Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 04

ഖാലിദ് മിശ്അലിനെ കണ്ടപ്പോള്‍

ഡോ. അബ്ദുസ്സലാം അഹ്മദ് / മുഖാമുഖം

യിടെ ഖത്തറിലെത്തിയപ്പോള്‍ ഖാലിദ് മിശ്അലിനെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ലോകത്ത് ആയുധശക്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, നാനൂറിലധികം ആണവായുധങ്ങള്‍ കൈവശമുള്ള ഇസ്രയേല്‍ ഏറ്റവുമധികം ഭയപ്പെടുന്ന നിരായുധനായ മനുഷ്യന്‍. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ചരിത്രത്തിനു പരിചയമില്ലാത്ത അധ്യായങ്ങള്‍ രചിച്ച ഹമാസ് എന്ന വിമോചന പ്രസ്ഥാനത്തിന്റെ അമരക്കാരന്‍.
ഇസ്രയേല്‍ ഏതു നിമിഷവും വധിക്കും എന്ന് കരുതപ്പെടുന്ന മിശ്അലിന് പക്ഷേ അതിനെക്കുറിച്ച് ആകുലതകളൊന്നുമില്ല. 1997 സെപ്റ്റംബര്‍ 25-ന് ജോര്‍ദാനില്‍വെച്ച് അദ്ദേഹത്തിന്റെ കഥ കഴിക്കാന്‍ മൊസാദ് ചാരന്മാര്‍ ശ്രമിച്ചതാണ്. കൊന്നതാണെന്ന് കരുതാതിരിക്കാന്‍ സാവകാശം മരണത്തിലേക്ക് നയിക്കുന്ന എന്തോ വിഷം മിശ്അലിന്റെ ചെവിക്കടുത്ത് പിടിക്കുകയായിരുന്നു. അപ്പോഴേക്ക് ഹമാസ് പ്രവര്‍ത്തകര്‍ ചാടിവീണ് അവരെ കീഴ്‌പ്പെടുത്തി. അന്ന് ഹുസൈന്‍ രാജാവ് ശക്തമായ നിലപാടെടുത്തു. വധശ്രമം നടത്തിയ മൊസാദ് ചാരന്മാരെ വിട്ടുകിട്ടാന്‍ ഇസ്രയേല്‍ ശ്രമിച്ചപ്പോള്‍ രണ്ട് ഉപാധികള്‍ വെച്ചു. മിശ്അലിന് വധശ്രമത്തില്‍ വിഷബാധയേറ്റിരുന്നു. അതിനുള്ള മറുമരുന്ന് ഇസ്രയേലിന്റെ കൈവശം മാത്രമേയുള്ളൂ. അതു നല്‍കി അദ്ദേഹത്തെ രക്ഷിക്കണമെന്നായിരുന്നു ഒരു ഉപാധി. ജീവപര്യന്തം തടവില്‍ കഴിഞ്ഞിരുന്ന ഹമാസ് സ്ഥാപകന്‍ ശൈഖ് അഹ്മദ് യാസീനെ മോചിപ്പിക്കണമെന്നായിരുന്നു രണ്ടാമത്തെ ഉപാധി. കനേഡിയന്‍ പാസ്‌പോര്‍ട്ടുമായി ജോര്‍ദാനില്‍ കടന്ന തങ്ങളുടെ ചാരന്മാരെ തിരിച്ചു കിട്ടേണ്ടത് ഇസ്രയേലിന്റെ ആവശ്യമായിരുന്നു. രണ്ട് ഉപാധികളും അതുകൊണ്ട് അവര്‍ക്ക് സ്വീകരിക്കേണ്ടിവന്നു. ഇന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്നെയാണ് അന്ന് പ്രധാനമന്ത്രി.
പക്ഷേ, ഇഖ്‌വാന്‍ സംഘടനയായ ഹമാസിനെ കൂടുതല്‍ കാലം പൊറുപ്പിക്കാന്‍ ജോര്‍ദാനാകുമായിരുന്നില്ല. ഇസ്രയേലുമായി അനുരജ്ഞനത്തില്‍ കഴിയുന്ന ജോര്‍ദാന്‍ 1999-ല്‍ ഹമാസിന്റെ ഓഫീസ് അടച്ചുപൂട്ടി. ഖാലിദ് മിശ്അലിനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹമാസ് സിറിയയിലേക്ക് അവരുടെ ഓഫീസ് പറിച്ചുനട്ടു. സിറിയയിലെ ആഭ്യന്തരയുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് ഹമാസിന് അവിടെയും നില്‍ക്കക്കള്ളിയില്ലാതായി. ജനാധിപത്യ പോരാട്ടം രൂക്ഷമായ സിറിയയില്‍ തികഞ്ഞ ഏകാധിപതിയായ ബശ്ശാറുല്‍ അസദിനെ പിന്തുണക്കാന്‍ ഹമാസിന് നിര്‍വാഹമില്ലായിരുന്നു. 2011-ല്‍ സിറിയ വിടേണ്ടിവന്നു. അങ്ങനെയാണ് ഖത്തര്‍ മിശ്അലിന് ആതിഥ്യമരുളുന്നത്.
ദോഹയില്‍ നിന്ന് അല്‍പം മാറി സ്ഥിതിചെയ്യുന്ന ഖാലിദ് മിശ്അലിന്റെ ഓഫീസിന് മുമ്പിലിറങ്ങിയതോടെ അദ്ദേഹത്തിന്റെ സെക്യൂരിറ്റി സ്റ്റാഫ് ജാഗരൂകരായി. പരിശോധന കഴിഞ്ഞ് അകത്ത് കടക്കുമ്പോള്‍ നിറഞ്ഞ ചിരിയുമായി മിശ്അലിന്റെ ആശ്ലേഷം. സ്‌നേഹം തുളുമ്പുന്ന കുശലാന്വേഷണം. കുടുംബ കാര്യങ്ങളും കുട്ടികളുടെ പഠനവും ചോദിച്ചറിഞ്ഞ അദ്ദേഹം തന്റെ കുടുംബവിശേഷങ്ങളും പങ്കുവെച്ചു. ഇടക്കിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുന്നു. സെക്രട്ടറിമാര്‍ക്ക് നിരന്തരം നിര്‍ദേശങ്ങള്‍ നല്‍കുന്നു.
തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നതിനേക്കാള്‍ ഇന്ത്യയെയും ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെയും അടുത്തറിയാനാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചത്. രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സാന്നിധ്യം പ്രത്യേകം അന്വേഷിച്ചു. മൗദൂദിയുടെയും സയ്യിദ് ഖുത്വ്ബിന്റെയും രാഷ്ട്രീയ ചിന്തകള്‍ മൗലികവും അവരുടെ കാലത്ത് ഏതൊരു പണ്ഡിതനും പരിഷ്‌കര്‍ത്താവും സിദ്ധാന്തിക്കുന്നതുമാണെന്നും, എന്നാല്‍ ആധുനിക സാഹചര്യം ആ ചിന്തകളെ വികസിപ്പിക്കേണ്ടതിന്റെ അനിവാര്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തില്‍ സ്വാധീനമില്ലാതെ നമുക്കൊന്നും ചെയ്യാനാകില്ല. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുത്ത് രൂപീകരിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ അവയുടെ പൊതുസ്വഭാവം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും അതില്‍ ഇസ്‌ലാമിക പ്രസ്ഥാനം ഇടപെടരുതെന്നും ഹമാസിന്റെ അനുഭവങ്ങള്‍ മുമ്പില്‍വെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യം അപാരമാണെന്നും ഇത്രയും ശക്തമായ ജനാധിപത്യം ലോകത്ത് വേറെയില്ലെന്നും അത് മറ്റാരെയുംപോലെ ഇസ്‌ലാമിസ്റ്റുകളും പ്രയോജനപ്പെടുത്തണമെന്നും മിശ്അല്‍ പറഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിജിയെയും നെഹ്‌റുവിനെയും അനുസ്മരിച്ചുകൊണ്ട്, ഇന്ത്യക്കാര്‍ക്ക് ഫലസ്ത്വീന്‍ വിമോചനത്തെപ്പറ്റി മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. ഫലസ്ത്വീന്‍ വിമോചന സമരത്തെ മനസ്സിലാക്കാനാവുമെങ്കിലും പ്രശ്‌നപരിഹാരത്തിന് ആയുധമെടുക്കുന്നുവെന്നതിനാല്‍ ഹമാസിനെ പലരും ഭീകര സംഘടനയായാണ് മനസ്സിലാക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. നോക്കൂ, ഞങ്ങളുടെ പോരാട്ടം ജൂതന്മാരോടല്ല. ജൂതന്മാര്‍ ഞങ്ങളുടെ ശത്രുക്കളുമല്ല. അമ്പത് ലക്ഷത്തിലധികം തദ്ദേശീയരായ ഫലസ്ത്വീനികളെ ആട്ടിയോടിച്ച് ഞങ്ങളുടെ ഭൂമി പിടിച്ചെടുത്ത് രാഷ്ട്രം സ്ഥാപിക്കുകയും ഇപ്പോഴും ജനങ്ങളെ ജയിലിലടച്ചും കൊന്നും പീഡിപ്പിക്കുകയും ചെയ്യുന്ന ഇസ്രയേലിനോടാണ് ഞങ്ങള്‍ പോരാടുന്നത്. ഇസ്രയേല്‍ ആട്ടിയോടിച്ച ഫലസ്ത്വീനികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും, ജോര്‍ദാനിലും ലബനാനിലും സിറിയയിലും അഭയാര്‍ഥി ക്യാമ്പുകളിലുമാണ് ദശകങ്ങളായി കഴിഞ്ഞുകൊണ്ടിരിക്കുന്നത്. തങ്ങളുടെ നാട് പിടിച്ചടക്കുന്നവരോട് സായുധമായി ചെറുത്തു നില്‍ക്കുകയെന്നത് പുതിയ കാര്യമല്ല. ആ അവകാശം ലോക നിയമങ്ങളും മതവേദങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. ലോകത്ത് ഏത് സമൂഹവും നടത്തിയിട്ടുള്ളതുമാണ്. ദക്ഷിണാഫ്രിക്കയും വിയറ്റ്‌നാമും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഉദാഹരണങ്ങള്‍. എന്നിരിക്കെ ഹമാസിനെ മാത്രം ഭീകര സംഘടനയായി കാണുന്നതിന് ന്യായീകരണമില്ല. ഇസ്രയേലും അമേരിക്കയും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ടെററിസം. ഞങ്ങളുടേത് ഭീകരതയല്ല. അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പാണ്- ഖാലിദ് മിശ്അല്‍ പറഞ്ഞു.
ഇസ്രയേല്‍ ഉപരോധത്തില്‍ കഴിയുന്ന ഗസ്സയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഖാലിദ് മിശ്അല്‍ പറഞ്ഞു: വളരെ ശോചനീയമാണവിടത്തെ അവസ്ഥ. 15 ലക്ഷം ഫലസ്ത്വീനികളെ ലോകം പട്ടിണിക്കിട്ട് കൊല്ലുന്നു. വെള്ളവും വൈദ്യുതിയും മരുന്നും നിഷേധിക്കുന്നു. ഈജിപ്തിലെ പട്ടാള അട്ടിമറി ഗസ്സയുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയല്ലോ എന്ന് ചോദിച്ചപ്പോള്‍ മറുപടി: മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുക ഹമാസിന്റെ രീതിയല്ല. ഈജിപ്ത് ആരു ഭരിക്കണം എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. അതേയവസരം, മേഖലയിലെ ഏത് സ്പന്ദനങ്ങളും ഫലസ്ത്വീന്‍ പ്രശ്‌നത്തെ ബാധിക്കും. ആ നിലക്ക് ഈജിപ്തിലെ പ്രശ്‌നങ്ങള്‍ ഫലസ്ത്വീനിനെ പ്രതികൂലമായി ബാധിക്കുക സ്വാഭാവികം.
പി.എല്‍.ഒയും ഫത്ഹുമായുള്ള ഹമാസിന്റെ അഭിപ്രായ വ്യത്യാസങ്ങള്‍ പരാമര്‍ശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ:  പി.എല്‍.ഒ ഫലസ്ത്വീന്‍ ഗ്രൂപ്പുകളുടെ പൊതുവേദിയാണ്. ഞങ്ങളിപ്പോഴും അതിന്റെ ഭാഗമാണ്. ഫത്ഹുമായും എന്നും യോജിച്ചു പോകാന്‍ തന്നെയാണ് ഹമാസ് പരിശ്രമിച്ചിട്ടുള്ളത്. ഫലസ്ത്വീന്‍ വിമോചനത്തിന്, വീക്ഷണ വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാ ഫലസ്ത്വീന്‍ ഗ്രൂപ്പുകളും ഒന്നിച്ചു നിന്നേപറ്റൂ എന്നാണ് ഹമാസ് അതിന്റെ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനായി എല്ലാ വിട്ടുവീഴ്ചകള്‍ക്കും തങ്ങള്‍ തയാറായിരുന്നു. ഇന്നും അങ്ങനെത്തന്നെയാണ്. ഖേദകരമെന്നുപറയട്ടെ, ഫത്ഹ് പലപ്പോഴും ഇസ്രയേലിന്റെ വലയില്‍ വീഴുകയും ഹമാസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എങ്കിലും ഇപ്പോഴും ഫത്ഹുമായി ധാരണയിലെത്താന്‍ കഴിയുമെന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.
1948 മുതല്‍ ഫലസ്ത്വീനികള്‍ മൊത്തമായും 1987 മുതല്‍ ഹമാസ് വിശേഷിച്ചും തുടരുന്ന സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പരിണതി എന്തായിരിക്കും? സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനാവും എന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ഞാന്‍ ചോദിച്ചു. മറുപടി ദൃഢസ്വരത്തിലായിരുന്നു:”ഇതിനെ സ്വപ്‌നം എന്ന് വിശേഷിപ്പിക്കരുത്. കേവല സ്വപ്‌നമല്ല, പച്ചയായ യാഥാര്‍ഥ്യമാണത്. ഞങ്ങളുടെ സ്വപ്നമല്ല, ലക്ഷ്യമാണത്. ഫലസ്ത്വീന്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. ഞങ്ങള്‍ക്കതില്‍ യാതൊരു സംശയവുമില്ല. ഞങ്ങളുടെ സമരാനുഭവങ്ങളും വിശുദ്ധ ഖുര്‍ആന്റെ വാഗ്ദാനങ്ങളും മുമ്പില്‍ വെച്ചാണ് ഞാനിതു പറയുന്നത്. ഇന്നല്ലെങ്കില്‍ നാളെ അതു സംഭവിക്കുകതന്നെ ചെയ്യും, തീര്‍ച്ച.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം / 30-36
എ.വൈ.ആര്‍