Prabodhanm Weekly

Pages

Search

2014 ജനുവരി 24

ധൂര്‍ത്തിന്റെ മാനദണ്ഡം

താഹ ആലപ്പുഴ

ധൂര്‍ത്തിന്റെ മാനദണ്ഡം

ധൂര്‍ത്തിന്റെ മാനദണ്ഡം എന്താണ്? 150 രൂപ മുതല്‍ 4000 രൂപയുടെ വരെ ഷര്‍ട്ടുകള്‍ മാര്‍ക്കറ്റില്‍ ലഭിക്കും. വാഹനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഒരു ലക്ഷം മുതല്‍ 4 കോടി വരെയുള്ള കാറുകളും സുലഭം. വീടിന്റെ കാര്യത്തിലാണെങ്കില്‍ 10 ലക്ഷം മുതല്‍ ഒരു കോടിക്കും 5 കോടിക്കും വീട് പണിയാം. ഇസ്‌ലാമിക പ്രവര്‍ത്തകരും ചില പണ്ഡിതരും ഉള്‍പ്പെടെയുള്ളവര്‍ ഈ രീതി അനുകരിക്കുന്നു. വില കൂടിയ വസ്ത്രങ്ങളും വാഹനവും വീടും ഉപയോഗിക്കുന്നവരെല്ലാം പറയുന്നത് തങ്ങള്‍ക്ക് അതിന് കഴിവുണ്ട് എന്നാണ്. സാമ്പത്തികമായി കഴിവുള്ളവര്‍ക്ക് അല്ലാഹു നല്‍കിയ സമ്പത്ത് അവര്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഇങ്ങനെ യഥേഷ്ടം ഉപയോഗിക്കാനുള്ള അനുമതി ഇസ്‌ലാം നല്‍കിയിട്ടുണ്ടോ? പ്രവാചക-സ്വഹാബി ചരിത്രങ്ങളിലെല്ലാം ദരിദ്രരായി ജീവിച്ചവരുടെ അനുഭവങ്ങളാണ് കാണുന്നത്. മുജീബിന്റെ പ്രതികരണം?
 താഹ ആലപ്പുഴ

ധൂര്‍ത്ത് ആപേക്ഷികമാണ്. വ്യക്തികളുടെ സ്ഥാനം, പദവി, ജോലിയുടെ സ്വഭാവം, കുടുംബത്തിന്റെ വലിപ്പ ചെറുപ്പം, സാമൂഹികമായ ബാധ്യതകള്‍ തുടങ്ങി പലതിനെയും ആശ്രയിച്ചിരിക്കുന്നു വീടുകള്‍, വാഹനങ്ങള്‍ മുതലായവയുടെ നിലവാരം. ഇക്കാര്യങ്ങളിലൊന്നും ഇസ്‌ലാം കൃത്യമായ അതിര്‍വരമ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇസ്‌ലാം പ്രകൃതി മതമാണ്, ദുര്‍വഹമായ ഭാരങ്ങള്‍ അത് മനുഷ്യരുടെ മേല്‍ കെട്ടിയേല്‍പിക്കുന്നില്ല. വിശാലവും ലളിതവും സന്തുലിതവും പ്രായോഗികവുമാണതിന്റെ ശാസനകള്‍ എന്നിത്യാദി വസ്തുതകളാണ് കര്‍ക്കശ വ്യവസഥകള്‍ നിശ്ചയിക്കാതിരിക്കാന്‍ കാരണം. അതേസമയം പരമാവധി ലളിതവും സാമൂഹിക കടമകള്‍ വിസ്മരിക്കാത്തതും സുഖഭോഗങ്ങളിലേക്ക് വിശ്വാസികളെ തള്ളിവിടാത്തതുമായ ജീവിതശൈലിയാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. വിശിഷ്യ ഭക്ഷണം, വസ്ത്രം, ഭവന നിര്‍മാണം, വിവാഹം, വാഹനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഇല്ലായ്മയും വല്ലായ്മയുമായി കഴിയുമ്പോള്‍ ധൂര്‍ത്തെന്നും ദുര്‍വ്യയമെന്നും ആര്‍ക്കും തോന്നാവുന്ന ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കുക തന്നെ വേണം. നബി(സ)യുടെ ശിഷ്യന്മാരില്‍ തന്നെ അബൂദര്‍റുല്‍ ഗിഫാരിയെപ്പോലെ കിട്ടുന്നതെന്തും ദാനം ചെയ്ത് സ്വയം പരമാവധി സംയമനത്തോടെ ജീവിച്ചവരും മിതമായി ചെലവഴിച്ചും സൗകര്യങ്ങള്‍ അനുഭവിച്ചും ജീവിച്ചവരും ഉണ്ടായിരുന്നു. ''നീ ചോദിക്ക്, അല്ലാഹു തന്റെ ദാസന്മാര്‍ക്ക് പ്രദാനം ചെയ്ത സൗന്ദര്യവസ്തുക്കളും നല്ല ആഹാരവും നിഷിദ്ധമാക്കിയവര്‍ ആരാണ്? നീ പറയണം, അതൊക്കെ ഇഹത്തില്‍ വിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്, പരത്തില്‍ അവര്‍ക്ക് മാത്രവുമാണ്'' (7:32) എന്നതാണ് ഖുര്‍ആന്റെ അധ്യാപനം. തന്റെ വസ്ത്രവും ചെരിപ്പും വാഹനവുമൊക്കെ നല്ലതായിരിക്കണമെന്ന് വിശ്വാസി ആഗ്രഹിക്കുക സ്വാഭാവികമാണെന്നും നബി(സ) അരുള്‍ ചെയ്തിട്ടുണ്ട്. സ്വന്തത്തോടും ഇണയോടും വിശ്വാസിക്ക് ബാധ്യതകളുണ്ടെന്ന്, വളരെ മുഷിഞ്ഞും പകല്‍ മുഴുവന്‍ നോമ്പനുഷ്ഠിച്ചും രാത്രി മുഴുവന്‍ നമസ്‌കരിച്ചും കഴിഞ്ഞ അബൂദ്ദര്‍ദാഇനെ സല്‍മാനുല്‍ ഫാരിസി ഓര്‍മിപ്പിച്ചത് നബി(സ) ശരിവെക്കുകയാണ് ചെയ്തത് എന്നും മറക്കരുത്.

ഹിസ്റ്ററി കോണ്‍ഫറന്‍സിലെ ലീഗ് പങ്കാളിത്തം   

കോഴിക്കോട് ജെ.ഡി.റ്റിയില്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ മുസ്‌ലിം ലീഗ് മന്ത്രിമാര്‍ പങ്കെടുത്തതിനെ ശക്തമായി വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ രംഗത്ത് വന്നതായി വാര്‍ത്ത. ജമാഅത്തെ ഇസ്‌ലാമി മതേതര സ്വഭാവം കാട്ടി, പൊതുസമൂഹത്തില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ച് കടന്നുകൂടാന്‍ ശ്രമിക്കുകയാണെന്നും ലീഗ് അതിന് വഴിവെച്ച് കൊടുക്കരുതെന്നുമായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞ പ്രസ്ഥാനമാണ് യൂത്ത് ലീഗെന്നും ആ മതേതര മുഖം ഇല്ലാതാക്കരുതെന്നുമായിരുന്നു അവര്‍ വാദിച്ചത് (മാതൃഭൂമി 2013 ഡിസംബര്‍ 27). പ്രതികരണം?
ഉമര്‍ എ വെങ്ങന്നൂര്‍

കേരള മുസ്‌ലിംകളുടെ സമ്പന്നമായ ഭൂതകാലത്തെ വിസ്മരിക്കാനും വളച്ചൊടിക്കാനും വികലമായവതരിപ്പിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ചരിത്രത്തെ പരമാവധി സമഗ്രമായും സത്യസന്ധമായും അവതരിപ്പിക്കാന്‍ എല്ലാ വിഭാഗത്തിലും പെട്ട ചരിത്ര ഗവേഷകരെയും പണ്ഡിതന്മാരെയും സഹൃദയരെയും പങ്കെടുപ്പിച്ച് നടത്തിയതായിരുന്നു ഹെറിറ്റേജ് കോണ്‍ഫറന്‍സ്. ഹിന്ദു-മുസ്‌ലിം, ഇടതുപക്ഷ-വലതുപക്ഷ, സുന്നി-മുജാഹിദ് വിഭാഗങ്ങളൊക്കെ അതിനോട് സഹകരിക്കുകയും ചെയ്തു. മുസ്‌ലിം ലീഗില്‍ നിന്ന് പാണക്കാട് സാദിഖ് അലി ശിഹാബ്, മുനവ്വറലി ശിഹാബ്, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, സി.പി.എമ്മിലെ ടി.കെ ഹംസ, പി.ടി കുഞ്ഞുമുഹമ്മദ്, സുന്നികളിലെ കോഴിക്കോട് വലിയ ഖാദി, കേന്ദ്രമന്ത്രി റഹ്മാന്‍ ഖാന്‍, എം.ഐ ഷാനവാസ്, എം.എ യൂസുഫലി, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങി പ്രമുഖരുടെ ഒരു പട തന്നെ പരിപാടികളില്‍ പങ്കെടുത്തു. ഡോ. എം.ജി.എസ് നാരായണന്‍, കെ.കെ.എന്‍ കുറുപ്പ് തുടങ്ങിയ ചരിത്രകാരന്മാര്‍ വേറെയും. കാര്യങ്ങളെ അതിന്റെ യഥാര്‍ഥ പശ്ചാത്തലത്തില്‍ കാണുന്നവരാരും കോണ്‍ഫറന്‍സിനെ എതിര്‍ത്തില്ലെന്ന് മാത്രമല്ല, മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ ശേഷമാണ് ചില ഒറ്റപ്പെട്ട അപസ്വരങ്ങള്‍ പുറത്ത് വന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായി എന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളും ആരാണ് എതിര്‍ത്തത് എന്ന് വ്യക്തമാക്കിയില്ല. പഴയത് പോലെ പുകമറ സൃഷ്ടിക്കാനുള്ള വിഫലശ്രമം എന്നേ അതേപ്പറ്റി പറയാനുള്ളൂ. ആരും ഈ വിവാദമേറ്റെടുത്തിട്ടില്ല. ആര്‍.എസ്.എസ് ഹിന്ദു പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന പോലെ മുസ്‌ലിം പൈതൃകബോധം ഉജ്ജീവിപ്പിച്ച് മിഥ്യാഭിമാനം വളര്‍ത്താനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നീക്കമായി ആരോപിച്ച് ഇപ്പോള്‍ ചില ഇടതുപക്ഷക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്.
പൈതൃകമില്ലാത്തവരും ഉള്ള പൈതൃകം ലോകത്തൊക്കൊണ്ട് മറപ്പിക്കാന്‍ പാടുപെടുന്നവരും അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവരൊക്കെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് നേരെ സാമൂഹികമായ ഊര് വിലക്കിന് എത്ര ശ്രമിച്ചാലും സുമനസ്സുകള്‍ അത് തള്ളിക്കളയും എന്നതിന്റെ തെളിവാണ് ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ചരിത്ര വിജയം. കേരളത്തിലെ മണ്‍മറഞ്ഞ നവോത്ഥാന നായകരെയൊക്കെ തങ്ങളുടേതാക്കാന്‍ പാടുപെടുന്ന തിരുകേശപൂജകരുടെ വിമര്‍ശനവും അവഗണിച്ചുതള്ളാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു പ്രയാസവുമില്ല.

ഇസ്‌ലാമിക ഭരണത്തില്‍
അമുസ്‌ലിംകള്‍ക്ക് വേറെ നിയമമോ?

സ്‌ലാമിക ഭരണം മദ്യ നിരോധം അധികാരത്തിന്റെ തിണ്ണബലത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് കൊടുത്ത മറുപടിയില്‍ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ തെറ്റിച്ച മുസ്‌ലിംകള്‍ക്ക് നടപ്പിലാക്കിയ ശിക്ഷാവിധികള്‍ ഉദാഹരിച്ചപ്പോള്‍ 'മുജീബ്' അവിടെ ഉണ്ടായിരുന്ന അമുസ്‌ലിംകളുടെ കാര്യം മറന്നു. ബൈബിളിന്റെ ധാര്‍മികാധ്യാപനങ്ങള്‍ മുസ്‌ലിംകളുടെയോ മറ്റുള്ളവരുടെയോ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഫാഷിസം ആയതുപോലെ ഇസ്‌ലാമിലോ ഖുര്‍ആനിലോ വിശ്വസിക്കാത്തവരുടെ മേല്‍ അതിന്റെ ധാര്‍മികാധ്യാപനങ്ങള്‍ സദുപദേശത്തോടെയല്ലാതെ ശക്തിയും അധികാരവും ഉപയോഗിച്ച് നടപ്പിലാക്കിയതിനു വല്ല തെളിവും ഇസ്‌ലാമിക ചരിത്രത്തിലുണ്ടോ?
മദ്യപാനമോ അതുപോലെയുള്ള ദൂഷ്യങ്ങളോ ഒരു സുപ്രഭാതത്തില്‍ അധികാരം ഉപയോഗിച്ച് ഉഛാടനം ചെയ്യാന്‍ കഴിയില്ലെന്നത് നഗ്ന സത്യമായിരിക്കെ ഇസ്‌ലാമികാഭിമുഖ്യമുള്ളവര്‍ അധികാരത്തിലേറിയാല്‍ ഇത്തരം കാര്യങ്ങളിലാണ് പൊതുവെ ശ്രദ്ധിക്കാറ് (അല്ലെങ്കില്‍ ചര്‍ച്ചകള്‍ക്ക് വിഷയമാവാറ്). അത്തരം വിഷയങ്ങളൊക്കെ മനുഷ്യരുടെ ധാര്‍മിക ബോധ്യത്തിനു വിടുകയും തിന്മകള്‍ സാമൂഹിക ജീവിതത്തെ ബാധിക്കുന്നതില്‍ ജാഗ്രത്താവുകയും ചെയ്ത് (പ്രവാചകന്‍ ജൂതന്മാര്‍ക്കിടയില്‍ അവരുടെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നല്ലോ വിധി നടപ്പിലാക്കിയത്) സാമൂഹികനീതി ഉറപ്പ് വരുത്തിയ ശക്തമായ ഭരണമാണല്ലോ കാലഘട്ടം ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നത്?
 അബ്ദുല്‍ ഗഫൂര്‍ കുനിയില്‍

ഇസ്‌ലാമിക ഭരണത്തില്‍ മദ്യം നിയമം മൂലം നിരോധിച്ചതിനോ അതിന്റെ പേരില്‍ ശിക്ഷ വിധിച്ചതിനോ തെളിവുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് തെളിവുകളുണ്ടെന്ന് സോദാഹരണം മറുപടിയും നല്‍കി. മറ്റു കാര്യങ്ങളൊക്കെ താങ്കള്‍ക്ക് അത് വായിച്ചപ്പോഴുണ്ടായ സംശയങ്ങളാണ്. അതിന് മറുപടി വേറെത്തന്നെ നല്‍കാം.
ഭരണകൂടത്തിന്റെ-അതേത് വ്യവസ്ഥയിലായാലും-പ്രാഥമിക ചുമതല ക്രമസമാധാനപാലനമാണ്. അതുമായി ബന്ധപ്പെട്ടതാണ് കുറ്റവും ശിക്ഷയും. സദുപദേശത്തിനും ബോധവത്കരണത്തിനും സര്‍ക്കാറുകള്‍ വേറെത്തന്നെ ഏര്‍പ്പാട് ചെയ്യണം. ഇസ്‌ലാമിക ഭരണകൂടങ്ങള്‍ വിദ്യാഭ്യാസത്തിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും അത് നിര്‍വഹിക്കുകയും ചെയ്യും. ക്രിമിനല്‍ നിയമങ്ങള്‍ മതഭേദം കൂടാതെ മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമാണ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും. ഇസ്‌ലാമിക ഭരണകൂടത്തിലും അതങ്ങനെത്തന്നെ ആയിരിക്കും. കൊല, കൊള്ള, മോഷണം, വഞ്ചന, മദ്യപാനം, വ്യഭിചാരം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളില്‍ തന്റെ മതപ്രകാരം അത് കുറ്റമല്ലെന്നോ ശിക്ഷ മറ്റൊന്നാണെന്നോ ഒരു പൗരനും അവകാശപ്പെട്ടിട്ട് കാര്യമില്ല. അതൊരു സര്‍ക്കാറും വകവെച്ചു കൊടുക്കുകയില്ല. ഒരു പ്രത്യേക മതക്കാര്‍ക്ക് മാത്രമായി മദ്യപാനം പോലുള്ള തിന്മകള്‍ കുറ്റകരമല്ലാതാക്കാനും കഴിയില്ല. നബി(സ)യോ ഖലീഫമാരോ അങ്ങനെ ചെയ്തിട്ടുമില്ല. നിലവിലെ സാഹചര്യങ്ങളില്‍ ഒരു മുസ്‌ലിം രാജ്യത്ത് ഇസ്‌ലാമിക പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നാല്‍ ഒന്നാമതായി നടപ്പാക്കേണ്ടത്  ശരീഅത്തിലെ ശിക്ഷാവിധികളാണോ എന്ന പ്രശ്‌നം മറ്റൊരു വിഷയമാണ്. അക്കാര്യത്തില്‍ പണ്ഡിതന്മാര്‍ ധാരാളം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ഒരു വ്യഭിചാര കേസില്‍ പ്രതിയായ ജൂതനെ രക്ഷിക്കാന്‍ പുരോഹിതന്മാര്‍ ശ്രമിച്ചപ്പോള്‍, നിങ്ങളുടെ വേദഗ്രന്ഥമായ തൗറാത്ത് കൊണ്ടുവരൂ, അതിലെന്താണ് വ്യഭിചാരത്തിന്റെ ശിക്ഷ എന്ന് പരിശോധിക്കൂ എന്ന് നബി(സ) ആവശ്യപ്പെട്ട സംഭവമുണ്ട്. തൗറാത്തിലെ ശിക്ഷ ഇസ്‌ലാമിലെ ശിക്ഷ തന്നെയാണെന്ന് തിരുമേനിക്കറിയാമായിരുന്നു. അതിനാല്‍ തൗറാത്തിലെ ശിക്ഷാവിധി മറച്ചുവെക്കാന്‍ ജൂത പുരോഹിതന്മാര്‍ നടത്തിയ ശ്രമം വിഫലമാവുകയും ചെയ്തു. ഈ സംഭവം പൊക്കിപ്പിടിച്ച് ഇസ്‌ലാമിക ഭരണത്തില്‍ ഭിന്ന മതക്കാര്‍ക്ക് ഭിന്ന ശിക്ഷാ വിധി എന്ന് കണ്ടെത്താനുള്ള ന്യായം അസ്വീകാര്യമാണ്. വിശ്വാസ കാര്യങ്ങളിലോ ധാര്‍മിക വ്യവസ്ഥകളിലോ ദൈവിക മതങ്ങള്‍ക്കിടയില്‍ വ്യത്യാസം ഇല്ല, ഉണ്ടാവുകയുമില്ല. ശിക്ഷകളുടെ കാര്യത്തില്‍ കാലോചിത വ്യത്യാസങ്ങള്‍ ഉണ്ടാവാം, ഉണ്ടായിട്ടുമുണ്ട്. പക്ഷേ, ഇസ്‌ലാമിക ശരീഅത്ത് വന്നതോടെ പൂര്‍വിക ശരീഅത്തുകളെല്ലാം ദുര്‍ബലപ്പെട്ടു. ഇസ്‌ലാമിക ഭരണകൂടങ്ങള്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചേ നിയമനിര്‍മാണവും നീതിന്യായവ്യവസ്ഥയും നടപ്പാക്കാന്‍ പറ്റൂ. വ്യക്തിനിയമങ്ങളില്‍ മാത്രം ഭിന്ന മതക്കാര്‍ക്ക് അവരുടെ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/9-13
എ.വൈ.ആര്‍