Prabodhanm Weekly

Pages

Search

2014 ജനുവരി 24

മതനിരാസത്തിനും മതതീവ്രതക്കുമെതിരെ യുവതയുടെ ആത്മീയ ചെറുത്തുനില്‍പ്

ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി

ചലനാത്മകമായ മലയാളി മുസ്‌ലിം ചെറുപ്പത്തെ നേര്‍വഴിയില്‍ നയിക്കുകയെന്ന ദൗത്യമാണ് യുവജനപ്രസ്ഥാനങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ജീവിതപരിസരങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഉള്‍ക്കരുത്ത് യുവജന സംഘടനകള്‍ക്കുണ്ടാവണം. കുറ്റമറ്റ ആദര്‍ശത്തിന്റെയും സംസ്‌കാരത്തിന്റെയും ഭൂമികയില്‍ മാത്രമേ ഭദ്രമായ കൂട്ടായ്മ രൂപപ്പെടുകയുള്ളൂ. തൗഹീദ്, ഇത്തിബാഅ്, തസ്‌കിയത്ത് (ഏകദൈവാരാധന, പ്രവാചകാനുധാവനം, വിശുദ്ധി) എന്നീ അടിത്തറകളിലാണ് യുവജനപ്രസ്ഥാനങ്ങള്‍ അജണ്ടകള്‍ രൂപപ്പെടുത്തേണ്ടത്.
മുഖ്യധാരാ യുവജനപ്രസ്ഥാനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്. അംഗസംഖ്യയില്‍ സംഭവിക്കുന്ന വന്‍ ഇടിവ് അവരുടെ സ്വാസ്ഥ്യം കെടുത്തുന്നു. യുവാക്കളുടെ മനസിനെ സ്പര്‍ശിക്കുന്ന അജണ്ടകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കഴിയാത്തതാണ് ഈ അപചയത്തിന് കാരണം. ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങളെ പാര്‍ലമെന്ററി വ്യാമോഹം വിഴുങ്ങിയപ്പോള്‍ അവര്‍ സാന്നിധ്യം അറിയിക്കാനുള്ള സമര നാടകങ്ങളില്‍ മാത്രമായി ഒതുങ്ങി. മതനിരാസചിന്തകള്‍ പടര്‍ത്തി അനവധി യുവാക്കളെ വഴിയാധാരമാക്കിയ ഇടതുപക്ഷ യുവജനസംഘടനകള്‍ ഇന്ന് സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌കാരിക -പാരിസ്ഥിതിക വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനാകാതെ ഉഴറുകയാണ്.
സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മറവില്‍ മതനിരാസ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങള്‍ ഒട്ടേറെ മുസ്‌ലിം ചെറുപ്പക്കാരെ  വഴിപിഴപ്പിച്ചിട്ടുണ്ട്. മതത്തോടും പള്ളിയോടുമെല്ലാം അവജ്ഞയുള്ള ഈ ചെറുപ്പക്കാര്‍ ഇടതുപക്ഷപരിസരങ്ങള്‍ വിട്ട് ഉള്‍വലിഞ്ഞു. സ്ഥാപനവത്കരിക്കപ്പെട്ട മതത്തെ ചൂണ്ടി അവരുടെ വ്യതിയാനങ്ങള്‍ക്ക് ന്യായങ്ങള്‍ ചമച്ചു. മതസംഘടനകള്‍ തമ്മിലുള്ള വഴക്കും പഴിചാരലും മറയാക്കി അവര്‍ മതപരിസരത്ത് നിന്ന് വഴിമാറുകയായിരുന്നു. മതനിഷേധ ചിന്തകള്‍ക്ക് പ്രചാരം നല്‍കുന്ന ആസൂത്രിത നീക്കങ്ങള്‍ മലയാളക്കരയില്‍ നടക്കുന്നുണ്ട്. യുക്തിവാദികള്‍ പരാജയപ്പെട്ട മണ്ണില്‍ സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തെ പ്രഭാഷകരും ബുദ്ധിജീവികളും മതനിരാസചിന്തകള്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട കൊച്ചു പ്രശ്‌നങ്ങളെ സാമാന്യവത്കരിച്ച് ശരീഅത്ത്‌നിന്ദയും ഇസ്‌ലാം വിരോധവും പ്രകടിപ്പിക്കുന്ന ഇത്തരം ബുദ്ധിജീവികളെ മതത്തിന്റെ കുറ്റമറ്റ അടിത്തറയില്‍ നിന്ന് കൊണ്ട് ചെറുക്കാന്‍ കരുത്തുള്ള ചെറുപ്പത്തെ വളര്‍ത്തിയെടുക്കേണ്ടത് മുസ്‌ലിം യുവജനസംഘടനകളുടെ പ്രധാന അജണ്ടയായി മാറേണ്ടതുണ്ട്.
കേരളത്തിലെ മുസ്‌ലിം ചെറുപ്പത്തെ കാര്‍ന്ന് തിന്നുന്ന മറ്റൊരു വൈറസാണ് മതതീവ്രത. ചെറുപ്പക്കാര്‍ മുഴുവന്‍ വഴികേടിലാണെന്ന സാമാന്യവത്കരണത്തില്‍ ഒരു കഴമ്പുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. മതബോധമുള്ള ചടുലവും ചലനാത്മകവുമായ  മുസ്‌ലിംചെറുപ്പം മലയാളനാടിന്റെ ഒരു സവിശേഷത തന്നെയാണ്. ശരിയായ വിശ്വാസവും കര്‍മവും സംസ്‌കാരവുമുള്ള യുവാക്കള്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിമാനമാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പള്ളികളിലും മറ്റും കാണുന്ന ചെറുപ്പക്കാരുടെ സാന്നിധ്യം എല്ലാവരിലും സന്തോഷമുണ്ടാക്കും. പക്ഷേ, മതബോധമുള്ള ഈ ചെറുപ്പത്തെ റാഞ്ചാന്‍ വ്യാജആത്മീയതയുടെ ഏജന്‍സികള്‍ കുതന്ത്രങ്ങള്‍ മെനയുന്നത് നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നു.
സൂഫി-ത്വരീഖത്ത്-ശീഈ ചിന്തകള്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ മസ്തിഷ്‌ക്കത്തിലേക്ക് അടിച്ച് കയറ്റാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബൗദ്ധികമികവ് പുലര്‍ത്തുന്ന ചില ചെറുപ്പക്കാര്‍ നിഗൂഢാത്മക ആത്മീയതയിലേക്ക് അതിവേഗം ആകര്‍ഷിക്കപ്പെടുന്നു. അനുഷ്ഠാനതീവ്രതയിലേക്ക് നയിച്ച് സാമൂഹിക ബന്ധങ്ങളുടെ ഇഴകള്‍ ഉടച്ച് ചെറുപ്പത്തെ ഷണ്ഡീകരിക്കുന്ന വ്യാജ ആത്മീയ കേന്ദ്രങ്ങള്‍ക്കെതിരെ ബൗദ്ധികമായ ഇടപെടല്‍ അനിവാര്യമാണ്. സമൂഹത്തിന്റെ സമാധാനം തകര്‍ക്കുന്ന രൂപത്തിലേക്ക് മതമാഫിയ വളരുമ്പോള്‍ മുസ്‌ലിം യുവജന സംഘടനകളുടെ ബാധ്യത ഏറുകയാണ്. കേശതട്ടിപ്പ,് സ്വലാത്ത് മാമാങ്കങ്ങള്‍, ധനാകര്‍ഷണ യന്ത്രങ്ങള്‍, ഖുര്‍ആന്‍ തെറാപ്പി തുടങ്ങിയ പേരുകളിലെല്ലാം നടക്കുന്ന വിശ്വാസ-സാമ്പത്തിക ചൂഷണങ്ങള്‍ക്കെതിരെ കേരളത്തിലെ യുവജനപ്രസ്ഥാനങ്ങളുടെ പ്രതിഷേധം ചടങ്ങുകളായി അവസാനിക്കരുത്. മതമാഫിയകളുടെ മൗനം വിപണന തന്ത്രം മാത്രമാണ്. യാഥാസ്ഥിതികത്വം സിദ്ധാന്തവത്കരിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നു.
മുസ്‌ലിംകേരളം നേടിയെടുത്ത നവോത്ഥാന മുന്നേറ്റങ്ങളെ പരിഹസിക്കുന്ന അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കെതിരെ കൂട്ടായ ബോധവത്കരണം അനിവാര്യമാണ്. നവോത്ഥാന കേരളം പറിച്ചെറിഞ്ഞ ക്ഷുദ്രചികിത്സകള്‍ ഇസ്‌ലാമിക ചികിത്സയെന്ന വ്യാജേന വ്യാപകമാകുന്നത് തടയേണ്ടതുണ്ട്. അറബ് നാടുകളില്‍ നടക്കുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുന്ന അവസ്ഥ സമൂഹത്തില്‍ പ്രചരിക്കുന്നു. സൈബറിടങ്ങളിലെ മേച്ചിലിനിടയില്‍ ലഭിക്കുന്ന മുറിവിവരങ്ങള്‍ പ്രമാണങ്ങളേക്കാള്‍ വിശുദ്ധമായി കാണുന്ന സാഹചര്യവും നിലവിലുണ്ട്.
വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും പൂര്‍വികര്‍ മനസ്സിലാക്കിയ രീതിയില്‍ ഗ്രഹിക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന സലഫിയ്യത്തിനെ വ്യാജആത്മീയത ചേര്‍ത്ത് വികലമാക്കുന്ന സംഘങ്ങളും സജീവമാണ്. 'വ്യാജആത്മീയസലഫിയ്യത്ത്' യഥാര്‍ഥ സലഫി ആദര്‍ശത്തെ തെറ്റുധരിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. സമൂഹവുമായി യാതൊരു ബന്ധവുമില്ലാത്ത യമനിലെ ദമ്മാജ് സലഫിയ്യത്തിനെ കേരളത്തില്‍ നട്ട് പിടിപ്പിക്കാന്‍ ശ്രമിച്ചവര്‍ അപരിഹാര്യമായ ആശയ കുഴപ്പത്തിലാണ് അകപ്പെട്ടിട്ടുള്ളത്. പ്രഫഷണലുകളും വിദ്യാസമ്പന്നരായ വിദ്യാര്‍ഥി-യുവജനങ്ങളും അപ്രായോഗികമായ ദമ്മാജ് സലഫിയ്യത്തിന്റെ പ്രചാരകരായി മാറുന്നത് നവോത്ഥാന യുജനസംഘടനകളെ ഉണര്‍ത്തേണ്ടതുണ്ട്. ബഹുസ്വര രാജ്യത്ത്  ജീവിക്കുന്ന മുസ്‌ലിംകളെ കുറിച്ച് തെറ്റുധാരണയുണ്ടാക്കാനും ഇസ്‌ലാം വിരോധികള്‍ക്ക് അവരുടെ ദുഷ്‌കൃത്യങ്ങള്‍ക്ക് ന്യായം നിര്‍മ്മിക്കാനും മാത്രമേ 'വ്യാജ ആത്മീയ സലഫിയ്യത്തിന്റെ' പേരിലുള്ള പക്ഷം ചേരല്‍ ഉപകരിക്കുകയുള്ളൂ. യഥാര്‍ഥ ആത്മീയതയോട് ചേര്‍ത്തി പറയേണ്ട വിശുദ്ധമായ സലഫിയ്യത്തിനെ പോലും വികലമാക്കിയതില്‍ ഇവരുടെ പങ്ക് ഏറെയാണ്. പക്വതയുള്ള നേതൃത്വത്തെയും പണ്ഡിതരെയും അവഗണിച്ച് ഇന്റര്‍നെറ്റ് ഫത്‌വകളില്‍ മാത്രം അഭയം തേടുന്ന ആധുനിക മുസ്‌ലിം ചെറുപ്പം വല്ലാതെ ഭയപ്പെടുത്തുകയാണ്. പുതുതലമുറയുടെ സാങ്കേതിക ജ്ഞാനവും സൈബറിടങ്ങളിലെ സജീവ സാന്നിധ്യവും പാടെ നിരാകരിക്കുന്നത് വിഡ്ഢിത്തമാണ്. മതത്തെ വികൃതമാക്കാന്‍ ഉദ്ദേശിച്ച് പടച്ചുവിടുന്ന ഫത്‌വകള്‍/ഫിത്‌നകള്‍ പുതിയത് കിട്ടിയെന്ന രൂപത്തില്‍ പൊതു സമൂഹത്തില്‍ അവതരിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ശൈലി ആശാസ്യമല്ല. ഇസ്‌ലാമിക വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും സുന്ദരമായ ആവിഷ്‌ക്കാരത്തിന്റെ വേദികളാക്കി സൈബറിടങ്ങളെ മാറ്റാന്‍ മുസ്‌ലിം ചെറുപ്പത്തിന് സാധിക്കേണ്ടതുണ്ട്. സര്‍ഗാത്മകമായ സംവാദങ്ങളും ബൗദ്ധികചര്‍ച്ചകളും കൊണ്ട് ഇസ്‌ലാമിന്റെ സമഗ്രത ബോധ്യപ്പെടുത്താന്‍ സൗഹൃദ കൂട്ടായ്മകളെ വിനിയോഗിക്കാന്‍ കഴിഞ്ഞാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. സൈബറിടങ്ങളില്‍ മുസ്‌ലിം ചെറുപ്പത്തിന്റെ കഴിവുകള്‍ നിര്‍മാണാത്മക മേഖലയില്‍ ഉപയോഗിക്കാന്‍ കൃത്യമായ അവബോധം നല്‍കേണ്ട ചുമതല യുവജന പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ധാര്‍മിക-സദാചാര മൂല്യങ്ങളെ കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്ന ഐ.ടി വിഭാഗങ്ങള്‍ യുവജന സംഘടനകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കണം. മതനിരാസ-മതതീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ സൈബര്‍ ചെറുത്ത് നില്‍പ്പ് അനിവാര്യമാണ്. മുഖ്യധാര ദൃശ്യ-ശ്രാവ്യ അച്ചടി മാധ്യമങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വ്യതിരിക്തമായ തനിമയെ നശിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടത്തുമ്പോള്‍ ബൗദ്ധികമായി പ്രതികരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഇക്കാലത്ത് ഒരുക്കിവയ്‌ക്കേണ്ട ആയുധങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. വ്യാജ ആത്മീയ ബിംബങ്ങളെയും അവരുടെ കെട്ട ആശയങ്ങളെയും മാര്‍ക്കറ്റ് ചെയ്യാന്‍ കോടികള്‍ മുടക്കി മതവാണിഭക്കാര്‍ ചാനലുകള്‍ തുടങ്ങുമ്പോള്‍ ഇസ്‌ലാമിക സന്ദേശത്തിന്റെ പ്രചാരണത്തിന് എത്രത്തോളം ആധുനിക സംവിധാനങ്ങളുണ്ടെന്ന് യുവജനപ്രസ്ഥാനങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. മാനവിക മൂല്യങ്ങളെ പരിഹസിക്കുന്ന പുത്തന്‍ ചാനല്‍ സംസ്‌കാരത്തെ ചെറുക്കാനുള്ള ക്രിയാത്മകവും  പ്രായോഗികവുമായ സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
മതമൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന ചെറുപ്പക്കാരുടെ വീര്യം കെടുത്തുന്ന തീവ്രവാദ ആരോപണങ്ങളെ സംബന്ധിച്ചുള്ള നിജസ്ഥിതി സമൂഹത്തെ ബോധ്യപ്പെടുത്താന്‍ യുവജന പ്രസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതോടൊപ്പം ദേശവിരുദ്ധ- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നവരെ പിന്തിരിപ്പിക്കേണ്ടതും വിവേകമതികളുടെ കടമയാണ്.
സനാഉല്ലാ മക്തിതങ്ങളും വക്കം മൗലവിയും കെ.എം മൗലവിയും, കെ.എം സീതി സാഹിബും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബുമെല്ലാം കണ്ട സ്വപ്നങ്ങളുടെ ഗുണഫലം ആസ്വദിക്കുന്നവരാണ് ആധുനിക മുസ്‌ലിം യുവാക്കള്‍. മത-സാമൂഹിക-വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്ത് ഭദ്രമായ മൂലധനമുള്ള ഒരു സമൂഹമായി മുസ്‌ലികള്‍ മാറാനുള്ള അടിപ്പടവ് പണിതത് മുന്‍ചൊന്ന മഹാന്മാരുടെ ദീര്‍ഘവീക്ഷണമായിരുന്നു. ഇന്ന് നാം കാണുന്ന സ്വപ്നങ്ങളുടെ ഫലം അടുത്ത തലമുറകള്‍ക്ക് ആസ്വദിക്കാന്‍ കഴിയണം. സ്വപ്നങ്ങളും പ്രതീക്ഷകളുമില്ലാത്ത യുവജനപ്രസ്ഥാനങ്ങള്‍ക്ക് കാലത്തെ അഭിസംബോധന ചെയ്യാനാവില്ല.
അപകര്‍ഷബോധമില്ലാതെ ഇസ്‌ലാമികവ്യക്തിത്വം കാത്ത് സൂക്ഷിക്കാന്‍ കഴിയുന്ന ഒരു തലമുറയുടെ സൃഷ്ടിക്കായിരിക്കണം യുവജനപ്രസ്ഥാനങ്ങള്‍ യത്‌നിക്കേണ്ടത്. വിശ്വാസവ്യതിയാനങ്ങളുടെയും സാംസ്‌കാരിക അപചയങ്ങളുടെയും മോഹിപ്പിക്കുന്ന പരിസരങ്ങളില്‍ ഇസ്‌ലാമികവ്യക്തിത്വത്തിന്റെ മഹനീയത സംരക്ഷിക്കുകയെന്നത് അല്പം ത്യാഗം ആവശ്യമുള്ള കാര്യമാണ്. മദ്യവും മയക്കുമരുന്നും അവിഹിതബന്ധങ്ങളും കൊള്ളയും കൊലയുമെല്ലാം നിറഞ്ഞ വൃത്തികെട്ട ജീവിത പരിസരങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ വിശ്വാസത്തിന്റെ കരുത്ത് അനിവാര്യമാണ്. ശരിയായ ആത്മീയത ഹൃദയത്തിലേക്ക് തുളച്ച് കയറിവര്‍ക്ക് മാത്രമേ പൈശാചികമായ ക്രിത്രിമത്വത്തില്‍ നിന്ന് കുതറി നില്‍ക്കാനാവൂ. തിന്മകളെ തടയുന്ന കുറ്റമറ്റ ആത്മീയതയിലേക്ക് യുവതയെ വളര്‍ത്തിയെടുക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അവരുടെ സാന്നിധ്യത്തിന്റെ അര്‍ഥമെന്താണ്? മതത്തിന്റെ അടയാളങ്ങള്‍ എടുത്തണിയുകയും നിരന്തരം ഉപദേശങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നവരില്‍ പോലും കാണുന്ന കുറ്റവാസന യുവജന പ്രസ്ഥാനങ്ങളുടെ ഉറക്കം കെടുത്തേണ്ടതുണ്ട്.  
കൊള്ളരുതായ്മകള്‍ തിമിര്‍ത്താടുന്ന മത-സാമൂഹിക-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്ത് ആത്മീയതയിലൂന്നിയ ഇടപെടലുകള്‍ നടത്തുന്ന ചെറുപ്പക്കാരുടെ പങ്കാളിത്തം ഉറപ്പിക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. അഴിമതിവീരന്മാര്‍ക്കും കാട്ടുകള്ളന്മാര്‍ക്കും സദാചാരം ലംഘിക്കുന്നവര്‍ക്കും സാമൂഹിക രംഗം വിട്ടുകൊടുത്ത് ഉള്‍വലിയേണ്ടവരല്ല മുസ്‌ലിം ചെറുപ്പം. നേതൃപാടവവും ധിഷണാവൈഭവവുമുള്ള ചെറുപ്പക്കാരെക്കൊണ്ട് ധന്യമാണ് മലയാളി മുസ്‌ലിംകള്‍. മുസ്‌ലിം യുവാക്കളുടെ സാമൂഹിക- വിദ്യാഭ്യാസ ഇടപെടലുകള്‍ സമുദായ വിരോധികളെ വല്ലാതെ വിറളിപിടിപ്പിക്കുന്നുണ്ട്. സാമൂഹിക-രാഷ്ട്രീയ-രംഗത്തെ ഇടപെടല്‍കൊണ്ട് മതമൂല്യങ്ങളോട് പുഛമുണ്ടാകുന്ന അവസ്ഥ ചിലരിലെങ്കിലും കാണുന്നു. മതവും സംസ്‌കാരവുമെല്ലാം കൈയൊഴിഞ്ഞാലേ സാമൂഹിക-രാഷ്ട്രീയ രംഗത്ത് മൈലേജ് ലഭിക്കുകയുള്ളൂവെന്ന തെറ്റുധാരണ വ്യാപകമാണ്. സാമൂഹിക-പാരിസ്ഥിതിക-രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്ന മുസ്‌ലിം യുവാക്കളില്‍ ഈ രോഗം പടരുന്നതില്‍ ജാഗ്രതയുണ്ടാവണം.
സ്വന്തം ആദര്‍ശത്തിലും നയനിലപാടുകളിലും ഉറച്ചുനിന്നുകൊണ്ട് സഹവര്‍ത്തിത്വത്തിന്റെ മേഖല കണ്ടെത്താന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. പരസ്പരം നശീകരണത്തിനു ശ്രമിക്കാതെ എല്ലാവര്‍ക്കും വിജയിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. വിവിധ കോണുകളില്‍ നിന്ന് ഇസ്‌ലാമിന്റെയും അതിന്റെ ഉയര്‍ച്ച ആഗ്രഹിക്കുന്നവരുടെയും നന്മയ്ക്ക് വേണ്ടി പണിയെടുക്കണം. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ ഹനിക്കാന്‍ ആസൂത്രിതമായ കരുനീക്കങ്ങള്‍ നടക്കുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കക്ഷിത്വം ഉപേക്ഷിക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം.
മതേതരത്വവും ജനാധിപത്യവും ഭദ്രമായി നിലനില്‍ക്കുമ്പോഴാണ് മുസ്‌ലിം ന്യൂനപക്ഷത്തിന് മുന്നേറാനാവുക. വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികള്‍ മതേതരത്വത്തെ തകര്‍ക്കാന്‍ വേണ്ടി കോര്‍പ്പറേറ്റുകളെയും മീഡിയയെയും മതമാഫിയയെയും കൂട്ടുപിടിച്ച് മുന്നോട്ട് പോകുമ്പോള്‍ മൗനം പാലിക്കുന്നത് യുവജനപ്രസ്ഥാനങ്ങള്‍ക്ക് യോജിച്ചതല്ല. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് യന്ത്രവും ചട്ടുകവുമായി മാറാതെ തിരുത്തല്‍ ശക്തികളാവുകയും മതേതരത്വത്തിന്റെ കാവല്‍ഭടന്മാരായി മാറുകയും ചെയ്യുന്നതായിരിക്കും ഗുണകരം. ഏത് രംഗത്തും ജനങ്ങളും ജനപ്രതിനിധികളും പാലിക്കേണ്ട ധാര്‍മിക മൂല്യങ്ങളെകുറിച്ച് ബോധവത്കരിക്കാനുള്ള ആന്തരിക കരുത്ത് നേടാന്‍ യുവജനസംഘടനകള്‍ക്ക് സാധിക്കണം.
ഇസ്‌ലാമിന് ശോഭനമായ ഭാവിയുണ്ടെന്നും ഇസ്‌ലാം വിരുദ്ധ നിര്‍മിതികളെ ഇസ്‌ലാമിക ദര്‍ശനത്തിന്റെ കരുത്ത് കൊണ്ട് ചെറുക്കാനാവുമെന്നും മുസ്‌ലിം യുവാക്കളെ ബോധ്യപ്പെടുത്തുന്നതിന് നേതൃത്വം നല്‍കാന്‍ യുവജനസംഘടനകള്‍ക്ക് കഴിയണം. ആഗോളതലത്തില്‍ ഇസ്‌ലാമിന് ലഭിക്കുന്ന സ്വീകാര്യത അതിന്റെ ആദര്‍ശമഹിമകൊണ്ടാണ്. അറബ്-ഇസ്‌ലാമിക ലോകത്തിന്റെ അതിര്‍ത്തികളില്‍ ചോരപ്പുഴ ഒഴുക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാംവിരുദ്ധ ലോബിയുടെ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നേറാന്‍ ആധുനിക മുസ്‌ലിം ചെറുപ്പത്തിന് സാധിക്കേണ്ടതുണ്ട്. ഇസ്‌ലാമിനെ തകര്‍ക്കാന്‍ അകത്തുനിന്നുതന്നെ ശത്രുവിനെ കണ്ടെത്തുന്ന ജൂതതന്ത്രങ്ങളെ കരുതിയിരിക്കണം. ആദര്‍ശബോധവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏതൊരു പ്രതിസന്ധിയും മറികടക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് സാധിക്കും.
വിശ്വാസ ജീര്‍ണതകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് എത്രമേല്‍ വിജയിക്കാനായിട്ടുണ്ട്? ആള്‍ദൈവങ്ങളും ഗാനധ്യാനങ്ങളും ദിക്‌റ് ഹല്‍ഖകളും ശവകുടീരാരാധനകളും നേര്‍ച്ചകളും വര്‍ദ്ധിക്കുകയാണ്. പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ മാത്രം ആരാധിക്കേണ്ട മനുഷ്യര്‍ മഖ്ബറകളുടെയും ആള്‍ദൈവങ്ങളുടെയും പുണ്യപുരുഷന്മാരുടെയും മുന്നില്‍ ആഗ്രഹസഫലീകരണത്തിനായി കാത്ത് കെട്ടിക്കിടക്കുന്നത് എത്രമേല്‍ നിന്ദ്യവും ലജ്ജാവഹവുമാണ്. ആര്‍ത്തിയുടെ അനന്തരഫലമായ അസമാധാനത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ വ്യാജ ആത്മീയ സദസുകള്‍ തേടി അലയുന്ന വിശ്വാസികളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. വലിയ സാമ്പത്തിക തട്ടിപ്പുകളിലും ഇത്തരക്കാര്‍ വീഴുന്നു. ആത്മീയത മറയാക്കി നടക്കുന്ന റിയല്‍എസ്റ്റേറ്റ് ബന്ധങ്ങളോ നിക്ഷേപതട്ടിപ്പുകളോ വേണ്ടതുപോലെ അന്വേഷിക്കുന്നുപോലുമില്ല. തട്ടിപ്പുവീരന്മാര്‍ അധികാരികളുടെ അലംഭാവം മുതലെടുത്ത് കൂടുതല്‍ കൊള്ള നടത്തുന്നു. മതമാഫിയയും വര്‍ഗ്ഗീയവാദികളും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്ന് കാണിക്കപ്പെടേണ്ടതുണ്ട്.
വിശ്വാസ ശാക്തീകരണത്തിലൂടെ സര്‍വ്വ ജീര്‍ണതകളും ഇല്ലാതാക്കാന്‍ കഴിയുമെന്ന് മുഹമ്മദ്‌നബിയുടെ പ്രബോധനവും ജീവിതവും മാനവതയെ പഠിപ്പിക്കുന്നുണ്ട്. സാമൂഹിക ജീര്‍ണതകള്‍ക്കെതിരെയുള്ള ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങള്‍ ഫലപ്പെടുകയില്ല. തിന്മകളിലേക്ക് പ്രേരിപ്പിക്കുന്ന വൃത്തികെട്ട മനസ്സിലേക്ക് അതിനെ വിമലീകരിക്കുന്ന വിശ്വാസത്തിന്റെ വെളിച്ചമെത്തിക്കാന്‍ സാധിക്കണം. സാമൂഹികസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാര്‍ പലപ്പോഴും ഈ വശം വിസ്മരിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തിന് ചെറുപ്പക്കാരെ സജ്ജമാക്കുകയെന്നത് ഏതൊരു യുവജനപ്രസ്ഥാനത്തിന്റെയും കടമയാണ്. അക്ഷരത്തോട് പുറം തിരിഞ്ഞ് നിന്ന ഒരു സമുദായത്തെ നട്ടെല്ലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ പ്രാപ്തമാക്കിയ നവോത്ഥാന നായകരുടെ കാഴ്ചപ്പാടില്‍ നിന്ന് പാഠം പഠിക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണം. ആധുനിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ ചെറുത്ത് നില്‍പ്പ് സാധ്യമാകൂ എന്ന സന്ദേശം യുവതക്ക് കൈമാറണം. ഐ.എ.എസ്, ഐ.പി.എസ് പോലുള്ള ഉന്നത ബിരുദങ്ങളിലും ഉന്നതോദ്യോഗ രംഗങ്ങളിലും മുസ്‌ലിം പ്രാതിനിധ്യക്കുറവിനെ സംബന്ധിച്ച് വിലപിക്കുന്നവര്‍ അതിന് പരിഹാരമായി എന്ത് നടപടികളാണ് സ്വീകരിക്കാനാവുക എന്ന് ചിന്തിക്കണം. സ്വയം പഴിച്ചും പരാതി പറഞ്ഞും കാലം കഴിക്കാതെ ഇത്തിരിവെട്ടമെങ്കിലും പരത്താന്‍ ശ്രമിക്കുന്നതായിരിക്കും ബുദ്ധി.
തകര്‍ന്നുകൊണ്ടിരിക്കുന്ന ധാര്‍മിക വിദ്യാഭ്യസ രംഗത്തിന്റെ ഉയിര്‍പ്പിന് ബൗദ്ധിക പിന്തുണ നല്‍കേണ്ടവര്‍ യുവജനപ്രസ്ഥാനങ്ങളാണ്. മതബോധമില്ലാത്ത കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ അതിന്റെ ദുരന്തം അനുഭവിക്കേണ്ടത് സമൂഹം മുഴുവനാണ്. കുട്ടിക്കുറ്റവാളികളുടെ പെരുക്കം ഏതൊരു യുവജനസംഘടനയെയും അസ്വസ്ഥമാക്കേണ്ടതുണ്ട്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളോടൊപ്പം ചേര്‍ന്ന് ധാര്‍മിക ബോധവത്കരണത്തിന് കുറ്റമറ്റ സംവിധാനങ്ങള്‍ ഒരുക്കിയേ പറ്റൂ. സാമ്പ്രദായിക മതപഠനക്ലാസുകള്‍ക്കപ്പുറം ആധുനിക തലമുറയുടെ അഭിരുചി മനസ്സിലാക്കി അവരുടെ മനസ്സിനെ സ്പര്‍ശിക്കുന്ന പാഠങ്ങളും സാരോപദേശങ്ങളും നല്‍കാന്‍ സാധിക്കണം. മാനുഷ്യകത്തിന്റെ വേദഗ്രന്ഥമായ ഖുര്‍ആനിലേക്കും അതിന്റെ പ്രായോഗിക വിശദീകരണമായ പ്രവാചക ചര്യയിലേക്കും യുവജനങ്ങളെ തിരിച്ച് വിളിക്കാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. മഹല്ല് ശാക്തീകരണത്തിലൂടെ കുട്ടികളുടെയും യുവജനങ്ങളുടെയും വികാസത്തിനുതകുന്ന പദ്ധതികള്‍ ആരംഭിക്കണം. കുടുംബഛിദ്രതയും സാമൂഹിക വ്യതിയാനങ്ങളും അതുവഴിയുണ്ടാകുന്ന അരാജകത്വവും ഇല്ലാതാക്കാന്‍ സമഗ്രമായ മഹല്ല് ശാക്തീകരണത്തിലൂടെ സാധിക്കുമെന്നതിന് എമ്പാടും ഉദാഹരണങ്ങളുണ്ട്.
മോഡലുകളെ അമ്പേഷിക്കുന്ന ചെറുപ്പത്തിന്റെ മുന്നില്‍ വിശുദ്ധമായ മാതൃകാ ജീവിതം നയിക്കാന്‍ യുവജനപ്രസ്ഥാനങ്ങളെ നയിക്കുന്നവര്‍ക്ക് സാധിക്കണം. തത്വങ്ങള്‍ പറഞ്ഞ് മാറിനില്‍ക്കുന്നവരെ ആധുനിക മുസ്‌ലിം യുവത്വം അവജ്ഞയോടെയാണ് കാണുന്നത്. ആധുനിക യുവത്വത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ധാര്‍മിക -സദാചാരമൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന നന്മയുടെ അടയാളങ്ങളായി മാറാന്‍ യുവജനനേതൃത്വത്തിന് കഴിയുമോ എന്നതാണ് ചോദ്യം. ചിലരിലെങ്കിലും കാണുന്ന സ്വഭാവ ദൂഷ്യങ്ങള്‍ മതപ്രബോധന രംഗത്തും സാമൂഹിക രംഗത്തും കടുത്ത വെല്ലുവിളിയാണ്. സമൂഹത്തിന്റെ മാതൃകാപുരുഷരില്‍ കാണുന്ന അപരാധങ്ങള്‍ക്ക് ജനങ്ങള്‍ മാപ്പ് തരില്ലെന്ന ബോധം എല്ലാവര്‍ക്കുമുണ്ടാവണം.
സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പ് ശക്തിപ്പെടുത്തേണ്ടതുണ്ട്. വിവാഹവും വിവാഹാനന്തര ചടങ്ങുകളും ആര്‍ഭാടത്തിന്റെ പര്യായങ്ങളായി മാറുന്നു. സംഘടിത മതപൗരോഹിത്യം സ്ത്രീധനംപോലുള്ള തിന്മകളെ ഇപ്പോഴും ന്യായീകരിക്കുന്നു. വൈവാഹിക രംഗത്തെ ദുരാചാരങ്ങള്‍ക്കതിരെ ബോധവത്കരണം നടത്താനും മാതൃകാവിവാഹങ്ങള്‍ക്ക് വേദിയൊരുക്കാനും യുവജനപ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കണം. ഭക്ഷണത്തിലും വസ്ത്രത്തിലും അറ നിര്‍മ്മാണത്തിലുമുള്ള ധൂര്‍ത്തും ദുര്‍വ്യയവും ധാര്‍മിക പ്രസ്ഥാനങ്ങളുടെ മൗനംകൊണ്ട് സാമൂഹിക അംഗീകാരം നേടിയെടുക്കുന്നു. സര്‍വസീമകളും തകര്‍ക്കുന്ന ഫാഷന്‍ ജ്വരവും തിമിര്‍ത്താടലുകളും മുസ്‌ലിം സമൂഹത്തിന്റെ യശസ്സിന് വല്ലാതെ കളങ്കമേല്‍പ്പിക്കുന്നു. സര്‍വ നാശത്തിലേക്ക് നയിക്കുന്ന അനുകരണ ഭ്രമത്തില്‍ നിന്ന് ആധുനിക ചെറുപ്പത്തെ രക്ഷിക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്. വിവാഹ സുദിനത്തെ ആഭാസമാക്കുന്ന വൃത്തികെട്ട മനസ്സുകളെ ചികിത്സിക്കാന്‍ ഉത്തരവാദപ്പെട്ട സംഘടനകള്‍ക്ക് സാധിക്കണം. അറപ്പുളവാക്കുന്ന വസ്ത്ര രീതിക്കും ലൈംഗിക ചുവയുള്ള വര്‍ത്തമാനങ്ങള്‍ക്കും ആശാസ്യമല്ലാത്ത കൂടിച്ചേരലുകള്‍ക്കുമെതിരെ എല്ലാവരും മൗനം പാലിച്ചാല്‍ തിന്മക്കൂട്ടങ്ങള്‍ക്ക് അത് പ്രോത്സാഹനമായി മാറും.
എല്ലാ യുവജന പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മാതൃസംഘടന അനിവാര്യമാണ്. പരിചയവും പക്വതയുമുള്ള മാതൃസംഘടനകളുടെ നയനിലപാടുകളെ പുഛിക്കുകയും ചെറുതാക്കുകയും ചെയ്ത് അഹങ്കാരത്തിന്റെ കൊടുമുടി കയറുന്ന യുജനപ്രസ്ഥാനങ്ങള്‍ക്ക് വിജയിക്കാനാവില്ല. വിമര്‍ശങ്ങളെ ഉള്‍ക്കൊള്ളാനുള്ള  വിശാലതയാണ് യുവജനപ്രസ്ഥാനങ്ങള്‍ക്കുണ്ടാവേണ്ടത്. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കേണ്ട സമയം മാതൃസംഘടനയുടെ ന്യൂനത പറയാനും പ്രചരിപ്പിക്കാനും വിനിയോഗിക്കുന്നവരെ എമ്പാടും കാണാം. യുവജനങ്ങളുടെ കര്‍മശേഷിയും വേഗതയും സാങ്കേതിക ജ്ഞാനവും തിരിച്ചറിയാന്‍ മാതൃസംഘടനകള്‍ക്ക് സാധിക്കേണ്ടതുണ്ട്. 'ജനറേഷന്‍ ഗ്യാപ്' പരമാവധി ഇല്ലാതാക്കുന്ന നീക്കങ്ങളായിരിക്കണം എല്ലാവരില്‍ നിന്നും ഉണ്ടാവേണ്ടത്. സമുദായധ്രുവീകരണത്തിനുള്ള ചട്ടുകങ്ങളായി യുവജനപ്രസ്ഥാനങ്ങളെ മാറ്റാതെ ഗുണാത്മകമായ വശങ്ങളിലേക്ക് അവരുടെ കര്‍മ്മശേഷി തിരിച്ച് വിട്ട് ഭദ്രമായ ഒരു സമൂഹ സൃഷ്ടിക്കായി യത്‌നിക്കുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/9-13
എ.വൈ.ആര്‍