Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 04

കുളംകലക്കി മീന്‍ പിടിക്കുന്നവര്‍

എ.കെ ഹാരിസ്‌ / കവര്‍‌സ്റ്റോറി

മുസഫര്‍ നഗര്‍ അല്ലെങ്കില്‍ മറ്റൊരിടം. ഉത്തര്‍പ്രദേശില്‍ അത് സംഭവിക്കുക തന്നെ ചെയ്യുമായിരുന്നു. കാരണം, ഉണ്ടായതൊന്നും യാദൃഛികമല്ല. തിരക്കഥ കാലേക്കൂട്ടി തയാറാക്കപ്പെട്ടതാണ്. ഒന്നര വര്‍ഷത്തിനിടെ ഉത്തര്‍ പ്രദേശില്‍ അരങ്ങേറിയത് ചെറുതും വലുതുമായി നൂറിലേറെ കലാപങ്ങളാണ്. ബാബരി മസ്ജിദിന്റെ നാടായ ഫൈസാബാദ് മുതല്‍ ശ്രീകൃഷ്ണ ജന്മസ്ഥാന നഗരമായ മഥുരയില്‍ വരെ കഴിഞ്ഞ മാസങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കരിമ്പുക ഉയര്‍ന്നു. ക്ലൈമാക്‌സാണ് മുസഫര്‍ നഗറില്‍ കണ്ടത്. ഔദ്യോഗിക കണക്കനുസരിച്ച് മരണം 48. അഭയാര്‍ഥികളാക്കപ്പെട്ടവര്‍ 42,000. മേഖലയില്‍നിന്ന് അനൗദ്യോഗികമായി ലഭിക്കുന്ന എണ്ണം ഈ പറയുന്നതിലും ഏറെയാണ്. കലാപത്തിന്റെ ആസൂത്രകര്‍ ആരെന്ന് പകല്‍പോലെ വ്യക്തം. കുളം കലക്കിയത് സംഘ്പരിവാരമാണെങ്കിലും മീന്‍ പിടിക്കുന്നവര്‍ അവര്‍ മാത്രമല്ല. പ്രഖ്യാപിത മതേതര പാര്‍ട്ടികളൊക്കെയും ചൂണ്ടയുമായി ഇറങ്ങിക്കളിക്കുന്നു.
80 പേരെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയക്കുന്ന യു.പിക്ക് ദല്‍ഹിയിലെ അധികാര സമവാക്യം തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്. പ്രധാനമന്ത്രിക്കുപ്പായമിട്ട് കാത്തിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി തന്റെ ഏറ്റവും വിശ്വസ്തന്‍ അമിത് ഷായെ തന്നെ യു.പിയുടെ സംഘടനാ ചുമതല നല്‍കി അങ്ങോട്ടുവിട്ടത് അതുകൊണ്ടുതന്നെ. അമിത് ഷാ കാലുകുത്തിയ ശേഷമുള്ള യു.പിയിലെ കാര്യങ്ങള്‍ക്ക് ഒരു മോഡി ടച്ച് കാണാം. ഗോധ്ര സംഭവം അവസരമാക്കി ഗുജറാത്തിനെ ഭിന്നിപ്പിച്ച് കൈപ്പിടിയിലൊതുക്കിയ മോഡിയുടെ അതേ ഗെയിംപ്ലാന്‍ തന്നെയാണ് യു.പിയിലും കളിക്കുന്നത്. ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നം കത്തിനിന്ന കാലത്താണ് യു.പിയില്‍ ബി.ജെ.പി പച്ചതൊട്ടത്. പള്ളിപൊളിച്ചതില്‍ പിന്നെ നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ജാതി കേന്ദ്രീകൃതമായ വോട്ടുബാങ്കുകളുള്ള മായാവതിക്കും മുലായം സിംഗിനുമിടയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ബി.ജെ.പിക്ക് വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷിക്കണമെങ്കില്‍ വര്‍ഗീയത ആളിക്കത്തണം. സന്യാസിമാരുടെ യാത്രയും മറ്റും സംഘടിപ്പിച്ച് അയോധ്യ പ്രശ്‌നം ഒരിക്കല്‍ കൂടി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘ്പരി
വാര്‍ ഈയിടെ ശ്രമിച്ചു. പക്ഷേ, പണ്ടേപോലെ ഫലിക്കുന്നില്ലെന്ന് 84-ാമത് പരിക്രമയാത്രയുടെ ദയനീയ പരാജയത്തിന്റെ അനുഭവപാഠത്തില്‍ നിന്ന് സംഘ്പരിവാര്‍ തിരിച്ചറിഞ്ഞു. മുസഫര്‍ നഗര്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലം ഇതാണ്.
കരിമ്പുകൃഷിയുടെ നാടാണ് മുസഫര്‍ നഗര്‍. ഭൂവുടമകള്‍ ഏറെയും ജാട്ടുകള്‍. തൊഴിലാളികളില്‍ ഭൂരിപക്ഷം മുസ്‌ലിംകളാണ്. ജാട്ടുകളും മുസ്‌ലിംകളുമാണ് ഈ മേഖലയില്‍ പ്രബല സമുദായം. യു.പിയുടെ ചരിത്രം വര്‍ഗീയ സംഘര്‍ഷങ്ങളുടേതാണെങ്കിലും ജാട്ടുകള്‍ മുഹമ്മദന്മാരെന്ന് വിളിക്കുന്ന മുസ്‌ലിംകളുമായി സംഘര്‍ഷത്തിന്റെ കഥകള്‍ അധികമുണ്ടായിരുന്നില്ല. ജാട്ടുകളെയും മുസ്‌ലിംകളെയും കൂട്ടിയിണക്കിയാണ് ചൗധരി ചരണ്‍ സിംഗ് ഈ മേഖലയില്‍ നിന്ന് പ്രധാനമന്ത്രി പദം വരെയെത്തിയ നേതാവായി വളര്‍ന്നത്. മേഖലയിലെ കര്‍ഷകരുടെ കൂട്ടായ്മയായ ഭാരതീയ കിസാന്‍ യൂനിയനും (ബി.കെ.യു) മുസ്‌ലിം-ജാട്ട് ഐക്യത്തിന്റെ വേദിയാണ്. കരിമ്പിന്‍ മധുരമുള്ള ആ സാഹോദര്യമാണ് തകര്‍ക്കപ്പെട്ടത്. ജാട്ട് ഗ്രാമങ്ങളിലൊന്നും മുസ്‌ലിംകളില്ല. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ജാട്ടുകളുമില്ല. മുസഫര്‍ നഗര്‍, ശംലി ജില്ലകളിലായി 150-ഓളം ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍ ഇല്ലാതായിരിക്കുന്നു. കലാപം എന്നതിനേക്കാള്‍ ആസൂത്രിതമായ കുടിയൊഴിപ്പിക്കല്‍ എന്നുവേണം മുസഫര്‍ നഗര്‍ സംഭവത്തെ വിശേഷിപ്പിക്കാന്‍. മടങ്ങിപ്പോകാന്‍ പേടിയാണെന്നാണ് അഭയാര്‍ഥി  ക്യാമ്പുകളിലുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇരു സമുദായങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അത് പുനഃസ്ഥാപിക്കുക എളുപ്പവുമല്ല.   കലാപം ബി.ജെ.പിക്ക് സമ്മാനിക്കുന്ന നേട്ടവും അതുതന്നെ.
തീര്‍ത്തും പ്രദേശികമായി അവസാനിക്കേണ്ടിയിരുന്ന ഒരു പ്രശ്‌നമാണ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്. ആഗസ്റ്റ് 27-ന് കവാല്‍ ഗ്രാമത്തില്‍ ഷഹ്‌നാസ് എന്നൊരു യുവാവിനെ സചിന്‍, ഗൗരവ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്നിറക്കി കൊന്നു. ഷാനവാസിന്റെ ആളുകള്‍ സചിനെയും ഗൗരവിനെയും തല്ലിക്കൊന്ന് തിരിച്ചടിച്ചു. സംഭവം ഉയര്‍ത്തിയ സംഘര്‍ഷാന്തരീക്ഷം കലാപത്തിന്റെ ആസൂത്രകര്‍ മുതലെടുത്തു. ഇരട്ടക്കൊലയില്‍  പ്രതിഷേധിച്ച് സെപ്റ്റംബര്‍ അഞ്ചിന് ബി.ജെ.പി മുസഫര്‍ നഗറില്‍ ബന്ദ് നടത്തി. സഹോദരിമാരുടെ മാനം കാക്കാനെന്ന പേരില്‍ ഗ്രാമങ്ങള്‍തോറും നാട്ടുകൂട്ടവും പിന്നീട് ലക്ഷത്തിലേറെപേരെ പങ്കെടുപ്പിച്ച്  മഹാപഞ്ചായത്തും വിളിച്ചുകൂട്ടി. ബി.ജെ.പിയുടെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍  സമീപ ജില്ലകളില്‍ നിന്ന് മാ്രതമല്ല, ദല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍നിന്നും ആളുകളെത്തി. മഹാപഞ്ചായത്താണ് പ്രശ്‌നം ആളിക്കത്തിച്ചത്. തോക്കും വാളുമേന്തി മോഡിക്ക് ജയ് വിളിച്ചെത്തിയ ജനക്കൂട്ടം തിരിച്ചുപോകുന്ന വഴിയില്‍ മുസ്‌ലിം കേന്ദ്രങ്ങളില്‍ അക്രമം നടത്തി. ചിലേടങ്ങളില്‍ മഹാപഞ്ചായത്ത് കഴിഞ്ഞ് മടങ്ങിയവരെ തടഞ്ഞ് തിരിച്ചടിയും ഉണ്ടായി. സെപ്റ്റംബര്‍ എട്ട്, ഒമ്പത് ദിവസങ്ങളില്‍ അക്രമികള്‍ അഴിഞ്ഞാടി. പട്ടാളമിറങ്ങിയശേഷമാണ് അക്രമം അടങ്ങിയത്. അപ്പോഴേക്കും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. പതിനായിരങ്ങള്‍ അഭയാര്‍ഥികളാക്കപ്പെട്ടു. കേരളത്തിലും കര്‍ണാടകയിലും സംഘ്പരിവാര്‍ പരീക്ഷിച്ച് പരാജയപ്പെട്ട 'ലൗ ജിഹാദ്' പ്രചാരണവും ഫേസ്ബുക്കിലെ വ്യാജ വീഡിയോവുമെല്ലാം കലാപത്തിന് അവര്‍ പ്രയോജനപ്പെടുത്തി.
സംസ്ഥാന സര്‍ക്കാറിന്റെ ഗുരുതര വീഴ്ചയാണ്  കാര്യങ്ങള്‍ ഇത്രയും രൂക്ഷമാക്കിയത്. എന്തും സംഭവിക്കാമെന്ന സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ, നിരോധാജ്ഞ ലംഘിച്ചാണ് ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത മഹാപഞ്ചായത്ത് നടന്നത്. പോലീസ് ഒന്നും ചെയ്തില്ല. നിരോധാജ്ഞ നിലനില്‍ക്കെതന്നെ ചില ബി.എസ്.പി, എസ്.പി നേതാക്കള്‍ ജുമുഅ നമസ്‌കാരാനന്തരം പള്ളികള്‍ക്ക് മുന്നില്‍ നടത്തിയ യോഗങ്ങളും പ്രകോപന പ്രസംഗങ്ങളും പോലീസ് തടഞ്ഞില്ല. തലകളേറെ അറ്റുവീണിട്ടും പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. അഖിലേഷ് സര്‍ക്കാറിന്റെ ഈ അലംഭാവം മനഃപൂര്‍വമാണോ? അങ്ങനെയും സംശയങ്ങളുണ്ട്. യു.പിയിലെ മുതിര്‍ന്ന മന്ത്രിയും പാര്‍ട്ടിയുടെ മുസ്‌ലിം മുഖവുമായ അസംഖാന്‍ പോലീസുകാരെ വിളിച്ച് 'തല്‍ക്കാലം' കണ്ണടക്കാന്‍ നിര്‍ദേശിച്ചുവെന്നാണ് ഒരു ചാനലിന്റെ ഒളികാമറാ ഓപറേഷനില്‍ കലാപം ഏറെ ദുരിതം വിതച്ച ഗ്രാമത്തിലെ പോലീസ് ഓഫീസര്‍മാര്‍ വെളിപ്പെടുത്തിയത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന പരാതിയുമായി കലാപ കേസുകളന്വേഷിക്കുന്ന ഐ.ജി അരുണ്‍കുമാര്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ ആവശ്യപ്പെട്ട് അവധിയില്‍ പോവുകയുമുണ്ടായി. 'സംഘ്പരിവാര്‍ ഭീതി'യില്‍ നിര്‍ത്തി മുസ്‌ലിം വോട്ട് ഒന്നാകെ പെട്ടിയിലാക്കാമെന്ന് മുലായം കരുതുന്നുവോ? എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ മുലായത്തിന്റെ പാര്‍ട്ടിയുടെ മനസ്സിരിപ്പ് അതാണെന്ന വിലയിരുത്തലുമുണ്ട്. ബി.ജെ.പിയുടെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ഗൂഢനീക്കമാണ് കലാപത്തിന് പിന്നിലെന്ന് സാമൂഹിക പ്രവര്‍ത്തകരായ ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെ വിശ്വസിക്കുന്ന മുസ്‌ലിംകള്‍ മുലായത്തിന് വോട്ടില്ലെന്ന് ഉറപ്പിച്ചു പറയുന്നു. ഗണ്യമായ മുസ്‌ലിം വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷിനെ അധികാരത്തിലെത്തിച്ചത്.
കലാപത്തിലേക്ക് നയിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ പ്രഖ്യാപനം ശ്രദ്ധിക്കുക. ഹിന്ദു സഹോദരിമാരുടെ മാനം കാക്കാന്‍ ആയിരം തവണ അറസ്റ്റ് വരിക്കാന്‍ തയാറാണെന്നായിരുന്നു സോം പറഞ്ഞത്. പാകിസ്താനിലെ സിയാല്‍കോട്ടില്‍ കൊള്ളക്കാരെന്ന് സംശയിച്ച് രണ്ടുപേരെ താടിയും തൊപ്പിയുമുള്ള ജനക്കൂട്ടം തല്ലിക്കൊല്ലുന്ന യുട്യൂബ് വീഡിയോ മുസഫര്‍ നഗറിലേതെന്ന പേരില്‍ ഫേസ്ബുക്ക് പേജിലിട്ടയാളാണ് സംഗീത് സോം.  യു.പിയിലെ ബി.ജെ.പി ചെറിയ നേതാക്കളും അമിത് ഷായുടെ സംവിധാനത്തില്‍  'മോഡിക്ക് പഠിക്കുമ്പോള്‍' ഉത്തര്‍പ്രദേശ് ഇനിയും കലുഷിതമാകാന്‍ തന്നെയാണ് സാധ്യത.  ചരണ്‍ സിംഗിന്റെ മകന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് നയിക്കുന്ന രാഷ്ട്രീയ ലോക്ദളാണ് (ആര്‍.എല്‍.ഡി)  ഈ മേഖലയിലെ ജാട്ടുകളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി. കലാപാനന്തര മുസഫര്‍ നഗറില്‍ നിന്നുള്ള വിലയിരുത്തല്‍  പ്രകാരം അജിത് സിംഗിന് വലിയ ക്ഷീണമുണ്ടായേക്കും. ജാട്ടുവോട്ടുകളില്‍ നല്ലൊരു ശതമാനം ബി.ജെ.പിയിലേക്ക് തിരിയാനാണ് സാധ്യത. പൊതുവില്‍ ഹിന്ദു എന്നതിനപ്പുറം ജാട്ട് എന്ന ജാതി അസ്തിത്വത്തില്‍ അഭിമാനിക്കുന്നവരാണ് ജാട്ടുകള്‍. മുലായവും മായാവതിയും കോണ്‍ഗ്രസും മുസ്‌ലിം പ്രീണനം നടത്തുകയാണെന്ന് ആരോപിക്കുന്ന ബി.ജെ.പി, ഹിന്ദുക്കളായ ജാട്ടുകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഹിന്ദുത്വ പാര്‍ട്ടിയായ തങ്ങള്‍ മാത്രമേയുള്ളൂവെന്ന് വരുത്തിത്തീര്‍ത്തു. അത് കുറെയൊക്കെ ഫലം കാണുന്നുവെന്നാണ് നിരീക്ഷണം.
ചരണ്‍ സിംഗിന്റെ സ്വാധീനവും തലയെടുപ്പും ജാട്ടുകള്‍ക്കിടയില്‍ മകന്‍ അജിത് സിംഗിനില്ലെന്നത് ജാട്ട് വോട്ടുകള്‍ ആകര്‍ഷിക്കാന്‍ സഹായകരമാണ്. മുലായവും മായാവതിയും കോണ്‍ഗ്രസും തമ്മിലെ മത്സരത്തില്‍ മുസ്‌ലിം വോട്ട് ഭിന്നിച്ചുപോവുക കൂടി ചെയ്താല്‍ സംഘ്പരിവാറിന് കാര്യങ്ങള്‍ അനുകൂലമായേക്കും. യു.പിയിലെ മുസ്‌ലിംകള്‍ ഇപ്പോള്‍ ചകിതരാണ്. അവരുടെ നെഞ്ചിടിപ്പ് മാറ്റാന്‍ പോന്ന നടപടികളൊന്നും സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മുസഫര്‍ നഗറിലെ ദുരിതാശ്വാസവും പുനരധിവാസവും നേരിട്ട് നിരീക്ഷിക്കുമെന്ന സുപ്രീംകോടതിയുടെ പ്രഖ്യാപനം ആശ്വാസം പകരുന്നു. എല്ലാം എത്രത്തോളം എന്ന ചോദ്യം പിന്നെയും ബാക്കി.


പിന്‍കുറി: ഇക്കഴിഞ്ഞ മണ്‍സൂണ്‍ സെഷനില്‍ ലോക്‌സഭയില്‍ ചില എം.പിമാര്‍ ബഹളം വെക്കുന്നു. ജോദ്പുരി ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഔദ്യോഗിക ഭാഷാപദവി നല്‍കണമെന്നാണ് അവരുടെ ആവശ്യം. ചാടിയെണീറ്റ മുലായം സിംഗ് ഉറക്കെ വാദിച്ചു. ഉര്‍ദുവിനും വേണം ആ പദവി. മറുപടി പറഞ്ഞ മന്ത്രി ജയറാം രമേശ് ഉര്‍ദു നേരത്തേ ഈ പട്ടികയിലുണ്ടെന്ന് പറഞ്ഞപ്പോള്‍ മുലായം വിളറി. മുസ്‌ലിം വിഷയങ്ങളില്‍ നേതാക്കളുടെ  കാഴ്ചപ്പാടും സമീപനവും എത്ര കേമം!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം / 30-36
എ.വൈ.ആര്‍