മലബാറിലെ മാപ്പിളപ്പെണ്‍കൊടിയുടെ മനോഹരമായ അറബി പ്രസംഗം

ടീച്ചര്‍ ജനിച്ചു വളര്‍ന്ന സാമൂഹികാന്തരീക്ഷം എങ്ങനെയുള്ളതായിരുന്നു?
കേരള മുസ്‌ലിം നവോത്ഥാന രംഗത്ത് വലിയ പാരമ്പര്യമുള്ള പ്രദേശമാണ് മലപ്പുറം ജില്ലയിലെ പുളിക്കല്‍. അതിനടുത്ത പുത്തൂപാടം എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ക്കു പുറമെ കുറച്ച് നായന്മാരും തിയ്യന്മാരും പണിക്കന്മാരും മറ്റും താമസിച്ചിരുന്ന പ്രദേശമായിരുന്നു അത്. കൃഷിയായിരുന്നു അധികപേരുടെയും ഉപജീവന മാര്‍ഗം. അധിക ജനങ്ങളും പരമ്പരാഗത സമീപനം പുലര്‍ത്തുന്നവരായിരുന്നെങ്കിലും പുരോഗമന കാഴ്ചപ്പാടുള്ളവരും മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിരുന്നു. പുരോഗമന കാഴ്ചപ്പാടിന്റെ അടയാളമായിരുന്നു ഞാന്‍ ജനിക്കുന്നതിനും മുമ്പേ അവിടെ സ്ഥാപിക്കപ്പെട്ടിരുന്ന എല്‍.പി സ്‌കൂള്‍. അക്കാലത്ത് സ്‌കൂളുകള്‍ തീരെ കുറവായിരുന്നല്ലോ. പക്ഷേ, 1930 കളില്‍ തന്നെ പുത്തൂപാടത്ത് എല്‍.പി സ്‌കൂള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. നീരുട്ടിക്കല്‍ ആല്യാക്ക എന്ന വ്യക്തിയായിരുന്നു അതിന്റെ ആദ്യ മാനേജര്‍. പ്രദേശത്തെ വലിയ കുടുംബാംഗമായിരുന്നു അദ്ദേഹം. പിന്നീട് കുറ്റിത്തൊടി അസീസ് മാസ്റ്റര്‍ ദീര്‍ഘകാലം മാനേജറും ഹെഡ്മാസ്റ്ററുമായിരുന്നു
കുടുംബത്തെപ്പറ്റി?
സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമാന്യം ഭേദപ്പെട്ട പാണമ്പ്ര കുതിരക്കോട് കുടുംബത്തില്‍ 1942-ലാണ് ഞാന്‍ ജനിച്ചത്. ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യമുള്ള കുടുംബം. എന്റെ വാപ്പ പി.കെ മൂസ മൗലവി ഞാന്‍ ജനിക്കുന്നതിനു മുമ്പുതന്നെ മതപണ്ഡിതന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. വാപ്പയുടെ വാപ്പ കോയാ മുസ്‌ലിയാര്‍ മതപണ്ഡിതനായിരുന്നു. വല്യുപ്പ ഞാന്‍ ജനിക്കുംമുമ്പേ മരണപ്പെട്ടിട്ടുണ്ട്. വാപ്പയുടെ ജ്യേഷ്ഠന്‍ പി.കെ മൊയ്തീന്‍ മുസ്‌ലിയാരും പണ്ഡിതനായിരുന്നു. ഈ പാരമ്പര്യത്തില്‍ നിന്നാണ് വാപ്പയും മതപണ്ഡിതനായി വളര്‍ന്നത്. എന്റെ ഉമ്മ തച്ചറക്കാവില്‍ കോമുക്കുട്ടി ഹാജിയുടെ മകള്‍ ഫാത്വിമ കുട്ടി.
പി.കെ മൂസ മൗലവി കേരളത്തില്‍ അറിയപ്പെടുന്ന മതപണ്ഡിതനായിരുന്നല്ലോ?
വിവിധ പള്ളി ദര്‍സുകളുടെയും വാഴക്കാട് ദാറുല്‍ ഉലൂമിന്റെയും സന്തതിയായിരുന്നു വാപ്പ പി.കെ മൂസ മൗലവി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായിരുന്ന അദ്ദേഹം, ഒരു കാലത്ത് കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് തന്റേതായ വൈജ്ഞാനിക സംഭാവനകള്‍ അര്‍പ്പിക്കുകയുണ്ടായി. ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ മുഖപത്രമായ അല്‍ മനാറിന്റെ പ്രസാധനത്തിന് മുന്‍കൈയെടുത്ത അദ്ദേഹം തന്നെയായിരുന്നു അതിന്റെ സ്ഥാപക പത്രാധിപര്‍. 1991 ല്‍ മരണപ്പെടുന്നതുവരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു. ഹിജ്‌റ 1307 റബീഉല്‍ അവ്വല്‍ 12 നാണ് അദ്ദേഹം ജനിച്ചത്; കോയാ മുസ്‌ലിയാരുടെയും മര്‍യം ബീവിയുടെയും രണ്ടാമത്തെ മകനായി. പുളിക്കല്‍, തലേക്കര, ഫറോഖ് പേട്ട, കൊണ്ടോട്ടി, മൊറയൂര്‍, കൂട്ടായി തുടങ്ങിയിടങ്ങളിലെ പള്ളിദര്‍സുകളിലായിരുന്നു വാപ്പയുടെ പഠനം. ചെറുശേരി അഹ്മദ്കുട്ടി മുസ്‌ലിയാര്‍, കൊല്ലോളി അഹ്മദ്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ അക്കാലത്തെ പ്രഗത്ഭ പണ്ഡിതന്മാര്‍ വാപ്പയുടെ ഉസ്താദുമാരായിരുന്നു. കുറച്ചുകാലം താമരശ്ശേരി കിഴക്കോത്ത് പള്ളിയില്‍ മുദര്‍രിസും ഖത്വീബുമായി ജോലി ചെയ്തു. പിന്നീടാണ്, അക്കാലത്ത് പ്രസിദ്ധമായിരുന്ന വാഴക്കാട് ദാറുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായത്. ചാലിലകത്തിന്റെ ശിഷ്യത്വം വാപ്പയെ പുരോഗമന ആശയക്കാരനായ പണ്ഡിതനാക്കി വളര്‍ത്തുകയായിരുന്നു. അഞ്ചു വര്‍ഷം ദാറുല്‍ ഉലൂമില്‍ പഠിച്ചു. ചാലിലകത്ത് പിന്നീട് തന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ വളപട്ടണത്തേക്ക് മാറ്റിയപ്പോള്‍, വാപ്പയെ അവിടെ സഹാധ്യാപകനായി നിയമിച്ചു. അവിടെ നിന്ന് പോന്ന ശേഷം കോഴിക്കോട് കോട്ടുമ്മല്‍ മുദര്‍റിസായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള ഖിലാഫത്ത് പ്രസ്ഥാനം സജീവമായിരുന്ന കാലമായിരുന്നല്ലോ അത്, വാപ്പയും അതില്‍ പങ്കാളിയായി. ഖിലാഫത്ത് സമ്മേളനങ്ങളില്‍ പലപ്പോഴും വാപ്പ പ്രസംഗിച്ചിരുന്നു. ഇതുമൂലം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നോട്ടപ്പുള്ളിയായി. പലപ്പോഴും ഒളിവു ജീവിതമാണ് നയിച്ചിരുന്നത്.
ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന് പി.കെ മൂസ മൗലവിയുടെ സംഭാവനകള്‍ എന്തൊക്കെയാണ്?
കെ.എന്‍.എമ്മിന്റെ സ്ഥാപക വൈസ് പ്രസിഡന്റും കെ.എം മൗലവിക്കുശേഷം പ്രസിഡന്റുമായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഘാടനത്തിന് പുറമെ, മദ്‌റസാ പാഠപുസ്തകങ്ങളുടെ നിര്‍മാണം, അല്‍മനാറിന്റെ പത്രാധിപത്യം, ഖുര്‍ആന്‍ പരിഭാഷ തുടങ്ങിയവയായിരുന്നു വാപ്പയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഓത്തു പലകകളില്‍നിന്ന് പാഠപുസ്തകങ്ങളിലേക്ക് കേരളത്തിലെ മതവിദ്യാഭ്യാസം മാറിക്കൊണ്ടിരുന്ന കാലമായിരുന്നല്ലോ അത്. പുതിയ പാഠപുസ്തകങ്ങള്‍ രചിക്കുന്നതില്‍ ചാലിലകത്തിന്റെ വലംകൈയായി നിന്നത് വാപ്പയായിരുന്നു. കോട്ടുമ്മല്‍ സ്ഥാപിച്ച അറബി-മലയാള പ്രസില്‍ നിന്നാണ് മദ്‌റസാ പാഠപുസ്തകങ്ങള്‍ അച്ചടിച്ചിരുന്നത്. വാപ്പ അതിന് മേല്‍നോട്ടം വഹിച്ചു. 1926-ല്‍ വാപ്പ കോഴിക്കോട് മദ്‌റസ മുഹമ്മദിയ്യയില്‍-ഇന്നത്തെ എം.എം ഹൈസ്‌കൂള്‍-അധ്യാപകനായി. അക്കാലത്ത് യൂസുഫ് ഇസുദ്ദീന്‍ മൗലവി കോഴിക്കോട്ട് പ്രസംഗിക്കാന്‍ വന്നിരുന്നു. പ്രമുഖ ഇസ്വ്‌ലാഹി പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അന്ധവിശ്വാസ, അനാചാരങ്ങള്‍ക്കെതിരായിരുന്നു പ്രസ്തുത പരിപാടി. വാപ്പ അതിന്റെ സംഘാടനത്തില്‍ പ്രധാന പങ്കുവഹിച്ചു. പരിപാടി കഴിഞ്ഞതോടെ മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍നിന്ന് വാപ്പ പുറത്താക്കപ്പെട്ടു. പിന്നീട് മയ്യഴി, കൊച്ചി, അത്തോളി, വടുതല തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളിലും പള്ളികളിലും അധ്യാപകനായിരുന്നു.
ഇസ്‌ലാമിക പുസ്തകങ്ങളുടെ പ്രസാധനവും പ്രചാരണവും ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട, കോഴിക്കോട്ടെ 'ഇസ്‌ലാമിക് ലിറ്ററേച്ചര്‍ സൊസൈറ്റി'യുടെ സ്ഥാപകരില്‍ ഒരാളായിരുന്നു വാപ്പ. ഒരു ഖുര്‍ആന്‍ പരിഭാഷ പുറത്തിറക്കുക എന്നതായിരുന്നു സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം. വാപ്പക്കുപുറമേ കെ.എം സീതി സാഹിബ്, ഉപ്പി സാഹിബ് തുടങ്ങിയവരൊക്കെ ആ സംരംഭത്തില്‍ പങ്കാളികളായിരുന്നു. അല്‍ബഖറയുടെ ഏതാനും ഭാഗങ്ങള്‍ മാത്രമേ സൊസൈറ്റിക്ക് പ്രസിദ്ധീകരിക്കാനായുള്ളൂ. 'വിശുദ്ധ ഖുര്‍ആന്‍ വിവരണ'ത്തില്‍ അല്‍കഹ്ഫ് മുതല്‍ അന്നംല് വരെയുള്ള ഭാഗങ്ങളുടെ രചനയില്‍ വാപ്പയും പങ്കുവഹിച്ചിട്ടുണ്ട്. സഞ്ചാരപ്രിയനായതുകൊണ്ടാകാം സിംഗപ്പൂരിലും സിലോണിലുമൊക്കെ പോയി താമസിച്ചിരുന്നു.
മിക്കവാറും ദീനീവിഷയങ്ങളിലെല്ലാം വാപ്പക്ക് നല്ല അറിവുണ്ടായിരുന്നു. ഖുര്‍ആനും നബിചരിത്രവുമായിരുന്നു ഇഷ്ടവിഷയങ്ങള്‍. ഭൂമിശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയവയിലും തല്‍പരനായിരുന്നു. സൂറത്തുല്‍ ഇഖ്‌ലാസ്, യാസീന്‍, അമ്മജുസ്അ് തുടങ്ങിയവയുടെ വ്യാഖ്യാനവും, പ്രവാചക ചരിത്രമായ അല്‍ഖിസ്താസുല്‍ മുസ്തഖീം, തുഹ്ഫത്തുല്‍ഈദ് തുടങ്ങിയ പുസ്തകങ്ങളും വാപ്പ എഴുതിയിട്ടുണ്ട്. സി.എച്ച് മുഹമ്മദ് കോയ, പി.പി ഉമര്‍കോയ, കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ തൊഴില്‍ മന്ത്രിയായിരുന്ന ടി.എ. മജീദ് തുടങ്ങിയവരൊക്കെ വാപ്പയുടെ ശിഷ്യന്മാരാണ്.
ഞങ്ങള്‍ എഴു മക്കളാണ്. വാപ്പ ആദ്യം വിവാഹം കഴിച്ചത്, എന്റെ ഉമ്മ ഫാത്വിമക്കുട്ടിയെയായിരുന്നു. അതില്‍ മൂന്നു മക്കള്‍. എനിക്കുപുറമെ മൂത്തസഹോദരി മര്‍യം, സഹോദരന്‍ പി.കെ.മുഹമ്മദ്. പിന്നീട് ചാലിലകത്തിന്റെ മകളെ വിവാഹം ചെയ്തു. മറ്റൊരു മകളെ ചാലിലകത്തിന്റെ ശിഷ്യനും വാപ്പയുടെ സതീര്‍ഥ്യനുമായിരുന്ന പ്രമുഖ ഇസ്വ്‌ലാഹി പണ്ഡിതന്‍ കെ.എം മൗലവിയും വിവാഹം കഴിക്കുകയുണ്ടായി. ഈ ബന്ധത്തില്‍ നാല് മക്കളാണുള്ളത്. പി.കെ.കെ.അഹ്മദ്, ഖദീജ, ബീഫാത്വിമ, പി.കെ.മുഹമ്മദലി. എന്റെ ജ്യേഷ്ഠന്‍ പി.കെ മുഹമ്മദ് അറബ് ന്യൂസിന്റെ എഡിറ്ററായിരുന്നു ദീര്‍ഘകാലം. എന്നെക്കാള്‍ അഞ്ച് വയസ് കൂടുതലുള്ള അദ്ദേഹം സുഊദിയില്‍നിന്ന് തിരിച്ചെത്തിയിട്ട് മൂന്നുവര്‍ഷമേ ആയുള്ളൂ. മറ്റൊരു സഹോദരന്‍ പി.കെ.കെ അഹ്മദ് പാകിസ്താനിലേക്ക് പോവുകയായിരുന്നു. അവിടെ വലിയ കമാണ്ടറൊക്കെ ആയി വിരമിച്ച ശേഷമാണ് അദ്ദേഹം മരണപ്പെട്ടത്.
പഠന കാലത്തെ കുറിച്ച്?
ജ്യേഷ്ഠത്തി മര്‍യം ആണ് എന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത്. പഠിക്കുക, പഠിപ്പിക്കുകയെന്നത് അവര്‍ക്ക് വലിയ താല്‍പര്യമുള്ള കാര്യമായിരുന്നു. പുത്തൂപാടം എല്‍.പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിലവാരം പോരെന്നും ഐക്കരപ്പടി യു.പി സ്‌കൂളിലേക്ക് എന്നെ മാറ്റി ചേര്‍ക്കണമെന്നും ചിലര്‍ പറയുകയുണ്ടായി. അപ്പോഴാണ് ജ്യേഷ്ഠത്തി ഇടപെട്ടത്. പുളിക്കല്‍ 'മദീനത്തുല്‍ഉലൂം' അറബിക് കോളേജ് തുടങ്ങിയിട്ടുണ്ടല്ലോ. സുബൈദയെ അവിടെ ചേര്‍ത്താലെന്താണ് എന്നായി അവര്‍. പുത്തൂപാടത്തു നിന്ന് പുളിക്കലേക്കുള്ള യാത്ര അക്കാലത്ത് പ്രയാസകരമായിരുന്നു. ഇടവഴികളിലൂടെ നടന്നു പോവുകയെന്നത് ഒരു പെണ്‍കുട്ടിക്ക് അത്ര സുഖമുള്ള കാര്യമായിരുന്നില്ല. പിന്നെ രാവിലെ ഭക്ഷണം തയാറാക്കി ക്ലാസ് തുടങ്ങും മുമ്പ് കോളേജില്‍ എത്തുകയെന്നതും ബുദ്ധിമുട്ടായിരുന്നു. ഇതെല്ലാം പറഞ്ഞ് ഞാന്‍ ഒഴിയാന്‍ നോക്കി. പക്ഷേ, 'അതെല്ലാം ഞാന്‍ നോക്കിക്കൊള്ളാം' എന്നായി ജ്യേഷ്ഠത്തി. അങ്ങനെ പുളിക്കല്‍ കോളേജില്‍ ചേര്‍ത്തു. വീട്ടില്‍ ജോലിക്ക് വന്നിരുന്ന മാത എന്ന സ്ത്രീയോടൊപ്പം കുണ്ടേരിആലിങ്ങല്‍ എന്ന സ്ഥലം വരെ പോകും. അവിടെ ഗഫൂര്‍ മൗലവിയുടെ ജ്യേഷ്ഠന്‍ മാനു സാഹിബ് താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ബദ്‌റുന്നീസ പുളിക്കല്‍ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചാണ് അവിടെ നിന്ന് യാത്ര.
എന്റെ പത്താം വയസില്‍, 1951 ലാണ് മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്നത്. 'അരക്ലാസ്' എന്ന് വിളിച്ചിരുന്ന 'തജ്ഹീസിയ' (ജൃലുമൃമീേൃ്യ) ക്ലാസില്‍ ആയിരുന്നു അഡ്മിഷന്‍. നീണ്ട ഒമ്പതുവര്‍ഷം മദീനത്തുല്‍ ഉലൂമില്‍ പഠിച്ചു. ഹലീമ, ഫാത്വിമ, സൈനബ തുടങ്ങി പരിസര പ്രദേശത്തുനിന്നുള്ള കുറച്ചു പെണ്‍കുട്ടികളും അന്ന് മദീനത്തില്‍ പഠിച്ചിരുന്നെങ്കിലും അവരാരും പഠനം തുടര്‍ന്നില്ല. കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആദ്യത്തെ പെണ്‍കുട്ടി ഞാനാണ്. എനിക്കു ശേഷമാണ് പി.എന്‍ ഫാത്വിമക്കുട്ടി പഠിച്ചത്. തജ്ഹീസി കോഴ്‌സില്‍ പ്രാഥമിക വിഷയങ്ങളാണ് പഠിപ്പിച്ചിരുന്നത്. തുടര്‍ന്നുള്ള ക്ലാസുകളില്‍ പഠനം ആദ്യമൊക്കെ പ്രയാസകരമായിരുന്നു. 'ദഹിക്കാത്ത' കുറെ കിതാബുകളും ഉണ്ടായിരുന്നു. ചിലതൊന്നും മനസിലാകില്ല. ഒരുപാട് പാഠഭാഗങ്ങളും ഉണ്ടാകും. ഇന്ന് അറബിക് കോളേജുകളിലും അഫ്ദലുല്‍ ഉലമാ കോഴ്‌സിനും വളരെ കുറച്ച് പാഠഭാഗങ്ങളേ ഉള്ളൂ. വളരെ എളുപ്പമാണ് ഇന്ന് പഠനം. പക്ഷേ, ഞങ്ങളൊക്കെ വല്ലാതെ പ്രയാസപ്പെട്ടാണ് അക്കാലത്ത് പഠിച്ചുവളര്‍ന്നത്. ഖുര്‍ആന്‍ തഫ്‌സീറുകളും ഹദീസ് ഗ്രന്ഥങ്ങളും മന്‍ത്വിഖും മറ്റുമൊക്കെ പഠിച്ചു.
അധ്യാപകര്‍
ആരൊക്കെയായിരുന്നു?
പ്രഗത്ഭരായ അധ്യാപകരുണ്ടായിരുന്നു അക്കാലത്ത് മദീനത്തുല്‍ ഉലൂമില്‍. പ്രസിദ്ധനായ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയായിരുന്നു പ്രിന്‍സിപ്പല്‍. അദ്ദേഹം അപൂര്‍വമായി മാത്രമേ ഞങ്ങള്‍ക്ക് ക്ലാസെടുത്തിരുന്നുള്ളൂ. പി.പി ഉണ്ണി മൊയ്തീന്‍കുട്ടി മൗലവി, പി.എന്‍ മുഹമ്മദ് മൗലവി, കെ.സി അലവി മൗലവി, എം.ആലിക്കുട്ടി മൗലവി, പി.കുഞ്ഞഹമ്മദ് മൗലവി, ടി.പി അബൂബക്കര്‍ മൗലവി, പി.പി അബ്ദുല്‍ഗഫൂര്‍ മൗലവി തുടങ്ങി പ്രഗത്ഭ പണ്ഡിതന്മാര്‍ ഗുരുനാഥന്മാരായിരുന്നു. നല്ല പഠനാന്തരീക്ഷമാണ് മദീനത്തില്‍ അക്കാലത്ത് ഉണ്ടായിരുന്നത്. പക്ഷേ, ദാരിദ്ര്യവും പട്ടിണിയും വല്ലാതെ അലട്ടിയിരുന്നു. അധ്യാപകര്‍ക്ക് കാര്യമായ ശമ്പളമൊന്നും ഉണ്ടായിരുന്നില്ല. ശമ്പളമില്ലാതെ പഠിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുനോക്കൂ. ഒരു കാലത്ത് അങ്ങനെയായിരുന്നു ദീനീ വിദ്യാഭ്യാസ മേഖല വളര്‍ന്നുവന്നത്. പിന്നീട് കുറേ കഴിഞ്ഞാണ് ശമ്പള വ്യവസ്ഥയൊക്കെ വരുന്നത്. ഇല്‍മ് നേടുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികള്‍ വരിക. ഡിഗ്രി നേടി ജോലി കരസ്ഥമാക്കുക എന്നതൊന്നും അന്നുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് പഠനം നന്നായി നടന്നിരുന്നു. വരുമാനം പ്രതീക്ഷിച്ചായിരുന്നില്ല അറിവ് നേടിയിരുന്നത്.
ഖുര്‍ആനും അറബി ഭാഷയും പഠിക്കുന്നതില്‍ എനിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നു. നഹ്‌വിന് പ്രാധാന്യമുണ്ടായിരുന്നു മദീനത്തിലെ സിലബസില്‍. 'അല്‍ഫിയ' ഉള്‍പ്പെടെയുള്ള കിതാബുകള്‍ താഴെ ക്ലാസുകളില്‍ തന്നെ പഠിപ്പിച്ചിരുന്നു. അരീക്കോട്ടുകാരന്‍ ഉസ്താദ് കബീര്‍ മൗലവി 'അല്‍ഫിയ'യുടെ സ്‌പെഷലിസ്റ്റായിരുന്നു. മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമാ പരീക്ഷ 1959-ല്‍ ഞാന്‍ പാസായി. അക്കാലത്ത് ഇവിടെ യൂനിവേഴ്‌സിറ്റിയില്ലല്ലോ. കോഴിക്കോട് ദേവഗിരി കോളേജിലായിരുന്നു പരീക്ഷാ സെന്റര്‍. പുളിക്കല്‍ പ്രദേശത്ത് എനിക്ക് മുമ്പ് മറ്റൊരു പെണ്‍കുട്ടിയും അഫ്ദലുല്‍ ഉലമാ പരീക്ഷ പാസായിരുന്നില്ല. അരീക്കോട് നിന്നുള്ള എ. സൈനബ, കെ. ആമിന, കെ. ആയിഷ, എന്‍.വി സൈനബ തുടങ്ങി ആറ് പെണ്‍കുട്ടികള്‍ എന്നോടൊപ്പം അന്ന് അഫ്ദലുല്‍ ഉലമ പരീക്ഷ എഴുതിയിരുന്നു. പരീക്ഷക്കെത്തിയപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ കണ്ടത്. കോഴിക്കോട് ഞങ്ങള്‍ ഒരു വീടെടുത്തു താമസിക്കുകയായിരുന്നു. 1959 ലാണ് മദീനത്തുല്‍ ഉലൂമില്‍നിന്ന് ഞാന്‍ പുറത്തിറങ്ങുന്നത്. മുസ്‌ലിം പെണ്‍കുട്ടി ഇത്രയും പഠിക്കുകയെന്നത് അന്ന് വലിയൊരു വിപ്ലവമായിരുന്നു. അരീക്കോടും പുളിക്കലും വിദ്യാഭ്യാസപരമായി അന്നേ മുന്നിലായിരുന്നു. എന്നാല്‍ പുത്തൂപാടം കുറേക്കൂടി യാഥാസ്ഥിതികമായിരുന്നു. അവിടെനിന്ന് ഒരു പെണ്‍കുട്ടി അഫ്ദലുല്‍ ഉലമാ പാസായത് അക്കാലത്ത് ചെറിയ സംഭവമായിരുന്നില്ല. ആ കാലഘട്ടത്തിന്റെ അവസ്ഥ മനസ്സിലാക്കാനാണ് ഇതുപറയുന്നത്.
പഠന ശേഷം മദീനത്തില്‍ ഉലൂമില്‍ തന്നെ ജോലി തന്നുവെങ്കിലും, വീടിനടുത്ത സ്‌കൂളില്‍ അധ്യാപികയാകാന്‍ അവസരം ലഭിച്ചപ്പോള്‍ അതിന് മുന്‍ഗണന നല്‍കി. നീണ്ട 36 വര്‍ഷത്തെ സ്‌കൂള്‍ അധ്യാപനത്തിന്‌ശേഷം 1995 ലാണ് ഞാന്‍ വിരമിച്ചത്.
പ്രസംഗകയും എഴുത്തുകാരിയുമായി വളരാന്‍ മദീനത്തുല്‍ ഉലൂം എങ്ങനെയാണ് സഹായിച്ചത്?
മദീനത്തുല്‍ ഉലൂമില്‍ പ്രസംഗ പരിശീലനം നന്നായി നടന്നിരുന്നു. ആഴ്ചയിലൊരിക്കല്‍ ഉച്ചക്ക് ശേഷമാണ് സാഹിത്യസമാജം നടന്നിരുന്നത്. ആദ്യം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചായിരുന്നു. പിന്നീട് ഞാന്‍ സീനിയറായപ്പോള്‍ പെണ്‍കുട്ടികള്‍ക്കായി 'വിദ്യാര്‍ഥിനീ സമാജം' രൂപീകരിച്ചു. അപ്പോഴേക്കും കുറേ പെണ്‍കുട്ടികള്‍ സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. വളരെ സജീവമായിരുന്നു വിദ്യാര്‍ഥിനീ സമാജം. ഇതിലൂടെയാണ് പ്രസംഗിച്ച് പഠിച്ചത്.
കൈയെഴുത്ത് മാസിക നടത്തിയിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല. വഹ്‌യുല്‍മുഹമ്മദി പോലെ ചില പുസ്തകങ്ങളും മറ്റും ഞാന്‍ പരിഭാഷപ്പെടുത്തിയിരുന്നു. എം.സി.സിയുടെ പ്രോത്സാഹനമായിരുന്നു അതിനു പിന്നില്‍. ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതൃതലത്തില്‍ അന്ന് സ്ത്രീകളൊന്നും ഇല്ലാതിരുന്നതിനാല്‍ എന്നെ ആ രംഗത്ത് വളര്‍ത്തിയെടുക്കണം എന്ന് എം.സി.സിക്ക് വലിയ താല്‍പര്യമായിരുന്നു. പരിപാടികളില്‍ എന്നെ പ്രസംഗിപ്പിച്ചതും അദ്ദേഹമാണ്.
കോളേജില്‍ അതിഥികള്‍ വരുമ്പോള്‍ എനിക്ക് പ്രസംഗിക്കാന്‍ അവസരം തരുമായിരുന്നു. ഞാന്‍ പ്രസംഗം തുടങ്ങിയത് അങ്ങനെയാണ്. ഒരിക്കല്‍, ഈജ്പ്ഷ്യന്‍ സാംസ്‌കാരിക സംഘം കേരളം സന്ദര്‍ശിക്കാനെത്തിയിരുന്നു. 1957 ലോ മറ്റൊ ആണത്. അവര്‍ക്ക് മദീനത്തുല്‍ ഉലൂമില്‍ നല്‍കിയ സ്വീകരണത്തില്‍ ഞാന്‍ സ്വാഗത പ്രസംഗം നടത്തണം എന്ന് എം.സി.സി ആവശ്യപ്പെട്ടു. അത് വല്ലാതെ ശ്രദ്ധിക്കപ്പെട്ടു. ഈജിപ്ഷ്യന്‍ സംഘത്തിനും അത് ഇഷ്ടപ്പെട്ടു. അവര്‍ എന്നെ ഈജ്പിതിലെ അല്‍അസ്ഹറില്‍ പഠിപ്പിക്കാന്‍ സന്നദ്ധരായി. പക്ഷേ എനിക്ക് പോകാന്‍ സാധിച്ചില്ല. മദീനത്തിലെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ കുറവിനെ കുറിച്ച് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. അത് ഉള്‍ക്കൊണ്ട് അവര്‍ ധാരാളം കിതാബുകള്‍ അയച്ചു തരികയുണ്ടായി. ആ കാലഘട്ടത്തില്‍ ഏറ്റവും വലിയ ലൈബ്രറിയായിരുന്നു മദീനത്തിലേത്. ആ സ്വീകരണ വേദിയില്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബും ഉണ്ടായിരുന്നു. പ്രസംഗം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. മിശ്കാത്തുല്‍ ഹുദയില്‍ സി.എച്ച് എഴുതിയ ഒരു ലേഖനത്തില്‍ ആ പ്രസംഗത്തെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. 'ഈജിപ്തില്‍നിന്ന് വന്ന സാംസ്‌കാരിക സംഘത്തിന്റെ കേരള പര്യടനത്തോടനുബന്ധിച്ച് മദീനത്തുല്‍ ഉലൂം അറബിക് കോളേജ് സന്ദര്‍ശിച്ച വേളയില്‍ മലബാറിലെ ഒരു മാപ്പിള പെണ്‍കൊടി സ്ഫുടമായ അറബി ഭാഷയില്‍ മനോഹരമായ ഒരു പ്രസംഗം നിര്‍വഹിച്ചത് ഞാന്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു' എന്നാണദ്ദേഹം എഴുതിയത്.
കോളേജിലാണെങ്കിലും ഒരു പൊതു സ്റ്റേജില്‍ ഞാന്‍ നടത്തിയ ആദ്യ പ്രസംഗമായിരുന്നു ഇത്. വിദ്യാര്‍ഥിയായിരിക്കെ തന്നെ എറണാകുളത്ത് നടന്ന മുജാഹിദ് വനിതാ സമ്മേളനത്തിലും പ്രസംഗിക്കുകയുണ്ടായി. എം. ഹലീമാ ബീവി ഉദ്ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍ നഫീസത്ത് ബീവിയായിരുന്നു അധ്യക്ഷ. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം കേരളത്തിന്റെ പല ഭാഗങ്ങളിലും കേരളത്തിന് പുറത്തും ധാരാളം പ്രസംഗങ്ങള്‍ നടത്താന്‍ അവസരമുണ്ടായി. അക്കാലത്ത് വനിതാ പരിപാടികള്‍ പൊതുവെ കുറവായിരുന്നുവല്ലോ. ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമായി സ്ത്രീകള്‍ക്കിടയില്‍ ഉണര്‍വുകള്‍ ഉണ്ടായിത്തുടങ്ങിയ കാലമായിരുന്നു 1960 കള്‍. എറണാകുളം, എടവണ്ണ, വയനാട്, കോയമ്പത്തൂര്‍, കോഴിക്കോട്, എടത്തനാട്ടുകര തുടങ്ങിയ പ്രദേശങ്ങളിലൊക്കെ പ്രസംഗിക്കാന്‍ പോയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ എ.സൈനബയും എന്നോടൊപ്പം പ്രസംഗിക്കാറുണ്ടായിരുന്നു. മറ്റു സ്ത്രീ പ്രഭാഷകരൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. 1967 കാലത്ത് 'കേരള ഇസ്‌ലാമിക് സെമിനാര്‍' ആലപ്പുഴയില്‍ സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുക്കുകയുണ്ടായി. മൂന്നു ദിവസം നീണ്ട സെമിനാറിന് വേണ്ടി ആലപ്പുഴയില്‍ പോയി താമസിക്കുകയായിരുന്നു. ഒരു ദിവസമേ എനിക്ക് പ്രസംഗം ഉണ്ടായിരുന്നുള്ളൂ.
എറണാകുളത്ത് ഞാന്‍ പലതവണ പ്രസംഗിച്ചിട്ടുണ്ട്. ആ നിലക്ക് അവിടുത്തുകാരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. മാത്രമല്ല, ആദ്യകാലത്ത് ഇസ്വ്‌ലാഹി ചലനങ്ങള്‍ ആരംഭിച്ച പ്രദേശങ്ങളിലൊന്നാണ് എറണാകുളം. അവിടുത്തെ പരിപാടിക്കിടയിലാണ് എം. ഹലീമാബീവിയെയും നഫീസത്ത് ബീവിയെയും കാണുന്നത്. ഹലീമാബീവി നല്ല പ്രസംഗകയായിരുന്നു. മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു അവര്‍. മജീദു മരിക്കാരുമായി സഹകരിച്ചാണ് ഹലീമാ ബീവിയും ഭര്‍ത്താവ് മുഹമ്മദ് മൗലവിയും അന്‍സാരി പോലുള്ള പത്രങ്ങള്‍ ഇറക്കിയിരുന്നത്. അവരുടെ ആവശ്യമനുസരിച്ചായിരുന്നു ഞാന്‍ അന്‍സാരിയില്‍ ലേഖനം എഴുതിയത്. നഫീസത്ത് ബീവി എന്നെ തിരുവനന്തപുരത്തേക്ക് പ്രസംഗിക്കാന്‍ ക്ഷണിക്കുകയുണ്ടായി.
എഴുത്ത് രംഗത്തേക്ക് വരുന്നത് എങ്ങനെയാണ്?
അരീക്കോട്ടെ പ്രമുഖ പണ്ഡിതന്‍ എന്‍.വി അബ്ദുസ്സലാം മൗലവിയാണ് എന്നെ രചനാരംഗത്തേക്ക് കൊണ്ടുവരുന്നത്. അദ്ദേഹം നിര്‍ബന്ധിച്ചപ്പോഴാണ് 'മിശ്കാത്തുല്‍ ഹുദാ' എന്ന പ്രസിദ്ധീകരണത്തില്‍ ലേഖനങ്ങള്‍ എഴുതിയത്. ആദ്യ ലേഖനത്തിന് അക്കാലത്ത് അദ്ദേഹം അഞ്ച് രൂപ പ്രതിഫലവും തരികയുണ്ടായി. അന്നത് വലിയ സംഖ്യയായിരുന്നു. അല്‍മനാറിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഞാന്‍ നടത്തിയ ചില പ്രസംഗങ്ങളൊക്കെ അല്‍മനാറില്‍ ലേഖനമായി പ്രസിദ്ധീകരിക്കുകയുണ്ടായി. വാപ്പ എഴുതാന്‍ നന്നായി പ്രേരിപ്പിച്ചിരുന്നു.1962-ല്‍ വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവും നന്നായി പിന്തുണച്ചിരുന്നു. ജ്യേഷ്ഠത്തി മര്‍യമിന്റെ ഭര്‍ത്താവ് എന്‍.കെ മുഹമ്മദ് സാഹിബും സഹോദരന്‍ പി.കെ മുഹമ്മദും എന്നെ ഒരുപാട് പ്രോല്‍സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. ചില പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി അന്‍സാരി മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. സി.എന്‍ അഹ്മദ് മൗലവിയും ലേഖനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മലയാള സാഹിത്യങ്ങളും പത്രങ്ങളും ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ധാരാളം വായിക്കുമായിരുന്നു അക്കാലത്ത്. റേഡിയോ പ്രഭാഷണങ്ങള്‍ സ്ഥിരമായി കേള്‍ക്കും. ഇത് ഭാഷാ ശേഷി വളരാന്‍ സഹായകമായി.
അക്കാലത്ത് വനിതകള്‍ക്കിടയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് എവിടെയൊക്കെയാണ്?
കോഴിക്കോട്, കൊച്ചി, എടവണ്ണ, അരീക്കോട്, പുളിക്കല്‍ എന്നിവിടങ്ങളിലായിരുന്നു ആദ്യ കാലത്ത് വനിതാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടന്നത്. അവിടങ്ങളിലൊക്കെ നല്ല പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. ധാരാളം സ്ത്രീകള്‍ അതില്‍ പങ്കെടുത്തിരുന്നു. ആ പ്രദേശങ്ങളിലൊക്കെ സ്ത്രീകള്‍ക്കിടയില്‍ പില്‍ക്കാലത്ത് ഇസ്‌ലാമികമായ ഉണര്‍വുകള്‍ ഉണ്ടായതായി കാണാം. കൊച്ചിയില്‍ ഒരു ഖദീജാബായ് ഉണ്ടായിരുന്നു. ദീനീ തല്‍പരയായ സമ്പന്നയായിരുന്നു ബാബു സേട്ടിന്റെ മാതാവ് ഖദീജാബായ്. ഇസ്‌ലാഹി രംഗത്തും ജനസേവന മേഖലയിലും ധാരാളം പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. ഒരു പ്രസംഗത്തില്‍, 'നബി പത്‌നി ഖദീജാബീവി(റ)യുടെ മാതൃക പിന്തുടരുന്ന കൊച്ചിയിലെ ഖദീജാബായ്' എന്നൊരു പരാമര്‍ശം ഞാന്‍ നടത്തിയിരുന്നു. സ്‌കൂളിനും മദ്‌റസക്കും യതീംഖാനക്കുമൊക്കെ ധാരാളം സ്ഥലം നല്‍കിയിട്ടുണ്ട് അവര്‍. 'ഖദീജാ ബായ് നഗറും' കൊച്ചിയിലുണ്ട്. എനിക്ക് അവിടെ സ്‌കൂളില്‍ ജോലി തരാന്‍ അവര്‍ തയാറായിരുന്നു.
ഏറെ പ്രയാസപ്പെട്ടാണ് അക്കാലത്ത് പ്രസംഗിക്കാന്‍ പോയിരുന്നത്. കൈകുഞ്ഞുങ്ങളുള്ള സമയം. ആലപ്പുഴയില്‍ പ്രസംഗിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. 1960 കളില്‍ ഒരു സ്ത്രീ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍ ഇന്ന് ചിന്തിക്കാവുന്നതിനുമപ്പുറത്താണ്. വാപ്പയോ ഭര്‍ത്താവോ ആണ് പലപ്പോഴും കൂടെ വരിക. സമ്മേളനത്തിന് ക്ഷണിക്കാന്‍ ആളുകള്‍ വീട്ടിലേക്ക് വരും. കൊച്ചിയില്‍നിന്ന് രണ്ടുപേര്‍ വീട്ടില്‍ വന്നാണ് എന്നെ പരിപാടിക്ക് വിളിച്ചത്. ഒരു ദിവസം അവര്‍ ഞങ്ങളുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. അക്കാലത്ത് ഒരു വനിതാ സമ്മേളനം എന്നു പറഞ്ഞാല്‍ പുതുമയുള്ളതും വലിയ ആവേശവുമായിരുന്നു. ഇന്നത്തെ പോലെ എപ്പോഴും സമ്മേളനങ്ങളില്ലല്ലോ. വല്ലപ്പോഴും നടക്കുന്ന പരിപാടികള്‍ക്ക് നന്നായി ഒരുങ്ങും. ധാരാളം സ്ത്രീകള്‍ പങ്കെടുക്കും. ഒന്നു രണ്ടു പരിപാടികള്‍ കഴിയുന്നതോടെ മിക്കവാറും സ്ത്രീകള്‍ക്കിടയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. അങ്ങനെയൊക്കെയാണ് കേരളത്തില്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ വെളിച്ചം കടന്നുചെന്നത്.
മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്തില്‍ ഉണ്ടായിരുന്നോ?
മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദികളിലാണ് ഞാന്‍ പ്രസംഗിച്ചതും എഴുതിയതും പ്രവര്‍ത്തിച്ചതുമൊക്കെ. പുളിക്കല്‍ ഒന്നാം സമ്മേളനത്തിലും മറ്റു സമ്മേളനങ്ങളിലും ഉള്‍പ്പെടെ ഏതാണ്ടെല്ലാ സമ്മേളനങ്ങളിലും ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. 1986-ല്‍ കുറ്റിപ്പുറം മുജാഹിദ് സമ്മേളനത്തില്‍ ഞാന്‍ പ്രസംഗകയായിരുന്നു. അന്നാണ് ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് കുറേക്കാലം ഞാന്‍ പ്രസംഗവേദികളില്‍ അധികമുണ്ടായിരുന്നില്ല. അതിനുശേഷമാണല്ലോ, 'മുജാഹിദ് വനിതാ വിഭാഗം' സംഘടിത സ്വഭാവത്തില്‍ നിലവില്‍ വന്നത്.
ഭര്‍ത്താവ്, മക്കള്‍...?
1962-ലാണ് എന്റെ വിവാഹം നടന്നത്. ഭര്‍ത്താവ് കെ.എസ്.കെ തങ്ങള്‍ പുന്നശേരി സ്വദേശിയും പണ്ഡിതനും മുജാഹിദ് നേതാവുമായിരുന്നു. 1953-'60 കാലത്താണ് അദ്ദേഹം പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ പഠിച്ചത്. ഇംഗ്ലീഷ് അറബി ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം നല്ല പ്രഭാഷകനായിരുന്നു. 1960-കളില്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് പുളിക്കല്‍ വന്നപ്പോള്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം അദ്ദേഹം വിവര്‍ത്തനം ചെയ്യുകയുണ്ടായി. കൊച്ചിയിലെ മുജാഹിദീന്‍ ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അറബി പണ്ഡിറ്റായിരുന്നു. മുജാഹിദ് യുവജന സംഘടനയായ ഐ.എസ്.എമ്മിന്റെ സ്ഥാപക പ്രസിഡന്റും കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വാഹക സമിതി അംഗവുമായിരുന്നു. മാപ്പിളപ്പാട്ടുകളുടെ സമാഹരമായ 'ഖിയാമത്തിന്റെ അലാമത്തുകള്‍,' ഇസ്‌ലാമിക സാമൂഹിക നിയമങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍. എന്റെ വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും വലിയ പ്രചോദനം അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്ന 1962-'86 കാലത്താണ് ഞാന്‍ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നത്. ഞങ്ങള്‍ക്ക് ആറ് മക്കളാണ്. ഡോ. ഉമ്മുല്‍ ഹസനാത്ത്, ജൗഹറ ബീവി, സയ്യിദ് ഹബീബ് അസ്‌ലം, സയ്യിദ് മുഹമ്മദ് ശാക്കിര്‍, നജ്മ, സയ്യിദ് അന്‍വര്‍. മോങ്ങം അന്‍വാര്‍ അറബിക്കോളേജിലെ പ്രഫസറാണ് ഡോ. ഉമ്മുല്‍ ഹസനാത്ത്. ഹബീബ് അസ്‌ലം ദമ്മാമില്‍ ജോലി ചെയ്യുന്നു. അന്‍വര്‍ രിയാദിലാണ്. പുളിക്കല്‍ മദീനത്തില്‍ ഉലൂമിന്റെ പ്രിന്‍സിപ്പലാണ് സയ്യിദ് മുഹമ്മദ് ശാകിര്‍.
Comments