Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 04

സമര്‍പ്പിത സേവനത്തിന്റെസ്ത്രീപര്‍വം

സി.എച്ച് നാസില / സ്മരണ

മര്‍പ്പിത സേവനത്തിന്റെയും കരുത്തുറ്റ നേതൃപാടവത്തിന്റെയും സ്ത്രീമാതൃകയായ സൗദ പടന്ന അല്ലാഹുവിലേക്ക് മടങ്ങി. സൗഹൃദ ലോകത്തിന്റെ ഉള്ളുരുകിയ പ്രാര്‍ഥനകള്‍ ത്രസിച്ചു നില്‍ക്കെയാണ് കാസര്‍കോട്ടെ പടന്നയിലെ പഴയ ജുമാമസ്ജിദ് ഖബ്‌റിടം പ്രിയപ്പെട്ട സഹോദരിയെ സ്വീകരിച്ചത്. കേരളത്തിലെ ഇസ്‌ലാമിക വനിതാ പ്രസ്ഥാനത്തിന്റെ ഏടുകളില്‍ ഒരു മാതൃകാ ജീവിതത്തിന്റെ വലിയ മുദ്രണം ചാര്‍ത്തിയാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് സൗദ പടന്ന (41) നമ്മോട് വിട പറഞ്ഞത്.
സൗദയോടൊപ്പം പ്രസ്ഥാന നേതൃനിരയിലും അല്‍പകാലം അവരുടെ കൂടെ വിളയങ്കോട് കാരുണ്യനികേതനിലും  സഹവസിച്ച ഒരു സഹപ്രവര്‍ത്തക എന്ന നിലയില്‍ ചില ഓര്‍മകള്‍ കുറിക്കുകയാണ്.
ഇസ്‌ലാമിക പ്രസ്ഥാനം വ്യക്തിയെ എത്രത്തോളം ഉടച്ചുവാര്‍ത്തെടുക്കുമെന്നതിന്റെ മാതൃകയാണ് സൗദ പടന്ന. വ്യക്തി പ്രസ്ഥാനത്തിന് സ്വയം വിധേയപ്പെടുമ്പോഴാണ് വ്യക്തിത്വങ്ങള്‍ പ്രകാശിതവും പരിവര്‍ത്തിതവുമാവുന്നത്. വ്യക്തിത്വങ്ങളുടെ ആദര്‍ശവത്കൃതമായ ഈ പ്രകാശിത വലയത്തില്‍ സമൂഹം ജ്വാലയായി വളരും. ഈ ജ്വാലയാണ് എല്ലാ തിന്മകളെയും കരിച്ചു കളയുന്ന സാമൂഹിക വ്യവസ്ഥയാവുന്നത്. അത് പിന്നെ  കൂടുതല്‍ വെളിച്ചമായി ദേശത്തിന്റെ വിളക്കായി മാറുന്നു. വിദ്യാര്‍ഥിനി-വനിതാ പ്രസ്ഥാനത്തെ അങ്ങനെയൊരു പ്രകാശഗോപുരമായി നെഞ്ചോട് ചേര്‍ത്ത് പിടിച്ച ആളാണ് സൗദ. ഊണിലും ഉറക്കിലും ഓരോ ശ്വാസത്തിലും സൗദയില്‍ ഇസ്‌ലാമിക പ്രസ്ഥാനം സ്വര്‍ണത്തിളക്കം പോലെ പ്രസരിച്ചു.  
സൗദ പടന്ന 1996 മുതല്‍ ജി.ഐ.ഒവിന്റെ കണ്ണൂര്‍ സാരഥിയോ സംസ്ഥാന സാരഥിയോ ആയിരുന്നപ്പോഴെല്ലാം കാമ്പസുകളിലെ പ്രവര്‍ത്തനത്തിന് പ്രത്യേകമായ ചടുലത ഉണ്ടായിരുന്നു. ഇസ്‌ലാമിക കലാലയങ്ങളില്‍ ഒതുങ്ങിയിരുന്ന ജി.ഐ.ഒയുടെ പ്രവര്‍ത്തന മേഖല പൊതുകാമ്പസുകളിലേക്ക് നട്ടുവളര്‍ത്താന്‍ സൗദ കഠിന പ്രയത്‌നമാണ് നടത്തിയത്. എസ്.എഫ്.ഐക്ക് മറുവാക്കില്ലാത്ത കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലും, എം.എസ്.എഫ് അടക്കി വാഴുന്ന തളിപ്പറമ്പ് സര്‍ സയ്യിദിലും ജി.ഐ.ഒ അന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട  പ്രസ്ഥാനമായി. പരിയാരം മെഡിക്കല്‍ കോളേജിലും കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലും സൗദയുടെ പ്രതിവാര ക്ലാസുകള്‍ കേള്‍ക്കാന്‍ നാല്‍പതും അമ്പതും കുട്ടികളാണ് എത്തിയിരുന്നത്. ജി.ഐ.ഒവിന്റെ സ്റ്റേറ്റ് പ്രഫഷണല്‍ കോളേജ് മീറ്റ് കണ്ണൂര്‍ വിളയങ്കോട്ട് വാദിസലാമില്‍ നടത്തിയതും ഈ കുതിപ്പിന്റെ ഭാഗമായാണ്.
കാമ്പസുകളിലെ പുത്തന്‍ രീതികളോട് ക്ഷമാപൂര്‍വം അവര്‍ സംവദിച്ചു. സൈബര്‍ ലോകത്തോട് മുഖം തിരിഞ്ഞു നില്‍ക്കുകയല്ല, അവ സര്‍ഗാത്മകമായി ഉപയോഗിക്കുകയാണ് വേണ്ടതെന്ന വാദം സൗദ ശക്തമായി ഉന്നയിക്കുകയും പ്രസ്ഥാനത്തിനകത്ത് അതിനനുസരിച്ച രീതികള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു.
കാസര്‍കോട് പടന്നയിലാണ് ജനിച്ചതെങ്കിലും ദാമ്പത്യം കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടിയിലായതോടെയാണ് സൗദ കണ്ണൂര്‍ ജില്ലയില്‍ സജീവമായത്. കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ വനിതാ പ്രസ്ഥാനം സംഘാടക ദൗര്‍ബല്യത്തിന്റെ എല്ലാ കടമ്പകളും താണ്ടി നിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.  പലരും അന്ന് ത്യാഗപൂര്‍ണമായ ഉത്തരവാദിത്വത്തോടെയാണ് പ്രസ്ഥാനത്തെ നയിച്ചത്. അപ്പോഴും വിദ്യാര്‍ഥിനികളെയും യുവതികളെയും സംഘടിപ്പിക്കുക എന്ന ഉത്തരവാദിത്വം വലിയ കടമ്പ തന്നെയായിരുന്നു. സൗദയുടെ സജീവ സാന്നിധ്യമുണ്ടായതോടെ ജി.ഐ.ഒ വിദ്യാര്‍ഥി സമൂഹത്തിലേക്ക് പാഞ്ഞു കയറി. 1996-2006 കാലഘട്ടം കണ്ണൂര്‍ ജില്ലയില്‍ സൗദയുടെ സജീവ സാന്നിധ്യത്താല്‍ ഒരേ സമയം വിദ്യാര്‍ഥിനികളിലേക്കും യുവതികളിലേക്കും മുതിര്‍ന്നവരിലേക്കും സമദൂരത്തില്‍ വനിതാ പ്രസ്ഥാനം നടന്നു നീങ്ങിയ കാലഘട്ടമാണ്.
ഏറെ കാലം കേരള ജമാഅത്തില്‍ വനിതാ പ്രസ്ഥാനത്തിന്റെ മേല്‍നോട്ടം വഹിച്ച മൂസ മൗലവിയുടെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ: 'സൗദയുടെ നാക്കിലും നടത്തത്തിലും നേതൃത്വത്തിലും ഫലിതങ്ങളില്‍ പോലും പ്രസ്ഥാനമുണ്ട്.'
ഒരിക്കല്‍ എറണാകുളത്ത് പോയപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവിടെ എത്തിയപ്പോള്‍ സൗദ ഞങ്ങളോട് പറഞ്ഞു: 'നമുക്ക് ഇന്ന്  കമലാ സുറയ്യയെ കാണണം. ജി.ഐ.ഒ നേതാക്കള്‍ എറണാകുളത്ത് വന്നിട്ട് കമലാ സുറയ്യയെ കാണാതെ പോകുന്നത് വീഴ്ചയാണ്'- കമലാ സുറയ്യയുടെ ഇസ്‌ലാം ആശ്ലേഷത്തെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ച നടക്കുന്ന കാലം. ഏറെ സെക്യൂരിറ്റിയുള്ള സമയമാണ്. അവരെ നേരില്‍ കാണുന്നതിന് ഒട്ടേറെ കടമ്പകളുണ്ട്. പക്ഷേ, സൗദ അത് നേടിയെടുക്കുക തന്നെ ചെയ്തു. കമലാ സുറയ്യയെ സന്ദര്‍ശിച്ച് ഒരു ഇസ്‌ലാമിക ഗ്രന്ഥം പാരിതോഷികം നല്‍കിയാണ് സൗദ അന്ന് മടങ്ങിയത്. നാക്കും നടത്തവും എല്ലാം പ്രസ്ഥാനമാണെന്ന മൂസ മൗലവിയുടെ വിശേഷണത്തെ ശരിവെക്കുന്ന ഇത്തരം എത്രയെത്ര അനുഭവങ്ങള്‍.
പൊതു ഇടപെടലുകളില്‍ സൗദയുടെ ശൈലി പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പത്രസമ്മേളനങ്ങളിലാണെങ്കില്‍ പതറിപ്പോകാത്ത വാഗ്‌ധോരണി. ടെലിവിഷന്‍ ചര്‍ച്ചകളില്‍ ചാനല്‍ ആര്‍ട്ടിസ്റ്റുകളുടെ തന്നെ ഭാഷ കടമെടുത്താല്‍, 'ഉള്ളടക്കം ചോരാതെ നിശ്ചിത സമയത്തിനുള്ളില്‍ എഡിറ്റ് ചെയ്ത് പ്രസംഗിക്കുന്ന മുസ്‌ലിം വനിത'യാണ് സൗദ. പൊതുചര്‍ച്ചകളിലും ടേബിള്‍ടോക്കുകളിലും സൗദയെ വിളിക്കാന്‍ സംഘാടകര്‍ക്ക് പേടിക്കേണ്ടതില്ല. കാരണം, ഏത് വേദിയെയും കൈയിലെടുക്കുന്നതാവും സൗദയുടെ അവതരണം.
മുസ്‌ലിം സദസ്സുകളില്‍ സൗദയുടെ പ്രഭാഷണം സമുദായത്തിന്റെ മനസ്സില്‍ തറക്കുന്ന ശരങ്ങളായിരുന്നു. സൗദയെ പരിചയമില്ലാതെ കേട്ടിറങ്ങുന്ന സ്ത്രീകള്‍ അപരിചിതരാണെങ്കില്‍ ചോദിക്കും: 'അവള്‍ ഏതാണ്? എന്തൊരു പ്രഭാഷണം!' ടീന്‍സ്മീറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ വാണിദാസ് എളയാവൂര്‍ സൗദ പടന്നയുടെ അധ്യക്ഷ പ്രസംഗം കേട്ട് സദസ്സിനോട് പറഞ്ഞു: 'ഇത്ര അക്ഷര സ്ഫുടതയും ആശയവും തുളുമ്പുന്ന സ്ത്രീ പ്രഭാഷണം എത്ര ഗംഭീരം.'
സൗദ സ്വന്തം ആരോഗ്യം ഒന്നിനും മാനദണ്ഡമാക്കിയില്ല. മിണ്ടാതിരിക്കാന്‍ സൗദക്ക് സമയമില്ലായിരുന്നു. എന്തെങ്കിലും ചെയ്യണം. എവിടെയെങ്കിലും പോകണം. ഒരു ഘടകത്തിന് സാധ്യത ആരായണം. അങ്ങനെ കണ്ണിമുറിയാത്ത പ്രസ്ഥാന ചിന്തയാണ് സൗദയുടെ പ്രത്യേകത. വൈകിയാണ് സന്താന സൗഭാഗ്യം കൊണ്ട് അല്ലാഹു അനുഗ്രഹിച്ചത്. ഇതിന് വേണ്ടിയുള്ള ചികിത്സാ കാലയളവിലൊന്നും സൗദ പ്രസ്ഥാന ഉത്തരവാദിത്വം മറന്നില്ല. ഏകമകനെ കിട്ടിയ മാതൃത്വത്തിന്റെ മണം മാറാതെയാണ് സൗദ വീണ്ടും  സംസ്ഥാന തലത്തില്‍ ഓടിനടക്കാന്‍ നിയോഗിതയായത്.
ജി.ഐ.ഒവിന്റെ കണ്ണൂരിലെ കുതിപ്പിന്റെ കണ്ണാടിയായി മാറിയ 2000-ലെ  അറക്കല്‍ വനിതാ സമ്മേളനം വനിതാ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന രീതിയെ പുതിയ ദിശയിലേക്ക് നയിച്ച ഒന്നായിരുന്നു. വനിതകളുടെ പരിപാടി ഹാളിനുള്ളിലൊതുങ്ങരുതെന്നും സ്ത്രീകളുടെ പ്രവര്‍ത്തനം നാനാ മേഖലകളിലേക്ക് വ്യാപിച്ചാലേ പുതിയ വാഗ്ദാനങ്ങളെ പ്രസ്ഥാനത്തിന് നേടിയെടുക്കാനാവുകയുള്ളൂ എന്നുമുള്ള സൗദയുടെ നിശ്ചയദാര്‍ഢ്യമായിരുന്നു ഇത്തരം പൊതുപരിപാടികള്‍. ഒരുവേള ഇന്ന് നേതൃനിരയിലേക്ക് കടന്നുവന്നവരില്‍ ഏറെയും ഈ സംഘാടനത്തിന്റെ സംഭാവനകളാണ്. സൗദ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍  നടന്ന അറക്കല്‍ സമ്മേളനം അഭൂതപൂര്‍വമായ സ്ത്രീ പങ്കാളിത്തം കൊണ്ട്് ശ്രദ്ധേയമായി.
ഹിറാ സമ്മേളനത്തിന്റെ വനിതാ നഗരി നിരീക്ഷണ ചുമതലയേറ്റ് സൗദ രാവെന്നും പകലെന്നുമില്ലാതെ ഓടി നടന്നു. ഒരിടത്തും ഒതുങ്ങിയില്ല. നഗരിയിലുടനീളം സൗദയെ കാണാം. കുറ്റിപ്പുറം വനിതാ സമ്മേളനത്തില്‍ സൗദ വനിതാ ശൂറയിലെ സാന്നിധ്യം സമ്പൂര്‍ണമായി ഉപയോഗിച്ചു. സൗദ അന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒരുക്കിയ വനിതാ വാഹനജാഥയുടെ ഒരു ദിവസത്തെ സമാപനത്തില്‍ പ്രസംഗിക്കാനെത്തിയത് തൊണ്ടയിടറിയ ശബ്ദവുമായാണ്.
ഏത് പരിപാടിയുടെ സംഘാടനത്തിലും സൗദക്ക് ചില ടാര്‍ഗറ്റുകള്‍ ഉണ്ടാവുമായിരുന്നു. പരിപാടി കഴിയുന്നതിനിടയില്‍ എത്രപേര്‍ നമുക്കിടയില്‍ നിന്ന് ഉയര്‍ന്നുവരണമെന്ന് സൗദ മനസ്സില്‍ കണ്ടിരിക്കും. അവരറിയാതെ സൗദ അവരെ ചലിപ്പിച്ചിരിക്കും. ജി.ഐ.ഒവിന് സ്വന്തം ടീന്‍സ്മീറ്റുകളും കാമ്പസ് പരിപാടികളും സംഘടിപ്പിച്ച് സൗദ അങ്ങനെ പലരെയും വാര്‍ത്തെടുത്തു.
കേരള വനിതാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹനജാഥ വിജയിക്കുമോ എന്ന് പലരും സംശയിച്ചിരുന്നു. കാരണം, പൊതുനിരത്തില്‍ നിവര്‍ന്ന് നിന്ന് നമ്മുടെ സ്ത്രീകള്‍ പ്രസംഗിക്കുകയോ? എത്ര പേരെ അങ്ങനെ പ്രസംഗിക്കാന്‍ കിട്ടും?  പരിപാടി നിശ്ചയിച്ചത് മുതല്‍ ഉയര്‍ന്ന ചോദ്യങ്ങള്‍. പക്ഷേ, സൗദ പടന്ന പരിപാടിയുമായി മുന്നോട്ട് പോകണമെന്ന് ആവര്‍ത്തിച്ചു. ആരെയെല്ലാം രംഗത്തിറക്കണമെന്ന് നിര്‍ദേശിച്ചു. സൗദയില്‍ നിന്ന് കിട്ടിയ നിശ്ചയദാര്‍ഢ്യം കൈമുതലാക്കി സ്ത്രീകള്‍ നടത്തിയ അഞ്ച് നാള്‍ നീണ്ട വാഹനജാഥ ജില്ലയുടെ ചരിത്രത്തിലെ അപൂര്‍വ അനുഭവമായി. അന്ന് വാഹനജാഥയില്‍ പ്രസംഗം പരിശീലിച്ച പലരും ഇന്ന് ജില്ലയിലെ പ്രമുഖരായ പ്രഭാഷകരോ സാരഥികളോ ആണ്.
വിളയങ്കോട് വാദിസലാമില്‍  സൗദയുടെ അധ്യാപന അനുഭവം അസാധാരണമാണ്. പൊതു സ്റ്റേജുകളിലെ വാഗ്‌ധോരണി ഇവിടെ ആംഗ്യഭാഷയില്‍ കാരുണ്യനികേതന്‍ ബധിര-മൂക വിദ്യാര്‍ഥികളോട് വാചാലമാകുന്ന കാഴ്ച ഒന്ന് വേറെ തന്നെയാണ്. കാരുണ്യനികേതനിലെ ബധിര-മൂക വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ട അധ്യാപികയാണ് സൗദ.
സൗദയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കുചേരാനും അവസാനമായി ആ മുഖം ഒരു നോക്ക് കാണാനുമായി കാസര്‍കോട് പടന്ന ഗ്രാമത്തിലേക്ക് സെപ്റ്റംബര്‍ 20-ന് രാത്രിയിലും 21-ന് പുലര്‍ച്ചെയുമായി ഒഴുകിയെത്തിയ സ്ത്രീകളുടെയും പുരുഷന്മാരുടെയും ബാഹുല്യം  സൗദ സ്ഥാപിച്ചെടുത്ത ആത്മബന്ധത്തിന്റെ നിദര്‍ശനമായിരുന്നു. എറണാകുളത്ത് ചികിത്സയിലായിരുന്നപ്പോള്‍ സൗദയെ സന്ദര്‍ശിച്ച അനുഭവം അമീര്‍ ആരിഫലി സാഹിബ് വിവരിച്ചത് വികാരനിര്‍ഭരമായിട്ടായിരുന്നു. മുഖത്ത് വെച്ച മാസ്‌കിന്റെ മറനീങ്ങിയ പ്രസന്നതയാണ് സൗദയിലുണ്ടായിരുന്നതെന്ന് അമീര്‍ പറഞ്ഞു. അനാരോഗ്യം കൊണ്ടുള്ള അല്ലാഹുവിന്റെ പരീക്ഷണത്തെ അവസാന നിമിഷം വരെയും പുഞ്ചിരിയോടെ മാത്രം സ്വീകരിച്ച സൗദയുടെ ക്ഷമയെ മറ്റൊന്നിനോടും ഉപമിക്കാനാവില്ലെന്നും അമീര്‍ പറഞ്ഞു. രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്ന സൗദ തന്റെ അനാരോഗ്യത്തിന്റെ ഗൗരവം മറന്ന് അവസാനം വരെയും പ്രസ്ഥാനത്തില്‍ സാന്നിധ്യമറിയിച്ചിരുന്നുവെന്ന്  അനുശോചന യോഗത്തില്‍ സംസാരിച്ച ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍ സുലൈഖ പറഞ്ഞു.
അല്ലാഹുവിന്റെ പാശം മുറുകെ പിടിച്ച ഒരാളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ മാതൃകയാണിത്. വാര്‍ധക്യത്തിന്റെ അവശതയുള്ള കര്‍മത്തിനായി കാത്തിരിക്കാതെ, അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്ന യുവത്വത്തിലെ കര്‍മങ്ങളുടെ  വലിയ കെട്ടുമായി  നാഥനിലേക്ക് മടങ്ങുക. സൗദയുടെ ജീവിതം നമുക്ക് നല്‍കുന്ന വലിയ പാഠമാണിത്. യുവത്വത്തിന്റെ വിലയറിയാത്ത നമ്മുടെ ആലസ്യങ്ങള്‍ക്ക് നേരെയാണ് സൗദയുടെ തെളിമയാര്‍ന്ന ഈ കര്‍മങ്ങള്‍ ചോദ്യമെറിയുന്നത്.
പരേതനായ എം.കെ.പി അബ്ദുല്‍ ഖാദര്‍ ഹാജിയാണ് പിതാവ്. മാതാവ് സുബൈദ. എസ്.എല്‍.പി സിദ്ദീഖാണ് ഭര്‍ത്താവ്. പടന്ന ഐ.സി.ടി സ്‌കൂള്‍ ആറാം തരം വിദ്യാര്‍ഥി സഅദ് ഏക മകനാണ്. സഹോദരങ്ങള്‍: മുംതാസ്, റഹ്മത്ത്, ഷഹര്‍ബാന്‍, സലിം.
പടച്ചവനേ! നിനക്ക് പ്രിയപ്പെട്ടവരുടെ കൂട്ടത്തിലേക്ക് നീ സൗദയെ ഉയര്‍ത്തേണമേ! നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍.  സ്വര്‍ഗത്തിലേക്ക് ശിപാര്‍ശ ചെയ്യപ്പെടുന്നവരുടെ ഉയര്‍ന്ന പദവിയിലേക്കും.
(മുന്‍ ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്
ലേഖിക)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം / 30-36
എ.വൈ.ആര്‍