ഷാരോണ്‍ യുദ്ധക്കുറ്റവാളി അഞ്ച് 'പച്ച യാഥാര്‍ഥ്യങ്ങള്‍'

ഏരിയല്‍ ഷാരോണിന്റെ രക്തം പുരണ്ട ജീവിതത്താളുകള്‍ക്ക് മീതെ വെള്ളപൂശല്‍ നടക്കുമെന്നത് പ്രവചിക്കപ്പെട്ടത് തന്നെയായിരുന്നു. വെള്ളപൂശിയതുകൊണ്ട് മാത്രം ആ കൃത്യങ്ങള്‍ പൊറുക്കാവുന്നതും മാപ്പാക്കാവുന്നതുമാണെന്ന് വരുന്നില്ല. സ്വീഡിഷ് വിദേശകാര്യമന്ത്രി കാള്‍ബില്‍റ്റ് പറഞ്ഞത് കേള്‍ക്കൂ: ''ഏരിയല്‍ ഷാരോണ്‍ ഇസ്രയേലിന്റെ മഹാനായ നേതാവായിരുന്നു. ധിഷണാശാലിയായ സൈനിക മേധാവിയും സമാധാനത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ വിവേകശാലിയായ രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു.'' ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞത്, 'സമാധാനത്തിന് വേണ്ടിയുള്ള യത്‌നത്തില്‍ ധീരവും വിവാദപരവുമായ തീരുമാനങ്ങള്‍ എടുത്തയാള്‍' എന്നാണ്. ഈ കപടഭാഷണങ്ങളുടെ തോലുരിയാന്‍ മധ്യപൗരസ്ത്യ നിരീക്ഷകനായ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് തന്നെ വേണ്ടിവന്നു. ''കുറച്ച് ഇസ്രയേലി സൈനികരും അറബ് ലോകവും (ഏതാനും വര്‍ഷങ്ങളായി സ്വന്തം ജനതയെ കൊന്നൊടുക്കുന്നതില്‍ മികച്ച കാര്യക്ഷമത കാണിക്കുന്നുണ്ട് ഇവിടത്തെ ഭരണാധികാരികള്‍ എന്നത് വേറെ കാര്യം), ജീവിച്ചിരുന്ന കാലത്ത് കൊലയാളി എന്ന് ശപിച്ചിരുന്ന ഷാരോണ്‍, തന്റെ കഴിഞ്ഞ എട്ടു വര്‍ഷത്തെ മരണ സമാനമായ ജീവിതത്തില്‍ മാന്യനായിത്തീരുകയുണ്ടായി. ഒരു ഹീറോയുടെയും സമാധാന കാംക്ഷിയുടെയും സംസ്‌കാര ചടങ്ങുകള്‍ ഷാരോണിന് ലഭിക്കുകയും ചെയ്യും. അങ്ങനെ നാം ചരിത്രത്തെ മാറ്റിയെഴുതുന്നു. എത്ര പെട്ടെന്നാണ് വാഷിംഗ്ടണിലെയും ന്യൂയോര്‍ക്കിലെയും പത്രപ്രവര്‍ത്തകര്‍ ക്രൂരനായ ഒരാളുടെ ഇമേജ് മാറ്റിത്തിരുത്തിയത്.'' ജറൂസലം ഫണ്ടിന്റെ യൂസുഫ് മുനയ്യര്‍ ട്വീറ്റ് ചെയ്തത് പോലെ, ''കണ്ണും ദിക്കുമില്ലാത്ത നശീകരണത്തിനും കൂട്ട മനുഷ്യക്കശാപ്പിനും ഷാരോണ്‍ ഉത്തരവാദിയാണ് എന്നത് ഒരു 'ഫലസ്ത്വീനിയന്‍ കാഴ്ചപ്പാട്' അല്ല; പച്ച യാഥാര്‍ഥ്യം മാത്രമാണ്.''
ഷാരോണ്‍ യുദ്ധക്കുറ്റവാളിയാണ് എന്നതിന് അഞ്ച് 'പച്ച യാഥാര്‍ഥ്യങ്ങള്‍' ആണ് ഇവിടെ ചേര്‍ക്കുന്നത്.
ഒന്ന്: 1953 ഒക്‌ടോബര്‍ 14 വൈകുന്നേരം. ഏരിയല്‍ ഷാരോണ്‍ എന്ന ഇരുപത്തിയഞ്ചുകാരന്റെ നേതൃത്വത്തിലുള്ള ഇസ്രയേലി പ്രതിരോധ സേന(Israel Defence Force- IDF)യുടെ 'യൂനിറ്റ് 101' എന്ന് വിളിക്കപ്പെടുന്ന വിഭാഗം ഖിബ്‌യ ഗ്രാമത്തെ കടന്നാക്രമിക്കുന്നു. പടിഞ്ഞാറെ കരയില്‍ ജോര്‍ദാന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നു ഇത്. മോര്‍ട്ടാറുകളും കൈബോംബുകളും തോക്കുകളും ഉപയോഗിച്ചുള്ള ആക്രമണം. ഇതിന് ഇരകളായവരില്‍ ഭൂരിപക്ഷവും സിവിലിയന്മാര്‍. ആ രാത്രി 69 ഫലസ്ത്വീനികളാണ് കൊല്ലപ്പെട്ടത്. അവരില്‍ മൂന്നില്‍ രണ്ട് പേരും സ്ത്രീകളും കുട്ടികളും. അമ്പത് വീടുകള്‍ തകര്‍ക്കപ്പെട്ടു. ഗ്രാമത്തിലെ അറബ് സൈനികര്‍ക്ക് കനത്ത ആഘാതമേല്‍പ്പിക്കണമെന്ന് തനിക്ക് മുകളില്‍ നിന്ന് കല്‍പന ലഭിച്ചിരുന്നതായി പിന്നീട് ഷാരോണ്‍ തന്റെ ഡയറിയില്‍ കുറിച്ചിട്ടു. ''കല്‍പന വളരെ വ്യക്തമായിരുന്നു: ഖിബ്‌യ സകലര്‍ക്കും ഒരു പാഠമാവട്ടെ.''
യു.എന്‍ നിരീക്ഷകര്‍ രേഖപ്പെടുത്തിയത് ഇങ്ങനെ: ''ദൃക്‌സാക്ഷികള്‍ (ഖിബ്‌യയിലെ) ഒന്നടങ്കം പറയുന്നത് അതൊരു കാളരാത്രിയായിരുന്നുവെന്നാണ്. കെട്ടിടങ്ങള്‍ സ്‌ഫോടനം നടത്തി തകര്‍ത്തും, വാതിലുകളിലൂടെയും ജനലുകളിലൂടെയും ഓട്ടോമാറ്റിക് ആയുധങ്ങളിലൂടെ വെടിയുതിര്‍ത്തും കൈബോംബുകള്‍ എറിഞ്ഞും ഇസ്രയേലി സൈനികര്‍ ഗ്രാമത്തിലൂടെ പാഞ്ഞുനടന്നു.''
ഈ സംഭവത്തില്‍ അന്തരിച്ച മുന്‍ ഇസ്രയേലി പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ ന്യായീകരിക്കുന്നവരുണ്ട്. വീടുകള്‍ക്കകത്ത് സിവിലിയന്മാര്‍ ഉണ്ടായിരുന്ന കാര്യം ഷാരോണിന് അറിയില്ലായിരുന്നു എന്നാണവരുടെ വാദം! അസംബന്ധം എന്നേ ഇതിനെക്കുറിച്ച് പറഞ്ഞുകൂടൂ. ഒരിക്കല്‍കൂടി യു.എന്‍ നിരീക്ഷകരെ ഉദ്ധരിക്കാം. ''വാതില്‍പ്പടികളില്‍ കിടന്നിരുന്ന ബുള്ളറ്റുകള്‍ തറഞ്ഞ് കയറിയ മൃതദേഹങ്ങളും തകര്‍ക്കപ്പെട്ട വീടുകളുടെ വാതിലുകളില്‍ പതിഞ്ഞിരുന്ന ധാരാളം വെടിയുണ്ട പാടുകളും നല്‍കുന്ന സൂചന, വീടുകള്‍ ബോംബെറിഞ്ഞ് തകര്‍ക്കുന്നത് വരെ അവക്കകത്ത് കഴിഞ്ഞിരുന്ന ആളുകളെ പുറത്തേക്കിറങ്ങാന്‍ സമ്മതിച്ചില്ല എന്നാണ്.''
രണ്ട്: 1995-ല്‍ ഇസ്രയേല്‍ ബ്രിഗേഡിയര്‍ അര്‍യി ബിറോ ലോസ് ഏഞ്ചല്‍സ് ടൈംസിനോട് ഒരു കുറ്റസമ്മതം നടത്തി. താനും തന്റെ പാരച്യൂട്ട് ഭടന്മാരും 1956-ലെ സിനായ് യുദ്ധക്കാലത്ത് നിരായുധരായ 49 ഈജിപ്ഷ്യന്‍ തടവുകാരെ അതിക്രൂരമായി കൂട്ടക്കശാപ്പ് നടത്തിയെന്ന്. പാരച്യൂട്ട് സൈനികരുടെ തലവനാരായിരുന്നു? ഏരിയല്‍ ഷാരോണ്‍.
''കൃത്യം 49 പേരുണ്ടായിരുന്നു.'' ബിറോ പത്രപ്രതിനിധിയോട് പറഞ്ഞു. ''കൈകള്‍ കെട്ടി അവരെ ഞങ്ങള്‍ ഒരു കല്ലുവെട്ടു കുഴിയിലേക്ക് കൊണ്ടുപോയി. അവരാകെ അമ്പരന്നും മനസ്സ് തകര്‍ന്നും കാണപ്പെട്ടു. ആര് വെടിവെച്ചു, ആരൊക്കെ വെടിവെച്ചില്ല എന്നതൊന്നും പ്രധാനമല്ല. അവരെ വെടിവെച്ചിട്ടു എന്നതാണ് പ്രധാനം.'' ഈ അമേരിക്കന്‍ പത്രം തുടര്‍ന്നു എഴുതി: ''ഇസ്രയേലി പത്രപ്രവര്‍ത്തകര്‍ പതിറ്റാണ്ടുകളായി ഈ കൂട്ടക്കൊലയെക്കുറിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഔദ്യോഗിക സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് അത് തടയുകയായിരുന്നു.'' ഇതെക്കുറിച്ച് ഒരു വിശദീകരണവും ഷാരോണ്‍ തന്റെ ജീവിതകാലത്ത് നല്‍കിയില്ല. നല്‍കണമെന്ന് ആരും ഷാരോണിനോട് ആവശ്യപ്പെട്ടതുമില്ല.
മൂന്ന്: സബ്‌റ-ശാതീല. ഷാരോണെക്കുറിച്ച ഏത് ചരമക്കുറിപ്പിന്റെയും ആദ്യ വാചകങ്ങളില്‍ വരേണ്ട വാക്കുകളാണിവ. 1982 സെപ്റ്റംബര്‍ 18-ന് സബ്‌റ, ശാതീല എന്നീ ലബനീസ് അഭയാര്‍ഥി ക്യാമ്പുകളില്‍ നൂറ് കണക്കിന് ഫലസ്ത്വീനികളെയാണ് ലബനാനിലെ ക്രിസ്ത്യന്‍ മിലീഷ്യയായ ഫലാഞ്ചിസ്റ്റുകള്‍ കൊന്നൊടുക്കിയത്. ഷാരോണിന്റെ സമ്മതത്തോടെയും ആശീര്‍വാദത്തോടെയുമായിരുന്നു ഈ മിലീഷ്യ ക്യാമ്പുകളിലേക്ക് ഇരച്ചുകയറിയത് (അന്ന് ഇസ്രയേലി രാജ്യരക്ഷാ മന്ത്രിയായിരുന്ന ഷാരോണ്‍, തെക്കന്‍ ലബനാനില്‍ അധിനിവേശം നടത്തി ലബനീസ് ഗവണ്‍മെന്റിനെ അട്ടിമറിക്കാനായി ഇസ്രയേല്‍ അനുകൂല മറനൈറ്റ് ക്രൈസ്തവരുടെ ഒരു ഭരണകൂടം തട്ടിക്കൂട്ടാനുള്ള ശ്രമത്തിലായിരുന്നു).
1983-ല്‍ ഇസ്രയേലി സുപ്രീം കോടതി മേധാവിയായ യിസാഖ് കഹാന്റെ നേതൃത്വത്തിലുള്ള ഒരു ഔദ്യോഗിക അന്വേഷണ സംഘം, സബ്‌റ-ശാതീല കൂട്ടക്കൊലയില്‍ ഷാരോണിന് 'വ്യക്തിപരമായ ഉത്തരവാദിത്വം' ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. 'രക്തച്ചൊരിച്ചിലിന്റെയും പ്രതികാരത്തിന്റെയും അപായമണി അവഗണിച്ചതിനും', 'രക്തച്ചൊരിച്ചില്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തതിനും' രാജ്യരക്ഷാ മന്ത്രിയെ ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നും കഹാന്‍ കമീഷന്‍ പ്രഖ്യാപിച്ചു.
ഒരാള്‍ക്കും നിഷേധിക്കാനാവാത്ത കൂട്ടക്കശാപ്പ് തന്നെയായിരുന്നു അത്. 2001-ല്‍ അല്‍ അഹ്‌റാം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്: ''കൂട്ടക്കൊലക്ക് ഇരയായത് 700 പേരാണെന്ന് ഇസ്രയേല്‍ പറയുന്നു. നിഷ്പക്ഷവൃത്തങ്ങളുടെ കണക്കുകൂട്ടല്‍ വധിക്കപ്പെട്ടവരുടെ എണ്ണം 3500 വരെ എത്തുമെന്നാണ്. ഇതിനിടയില്‍ യഥാര്‍ഥ കണക്ക് എത്രയെന്ന് നിജപ്പെടുത്തുക അസാധ്യമാണ്.'' നിജപ്പെടുത്താന്‍ മാത്രമല്ല, ആ സംഭവം ഓര്‍ക്കാന്‍ തന്നെ സാധ്യമല്ല എന്ന് വന്നിരിക്കുന്നു. ഈ മുന്‍ ഇസ്രയേലി പ്രധാനമന്ത്രിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത ബി.ബി.സി വാര്‍ത്തയില്‍ ഒരിടത്തും സബ്‌റ-ശാതീലയോ, രൂക്ഷ വിമര്‍ശനം നടത്തിയ കഹാന്‍ കമീഷനോ പരാമര്‍ശിക്കപ്പെടുന്നു പോലുമില്ല. നാണക്കേട് തന്നെ!
നാല്: ഇസ്രയേലിലെ മനുഷ്യാവകാശ സംഘടനയായ ബിടിസലമി (B'Tselem)ന്റെ റിപ്പോര്‍ട്ട് പ്രകാരം, 2002 മാര്‍ച്ച്-മെയ് മാസങ്ങളില്‍ 240 ഫലസ്ത്വീനികളെയാണ് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) വധിച്ചത്. 'ഓപ്പറേഷന്‍ ഡിഫന്‍സീവ് ഷീല്‍ഡ്' എന്നായിരുന്നു ആ ആക്രമണത്തിന്റെ പേര്. പടിഞ്ഞാറെ കരയില്‍ വന്‍തോതില്‍ ഇസ്രയേലി അധിനിവേശമുണ്ടായതും ഫലസ്ത്വീന്‍ നഗരങ്ങളില്‍ കണ്ടമാനം ബോംബുകള്‍ വര്‍ഷിച്ചതും ഷാരോണ്‍ നേതൃത്വം നല്‍കിയ ഈ ആക്രമണത്തിലായിരുന്നു.
മരിച്ചവരില്‍ ജനീനിലെ 22 സിവിലിയന്മാരും ഉള്‍പ്പെട്ടിരുന്നു. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ഭാഷ്യമനുസരിച്ച്, വളരെ വിവാദങ്ങള്‍ക്ക് വഴിവെച്ച 'ജനീന്‍ പോരാട്ട'ത്തിലാണ് ഇവര്‍ വധിക്കപ്പെട്ടത്. മരിച്ചവരുടെ കൂട്ടത്തില്‍ വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന കമാല്‍ സഗീര്‍ എന്നൊരു 57 വയസ്സുകാരനുണ്ട്. 2002 ഏപ്രില്‍ 10-ന് അദ്ദേഹത്തിന് വെടിയേല്‍ക്കുകയും പ്രധാന പാതക്ക് സമീപം വെച്ച് ആ ശരീരത്തിന് മീതെ ടാങ്ക് കയറിയിറങ്ങുകയും ചെയ്തു. വീല്‍ ചെയറില്‍ ഒരു വെള്ളപ്പതാക നാട്ടിയിരുന്നതൊന്നും അക്രമികള്‍ വകവെക്കുകയുണ്ടായില്ല. വധിക്കപ്പെട്ട മറ്റൊരു സിവിലിയനാണ് 58-കാരിയായ മര്‍യം വിശാഹി. വീട്ടിലിരിക്കെ ഏപ്രില്‍ ആറിനാണ് അവര്‍ മിസൈലേറ്റ് മരിക്കുന്നത്. മണിക്കൂറുകള്‍ക്ക് മുമ്പ് നിരായുധനായ അവരുടെ മകന് തെരുവില്‍ വെച്ച് വെടിയേറ്റിരുന്നു. ജമാല്‍ ഫായിദ് എന്ന വികലാംഗനായ മുപ്പത്തേഴുകാരന്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിയാണ് വധിക്കപ്പെട്ടത്. അയാളെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന ആരും ചെവിക്കൊണ്ടില്ല.
ജനീനില്‍ കൂട്ടക്കശാപ്പ് നടന്നു എന്ന ഫലസ്ത്വീനികളുടെ വാദം ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും, 'ഇസ്രയേലി സൈന്യം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങള്‍ നടത്തിയെന്നും അവയില്‍ ചിലത് ഒറ്റ നോട്ടത്തില്‍ തന്നെ യുദ്ധക്കുറ്റങ്ങളോളം എത്തുമെന്നും' സമ്മതിക്കുന്നുണ്ട്. ഷാരോണിന്റെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്, ഫലസ്ത്വീനികളെ ശിക്ഷിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ കുറ്റപ്പെടുത്തുന്നു.
ഇസ്രയേലി സാമൂഹിക ശാസ്ത്രജ്ഞനായ ബറൂച് കിമ്മര്‍ലിംഗ്, 2002-ലെ ഷാരോണ്‍ തന്ത്രങ്ങളെ 'രാഷ്ട്രീയ ഹത്യ' (politicide) എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, 'വളരെ ആസൂത്രിതമായി ഫലസ്ത്വീനികളുടെ രാഷ്ട്രീയവും സാമൂഹികവുമായ അസ്തിത്വം ക്രമേണ ഇല്ലാതാക്കുക.'
അഞ്ച്: 2005-ല്‍ ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിച്ചതിനും അവിടത്തെ അനധികൃത കുടിയേറ്റം അവസാനിപ്പിച്ചതിനും അനുശോചകരെല്ലാം ചേര്‍ന്ന് ഷാരോണിനെ പ്രശംസകള്‍ കൊണ്ട് പൊതിയുന്നുണ്ട്. യഥാര്‍ഥത്തില്‍, ഷാരോണ്‍ പ്രധാനമന്ത്രിയായ 2001-2006 കാലയളവില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് നിരീക്ഷിക്കുന്നത് പോലെ, 'പടിഞ്ഞാറെ കരയിലെ കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്രയേലി കുടിയേറ്റക്കാരുടെ എണ്ണം 388,000-ല്‍ നിന്ന് 461,000-ലേക്ക് ഉയരുകയാണ്' ചെയ്തത്. അതായത് 73,000 വര്‍ധനവ്. 'മെനച്ചം ബെഗിന് ശേഷം ഏറ്റവും കൂടുതല്‍ ഇസ്രയേല്‍ കുടിയേറ്റം നടന്ന ഘട്ടം' എന്നാണ് ഷാരോണ്‍ ഭരണകാലത്തെക്കുറിച്ച് മുനയ്യര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.
ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഓര്‍മിപ്പച്ചതുപോലെ, 'ഒരു അധിനിവേശ ശക്തി തങ്ങളുടെ പൗരന്മാരെ അവര്‍ തന്നെ അധിനിവേശം ചെയ്ത ഒരു പ്രദേശത്ത് കുടിയിരുത്തുക എന്നത് ജനീവ പ്രഖ്യാപനത്തിന്റെ ഗുരുതരമായ ലംഘനമാണ്; അതൊരു യുദ്ധക്കുറ്റമായി പരിണമിക്കാന്‍ സാധ്യതയുള്ളതുമാണ്.' പക്ഷേ, അത്തരം ശല്യപ്പെടുത്തുന്ന പ്രഖ്യാപനങ്ങളൊന്നും ഇസ്രയേലിനെ അലട്ടാറേയില്ല. ''ഓരോരുത്തനും ഇറങ്ങണം, ഓടണം, കൂടുതല്‍ കുന്നുകള്‍ പിടിക്കണം, എന്നിട്ട് സ്വന്തം മേഖല വിപുലപ്പെടുത്തണം.'' 1998-ല്‍ പടിഞ്ഞാറെ കരയിലെ ഇസ്രയേലി കുടിയേറ്റക്കാരെ സൂചിപ്പിച്ചുകൊണ്ട് അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന ഷാരോണ്‍ പറഞ്ഞു. ''നാം പിടിച്ചെടുത്തതൊക്കെ നമ്മുടെ കൈയില്‍ തന്നെ; നാം പിടിച്ചെടുക്കാത്തത് മാത്രമാണ് അവരുടെ കൈയില്‍ ഉണ്ടാവുക.''
''സബ്‌റ-ശാതീലയിലേത് പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഒരു ന്യായ വിചാരണയും നേരിടാതെ ഷാരോണ്‍ കുഴിമാടത്തിലേക്ക് പോയി എന്നത് ലജ്ജാകരമാണ്.'' ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ മധ്യപൗരസ്ത്യ ഡയറക്ടര്‍ സാറ ലീ വിറ്റ്‌സന്‍ പറഞ്ഞു.
ശരിയാണ്. പക്ഷേ, ഒരു വിഭാഗം മാധ്യമങ്ങള്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വവുമായി ചേര്‍ന്ന് ഈ കുറ്റകൃത്യങ്ങളത്രയും മറച്ചുപിടിക്കാന്‍ കിണഞ്ഞു ശ്രമിച്ചതല്ലേ അതിനേക്കാള്‍ ലജ്ജാകരമായത്!
(ഹഫിംഗ്ടണ്‍ പോസ്റ്റ് യു.കെയുടെ രാഷ്ട്രീയ വിഭാഗം ഡയറ്കടറാണ് ലേഖകന്‍)
Comments