ഹാജിക്ക എന്ന അബ്ദുല്‍ ഖാദര്‍ ഹാജി
ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പരിചിതനാണ് ഡിസം-21 ന് ദോഹയില്‍ മരണമടഞ്ഞ ഹാജിക്ക. തൃശൂര്‍ ചാവക്കാട് ചക്കംകണ്ടം മുസ്‌ലിം വീട്ടില്‍ എം.വി അബ്ദുല്‍ ഖാദര്‍ ഹാജി ലളിത ജീവിതം കൊണ്ടും ജനോപകാര പ്രവൃത്തികള്‍ കൊണ്ടും എല്ലാവര്‍ക്കും പ്രിയങ്കരനായ ഹാജിക്കയായി മാറുകയായിരുന്നു. ഖത്തറില്‍ തൊഴില്‍ തേടിയെത്തിയത് മുതല്‍ നാലര പതിറ്റാണ്ടോളം ഹാജിക്ക ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യമായി ശോഭിച്ചു.
ഖത്തറില്‍ മരണപ്പെടുന്നവരുടെ ആശ്രിതരുടെ അത്താണിയായിരുന്നു ഹാജിക്ക. മയ്യിത്ത് കുളിപ്പിക്കാനും പരിപാലിക്കാനും ഖബറടക്കാനും ബന്ധുക്കളെ ആശ്വസിപ്പിക്കാനും അദ്ദേഹം മുമ്പിലുണ്ടാകും. അടുത്തവരുടെ വേര്‍പാട് താങ്ങാനാവാതെ തളര്‍ന്ന് പോകുന്ന മലയാളികള്‍ക്ക് മാത്രമല്ല, ഇതര നാട്ടുകാര്‍ക്കും രാജ്യക്കാര്‍ക്കും ഹാജിക്ക തുണയായി.
ജാതി-മത-ദേശ ഭാഷാഭേദമന്യേ ആയിരത്തോളം മൃതദേഹങ്ങളാണ് ഹാജിക്ക ഏറ്റെടുത്ത് പരിപാലിച്ചത.് അപകടങ്ങളില്‍പെട്ട് വികൃതമായ നൂറുകണക്കിന് ശരീരങ്ങള്‍ അദ്ദേഹം കുളിപ്പിക്കുകയും മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കുകയും ചെയ്തു. മയ്യിത്ത് ആശുപത്രിയിലേക്ക് മാറ്റി, കുളിപ്പിച്ച്, എംബാം ചെയ്ത്, കാര്‍ഗോ ബില്‍ ശരിപ്പെടുത്തി വിമാനത്താവളത്തില്‍ കൊണ്ടുവന്ന് നാട്ടിലെത്തിക്കുന്നത് വരെ ഹാജിക്കക്ക് വിശ്രമമില്ല. തന്റെ ശാരീരിക അവശത അവഗണിച്ചും കച്ചവടം മാറ്റിവെച്ചും മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകള്‍ ശരിപ്പെടുത്താനായി അദ്ദേഹം ഓഫീസുകള്‍ കയറിയിറങ്ങി. ദീര്‍ഘകാലത്തെ പ്രവൃത്തി പരിചയം സര്‍ക്കാര്‍ ജോലിക്കാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഹാജിക്കയെ ചിരപരിചിതനാക്കുകയും ചെയ്തു.
ഹാജിക്ക മരിച്ചവര്‍ക്ക് വേണ്ടി ജീവിക്കുകയായിരുന്നുവെന്ന് പറയുന്നത് അതിശയോക്തിയാവില്ല. നിയമക്കുരുക്കുകളില്‍പെട്ട് വട്ടംകറങ്ങുന്ന മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഏത് പാതിരാവിലും ഹാജിക്കയെ വിളിക്കാമായിരുന്നു. മൃതദേഹം എളുപ്പം വിട്ടുകിട്ടാനും കയറ്റി വിടാനുമായി നാട്ടില്‍നിന്ന് മന്ത്രിമാര്‍ പോലും അദ്ദേഹത്തെ വിളിച്ചു. അപൂര്‍വമായി, അടുത്ത ബന്ധുക്കളില്ലാത്ത മൃതശരീരങ്ങള്‍ നാട്ടിലേക്ക് അനുഗമിക്കാനും അദ്ദേഹം നിര്‍ബന്ധിതനായി.
ചെറുപ്പത്തില്‍ നാട് വിട്ട് മുംബൈയിലെത്തിയ അബ്ദുല്‍ ഖാദര്‍ ലോഞ്ച് കയറിയാണ് ഗള്‍ഫിലെത്തുന്നത്. 1965-ലെ റമദാനില്‍ ലോഞ്ച് നടുക്കടലില്‍ അപകടത്തില്‍ പെട്ടെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ജീവിതം കാറ്റിലും കോളിലും തകരാതെ രക്ഷപ്പെട്ടപ്പോള്‍ അബ്ദുല്‍ ഖാദര്‍ ഒരു പ്രതിജ്ഞയെടുത്തു. 'രക്ഷപ്പെട്ടാല്‍ ശിഷ്ട ജീവിതം ജനസേവനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവെക്കും.' ഹാജിക്ക തന്റെ ശപഥം ജീവിതാന്ത്യം വരെ നിലനിര്‍ത്തി.
ഹാജിക്കയുടെ നിസ്വാര്‍ഥ സേവനം ഏഷ്യന്‍ അംബാസിഡര്‍മാരുടെയും നേതാക്കളുടെയും പ്രശംസക്ക് പാത്രമായി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍മാരായിരുന്ന രഞ്ജന്‍ മത്തായി, ജോര്‍ജ്ജ് ജോസഫ്, ശ്രീലങ്കന്‍ അംബാസിഡറായിരുന്ന എ.എല്‍.എം യൂസുഫ്, നേപ്പാള്‍ അംബാസിഡറായിരുന്ന ഡോ. സൂര്യനാഥ് മിശ്ര പോലുള്ളവര്‍ ഹാജിക്കയുടെ ജനസേവന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചിട്ടുണ്ട്. ഗള്‍ഫ് മാധ്യമം ഖത്തര്‍ എഡിഷന്റെ പത്താം വാര്‍ഷികാഘോഷ വേളയില്‍ ഹാജിക്കയെ ആദരിക്കുകയുണ്ടായി.
തന്റെ കര്‍മഭൂമിയും തട്ടകവുമായ ഖത്തറില്‍ തന്നെയാണ് ഹാജിക്കയുടെ അന്ത്യവിശ്രമം. ജനാസ നമസ്‌കാരാനന്തരം അബൂബക്ര്‍ പള്ളിയിലും പരിസരത്തും തടിച്ചുകൂടിയ അമുസ്‌ലിംകളടക്കമുള്ള വന്‍ജനാവലി ഹാജിക്കയുടെ ജനസേവന പ്രവര്‍ത്തനത്തിന്റെ വ്യാപ്തി വിളിച്ചോതുന്നതാണ്.
Comments