Prabodhanm Weekly

Pages

Search

2014 ജനുവരി 24

അതിര് കടന്ന് അശ്ലീലമായിത്തീരുന്നു ഈ വിവാഹ വീഡിയോകള്‍

വി.കെ ഫഹദ്

അതിര് കടന്ന് അശ്ലീലമായിത്തീരുന്നു
ഈ വിവാഹ വീഡിയോകള്‍

സ്വന്തം കല്യാണ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് ലൈക്കുകളും കമന്റുകളും പ്രതീക്ഷിച്ചിരിക്കുന്ന പുതിയാപ്പിളമാരും പുതുമണവാട്ടിമാരും ഇന്ന് സര്‍വ സാധാരണമായിരിക്കുന്നു. ഈയിടെ, ഇത്തരത്തില്‍ ഒരു വീഡിയോ കാണാനിടയായി. കല്യാണ വേദിയില്‍ പരസ്യമായി നൃത്തം ചെയ്യുന്ന കല്യാണച്ചെറുക്കനും കൂട്ടുകാരും. കണ്ടു നില്‍ക്കുന്നവരൊക്കെ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കല്യാണപ്പെണ്ണിനെ നൃത്തം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും വേദിയിലേക്ക് തള്ളിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രായം ചെന്ന മനുഷ്യനെ കണ്ടപ്പോള്‍ അമ്പരന്നുപോയി. മുന്‍കാലങ്ങളില്‍ ഇത്തരം ആഘോഷങ്ങളെ എതിര്‍ത്തിരുന്നത് കുടുംബത്തിലെ മുതിര്‍ന്നവരായിരുന്നു. പക്ഷേ ഇന്നിപ്പോള്‍ ഇത്തരം പരിപാടികള്‍ക്കുള്ള എല്ലാ പിന്തുണയുമായി മുതിര്‍ന്നവരും രംഗത്ത് വരാന്‍ തുടങ്ങിയിരിക്കുന്നു.
ഒരു മുഴുനീള ചലച്ചിത്രം നിര്‍മിക്കുന്ന രീതിയിലാണ് ഇത്തരം വീഡിയോകള്‍ നിര്‍മിക്കുന്നത്. ഇതിലെ 'അഭിനേതാക്കളാ'കുന്നത് കല്യാണച്ചെറുക്കന്റെയും പെണ്ണിന്റെയും കുടുംബക്കാരും കൂട്ടുകാരും പിന്നെ സമുദായ നേതാക്കന്മാരും. ലക്ഷങ്ങള്‍ ചെലവഴിച്ച് മുന്തിയ കാമറകള്‍ വെച്ച് എടുക്കുന്ന ഇത്തരം വീഡിയോകള്‍ സത്യത്തില്‍ തനി പൈങ്കിളി ആല്‍ബങ്ങളേക്കാള്‍ തരംതാണതാണ്. സിനിമകളെയും ആല്‍ബങ്ങളെയും അനുകരിച്ചായിരിക്കും പലരും ഇത്തരം സാഹസങ്ങള്‍ക്ക് തയാറാവുന്നത്. പക്ഷേ സിനിമയും ആല്‍ബവും അഭിനയമാണെന്നും അതില്‍ അഭിനയിക്കുന്നവര്‍ക്ക് അതുമായി യഥാര്‍ഥ ജീവിതത്തില്‍ ഒരു ബന്ധവുമില്ല എന്നും മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലാതായിപ്പോയി നമ്മുടെ സമുദായത്തിലെ പുതിയാപ്പിളക്കും പുതിയെണ്ണിനും. വീടിന്റെ അകത്തളങ്ങളില്‍നിന്ന് മാറി നടുറോഡില്‍ വരെ എത്തിയിരിക്കുന്നു വീഡിയോ നിര്‍മാണം. കല്യാണം എങ്ങനെ വ്യത്യസ്തമാക്കാമെന്ന് തല പുകഞ്ഞാലോചിക്കുന്നവരെയും സമുദായത്തില്‍ കാണാം. ഇവര്‍ക്കെല്ലാം ഇസ്‌ലാമിക വിവാഹത്തിന്റെ ലളിത പാഠങ്ങള്‍ വിവരമുള്ളവരെങ്കിലും പറഞ്ഞുകൊടുത്തിരുന്നെങ്കില്‍!
വി.കെ ഫഹദ്

വിവേകമുള്ളവര്‍ ആരുമില്ലേ?

'വിവേകമുള്ളവരാരുമില്ലേ?' (ലക്കം 2831) എന്ന മുഖക്കുറിപ്പാണ് ഈ കുറിപ്പിന് പ്രചോദനം. വിശുദ്ധ ഖുര്‍ആനിലെ ഏതൊരു സൂക്തത്തിനും പ്രവാചകന്റെ ഏതൊരു വചനത്തിനും അന്നും എന്നും പ്രസക്തിയുണ്ട്. വര്‍ത്തമാനകാലത്ത് ഇത് ഏറെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വിവേകമുള്ളവരാരുമില്ലേ എന്ന ചോദ്യം കേവലം സ്വവര്‍ഗരതിക്കെതിരെയുള്ള  പ്രയോഗമായി മാത്രമല്ല ഇന്ന് കാണേണ്ടത്. ഈജിപ്തിലും ബംഗ്ലാദേശിലുമടക്കമുള്ള  സര്‍വ നരനായാട്ടുകള്‍ക്കും അധാര്‍മികതകള്‍ക്കുമെതിരെയുള്ള ധാര്‍മിക വിപ്ലവ മുദ്രാവാക്യമായി ഈ വാക്കുകളെ നമുക്ക് കൂട്ടിയോജിപ്പിക്കാവുന്നതാണ്. സത്യത്തിനും നീതിക്കും ധര്‍മത്തിനും ന്യായത്തിനും ഇവിടെ വിലയില്ലാതായിരിക്കൊണ്ടിരിക്കുന്നു. ഏകാധിപത്യവും രാജാധിപത്യവും പൗരോഹിത്യവും സര്‍വാധിപതിയായി വാണുകൊണ്ടിരിക്കുന്നു. ഇത്തരം അധര്‍മ ശക്തികള്‍ക്കെതിരെ ഇനിയൊരു പ്രവാചകനും വരാനില്ല. ഇബ്‌റാഹീമും ലൂത്വും മൂസയും മുഹമ്മദുമൊന്നും വരില്ല എന്ന ബോധ്യത്തില്‍ നിന്നാണ് ഇവര്‍ ആശ്വാസവും ആവേശവും കൊള്ളുന്നത്. ഇവിടെയാണ് സത്യത്തിന്റെ തെളിനീരുമായി, ക്ഷമയും സംയമനവും കൈമുതലാക്കി ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കേണ്ടത്, 'വിവേകമുള്ളവരാരുമില്ലേ?' എന്ന ചോദ്യം.
നസീര്‍ പള്ളിക്കല്‍ രിയാദ്

ദൈന്യതയും ഇവര്‍ക്ക് തെരഞ്ഞെടുപ്പായുധമാണ്

ഭീകരമായ വര്‍ഗീയ കലാപത്തിന്റെ ഇരകളായ മുസഫര്‍ നഗറിലെ മനുഷ്യരുടെ ദൈന്യതയെ തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി ആയുധമാക്കുന്നത് ആരാണ്? കോണ്‍ഗ്രസ്സോ ബി.ജെ.പിയോ അതോ മുലായംസിംഗിന്റെയും മകന്റെയും പാര്‍ട്ടിയോ? ക്യാമ്പിലെ ദൈന്യതയും അതിലെ സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധരുടെയും ക്ലേശപൂര്‍ണമായ ജീവിതവും ദാരുണ മരണവും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, 'ക്യാമ്പില്‍ കഴിയുന്നവര്‍ കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും ആളുകളാണ്, അതുകൊണ്ടാണ് അവര്‍ മടങ്ങാത്തത്' എന്ന് മുലായവും കൂട്ടരും പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുചെല്ലാന്‍ ഭയമാണെന്ന് ഇരകളും പറയുന്നു.
 അബ്ദുല്‍ മലിക് മുടിക്കല്‍

അവാസ്തവങ്ങള്‍ വാര്‍ത്തയാക്കി വിവാദം സൃഷ്ടിക്കുന്ന ചാനല്‍ പതിവുകള്‍

പ്രബോധനം ജനുവരി 10-ലെ ലക്കത്തില്‍ പി.പി ഇഖ്ബാല്‍ ദോഹ 'അറബിക്കല്യാണം നടക്കുന്നേ....' എന്ന തലക്കെട്ടിലെഴുതിയ കത്ത് വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. നമ്മുടെ നാട്ടില്‍ അറബി കല്യാണമല്ലാത്ത വിദേശ കല്യാണങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട്. അതൊന്നും ഈ ചാനലോ കല്യാണം വിവാദ വാര്‍ത്തയാക്കിയ ചാനല്‍ ലേഖകനോ കാണുന്നില്ല. മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുക മാത്രമാണ് ഈ ചാനലിന്റെ ഉദ്ദേശ്യം. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയാണ് കല്യാണം നടത്തിയത്. പിന്നെ ഇത്രയും വികൃതമാക്കി വാര്‍ത്ത പ്രക്ഷേപണം ചെയ്ത ഈ ചാനലിന്റെ ഉദ്ദേശ്യമെന്തായിരുന്നു? മധ്യവയസ്‌കന്‍ എന്നും പതിനാറുകാരിയെന്നുമൊക്കെ പറഞ്ഞു വാര്‍ത്ത പുറത്ത് വന്ന ഉടനെ വരനും വധുവും കുടുംബാംഗങ്ങളും മീഡിയ വണ്‍ ചാനലുമായി ബന്ധപ്പെടുകയും എല്ലാ രേഖകളും കാണിക്കുകയും ചെയ്തതാണ്. അതില്‍ പറഞ്ഞ പ്രകാരം വധുവിന്റെ കുടുംബം ആദ്യത്തെ ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. ചാനലിനെതിരെ അന്ന് തന്നെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.  വീണ്ടും അവര്‍ പ്രക്ഷേപണം തുടര്‍ന്നപ്പോള്‍ ചാനലിന്റെ കോഴിക്കോട് ഓഫീസില്‍ ഈ കുടുംബം പോവുകയും പ്രക്ഷേപണം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇഖ്ബാല്‍ എഴുതിയത് രണ്ട് ലക്ഷം വാങ്ങി കേസ് ഒതുക്കിയെന്നാണ്. രണ്ട് ലക്ഷം രൂപ വാങ്ങി കേസ് ഒതുക്കിയതായ വാര്‍ത്ത എവിടെ നിന്നാണ് ലഭിച്ചത്? ഈ കല്യാണത്തിന്റെ നിജസ്ഥിതി ചോദിച്ചറിയാതെ ഒരു സമൂഹത്തെ ഒന്നടങ്കം കളങ്കപ്പെടുത്തുന്ന ഇത്തരം ചാനലുകള്‍ക്കെതിരെ മതസംഘടനകള്‍ ഒരു പ്രക്ഷോഭത്തിന് തയാറായാല്‍ മാത്രമേ ഇത്തരം അനാവശ്യ വാര്‍ത്തകള്‍ ഉണ്ടാക്കി സമൂഹത്തില്‍ വിവാദം സൃഷ്ടിക്കുന്നത് ഇവര്‍ നിര്‍ത്തുകയുള്ളൂ. അതേസമയം നിയമപരമല്ലാത്ത ഒരു കല്യാണത്തെയും അനുകൂലിക്കേണ്ടതുമില്ല.
 മെഹബൂബ് കുറ്റിക്കാട്ടൂര്‍

പൊതുകാര്യങ്ങളില്‍ ഐക്യപ്പെട്ടുകൂടേ..

മുസ്‌ലിം സംഘടനകളുടെ വരുംകാല അജണ്ടകളെക്കുറിച്ചുള്ള കവര്‍‌സ്റ്റോറിയും (ലക്കം 2828) മുഹമ്മദ് സാക്കിര്‍ തുടങ്ങിവെച്ച ചര്‍ച്ചയും (ലക്കം 2832) ഗൗരവമര്‍ഹിക്കുന്നതാണ്.
മുസ്‌ലിംകള്‍ വെറുമൊരു സമൂഹമോ സമുദായമോ മാത്രമല്ല, അതൊരു ആദര്‍ശാധിഷ്ഠിത പ്രസ്ഥാനവും കൂടിയാണ്. ആ തനിമ നഷ്ടപ്പെട്ടുപോയതാണ് ഈ സമുദായത്തെ തുഴയില്ലാ തോണിയാക്കിത്തീര്‍ത്തത്. സര്‍വ മുസ്‌ലിംകളുടെയും ആദര്‍ശം ഒന്നാണ്, ലക്ഷ്യവും ഒന്നുതന്നെയാണ്. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. ചില ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് അഭിപ്രായ ഭിന്നതയും സംഘടനാ ഭിന്നിപ്പും നിലനില്‍ക്കുന്നത്.
അതെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാവരും അംഗീകരിക്കുന്ന അടിസ്ഥാന തത്ത്വങ്ങളില്‍ യോജിച്ചുകൊണ്ട് വിവിധ സംഘടനകള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തടസ്സം? ദീനിന്റെ സംരക്ഷണത്തിനു വേണ്ടി ഏക മനസ്സോടെ ഒന്നിച്ച് രംഗത്തിറങ്ങാന്‍ സംഘടനകള്‍ എന്തിനു മടിക്കണം? നാം ഒന്നാണെന്ന ഭാവം നമ്മില്‍ വളരുന്നില്ലെങ്കില്‍ നമ്മുടെ ഭാവിയെക്കുറിച്ച് വലുതായൊന്നും പ്രതീക്ഷ പുലര്‍ത്തേണ്ടതില്ല.
 എന്‍.പി അഹ്മദ്, അയ്യന്തോള്‍, തൃശൂര്‍


പ്രബോധനം നടത്തിക്കൊണ്ടിരിക്കുന്ന 'മുസ്‌ലിം സംഘടനകളുടെ ഭാവി അജണ്ട' എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് മുഹമ്മദ് സാക്കിര്‍ മുന്നോട്ട് വെച്ച അഭിപ്രായങ്ങള്‍ (മുസ്‌ലിം സംഘടനകളും കേരളീയ സമൂഹവും-ലക്കം 2832) ജിജ്ഞാസയോടും ആവേശത്തോടെയുമാണ് വായിച്ചുതീര്‍ത്തത്. ബാധ്യത സമുദായത്തോട് എന്നതിലുപരി സമൂഹത്തോടായി മാറണം എന്ന ഓര്‍മപ്പെടുത്തല്‍ ഗൗരവമര്‍ഹിക്കുന്നതാണ്.
 അബ്ദുര്‍റസ്സാഖ് പുലാപ്പറ്റ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/9-13
എ.വൈ.ആര്‍