Prabodhanm Weekly

Pages

Search

2014 ജനുവരി 24

അനുയായികളുടെ കഴിവ് കണ്ടറിഞ്ഞ പ്രവാചകന്‍

പി.കെ ജമാല്‍

ഏതൊരു പ്രസ്ഥാനത്തിന്റെയും സംഘടനയുടെയും അമൂല്യ സമ്പത്താണ് മനുഷ്യ വിഭവം. വ്യക്തികളുടെ കഴിവുകളും സിദ്ധികളും കണ്ടറിയുകയും അത് സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് പക്വതയും കാര്യക്ഷമതയും വിവേകവുമുള്ള നേതൃത്വത്തിന്റെ കഴിവും മികവും. മനുഷ്യ വിഭവ സമ്പത്ത് അക്ഷയ ഖനിയാണെന്ന ചിന്തയോടെ എല്ലാവരെയും ഉള്‍ക്കൊള്ളണമെന്ന വിചാരവും അതിനാവശ്യമായ വിനയവും വിട്ടുവീഴ്ചാ മനസ്സും വിശാല മനസ്‌കതയുമാണ് നേതൃത്വത്തിന് അനിവാര്യമായ ഗുണവും സംസ്‌കാരവും. ഓരോ പ്രദേശത്തിന്റെയും രാജ്യത്തിന്റെയും ഉത്തരവാദിത്വമേല്‍ക്കാന്‍ അനുചരന്മാരെ നിയോഗിച്ചയക്കുമ്പോള്‍ നബി(സ) ഈ വശത്തിനും യോഗ്യതക്കും പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. അതുപോലെ, ഓരോ വ്യക്തിയിലും അന്തര്‍ലീനമായ കഴിവുകള്‍ കണ്ടറിഞ്ഞ് വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും അവ വികസിക്കാനാവശ്യമായ പശ്ചാത്തലമൊരുക്കാനും നബി(സ) പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. കരുതിവെപ്പില്ലാത്ത തുറന്ന മനസ്സോടെയുള്ള ഇടപെടലായിരുന്നു നബി(സ)യുടേതെന്ന് ആ ജീവിതത്തിലെ ഓരോ സംഭവവും നമ്മെ ബോധ്യപ്പെടത്തും. ഓരോ വ്യക്തിയും തന്റെ അധീനതയില്‍ അല്ലാഹു ഏല്‍പിച്ച അമാനത്തും അമൂല്യ സമ്പത്തുമാണെന്ന് നബി കരുതി. ഒരു വ്യക്തിയെയും തിരുമേനി(സ) തള്ളിക്കളഞ്ഞില്ല. ഒരു വ്യക്തിയെയും അനാദരിച്ചില്ല, അവഗണിച്ചില്ല. ഓരോ വ്യക്തിയും താന്‍ പ്രബോധനം ചെയ്യുന്ന ഇസ്‌ലാമിന് ആവശ്യമാണെന്നും താന്‍ നയിക്കുന്ന പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമാണെന്നുമുള്ള ബോധത്തോടെയായിരുന്നു പ്രശ്‌നങ്ങളിലുള്ള നബി(സ)യുടെ ഇടപെടലുകളും തീരുമാനങ്ങളും.
പരസ്പരം പോരടിച്ച് നശിച്ചിരുന്ന ഒരു സമൂഹത്തെയാണ് സ്‌നേഹച്ചരടില്‍ നബി(സ) ബന്ധിച്ചത്. അത് ദൈവദത്തമായ അനുഗ്രഹമായിരുന്നു. ''ഭൂമിയിലുള്ള വിഭവങ്ങളത്രയും വിനിയോഗിച്ചാലും അവരുടെ ഹൃദയങ്ങളെ കൂട്ടിയിണക്കാന്‍ നിനക്കാകുമായിരുന്നില്ല. അല്ലാഹുവാണ് ആ ഹൃദയങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കിയത്'' (അല്‍ അന്‍ഫാല്‍ 63).
വൈവിധ്യമാര്‍ന്ന വാസനാ വിശേഷങ്ങളോടെയാണ് ഓരോ വ്യക്തിയും ഭൂമിയില്‍ പിറന്നുവീഴുന്നത്. ഈ വ്യത്യസ്തതകള്‍ യാഥാര്‍ഥ്യമായി അംഗീകരിച്ചുകൊണ്ട് പൊതുലക്ഷ്യ സാക്ഷാത്കാരത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു തിരുമേനി(സ)യുടെ രീതി. അബൂബക്‌റിന്റെ സ്വഭാവമല്ല ഉമറിന്റേത്. ഉസ്മാന്റെ സ്വഭാവമായിരുന്നില്ല ഇവര്‍ രണ്ടുപേരുടേതും. അലിയുടെ സ്വഭാവം ഇവര്‍ മൂന്ന് പേരുടേതുമായിരുന്നില്ല. പക്ഷേ, തന്റെ വിയോഗാനന്തരം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നേതൃത്വമേല്‍ക്കാന്‍ പാകത്തില്‍ അവരുടെ വ്യക്തിത്വം വളര്‍ത്തുന്നതില്‍ നബി(സ) ശ്രദ്ധ വെച്ചിരുന്നു. അവര്‍ക്കിടയില്‍ വിവിധ സന്ദര്‍ഭങ്ങളിലുണ്ടായ പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും നബി(സ) ഇടപെട്ട രീതി ചരിത്രം ഒരു പുനര്‍വായനക്ക് വിധേയമാക്കിയാല്‍ ഈ യാഥാര്‍ഥ്യം ബോധ്യമാവും. തനിക്ക് 'ഈ ലോകത്ത് ഏറ്റവും കടപ്പെട്ടവന്‍ അബൂബക്‌റാണെ'ന്ന് പറഞ്ഞ അതേ റസൂല്‍ 'എനിക്ക് ശേഷം ഒരു പ്രവാചകനുണ്ടാവുമെങ്കില്‍ അത് ഉമര്‍ ആയേനെ' എന്ന് പറഞ്ഞ് ഉമറിന്റെ കഴിവിനെ അംഗീകരിച്ചു. 'അബൂബക്‌റും ഉമറും എന്റെ കണ്ണും കാതു'മാണെന്ന് പറഞ്ഞ് ഇരുവരെയും വാഴ്ത്തി. വീട്ടില്‍ ഭാര്യമാരുമൊത്ത് തമാശ പറഞ്ഞിരിക്കുമ്പോള്‍ ഉമറി(റ)ന്റെ വെട്ടം കണ്ടാല്‍ റസൂല്‍(സ) പറയും: 'അതാ ഉമര്‍ വരുന്നുണ്ട് പെണ്ണുങ്ങളേ, തലയില്‍ തട്ടമിട്ട് വസ്ത്രമൊക്കെ നേരെയാക്കി അടക്കത്തോടെയും ഒതുക്കത്തോടെയും ഇരിക്കണം'. ഉമറി(റ)നെ അങ്ങക്ക് പേടിയാണോ എന്ന ആഇശയുടെ ചോദ്യത്തിന് ഒരു ഇളംപുഞ്ചിരിയാവും നബി(സ)യുടെ മറുപടി. പക്ഷേ, അബൂബക്ര്‍ വരുമ്പോള്‍ നബി(സ)ക്ക് ഒരു ഭാവഭേദവും ഉണ്ടാവില്ല. റസൂലിന്റെ സമീപമിരുന്ന് കൈകൊട്ടി പാടിക്കൊണ്ടിരുന്ന ബാലികമാര്‍ ഉമറി(റ)നെ കണ്ടപാടെ പേടിച്ചരണ്ട് ഓടിയൊളിച്ചു. രംഗം വീക്ഷിച്ച് പുഞ്ചിരിതൂകി റസൂല്‍: ''ഉമറേ! പിശാചിന് പോലും താങ്കളെ ഭയമാണ്.'' മുസ്‌ലിം ഉദ്ധരിച്ച ഒരു സംഭവം: ഒരുനാള്‍ അബൂബക്‌റും ഉമറും അനുവാദത്തിനായി നബി(സ)യുടെ വാതിലില്‍ മുട്ടി. അലസ നിമിഷങ്ങളിലൊന്നില്‍ ആഇശ(റ)യുടെ തട്ടവും പുതച്ചു കിടക്കുകയായിരുന്നു നബി(സ). അവര്‍ വന്നു സംസാരിച്ചു പോയി. പിന്നെ വാതിലില്‍ മുട്ടിയത് ഉസ്മാന്‍(റ)ആണ്. നബി(സ) വേഗം ആഇശയുടെ തട്ടം അവര്‍ക്ക് കൊടുത്ത് തന്റെ വസ്ത്രമണിഞ്ഞ് ഒരുങ്ങിയിരുന്നു. ഉസ്മാന്‍(റ) സംസാരിച്ചുപോയി. ആഇശ(റ) നബിയോട്: റസൂലേ! അബൂബക്‌റും ഉമറും വരുമ്പോള്‍ ഇല്ലാത്ത ഒരു കരുതലും ശ്രദ്ധയുമാണല്ലോ അങ്ങക്ക് ഉസ്മാന്‍(റ) വന്നപ്പോള്‍, അതെന്താണങ്ങനെ? 'ഉസ്മാന്‍ ലജ്ജാശീലനാണ്. നിന്റെ തട്ടവും പുതച്ച് അതേ കിടപ്പില്‍ ഞാന്‍ കിടന്നാല്‍ ഉസ്മാന്‍ വന്ന ആവശ്യം പറയാതെ പോയേക്കുമോ എന്ന് ഞാന്‍ കരുതി.'
ഓരോ വ്യക്തിയുടെയും മനസ്സറിഞ്ഞ് പെരുമാറുന്ന റസൂലിന്റെ രീതി സൂചിപ്പിക്കുന്നതാണ് മേല്‍പറഞ്ഞ കൊച്ചു സംഭവം. ഓരോരുത്തരെയും നബി(സ) അപഗ്രഥിച്ചു പഠിച്ചു. ഓരോരുത്തരുടെയും കഴിവുകള്‍ തിരിച്ചറിഞ്ഞു. അത് പരസ്യമായി പറയാനും നബി(സ)ക്ക് മടിയുണ്ടായിരുന്നില്ല. അവരെ സമൂഹവും അങ്ങനെ കാണട്ടെയെന്നായിരുന്നു നബി(സ)യുടെ ചിന്ത. അനസുബ്‌നു മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂല്‍ തിരുമേനി പറഞ്ഞു: ''എന്റെ കൂട്ടത്തില്‍ എന്റെ സമുദായത്തോട് ഏറ്റവും കരുണയുള്ളവന്‍ അബൂബക്‌റാണ്. അല്ലാഹുവിന്റെ വിഷയത്തില്‍ കടുത്ത നിലപാടുകാരന്‍ ഉമര്‍. ഏറെ ലജ്ജാശീലന്‍ ഉസ്മാന്‍. അല്ലാഹുവിന്റെ ഗ്രന്ഥം ഏറ്റവും നന്നായി പാരായണം ചെയ്യാന്‍ കഴിവുള്ള വ്യക്തി ഉബയ്യുബ്‌നു കഅ്ബ്. ഫറാഇളുകള്‍ നന്നായറിയുന്നവന്‍ സൈദുബ്‌നു സാബിത്. ഹലാലിനെക്കുറിച്ചും ഹറാമിനെക്കുറിച്ചും അഭിജ്ഞന്‍ മുആദുബ്‌നു ജബല്‍. ഓരോ സമുദായത്തിലുമുണ്ടാവും ഒരു വിശ്വസ്തന്‍. ഈ സമുദായത്തിലെ വിശ്വസ്തനാണ് അബൂ ഉബൈദത്തുബ്‌നുല്‍ ജര്‍റാഹ്'' (ഹാകിം, മുസ്തദ്‌റകില്‍). യമനികളുടെ കഴിവുകളും നബി(സ) കണ്ടറിഞ്ഞു അവരെ വാഴ്ത്തിപ്പറഞ്ഞു: ''ഇതാ യമനില്‍ നിന്ന് നമ്മുടെ സഹോദരങ്ങള്‍ വന്നിരിക്കുന്നു. തരളിത ഹൃദയരും സൗമ്യമനസ്‌കരുമാണ് യമന്‍കാര്‍. വിശ്വാസം യമനികളുടേതാണ്. വിജ്ഞാനം യമനികളുടേതാണ്. കാര്യാവബോധവും യമനികള്‍ക്ക് തന്നെ'' (മുസ്‌ലിം).
ഓരോ വ്യക്തിയെയും പഠിച്ചറിഞ്ഞ് പെരുമാറുന്ന രീതിയാണ് റസൂലിനെ മികവുറ്റ ഭരണാധികാരിയും നേതാവുമാക്കിയത്. കഴിവുകള്‍ തിരിച്ചറിഞ്ഞ് വാഴ്ത്തുന്നതില്‍ നബി(സ) പിശുക്ക് കാണിച്ചില്ല. കഴിവുകളെ അംഗീകരിച്ച് വ്യക്തികളെ വളര്‍ത്തി സമൂഹത്തിന് ഉപയോഗപ്പെടുത്തുന്ന ശൈലിയാണത്. അശജ്ജ് അബ്ദുല്‍ ഖൈസ്ബ്‌നുല്‍ മുന്‍ദിര്‍ തന്റെ  നാട്ടിലെ നേതാവായിരുന്നു. അദ്ദേഹത്തിന്റെ കഴിവുകളെ റസൂല്‍ (റ) പ്രശംസിക്കുന്നു: ''അശ്ശജ്ജ്! താങ്കളില്‍ രണ്ട് സവിശേഷ ഗുണങ്ങളുണ്ട്. അവ രണ്ടും അല്ലാഹുവിനും അവന്റെ റസൂലിനും ഇഷ്ടമാണ്. വിവേകവും അവധാനതയും.'' റസൂല്‍ വ്യക്തികളെ വളര്‍ത്തുന്ന രീതിയാണിത്. റസൂലിന്റെ എഴുത്തുകാരനായ സൈദുബ്‌നു സാബിത്(റ) ഓര്‍ക്കുന്നു: ''എന്റെ കുടുംബം എന്നെ റസൂലിന്റെ സന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. റസൂലിന് എന്നെ നന്നായി ബോധിച്ചു. 'റസൂലേ ബനൂന്നജ്ജാര്‍ ഗോത്രത്തിലെ ഈ ബാലന് അങ്ങേക്ക് അവതരിച്ചു കിട്ടിയ പത്തോളം സൂറത്തുകള്‍ മനഃപാഠമാണ്.' എന്റെ കഴിവ് മനസ്സിലാക്കിയ റസൂല്‍(സ): 'സൈദ്! നീ ജൂതരുടെ ഭാഷയും ഗ്രന്ഥവും പഠിച്ച് വശമാക്കണം. അവര്‍ എന്താണ് എനിക്കെഴുതി അയക്കുന്നതെന്ന് മനസ്സിലാവുന്നില്ല.' അങ്ങനെ ഞാന്‍ അവരുടെ ഭാഷ പതിനഞ്ച് ദിവസം കൊണ്ട് പഠിച്ചെടുത്തു. അതില്‍ പ്രാവീണ്യം നേടി. നബി(സ) അവര്‍ക്ക് അയക്കുന്ന കത്തുകള്‍ ഞാന്‍ എഴുതി കൊടുക്കും. അവര്‍ അയക്കുന്ന കത്തുകള്‍ ഞാന്‍ നബി(സ)ക്ക് വായിച്ചു കേള്‍പ്പിക്കും'' (അഹ്മദ്). മറ്റൊരിക്കല്‍ റസൂല്‍(സ): 'സൈദേ! നിനക്ക് സുറിയാനി ഭാഷ അറിയാമോ? എനിക്ക് ആ ഭാഷയില്‍ കത്തുകള്‍ വരുന്നുണ്ട്.  ആ ഭാഷ നീ പഠിക്കണം.' പതിനേഴ് ദിവസം കൊണ്ട് ഞാന്‍ സുറിയാനി ഭാഷ പഠിച്ചു''(അഹ്മദ്). ഭാഷ പഠിക്കാനുള്ള വൈദഗ്ധ്യം സൈദിനുണ്ടെന്ന് മനസ്സിലാക്കിയ റസൂല്‍ ആ വ്യക്തിയെ ഇസ്‌ലാമിന് വേണ്ടി വളര്‍ത്തുകയായിരുന്നു.
അഖബ ഉടമ്പടിക്ക് ശേഷം മുസ്അബുബ്‌നു ഉമൈറിനെ മദീനയിലേക്കയക്കുകയും ഖുര്‍ആനും ഇസ്‌ലാമും മദീനാ നിവാസികളെ പഠിപ്പിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. മുആദുബ്‌നു ജബലിനെ ന്യായാധിപനായി യമനിലേക്ക് നിയമിച്ചു. ബദ്‌റില്‍ പങ്കുവഹിച്ച മുആദിന് 21 വയസ്സായിരുന്നു. പതിനേഴുകാരനായ അംറുബ്‌നു ഹസമുബ്‌നു സൈദുല്‍ ഖസ്‌റജിയെയാണ് യമനില്‍ നിന്ന് സകാത്തും സ്വദഖയും ശേഖരിക്കാന്‍ നിയോഗിച്ചത്. മക്കാ വിജയ വേളയില്‍ ഇസ്‌ലാം ആശ്ലേഷിച്ച ഇരുപതുകാരന്‍ ഉത്താബുബ്‌നു ഉസൈദുബ്‌നു ഉമയ്യയെയാണ്, മക്കാ വിജയത്തിന് ശേഷം റസൂല്‍ മദീനയിലേക്ക് തിരിച്ചുപോരുമ്പോള്‍ മക്കയുടെ ചുമതല ഏല്‍പിച്ചത്. ഉഹുദ് യുദ്ധ വേളയില്‍ ഖാലിദുബ്‌നുല്‍ വലീദ് റസൂലിന്റെ ശത്രുപക്ഷത്തായിരുന്നു. ഖാലിദിന്റെ യുദ്ധ നൈപുണിയും സാമര്‍ഥ്യവും ചടുല നീക്കങ്ങളും ഖുറൈശികള്‍ക്ക് ഉഹുദില്‍ വിജയം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഖാലിദ് (റ) ഇസ്‌ലാമില്‍ വന്നപ്പോള്‍ ആ കഴിവുകളത്രയും ഇസ്‌ലാമിന് ലഭ്യമാക്കാന്‍ റസൂല്‍ ഖാലിദിന് നിരവധി അവസരങ്ങള്‍ നല്‍കി. തന്നെ റസൂല്‍ അംഗീകരിക്കുന്നതായി മനസ്സിലാക്കിയ ഖാലിദ് ഇസ്‌ലാമിന് കൂടുതല്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സന്നദ്ധനായി. 'അല്ലാഹുവിന്റെ ഖഡ്ഗങ്ങളില്‍ ഒരു ഖഡ്ഗമാണ് ഖാലിദ്' എന്ന റസൂലിന്റെ പ്രസ്താവന തന്നില്‍ ലീനമായ മുഴുവന്‍ കഴിവുകളും പുറത്തെടുക്കാന്‍ ഖാലിദിനു പ്രേരണയായി. മനുഷ്യ വിഭവങ്ങള്‍ ഇസ്‌ലാമിന് പ്രയോജനപ്പെടുത്തുന്ന പ്രവാചക രീതിയാണത്. സൈനിക നേതൃത്വ മേല്‍പിക്കാന്‍ ഖാലിദിന് അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെയോ മുആദുബ്‌നു ജബലിന്റെയോ വൈജ്ഞാനിക കഴിവുകള്‍ വേണമെന്ന് നബി ശഠിച്ചില്ല. ഓരോ വ്യക്തിയെയും അനുയോജ്യമായ ഇടങ്ങളില്‍ വിന്യസിക്കുന്ന പ്രവാചകന്റെ രീതിയാണ് ഇസ്‌ലാമിനെ വിജയത്തില്‍ എത്തിച്ചത്.
റസൂലിന്റെ സമൂഹത്തില്‍ ഓരോ  വ്യക്തിക്കുമുണ്ടായിരുന്നു ഒരു സ്ഥാനവും പരിഗണനയും. ബാങ്കുവിളിയെന്ന ഏറ്റവും വിശിഷ്ട കര്‍മത്തിന് നിയുക്തനാവുന്നത് ബിലാല്‍. സഅ്ദുബ്‌നു അബീവഖാസ് നബി(സ)യുടെ കാവലിന്. വഹ്‌യ് രേഖപ്പെടുത്താനും കത്തുകളെഴുതാനും സൈദുബ്‌നു സാബിത്. സേനയെ നയിക്കാന്‍ ഖാലിദുബ്‌നുല്‍ വലീദ്. യുദ്ധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജാബിര്‍. ഹസ്സാനുബ്‌നു സാബിതും അബ്ദുല്ലാഹിബ്‌നു റവാഹയും പ്രചാരണത്തിനും മാധ്യമ പ്രവര്‍ത്തനത്തിനും. റസൂലിന്റെ സ്ഥിരം പരിചാരകനായി നിന്ന് അബ്ദുല്ലാഹിബ്‌നു മസ്ഊദും അനസുബ്‌നു മാലികും കര്‍മശാസ്ത്രത്തിലെ സൂക്ഷ്മ പാഠങ്ങള്‍ നമുക്ക് നല്‍കി. യുദ്ധ വേളയില്‍ കിടങ്ങ് കുഴിക്കാനുള്ള ഉപദേശം നല്‍കിയത് സല്‍മാനുല്‍ ഫാരിസി. സാമ്പത്തിക സഹായം ആവശ്യമായി വന്നപ്പോള്‍ ബൈറുഹാ തോട്ടം നബിക്ക് സംഭാവന നല്‍കി അബൂത്വല്‍ഹ. സ്വന്തം ചെലവില്‍ കിണര്‍ കുഴിച്ച് ജലക്ഷാമ പ്രശ്‌നം പരിഹരിച്ച ഉസ്മാന്‍ തന്റെ സ്വന്തം ചെലവില്‍ സൈന്യത്തെ ഒരുക്കി അയക്കുന്നു. ക്ഷാമകാലത്ത് ഉസ്മാന്റെ ആയിരക്കണക്കില്‍ ഒട്ടകങ്ങള്‍ വഹിച്ച ഭക്ഷ്യ ധാന്യങ്ങള്‍ മദീനയിലെ ഭക്ഷ്യകലവറയെ നിറക്കുന്നു. സമ്പന്നനായ വ്യാപാരി അബ്ദുര്‍റഹ്മാനുബ്‌നു ഔഫിന്റെ സമ്പത്ത് നബിക്ക് യഥേഷ്ടം വിനിയോഗിക്കാനുള്ള വിഭവമായിരുന്നു. ഈ വ്യക്തിത്വങ്ങളെയെല്ലാം ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുക്കുകയായിരുന്നു റസൂല്‍. കഴിവുകള്‍ കണ്ടറിഞ്ഞ് വിന്യസിച്ചു. കള്ള് കുടിച്ച് എന്നും നബിയില്‍ നിന്ന് ചെറു ശിക്ഷകള്‍ വാങ്ങിക്കൊണ്ടിരുന്ന വ്യക്തിയെ സഹികെട്ട് അനുചരന്മാര്‍ ശപിച്ചപ്പോള്‍, ആ മദ്യപാനി പോലും തനിക്ക് നഷ്ടപ്പെടരുതെന്ന കരുതലോടെ നബി പറഞ്ഞ വാക്കുകള്‍ ഓര്‍മയില്ലേ? 'അയാളെ നിങ്ങള്‍ ശപിക്കരുത്. എനിക്കറിയാം അയാള്‍ക്ക് അല്ലാഹുവിനെയും അവന്റെ ദൂതനെയും അങ്ങേയറ്റം ഇഷ്ടമാണ്'. ഇത് കേട്ട് ആ വ്യക്തി കണ്ണീര്‍ പൊഴിച്ചു.
ഒരു സായാഹ്നത്തില്‍ ഉമര്‍(റ) കൂട്ടുകാരുമൊത്തിരിക്കുമ്പോള്‍ പറഞ്ഞു: 'ഓരോരുത്തരും തങ്ങളുടെ ആശകളും ആഗ്രഹങ്ങളും പറയൂ.'
ഒരാള്‍: 'ഈ വീടു മുഴുവന്‍ സ്വര്‍ണശേഖരമുണ്ടാവുക. അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കാന്‍ കഴിയുക. അതാണെന്റെ ആഗ്രഹം.'
ഉമര്‍: അടുത്തയാള്‍.
'ഈ വീട് നിറയെ മുത്തും മരതകവും വൈഢൂര്യവും മാണിക്യവും പവിഴവും ഉണ്ടാവുക. അവയെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുക, ദാനം ചെയ്യുക. ഇതാണ് എന്റെ ആശ.'
ഇനി അടുത്തയാള്‍.
'ഉമറേ, ഇനി ഞങ്ങളെന്ത് പറയാനാണ്. ഇനി താങ്കളുടെ ആശ കേള്‍ക്കട്ടെ.'
'എന്റെ ആഗ്രഹം പറയാം. ഈ വീടിന്റെ അകത്തളം അബൂ ഉബൈദത്തുബ്‌നുല്‍ ജര്‍റാഹിനെ പോലെയും ഹുദൈഫത്തുബ്‌നുല്‍ യമാനിയെപോലെയും മുആദുബ്‌നു ജബലിനെ പോലെയും സാലിം മൗലാ അബൂഹുദൈഫയെ പോലെയുമുള്ള പുരുഷ കേസരികളെക്കൊണ്ട് നിറയുക. എന്നിട്ട് ആ വ്യക്തിത്വങ്ങളെയെല്ലാം ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ അല്ലാഹുവിന്റെ അഭീഷ്ടത്തിനൊത്ത് ഉപയോഗപ്പെടുത്താന്‍ സാധിക്കുക. ഇതാണ് എന്റെ മധുരാഭിലാഷം.'
അമൂല്യമായ മനുഷ്യ വിഭവസമ്പത്തിന്റെ ബുദ്ധിപൂര്‍വകവും സമര്‍ഥവുമായ വിനിയോഗം റസൂലില്‍ നിന്ന് നേരിട്ട് കണ്ട് പഠിച്ച ഉമറി(റ)ന് അങ്ങനെ കൊതിക്കാനും ആശിക്കാനുമേ കഴിയുമായിരുന്നുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/9-13
എ.വൈ.ആര്‍