Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 04

എ.കെ ആഇശുമ്മ ദീനും ദുന്‍യാവും സമന്വയിപ്പിച്ച സാമൂഹിക പ്രവര്‍ത്തക

വി.കെ കുട്ടി ഉളിയില്‍ / പ്രതികരണം

ദ്‌റുദ്ദീന്‍ വാഴക്കാട് വനിതാ ഉസ്താദുമാരെക്കുറിച്ചെഴുതിയ ലേഖനം വായിച്ചപ്പോള്‍ മുന്‍കാലത്ത് വടക്കെ മലബാറില്‍ ദീനീവിജ്ഞാന പ്രചാരണരംഗത്തും മറ്റും പ്രവര്‍ത്തിച്ചിരുന്ന പ്രശസ്തയായ എ.കെ ആഇശ ഹജ്ജുമ്മയെക്കുറിച്ച, അരനൂറ്റാണ്ട് മുമ്പ് പൂര്‍വികരില്‍നിന്നും അക്കാലത്തെ വായനകളില്‍ നിന്നും അറിയാന്‍ സാധിച്ചത് പങ്കുവെക്കണമെന്ന് തോന്നി.
1967-ല്‍ വി.കെ ഇസ്സുദ്ദീന്‍ മൗലവിയില്‍ നിന്നാണ് ആ തറവാട്ടിലുണ്ടായിരുന്ന ദീനീ വിജ്ഞാനത്തെക്കുറിച്ച് ആദ്യമായി അറിയാന്‍ സാധിച്ചത്. തലശ്ശേരിയില്‍ ഈ കുറിപ്പുകാരന്‍ നടത്തിയിരുന്ന 'ഷൂ ലാന്റ്' എന്ന കടയില്‍ ഒരിക്കല്‍ മൗലവി വന്നു. അദ്ദേഹത്തോടൊപ്പം എ.കെ കുഞ്ഞിമായന്‍ ഹാജി താമസിച്ചിരുന്ന തലശ്ശേരിയിലെ മൗണ്ട് പ്രസന്റ് ബംഗ്ലാവിലേക്ക് പോയി. വഴിമധ്യേ മൗലവി പറഞ്ഞു: ''ഹാജിയും അവരുടെ ഉമ്മയും കുറെ മുമ്പ് ഹജ്ജിന് പോയപ്പോള്‍ മക്കത്ത് നിന്ന് അപൂര്‍വമായ കുറേ കിതാബുകള്‍ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നത് ആ കിതാബുകള്‍ നമ്മുടെ സ്ഥാപനത്തിലേക്ക് തരണമെന്നഭ്യര്‍ഥിക്കാനാണ്.''
വലിയ ചാരു കസേരയില്‍ കാല് നീട്ടി കിടന്നിരുന്ന ഹാജി, മൗലവിയെ കണ്ടപ്പോള്‍ കൈ പിടിച്ച് അടുത്തിരുത്തി സല്‍ക്കരിച്ചു. പലതും സംസാരിച്ചതിനിടയില്‍ മൗലവി കിതാബുകളുടെ കാര്യം ഉണര്‍ത്തി. താന്‍ മരിക്കുന്നതുവരെ ആ കിതാബുകള്‍ തന്റെ അധീനത്തില്‍ തന്നെ ഉണ്ടാവണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. 1970-ല്‍ കുഞ്ഞിമായന്‍ ഹാജി മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ആ കിതാബുകള്‍ റൗളത്തുല്‍ ഉലൂം അറബിക് കോളേജിലേക്ക് സംഭാവന ചെയ്തുവെന്നാണ് അറിയാന്‍ സാധിച്ചത്. ഉളിയില്‍ മഹല്ലിലെ എ.കെ ആഇശ ഹജ്ജുമ്മ മക്കത്ത് നിന്ന് കിതാബുകള്‍ വാങ്ങിക്കൊണ്ടുവന്നത് അവരുടെ തറവാട് ഭവനത്തിലെ അലമാര അലങ്കരിക്കാനായിരുന്നില്ല. അവര്‍ നടത്തിയിരുന്ന, ഉളിയിലെയും തറവാട് ഭവനത്തിലെയും ദര്‍സുകളിലെ ഉസ്താദമാര്‍ക്ക് ഉപയോഗപ്പെടുത്താനായിരുന്നു. പെരിങ്ങത്തൂരിലെ പോക്കര്‍ മുസ്‌ലിയാര്‍, കുട്ടി ഉസ്താദ് ഇങ്ങനെ പലരും ഈ ദര്‍സുകളില്‍ പഠിപ്പിച്ചിരുന്നു. പൊന്നാനിയിലെ മഖ്ദൂമിന്റെ മകന്‍ കൊങ്കണം വീട്ടില്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ അക്കാലത്ത് ഇവിടെ വഅ്‌ള് പറഞ്ഞുകൊണ്ടിരുക്കുമ്പോഴാണ് വീണ് മരിച്ചത്.
കാസര്‍കോട് സഅ്ദിയ അറബിക് കോളേജിന്റെ സ്ഥാപകരില്‍ ഒരാളും കാഞ്ഞങ്ങാട് സംയുക്ത മഹല്ല് ഖാദിയുമായിരുന്ന പ്രശസ്ത പണ്ഡിതന്‍ മട്ടനൂര്‍ പി.എ അബ്ദുല്ല മുസ്‌ലിയാരും അഹ്മദീയ്യ വിഭാഗത്തിലെ ആദ്യകാല പണ്ഡിതന്‍ പയങ്ങാടിയിലെ എച്ച്.എ അബ്ദുല്ലയും , 1950-കളില്‍ ഉളിയില്‍ മഹല്ല് ഖാദിയും പിന്നീട് ഉളിയിലെ ഒന്നാമത്തെ ജമാഅത്ത് പ്രവര്‍ത്തകനുമായിരുന്ന കെ.വി നൂറുദ്ദീന്‍ മൗലവിയും ആഇശ ഹജ്ജുമ്മയുടെ ദര്‍സില്‍ പഠിച്ചവരാണ്.
എ.കെ തറവാട് ഭവനത്തിന്റെ വിസ്താരമുള്ള വരാന്തയില്‍ പന്ത്രണ്ടാളുകള്‍ക്ക് നിന്ന് നമസ്‌കരിക്കാന്‍ കഴിയുംവിധം രണ്ടടി ഉയരത്തില്‍ പണിത 'കരാതണയും' മുറ്റത്ത് കുളിമുറിക്കു സമീപത്തായി നമസ്‌കാരത്തിന് അംഗശുദ്ധി  ചെയ്യാനുള്ള ഹൗളും കണ്ടിട്ടുണ്ട്. പുറത്തുള്ള കരാതണയിലെ ചുമരില്‍ സ്ത്രീകള്‍ നില്‍ക്കുന്ന അകത്തെ അറയുമായി ബന്ധിപ്പിച്ച ജനലില്‍ വാതിലിനു പകരം രണ്ടിഞ്ച് വ്യാസത്തില്‍ ദ്വാരങ്ങളുള്ള പലകയായിരുന്നു ഘടിപ്പിച്ചിരുന്നത്. അതിനാല്‍ പുറത്ത് കരാതണമേല്‍ ഇരുന്നിരുന്ന പുരുഷന്മാര്‍ക്ക് സ്ത്രീകളെ കാണാന്‍ സാധ്യമായിരുന്നില്ല. പുറത്തുനിന്ന് ഓതിക്കൊടുക്കുന്ന ഉസ്താദുമാരുടെ ശബ്ദം അകത്തുള്ള സ്ത്രീകള്‍ക്ക് കേള്‍ക്കാനായിരുന്നു അങ്ങനെ സംവിധാനിച്ചിരുന്നത്. ആഇശ ഹജ്ജുമ്മ പ്രായം കൂടിയപ്പോഴും കിതാബുകള്‍ ഓതി പഠിച്ചിരുന്നതായിട്ടാണ് അറിയാന്‍ സാധിച്ചത്. ക്ഷാമകാലത്ത് ദിവസവും രണ്ട് വലിയ വട്ടളം നിറയെ തേങ്ങ ചേര്‍ത്ത കഞ്ഞി പാകം ചെയ്ത്, അവിടെ വന്നവര്‍ക്കെല്ലാം ജാതി മതഭേദമില്ലാതെ വിതരണം ചെയ്തിരുന്നു. അടുപ്പുകളില്‍ അനാവശ്യമായി വിറക് കത്തുന്നത് കണ്ടാല്‍ അവര്‍ ശാസിച്ചിരുന്നു. ആറായിരത്തിലേറെ ഏക്കര്‍ വിസ്തീര്‍ണമുണ്ടായിരുന്ന ഓടത്തോട് വനം അധീനത്തിലുണ്ടായിരുന്നപ്പോഴായിരുന്നു വിറക് കൊള്ളികള്‍ അടുപ്പില്‍ അനാവശ്യമായി കത്തുന്നത് ധൂര്‍ത്തായി കരുതി അവര്‍ തടഞ്ഞത്.
അവരുടെ ഇളയ മകളുടെ മകനും ഉളിയിലെ ആദ്യകാല ജമാഅത്ത് പ്രവര്‍ത്തകനുമായിരുന്ന മര്‍ഹൂം എ.കെ മുഹമ്മദലി പറഞ്ഞതോര്‍ക്കുന്നു: ഉമ്മാമ പുലര്‍ച്ചെ സ്വുബ്ഹി നമസ്‌കാരവും തസ്ബീഹും കഴിഞ്ഞ് മരത്തിന്റെ മെതിയടി ചവിട്ടി കൈയില് ചൂരലും പിടിച്ച്, മുകളില്‍നിന്ന് ഏണിയുടെ മരപ്പടികളിറങ്ങി വരുന്ന ശബ്ദം കേട്ടായിരുന്നു പേരകുട്ടികള്‍ ധൃതിയില്‍ നമസ്‌കാരത്തിനായി ഉണര്‍ന്നിരുന്നത്. ഉണരാന്‍ താമസിച്ചവര്‍ക്ക് ഉമ്മാമയുടെ ചൂരല്‍ പ്രഹരം ലഭിച്ചിരുന്നു.
വീട്ടില്‍ നിന്ന് കണ്ണെത്താ ദൂരത്തോളം തെങ്ങിന്‍ തൈകള്‍ നട്ടുവളര്‍ത്തി. മൂന്നു തലമുറകള്‍ അതിന്റെ ഫലം അനുഭവിച്ചു. പില്‍ക്കാലത്ത് പുത്രനും പൗത്രന്മാരും പല സ്ഥലങ്ങളിലും പള്ളികള്‍ പണിതു. ആഇശ ഹജ്ജുമ്മയില്‍ നിന്നുള്ള ശിക്ഷണം മകന്‍ കുഞ്ഞിമായന്‍ ഹാജിയെ വൃക്ഷസ്‌നേഹിയാക്കി. തന്റെ വ്യവസായ ആവശ്യത്തിനായി ഓടത്തോട് വനത്തില്‍ നിന്ന് മുറിച്ചതിനേക്കാളധികം വൃക്ഷങ്ങള്‍ അദ്ദേഹം നട്ടുവളര്‍ത്തിയിരുന്നു. ഓടത്തോട് മലയില്‍ മുന്നൂറ് ഏക്കര്‍ തേക്കും ഇരുനൂറ് ഏക്കര്‍ വെള്ളപയന്‍ മരങ്ങളും നട്ടുപിടിപ്പിച്ചു. കശുവണ്ടി നാണ്യ വിളയായി അറിയാതിരുന്ന ഹാജി ആ കാലത്ത്, കൂത്തുപറമ്പിനു സമീപം പാലാ പറമ്പില്‍ അറുനൂറ് ഏക്കറിലധികം തരിശ് ഭൂമിയില്‍ കശുമാവ് നട്ട് വിളവെടുത്തു.
ദീനിനോടൊപ്പം ദുന്‍യാവും വേണമെന്ന നിലക്കായിരുന്നു ആഇശ ഉമ്മയുടെ പ്രവര്‍ത്തനങ്ങള്‍. ഒരു ഉയര്‍ന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ യാത്രാമധ്യേ വീട് സന്ദര്‍ശിച്ചപ്പോള്‍, മറവില്‍ നിന്നു കൊണ്ട് പരിഭാഷകന്റെ സഹായത്തോടെ അവര്‍ സായിപ്പിനോട് പറഞ്ഞു: 'ഈ പ്രദേശത്ത് ഒരു സ്‌കൂളും റജിസ്റ്റര്‍ ആപ്പീസും വേണം.' 1912-ല്‍ അവരുടെ തറവാട് വക സ്ഥലത്ത് ഉളിയില്‍ ഗവ. മാപ്പിള എല്‍.പി സ്‌കൂളും ഉളിയില്‍ രജിസ്റ്റര്‍ ആപ്പീസും സ്ഥാപിതമായി. പില്‍ക്കാലത്ത് പ്രശസ്തനായ എ.കെ കാദര്‍ കുട്ടിയും കേരള ഹൈക്കോടതിയിലെ ഒന്നാമത്തെ മുസ്‌ലിം ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇ.കെ മൊയ്തുവും ഈ സ്‌കൂളിലാണ് പഠനമാരംഭിച്ചത്.
ഒരു ദിവസം ആഇശ ഉമ്മ, മകന്‍ കുഞ്ഞിമായനോട് പറഞ്ഞു: 'സായിപ്പ് മോട്ടോര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ കുതിരവണ്ടിയിലും കാളവണ്ടിയിലും സഞ്ചരിച്ചാല്‍ നമുക്ക് വികസിക്കാന്‍ സാധിക്കില്ല. നീ ഒരു മോട്ടോര്‍ കാര്‍ വാങ്ങണം.' ഉമ്മയുടെ നിര്‍ദേശവും ഉപദേശവും അനുസരിച്ചായിരുന്നു കുഞ്ഞിമായന്‍ പ്രവര്‍ത്തിച്ചിരുന്നത്. കുഞ്ഞിമായന്‍ കാറ് വാങ്ങി ഉളിയിലെ കലന്തനെ ഡ്രൈവിംഗ് പഠിക്കാനായി മുംബൈയിലേക്ക് അയച്ചു. മലബാറില്‍ മലയാളിയുടെ ഒന്നാമത്തെ കാര്‍ എ.കെ കുഞ്ഞിമായന്‍ ഹാജിയുടേതായിരുന്നുവെന്ന് മൂര്‍ക്കോത്ത് കുഞ്ഞപ്പ രേഖപ്പെടുത്തിയിട്ടുണ്ട്.
1920-കളില്‍ തെക്കെ ഇന്ത്യയില്‍ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ സൗകര്യമില്ലാതിരുന്നപ്പോള്‍, മൂത്ത മകളുടെ മകന്‍ എ.കെ കാദര്‍ കുട്ടിയെ അത് പഠിക്കാനായി ആഇശുമ്മ അയച്ചത് ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലേക്കായിരുന്നു. 1930-കളുടെ അവസാനത്തില്‍ അദ്ദേഹം വളപട്ടണത്ത് പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കുകയും പിന്നീടതിനെ ഏഷ്യയിലെ ഏറ്റവും വലിയ പ്ലൈവുഡ് ഫാക്ടറിയായി ഉയര്‍ത്തുകയും ചെയ്തു. 1928-ല്‍ കുഞ്ഞിമായന്‍ ഹാജി വളപട്ടണത്ത് വടക്കെ മലബാറിലെ ഒന്നാമത്തെ യന്ത്രവത്കൃത കമ്പനിയായ കോഹിനൂര്‍ സോമില്‍ സ്ഥാപിച്ചു. പാലാ പറമ്പില്‍ ഉമ്മയുടെ പേര് നല്‍കിക്കൊണ്ട് വളരെ പ്രശസ്തമായ ആഇശാ ബനിയന്‍ ഫാക്ടറിയും സ്ഥാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ പണിമുടക്കുകളുടെ പ്രഹരമേറ്റ് പല സ്ഥാപനങ്ങളും നിലച്ചെങ്കിലും ഈ സ്ഥാപനങ്ങളെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
1923-ല്‍ നടന്ന ജനപ്രാതിനിധ്യത്തോടെയുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ മലബാര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച് മദ്രാസ് സ്റ്റേറ്റ് നിയമസഭയില്‍ എം.എല്‍.എ ആയത് കോട്ടാല്‍ ഉപ്പി സാഹിബ് ആയിരുന്നു. അദ്ദേഹം ആഇശ ഉമ്മയുടെ സഹോദര പുത്രനും ഇളയ മകളുടെ ഭര്‍ത്താവുമാണ്. മാത്രമല്ല, ആഇശ ഉമ്മയെ വിവാഹം കഴിച്ചിരുന്നത് ഉപ്പി സാഹിബിന്റെ മാതൃ സഹോദരന്‍ കോട്ടാല്‍ കുഞ്ഞാലി കുട്ടി ഹാജി ആയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ താമസം അധികവും ഈ വീട്ടിലായിരുന്നു. ഈ വീട്ടിലെ ഇസ്‌ലാമിക ചുറ്റുപാട് അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. മുന്‍കാല പത്രപ്രവര്‍ത്തകന്‍, എലത്തൂര്‍ സ്വദേശി എം. ആലി കുഞ്ഞി 1958-ല്‍ എഴുതിയ ലേഖനത്തില്‍ നിന്നല്‍പം ഇവിടെ കുറിക്കുന്നു: ''1923 മാപ്പിളമാരെ സംബന്ധിച്ചിടത്തോളം ഇരുളടഞ്ഞ കാലഘട്ടമായിരുന്നു. മലബാര്‍ ലഹള കഴിഞ്ഞതോടുകൂടി ബ്രിട്ടീഷ് സാമ്രാജ്യത്വം മാപ്പിളമാരുടെ നേരെ നാനാവിധ മര്‍ദനമുറകള്‍ അഴിച്ചുവിട്ടിരുന്നു. ബ്രിട്ടീഷ് അധികാരത്തോട് നിയമസഭയിലിരുന്നുകൊണ്ട് ധീരധീരം പൊരുതേണ്ടുന്ന അവസരങ്ങള്‍ ഉപ്പിസാഹിബിന് അഭിമുഖീകരിക്കേണ്ടിവന്നു. ആ അവസരങ്ങള്‍ അദ്ദേഹം പാഴാക്കിയില്ല. അനാഥരും അവഗണിതരും അവശരുമായ നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും ആട്ടിന്‍പറ്റങ്ങള്‍ കണക്കെ പോലീസിനെ കൊണ്ട് ആട്ടിപിടിച്ച് അന്തമാനിലേക്ക് നിര്‍ബന്ധമായി കയറ്റുമതി ചെയ്യുന്ന ഒരു നടപടി മദ്രാസ് ഗവണ്‍മെന്റ് എടുത്തു. മാപ്പിള തൊപ്പിയും ധരിച്ച് നിയമസഭയില്‍ പതുങ്ങി ഇരിക്കുകയായിരുന്ന ആ മാപ്പിള നേതാവ് ചാടി എഴുന്നേറ്റ്, ഗവണ്‍മെന്റിന്റെ നടപടി അന്യായവും അനീതിയും നിന്ദ്യവും നിഷ്ഠുരവുമാണെന്ന് അട്ടഹസിച്ചു. അധിക്ഷേപവും അവഹേളനവും നിറഞ്ഞ ഇത്തരം ചെയ്തികള്‍ മാപ്പിള സമുദായം പൊറുക്കയില്ലെന്ന അദ്ദേഹത്തിന്റെ പ്രഗത്ഭ പ്രസംഗം മദ്രാസിലെ ബ്രിട്ടീഷ് അധികാരികളെ ഞെട്ടിക്കുക തന്നെ ചെയ്തു. ഉപ്പി സാഹിബിനെ പിന്താങ്ങിക്കൊണ്ട് ആന്ധ്രയിലെ രാഷ്ട്രീയ നേതാവായിരുന്ന സി.ആര്‍ റെഡ്ഢിയും മദ്രാസിലെ സത്യമൂര്‍ത്തിയും പ്രസംഗിച്ചു. നിയമസഭയിലെ രംഗം പ്രക്ഷുബ്ധമായിരുന്നു. 'അപകടകാരിയായ കൊച്ചു മനുഷ്യന്‍' എന്നാണ് ഉപ്പി സാഹിബിനെക്കുറിച്ച് യൂറോപ്യനായ ഹോം മെമ്പര്‍ അന്നു പറഞ്ഞത്.
അന്ന് ഉപ്പി സാഹിബ് കോണ്‍ഗ്രസ്സുകാരനായിരുന്നു. പന്ത്രണ്ട് വര്‍ഷം കഴിഞ്ഞു 1935-ലാണ് അറക്കല്‍ അബ്ദുര്‍റഹ്മാന്‍ രാജാവ് പ്രസിഡന്റും ഹാജി അബ്ദുല്‍ സത്താര്‍ സേട്ട് സെക്രട്ടറിയുമായി മലബാറില്‍ മുസ്‌ലിം ലീഗ് രൂപവത്കരിച്ചത്. 1937-ല്‍ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തലശ്ശേരി താലൂക്കും വടക്കെ വയനാടും കൂടിയ നിയോജകമണ്ഡലത്തില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചത് ആഇശ ഹജ്ജുമ്മയുടെ പൗത്രന്‍ എ.കെ കാദര്‍ കുട്ടി സാഹിബായിരുന്നു. കേരളത്തിലെ ഒന്നാമത്തെ മുസ്‌ലിം എം.എല്‍.എയും ഒന്നാമത്തെ മുസ്‌ലിം ലീഗ് എം.എല്‍.എയും ആഇശ ഹജ്ജുമ്മയുടെ തണലില്‍ വളര്‍ന്നവരാണ്. ഉപ്പി സാഹിബ് 1933-ല്‍ കേന്ദ്ര നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഉപ്പി സാഹിബിന് അക്കാലത്തെ മദ്രാസ് മുഖ്യമന്ത്രി രാജഗോപാലാചാരിയുമായുണ്ടായിരുന്ന സുഹൃദ് ബന്ധവും കാദര്‍ കുട്ടി സാഹിബിന് മദ്രാസ് വൈസ് ചാന്‍സലര്‍ ചെട്ട്യാരുമായുള്ള അടുപ്പവും 1949-ല്‍ ഫാറൂഖ് കോളേജിന് അംഗീകാരം ലഭിക്കുന്നതില്‍ സഹായകമായിട്ടുണ്ട്. ആഇശ ഉമ്മയുടെ പുത്രന്‍ കുഞ്ഞിമായന്‍ ഹാജിയും പൗത്രന്‍ കാദര്‍ കുട്ടി സാഹിബും ഫാറൂഖ് കോളേജിന്റെ തുടക്കത്തില്‍ അതിന്റെ ഫിനാന്‍സ് കമ്മിറ്റി ഭാരവാഹികളായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം / 30-36
എ.വൈ.ആര്‍