Prabodhanm Weekly

Pages

Search

2014 ജനുവരി 24

മൂസ അന്തമാന്‍, എ.കെ.എം നദീര്‍ ഇദ്ഹാര്‍

പി.കെ മുഹമ്മദലി, അന്തമാന്‍

മൂസ അന്തമാന്‍
എന്റെ അയല്‍വാസിയാണ്, കുടുംബം മൂസ എന്നും കുട്ടികള്‍ മൂസാപ്പ എന്നും വിളിക്കുന്ന മാഹാളി മൂസ. ജനനം 1942-ല്‍. 1921 ലെ മലബാര്‍ സമരത്തോടനുബന്ധിച്ച് അന്തമാനിലേക്ക് നാട് കടത്തപ്പെട്ട മാഹാളി മുഹമ്മദിന്റെ 11 മക്കളില്‍ ഏറ്റവും ഇളയവന്‍. ഗ്രാമങ്ങളില്‍ അഞ്ചാം ക്ലാസിന് മുകളില്‍ വിദ്യാഭ്യാസം നേടാനുള്ള സൗകര്യമുണ്ടായിരുന്നില്ല. ആറര കിലോമീറ്റര്‍ കാല്‍നടയായും ഒന്നര മണിക്കൂര്‍ ബോട്ടിലും യാത്ര ചെയ്യണം. പഠിക്കാനുള്ള തീരുമാനം അദ്ദേഹത്തെ പോര്‍ട്ട് ബ്ലയറിലെ ബോയ്‌സ് സ്‌കൂളിലെത്തിച്ചു. ഏഴാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് മാവില്‍ നിന്ന് വീണ് അദ്ദേഹത്തിന്റെ നട്ടെല്ല് തകര്‍ന്നു. അതോടെ അരക്ക് താഴെ പൂര്‍ണമായും നിശ്ചലമായി. വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ആരോഗ്യം തിരിച്ചുകിട്ടിയില്ല. തുടര്‍ന്നുള്ള ജീവിതം വീടിനുള്ളില്‍ ഒതുങ്ങുന്നതായിരുന്നു. കുടുംബത്തിന്റെ ആഭ്യന്തര ചുമതല അദ്ദേഹം ഏറ്റെടുത്തു. പരന്ന വായനക്കും പഠനത്തിനുമായി സമയം ചെലവഴിച്ചു. സംഘടനാ ചലനങ്ങള്‍ നിരന്തരം വീക്ഷിക്കുകയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുകയും ചെയ്തു. അന്തമാനിലെത്തുന്ന പ്രസ്ഥാന നേതാക്കളെല്ലാം അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും പതിവായിരുന്നു. ഉര്‍ദു നന്നായറിയാവുന്നത് കൊണ്ട് പ്രസ്ഥാന സാഹിത്യങ്ങളും ആനുകാലികങ്ങളും വായിക്കും. പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനായിരുന്നു. കെ.ടി അബ്ദുര്‍റഹീം സാഹിബ് ഉര്‍ദു പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. അന്തമാനിന്റെ ചരിത്രം, ബ്രിട്ടീഷ്-ജപ്പാന്‍ ഭരണകാലം, മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ, നാട് കടത്തപ്പെട്ടവരെ താമസിപ്പിച്ച സ്ഥലങ്ങള്‍ എന്നിവ തീയതി വെച്ച് അദ്ദേഹം വിശദീകരിക്കുമായിരുന്നു.
മര്‍ഹൂം സയ്യിദ് ഹാമിദ് ഹുസൈന്‍ സാഹിബ് 1966-ല്‍ അന്തമാന്‍ സന്ദര്‍ശിച്ചപ്പോള്‍ മണിക്കൂറുകള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. ദഅ്‌വത്തില്‍ പ്രസിദ്ധീകരിച്ച 'സയ്യാറോം കി ജന്നത്' (സഞ്ചാരികളുടെ സ്വര്‍ഗം) എന്ന യാത്രാവിവരണത്തില്‍ അദ്ദേഹത്തെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സയ്യിദ് ജലാലുദ്ദീന്‍ ഉമരി, മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബ്, കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് തുടങ്ങി അന്തമാന്‍ സന്ദര്‍ശിച്ച പ്രസ്ഥാന നേതാക്കളൊക്കെയും അദ്ദേഹത്തോടൊപ്പം അര മണിക്കൂറെങ്കിലും ചെലവഴിക്കാതിരുന്നിട്ടില്ല. വളരെ സജീവമായ ചര്‍ച്ചകളായിരിക്കും നടക്കുക. രോഗത്തെ കുറിച്ച് അന്വേഷിച്ചാല്‍ ഒരു പുഞ്ചിരി മാത്രം.



എ.കെ.എം
നദീര്‍ ഇദ്ഹാര്‍
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷനും ഗ്രന്ഥകാരനുമായ പ്രഫ. എ.കെ.എം നദീര്‍ ഇദ്ഹാര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. പ്രസ്ഥാനത്തിനു വേണ്ടി പലതവണ ജയില്‍വാസമനുഷ്ഠിക്കുകയും പീഡനങ്ങളേറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ വീട് ഗവണ്‍മെന്റ് ഏജന്‍സികള്‍ റെയ്ഡ് നടത്തുകയും മകന്‍ ഫുആദിനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തിരുന്നു. തൊട്ടുടനെയുണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
കോമില്ല ജില്ലയില്‍ ബൊവാലിയ ഗ്രാമത്തില്‍ 1939-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ധാക്ക യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1967-ല്‍ ജമാഅത്തെ ഇസ്‌ലാമി കോമില്ലാ ജില്ലാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ കേന്ദ്ര കമ്മിറ്റികളിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോമില്ല വിക്‌ടോറിയ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനുമായിരുന്നു. ബംഗ്ലാദേശ് ഇസ്‌ലാമിക് സെന്ററിന്റെ ഡയറക്ടര്‍ കൂടിയായിരുന്ന അദ്ദേഹം 35 ഇസ്‌ലാമിക പുസ്തകങ്ങളുടെ കര്‍ത്താവാണ്.
പ്രഫ. നദീര്‍ ഇദ്ഹാറിന്റെ വിയോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മരണം മുസ്‌ലിം ലോകത്തിന് വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മൗലാനാ ഉമരി പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/9-13
എ.വൈ.ആര്‍