Prabodhanm Weekly

Pages

Search

2014 ജനുവരി 24

മനുഷ്യരാണ് അജണ്ടയാവേണ്ടത്

കളത്തില്‍ ഫാറൂഖ് / സംവാദം

നമ്മുടെ നാട്ടില്‍ ധാരാളം മത സാമുദായിക സംഘടനകളുണ്ട്. അവര്‍ക്കൊക്കെ സ്വന്തമായി സമുദായ ശാക്തീകരണ പദ്ധതികളും ആരോഗ്യ-വിദ്യാഭ്യാസ-സേവന മേഖലകളില്‍ ധാരാളം സ്ഥാപനങ്ങളുമുണ്ട്. നായര്‍, ക്രിസ്ത്യന്‍, മുസ്‌ലിം, ഈഴവ തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ സമുദായങ്ങളില്‍ ഇത്തരം സംഘടനാ രൂപങ്ങളെ നമുക്ക് പരിചയമുണ്ട്. ഇത്തരം സമുദായങ്ങളില്‍പ്പെട്ട കേവലമൊരു സമുദായം(ഖൗം) ആണോ മുസ്‌ലിം സമുദായം? അതല്ല, അതിനപ്പുറമുളള വല്ല സവിശേഷതകളും അതിനുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ അജണ്ട എന്തായിരിക്കണം? ഇതൊക്കെ ഇവിടെ ചര്‍ച്ചക്ക് വരേണ്ടതുണ്ട്.
മുസ്‌ലിം സമുദായം കേവലമൊരു 'ഖൗം' അല്ല; മറിച്ച്, ഒരു 'ഉമ്മത്ത്' ആണ്. ദൗത്യം ഏല്‍പ്പിക്കപ്പെട്ട  ഖൗമിനെയാണ് ഉമ്മത്ത് എന്ന് പറയുന്നത്. മനുഷ്യര്‍ക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമുദായം (ഖൈറു ഉമ്മത്ത്) എന്നതാണതിന്റെ സവിശേഷത. ആ ദൗത്യം നിര്‍വഹിക്കപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം ഈ സമുദായം ലോകത്ത് അഭിമാനകരമായ അവസ്ഥയില്‍് നിലകൊണ്ടിട്ടുണ്ട്. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണമെന്ന ഈ ഉമ്മത്തിനോടുളള ഖുര്‍ആനിക പാഠം സാരോപദേശങ്ങളില്‍ പരിമിതമാവേണ്ടതല്ല; മുഴുവന്‍ മനുഷ്യരുടെയും ജീവിതനന്മക്ക് വേണ്ടി പ്രവര്‍ത്തിക്കലും അവരുടെ ജീവിതം ദുര്‍വഹമാക്കുന്ന തിന്മകളില്‍ നിന്ന് അവരെ മോചിപ്പിക്കലും അതിന്റെ വിശാലതയില്‍ നാം ഉള്‍ക്കൊളളണം.
ഇസ്‌ലാം മനുഷ്യരുടെ വിമോചനപദ്ധതിയാണെന്നത് താത്ത്വികമായി എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ഭൂരിഭാഗം മുസ്‌ലിം സംഘടനകളുടെയും പ്രവര്‍ത്തന അജണ്ടകളില്‍ ഇതിനുവേണ്ടിയുളള   പ്രായോഗിക പദ്ധതികളൊന്നുമില്ല എന്നതാണ് വസ്തുത.
മനുഷ്യ സംബന്ധിയായ അജണ്ടകളില്‍ നിന്നും അവരുടെ ജീവല്‍പ്രശ്‌നങ്ങളുടെ പരിഹാരങ്ങളില്‍ നിന്നും വിമുഖമാവുന്നതോടുകൂടിയാണ് വചനശാസ്ത്ര(ഇല്‍മുല്‍ കലാം)ത്തിലും കര്‍മശാസ്ത്രത്തിന്റെ സൂക്ഷ്മ  വിശദാംശങ്ങളിലും അതില്‍ നിന്ന് ഉത്ഭവിക്കുന്ന തര്‍ക്കവിതര്‍ക്കങ്ങളിലും മുസ്‌ലിം സംഘടനകളുടെ ഊര്‍ജം വൃഥാ പാഴായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലം ഒരു വശത്ത് തീവ്രമായ ആത്മീയതയും മറുവശത്ത് സാമുദായിക തീവ്രവാദവും വലിയതോതില്‍ വളരുന്നു എന്നതാണ്. ഇത്തരം തലനാരിഴത്തര്‍ക്കങ്ങള്‍ മതസംഘടനകളുടെ തന്നെ ശൈഥില്യത്തിനും വലിയ അളവില്‍ കാരണമാവുന്നുണ്ട്. അതുകൊണ്ട്, മനുഷ്യവിമോചന ചിന്തകള്‍ പ്രധാനമായി വരുന്ന കര്‍മപരിപാടികളിലേക്ക് സമുദായ സംഘടനകള്‍ ഇറങ്ങിവരിക എന്നത് ഒരു അനിവാര്യതയായി സോളിഡാരിറ്റി മനസ്സിലാക്കുന്നു.
ഇന്ന് വിവിധ തരത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാവുന്നത് മുസ്‌ലിം സമുദായം മാത്രമല്ല; ആദിവാസികളും ദലിതുകളുമുള്‍പ്പെടെയുള്ള മറ്റനേകം ജനവിഭാഗങ്ങളും കൂടിയാണ്. അതിനാല്‍, ഇത്തരത്തിലുള്ള എല്ലാ മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ മാത്രമേ മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടൂ എന്നതാണ് വസ്തുത. കേരളത്തിലെ ഇസ്‌ലാമിക ചരിത്രാനുഭവങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുന്നുമുണ്ട്. കേരളത്തിന്റെ പൊതുമണ്ഡല രൂപീകരണത്തിലും  അതിന്റെ വികസനത്തിലും കേരളത്തില്‍ ഇസ്‌ലാം നിര്‍വഹിച്ച പങ്ക് ഇന്ന് നിഷേധിക്കാനാവാത്ത ചരിത്ര വസ്തുതയാണ്. അതിന്റെ തുടര്‍ച്ച നിലനിര്‍ത്തി നിലവിലുളള പൊതുമണ്ഡലത്തോട് സര്‍ഗാത്മകമായി സംവദിച്ചുകൊണ്ടും ഇടപെട്ടുകൊണ്ടും അതിനെ നൈതികമായി വികസിപ്പിക്കുക എന്നത് മുസ്‌ലിം സംഘടനകള്‍  ഇന്ന് ഏറ്റെടുക്കേണ്ട പ്രധാന അജണ്ടയാണ്.
കേരളത്തില്‍ മുസ്‌ലിം സമുദായം മുന്നാക്കമാണെന്ന ഒരു പൊതുവികാരം വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. കേരളത്തില്‍ മലയോര തീരദേശ മേഖലകളുള്‍പ്പെടെ പല പ്രദേശങ്ങളിലും മുസ്‌ലിംകളുടെ ജീവിതാവസ്ഥകള്‍ വളരെ ദയനീയമാണ്. അവരുടെ വിദ്യാഭ്യാസ ആരോഗ്യ സാമ്പത്തികാവസ്ഥകളില്‍ മാത്രമല്ല പിന്നാക്കാവസ്ഥ നിലനില്‍ക്കുന്നത്; സാംസ്‌കാരിക മത മാറ്റങ്ങള്‍വരെ ഈ സമുദായത്തില്‍ നടക്കുന്നുണ്ട്. മൈസൂര്‍ കല്യാണങ്ങളും അറബികല്യാണങ്ങളുമൊക്കെ ഈ പിന്നാക്കാവസ്ഥയുടെ സൂചകങ്ങളാണ്. ഇസ്‌ലാം വിരുദ്ധതതയുടെ ഊതിവീര്‍പ്പിക്കലുകള്‍ കിഴിച്ചാലും ബാക്കിയാവുന്ന ധാരാളം പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഇന്നും നിലനില്‍ക്കുന്നുണ്ട്. കേരളത്തിനകത്തെ ഇത്തരം 'ഉത്തരേന്ത്യ'കളെ കണ്ടെത്താനും അവിടെ സാമുദായിക ശാക്തീകരണ പദ്ധതി(ഇീാാൗിശ്യേ ഉല്‌ലഹീുാലി േProgrammes)കള്‍ക്ക് രൂപം കൊടുക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കേണ്ടതുണ്ട്. കേരളത്തിലെ മതസംഘടനകള്‍ മത്സരബുദ്ധിയോടുകൂടി ഇത്തരം വിഷയങ്ങളില്‍ മുന്നോട്ടുവന്നാല്‍ അത് ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും.
കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ യുവാക്കളുള്‍പ്പെടെയുളള വലിയൊരു ജനവിഭാഗത്തെ  ഇന്ന് സ്വാധീനിക്കുന്നത് മത സംഘടനകളാണ്. ഈ അനുയായി വൃന്ദത്തിന്റെ വിശ്വാസപരവും സംസ്‌കരണ പ്രധാനവുമായ വളര്‍ച്ചക്കും വികാസത്തിനും വേണ്ട  കര്‍മപദ്ധതിയും രൂപപ്പെടേണ്ടതുണ്ട്. മതത്തെയും വിശ്വാസത്തെയും ജീവിതവുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കാന്‍ സംഘടനകള്‍ക്ക് കഴിയേണ്ടതുണ്ട്. കേവല വിശ്വാസപരവും ആചാരപരവുമായ ഒരു വ്യവഹാരമായി മതസംഘടനകള്‍ മത്സരിച്ചും തര്‍ക്കിച്ചും മതത്തെ അവതരിപ്പിക്കുന്നു എന്നത് മുസ്‌ലിം സമുദായത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് വലിയ കാരണമാണ്. മതവും മതസംഘടനകളും വളരുമ്പോഴും എന്തുകൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല എന്നതിനെക്കുറിച്ച് എല്ലാ സംഘടനകളും ഗൗരവമുള്ള ആത്മപരിശോധന നടത്തണം. ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മുസ്‌ലിം സമുദായ പ്രാതിനിധ്യം വളരെ കൂടുതലാണ്. വ്യാപകമായിക്കൊണ്ടിരിക്കുന്ന ധര്‍മച്യുതിയും അശ്ലീലതയുടെ വ്യാപനവും ലഹരി ഉപയോഗവും പോലുളള ധാരാളം പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഇത്തരം പൊതു വിഷയങ്ങളില്‍ എല്ലാ സംഘടനകള്‍ക്കും കൂടി യോജിച്ച് ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ കഴിയണം. ആ കര്‍മപദ്ധതി മഹല്ല്/സംഘടനാ സംവിധാനങ്ങളിലൂടെ നിര്‍വഹിക്കപ്പെടാനും അത് കൃത്യമായി മോണിറ്റര്‍ ചെയ്യാനും സാധിക്കണം. സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കതീതമായി അത്തരമൊരു ശ്രമം നടന്നാല്‍ തീര്‍ച്ചയായും ഗുണപരമായ വലിയ പുരോഗതി അതിന് സൃഷ്ടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. സമുദായത്തിന്റെ പ്രതിഛായ ഇസ്‌ലാമിന്റെ പ്രതിഛായ കൂടിയാണെന്ന ധാരണ നമുക്കുണ്ടാവണം. സത്യസാക്ഷ്യം എന്ന ദൈവമേല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കപ്പെടുന്നത് സമുദായത്തിന്റെ ജീവിതങ്ങളിലൂടെയാണ്.
ഇത്തരം കൂട്ടായ്മകള്‍ക്കും സ്വതന്ത്ര നിലപാടുകള്‍ക്കുമെല്ലാം വിഘാതമായിത്തീരാറുള്ളത് മതസംഘടനകളുടെ കക്ഷി രാഷ്ട്രീയ അടിമത്തമാണ്. അതിനാല്‍ പണ്ഡിതന്മാര്‍ക്കും മതസംഘടനകള്‍ക്കും രാഷ്ട്രീയ സ്വാശ്രയത്വം ഉണ്ടാവണം. രാഷ്ട്രീയ പാര്‍ട്ടികളെ ഭയപ്പെടാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ കഴിയണം. പൊതുനന്മക്ക് ഹാനികരമാവുന്ന സങ്കുചിത നിലപാടുകള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായി മാറാന്‍ അതത് സംഘടനകളിലെ യുവജന വിഭാഗങ്ങള്‍ക്ക് സാധിക്കണം.
പ്രവാചകന്മാരെല്ലാം തങ്ങളുടെ സമൂഹങ്ങളില്‍ സ്വാധീനമുറപ്പിച്ചത് ആ സമൂഹത്തിലെ വിജ്ഞാനശാഖയില്‍ പ്രാവീണ്യം നേടിക്കൊണ്ടുകൂടിയായിരുന്നു. ചികിത്സ പ്രധാനമായിരുന്ന സമൂഹത്തില്‍ ഈസാ നബി(അ)യുടെ ചികിത്സാ വൈദഗ്ധ്യവും സാഹിത്യം പ്രധാനമായ കാലഘട്ടത്തില്‍ മുഹമ്മദ് നബി(സ) ഖുര്‍ആനിലൂടെ മുന്നോട്ടുവെച്ച സാഹിതീയ വൈഭവവും അതിന്റെ ഒടുവിലത്തെ രണ്ടുദാഹരണങ്ങള്‍ മാത്രം.
വര്‍ത്തമാന കാലത്തെ മുഴുവന്‍ വിജ്ഞാന മേഖലകളിലും പ്രാവീണ്യരായ  തലമുറയെ വളര്‍ത്തിയെടുക്കാനാവശ്യമായ ബോധപൂര്‍വമായ ശ്രമങ്ങള്‍ സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. അതിന് സംഘടനകള്‍ പരസ്പര ധാരണയോടെ വര്‍ത്തിക്കണം. ഇമാം ഗസ്സാലിയെപ്പോലുളള പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍  പ്രദേശത്ത്/സമൂഹത്തില്‍ അനിവാര്യമായും ഉണ്ടാവേണ്ട വിദഗ്ധര്‍(ഡോക്ടര്‍മാര്‍/എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍), സ്ഥാപനങ്ങള്‍ (സ്‌കൂളുകള്‍/ആതുരാലയങ്ങള്‍/ലൈബ്രറികള്‍ തുടങ്ങിയവ) എന്നിവയൊക്കെ ഫര്‍ദ് കിഫായ(സാമൂഹിക ബാധ്യത)യില്‍പ്പെട്ടതാണ്. അതിനാല്‍, ഫര്‍ദ് കിഫായയെ മയ്യിത്ത് സംസ്‌കരണ ബാധ്യതയില്‍ പരിമിതപ്പെടുത്തുന്നതിന് പകരം സമൂഹത്തിലെ വിശാലമായ ആവശ്യങ്ങളിലേക്ക് കൂടി വികസിപ്പിക്കണം.
കേരളത്തിലെ മുസ്‌ലിം യുവതലമുറ എല്ലാ മേഖലകളിലും വളരെ വേഗത്തില്‍ പുരോഗതി കൈവരിച്ച് മുന്നോട്ടു പോകുന്ന വിഭാഗമാണ്. ഈ തലമുറക്ക് കാലാനുസൃതമായി നേതൃത്വം കൊടുക്കാനും അതിനാവശ്യമായവിധം സ്വന്തത്തെ ക്രമപ്പെടുത്താനും ആ നിലവാരത്തിലേക്ക് ഉയര്‍ന്നുനിന്നുകൊണ്ട് അവരെ സംഘടിപ്പിക്കാനും സംഘടനാ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സംഘടനകളെ അരികിലേക്ക്  മാറ്റിനിര്‍ത്തി അവര്‍ മുന്നോട്ടു പോവുകതന്നെ ചെയ്യും. പുതിയ സാങ്കേതിക വിദ്യകള്‍ ചെറുപ്പക്കാരെ സാമൂഹിക പ്രതിബദ്ധതയില്‍ നിന്ന് മുക്തരാക്കും എന്ന ആശങ്കയെ അട്ടിമറിച്ചുകൊണ്ട് സോഷ്യല്‍ ആക്ടിവിസത്തിന്റെ പുതിയ തെരുവായി സൈബര്‍ ലോകം മാറുകയാണ്. ഈ ചെറുപ്പത്തിന് സാമൂഹിക ഇടപെടലിന്റെ ക്രിയാത്മക അജണ്ടകളും ചാലുകളും നല്‍കാന്‍ സംഘടനകള്‍ക്ക് സാധിക്കാതെ വന്നാല്‍ അവര്‍ പുതിയ വഴികള്‍ വെട്ടിത്തെളിയിക്കുകയും സംഘടനകള്‍ അപ്രസക്തമായിത്തീരുകയും ചെയ്യും.
അതിനാല്‍, അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങളും വിവാദങ്ങളും മാറ്റിവെച്ച് പുതു ലോകത്തെയും പുതിയ തലമുറയെയും അഭിസംബോധന ചെയ്യാന്‍ പറ്റും വിധം മുസ്‌ലിം മത സംഘടനകള്‍ സ്വന്തം അജണ്ടകള്‍ പുനഃക്രമീകരിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അല്ലെങ്കില്‍ അവര്‍ തെറ്റായ വഴികളിലൂടെ സഞ്ചരിച്ച് അപകടങ്ങളില്‍ മുഖം കുത്തി വീഴാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/9-13
എ.വൈ.ആര്‍