മുസഫര്‍ നഗര്‍ നേട്ടം കൊയ്യുന്നതാര്?
ഇന്ത്യന്‍ സമൂഹത്തിന്റെ ശാപമാണ് വര്‍ഗീയത. പിന്നിട്ട മൂന്ന് ദശകങ്ങളില്‍ പ്രത്യേകിച്ചും. 1893 മുതലാണ് വര്‍ഗീയത ഒരു പ്രധാന വിഷയമായി വരുന്നത്. 1937 ആയപ്പോഴേക്കും അത് കൂടുതല്‍ ശക്തിപ്പെടുകയും വിഭജനാനന്തരം നടന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ കൂട്ടക്കുരുതിയോടെ അത് മൂര്‍ധന്യത്തിലെത്തുകയും ചെയ്തു. ഒരു ദശകത്തിന്റെ നിശ്ശബ്ദതക്കുശേഷം പിന്നെയും കലാപങ്ങള്‍ തുടര്‍ന്നു. 1961-ല്‍ ജബല്‍പൂര്‍ കലാപം, 1984-ല്‍ സിഖ് വിരുദ്ധ കലാപം. യഥാര്‍ഥത്തില്‍ അവസാനം പറഞ്ഞത് കലാപമായിരുന്നില്ല, വംശനശീകരണമായിരുന്നു. തുടര്‍ന്നിങ്ങോട്ട് മീററ്റ്, ഭഗല്‍പൂര്‍, മുംബൈ, ഗുജറാത്ത് തുടങ്ങി കലാപങ്ങളുടെ തിര ആഞ്ഞടിക്കുന്നത് നാം കണ്ടു. കൂട്ടത്തില്‍ ഏറ്റവും ബീഭത്സമായിരുന്നു ഗുജറാത്ത് കലാപം. വിഭജനത്തിനു മുമ്പ് മുസ്‌ലിം ലീഗും ഹിന്ദു മഹാസഭയും ആര്‍.എസ്.എസ്സുമൊക്കെയായിരുന്നു ഇത്തരം തീക്കളികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഇത് ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ഇടയാക്കി. ഇപ്പോഴും തുടരുന്ന കലാപങ്ങളുടെ കാരണങ്ങളില്‍ മുഖ്യമായത് ഈ ധ്രുവീകരണമാണ്. 'അപരര്‍' എന്ന കാഴ്ചപ്പാട് കൂടുതല്‍ അപകടകരമായ തലങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സമുദായങ്ങള്‍ തമ്മില്‍ പിളര്‍പ്പുകള്‍ വര്‍ധിച്ചുവരുന്നു. സമൂഹത്തില്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്തിയ ഈ അപരവത്കരണം ജനങ്ങളെ കൂടുതല്‍ വര്‍ഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
മുസഫര്‍ നഗര്‍ കലാപത്തിന്റെ കാരണങ്ങളന്വേഷിച്ചാല്‍ നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയെന്ന പദ്ധതിയുടെ തുടര്‍ച്ചയായി നമുക്കതിനെ മനസ്സിലാക്കാം. നഗരങ്ങള്‍ വര്‍ഗീയമായി ചേരിതിരിഞ്ഞു കഴിഞ്ഞാല്‍ ഗ്രാമപ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുകയെന്നതാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ മൊത്തത്തില്‍ നാശത്തിലേക്ക് തള്ളിവിടുന്നതാണ് ഈ സംഭവവികാസങ്ങള്‍. മുസഫര്‍ നഗര്‍ കലാപത്തില്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. രാജ്യത്ത് ഇത്തരം കലാപങ്ങള്‍ നടന്നപ്പോഴൊക്കെ അതില്‍ കൂടുതലായി നേട്ടമുണ്ടാക്കിയത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണ്. ആര്‍.എസ്.എസ്സിന്റെ സാമൂഹിക ഇടവും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാധ്യതയും വര്‍ധിക്കുന്നുവെന്നതാണ് ഇതിന്റെ പരിണതി. ഗുജറാത്ത് മികച്ച ഉദാഹരണമാണ്. കലാപാനന്തരം ബി.ജെ.പി സംസ്ഥാനത്ത് തങ്ങളുടെ വേരുകള്‍ ഉറപ്പിക്കുകയും ആര്‍.എസ്.എസ് സംസ്ഥാനത്തെ തെരുവുകള്‍ കൈയടക്കുകയും ചെയ്തു. മുസഫര്‍നഗര്‍ ചതുരംഗത്തില്‍ കളിച്ച രണ്ടു കൂട്ടരാണ് രാഷ്ട്രീയ നേട്ടമുണ്ടാക്കിയത്. ഒന്ന്, സ്ഥിരം ലാഭക്കൊയ്ത്തുകാരായ ബി.ജെ.പി. അവര്‍ തങ്ങളുടെ പ്രവര്‍ത്തകരെ ഇറക്കിക്കളിച്ചു. മറുഭാഗത്ത് സമാജ്‌വാദി പാര്‍ട്ടി അതേ ശൈലിയില്‍ മുസ്‌ലിം സമൂഹത്തെ വെച്ച് കളിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് കലാപകലുഷിതമായി. ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതാണ് കലാപത്തിനു തുടക്കം. പക്ഷേ, സംഭവത്തിനുശേഷം ഇത്തരമൊരു കലാപം തടയാന്‍ സര്‍ക്കാറിനു ആവശ്യത്തിലധികം സമയമുണ്ടായിരുന്നു. അവരതു ചെയ്തില്ല. 144 പ്രഖ്യാപിച്ചിട്ടും മഹാപഞ്ചായത്തിനായി ഒരു ലക്ഷത്തോളം പേര്‍ ഒത്തുകൂടി. 'മകളെയും മരുമകളെയും രക്ഷിക്കുക' എന്ന മുദ്രാവാക്യം മതിയായിരുന്നു ജാട്ടുകളെ കൂട്ടത്തോടെ ആയുധങ്ങളുമായി തെരുവിലിറക്കാന്‍. വര്‍ഗീയ പ്രചാരണങ്ങള്‍ ഉച്ചസ്ഥായിയില്‍ തന്നെ അരങ്ങുതകര്‍ത്തു. അങ്ങനെ കലാപങ്ങള്‍ ഗ്രാമങ്ങളിലേക്ക് കടന്നു. ഇവിടെ ബി.ജെ.പി സാമൂഹികാവസ്ഥയെ വര്‍ഗീയവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് ജാട്ടുകള്‍ക്കിടയില്‍ കൂടുതല്‍ അടിത്തറയില്ലെങ്കിലും ഈ സന്ദര്‍ഭം വിദഗ്ധമായി ഉപയോഗപ്പെടുത്തി വിഭാഗീയ രാഷ്ട്രീയത്തെ പരിചയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു.
രണ്ട് യാഥാര്‍ഥ്യങ്ങള്‍ ഇവിടെ കാണേണ്ടതുണ്ട്. ഒന്ന്, മോഡിയെ ഹിന്ദുക്കളുടെ രക്ഷകനായി ചിത്രീകരിക്കുന്നു. ഇവിടെ ജാട്ടുകള്‍ അവരുടെ ജാതിപരമായ സ്വത്വത്തില്‍ നിന്ന് ഹിന്ദുവെന്ന സ്വത്വത്തിലേക്ക് സഞ്ചരിക്കുകയാണ്. വര്‍ഗീയ രാഷ്ട്രീയത്തില്‍ മതപര സ്വത്വത്തിന് വളരെ പ്രാധാന്യമുണ്ട്. മുസ്‌ലിം വിഭാഗത്തില്‍പെട്ടവരും കലാപത്തില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ എപ്പോഴും സംഭവിക്കുന്നതു പോലെ ഏകപക്ഷീയമായ സമീപനം സ്വീകരിക്കുന്ന പോലീസ് സംവിധാനങ്ങള്‍ വളരെ ക്രൂരമായി അവരോട് പെരുമാറുകയും ന്യൂനപക്ഷങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയും ചെയ്തു. കുറെ പേര്‍ നാടുപേക്ഷിച്ച് പോയി. ഇത് അവരില്‍ അരക്ഷിതാവസ്ഥ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിയുടെ ഈ സാഹസം എന്തുതരം പ്രതിഫലനമാണ് ഉണ്ടാക്കുകയെന്ന് കണ്ടറിയണം. സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്താണ് കലാപങ്ങളെല്ലാം തലപൊക്കുന്നത്. അഖിലേഷിന്റെ ഭരണകാലത്ത് എല്ലാ മാസവും രണ്ട് കലാപങ്ങളെങ്കിലും ഉത്തര്‍പ്രദേശില്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനു മുമ്പ് ബി.എസ്.പി ഭരിച്ചിരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥരെവെച്ച് എങ്ങനെയാണ് ഇത്തരം കലാപങ്ങള്‍ ഉണ്ടാകാതെ അവര്‍ നിയന്ത്രണമേറ്റെടുത്തത്? തീര്‍ച്ചയായും ഭരിക്കുന്ന പാര്‍ട്ടിയുടെ ഒത്താശയോടെത്തന്നെയാണ് കലാപങ്ങള്‍ നടക്കുന്നത്. വര്‍ഗീയ ശക്തികളായ ബി.ജെ.പിയും കൂട്ടരും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാനായി അവസരം കാത്തിരിക്കുകയാണ്. ജാമ്യത്തിലിറങ്ങിയ അമിത് ഷായുടെ സാന്നിധ്യം ഉത്തര്‍പ്രദേശില്‍ മറ്റൊരു ഘടകമാണ്. അയാള്‍ക്ക് ഗുജറാത്ത് കലാപം നടത്തി മുന്‍പരിചയമുണ്ട്. ഒരു വശത്ത് തങ്ങളുടെ പെണ്‍മക്കളും മരുമക്കളും സുരക്ഷിതരല്ലെന്ന പ്രചാരണം നടത്തുന്നതോടൊപ്പം തന്നെ, ബി.ജെ.പിയുടെ ഒരു എം.എല്‍.എ മുസ്‌ലിം വസ്ത്രധാരികളായ ഒരു സംഘം രണ്ടു ചെറുപ്പക്കാരെ അടിച്ചുകൊല്ലുന്ന വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കവര്‍ച്ചക്കാരെന്ന് ആരോപിച്ച് പാകിസ്താനില്‍ നാട്ടുകാര്‍ രണ്ടുപേരെ ശിക്ഷിക്കുന്നതിന്റെ വീഡിയോയാണ് അയാള്‍ പ്രചരിപ്പിച്ചത്. വൈറസുപോലെ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്ന ഈ വീഡിയോ ഗ്രാമങ്ങളിലെത്തുകയും അക്രമോത്സുകമായ അന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
ജാട്ടുകളും മുസ്‌ലിംകളും വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. അടുത്തിടെ ചില പ്രശ്‌നങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. കലാപത്തോടു കൂടി അത് കൂടുതല്‍ സങ്കീര്‍ണമായി. ആ അകല്‍ച്ച ഗ്രാമങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. മോഡിയെ ശക്തനായ നേതാവും ഹിന്ദുക്കളുടെ രക്ഷകനുമായി ചിത്രീകരിച്ചുകൊണ്ടുള്ള വ്യാപകമായ പ്രചാരണവും നടക്കുന്നു. ഇതാണ് ഭീതിജനകമായ വശം. ന്യൂനപക്ഷങ്ങള്‍ കാരണം ഭൂരിപക്ഷ സമൂഹം സുരക്ഷിതരല്ലെന്ന വമ്പന്‍ പ്രചാരണം അഴിച്ചുവിട്ട് ഒരു ഏകാധിപതിയെ പ്രതിഷ്ഠിക്കാനുള്ള ഒരുക്കത്തിലാണവര്‍. അങ്ങനെ സംരക്ഷിക്കാനാളില്ലെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഭൂരിപക്ഷത്തെ മോഡി ഏറ്റെടുക്കും. ഇതൊക്കെയും സത്യത്തില്‍നിന്ന് വളരെ അകലെയാണെങ്കിലും, ഇത്തരം വ്യാജധാരണകളെ തിരുത്താനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തുന്നില്ല.
ഭരണ സംവിധാനത്തിന്റെയും പോലീസിന്റെയും റോളിനെക്കുറിച്ച് എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. ഒരു കലാപം നടക്കുന്നില്ല എന്നുറപ്പുവരുത്താനുള്ള എല്ലാ അധികാര ശക്തിയും ഭരണസംവിധാനത്തിനുണ്ട്. എന്നാല്‍, ഉന്നത തലങ്ങളിലുളള പല ഉദ്യോഗസ്ഥര്‍ക്കും പക്ഷപാത മനസ്സാണ്. കലാപം തങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് എങ്ങനെ അനുകൂലമാക്കാം എന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാര്‍ ഭരണ തലപ്പത്ത് ഉണ്ടാവുക കൂടി ചെയ്താല്‍ പിന്നെ ആളിക്കത്തിയില്ലെങ്കിലാണ് അത്ഭുതം. യു.പി.എ സര്‍ക്കാര്‍ വര്‍ഗീയ കലാപങ്ങള്‍ തടയുന്ന ബില്‍ കൊണ്ടു വരുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്‍.എ.സിയുടെ സബ്കമ്മിറ്റി ഒരു കരട് രേഖ സമര്‍പ്പിക്കുകയും ചെയ്തു. പല കാര്യങ്ങളിലും സമവായമുണ്ടായില്ലെന്നത് ശരിയാണെങ്കിലും, ഉത്തരവാദിത്വം നിര്‍വഹിക്കാത്ത ഉദ്യോഗസ്ഥരെയും അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെയും ശിക്ഷിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടാവണം. രാഷ്ട്രീയ നേതൃത്വം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നിര്‍ജീവമായിപ്പോകുന്നുവെങ്കില്‍ അത് നിശിതമായി ചോദ്യം ചെയ്യപ്പെടണം. വര്‍ഗീയ ശക്തികളെ ദാര്‍ശനികമായും സാമൂഹികമായും രാഷ്ട്രീയമായും നമുക്ക് ചെറുക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ രാജ്യത്ത് സാമുദായിക സൗഹൃദവും ശാന്തിയും പരിരക്ഷിക്കാന്‍ നമുക്ക് കഴിയൂ.
വിവ: അത്തീഖുറഹ്മാന്‍
Comments