Prabodhanm Weekly

Pages

Search

2014 ജനുവരി 24

ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതും അവാമി ലീഗ് തന്നെ

ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതും അവാമി ലീഗ് തന്നെ

ബംഗ്ലാദേശിലെ ഹിന്ദു-ബുദ്ധിസ്റ്റ് -ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ അരങ്ങേറുന്നത് പതിവായിരിക്കുന്നു. പ്രതിപക്ഷങ്ങള്‍ ബഹിഷ്‌കരിച്ച, തീര്‍ത്തും പ്രഹസനമായി മാറിയ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്തും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി അതിക്രമങ്ങളുണ്ടായി. അതിക്രമങ്ങളുണ്ടായാല്‍ തൊട്ടുടനെ അവാമി ലീഗ് ഗവണ്‍മെന്റിന്റെ വക ഒരു നുണ പ്രസ്താവനയുണ്ടാകും, ഇതിനെല്ലാം പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛാത്ര ശിബിറും ആണെന്ന്. ഇന്ത്യയിലെയും മറ്റും അവാമിപക്ഷപാതികളായ പത്രലേഖകര്‍ ആ നുണ പൊലിപ്പിച്ചെഴുതി ആഘോഷിക്കുകയും ചെയ്യും.
ഇപ്പോഴിതാ സത്യം എന്താണെന്ന് അവിടത്തെ ന്യൂനപക്ഷങ്ങള്‍ തന്നെ വിളിച്ചു പറഞ്ഞിരിക്കുന്നു. ബംഗ്ലാദേശിലെ ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യന്‍ യൂനിറ്റി കൗണ്‍സിലിന്റെ നേതാക്കള്‍ പറയുന്നത്, കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളില്‍ അവാമി ലീഗ് നേതാക്കള്‍ നേരിട്ട് പങ്കാളിത്തം വഹിച്ചിട്ടുണ്ടെന്നാണ്. ജമാഅത്തിനോ ശിബിറിനോ ഇതില്‍ പങ്കില്ലെന്നും അവര്‍ വ്യക്തമാക്കി. യൂനിറ്റി കൗണ്‍സിലിന്റെ നേതാവ് അഡ്വ. സുബ്രതാ ചൗധരി ബി.ബി.സി ബംഗ്ലാക്ക് നല്‍കിയ അഭിമുഖത്തില്‍, ജമാഅത്തുകാരാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന ഗവണ്‍മെന്റ് വാദങ്ങളെ പുഛിച്ച് തള്ളി. എങ്കില്‍ എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്യുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ആരും അറസ്റ്റ് ചെയ്യപ്പെടുന്നില്ല. കാരണം, അതിക്രമങ്ങള്‍ക്ക് പിന്നിലുള്ളത് അവാമി ലീഗ് നേതാക്കളാണ്. 'മനൂഷര്‍ ജോനോ' എന്ന ബംഗാളി മനുഷ്യാവകാശ സംഘടനയുടെ ഏക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശഹീന്‍ അനാം പറയുന്നത് 2013-ല്‍ മാത്രം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇത്തരം 500 അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ യു.എന്നിന് കീഴിലുള്ള സ്വതന്ത്ര സമിതി അന്വേഷിക്കണമെന്ന് ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി ആക്ടിംഗ് സെക്രട്ടറി ജനറല്‍ ഡോ. ശഫീഖുര്‍റഹ്മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രാഡ് ഫോഡില്‍ നിന്നൊരു മാതൃക

ഇംഗ്ലീഷ് പട്ടണമായ ബ്രാഡ്‌ഫോഡില്‍ ഇനി അവശേഷിക്കുന്ന ജൂത പൈതൃകം ഒരു സിനഗോഗ് (ദേവാലയം) മാത്രം. വളരെ പഴക്കം ചെന്ന കെട്ടിടം. അതാകെ ചോര്‍ന്നൊലിക്കാനും തുടങ്ങിയിരിക്കുന്നു. പലേടത്തും സാരമായ കേടുപാടുകളുമുണ്ട്. അറ്റകുറ്റ പണികള്‍ നടത്തണമെങ്കില്‍ വലിയൊരു തുക വേണം. പട്ടണത്തിലെ ജൂതന്മാരുടെ എണ്ണം 299 മാത്രം. ഈ ചെലവ് താങ്ങാനുള്ള ശേഷി അവര്‍ക്കില്ല. അപ്പോള്‍ പിന്നെ ഒറ്റ മാര്‍ഗമേയുള്ളൂ. 132 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടം വില്‍ക്കുക.
പട്ടണത്തിലെ മുസ്‌ലിം ജനസംഖ്യ 2011-ലെ കണക്ക് പ്രകാരം 129,041. സാമ്പത്തിക ശേഷിയുള്ളവരും ബിസിനസ്സുകാരുമൊക്കെ അവരിലുണ്ട്. ഇവിടത്തെ കൊച്ചു ജൂത സമൂഹം ഉള്‍വലിഞ്ഞ് ജീവിക്കുന്നവരായതുകൊണ്ട് അവരുടെ സമുദായ പ്രശ്‌നങ്ങളെക്കുറിച്ചൊന്നും മുസ്‌ലിംകള്‍ക്ക് പൊതുവെ ധാരണയില്ല. പക്ഷേ, ബ്രാഡ്‌ഫോഡ് മോസ്‌ക് കൗണ്‍സിലിന്റെ സെക്രട്ടറി സുല്‍ഫി കരീം സിനഗോഗ് വില്‍ക്കാന്‍ പോവുകയാണെന്ന വിവരം എങ്ങനെയോ മണത്തറിഞ്ഞു. അദ്ദേഹം ഉടന്‍ സിനഗോഗിന്റെ ചെയര്‍മാന്‍ 87-കാരനായ റൂഡി ലീവറെ കണ്ട് സിനഗോഗിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഫണ്ട് മുസ്‌ലിം സമൂഹം കണ്ടെത്താമെന്ന് ഉറപ്പ് നല്‍കി.
ഫണ്ട് ഏറെക്കുറെ ശേഖരിച്ചു കഴിഞ്ഞു. അറ്റകുറ്റപ്പണികള്‍ ഉടന്‍ തുടങ്ങും. മുസ്‌ലിം ബിസിനസ്സുകാരും സഹായ ഹസ്തവുമായി രംഗത്തുണ്ട്. ഇപ്പോള്‍ ലീവില്‍ പോകുമ്പോള്‍ റൂഡി ലീവര്‍ സിനഗോഗിന്റെ താക്കോല്‍ ഏല്‍പിക്കുന്നത് സുല്‍ഫി കരീമിനെ. ഇവിടെയുള്ള മുസ്‌ലിം, ജൂത, ക്രിസ്ത്യന്‍ കൂട്ടായ്മകള്‍ മതചടങ്ങുകള്‍ക്ക് വരെ ഇപ്പോള്‍ പരസ്പരം ക്ഷണിക്കാറുണ്ട്. 'അതിശയകരമായിരിക്കുന്നു' റൂഡിയുടെ കമന്റ്. 'അയല്‍വാസികളെ സഹായിക്കാനായതിലും ബ്രാഡ്‌ഫോഡിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനായതിലും അഭിമാനുമുണ്ടെന്ന്' സുല്‍ഫി കരീമും പറയുന്നു.

എ.കെ.എം നദീര്‍ ഇദ്ഹാര്‍

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷനും ഗ്രന്ഥകാരനുമായ പ്രഫ. എ.കെ.എം നദീര്‍ ഇദ്ഹാര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. പ്രസ്ഥാനത്തിനു വേണ്ടി പലതവണ ജയില്‍വാസമനുഷ്ഠിക്കുകയും പീഡനങ്ങളേറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ വീട് ഗവണ്‍മെന്റ് ഏജന്‍സികള്‍ റെയ്ഡ് നടത്തുകയും മകന്‍ ഫുആദിനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തിരുന്നു. തൊട്ടുടനെയുണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
കോമില്ല ജില്ലയില്‍ ബൊവാലിയ ഗ്രാമത്തില്‍ 1939-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ധാക്ക യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1967-ല്‍ ജമാഅത്തെ ഇസ്‌ലാമി കോമില്ലാ ജില്ലാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ കേന്ദ്ര കമ്മിറ്റികളിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോമില്ല വിക്‌ടോറിയ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനുമായിരുന്നു. ബംഗ്ലാദേശ് ഇസ്‌ലാമിക് സെന്ററിന്റെ ഡയറക്ടര്‍ കൂടിയായിരുന്ന അദ്ദേഹം 35 ഇസ്‌ലാമിക പുസ്തകങ്ങളുടെ കര്‍ത്താവാണ്.
പ്രഫ. നദീര്‍ ഇദ്ഹാറിന്റെ വിയോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മരണം മുസ്‌ലിം ലോകത്തിന് വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മൗലാനാ ഉമരി പറഞ്ഞു.

വിഷ്‌ണോ ദേവി മുദ്രയുള്ള നാണയം

കഴിഞ്ഞ ആഗസ്റ്റില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ അഞ്ച്/പത്ത് രൂപയുടെ നാണയങ്ങളില്‍ പതിച്ച വിഷ്‌ണോ ദേവി ചിത്രം ഇതിനകം വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ട്. 'മതവികാരങ്ങളെ വ്രണപ്പെടുത്തും' എന്നതിനാലും 'ഒരൊറ്റ മതത്തെ വരിക്കുന്നു' എന്നതിനാലും അതിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ ഹരജിയുണ്ട്. കള്ളുഷാപ്പിലും ഇറച്ചിക്കടയിലും ശൗച്യാലയത്തിലുമൊക്കെ ഈ നാണയങ്ങള്‍ വിനിമയം ചെയ്യപ്പെടും എന്നതിനാല്‍ അത് ദേവിയോടുള്ള അനാദരവാകുമെന്നാണ് ഒരു വാദം. ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കാന്‍ ഇത് കാരണമാകുമെന്നും ഹരജിയില്‍ പറയുന്നു.
റിസര്‍വ് ബാങ്കിന്റെ ഈ നടപടി ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കുന്നതല്ലെന്ന് വാദിക്കുന്നു ഈ വിഷയത്തില്‍ ഇസ്‌ലാമിക് വോയ്‌സി(ജനുവരി 2014, ബാംഗ്ലൂര്‍)ല്‍ കത്തെഴുതിയ ഇബ്‌റാഹീം വോഹ്‌റ. ഹരജിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഉള്‍പ്പെടുത്തി ഇദ്ദേഹവും റിസര്‍വ് ബാങ്ക് അധികാരികള്‍ക്ക് കത്തെഴുതിയിട്ടുണ്ടെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/9-13
എ.വൈ.ആര്‍