Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 04

ജമാഅത്തെ ഇസ്‌ലാമികാക്കക്കൂട്ടില്‍ മുട്ടയിടുന്ന കുയിലല്ല

ഐ.കെ.ടി ഇസ്മാഈല്‍, തുണേരി

''ഏറ്റവും ചെറിയ മത സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. എന്നാല്‍ ഗള്‍ഫ് ഉണ്ടാക്കിയ അച്ചടി വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ചകളെ കോര്‍പറേറ്റ് മിടുക്കോടെ സ്വന്തം ദൃശ്യതക്ക് ഉപയോഗിക്കാനായത് ജമാഅത്തുകാര്‍ക്കാണ്. മുസ്‌ലിം സമുദായത്തിന്റെ വക്താക്കള്‍ എന്ന നിലക്ക് കടന്നുവരാന്‍ എപ്പോഴും ശ്രമിക്കാറുള്ള ഈ വിഭാഗത്തിന് മുസ്‌ലിം സമുദായത്തിനകത്ത് മധ്യവര്‍ഗ മുസ്‌ലിംകളുടെ പിന്തുണ മാത്രമേ സാമൂഹികതലത്തിലുള്ളൂ. മുജാഹിദുകളെക്കുറിച്ച് പറഞ്ഞപോലെ ജമാഅത്തുകാര്‍ക്കും രണ്ടു ഘട്ടമുണ്ട്. ആദ്യത്തേത് ഇസ്‌ലാമിസത്തിലും മൗദൂദിയിസത്തിലും വിശ്വസിച്ചിരുന്ന, രണ്ടോ മൂന്നോ പഞ്ചായത്തുകളില്‍ മാത്രമൊതുങ്ങുന്ന ഒരു വളരെ ചെറിയ കൂട്ടം ആളുകളുടേതാണ് (ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം വരുന്നത് വരെ വോട്ടു കൂടി ചെയ്യേണ്ട എന്ന് വിചാരിച്ചിരുന്ന ഇവര്‍ തീര്‍ത്തും ആശയവാദികളായിരുന്നു). ഇവരെ തള്ളിപ്പറയാതെ മൗദൂദിസത്തിന്റെ ഗോള്‍വാള്‍ക്കേറിയന്‍ മതേതര വിരുദ്ധത, പാശ്ചാത്യ ലിബറലിസത്തോട് സ്ത്രീകളും വംശീയ മതന്യൂനപക്ഷങ്ങളും നടത്തുന്ന വിമര്‍ശനങ്ങളോട് സമപ്പെടുത്തി വായിച്ച് സൈദ്ധാന്തിക വേദി ഒരുക്കുന്ന പ്രായോഗികവാദികളുടെതാണ് രണ്ടാം ഘട്ടം. ഇവര്‍ തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ വൈരുധ്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാണ് താനും. ജനാധിപത്യത്തില്‍ ജനപിന്തുണയാണ് പരമപ്രധാനമെങ്കിലും ജമാഅത്തെ ഇസ്‌ലാമി നേടിയെടുത്ത ദൃശ്യത കേരള മുസ്‌ലിമിന്റെ ഇമേജ് രൂപപ്പെടുത്തുന്നതില്‍ അവരെ ഉള്‍പ്പെടുത്താന്‍ മതിയായ കാരണമാണ്. എന്നാല്‍ ലീഗിന്റെ ചിന്താ കേന്ദ്രമായി ജമാഅത്ത് ആശയമുള്ളവര്‍ക്ക് വന്ന് ലീഗിന്റെ ജനകീയാടിത്തറയെ ഉപയോഗപ്പെടുത്താന്‍ കഴിയാത്തേടത്തോളം കാലം ഈ മത രാഷ്ട്രീയ പാര്‍ട്ടിക്ക് കേരളത്തില്‍ ഭാവിയുണ്ടെന്ന് കരുതാന്‍ ന്യായമില്ല'' (എന്‍.പി ആഷ്‌ലി, കേരള മുസ്‌ലിം രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊരു സാമൂഹ്യ പശ്ചാത്തലം, ഔട്ട്‌ലുക്ക്, സെപ്റ്റംബര്‍ 2013, ഓണപ്പതിപ്പ്). താരതമ്യേന പുതുമയുള്ള ലേഖകന്റെ കാഴ്ചപ്പാടുകളോട് മുജീബിന്റെ പ്രതികരണം?

താരതമ്യേന ചെറിയ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്ന വിലയിരുത്തല്‍ ശരിയാണ്. വലിയൊരു സംഘടനയാണ് അതെന്നോ ജനകീയ അടിത്തറ വേണ്ടത്ര വികസിപ്പിക്കാന്‍ അതിന് സാധിച്ചിട്ടുണ്ടെന്നോ ജമാഅത്ത് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നാല്‍, മാറുന്ന ലോക സാഹചര്യങ്ങള്‍ക്കനുസൃതമായി പൊതു സമൂഹത്തിന് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും മുസ്‌ലിം സമുദായത്തിന്റെ സംസ്‌കാരത്തിനും അവരുടെ പ്രശ്‌നപരിഹാരത്തിനുമായി ജമാഅത്തെ ഇസ്‌ലാമി നൂതന മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ബൗദ്ധിക സംവാദങ്ങളിലാണ്, സായുധ സംഘട്ടനങ്ങളിലല്ല ജമാഅത്ത് വിശ്വസിക്കുന്നത് എന്നതാണതിന്റെ കാരണം. മുസ്‌ലിം സമുദായത്തിന്റെ ഏക പ്രതിനിധാനം തങ്ങള്‍ക്കാണെന്ന അവകാശവാദം ഒരുകാലത്തും ജമാഅത്ത് ഉന്നയിച്ചിട്ടില്ല. അതേസമയം മുസ്‌ലിം സമുദായത്തെ മതപരമായും രാഷ്ട്രീയമായും പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കും നേതാക്കള്‍ക്കും ശരിയായ ദിശാബോധം നല്‍കാന്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. ജമാഅത്തിന്റെ ബോധവത്കരണ ഫലമായി നേരാംവണ്ണം ചിന്തിക്കുന്നവര്‍ മുസ്‌ലിം ലീഗിലുമുണ്ടാവാം. എന്നാല്‍, അത്തരക്കാരുടെ എണ്ണം കൂട്ടി ലീഗിന്റെ നിയന്ത്രണം പിടിച്ചുപറ്റുകയെന്ന അജണ്ടയൊന്നും ജമാഅത്തിനില്ല. തികച്ചും ഭിന്നമായ മറ്റൊരു പാതയിലൂടെ സഞ്ചരിക്കുന്ന സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുടെ ചിന്താകേന്ദ്രമായി മാറുക അപ്രായോഗികവും അയുക്തികവുമാണെന്ന് മനസ്സിലാക്കുന്ന ജമാഅത്തെ ഇസ്‌ലാമി പൊതുവായതും നേരായതുമായ കാര്യങ്ങളില്‍ എല്ലാവരോടും സഹകരിക്കാനാണ് എന്നും ശ്രമിച്ചുവന്നിട്ടുള്ളത്.


     അജ്ഞതയില്‍നിന്ന് ഉടലെടുത്ത ചോദ്യങ്ങള്‍


1. ഇസ്‌ലാം എന്നത് ജീവിത പദ്ധതിയാണോ, അത് ലോക വീക്ഷണം ആണോ, അത് ദാര്‍ശനികരംഗത്ത് സംഭാവന നല്‍കിയിട്ടുണ്ടോ എന്നീ മൂന്ന് ചോദ്യങ്ങള്‍ ഈ വായനക്കാരിയുടെ നെറ്റിയില്‍ മൂന്ന് ചുളിവുകള്‍ വീഴ്ത്തുന്നു.2. സകാത്ത് പ്രബലമായി നില്‍ക്കേണ്ട സാമൂഹിക വ്യവസ്ഥിതി ഏതാണ്? ദരിദ്രര്‍ ഉള്ളത്, ദാരിദ്ര്യം സ്ഥായിയായത്. അത് ക്ഷേമ രാഷ്ട്രത്തിന് നിരക്കുന്നില്ല. ഇരുപതും മുപ്പതും ശതമാനം ആദായനികുതി പിരിച്ചെടുത്ത് അതുപയോഗിച്ച് ക്ഷേമ പ്രവര്‍ത്തനം നടത്തുന്ന ഭരണകൂടത്തിന് മുന്നില്‍ സകാത്തിനെന്തു പ്രസക്തി?3. പുരുഷന്‍ സ്ത്രീയേക്കാള്‍ മികച്ചവനാണ് എന്നും സ്ത്രീ പുരുഷനെ അനുസരിക്കുകയും സേവിക്കുകയും ചെയ്യണം എന്നും കൃത്യമായി നിര്‍ദേശിക്കുന്ന ഒരു പുസ്തകമാണ് ഖുര്‍ആന്‍ (കെ.ആര്‍ ഇന്ദിര- മറുവാദം. ഖുര്‍ആനും ഹദീസുകളും ചേകനൂര്‍ മൗലവിയും, പച്ചകുതിര മാസിക. 2013 സെപ്റ്റംബര്‍). ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി?

 മുസ്ത്വഫ പാലാഴി

ഉത്തരങ്ങള്‍ യഥാക്രമം ചുവടെ:ഒന്ന്, ഇസ്‌ലാമിനെ പരിചയപ്പെടാനോ പഠിക്കാനോ വിമര്‍ശിക്കാനോ എന്തിനായാലും ലോക ഭാഷകളില്‍ മുഴുക്കെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ ലഭ്യമായിരിക്കെ അതിലൊന്നു പോലും വായിക്കാന്‍ ലേഖിക മിനക്കെട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ആദ്യത്തെ ചോദ്യം. നമ്മുടെ സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരില്‍ മിക്കവരുടെയും ദൗര്‍ബല്യം തന്നെയാണിത്.ഇസ്‌ലാം ഒരേയസവരത്തില്‍ ജീവിതപദ്ധതിയും ദര്‍ശനവുമാണ്. പ്രപഞ്ചം സര്‍വചരാചരങ്ങളോടും കൂടി ദൈവത്തിന്റെ സൃഷ്ടിയാണെന്നും സൃഷ്ടികളില്‍ മനുഷ്യന്‍ മാത്രമാണ് വിശേഷബുദ്ധി നല്‍കപ്പെട്ട ജീവിയെന്നും ഈ ഭൗതിക ലോകത്ത് കാലാകാലങ്ങളില്‍ ദൈവത്താല്‍ നിയുക്തരായ പ്രവാചകന്മാര്‍ മുഖേന നല്‍കപ്പെട്ട സമ്പൂര്‍ണ സന്മാര്‍ഗ സംഹിതയാണ് ഇസ്‌ലാം എന്നും അത് പിന്‍പറ്റി ജീവിക്കുന്നതിലാണ് ഐഹികജീവിതത്തിലെ സമാധാനവും ക്ഷേമവും മരണാനന്തരം ജീവിതത്തിലെ മോക്ഷവുമെന്നുമാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിത്തറ. മനുഷ്യന്‍ ജനനം മുതല്‍ മരണം വരെ സ്വകാര്യ, കുടുംബ, സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ ജീവിതതുറകളില്‍ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും മര്യാദകളും മൂലപ്രമാണങ്ങളായ ഖുര്‍ആനിലും നബിചര്യയിലും സ്പഷ്ടമായി രേഖപ്പെടുത്തിയത് കൊണ്ടും പ്രവാചകരും ശിഷ്യന്മാരും അവ ജീവിതത്തില്‍ പകര്‍ത്തി കാണിച്ചത് കൊണ്ടും ഇസ്‌ലാമിക സമ്പൂര്‍ണ ജീവിത പദ്ധതി ആര്‍ക്കും പിടികിട്ടാത്ത പ്രഹേളികയല്ല. വിഗ്രഹാരാധനയിലും ബഹുദൈവസങ്കല്‍പത്തിലും അധിഷ്ഠിതമായ എല്ലാ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മറുവശത്ത് നാസ്തിക വാദത്തില്‍ നിന്നുത്ഭവിക്കുന്ന കേവല ഭൗതിക ധാരണകളെയും നിരാകരിച്ചുകൊണ്ട് സത്യം, നീതി, സാഹോദര്യം, മാനവികത എന്നീ അടിത്തറകളില്‍ ഒരു ലോകക്രമത്തിന്റെ രൂപരേഖ സമര്‍പ്പിച്ചതാണ് ദാര്‍ശനികരംഗത്ത് ഇസ്‌ലാം നല്‍കിയ ഏറ്റവും വലിയ സംഭാവന.രണ്ട്, ദാരിദ്ര്യം, സമ്പത്ത് എന്നീ രണ്ട് അവസ്ഥകള്‍ ഇല്ലാത്ത ഒരു സമൂഹവും ഒരു കാലവും മനുഷ്യ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ല. ഇത് രണ്ടും സ്ഥായിയായ വര്‍ഗങ്ങളാണെന്ന മിഥ്യാ സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗ സംഘട്ടനത്തിന്റേതാണ് മാനവചരിത്രമെന്ന് സിദ്ധാന്തിച്ചു വര്‍ഗരഹിത സമൂഹ നിര്‍മിതി ലക്ഷ്യമിട്ടിറങ്ങിയ മാര്‍ക്‌സിസം മുക്കാല്‍ നൂറ്റാണ്ട് നീണ്ട പരീക്ഷണത്തിന് ശേഷം പാടെ തകര്‍ന്നടിഞ്ഞത് ലോകം കണ്ടു. മറിച്ച്, സമ്പത്തും ദാരിദ്ര്യവും മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന രണ്ടവസ്ഥകളാണെന്നും ഇന്നത്തെ ദരിദ്രന്‍ നാളത്തെ സമ്പന്നനും നേരെ തിരിച്ചും ആവുക മനുഷ്യലോകത്തിന്റെ സ്വാഭാവിക ഗതിയാണെന്നും ചൂണ്ടിക്കാട്ടുന്നു ഇസ്‌ലാം. സമ്പന്നര്‍ തങ്ങളുടെ സ്വത്തിന്റെ നിശ്ചിത വിഹിതം നിര്‍ധനരുടെ അവകാശമാണെന്ന് മനസ്സിലാക്കി അവര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ബാധ്യതയാക്കി നിശ്ചയിച്ചതിന്റെ പേരാണ് സകാത്ത്. അത് വ്യവസ്ഥാപിതമായും കൃത്യമായും സംഭരിച്ചു അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്ത സന്ദര്‍ഭങ്ങളിലൊക്കെ ദാരിദ്ര്യ നിര്‍മാര്‍ജനം സാധിച്ചിട്ടുണ്ടെന്നത് അനിഷേധ്യ സത്യമാണ്. ഇന്നും സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവും നടക്കുന്നേടത്തൊക്കെ അത് വലുതായ സല്‍ഫലങ്ങള്‍ ഉളവാക്കുന്നുമുണ്ട്.നികുതിപ്പണം രാജ്യരക്ഷ ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും മൊത്തം സര്‍ക്കാര്‍ ചെലവുകള്‍ക്കുമുള്ളതാണ്. ആദായനികുതിയുടെ അനുപാതം എത്ര വര്‍ധിപ്പിച്ചാലും സാമൂഹികക്ഷേമം സാധിച്ചുകൊള്ളണമെന്നില്ല. ഇസ്‌ലാമിക ഭരണകൂടങ്ങള്‍ക്ക് സകാത്തിന്റെ പുറമെ ആവശ്യാനുസൃതം നികുതി ചുമത്താനുള്ള അവകാശം ഇസ്‌ലാം തടസ്സപ്പെടുത്തിയിട്ടുമില്ല. എല്ലാറ്റിനും പുറമെ സകാത്ത് സ്വീകരിക്കാന്‍ അവകാശികളില്ലാത്ത ലോക സാഹചര്യം വന്നാല്‍ അത് നിര്‍ബന്ധമായും നല്‍കണമെന്നുമില്ല.മൂന്ന്, സ്ത്രീയും പുരുഷനും തുല്യാവകാശങ്ങളുള്ള ദൈവസൃഷ്ടികളാണെന്നാണ് ഖുര്‍ആന്റെ അസന്ദിഗ്ധമായ സന്ദേശം. ഒരു കാരണവശാലും രണ്ടിലൊരു വര്‍ഗത്തിനും നീതി നിഷേധിക്കപ്പെട്ടുകൂടാ. പ്രകൃത്യാ ഉള്ള അന്തരത്തെ ആരു വിചാരിച്ചാലും ഇല്ലാതാക്കാനുമാവില്ല. ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ക്ക് എക്കാലത്തും ആണായാലും പെണ്ണായാലും മാതൃകയായി ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത് യേശുവിന്റെ മാതാവ് മര്‍യമിനെയും ഈജിപ്ഷ്യന്‍ സ്വേഛാധിപതിയും ആള്‍ദൈവവുമായിരുന്ന ഫറോവയുടെ ശാസനകളെ വെല്ലുവിളിച്ച അയാളുടെ ഭാര്യയെയുമാണ്. പുരുഷന്‍ സ്ത്രീയേക്കാള്‍ മികച്ചവനാണ് എന്ന് സൂചിപ്പിക്കുന്ന ഒരു സൂക്തവും ഖുര്‍ആനിലില്ല, സംരക്ഷകനാണ് എന്നാണുള്ളത്.

 

 മതേതര ദീനവിലാപം വീണ്ടും!

''കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി, ആ സംഘടനക്ക് എന്ന പോലെ അതിന്റെ പത്രമാസികകള്‍ക്കും പൊതു സമ്മതി ലഭിക്കാന്‍ ഉപയോഗിക്കുന്ന ചില തന്ത്രങ്ങളുണ്ട്. അതിനെയാണ് ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ബൗദ്ധിക ജിഹാദ് എന്ന് വിശേഷിപ്പിക്കുന്നത്. ജമാഅത്തിന്റെ പത്രം എന്ന ലേബലില്‍ അറിയപ്പെട്ടാല്‍ പത്രത്തിന്റെ വാനയാ സമൂഹം ചുരുങ്ങും. വായനാ സമൂഹം വികസിക്കണമെങ്കില്‍ പത്രത്തിന് മതേതരഛായയും പറ്റുമെങ്കില്‍ ഇടതുപക്ഷ ചായ്‌വും നല്‍കണമെന്ന് ജമാഅത്ത് നേതൃത്വം മനസ്സിലാക്കി. അതിന്റെ ഭാഗമായി അവരുടെ പത്രത്തിലും വാരികയിലും മുന്‍ നക്‌സലൈറ്റുകളും ഫെമിനിസ്റ്റുകളും മാര്‍ക്‌സിസ്റ്റ് അനുഭാവികളുമൊക്കെയായ എഴുത്തുകാരുടെ രചനകള്‍ക്ക് വേണ്ടത്ര ഇടം നല്‍കുന്ന രീതി അവര്‍ സ്വീകരിച്ചു. പോഷക സംഘടനകളുടേതെന്ന പോലെ മാതൃ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സമ്മേളനങ്ങളിലും സെമിനാറുകളിലും രാജ്യത്തിനകത്തും പുറത്തുമുള്ള മതേതര ഇടതുപക്ഷ ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും പങ്കെടുപ്പിക്കുന്ന പതിവ് അവര്‍ നടപ്പാക്കി. എഫ്.ഡി.സി.എയെ പോലുള്ള സംഘടനകളുണ്ടാക്കി അവയില്‍ അറിയപ്പെടുന്ന മുന്‍ ന്യായാധിപര്‍, മുന്‍ ബ്യൂറോക്രാറ്റുകള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരെ തിരുകി കയറ്റാന്‍ അവര്‍ ശ്രദ്ധിച്ചു. ഇതെല്ലാം ജമാഅത്തെ ഇസ്‌ലാമിയുടെ മതമൗലികമുഖം മറച്ചുപിടിക്കാനുള്ള വേലകളാണെന്ന് ഇപ്പോള്‍ പൊതുജനം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു''.ജമാഅത്തെ ഇസ്‌ലാമിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന തന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകത്തെ സംബന്ധിച്ച അഭിമുഖത്തില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ (ജിഹാദിസം-വര്‍ത്തമാന ഭീകരതയുടെ ഊര്‍ജസ്രോതസ്സ്- മാതൃഭൂമി ബുക്‌സ് ജേണല്‍ 2013 ജൂലൈ -ആഗസ്റ്റ്). മുജീബിന്റെ പ്രതികരണം?
 പി.വി ഉമ്മര്‍ കോയ കോഴിക്കോട്

 

നൂറ്റിരണ്ടാമതും ആവര്‍ത്തമിക്കുന്ന ഈ പല്ലവി ഒരു പ്രതികരണവും അര്‍ഹിക്കുന്നില്ല. തന്റെ സ്ഥിരമായ മനോവ്യഥ വീണ്ടും വീണ്ടും വായനക്കാരുമായി പങ്കുവെക്കുക മാത്രമാണ് ഹമീദ് ചെയ്യുന്നത്. ലേഖകനോട് പലതവണ ചോദിച്ച ഒരു ചോദ്യമുണ്ട്. ഈ രാജ്യത്തെ മതേതര വിശ്വാസികളായ ന്യായാധിപരും സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരുമൊന്നും ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവരും ഹമീദ് മൂന്ന് പതിറ്റാണ്ടുകാലമായി അഭംഗുരം തുടരുന്ന ജമാഅത്ത് വിരുദ്ധ സമരത്തിന്റെ ഒരു പ്രതിഫലനവും ഉള്‍ക്കൊള്ളാത്തവരുമാണോ? എങ്കില്‍ തന്റെ പണി മതിയാക്കേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു. അതല്ല, മാതൃഭൂമി, മലയാളം വാരിക, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ അദ്ദേഹം നടത്തിക്കൊണ്ടിരുന്നതും ഇപ്പോഴും തുടരുന്നതുമായ നിഴല്‍ യുദ്ധത്തിന് അവരും സാക്ഷികളായിട്ടും ജമാഅത്തിന്റെ പത്ര പ്രസിദ്ധീകരണങ്ങളില്‍ അവര്‍ എഴുതുകയും അതിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുവെങ്കില്‍ അതിന് ഒരേയൊരു അര്‍ഥമേയുള്ളൂ. ഹമീദും സമാന മനസ്‌കരും ചിത്രീകരിക്കുന്ന പോലെ ഒരു മതമൗലികവാദ തീവ്ര ഭീകര പ്രസ്ഥാനമായി ജമാഅത്തിനെ അവരാരും കാണുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. അഖിലേന്ത്യാ ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാക്കള്‍ക്കൊപ്പം എഫ്.ഡി.സി.എ രൂപവത്കരണത്തിന് പങ്കുവഹിച്ചവരാണ് ജസ്റ്റിസ് താര്‍ക്കുണ്ഡെ, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, മുചുകുന്ദ് ദുബെ തുടങ്ങിയവര്‍. അതും ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ട സന്ദര്‍ഭത്തില്‍. ഇവര്‍ക്കൊന്നും ജമാഅത്തിന്റെ 'മതേതര വിരുദ്ധ മുഖം' തിരിയാതെ പോയതാണെങ്കില്‍ ആ മുഖം തിരിഞ്ഞവര്‍ നാട് വിട്ട് പോവുന്നത് തന്നെ നല്ലത്!ജമാഅത്തെ ഇസ്‌ലാമിയുടെ ഐഡന്റിറ്റി മറച്ചുവെക്കുന്നതാണ് അതിന്റെ പത്രപ്രസിദ്ധീകരണങ്ങള്‍ക്ക് സ്വീകാര്യത കൂടാന്‍ കാരണമെന്ന പ്രചാരണവും ആത്മാശ്വാസത്തിന് വേണ്ടിയുള്ള കണ്ടെത്തലാണ്. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയും നൈതികതയും ധാര്‍മികതയും നിലനില്‍ക്കണമെന്നും ശക്തിപ്പെടണമെന്നും നിര്‍ബന്ധമുള്ള ജമാഅത്തെ ഇസ്‌ലാമി എല്ലാ വിഭാഗം മനുഷ്യരെയും മുന്നില്‍ കണ്ട് പുറത്തിറക്കുന്ന പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും നന്മേഛുക്കളും മനുഷ്യസ്‌നേഹികളുമായ നാനാ ജാതി മതസ്ഥരെ ആകര്‍ഷിക്കുന്നു. സ്വാഭാവികമായും തങ്ങളുടെ കൂടി വിചാരവും വികാരവും സമൂഹവുമായി പങ്കുവെക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രസിദ്ധീകരണങ്ങളാണ് ജമാഅത്തിന്റേതെന്ന് ബോധപൂര്‍വം മനസ്സിലാക്കി അവരില്‍ പലരും അവയില്‍ എഴുതുന്നു. വലിയ വിഭാഗം അതൊക്കെ വായിക്കുന്നു, പ്രതികരിക്കുന്നു. സാമ്രാജ്യത്വത്തോടും നവലിബറല്‍ സാമ്പത്തിക ക്രമങ്ങളോടും എതിര്‍പ്പുള്ളവര്‍ മുന്‍ നക്‌സലൈറ്റുകള്‍ ആണെന്നത് കൊണ്ട് മാത്രം മിണ്ടാതിരിക്കണമോ? അതല്ല, ചൂഷണത്തെ എതിര്‍ക്കുന്നവരോടൊപ്പം ചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമോ? ഇസ്‌ലാമിസ്റ്റ് പക്ഷത്ത് നിന്ന് പുറത്ത് വരുന്ന പത്രങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും നിത്യേന ലഭിക്കുന്ന പ്രതികരണങ്ങള്‍ മാത്രം മതി സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാര്‍ക്ക് ആവേശം ജനിക്കാന്‍. ഹമീദിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' കൊണ്ടുനടക്കുന്നവര്‍ സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്‌നേഹികളല്ല, വെറും മുന്‍വിധിക്കാരും ഇന്റലിജന്‍സ് ഏജന്റുമാരുമാണെന്ന് കൂടി കൂട്ടത്തില്‍ പറയട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം / 30-36
എ.വൈ.ആര്‍