്‍ ജാമിഅ എങ്ങനെയാണ് മതഭൗതിക സമന്വയമെന്ന ആശയത്തെ പ്രയോഗവത്കരിക്കുന്നത്?
മത-ഭൗതിക വിദ്യാഭ്യാസ സമന്വയമെന്ന വാക്കിനെ പലരും തെറ്റായാണ് മനസ്സിലാക്കിയതും പ്രയോഗവത്കരിച്ചതും. ഇസ്‌ലാമിക വിദ്യാഭ്യാസത്തോടൊപ്പം അംഗീകൃത സര്‍വകലാശാലകളുടെ പരീക്ഷകള്‍ എഴുതാനുള്ള സംവിധാനങ്ങള്‍ കൂടി ഉണ്ടാക്കുന്നതിനെയാണ് മത ഭൗതിക വിദ്യാഭ്യാസ സമന്വയമായി കേരളത്തില്‍ പലരും പരിചയപ്പെടുത്തിയത്. മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തെ വെച്ചു കെട്ടുന്നൊരു ഏര്‍പ്പാടായി ഇത് ചുരുങ്ങിപ്പോയി. മത വിദ്യാഭ്യാസത്തില്‍ ഭൗതിക വിദ്യാഭ്യാസത്തെ ലയിപ്പിക്കുന്ന പ്രക്രിയയായി അത് വികസിച്ചില്ല. അല്‍ ജാമിഅ ആഗ്രഹിച്ചത് മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഈ പരിമിത ലക്ഷ്യത്തെയല്ല. അതുകൊണ്ടാണ് ഉസ്വൂലുദ്ദീന്‍, ശരീഅ, ഖുര്‍ആന്‍, ഹദീസ്, ദഅ്‌വാ ഫാക്കല്‍റ്റികള്‍ക്കൊപ്പം തന്നെ അത് സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയും ആരംഭിച്ചത്. അല്‍ ജാമിഅ അതിന്റെ പരിഷ്‌കരിച്ച കോഴ്‌സുകള്‍ക്കൊപ്പം തന്നെ ഐ.ടി സെന്ററും ആരംഭിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ ആര്‍ജിക്കാനുള്ള സംവിധാനങ്ങളാണ് അതിലൂടെ ലക്ഷ്യമാക്കിയത്. ഭാഷകള്‍ക്ക് വലിയ പ്രാധാന്യം ഉള്ളൊരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇംഗ്ലീഷ്, അറബി, ഉര്‍ദു ഭാഷകള്‍ക്കും പാഠ്യപദ്ധതിയില്‍ വലിയ പ്രാധാന്യം നല്‍കി. അറബി ഭാഷാ അതിന്റെ യഥാര്‍ഥ ഉറവിടത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന സംവിധാനവും അല്‍ ജാമിഅയിലുണ്ട്. വിദേശത്ത് നിന്നുള്ള സ്ഥിരം അധ്യാപകരിലൂടെയും ഉര്‍ദു ഭാഷ ഉര്‍ദു അധ്യാപകരിലൂടെയും പഠിക്കാനുള്ള സംവിധാനങ്ങളും അല്‍ ജാമിഅയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉസ്വൂലുദ്ദീന്‍-ശരീഅ ഫാക്കല്‍റ്റികളുടെ സിലബസ്സില്‍ സൈക്കോളജിയും സോഷ്യോളജിയും ഉള്‍പ്പെടുത്തി. ഇസ്‌ലാമിക് ഇക്കണോമിക്‌സ് വലിയ സാധ്യതകളുള്ള ഒരു വിജ്ഞാന ശാഖയായി രൂപപ്പെട്ട സാഹചര്യത്തില്‍ അതിനും അല്‍ ജാമിഅ വലിയ പ്രാധാന്യം നല്‍കി. ഇന്ത്യയില്‍ തന്നെ ഇസ്‌ലാമിക് ബാങ്കിംഗിന് ആദ്യമായി ഒരു ഫാക്കല്‍റ്റി ഉണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനമാണ് അല്‍ ജാമിഅ.
വിദ്യാഭ്യാസരംഗം ഒട്ടേറെ പരിഷ്‌കരണങ്ങള്‍ക്ക് സമീപകാലത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കരിക്കുലത്തില്‍ മാത്രമല്ല ബോധന ശാസ്ത്രങ്ങളിലും അധ്യാപനരീതിയിലുമെല്ലാം വമ്പിച്ച മാറ്റമാണ് ഈ കാലയളവിലുണ്ടായത്. ഈ പരിഷ്‌കരണങ്ങളെ എത്രമാത്രം ഉള്‍ക്കൊള്ളാന്‍ അല്‍ ജാമിഅക്ക് സാധിച്ചിട്ടുണ്ട്?
അധ്യാപന രീതിയില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്തേണ്ടത് ഈ കാലഘട്ടത്തില്‍ ആവശ്യമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അല്‍ ജാമിഅ അതിനുള്ള ശ്രമങ്ങള്‍ തുടക്കം മുതലേ ആരംഭിച്ചിട്ടുണ്ട്. പക്ഷേ, ഇത് പൂര്‍ണതയില്‍ എത്തി എന്ന് പറഞ്ഞുകൂടാ. ബോധനരീതികളിലും അധ്യാപന രീതികളിലും പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന ഫാക്കല്‍റ്റി ഉണ്ടാവുക എന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണ്. കേരളത്തിലെ മത കലാലയങ്ങളില്‍ അതിനിയും ഉണ്ടായി വന്നിട്ടു വേണം. പഴയ രീതികളില്‍ പഠിച്ചു വന്ന നമ്മുടെ അധ്യാപകര്‍ പുതിയ രീതികളിലേക്ക് മാറി വരേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യയില്‍ അവര്‍ പരിജ്ഞാനം നേടേണ്ടതുണ്ട്. ഇതിനു വേണ്ട സംവിധാനങ്ങള്‍ അല്‍ ജാമിഅ ഉണ്ടാക്കിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിരന്തരമായി ട്രെയിനിംഗ് നല്‍കി അവരെ വളര്‍ത്തി കൊണ്ടു വരിക എന്ന ഉദ്ദേശ്യത്തോടു കൂടി സ്വന്തമായി ഒരു ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. അധ്യാപകര്‍ക്ക് അത് നിരന്തരമായി ട്രെയിനിംഗ് നല്‍കിക്കൊണ്ടിരിക്കുന്നു. പക്ഷേ ലക്ഷ്യമിടുന്ന നിലവാരത്തിലെത്താന്‍ നമ്മുടെ അധ്യാപന രീതികള്‍ ഇനിയും കുറെ മുന്നോട്ട് പോകേണ്ടതുണ്ട്.
അല്‍ ജാമിഅ പ്രഖ്യാപനം ഇപ്പോള്‍ പത്ത് വര്‍ഷം പിന്നിടുന്നു. ഇതിനിടയില്‍ ചില ബാച്ചുകള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുകയും ചെയ്തു. എന്താണ് കഴിഞ്ഞ പത്ത് വര്‍ഷത്തെ ഫീഡ്ബാക്ക്?
സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ കഴിവുകളുള്ള പണ്ഡിതന്മാരെ വളര്‍ത്തിയെടുക്കുക എന്നതായിരുന്നു അല്‍ ജാമിഅയുടെ ലക്ഷ്യം. ഇസ്‌ലാമിന്റെ പ്രതിനിധികളായി ഏതൊക്കെ രംഗങ്ങളില്‍ വിദഗ്ധരെ ആവശ്യമുണ്ടോ ആ രംഗങ്ങളിലൊക്കെ ഇസ്‌ലാമിന്റെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ഒരു സ്ഥാപനമാകണം അല്‍ ജാമിഅ എന്നാണ് ഉദ്ദേശിക്കുന്നത്. പ്രബോധന പ്രവര്‍ത്തനം എന്ന് പറയുന്നത് പള്ളിയും പാഠശാലയും മാത്രമല്ല, പത്രവും ചാനലും സിനിമയുമൊക്കെ ഉള്‍പ്പെടുന്നതാണ്. മുഖ്യധാരാ ഇടങ്ങളിലെല്ലാം ഇസ്‌ലാമിക പാണ്ഡിത്യത്തിന്റെ പശ്ചാത്തലമുള്ള വ്യക്തികള്‍ ഉണ്ടാവേണ്ടതുണ്ട്. ഈ ഒരു കാഴ്ചപ്പാടാണ് അല്‍ ജാമിഅ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെ അല്‍ ജാമിഅയിലെ വിദ്യാര്‍ഥികള്‍ വിവിധ രംഗങ്ങളില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിന് ഒരു വാര്‍പ്പ് മാതൃകയില്ല. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പിന്‍ബലത്തില്‍ പല മേഖലകളില്‍ പണ്ഡിതന്മാര്‍ക്ക് തങ്ങളുടെ ദൗത്യ നിര്‍വഹണം സാധ്യമാക്കുക എന്ന സങ്കല്‍പമാണ് അല്‍ജാമിഅ വളര്‍ത്തിയെടുത്തിട്ടുള്ളത്. എല്ലാവര്‍ക്കും എല്ലാം ആകാന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിരുചികളും കഴിവുകളും താല്‍പര്യങ്ങളുമുണ്ട്. അഭിരുചിയും കഴിവുമനുസരിച്ച് അതത് രംഗങ്ങളില്‍ ശോഭിക്കാന്‍ അവരെ തയാറാക്കുക, പലതരം കഴിവുകളുള്ള വിദ്യാര്‍ഥികള്‍ വ്യത്യസ്ത രംഗങ്ങളില്‍ ഇസ്‌ലാമിന് പ്രയോജനപ്പെടുക എന്ന സമീപനമാണ് അല്‍ ജാമിഅ സ്വീകരിച്ചിരിക്കുന്നത്. ഇത് അല്‍ ജാമിഅയുടെ വിജയത്തിന്റെ ഒരു കാരണമാണ്. ഒറ്റ മാതൃക വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുകയും ഒരേയൊരു രംഗത്ത് ശ്രദ്ധയൂന്നാന്‍ അവരോട് നിര്‍ബന്ധം പിടിക്കുകയും ചെയ്യുക എന്ന രീതി ഈ കാലത്ത് പ്രായോഗികമല്ല. ഇസ്‌ലാമിക പാണ്ഡിത്യമുള്ളവരും ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവരും ആയിരിക്കണമവര്‍ എന്നതില്‍ അല്‍ജാമിഅക്ക് നിര്‍ബന്ധമുണ്ട്. ജീവിതത്തിന്റെ ലക്ഷ്യമായിട്ട് അവര്‍ കാണേണ്ടതും അതാണ്. ഈ അര്‍ഥത്തില്‍ അല്‍ ജാമിഅയിലെ വിദ്യാര്‍ഥികള്‍ ഇന്ന് എല്ലാ രംഗത്തും സജീവമായുണ്ട്. ഇരുപതോളം വിദ്യാര്‍ഥികള്‍ ഗവേഷണ രംഗത്ത് പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നു. വിദേശ യൂനിവേഴ്‌സിറ്റികളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. മാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ പേരെ ഈ കുറഞ്ഞ കാലയളവില്‍ അല്‍ ജാമിഅക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞു. കലാ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഏറെ പേരുണ്ട്. ഇങ്ങനെ പല രംഗങ്ങളിലും ശോഭിക്കുന്നു അല്‍ ജാമിഅ സന്തതികള്‍.
പൊതുവെ അല്‍ ജാമിഅയുടെ പത്ത് വര്‍ഷം വിലയിരുത്തുമ്പോള്‍ എഴുപത് ശതമാനം അതിന്റെ ലക്ഷ്യം നേടി എന്ന് പറയാം. 100 ശതമാനം വിജയമെന്ന് ഏതൊരു സംരംഭത്തെക്കുറിച്ചും അവകാശപ്പെട്ടുകൂടാ. അത് പൂര്‍ണതയിലേക്കുള്ള വളര്‍ച്ചയെ തടയും. ഒരു പുതിയ തലമുറയെ കേരളത്തിന് സംഭാവന ചെയ്യാന്‍ തീര്‍ച്ചയായും ജാമിഅക്ക് കഴിഞ്ഞിട്ടുണ്ട്. ബുദ്ധിപരമായും ചിന്താപരമായും പുതിയ കാലത്തിനൊപ്പം നടക്കാന്‍ കഴിവുള്ള തലമുറയാണത്. മാധ്യമ രംഗത്തും ഉന്നത വിദ്യാഭ്യാസ ഗവേഷണ രംഗത്തും അല്‍ ജാമിഅയുടെ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനത്താണ്. അവര്‍ ചെല്ലുന്നിടത്തൊക്കെ അവരെ കുറിച്ച് വലിയ മതിപ്പാണ് ഉണ്ടായിട്ടുള്ളത്. തീര്‍ച്ചയായും ഇത് അല്‍ ജാമിഅയുടെ നേട്ടമായിട്ടാണ് കാണുന്നത്. ഒരേ ബാച്ചില്‍ നിന്നിറങ്ങുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ഇങ്ങനെയൊക്കെയാണ് എന്ന് അവകാശപ്പെടാന്‍ കഴിയില്ല. 30 ശതമാനം വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന വിധം വളര്‍ന്ന് വന്നിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ഥം ആ ബാച്ച് വിജയമാണ് എന്നാണ്. ആ അര്‍ഥത്തില്‍ അല്‍ ജാമിഅയുടെ കഴിഞ്ഞ പത്ത് വര്‍ഷം പരിശോധിച്ചാല്‍ അത് മികവിന്റെയും വിജയത്തിന്റേതുമാണെന്ന് പറയാന്‍ കഴിയും.
ദീര്‍ഘവീക്ഷണമില്ലാതെ ഹ്രസ്വകാലത്തെ മുന്നില്‍ കണ്ടാണ് മുസ്‌ലിം സമുദായം വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള പല പ്രോജക്ടുകളും ആസൂത്രണം ചെയ്യുന്നത്. അതിനാല്‍ ആ ലക്ഷ്യം പൂര്‍ത്തീകരിച്ച് കഴിഞ്ഞാലോ, ലക്ഷ്യമിട്ട ആവശ്യങ്ങള്‍ തന്നെ പുതിയ കാലത്തിനാവശ്യമില്ലാതായാലോ എങ്ങനെ മുന്നോട്ടു പോകണമെന്നറിയാതെ അത്തരം സ്ഥാപനങ്ങള്‍ കാലത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുന്നത് സമീപകാല അനുഭവമാണ്. ഈ അനുഭവം മുന്നില്‍ വെച്ച് അടുത്ത അമ്പതു വര്‍ഷത്തെ അല്‍ ജാമിഅയുടെ പ്രോജക്ടുകള്‍, ലക്ഷ്യങ്ങള്‍?
ലോക നിലവാരമുള്ള ഒരു ഇസ്‌ലാമിക സര്‍വകലാശാല എന്നതാണ് അല്‍ ജാമിഅയുടെ പ്രഖ്യാപിത ലക്ഷ്യം. പത്ത് വര്‍ഷം കൊണ്ട് നേടിയെടുക്കാന്‍ കഴിയുന്ന കാര്യമല്ല ഇത്. ഘട്ടം ഘട്ടമായി നേടിയെടുക്കേണ്ട കാര്യമാണ്. ആ ലക്ഷ്യത്തിലെത്താന്‍ ചിലപ്പോള്‍ 50 വര്‍ഷം വേണ്ടി വന്നേക്കാം. ആ 50 വര്‍ഷത്തെ പദ്ധതികള്‍ ഇപ്പോള്‍ തന്നെ തയാറാക്കുക പ്രായോഗികമല്ല. ഓരോ നിമിഷവും വലിയ മാറ്റങ്ങളാണ് ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ അല്‍ ജാമിഅക്ക് അതിന്റെ ഭാവി പദ്ധതികള്‍ രൂപപ്പെടുത്താന്‍ കഴിയൂ. അപ്പോള്‍ അതത് സാഹചര്യങ്ങളില്‍ ഇസ്‌ലാമിന്റെയും സമൂഹത്തിന്റെയും ആവശ്യങ്ങള്‍ അനുസരിച്ച് അല്‍ ജാമിഅക്ക് മുന്നോട്ട് പോകേണ്ടിവരും.
ഉടനെ നേടിയെടുക്കേണ്ട ചില ലക്ഷ്യങ്ങള്‍ക്കായി അല്‍ ജാമിഅ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കാന്‍ സ്ഥാപനം ഉദ്ദേശിക്കുന്നു. അല്‍ ജാമിഅയുടെ നിലവിലുള്ള കോഴ്‌സുകളും പുതിയ കോഴ്‌സുകളും ഉള്‍പ്പെടുത്തി പ്രത്യേകം തയാറാക്കിയ സിലബസോടു കൂടി ഇസ്‌ലാമിക വിദ്യാഭ്യാസത്തെ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു യഥാര്‍ഥ യൂനിവേഴ്‌സിറ്റി എന്ന തലത്തിലേക്ക് അല്‍ ജാമിഅയെ വികസിപ്പിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇന്ത്യയുടെയും കേരളത്തിന്റെയും പല ഭാഗങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുറേ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഒരു കേന്ദ്രീകൃത ഘടന ഇല്ലാത്തതുകൊണ്ട് വ്യവസ്ഥാപിതമായി മുന്നോട്ടു പോകാന്‍ അവക്ക് സാധിക്കുന്നില്ല. പല സ്ഥാപനങ്ങളും ചിന്നിച്ചിതറി കിടക്കുകയാണ്. ഇങ്ങനെയുള്ള സ്ഥാപനങ്ങളെ അല്‍ ജാമിഅയുടെ കീഴില്‍ കൊണ്ടുവന്ന് ഒരു ഏകീകൃത ഘടന ഉണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിവിധ ഫാക്കല്‍റ്റികള്‍ വ്യത്യസ്ത സ്ഥാപനങ്ങളില്‍ ആരംഭിക്കുകയും അതിന്റെ അക്കാദമികമായ നിയന്ത്രണം അല്‍ ജാമിഅ ഏറ്റെടുക്കുകയും ചെയ്യുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളെ അല്‍ ജാമിഅയയില്‍ അഫിലിയേറ്റ് ചെയ്യുക വഴി ഒരു കേന്ദ്ര സര്‍വകലാശാലയായി അല്‍ ജാമിഅ മാറുന്ന സംവിധാനമാണ് ആലോചനയിലുള്ളത്.
ഇത്തരം ബദല്‍ സംവിധാനങ്ങള്‍ക്കൊപ്പം തന്നെ രാജ്യത്ത് നിലനില്‍ക്കുന്ന മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തെ പരമാവധി ഉള്‍ക്കൊള്ളാനും അല്‍ ജാമിഅ ആഗ്രഹിക്കുന്നു. മുഖ്യധാരയില്‍ നിന്ന് മാറി നിന്നുകൊണ്ടുള്ള ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് പല അപകടങ്ങളുമുണ്ട്. അതേ സമയം കേരളത്തില്‍ നിലവിലുള്ള നിയമങ്ങള്‍ അതിന് കുറേ പരിമിതികള്‍ തീര്‍ക്കുന്നുമുണ്ട്. ഈ പരിമിതികളെ മറികടക്കാന്‍ വേണ്ടിയാണ് അല്‍ ജാമിഅ തുടക്കത്തിലേ അലീഗഢ്, ഹംദര്‍ദ്, ജാമിഅ മില്ലിയ്യ, ജെ.എന്‍.യു തുടങ്ങിയ ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകളുടെ അംഗീകാരം നേടിയെടുത്തത്. അല്‍ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്ക് ഈ യൂനിവേഴ്‌സിറ്റികളില്‍ ഉപരി പഠനം ഉറപ്പുവരുത്തി ഇസ്‌ലാമിക വിദ്യാഭ്യാസത്തോടൊപ്പം അവരെ മെയിന്‍ സ്ട്രീമിലേക്ക് എത്തിക്കുന്ന പദ്ധതിയാണിത്. അല്‍ ജാമിഅ ആരംഭിച്ചപ്പോള്‍ തന്നെ മുന്നോട്ടുവെച്ച സ്റ്റെപ്പായിരുന്നു അത്. അല്‍ ഹംദുലില്ലാഹ്, അത് വിജയിച്ചു. അല്‍ ജാമിഅയുടെ ഉസ്വൂലുദ്ദീന്‍, ശരീഅ സര്‍ട്ടിഫിക്കറ്റ് കൊണ്ടുതന്നെ പി.ജിയും പി.എച്ച്.ഡിയുമൊക്കെ ഈ കേന്ദ്ര സര്‍വകലാശാലകളില്‍ ചെയ്യാന്‍ അവര്‍ക്ക് അവസരമുണ്ടായി. കേരളത്തിലെ സര്‍ക്കാര്‍ സര്‍വകലാശാലകളിലും ഇങ്ങനെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന അവസരം ഉണ്ടാകണമെന്നാണ് അല്‍ജാമിഅ ആഗ്രഹിക്കുന്നത്. ചില നല്ല സൂചനകള്‍ ഈ രംഗത്തുണ്ടായിവരുന്നുണ്ട്. ഇസ്‌ലാമിക് ബാങ്കിംഗിലും എക്കണോമിക്‌സിലുമൊക്കെ ഫാക്കല്‍റ്റികള്‍ കേരളത്തിലും അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ സ്വയം ഭരണം നല്‍കാനുള്ള തീരുമാനവും സാധ്യതകളുടെ വാതിലുകള്‍ തുറന്നിടുന്നതാണ്. ഇതൊക്കെ തീര്‍ച്ചയായും നമ്മള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
മറുവശത്ത് അല്‍ ജാമിഅ, പെരിന്തല്‍മണ്ണക്കടുത്ത് പൂപ്പലത്ത് അതിന്റെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിക്കുകയും അതില്‍ ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആറ് കോഴ്‌സുകള്‍ അല്‍ ജാമിഅ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് ലഭിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള മറ്റു പല കോഴ്‌സുകളും അംഗീകരിപ്പിക്കാനും ഹോസ്റ്റല്‍ സംവിധാനം ഒരുക്കി ഒരു വലിയ കാമ്പസാക്കി അതിനെ വികസിപ്പിച്ച് കൊണ്ട് വരാനും അല്‍ ജാമിഅക്ക് പദ്ധതിയുണ്ട്. സമീപകാല പദ്ധതികളാണ് ഇതെല്ലാം. അല്‍ ജാമിഅ ട്രെയിനിംഗ് സെന്ററിന്റെ പ്രവര്‍ത്തനം കുറച്ചുകൂടി ശാസ്ത്രീയമാക്കണം എന്നുദ്ദേശിക്കുന്നുണ്ട്. ഒരു ലീഡേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ കൂടി ഇതിന്റെ ഭാഗമായി വരേണ്ടതുണ്ട്. മികച്ച 50 വിദ്യാര്‍ഥികളെ തെരെഞ്ഞെടുത്ത് അവര്‍ക്ക് നിരന്തര പരിശീലനം നല്‍കി ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന നേതാക്കളായി അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും വിധമുള്ള ട്രെയിനിംഗ് സെന്ററും അല്‍ ജാമിഅയുടെ ഭാവി പദ്ധതിയില്‍ പെടുന്നതാണ്.
സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും നമുക്കൊരുപാട് നെയ്തുകൂട്ടാം. അത് പ്രായോഗികമാകാന്‍ വലിയ സാമ്പത്തിക പിന്‍ബലവും മനുഷ്യവിഭവശേഷിയും ആവശ്യമാണ്. ഈ വെല്ലുവിളികള്‍ മറികടക്കാന്‍ എന്ത് മാര്‍ഗമാണ് അല്‍ജാമിഅ കാണുന്നത്?
സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഒരുപാടുണ്ട്. അവ യാഥാര്‍ഥ്യമാക്കാനുള്ള മുഖ്യ തടസ്സം ഈ പറഞ്ഞ സാമ്പത്തിക പിന്‍ബലവും മനുഷ്യ വിഭവ ശേഷിയുടെ അപര്യാപ്തതയുമാണ്. സാമ്പത്തിക പിന്‍ബലം, ശ്രമിച്ചാല്‍ ഒരുപക്ഷേ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ മനുഷ്യ വിഭവശേഷി ഒരുക്കൂട്ടുക എന്നത് സമ്പത്തുണ്ടാക്കുന്നതിനേക്കാള്‍ പ്രയാസമാണ്. അല്‍ജാമിഅയിലൂടെ തന്നെ കഴിയുന്നത്ര മനുഷ്യ വിഭവശേഷി ഉണ്ടാക്കാന്‍ ശ്രമിക്കുകയെന്നതാണ് ഈ പ്രതിസന്ധി മറികടക്കാന്‍ കാണുന്ന ഒരു മാര്‍ഗം. അല്‍ജാമിഅ അതിന്റെ സന്തതികള്‍ തന്നെ നടത്തുന്ന ഒരു കാലമുണ്ടാവണം. അതിനുള്ള യോഗ്യത നേടി വേണം തിരിച്ചുവരാന്‍ എന്നാണ് ഇവിടത്തെ പഠനശേഷം വിദ്യാര്‍ഥികളെ ഉപരിപഠനത്തിന് വിദേശ യൂനിവേഴ്‌സിറ്റികളിലേക്കും മറ്റും പറഞ്ഞയക്കുമ്പോള്‍ നാം പറയുന്നത്. ഇങ്ങനെ വ്യത്യസ്ത യൂനിവേഴ്‌സിറ്റികളില്‍ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നവര്‍ അല്‍ ജാമിഅയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരായിരിക്കും ഭാവിയില്‍ അല്‍ ജാമിഅയെ നയിക്കേണ്ടത്.
അല്‍ ജാമിഅ മുന്നോട്ട് പോകുന്നത് ഉദാരമതികളുടെ സാമ്പത്തിക പിന്‍ബലത്തില്‍ തന്നെയാണ്. പക്ഷേ, ഇത് സ്ഥിരമായൊരു സാമ്പത്തിക ഉറവിടമായി കണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് വഖ്ഫ് പ്രോജക്ടുകള്‍ പ്ലാന്‍ ചെയ്യാന്‍ സ്ഥാപനത്തെ നിര്‍ബന്ധിച്ചത്. കുറെ മുമ്പ് തന്നെ ഇത്തരം വഖ്ഫ് പ്രോജക്ടുകള്‍ നടപ്പാക്കിയിരുന്നു. നിലവിലെ കാമ്പസിലെ ചില ബില്‍ഡിംഗുകളെല്ലാം ഇത്തരം വഖ്ഫ് പ്രോജക്ടിലൂടെ ഉണ്ടായതാണ്. ഇക്കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആ രംഗത്ത് കൂടുതല്‍ മുന്നോട്ടു പോകാന്‍ സാധിച്ചിട്ടുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വരുമാനം ഉദ്ദേശിച്ച് തുടങ്ങിയ ചില വഖ്ഫ് പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കുറച്ച് വര്‍ഷമായി അതില്‍ നിന്നുള്ള വരുമാനം അല്‍ജാമിഅക്ക് പ്രയോജനപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള രണ്ട് പ്രധാന വഖ്ഫ് പ്രോജക്ടുകള്‍ കൂടി പുരോഗമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ മൂന്ന് വഖ്ഫ് പ്രോജക്ടുകളും ശാന്തപുരം കോളേജിന് നേരത്തെയുണ്ടായിരുന്ന ചില വഖ്ഫുവഹകളുമെല്ലാം കൂട്ടിച്ചേര്‍ത്ത് ദൈനംദിന വരുമാനം ഉറപ്പുവരുത്തണമെന്നാണ് സ്ഥാപനം ആഗ്രഹിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇത്തരം വഖ്ഫ് പദ്ധതികളിലൂടെ മറികടക്കാനുള്ള പ്ലാനാണ് തയാറാക്കിയത്. ആ പദ്ധതി വലിയ പ്രതീക്ഷയേകുംവിധം മുന്നോട്ടു പോകുന്നു. ഭാവിയിലും വഖ്ഫ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.
വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിം പെണ്‍കുട്ടികളുടെ വര്‍ധിച്ച സാന്നിധ്യം കേരളത്തില്‍ ചര്‍ച്ചാ വിഷയമാണ്. ഈ പെണ്‍മുന്നേറ്റത്തില്‍ പങ്കുവഹിക്കാന്‍ എത്രത്തോളം അല്‍ജാമിഅക്ക് സാധിച്ചിട്ടുണ്ട്?
വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം പെണ്‍കുട്ടികളുടെ സാന്നിധ്യം കേരളത്തില്‍ മാത്രമല്ല, ലോകം മുഴുവനും ഇന്ന് ചര്‍ച്ചാ വിഷയമാണ്. ലോകത്തെ എല്ലാ യൂനിവേഴ്‌സിറ്റികളിലും ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളിലും അറബ് ലോകത്തും മുസ്‌ലിം പെണ്‍കുട്ടികളാണ് വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികളെക്കാള്‍ മുന്നില്‍. ഇതില്‍ വലിയൊരു സന്ദേശമുണ്ട്. സ്ത്രീസാന്നിധ്യം അവഗണിച്ചുകൊണ്ട് ഇസ്‌ലാമിക ലോകത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല എന്നതാണത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഈ മാറ്റം മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ബുദ്ധിവൈഭവവും നേതൃശേഷിയുമുള്ള വനിതകള്‍ ഇസ്‌ലാമിക ലോകത്ത് വര്‍ധിച്ചുവരികയാണ്. കേരളത്തിലും ഈയൊരു സാഹചര്യമുണ്ട്.
അല്‍ജാമിഅയുടെ തന്നെ ഭാഗമായ വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജ് നിലവിലുള്ളതുകൊണ്ട് അല്‍ ജാമിഅ കാമ്പസില്‍ പ്രത്യേകമായി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കേണ്ടതില്ല എന്നായിരുന്നു ആദ്യ തീരുമാനം. പക്ഷേ, ക്രമേണ മികച്ച ഫാക്കല്‍റ്റികളാലും ലൈബ്രറി അടക്കമുള്ള വൈജ്ഞാനിക സൗകര്യങ്ങളാലും ജാമിഅ കാമ്പസ് സമ്പന്നമായപ്പോള്‍ അവ വിജ്ഞാനദാഹികളായ പെണ്‍കുട്ടികള്‍ക്കും ഉപകാരപ്പെടണം എന്ന ആലോചനയുണ്ടായി. ശൈഖ് റാശിദുല്‍ ഗനൂശിയടക്കമുള്ളവരുടെ നിര്‍ദേശങ്ങളും ഇതിന് ആക്കം കൂട്ടി. അങ്ങനെ പെണ്‍കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കി. ഇപ്പോള്‍ വിദ്യാര്‍ഥിനികള്‍ക്കായി അല്‍ജാമിഅയില്‍ പ്രത്യേകം ഹോസ്റ്റലുകളും മറ്റു സൗകര്യങ്ങളുമുണ്ട്. ആ രംഗത്ത് ഇനിയും മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്. കുറഞ്ഞ കാലയളവില്‍ അല്‍ ജാമിഅ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ മികച്ച കഴിവുള്ളവര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കോഴിക്കോട് ജെ.ഡി.ടിയില്‍ നടന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ റിസര്‍ച്ച് പേപ്പറുകള്‍ അവതരിപ്പിച്ചതില്‍ ആണ്‍കുട്ടികളെക്കാള്‍ മികച്ചു നിന്നത് ജാമിഅയിലെ വിദ്യാര്‍ഥിനികളായിരുന്നു. സ്ത്രീ മുന്നേറ്റത്തില്‍ സജീവ പങ്കുവഹിക്കണമെന്നാണ് അല്‍ ജാമിഅ ആഗ്രഹിക്കുന്നത്. അതിനുള്ള എല്ലാ സംവിധാനങ്ങളും അല്‍ജാമിഅയില്‍ ഭാവിയില്‍ ഒരുക്കുകയും ചെയ്യും..
കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികളുടെ വലിയൊരു സാന്നിധ്യം അല്‍ജാമിഅയിലെ മുഴുവന്‍ ഫാക്കല്‍റ്റികളിലുമുണ്ട്. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് കൊണ്ട് എന്താണ് ലക്ഷ്യമിടുന്നത്?
അല്‍ജാമിഅയില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സ്ഥാപനം തുടക്കം മുതലേ പ്ലാന്‍ ചെയ്തതാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ മൊത്തം കണക്കെടുക്കുമ്പോള്‍ കേരളീയ മുസ്‌ലിം സാന്നിധ്യം തുലോം കുറവാണ്. കേരളമെന്ന ഈ ചെറിയ സംസ്ഥാനത്തെ മുസ്‌ലിം വിഭാഗങ്ങളിലുണ്ടാകുന്ന നവോത്ഥാനം ഇന്ത്യ എന്ന വലിയ രാജ്യത്തെ വെച്ച് നോക്കിയാല്‍ വളരെ ചെറിയൊരു സംഭവമാണ്. എന്നല്ല, ഇന്ത്യയില്‍ അതിന് വലിയ അനുരണനങ്ങളാെന്നും ഉണ്ടാക്കാന്‍ സാധിക്കുകയുമില്ല. അല്‍ജാമിഅ ആദ്യം മുതലേ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് സംഭാവനയര്‍പ്പിക്കണമെങ്കില്‍ കേരളത്തിന് പുറത്തേക്ക് അതിന്റെ നന്മകള്‍ കടക്കേണ്ടതുണ്ട്. അതുകൊണ്ട് തുടക്കം മുതല്‍ തന്നെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിപ്പോന്നു.
ഇന്ന് കേരളത്തിന് പുറത്തുള്ള ധാരാളം വിദ്യാര്‍ഥികള്‍ അല്‍ജാമിഅയുടെ വിവിധ ഫാക്കറ്റികളില്‍ ഉണ്ട്. അവിടെ നിന്നുള്ള അധ്യാപകരുടെ സാന്നിധ്യവും അല്‍ജാമിഅയിലുണ്ട്. എല്ലാ രംഗത്തുമുള്ളതുപോലെ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്തും ഒരു കേരള മോഡല്‍ വികസിച്ചുവന്നിട്ടുണ്ട്. ഈ കേരള മോഡല്‍ ഉത്തരേന്ത്യയിലെ മുസ്‌ലിം സമൂഹത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും അജണ്ടയും ഇതിനു പിന്നിലുണ്ട്. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇവിടെ വന്ന് ഈ മോഡല്‍ പഠിക്കുകയും അവരുടെ സംസ്ഥാനങ്ങളില്‍ അത് പ്രയോഗവത്കരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാവണമെന്ന് അല്‍ജാമിഅ ആഗ്രഹിക്കുന്നു. അത് ഇന്ത്യന്‍ മുസ്‌ലിംകളില്‍ വലിയ മാറ്റം ഉണ്ടാക്കും. അതോടൊപ്പം തന്നെ കേരളീയ വിദ്യാര്‍ഥികള്‍ക്ക് ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഏറെ പഠിക്കാനുമുണ്ട്. ഈ രണ്ട് ലക്ഷ്യവും വിജയകരമായി അല്‍ജാമിഅ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തിലെ ചില പ്രഗത്ഭ മതകലാലയങ്ങള്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഓഫ് കാമ്പസ് തുറന്ന് കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രോജക്ടുകള്‍ അല്‍ജാമിഅയില്‍ നിന്ന് പ്രതീക്ഷിക്കാമോ?
ഓഫ് കാമ്പസ് തുറന്ന് പ്രവര്‍ത്തിക്കുക എന്നത് സ്ഥാപനത്തിന്റെ ആഗ്രഹമാണ്. അതേ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ട്. ഈ ആവശ്യാര്‍ഥം ചില സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. മനുഷ്യ വിഭവശേഷിക്കമ്മിയാണ് ഓഫ് കാമ്പസിനുള്ള പ്രധാന തടസ്സം. അതാവുന്ന മുറക്ക് അത്തരം സംരംഭങ്ങളിലേക്ക് പ്രവേശിക്കും.
മുസ്‌ലിം ലോകത്ത് അറിയപ്പെടുന്ന ഇന്ത്യയിലെ പ്രശസ്ത മതകലാലയങ്ങളെല്ലാം കേരളത്തിന് പുറത്താണുള്ളത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സംഘടനാതീതമായി എല്ലാതരം വിദ്യാര്‍ഥികളും അത്തരം ഉന്നത കലാലയങ്ങളില്‍ മതപഠനം തേടുന്നു. കേരളത്തിലെ പ്രഗത്ഭ മതകലാലയങ്ങളെല്ലാം ഏതെങ്കിലും ഒരു മത സംഘടനയുടെ കീഴിലുള്ളതും അതിന്റെ അനുഭാവ വൃത്തത്തില്‍ ഉള്ളവര്‍ മാത്രം പഠിക്കുന്നതുമാണ്. ഈ അമിത സംഘടനാവത്കരണവും ഇടുങ്ങിയ മനഃസ്ഥിതിയുമാണ് കേരളത്തിലെ മതകലാലയങ്ങളുടെ ഏറ്റവും വലിയ പരിമിതി. ഒരു ഇസ്‌ലാമിക സര്‍വകലാശാല എന്ന നിലക്ക്, ഇതിനെ മറികടക്കാനുള്ള വല്ല ശ്രമവും അല്‍ജാമിഅ നടത്തിയിട്ടുണ്ടോ?
സംഘടനാ പക്ഷപാതിത്വം ഒരു വലിയ പ്രശ്‌നമാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അതു രൂക്ഷവുമാണ്. ഇതിനെ മറികടക്കാന്‍ അല്‍ജാമിഅ തുടക്കം മുതലേ ശ്രമം നടത്തിയിട്ടുണ്ട്. സംഘടനാ ഭേദമന്യേ കേരളത്തിലെ പ്രധാന മത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അല്‍ജാമിഅ ബന്ധപ്പെടുകയും അക്കാദമിക സഹകരണം തേടുകയും ചെയ്തിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. ഉത്തരേന്ത്യയില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികളിലധികവും വ്യത്യസ്ത സംഘടനാ ബന്ധമുള്ളവരാണ്. കേരളത്തിന്റെ തെക്കുള്ള ചില സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ അല്‍ ജാമിഅയില്‍ ഉപരിപഠനം നടത്തുന്നുണ്ട്. കേരളത്തില്‍ അറിയപ്പെട്ട മുജാഹിദ് സ്ഥാപനങ്ങളിലെ ചില അധ്യാപകരെ വിസിറ്റിംഗ് പ്രഫസര്‍മാരായി സ്ഥാപനത്തിലേക്ക് കൊണ്ടുവന്നിരുന്നു. അവരില്‍ ചിലര്‍ ആവേശപൂര്‍വം ക്ലാസ്സെടുക്കുകയും ചെയ്തു. അത് വിദ്യാര്‍ഥികള്‍ക്കും അവര്‍ക്കും ഒരുപോലെ പ്രയോജനപ്പെട്ടു. പല കാരണങ്ങളാല്‍ അധികകാലം തുടരാന്‍ അവര്‍ക്കായില്ല. കേരളത്തിലെ മതകലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അല്‍ജാമിഅയുടെ ലൈബ്രറി സംവിധാനം ഉപയോഗപ്പെടുത്താന്‍ ക്ഷണിക്കാറുണ്ട്. അവര്‍ വരാറുമുണ്ട്. അല്‍ജാമിഅ വിദ്യാര്‍ഥികള്‍ അത്തരം സ്ഥാപനങ്ങളിലും പോവാറുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും സംഘടനാപക്ഷപാതിത്വത്തെ മറികടക്കാന്‍ കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ സാധിക്കുകയില്ല. ഇത് അല്‍ ജാമിഅയുടെ മാത്രം പ്രശ്‌നമല്ല. കേരളത്തിലെ ഈ സാഹചര്യം നിലനില്‍ക്കുവോളം അത് തുടരും. മറികടക്കേണ്ട ഒരു കടമ്പ തന്നെയാണത്.
മതവിദ്യാഭ്യാസ രംഗത്ത് പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. പുതിയ തലമുറയുടെ മതവിദ്യാഭ്യാസത്തോടുള്ള വിമുഖതയാണ് ഇതിന് പ്രഥമ കാരണമായി പലരും വിലയിരുത്താറ്. എന്നാല്‍ പഴയ കാലത്തെ അപേക്ഷിച്ച് മതാനുഷ്ഠാനങ്ങളെയും മത ചിഹ്നങ്ങളെയും അഭിമാനത്തോടെ പ്രതിനിധീകരിക്കുന്നവരായിട്ടും ഇതെങ്ങനെ സംഭവിക്കുന്നു?
ശരിയാണ്, പുതിയ തലമുറക്ക് മതാനുഷ്ഠാനങ്ങളോടും മത ചിഹ്നങ്ങളോടുമൊക്കെ പ്രതിബദ്ധത വര്‍ധിച്ചുവരികയാണ്. അവരെ ഒരിക്കലും ഈ വിഷയത്തില്‍ കുറ്റപ്പെടുത്തിക്കൂടാ. അവരുടെ പോസിറ്റീവായ കാഴ്ചപ്പാടിനെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അവര്‍ക്ക് മതത്തോട് പ്രതിബദ്ധതയുണ്ട്. പക്ഷേ, മതവിദ്യാഭ്യാസ രീതികള്‍ അവരെ ആകര്‍ഷിക്കുന്നില്ല. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ പുതിയ തലമുറയെ ആകര്‍ഷിക്കുന്ന തരത്തില്‍ തയാറാക്കാന്‍ കഴിയുമ്പോള്‍ മതവിദ്യാഭ്യാസരംഗത്തേക്ക് അവരെ കൊണ്ടുവരാന്‍ തീര്‍ച്ചയായും സാധിക്കും. അതിനുവേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് വേണ്ടത്. അല്‍ ജാമിഅ ഒരളവോളം പുതിയ തലമുറയുടെ അഭിരുചികളെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
Comments