ശൈഖ് മുഹമ്മദ് യൂസുഫ് സിദ്ദീഖി

സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നായകസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് ശൈഖ് മുഹമ്മദ് യൂസുഫ് സിദ്ദീഖി (1902-1976). മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി, മൗലാനാ സദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി എന്നിവരാണ് മറ്റു രണ്ടു പേര്‍. ചെറുപ്പം തൊട്ടേ രാഷ്ട്രീയാഭിനിവേശം പുലര്‍ത്തിയിരുന്ന യൂസുഫ് സിദ്ദീഖി, ഗാന്ധിജിയോടൊപ്പം നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പിന്നീട്, സയ്യിദ് മൗദൂദി മുന്‍കൈയെടുത്ത് സ്ഥാപിച്ച ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ സിദ്ദീഖി മരണം വരെ അതിന്റെ സമുന്നത നേതാവും തികവാര്‍ന്ന പത്രപ്രവര്‍ത്തകനുമായാണ് ജീവിച്ചത്. സയ്യിദ് അഹ്മദ് ശഹീദിന്റെ ജിഹാദെ ഇസ്‌ലാമി പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിച്ചവരായിരുന്ന രാജസ്ഥാനിലെ ദോങ്ക് നിവാസികളായിരുന്ന അദ്ദേഹത്തിന്റെ പ്രപിതാക്കള്‍.
1902 മാര്‍ച്ച് 2-ന് ദല്‍ഹിക്കടുത്ത് ബാഗ്പത്തിലാണ് ജനനം. വല്യുപ്പ ഹാഫിദ് വജീഹുദ്ദീന്‍ ബാഗ്പത്തി, അഹ്മദ് ശഹീദിനൊപ്പം പോരാട്ടമുഖത്ത് നിലയുറപ്പിച്ച വ്യക്തിത്വമായിരുന്നു. പിതാവ് ശൈഖ് മുഹമ്മദ് യഅ്ഖൂബ് സിദ്ദീഖി അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ ഏറെ വ്യുല്‍പത്തി നേടിയ പണ്ഡിതനായിരുന്നു. അക്കാലത്തെ പ്രമുഖ മതപണ്ഡിതന്‍ മൗലാനാ മനാദിര്‍ അഹ്‌സന്‍ ഗീലാനിയില്‍ നിന്ന് സിദ്ദീഖി മതപഠനം നേടി. ചെറുപ്പം തൊട്ടേ ഖുര്‍ആനിലും ഹദീസിലും അവഗാഹം നേടിയത് അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതത്തില്‍ നന്നായി പ്രതിഫലിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എഫ്.എസ്.സി ബിരുദം നേടി ഉന്നത പഠനത്തിന് ലണ്ടനിലേക്ക് തിരിക്കാനായിരുന്നു സിദ്ദീഖിയുടെ ആഗ്രഹം. ആയിടക്കാണ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ ഉപേക്ഷിക്കണമെന്ന് വിദ്യാര്‍ഥികളോട് ഗാന്ധിജിയുടെ ആഹ്വാനം വന്നത്. മൗലാനാ മുഹമ്മദ് അലി ജൗഹര്‍, ഗാന്ധിജി എന്നിവരോടൊപ്പം ആ ആഹ്വാനത്തിന് ചെവികൊടുത്ത 19 വിദ്യാര്‍ഥികളില്‍ ഒരാളായി സിദ്ദീഖിയും. പഠനം ഉപേക്ഷിച്ച് 1920-ല്‍ നാഗ്പൂരില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. പിന്നീട് ജാമിഅ മില്ലിയ്യ സ്ഥാപിക്കുന്നതില്‍ പങ്കാളിയായി. 1921-ല്‍ പഞ്ചസാര മില്‍ സംബന്ധിച്ച പഠനത്തിന് മൗലാനാ ആസാദിന്റെ നിര്‍ദേശ പ്രകാരം ഇന്തോനേഷ്യ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു. ഗാന്ധിജി, ആസാദ്, നെഹ്‌റു, ഡോ. സാക്കിര്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പം ഏറെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചയാളാണ് സിദ്ദീഖി.
ഇസ്‌ലാമിക പ്രസ്ഥാനത്തിന് ബീജാവാപം നല്‍കുന്നതിന് മുമ്പെ സയ്യിദ് മൗദൂദി ആരംഭിച്ച തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന പത്രം നിരവധി പണ്ഡിതരെയും ബുദ്ധിജീവികളെയും ആകര്‍ഷിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് സിദ്ദീഖി. രൂപീകരണ ഘട്ടത്തില്‍ തന്നെ ജമാഅത്തുമായി ബന്ധം സ്ഥാപിച്ച അദ്ദേഹം മൗദൂദിയുടെ ശ്രമഫലമായാണ് ജമാഅത്ത് അംഗത്വമെടുത്തത്. വൈകാതെ കേന്ദ്ര കൂടിയാലോചനാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മരണം വരെ ആ ഉത്തരവാദിത്വത്തില്‍ തുടരുകയും ചെയ്തു. 1947- ഏപ്രില്‍ 17,18 തീയതികളില്‍ രാജസ്ഥാനിലെ ടോങ്കില്‍ നടന്ന ജമാഅത്ത് മേഖലാ സമ്മേളന കണ്‍വീനര്‍ യൂസുഫ് സിദ്ദീഖിയായിരുന്നു.
1963 ജൂലൈ 27-ന് ഇസ്‌ലാമിക് പബ്ലിക്കേഷന്‍ ബോര്‍ഡ്, റേഡിയന്‍സ് ഇംഗ്ലീഷ് വാരികക്ക് തുടക്കമിട്ടപ്പോള്‍ പ്രഥമ മാനേജിംഗ് എഡിറ്റര്‍ യൂസുഫ് സിദ്ദീഖി ആയിരുന്നു. 1965-ല്‍ അദ്ദേഹം പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനവും അലങ്കരിച്ചു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഇന്ത്യയിലും വിദേശത്തും റേഡിയന്‍സ് ഏറെ പുകള്‍പെറ്റതായി. 'ബിറ്റ്‌വീന്‍ യു ആന്റ് മി' എന്ന പേരില്‍ ഒരു സ്ഥിരം പംക്തി സിദ്ദീഖി ഏറെക്കാലം റേഡിയന്‍സില്‍ എഴുതിയിരുന്നു.
പ്രസ്ഥാന നേതാവ് എന്നതിനപ്പുറം പൊതുമുഖമുള്ള മുസ്‌ലിം ചിന്തകന്‍ കൂടിയായിരുന്നു അദ്ദേഹം. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ആക്ഷന്‍ കമ്മിറ്റി അംഗമായ സിദ്ദീഖി ആ സ്ഥാപനത്തിന്റെ നിലനില്‍പിനു വേണ്ടി സുപ്രീംകോടതിയില്‍ വരെ പടപൊരുതിയിട്ടുണ്ട്. മുസ്‌ലിം മജ്‌ലിസെ മുശാവറ ജനറല്‍ സെക്രട്ടറി, ആള്‍ ഇന്ത്യ ഫലസ്ത്വീന്‍ കോണ്‍ഫറന്‍സ് സെക്രട്ടറി എന്നീ പദവികളും വഹിച്ചു. ദേശീയ-അന്തര്‍ദേശീയ പ്രശ്‌നങ്ങളില്‍ പുതുകാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലി. പ്രസ്ഥാനത്തിനു വേണ്ടി 1975-ലെ അടിയന്തരാവസ്ഥ കാലത്ത് ഉള്‍പ്പെടെ ഒന്നിലധികം തവണ ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. അന്ന് മിസ നിയമപ്രകാരം അമ്പാല ജയിലിലായിരുന്നു അദ്ദേഹം. 1973-ല്‍ രോഗത്തിന് കീഴടങ്ങിയ ഈ പ്രതിഭാശാലി 1976 മെയ് 5-ന് ഇഹലോകവാസം വെടിയും വരെ കര്‍മരംഗത്ത് സജീവമായി നിലകൊണ്ടു.
Comments