Prabodhanm Weekly

Pages

Search

2014 ജനുവരി 24

ഉഹുദ് യുദ്ധം

ഡോ. മുഹമ്മദ് ഹമീദുല്ല / പഠനം

ബദ്‌റിലേറ്റ പരാജയത്തിന് പകരംവീട്ടാന്‍ മക്കയില്‍ തിരിച്ചെത്തിയ അവിശ്വാസികളുടെ സൈന്യം തയാറെടുപ്പുകള്‍ തുടങ്ങി. പിന്നീടുള്ള ഒരു വര്‍ഷക്കാലം മുഴുവന്‍ പല ഗോത്രങ്ങളുമായും ബന്ധപ്പെട്ട് അവര്‍ കൂലിപ്പടയാളികളെ സംഘടിപ്പിക്കുകയായിരുന്നു. കൂലിപ്പടയാളികള്‍ക്ക് നല്ല കൂലി നല്‍കാമെന്ന് മാത്രമല്ല, യുദ്ധ മുതലുകളില്‍ നിന്ന് ഒരു വിഹിതം നീക്കിവെക്കാമെന്നും വാഗ്ദാനം ചെയ്തു. ബദ്‌റില്‍ തോറ്റോടിയ സൈന്യത്തിന്റെ മൂന്നിരട്ടി പടയാളികളെ മക്കക്കാര്‍ അണിനിരത്തി. അങ്ങനെ മൂവായിരം സൈനികരുമായി ഖുറൈശികള്‍ മദീനക്കെതിരെ നീങ്ങി. മുസ്‌ലിംകളില്‍ ആയുധമണിഞ്ഞവര്‍ ആയിരം പേര്‍ മാത്രമാണുണ്ടായിരുന്നത്. അതില്‍ തന്നെ മുന്നൂറ് പേര്‍ പതിനൊന്നാം മണിക്കൂറില്‍ കൂറുമാറുകയും ചെയ്തു. അവര്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ അനുയായികളായിരുന്നു. ശത്രുക്കളുമായി മദീനക്കകത്ത് വെച്ച് യുദ്ധം ചെയ്യാമെന്നും പുറത്തൊരിടത്ത് പോകേണ്ടതില്ലെന്നുമായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ അഭിപ്രായം. ആ അഭിപ്രായം പ്രവാചകന്‍ തള്ളിക്കളഞ്ഞതില്‍ പ്രതിഷേധിച്ച് തങ്ങള്‍ വിട്ടുനില്‍ക്കുന്നു എന്നാണ് അവര്‍ പുറമെക്ക് പറഞ്ഞത്. നമുക്കറിയാവുന്നതുപോലെ, ഈ അബ്ദുല്ലാഹിബ്‌നു ഉബയ്യിനെ മദീനക്കാര്‍ രാജാവായി വാഴിക്കാന്‍ നില്‍ക്കുകയായിരുന്നു. ഏതോ ഒരു ഗോത്രം അയാള്‍ക്ക് സ്വര്‍ണകിരീടം ഉണ്ടാക്കാന്‍ വേണ്ടി ഒരുസ്വര്‍ണപ്പണിക്കാരനെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നുവത്രെ. ആ സമയത്താണ് പ്രവാചകന്‍ മദീനയിലെത്തുന്നത്. അതോടെ ഇബ്‌നു ഉബയ്യിന്റെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു. പ്രവാചകനോട് ആ കലി അയാള്‍ക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ അയാള്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നുവെങ്കിലും അതിലൊട്ടും ആത്മാര്‍ഥത ഉണ്ടായിരുന്നില്ല. തനി കപടമായിരുന്നു അത്. പ്രവാചകനോടുള്ള തന്റെ പക തീര്‍ക്കാനുള്ള അവസരമായി അയാള്‍ ഉഹുദ് യുദ്ധ സന്ദര്‍ഭത്തെ ഉപയോഗിക്കുകയായിരുന്നു.
ഉഹുദില്‍ വെച്ച് 700 പേര്‍ മാത്രമുള്ള മുസ്‌ലിം സൈന്യം മൂവായിരം വരുന്ന മക്കന്‍ സൈന്യത്തോടാണ് ഏറ്റുമുട്ടിയത്. ഉഹുദിലെ ഒരു സുരക്ഷിത പ്രദേശത്തായിരുന്നു മുസ്‌ലിം സേന തമ്പടിച്ചിരുന്നത്. ഉഹുദ് മല രണ്ട് വളയങ്ങളുള്ള ഒരു വില്ല് പോലെയായിരുന്നു. ഇതില്‍ അകത്തുള്ള വളയത്തിലേക്ക് കടക്കാന്‍ ഒരു ഇടുങ്ങിയ വഴി മാത്രമേയുള്ളൂ. ഇവിടെയാണ് മുസ്‌ലിം സേന ക്യാമ്പ് ചെയ്യുന്നത്. യുദ്ധം ചെയ്യാനായി അവര്‍ രണ്ടാമത്തെ വളയത്തിലേക്ക് -അതൊരു തുറന്ന സ്ഥലമാണ്- വരികയാണ് ചെയ്യുന്നത്. ശത്രുക്കള്‍ തമ്പടിച്ചിരിക്കുന്നത് മറ്റൊരിടത്താണ്. ചെറിയൊരു കുന്നില്‍ വെച്ചാണ് മുസ്‌ലിംകള്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ആ കുന്നിന് ജബലുര്‍റുമാഹ് (അമ്പെയ്ത്തുകാരുടെ മല) എന്നാണ് പേര്. ആ കുന്ന് കൈവശം വെക്കേണ്ടത് വളരെ സുപ്രധാനമായ ഒരു യുദ്ധതന്ത്രമായിരുന്നു. പിന്നില്‍ നിന്നുള്ള ഏതാക്രമണവും തടുക്കാന്‍ അതുവഴി സാധിക്കും. അവിടെ അമ്പത് അമ്പെയ്ത്തുകാരെയാണ് പ്രവാചകന്‍ നിര്‍ത്തിയിരുന്നത്. മുസ്‌ലിംകളെ ആക്രമിക്കണമെങ്കില്‍ ശത്രുക്കള്‍ക്ക് തുറന്ന മൈതാനത്ത് വരികയല്ലാതെ നിവൃത്തിയുണ്ടാവുകയില്ലെന്ന് പ്രവാചകന്‍ കണക്കുകൂട്ടി. ഖാലിദുബ്‌നുല്‍ വലീദിന്റെയും ഇക്‌രിമത്തുബ്‌നു അബീജഹലിന്റെയും നേതൃത്വത്തിലുള്ള സൈന്യത്തിന് എതാണ്ട് പന്ത്രണ്ട് മൈല്‍ ദൂരം ഉഹുദ് മല ചുറ്റി വന്നാലാണ് മുസ്‌ലിംകളെ പിന്‍ഭാഗത്ത് നിന്ന് ആക്രമിക്കാനാവുക. ആ ആക്രമണം മുസ്‌ലിംകള്‍ ചെറുത്ത് തോല്‍പിച്ചു. ശത്രുപ്പട തോറ്റോടുകയും ചെയ്തു.
അതേസമയം തന്നെ ഖുറൈശികളുടെ കുതിരപ്പടയും പിന്‍ഭാഗം വഴി ആക്രമണം നടത്തിയെങ്കിലും കുന്നില്‍ നിര്‍ത്തിയിരുന്ന അമ്പെയ്ത്തുകാര്‍ അവരെ എളുപ്പം തുരത്തി. യുദ്ധം നടക്കുന്നത് ഒരു ഇടുങ്ങിയ സ്ഥലത്തായിരുന്നതിനാല്‍ പിന്‍വാങ്ങുകയല്ലാതെ ശത്രുക്കള്‍ക്ക് മാര്‍ഗമുണ്ടായിരുന്നില്ല. ഖാലിദുബ്‌നുല്‍ വലീദ് തിരിച്ചുവന്ന് രണ്ടാമതൊരു ആക്രമണം നടത്തിനോക്കിയെങ്കിലും ഫലമുണ്ടായില്ല. ശത്രുസൈന്യമാകെ ഇപ്പോള്‍ പിന്തിരിഞ്ഞോടുകയാണ്. മുസ്‌ലിം സൈന്യം ശത്രുക്കള്‍ ഉപേക്ഷിച്ചുപോയ യുദ്ധമുതലുകള്‍ ശേഖരിക്കാന്‍ തുടങ്ങി. യുദ്ധം ജയിച്ചല്ലോ, ഇനി കുന്നിന്‍ മുകളില്‍ നില്‍ക്കേണ്ടതില്ലെന്നും താഴെയിറങ്ങി യുദ്ധമുതലുകള്‍ ശേഖരിക്കാമെന്നും കുന്നില്‍ മുകളില്‍ നിര്‍ത്തിയിരുന്ന അമ്പെയ്ത്തുകാരില്‍ ഭൂരിഭാഗവും തീരുമാനിച്ചു. ഇത് പ്രവാചകന്റെ നിര്‍ദേശത്തിന് കടകവിരുദ്ധമായിരുന്നു. മുസ്‌ലിം സൈനികരുടെ മൃതദേഹങ്ങള്‍ക്ക് മീതെ കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നത് കണ്ടാല്‍ പോലും നിര്‍ത്തിയേടത്ത് നിന്ന് അനങ്ങരുതെന്ന് പ്രവാചകന്‍ അവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. അമ്പെയ്ത്തു സേനയുടെ കമാന്റര്‍ അക്കാര്യം ഓര്‍മിപ്പിച്ച് തടയാന്‍ നോക്കിയെങ്കിലും മിക്കവരും അതൊന്നും ചെവിക്കൊള്ളാതെ താഴെയിറങ്ങി.
കുറെ കഴിഞ്ഞ് ഖാലിദുബ്‌നുല്‍ വലീദ് തിരിഞ്ഞു നോക്കുമ്പോള്‍ കുന്നിന്‍ മുകളില്‍ അമ്പെയ്ത്തുകാരൊന്നും ഇല്ലെന്ന് കണ്ടു. മുസ്‌ലിം സേനയെ ആക്രമിക്കാന്‍ അദ്ദേഹം മൂന്നാമതും തിരിച്ചുവന്നു. കുന്നിന്‍ മുകളില്‍ അവശേഷിച്ചിരുന്ന കമാന്ററെയും എട്ട് അമ്പെയ്ത്തുകാരെയും വധിച്ച ശേഷം മുസ്‌ലിം സൈന്യത്തെ അവര്‍ പിന്നിലൂടെ ആക്രമിച്ചു. നേരത്തെ ചിതറിയോടിയിരുന്ന ഖുറൈശികളുടെ കൂലിപ്പട്ടാളം മുസ്‌ലിംകള്‍ തങ്ങളെ പിന്തുടരുന്നില്ലെന്നും പുറംതിരിഞ്ഞ് നിന്ന് യുദ്ധമുതലുകള്‍ പെറുക്കുകയാണെന്നും കണ്ട് അവരും തിരിച്ചുവന്നു. ഇങ്ങനെ രണ്ട് ഭാഗത്തുനിന്നും മുസ്‌ലിം സൈന്യം ശത്രുക്കളാല്‍ വളയപ്പെട്ടു. എഴുപത് മുസ്‌ലിംകള്‍ രക്തസാക്ഷികളായി. പ്രവാചകന്‍ ഉള്‍പ്പെടെ ധാരാളം പേര്‍ക്ക് പരിക്കേറ്റു. പല മുസ്‌ലിം സൈനികരും പിന്തിരിഞ്ഞോടി. അവരില്‍ ചിലര്‍ മൂന്ന് ദിവസത്തെ വഴിദൂരം പിറകോട്ടോടി എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ചിലര്‍ പര്‍വതങ്ങള്‍ കയറി രക്ഷപ്പെട്ടു. സൈനിക ഭാഷയില്‍ പറഞ്ഞാല്‍ ഒരു പൂര്‍ണ പരാജയം.
ഇവിടെയാണ് അല്ലാഹുവിന്റെ ഇടപെടല്‍. വിജയം നേടിയ ശേഷം ഖുറൈശി സൈന്യം സാധാരണ ഗതിയില്‍ മദീനയെ ലക്ഷ്യമാക്കി കുതിക്കേണ്ടതായിരുന്നു. കാര്യമായ പ്രതിരോധമൊന്നും മദീനയില്‍ ഉണ്ടായിരുന്നില്ല. ശത്രുക്കള്‍ക്ക് മദീന കൊള്ളയടിക്കുകയും, സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിക്കുകയും ചെയ്യാമായിരുന്നു. പക്ഷേ, അവരങ്ങനെ ചെയ്തില്ല. ശത്രുവിന്റെ സംഹാരതാണ്ഡവത്തില്‍ നിന്ന് മദീനയെ രക്ഷിക്കണം എന്നതായിരുന്നു ദൈവേഛ എന്നതല്ലാതെ മറ്റൊരു വിശദീകരണവും ഇതിന് നല്‍കാനില്ല.
ശത്രുസൈന്യത്തിന്റെ തലവന്‍ അബൂസുഫ്‌യാന്‍ ലക്ഷണമൊത്ത ഒരു സൂത്രശാലിയായിരുന്നു. ഒട്ടകത്തിന്റെ കാഷ്ഠം പരിശോധിച്ച് മുസ്‌ലിംകള്‍ തന്റെ സംഘത്തെ പിടികൂടാനെത്തിയിട്ടുണ്ട് എന്ന് ബദ്‌റില്‍ വെച്ച് മണത്തറിഞ്ഞവനാണ്. ഉഹുദ് യുദ്ധഭൂമിയിലൂടെ രക്തസാക്ഷികളായ മുസ്‌ലിംകളുടെ മൃതശരീരങ്ങള്‍ നോക്കിക്കൊണ്ട് നടക്കവെ അബൂസുഫ്‌യാന്‍ നബിയുടെ പിതൃവ്യന്‍ ഹംസ(റ)ുടെ ശരീരം കണ്ടു. അയാളുടെ ഭാര്യ ഹിന്ദ് ആ ശരീരം കുത്തിപ്പിളര്‍ത്തി കരള്‍ പറിച്ചെടുത്ത് ചവച്ചുതുപ്പി. അബൂസുഫ്‌യാന്‍ ഇത് നോക്കിനിന്നെങ്കിലും താന്‍ ആവശ്യപ്പെട്ടതുകൊണ്ടല്ല ഹിന്ദ് അങ്ങനെ ചെയ്തത് എന്ന് പറഞ്ഞൊഴിഞ്ഞു. എങ്കിലും അയാള്‍ക്ക് ഉള്ളാലെ നല്ല ആഹ്ലാദമായിരുന്നു, തന്റെ ശക്തനായ ഒരു പ്രതിയോഗിയെ വീഴ്ത്താനായതില്‍. പിന്നെ അയാള്‍ നാല് മുസ്‌ലിം പടയാളികള്‍ കയറിനില്‍ക്കുന്ന ഒരു കുന്നിന്നരികിലേക്ക് ചെന്ന് അവരെ വെല്ലുവിളിച്ചു. ഹുബ്ല്‍ ദേവന് സ്തുതികള്‍ പാടി. പിന്നെയും കുറെ പൊങ്ങച്ച പ്രകടനങ്ങള്‍ നടത്തി.
ഇതെല്ലാം ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) കേള്‍ക്കുന്നുണ്ട്. അബൂസുഫ്‌യാന് താന്‍ മറുപടി നല്‍കട്ടെ എന്ന് ഉമര്‍ പ്രവാചകനോട് അനുവാദം ചോദിച്ചു. പക്ഷേ, അനുവാദം കിട്ടിയില്ല.അബൂസുഫ്‌യാന്‍ അലറി: ''ഉമര്‍ ജീവിച്ചിരിപ്പുണ്ടോ? അബൂബക്ര്‍ ജീവിച്ചിരിപ്പുണ്ടോ?'' മറുപടിയൊന്നും കിട്ടിയില്ല. അവരൊക്കെയും മരിച്ചിട്ടുണ്ടാകാമെന്ന് കരുതി അയാള്‍ ആഹ്ലാദിച്ചു. പിന്നെ ഹുബല്‍ ദേവന് സങ്കീര്‍ത്തനം ചൊല്ലി. ഉമറിന് നിയന്ത്രിക്കാനായില്ല. പ്രവാചകന്റെ അനുമതിക്ക് കാക്കാതെ തന്നെ ഉമര്‍ വിളിച്ചു പറഞ്ഞു: ''ദൈവത്തിന്റെ എതിരാളീ, ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ട്, പ്രവാചകന്‍ ജീവിച്ചിരിപ്പുണ്ട്, അബൂബക്‌റും ഉമറും ജീവിച്ചിരിപ്പുണ്ട്.''
ആ സമയം കുന്നിന്‍ മുകളില്‍ ഉണ്ടായിരുന്നത് ഏഴോ എട്ടോ ആയുധധാരികളായ മുസ്‌ലിം സൈനികര്‍ മാത്രം. ഒരു വലിയ സൈന്യം കൂടെയുള്ളപ്പോള്‍ ഈ കുറഞ്ഞയാളുകളെ എളുപ്പത്തില്‍ അബൂസുഫ്‌യാന് ഉന്മൂലനം ചെയ്യാനാവുമായിരുന്നു. പക്ഷേ, അങ്ങനെ ചെയ്യാനൊന്നും അയാള്‍ക്ക് തോന്നിയില്ല. തന്റെ മകന്‍ ഹന്‍ദല കൊല്ലപ്പെട്ട ബദ്‌റിന് താന്‍ പ്രതികാരം ചെയ്തു എന്ന് മാത്രം അയാള്‍ പറഞ്ഞു. ഈ യുദ്ധത്തില്‍ അബൂസുഫ്‌യാന്‍ മറ്റൊരു ഹന്‍ദലയെ വധിച്ചു. പ്രമുഖ സ്വഹാബി അബു ആമിര്‍ റഹീബിന്റെ മകന്‍ ഹന്‍ദലയെ. അടുത്തവര്‍ഷം വീണ്ടും യുദ്ധത്തിനായി താന്‍ വരുന്നുണ്ട് എന്ന് പറഞ്ഞ് അബൂസുഫ്‌യാന്‍ സ്ഥലം വിടുകയും ചെയ്തു.
അബൂസുഫ്‌യാന്‍ എന്തുകൊണ്ടാണ് യുദ്ധവിജയം പൂര്‍ത്തിയാക്കാതിരുന്നതെന്ന് നമുക്കറിഞ്ഞുകൂടാ. യുദ്ധവിജയത്തിന്റെ പാതിവഴിയില്‍ അയാള്‍ നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. തിരിച്ചുപോകുന്നത് കണ്ട് അയാള്‍ മദീന കൊള്ളയടിക്കാന്‍ പോവുകയാണോ എന്ന് പ്രവാചകന് സംശയമുണ്ടായി. ഉടനെ പ്രവാചകന്‍ ഒന്ന് രണ്ട് പേരെ വിവരമറിയാനായി ശത്രുസൈന്യത്തിന്റെ പിന്നാലെ വിട്ടു. സൈന്യം യാത്രക്ക് ഒട്ടകമാണ് ഉപയോഗിക്കുന്നതെങ്കില്‍ അവര്‍ മക്കയിലേക്ക് പോവുകയാണ്. കാരണം, അതൊരു ദീര്‍ഘയാത്രയാണല്ലോ. കുതിരകളെയാണ് ഉപയോഗിക്കുന്നതെങ്കില്‍ അതൊരു ഹ്രസ്വ യാത്രക്കാണ്. അതായത് മദീനയിലേക്കാണ്. ശത്രുക്കളുടെ യാത്രാദിശ ഇങ്ങനെ നിര്‍ണയിക്കാമെന്നാണ് പ്രവാചകന്‍ പറഞ്ഞുകൊടുത്തത്. അവരെ പറഞ്ഞുവിട്ട ശേഷം പ്രവാചകന്‍ മരിച്ചവരെ സംസ്‌കരിക്കുകയും പരിക്കേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തു. പിന്നെ ഉടന്‍ മദീനയിലേക്ക് മടങ്ങി. പ്രവാചകന്‍ എന്ന സൈനിക തന്ത്രജ്ഞന് അറിയാമായിരുന്നു, മദീന ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്ന്. അത് തടുക്കാന്‍ കൂടിയായിരുന്നു ധൃതിയിലുള്ള ഈ മടക്കയാത്ര. മാത്രവുമല്ല, മദീനയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം പ്രവാചകന്‍ ഏല്‍പിച്ചത് ഉഹുദില്‍ പങ്കെടുത്തവരെ മാത്രമായിരുന്നു. ഉഹുദിലേറ്റ പരാജയത്തിന് അവര്‍ എന്തു വില കൊടുത്തും പകരം വീട്ടുമെന്ന് പ്രവാചകന് അറിയാമായിരുന്നു. ഈ തെരഞ്ഞെടുക്കപ്പെട്ട സൈനികരുമായി പ്രവാചകന്‍ മദീനയുടെ തെക്ക് ഭാഗത്ത് കൂടി അബൂസുഫ്‌യാന്റെ സൈന്യത്തെ പിന്തുടര്‍ന്നു. ഉഹുദില്‍ പങ്കെടുക്കാത്ത ഒരാളെയും ഈ സൈനിക നീക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ദിവസങ്ങളോളം അബൂസുഫ്‌യാന്റെ സൈന്യത്തിന്റെ പിന്നില്‍ തന്നെയുണ്ടായിരുന്നു നബി നയിച്ച ഈ കൊച്ചു സേന. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ നബിയും സഖാക്കളും ഒരിടത്ത് തമ്പടിച്ചു. അപ്പോഴാണ് വിജയം പൂര്‍ത്തിയാക്കാതെ താന്‍ തിരിച്ചുപോന്നത് വലിയ അബദ്ധമായി എന്ന് അബൂസുഫ്‌യാന് ബോധോദയമുണ്ടായത്. ഉടന്‍ തന്നെ മദീനയിലേക്ക് തിരിക്കാന്‍ അയാള്‍ തീരുമാനിച്ചു. അപ്പോഴാണ് നബിയും അനുയായികളും തന്നെ തേടി തൊട്ടുപിന്നാലെ തന്നെയുണ്ട് എന്ന വിവരം ലഭിക്കുന്നത്. തീരുമാനം മാറ്റി മക്കയിലേക്ക് തന്നെ യാത്ര തുടരുകയേ അബൂസുഫ്‌യാന് മാര്‍ഗമുണ്ടായിരുന്നുള്ളൂ.
ഉഹുദ് യുദ്ധത്തില്‍ ശത്രു വിജയിക്കുകയോ തോല്‍ക്കുകയോ ചെയ്തില്ല. ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരാജിതരായി ശിഥിലമായിക്കഴിഞ്ഞ തന്റെ സൈനികര്‍ക്ക് പ്രവാചകന്‍ എങ്ങനെയാണ് ആത്മവിശ്വാസം പകര്‍ന്നതെന്നും അവരെ എങ്ങനെയാണ് പുനഃസംഘടിപ്പിച്ചതെന്നും നോക്കുക. ശത്രുവിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് നടത്തിയ മുന്നൊരുക്കങ്ങളാണ് രണ്ടാമത്തെ കാര്യം. ഏതായാലും പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ ശേഷമേ ശത്രുക്കള്‍ക്ക് മുസ്‌ലിംകള്‍ക്കെതിരെ മറ്റൊരു സൈനിക നീക്കം നടത്താന്‍ കഴിഞ്ഞുള്ളൂ.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/9-13
എ.വൈ.ആര്‍