പരാജയപ്പെട്ട പ്രവാസി ഒരു ദുരന്തമാണ്
പള്ളി കുളക്കടവില്‍ ഏകനായി ഇരിക്കുന്ന അദ്ദേഹത്തിന്റെ അടുത്തു പോയി സംസാരിക്കുമ്പോള്‍ ഇത്രയും വലിയ ദുഃഖം പേറുന്നയാളാണെന്ന് കരുതിയിരുന്നില്ല. ഗള്‍ഫില്‍നിന്ന് വിസ കാന്‍സല്‍ ചെയ്താണ് വന്നതെന്ന് അറിയാമായിരുന്നു. അതിനെ ചുറ്റിപറ്റിയുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് അദ്ദേഹം തന്റെ അപ്പോഴത്തെ അവസ്ഥ എന്നോട് പറഞ്ഞത്. എല്ലാം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായി. ആരോടെങ്കിലും വിഷമങ്ങള്‍ തുറന്നുപറയുമ്പോള്‍ കിട്ടുന്ന ഒരു ആശ്വാസം.
അദ്ദേഹത്തിന് ഗള്‍ഫില്‍ നിന്ന് ജോലി നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായിട്ടായിരുന്നു. അല്ലെങ്കിലും ഗള്‍ഫിലെ ജോലിക്കൊന്നും ഒരു സുരക്ഷിതത്വവും ഇല്ലല്ലോ. ജോലി നഷ്ടപ്പെടുന്നത് വരെ സുരക്ഷിതത്വത്തെ കുറിച്ച് ആരും ചിന്തിക്കാറുമില്ല. പെട്ടെന്ന് നാട്ടില്‍ പോകേണ്ടി വന്നപ്പോള്‍ മനസ്സ് നിറയെ ഭാവിയെ കുറിച്ചുള്ള ആശങ്കകളായിരുന്നു, ഇനിയെന്ത് ജോലി ചെയ്യും, എങ്ങനെ കുടുംബത്തെ നോക്കും, കടങ്ങള്‍ എങ്ങനെ വീട്ടും എന്നൊക്കെയുള്ള ചിന്തകള്‍. ഈ ആശങ്കകള്‍ സ്വന്തം വീട്ടിലും പങ്കുവെക്കുമ്പോള്‍ അവിടുന്നു കിട്ടിയ മറുപടി അദ്ദേഹത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ്. ''ഇത്രയും കാലം ഗള്‍ഫില്‍ നിന്നിട്ട് എന്താ ഉണ്ടാക്കിയേ, എന്തേലും ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്പൊ ഇങ്ങനത്തെ അവസ്ഥ വരുമോ?'' എന്നാണത്രേ വീട്ടുകാരി ചോദിച്ചത്. ഗള്‍ഫില്‍ പോയി സമ്പന്നരായി വന്ന അയല്‍പക്കത്തെയും കുടുംബത്തിലെയും പലരെയും ചൂണ്ടിപ്പറഞ്ഞ് അവരൊക്കെ അത് ഉണ്ടാക്കിയില്ലേ, ഇത് ഉണ്ടാക്കിയില്ലേ എന്നൊക്കെയുള്ള വിശദീകരണവും.
ഇരുപതു വര്‍ഷത്തോളം അദ്ദേഹം ഗള്‍ഫു പ്രവാസിയായിരുന്നു. അതിനിടയില്‍ രണ്ടു വര്‍ഷത്തേക്ക് കിട്ടുന്ന രണ്ടു മാസത്തെ ലീവാണ് അദ്ദേഹത്തിനു ആകെയുള്ള ആശ്വാസം, ഒരല്‍പ്പം ജീവിച്ചു എന്ന് പറയാനുള്ള സമയം! ഒരു സാധാരണ ജോലിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. തന്റെ ചെലവും കഴിച്ച്, ചിലപ്പോള്‍ അതില്‍നിന്ന് മിച്ചംപിടിച്ച് അദ്ദേഹം തനിക്ക് കിട്ടിയ വരുമാനം മുഴുവന്‍ കുടുംബത്തിലേക്ക് തന്നെയായിരുന്നു അയച്ചത്. ദുശ്ശീലങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കുടുംബത്തിലേക്ക് അയച്ച പൈസ എന്ത് ചെയ്യുന്നു എന്നുപോലും അന്വേഷിക്കാന്‍ മെനക്കെടാത്ത ഒരു പാവം മനുഷ്യന്‍. അദ്ദേഹത്തിനു ഗള്‍ഫില്‍ പോയിട്ട് സമ്പന്നനാകാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ അദ്ദേഹവും ഒരു മനുഷ്യനാണ്, കുടുംബത്തോട് അങ്ങേയറ്റം സ്‌നേഹമുള്ള മനുഷ്യന്‍. ആ ചോദ്യങ്ങള്‍ അതിന്റെ വ്യാപ്തി അറിഞ്ഞു കൊണ്ടായിരിക്കില്ല ഒരുപക്ഷേ അദ്ദേഹത്തിന്റെ വീട്ടുകാര്‍ പോലും ചോദിച്ചിട്ടുണ്ടാവുക. ജീവിതത്തിന്റെ നല്ലൊരു ഭാഗം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച് അവസാനം കിട്ടുന്ന ഇത്തരം വാക്കുകള്‍ തന്നെ മതി ഒരാളെ തളര്‍ത്താന്‍. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എല്ലാ പ്രവാസികളുടെ കുടുംബങ്ങളില്‍നിന്നും ഉണ്ടാകും എന്നല്ല. മറിച്ച്, നാം അറിഞ്ഞും അറിയാതെയും നമ്മുടെ ചുറ്റുപാടില്‍ പ്രവാസികളെ വേദനിപ്പിക്കുന്ന ഇതുപോലുള്ള ഒട്ടേറെ അനുഭവങ്ങളുണ്ട് എന്ന് സൂചിപ്പിക്കുക മാത്രമാണ്. ഇത്തരം ചോദ്യങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും എപ്പോഴും പതുങ്ങിയിരിപ്പുണ്ട്.
വിജയിച്ച പ്രവാസികള്‍ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നു, അവര്‍ക്കായി പ്രവാസി ദിനങ്ങള്‍ നടത്തപ്പെടുന്നു. മണി മാളികകളും ആഡംബര വാഹനങ്ങളും സ്വത്തുക്കളും ഒക്കെ അവരുടെ പ്രവാസത്തെ പ്രതിനിധീകരിക്കുന്നു. എല്ലാ പ്രവാസി കുടുംബങ്ങളും സമൂഹവും ഒരു പ്രവാസിയില്‍നിന്ന് പ്രതീക്ഷിക്കുന്നത് അതൊക്കെയാണ്. പക്ഷേ ബഹുഭൂരിപക്ഷവും പരാജയപ്പെട്ട പ്രവാസികളാണ്. ജീവിക്കാനുള്ള വരുമാനം മാത്രം നേടിയവര്‍. സ്വത്തും സമ്പാദ്യവും ഉണ്ടാക്കാന്‍ പറ്റാത്തവര്‍. അസുഖവും കടബാധ്യതകളും കൊണ്ട് നാട്ടിലേക്ക് തിരിച്ചുവന്നവര്‍. നല്ലൊരു കാലം പ്രവാസിയായി കഴിഞ്ഞിട്ട് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും പലപ്പോഴും ഇവര്‍ ഒറ്റപ്പെടുന്നു. ജീവിതത്തിന്റെ സായാഹ്‌നത്തില്‍, പിന്നിട്ട യൗവ്വനം ജീവിക്കാന്‍ പറ്റാതെ പോയല്ലോ എന്ന നിരാശ കൂടി അവരെ പിടികൂടാന്‍ ഇതൊക്കെ ധാരാളം. കുടുംബം കൂടി അയാളെ മനസ്സിലാക്കിയില്ലെങ്കില്‍ പരാജയപ്പെട്ട പ്രവാസി ഒരു ദുരന്തമാണ്.
ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പ്രവാസി സംബന്ധിയായ ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് അഞ്ചുശതമാനം ഇന്ത്യക്കാര്‍ക്കു മാത്രമേ തിരിച്ചു നാട്ടിലെത്തിയാലും സമാധാനമായി ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കാന്‍ കഴിയുന്നുള്ളൂ എന്നാണ്. കടുത്ത ജീവിത സാഹചര്യങ്ങളിലും ദുഷ്‌കര കാലാവസ്ഥയിലും ജോലിയെടുത്ത് ഉണ്ടാക്കുന്ന പണം നാട്ടിലേക്ക് അയച്ചാലും കുടുംബത്തിന് അവയൊന്നും നാളത്തേക്ക് സൂക്ഷിക്കാന്‍ കഴിയുന്നില്ലെന്നത്രേ സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. പണം ഉണ്ടാക്കുന്നവര്‍ അല്ല ചെലവഴിക്കുന്നത് എന്നത് കൊണ്ട് തന്നെ പ്രവാസികളുടെ കുടുംബത്തില്‍ സാമ്പത്തിക അച്ചടക്കം വളരെ കുറവായിരിക്കും. വീട്ടു ചെലവ് തൊട്ടു വീട് നിര്‍മാണമോ, വിവാഹമോ ആയാലും പ്രവാസി നേരിട്ട് ഇടപെടാത്തത് കൊണ്ട് തന്നെ അധിക ചെലവായിരിക്കും എപ്പോഴും. എടുത്താല്‍ തീരാത്ത എന്തോ ഒന്ന് അവന്റെ കൈയില്‍ ഉണ്ടെന്നു കുടുംബക്കാരും നാട്ടുകാരും വിചാരിക്കുന്നു. പഴയ പ്രവാസികള്‍ ഉണ്ടാക്കിയ ഇമേജ് നിലനിര്‍ത്താന്‍ വേണ്ടി ഇവിടെ പണം കായ്ക്കുന്ന മരം ഇല്ല എന്ന് തറപ്പിച്ചുപറയാന്‍ അവനു സാധിക്കാതെയും വരുന്നു. ആവശ്യമുള്ളതും ഇല്ലാത്തതും ആയ നൂറുകണക്കിന് പ്രശ്‌നങ്ങള്‍ അവന്‍ സ്വയം തലയില്‍ എടുത്തുവെക്കുകയോ , അവന്റെ മേല്‍ വെച്ച്‌കെട്ടുകയോ ചെയ്യുന്നതോടുകൂടി, നാളത്തേക്ക് എന്തെങ്കിലും കരുതി വെക്കണം എന്ന് അവനു ആഗ്രഹം ഉണ്ടെങ്കില്‍ കൂടി നടക്കാതെ പോകുന്നു. കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ നാട്ടിലേക്ക് അയക്കാനുള്ള ത്വരയാണ് അവന്. എക്‌സ്‌ചേഞ്ച് റേറ്റ് എത്ര കുറഞ്ഞാലും വീണ്ടും കുറയുമോ എന്ന് അവന്‍ വീണ്ടും വീണ്ടും അന്വേഷിക്കും. ഒരേ കുടുംബത്തില്‍ തന്നെ സമാനമായ വരുമാനമുള്ള ഗള്‍ഫുകാരനോടും നാട്ടില്‍ തന്നെ ജോലി ചെയ്യുന്നവരോടും രണ്ടു സമീപനം ആയിരിക്കും സാമ്പത്തിക കാര്യങ്ങള്‍ പ്രതീക്ഷിക്കുമ്പോള്‍ ഉണ്ടാവുക. പലപ്പോഴും മുഴുവന്‍ ഭാരവും പ്രവാസിയുടെ മേല്‍ മാത്രമാകുന്നു.
അസുഖങ്ങളും ബാധ്യതകളുമായി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ വലിയ ദുരന്തങ്ങളെ നേരിടേണ്ടി വരുന്നത് ഒഴിവാക്കാന്‍ പ്രവാസി ഇന്ന് തന്നെ ശ്രമങ്ങള്‍ തുടങ്ങട്ടെ. ആദ്യമായി തന്റെ വരുമാനവും, ജോലിയുടെ രീതിയും, ഗള്‍ഫിലെ ജീവിതത്തെ കുറിച്ചുള്ള വ്യക്തമായ അറിവും തങ്ങളുടെ കുടുംബത്തിന് നല്‍കാന്‍ അവനു സാധിക്കണം. പൊങ്ങച്ചങ്ങളും മാമൂലുകളും വിട്ടെറിഞ്ഞ് യാഥാര്‍ഥ്യ ബോധത്തോടെ ജീവിക്കാനുള്ള മാനസിക പക്വത അവനും, അവനിലൂടെ കുടുംബത്തിനും ഉണ്ടാകണം. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തിയല്ല നമ്മുടെ ആവശ്യങ്ങള്‍ തീരുമാനിക്കപ്പെടേണ്ടത്. അതിന്റെ മാനദണ്ഡം നമ്മുടെ വരുമാനമാണ്. ലക്ഷങ്ങള്‍ വരുമാനമുള്ളവര്‍ ഉണ്ടാക്കുംപോലെ വീടുണ്ടാക്കുകയും വിവാഹം മോടികൂട്ടുകയും ചെയ്താല്‍ കടക്കാരനായി ജീവിച്ചു കടക്കാരനായി മരിക്കേണ്ടി വരും. ഇന്ന് അടിച്ചു പൊളിച്ചു ജീവിക്കാനല്ല, മറിച്ച് നാളത്തേക്ക് വല്ലതും നീക്കിവെക്കാന്‍ വേണ്ടിയാണ് കടല്‍ കടന്നതെന്ന ബോധം അവന്റെയുള്ളില്‍ എന്നും ഉണ്ടാകണം; ഒരു തിരിച്ചുപോക്ക് എപ്പോഴും ഉണ്ടാകാമെന്നും. രണ്ടാമതായി, കുടുംബക്കാരോ നാട്ടുകാരോ ആരു നിര്‍ബന്ധിച്ചാലും പ്രലോഭിപ്പിച്ചാലും തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം തലയില്‍ എടുത്തുവെക്കുക. കടങ്ങളും പ്രശ്‌നങ്ങളും വന്നാല്‍ താന്‍ മാത്രമാണ് അത് നേരിടാന്‍ ഉണ്ടാവുക എന്ന് ഓര്‍ക്കുക.
കുടുംബിനികള്‍ക്കും വലിയ റോള്‍ ഉണ്ട്. ഭര്‍ത്താവിന്റെ ജീവിത സാഹചര്യങ്ങളെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെ കുടുംബ ബജറ്റുകള്‍ തയാറാക്കുക. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുപകരം തങ്ങളുടെ വരുമാനത്തില്‍ നിന്ന് കൊണ്ടുള്ള ബജറ്റുകള്‍ തയ്യാറാക്കുക. പിതാവിന്റെ വരുമാനത്തെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും മക്കളെ നല്ല രീതിയില്‍ പറഞ്ഞു മനസ്സിലാക്കുക. പറയുന്നതൊക്കെ വാങ്ങി കൊടുക്കുന്ന സാഹചര്യം ഒഴിവാക്കുക, അയലത്തെ വീട്ടില്‍ കാണുന്നതൊക്കെ തങ്ങള്‍ക്കും കൂടി വാങ്ങാനുള്ളതാണെന്ന ചിന്ത ഒഴിവാക്കിയാല്‍ തന്നെ സാമ്പത്തിക അച്ചടക്കം താനേ ഉണ്ടാവും. പിടിയരിയില്‍നിന്ന് മിച്ചം വെച്ചു കുടുംബം പുലര്‍ത്തിയിരുന്നു പഴയ കുടുംബിനികള്‍. ആയിരങ്ങള്‍ കിട്ടിയാലും ഇന്നത്തെ കുടുംബിനികള്‍ക്ക് മിച്ചം പിടിക്കാന്‍ പറ്റുന്നില്ല. അതിനുവേണ്ടിയുള്ള പരിശ്രമം അവരില്‍ ഇല്ലാത്തതുകൊണ്ടാണിത്. കുടുംബ ചെലവില്‍നിന്ന് മിച്ചംപിടിച്ചു ഭര്‍ത്താവ് അറിയാതെ തന്നെ ചെറിയ സമ്പാദ്യങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കും. നാട്ടിലെ ചെറിയ കുറികളിലോ, ഇന്‍ഷുറന്‍സിലോ, പോസ്റ്റ് ഓഫീസ് ഡപ്പോസിറ്റ് സ്‌കീമുകളിലോ ചേര്‍ന്ന് നാളത്തേക്ക് വല്ലതും നീക്കിവെച്ചാല്‍ പെട്ടെന്ന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഇത്തരം സമ്പാദ്യങ്ങള്‍ വലിയ ആശ്വാസമായിരിക്കും. ഓരോ പ്രവാസിയും നാളെ താനൊരു പരാജയപ്പെട്ട പ്രവാസിയാകാതിരിക്കാന്‍ ഇന്ന്തന്നെ ശ്രമങ്ങള്‍ തുടങ്ങട്ടെ, കുടുംബം അതിനു പിന്തുണ നല്‍കട്ടെ.
Comments