Prabodhanm Weekly

Pages

Search

2014 ജനുവരി 24

കോര്‍പ്പറേറ്റ് രാഷ്ട്രീയം

അവരവരുടെ പ്രത്യയശാസ്ത്രത്തെ ആധാരമാക്കി രാജ്യത്ത് ജനക്ഷേമകരവും പുരോഗമനോന്മുഖവുമായ ഭരണസംവിധാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സംഘടനാ കാര്യങ്ങള്‍ നടത്തുന്നത് അംഗങ്ങളുടെയും അനുയായികളുടെയും വരിസംഖ്യ കൊണ്ടും സംഭാവന കൊണ്ടുമാണെന്നാണ് സങ്കല്‍പം. പാര്‍ട്ടി മെയ്ന്റനന്‍സിനപ്പുറമുള്ള ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കും പുറമേനിന്ന് സാമ്പത്തിക സഹായം വേണ്ടിവരും. ബക്കറ്റ് നീട്ടിയും റസീറ്റ് മുറിച്ചുമാണത് ശേഖരിക്കുക. ഈ രീതി പാര്‍ട്ടിയെയും ബഹുജനങ്ങളെയും ഏറെ അടുപ്പിക്കുകയും പാര്‍ട്ടിയെ ബഹുജന താല്‍പര്യങ്ങളോട് കൂടുതല്‍ പ്രതിബദ്ധരാക്കുകയും ചെയ്യും.
പാര്‍ട്ടി പ്രവര്‍ത്തനം ഇപ്പോള്‍ വളരെ ചെലവേറിയ ഏര്‍പ്പാടായി മാറിയിരിക്കുന്നു. ഒരു നല്ല സമ്മേളനം നടത്തണമെങ്കില്‍ കോടികള്‍ പൊടിപൊടിക്കണം. പണ്ട് സമ്മേളനങ്ങള്‍ക്ക് പന്തലിടുന്നതും വേദിയൊരുക്കുന്നതുമൊക്കെ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. ഇന്ന് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വരെ കൂലി കൊടുക്കണം, ലക്ഷ്വറി ബസ്സുകള്‍ ഏര്‍പ്പെടുത്തണം. അന്ന് ബസ്സില്‍ സഞ്ചരിക്കുകയും കുടിലുകളിലുറങ്ങുകയും ചെയ്തിരുന്നവര്‍ക്ക് ഇന്ന് എ.സി കാറും എ.സി റൂമും വേണം. തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നവരുടെ സഞ്ചാരം വിമാനത്തിലായി. തിരുവനന്തപുരത്ത് നിന്ന് കെ.കെ എക്‌സ്പ്രസ് ദല്‍ഹിയിലെത്തുമ്പോഴേക്കും കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ പലവട്ടം ദല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തി തിരിച്ചുവന്നിരിക്കും. കേരളത്തിലെ താക്കോല്‍ മന്ത്രി പ്രശ്‌നവും അതു കഴിഞ്ഞപ്പോഴാരംഭിച്ച കെ.പി.സി.സി നേതൃത്വ പ്രശ്‌നവും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയിലേക്കും ദല്‍ഹി നേതാക്കള്‍ കേരളത്തിലേക്കും പറന്നത് എത്ര വട്ടമാണെന്ന് അവര്‍ പോലും ഓര്‍ക്കുന്നുണ്ടാവില്ല. തെരഞ്ഞെടുപ്പുകളാവട്ടെ, പണക്കൊഴുപ്പിന്റെ ആറാട്ടാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കേരളത്തിലെ ഓരോ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടിയും 10 ലക്ഷം രൂപ വീതം കോണ്‍ഗ്രസ് മാത്രം ചെലവിട്ടെന്നാണ് റിപ്പോര്‍ട്ട്.
ഭീമമായ ഈ ചെലവുകളൊന്നും കേവലം ബക്കറ്റ് പിരിവുകൊണ്ട് നികത്താവുന്നതല്ല. പിന്നെ ഈ പണമൊക്കെ എവിടെ നിന്ന് വരുന്നു? 2012-ല്‍ പുറത്തുവന്ന ഒരു കണക്കനുസരിച്ച് പത്തുകൊല്ലത്തിനിടയില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ചത് 4500 കോടി രൂപയാണ്. അതില്‍ 2490 കോടിക്ക് ആദായ നികുതി വകുപ്പില്‍ കണക്കുണ്ട്. 1385.61 കോടി കോണ്‍ഗ്രസ്സും 682 കോടി ബി.ജെ.പിയുമാണ് കൈപ്പറ്റിയത്. 20000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ മേല്‍വിലാസമടക്കമുള്ള വിവരങ്ങള്‍ അതത് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമീഷന് നല്‍കണമെന്ന് നിയമമുണ്ട്. ഈ നിയമ പ്രകാരം ഇലക്ഷന്‍ കമീഷന് ലഭിച്ച കണക്കുകള്‍ പറയുന്നത് 2004-2012 കാലയളവില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ കൈപ്പറ്റിയത് 435.87 കോടി ആണെന്നത്രെ. ബാക്കിയൊക്കെ 20000-ല്‍ കൂടാത്ത സംഭാവനകളാണെന്ന് നാം വിശ്വസിക്കണം. ആ ദാതാക്കളൊക്കെ അജ്ഞാതരാണ്, അവരുടെ ഊരും പേരുമൊന്നും തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കേണ്ടതില്ല. പാര്‍ട്ടികള്‍ സമാഹരിച്ച യഥാര്‍ഥ തുക ഈ കണക്കുകള്‍ക്കൊക്കെ വളരെ അപ്പുറമാണെന്ന് സ്പഷ്ടം.
പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സംഭാവനകളില്‍ 87 ശതമാനവും കോര്‍പ്പറേറ്റുകളില്‍ നിന്നാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വിവരം. ബി.ജെ.പിക്ക് ലഭിച്ച 192.47 കോടിയും കോണ്‍ഗ്രസിന് ലഭിച്ച 172.25 കോടിയും വന്‍കിട കോര്‍പ്പറേറ്റുകളുടേതാണ്. ചില വിദേശ കുത്തക കമ്പനികളില്‍ നിന്നും ഈ പാര്‍ട്ടികള്‍ക്ക് കോടികള്‍ ലഭിച്ചിട്ടുണ്ട്. മറ്റു പാര്‍ട്ടികളും അവരുടെ യോഗ്യതക്കനുസരിച്ച് പണം കോര്‍പ്പറേറ്റുകളില്‍ നിന്ന് കൈപ്പറ്റിയിരിക്കുന്നു. മുതലാളിത്ത വിരുദ്ധരായ കമ്യൂണിസ്റ്റ് പാര്‍ട്ടി പോലും പണമുള്ള ഏതു ചാക്കിലും കയറാന്‍ പാകപ്പെട്ടിരിക്കുകയാണല്ലോ. സി.പി.എമ്മിനും കിട്ടി 83 കോടി എന്നാണ് 2012-ലെ കണക്ക്.
കോര്‍പ്പറേറ്റ് മുതലാളിമാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശതകോടികള്‍ എറിഞ്ഞു കൊടുക്കുന്നത് വെറുതെയല്ല. അധികാരത്തില്‍ വരുന്ന സര്‍ക്കാറുകളെ തങ്ങളുടെ ഏജന്റുമാരാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണവരുടെ ലക്ഷ്യം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ ലക്ഷ്യം നിറവേറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നിത്യോപയോഗ സാധനങ്ങളുടെ വില നിത്യേന കൂടിക്കൊണ്ടിരിക്കുന്നത്; 2ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം തുടങ്ങിയ ലക്ഷക്കണക്കില്‍ കോടികളുടെ അഴിമതി അരങ്ങേറുന്നത്. സകല സാധനങ്ങളുടെയും വിലക്കയറ്റത്തിനിടയാക്കുന്ന പെട്രോളിയത്തിന്റെ വില വര്‍ധനക്ക് തടയിടാന്‍ ശ്രമിച്ച ജയ്പാല്‍ റെഡ്ഡിക്ക് എത്ര പെട്ടെന്നാണ് വകുപ്പ് മാറ്റം സംഭവിച്ചത്! സാമാന്യ ജനങ്ങളുടെ താല്‍പര്യത്തിന് പുല്ലുവില കല്‍പിച്ചുകൊണ്ട് ഗ്യാസിന് വില വര്‍ധിപ്പിക്കാനുള്ള റിലയന്‍സിന്റെ ആവശ്യം പടിപടിയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. വില വര്‍ധനവിന് ആക്കം കൂട്ടുന്നതിനു വേണ്ടി,കരാര്‍ പ്രകാരമുള്ള ഗ്യാസ് ഉല്‍പാദനം 19 ശതമാനമായി വെട്ടിക്കുറക്കാനും അവരെ അനുവദിച്ചു. കല്‍ക്കരി ഇടപാടില്‍ രാജ്യത്തിന് നഷ്ടമാവുകയും റിലയന്‍സിന് ലാഭമാവുകയും ചെയ്തത് 30000 കോടിയാണെന്ന് സി.എ.ജി ചൂണ്ടിക്കാണിക്കുന്നു. സാധാണക്കാരന്റെ സബ്‌സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറക്കുമ്പോള്‍ വന്‍കിട വ്യവസായികള്‍ക്ക് സഹസ്ര കോടികളുടെ ഇളവുകള്‍ നല്‍കുന്നു. അങ്ങനെ ഒന്നു കൊടുത്ത് ആയിരം തിരികെ പിടിക്കുകയാണ് കോര്‍പ്പറേറ്റുകള്‍.
ജനങ്ങളുടെ താല്‍പര്യങ്ങളില്‍നിന്നും വികാരങ്ങളില്‍ നിന്നും അകലുമ്പോള്‍ പാര്‍ട്ടികള്‍ക്ക് ജനവിശ്വാസം നഷ്ടപ്പെടുന്നു. നിലനില്‍ക്കാന്‍ കൂടുതല്‍ ഭൗതിക വിഭവങ്ങളാവശ്യമായിത്തീരുന്നു. അതിനവര്‍ മുതലാളിമാരെ ആശ്രയിക്കുന്നു. മുതലാളിമാര്‍ അവരെ സ്വന്തം താല്‍പര്യത്തിന് ഉപയോഗിക്കുന്നു. നാം അഭിമാനപൂര്‍വം ഉദ്‌ഘോഷിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ജനങ്ങള്‍ സ്വയം തീരുമാനിച്ച് സമ്മതിദാനം ചെയ്യുന്നതിനു പകരം വോട്ടുകള്‍ വില കൊടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതെന്ന് പൊതു തെരഞ്ഞെടുപ്പിന് കേളി കൊട്ടുയര്‍ന്ന ഈ സന്ദര്‍ഭത്തില്‍ പൗരബോധമുള്ളവര്‍ സഗൗരവം ആലോചിക്കേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/9-13
എ.വൈ.ആര്‍