Prabodhanm Weekly

Pages

Search

2014 ജനുവരി 24

പ്രവാചക സ്‌നേഹത്തിന്റെ പൊരുള്‍

ശൈഖ് വി.പി അഹ്മദ് കുട്ടി / ലേഖനം

പരിശുദ്ധ റബീഉല്‍ അവ്വല്‍ മാസം ആഗതമാകുമ്പോള്‍ ഏതൊരു സത്യവിശ്വാസി-വിശ്വാസിനിയുടെയും മുമ്പിലെ ചോദ്യം, പ്രവാചക സ്‌നേഹം ശരിയായ രീതിയില്‍ എങ്ങനെ പ്രകടിപ്പിക്കാമെന്നതാണ്. ഇസ്‌ലാമിക പ്രമാണങ്ങളും സാമാന്യ ബുദ്ധിയും മുന്നില്‍ വച്ചു കൊണ്ടാണ് ഈയൊരു ചോദ്യത്തിന് ഉത്തരം തേടേണ്ടത്.
ഈ പ്രശ്‌നത്തിന് ഒരു ഉത്തരം നിര്‍ദേശിക്കുന്നതിനു മുമ്പ്, എന്തു കൊണ്ട് ഈ പ്രശ്‌നം ഇക്കാലത്ത് പ്രസക്തമാകുന്നു എന്നതിനെ കുറിച്ചു കൂടി പറയേണ്ടതുണ്ട്. രണ്ട് അനിവാര്യ സംഗതികളാണ് ഞാന്‍ അതില്‍ കാണുന്നത്. ഒന്നാമതായി, ഇന്ന് പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത് എങ്ങനെ എന്ന വിഷയത്തില്‍ മുസ്‌ലിംകള്‍ രണ്ട് വിരുദ്ധ ചേരികളിലാണ് ഉള്ളത്. രണ്ടുചേരിയില്‍ നിന്നും കടുത്ത ആരോപണപ്രത്യാരോപണങ്ങളും മുറക്കുണ്ടായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഒരു വിഭാഗം മുസ്‌ലിംകളുടെ പ്രവാചകനോടുള്ള സ്‌നേഹപ്രകടനങ്ങള്‍ അതിരുകവിഞ്ഞ് തിരുമേനിയെ ബിംബവല്‍ക്കരിക്കുവോളം എത്തിയിരിക്കുന്നു. എതിര്‍ പക്ഷമാകട്ടെ ഏറ്റവും കടുത്ത വിരുദ്ധചിന്താഗതിക്കാരാണ്. പ്രവാചകനോടു സംശുദ്ധവും സ്വാഭാവികവുമായ സ്‌നേഹത്തിന്റെ ഒരു പ്രകടനം പോലും കാഴ്ചവെക്കരുതെന്നും പ്രവാചകനെ കുറിച്ചുള്ള സ്മരണയോ അദ്ദേഹത്തിന്റെ ചരിത്രമോ സംഭവങ്ങളോ പോലും അയവിറക്കരുതെന്നും അങ്ങനെ ചെയ്യുന്നത് ബിദ്അത്താണെന്നുമാണ് ഇക്കൂട്ടരുടെ വാദം.
പ്രവാചക സ്‌നേഹം എന്നത് ഇക്കാലത്ത് ഏറെ പ്രസക്തമാകുന്നത് മറ്റൊരു കാരണത്താലാണ്. ഇസ്‌ലാമോഫോബിയ വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, ഓരോ മുസ്‌ലിമും അതിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഞാന്‍ മനസ്സിലാക്കിയേടത്തോളം, പ്രവാചക ജീവിതം അതു പോലെ അനുകരിക്കുകയും മാതൃകയാക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. കാരണം പ്രവാചകന്‍ 23 വര്‍ഷത്തെ ജീവിതകാലയളവില്‍ തന്റെ ശത്രുക്കളായിരുന്ന അനേകരെ അനുയായികളും സത്യമാര്‍ഗത്തിന്റെ അനുകര്‍ത്താക്കളുമാക്കിത്തീര്‍ത്തിട്ടുണ്ട്. പ്രവാചകന്‍ തിരുമേനിയുടെ കരുണാര്‍ദ്രമായ പെരുമാറ്റം കൊണ്ടും നീതിപൂര്‍വകമായ നിലപാടുകള്‍കൊണ്ടുമായിരുന്നു അവിടുന്ന് മനുഷ്യരെ പരിവര്‍ത്തിപ്പിച്ചത്.
ഒരാളുടെ വിശ്വാസം പ്രവാചകനോടുള്ള സ്‌നേഹം കൂടാതെ പൂര്‍ത്തിയാവുകയില്ല എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കില്ല. പ്രവാചകനെ സ്‌നേഹിക്കുക, അനുസരിക്കുക, അദ്ദേഹത്തിന്റെ ജീവിത മാതൃകകളെ അനുധാവനം ചെയ്യുക എന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''പ്രവാചകരേ, ജനത്തോടു പറയുക: നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു'' (ആലുഇംറാന്‍ 31).
പ്രവാചക ചരിത്രം പഠിക്കാനും ആ ജീവിതത്തില്‍ നിന്ന് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനും അത് അനുധാവനം ചെയ്യാനും പ്രവാചക സ്‌നേഹം ഇല്ലാതെ കഴിയില്ല. എല്ലാത്തിനുമുപരി അന്ത്യ പ്രവാചകന്‍ എന്ന നിലക്ക് തിരുദൂതര്‍ നമുക്ക് പകര്‍ന്നുതന്ന അധ്യാപനങ്ങളെ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനു മുമ്പില്‍ പ്രസരിപ്പിക്കുക എന്ന ഉത്തരവാദിത്തവും നമുക്കുണ്ട്. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടുന്ന് സൂചിപ്പിച്ചതും അതാണല്ലോ:
''ഇവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.''
കാരുണ്യത്തിന്റെ പ്രവാചകനോടുള്ള നമ്മുടെ സ്‌നേഹ പ്രകടനത്തില്‍ നിയതമായ വഴികള്‍ക്കു പുറമെ, പുതു വഴികള്‍ കൂടി നാം തേടേണ്ടതുണ്ട്. അല്ലാഹുവിന്റെ പ്രവാചകനോടുള്ള നമ്മുടെ ഉത്തരവാദിത്വവും ബാധ്യതയും, നമ്മിലോരോരുത്തര്‍ക്കും നല്‍കപ്പെട്ട സൗകര്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും  സ്ഥാനമാനങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു നേതാവിന് ഒരു നീതനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളതു പോലെയും പണ്ഡിതസമൂഹത്തിന്  സാധാരണ ജനങ്ങളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ഉള്ളതു പോലെയുമാണിത്.

ഈ ഉത്തരവാദിത്വങ്ങള്‍ ഓരോന്നായി പരിശോധിക്കാം.
1. മുസ്‌ലിം ഭരണാധികാരികളുടെയും നേതാക്കളുടെയും ഉത്തരവാദിത്വവും കടമകളും എക്കാലത്തേക്കാളും അധികരിച്ച ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതിന് പ്രധാന കാരണം ഇസ്‌ലാമിനെ സംബന്ധിച്ച് പൊതു സമൂഹത്തിനു മുമ്പില്‍ ഒരുപാട് പ്രതിലോമ ധാരണകള്‍ നിലനില്‍ക്കുന്നു എന്നതാണ്. മുസ്‌ലിം രാജ്യങ്ങളിലെ അവസ്ഥകളെ കുറിച്ച പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ തീര്‍ത്തും നിഷേധാത്മകമാണ്. മനുഷ്യാവകാശ നീതിനിഷേധങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും മുസ്‌ലിം രാജ്യങ്ങളാണ് ഏറെ മുമ്പില്‍. പ്രവാചക ജീവിതം പരിശോധിക്കുന്ന ആര്‍ക്കും നബിതിരുമേനിയുടെ ജീവിതത്തില്‍ മനുഷ്യാവകാശങ്ങളുടെ ഉദാത്ത മൂല്യങ്ങള്‍ എത്രമാത്രം ഉള്‍ചേര്‍ന്നിരുന്നുവെന്ന് സുതരാം ബോധ്യമാകും.
ഇസ്‌ലാമോഫോബിയക്കെതിരിലുള്ള യുദ്ധത്തില്‍ മുസ്‌ലിം ഭരണാധികാരികള്‍ ആദ്യം ചെയ്യേണ്ടത്, അവര്‍ തങ്ങളുടെ സമൂഹത്തോട് നീതി പുലര്‍ത്തുകയെന്നതാണ്. പ്രവാചകന്‍ തിരുമേനിയുടെ കാലടികള്‍ പിന്തുടര്‍ന്ന് അവര്‍ തങ്ങളുടെ സമൂഹത്തിലെ മുസ്‌ലിം പ്രജകള്‍ക്ക് മനുഷ്യാവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയാണ്  ചെയ്യേണ്ടത്. രാജ്യത്തിന്റെ സമ്പത്ത് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കോ കുടുംബത്തിനു വേണ്ടിയോ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന പ്രവാചകനെ അവര്‍ കണ്ട് പഠിക്കട്ടെ. എന്നിട്ട് തങ്ങളുടെ ജീവിതത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യട്ടെ. വിശ്വാസികളോടു വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് അതാണല്ലോ. ''അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍, നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍'' (അന്നിസാഅ്: 135).
2. ഭരണ കര്‍ത്താക്കള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുള്ളത് നമ്മുടെ പണ്ഡിതസമൂഹത്തിനാണ്. ഉലമാക്കള്‍ ഉമ്മത്തിന്റെ മനസ്സാക്ഷിയായി നിന്ന് സംസാരിച്ച ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ഇന്നു പണ്ഡിതന്മാര്‍ ഭരണാധികാരികളുടെ ശ്രദ്ധ കവരാനും ഇഷ്ടം പിടിച്ചുപറ്റാനും വേണ്ടി മത്സരിക്കുന്നതാണ് നാം കാണുന്നത്. ഇക്കാലത്തെ പണ്ഡിതന്മാരില്‍ പലരും ഭൗതികപ്രമത്തതയുടെ സ്വാധീനവലയത്തിലാണ്.
മദീനയില്‍ ഞാന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, ഐശ്വര്യത്തെക്കുറിച്ചുള്ള പ്രവാചകാധ്യാപനം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ (ഉള്ളതു കൊണ്ട് തൃപ്തിപ്പെടല്‍) ഞങ്ങള്‍ പ്രത്യേകം ഉപദേശിക്കപ്പെട്ടിരുന്നു. ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം അവന്‍ ആകാന്‍ ശ്രമിക്കേണ്ടതും ആഗ്രഹിക്കേണ്ടതും ആ മാതൃകയാണ്. അക്കാലത്തെ പ്രധാന പണ്ഡിതരില്‍ ഒരാള്‍ക്ക്, രാജാവ് വില കൂടിയ മുന്തിയ ഇനം കാര്‍ പാരിതോഷികമായി നല്‍കിയപ്പോള്‍ അത് നിരസിച്ചത് ഞാന്‍ ഓര്‍ക്കുന്നു. തന്റെ പഴയ കാര്‍ തന്നെ മതിയെന്നായിരുന്നു രാജാവിനോടുള്ള അദ്ദേഹത്തിന്റെ  മറുപടി.
ഇക്കാലത്തെ മിക്ക പണ്ഡിതന്മാര്‍ക്കും വില കൂടിയ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനോ അവ സ്വന്തമാക്കുന്നതിനോ യാതൊരു മനസ്സാക്ഷിക്കുത്തും തോന്നുന്നില്ലെന്ന് മാത്രമല്ല, അവരതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അല്ലാഹു അനുവദനീയമാക്കിയ കാര്യങ്ങള്‍ ആര്‍ക്കു മേലും ഞാന്‍ ഹറാമാക്കുകയല്ല. എന്നാല്‍ ഒരു പണ്ഡിതന്‍ എന്ന നിലക്ക് ഓരോരുത്തരും സ്വന്തന്തോടു ചോദിക്കട്ടെ, തനിക്കു ചുറ്റിലും അനേകര്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുമ്പോള്‍, പട്ടിണി മൂലം നമ്മുടെ സഹോദരങ്ങള്‍ മരിച്ചുവീഴുമ്പോള്‍ നമുക്കെങ്ങനെയാണ് ആഡംബര ജീവിതം നയിക്കാനാവുക എന്ന്.
ഭരണാധികാരികളുടെ അരിക് പറ്റി ജീവിക്കുന്നതിന്റെ ദോഷങ്ങളെ കുറിച്ച് പൂര്‍വ സൂരികളായ പണ്ഡിതര്‍ ജാഗരൂകരായിരുന്നു. 'രാജാവിന്റെ രജിസ്റ്ററില്‍ ഒരു പണ്ഡിതന്റെ പേരുചേര്‍ക്കപ്പെട്ടാല്‍, അല്ലാഹുവിന്റെ രജിസ്‌റററില്‍ നിന്ന് ആ പണ്ഡിതന്റെ പേര് മാറ്റപ്പെടും' എന്ന് അവര്‍ പറഞ്ഞിരുന്നത് അതുകൊണ്ടാണ്. അഴിമതിയും അക്രമവും നീതി നിഷേധവുമൊക്കെ നമ്മുടെ സമൂഹത്തില്‍ കൊടികുത്തി വാഴുമ്പോള്‍, തങ്ങളുടെ നാവും തൂലികയും അതിനെതിരെ ചലിപ്പിക്കാത്ത പണ്ഡിതരെ ഇക്കാലത്ത് നാം കാണുന്നതില്‍ അത്ഭതപ്പെടാനില്ല. തങ്ങളുടെ ഭരണാധികാരികള്‍ക്ക് നിരുപാധികമായ അനുസരണം വേണമെന്ന കര്‍മ്മശാസ്ത്ര ഫത്‌വകള്‍ ഉരുവിട്ടുകൊണ്ടിരിക്കാന്‍   ഈ പണ്ഡിതര്‍ക്ക്  ഇപ്പോഴും യാതൊരു മടിയുമില്ല.
3. പ്രവാചകന്‍ തിരുമേനി (സ) എങ്ങനെയാണോ ജനങ്ങളെ സമീപിച്ചത്, അതിനെ അനുകരിക്കാന്‍ ഭരണാധികാരികളും നേതാക്കളും തയാറാകട്ടെ. ഏതാനും ചില മേഖലകളില്‍ മാത്രം അനുവര്‍ത്തിക്കേണ്ട ഒരു കാര്യമല്ല ഇത്. മറിച്ചു നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും രാജ്യത്തു തന്നെയും ഈ പ്രവാചക രീതി തന്നെ അവലംബിക്കേണ്ടതുണ്ട്. ഭരണ കാര്യങ്ങളും അത് നടപ്പാക്കുന്ന രീതിയും സുതാര്യമാകാതെ രാജ്യവും സംവിധാനങ്ങളും അഴിമതിമുക്തമാവുക സാധ്യമല്ല.
4. പുരുഷന്‍മാര്‍ പിതാവും ഭര്‍ത്താവും എന്ന നിലയില്‍ പ്രവാചകനെ അതേപടി മാതൃകയാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുക വഴി തങ്ങളുടെ കുടുംബത്തെ മാതൃകാ കുടുംബമാക്കുകയാണ് അവര്‍ ചെയ്യുന്നത്. അതുവഴി ഇസ്‌ലാമിന്റെ സൗന്ദര്യം ലോകം പ്രയോഗതലത്തില്‍ ദര്‍ശിക്കും.
മകള്‍ ഫാത്വിമയോടും പൗത്രന്‍മാരായ ഹസന്‍-ഹുസൈന്മാരോടും പ്രവാചകന്‍ തിരുമേനിക്കുണ്ടായിരുന്ന സ്‌നേഹവാത്സല്യം എങ്ങനെയായിരുന്നുവെന്ന് ഓരോ മുസ്‌ലിം പിതാവും മനസ്സിലാക്കട്ടെ. തന്റെ മക്കളോടും പേരമക്കളോടും അങ്ങനെ ചെയ്യാന്‍ അവര്‍ സ്വയം പരിശീലിക്കുകയും ചെയ്യട്ടെ. ആഇശ(റ) എന്ന തന്റെ പത്‌നിയെ അവിടുന്ന് എങ്ങനെ വളര്‍ത്തിക്കൊണ്ടുവന്നുവെന്നും പുരുഷന്‍മാര്‍ കണ്ടു പഠിക്കട്ടെ. പ്രവാചകന്റെ മരണശേഷം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും നൂറുകണക്കിന് ഹദീസുകള്‍ പഠിപ്പിക്കാന്‍ പോന്ന ഒരു പണ്ഡിതയായി അവരെ അവിടുന്ന് വാര്‍ത്തെടുത്തത് നമ്മുടെ പണ്ഡിതര്‍ക്ക് മാതൃകയാകേണ്ടതുണ്ട്. തങ്ങളുടെ ഭാര്യമാരുടെ ബുദ്ധിപരമായ കഴിവുകളെ പണ്ഡിതന്‍മാര്‍, പ്രവാചകന്‍ തിരുമേനി ആഇശയില്‍ ചെയ്തതു പോലെ, ഉപയോഗിച്ചിരുന്നുവെങ്കില്‍ എന്തു മാത്രം നല്ല മാതൃകയാകുമായിരുന്നു അത്.
5. നമ്മുടെ പ്രബോധകന്‍മാരും ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുന്നവരുമായ എല്ലാവരും പഠിക്കേണ്ട ഒരു പാഠം, തിരുമേനി തന്റെ ദൗത്യ നിര്‍വഹണത്തിനു മുമ്പേതന്നെ ജനങ്ങളില്‍ നിന്ന് നേടിയെടുത്ത വിശ്വാസ്യതയുടെതാണ്. പ്രബോധകരും ഇസ്‌ലാമിക മാര്‍ഗത്തില്‍ പണിയെടുക്കുന്നവരും ആദ്യമേ സ്വയം മികച്ച മാതൃകകളായിരിത്തീരുകയാണ് വേണ്ടത്. അങ്ങനെ അവര്‍ ജനങ്ങളുടെ വിശ്വാസ്യതയും അംഗീകാരവും നേടിയെടുക്കണം.
പ്രവാചകന്‍ തന്റെ സമൂഹത്തിലെ ഏറ്റവും നല്ല മനുഷ്യനായിരുന്നു. അത്തരമൊരാളുടെ സന്ദേശം സ്വീകരിക്കാതിരിക്കാന്‍ ജനങ്ങള്‍ക്ക് സാധ്യമല്ല. 'ഈ മലയുടെ പിന്നില്‍ നിങ്ങളെ ആക്രമിക്കാന്‍ ഒരു സൈന്യം വരുന്നുവെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്ന തിരുമേനിയുടെ ചോദ്യത്തിന് അവര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''താങ്കള്‍ കളവു പറയുന്നത് ഞങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ല.''
ഈയൊരു പാഠമാണ് മുസ്‌ലിംകള്‍ പഠിക്കേണ്ടത്. അതിനാല്‍ പ്രവാചക സന്ദേശങ്ങളെ  ഹൃദയത്തില്‍ സ്വാംശീകരിച്ച് മാതൃകാപരമായി ജീവിക്കാന്‍ നാം ശ്രമിക്കണം. ഇതാണ് പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. തീര്‍ച്ചയായും ഇതു തന്നെയാണ് ശത്രുക്കളെ പോലും നമ്മുടെ മിത്രങ്ങളാക്കാനുള്ള ഏറ്റവും ഫലവത്തായ മാര്‍ഗവും.
 

(ടൊറണ്ടോ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സീനിയര്‍ ലക്ചററാണ് ലേഖകന്‍).
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/9-13
എ.വൈ.ആര്‍