Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 04

ഗ്വാണ്ടനാമോയുടെ ഇരുട്ടിലൂടെ സത്യത്തിന്റെ വെളിച്ചത്തിലേക്ക്

പി.പി അബ്ദുല്ലത്വീഫ് പൂളപ്പൊയില്‍ / വ്യക്തി ചിത്രം

ടെറി ഹോള്‍ഡ്‌ബ്രോക്‌സ് വളര്‍ന്നത് അമേരിക്കയിലെ അരിസോണയിലാണ്. മയക്കുമരുന്നിനടിപ്പെട്ട മാതാപിതാക്കള്‍ തന്റെ ഏഴാം വയസ്സില്‍ വേര്‍പിരിഞ്ഞു. പിന്നെ മുത്തഛന്റെ കൂടെയായിരുന്നു താമസം. ലക്ഷ്യമില്ലാത്ത ജീവിതത്തില്‍ മുഴുകുടിയനായി. കാണുന്നതിനെയെല്ലാം രൂക്ഷമായി വിമര്‍ശിച്ചു. കീഴ്കാത് വലിയ വട്ടത്തില്‍ കുത്തി ആ ദ്വാരത്തില്‍ ഒരു മരചക്രം കയറ്റിവെച്ചിരിക്കുന്നു. താമസസ്ഥലം പേടിപ്പെടുത്തുന്ന സിനിമകളിലെ ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. കൈതണ്ട മുതല്‍ തോളുവരെ പച്ചകുത്തിയത് കാണുംവിധം കുപ്പായത്തിന്റെ ഇരുകൈകളും തെറുത്തുകയറ്റിയിരിക്കുന്നു. തന്റെ തെറ്റുകളും ആസക്തിയുമാണ് ഈ ചിത്രപ്പണികളിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ഹോള്‍ഡ്‌ബ്രോക്‌സ് തന്നെ പറയുന്നു. മതചിഹ്നങ്ങള്‍ മുതല്‍ നാസി സ്വസ്തിക് ചിഹ്നംവരെയുണ്ടതില്‍. കൂട്ടത്തില്‍ വലിയ അക്ഷരത്തില്‍ 'പിശാചിനാല്‍ നയിക്കപ്പെടുന്നവന്‍' എന്നെഴുതിയിരിക്കുന്നു.
ജീവിതം ദാരിദ്ര്യം കൊണ്ട് ദുരിതപൂര്‍ണമായിരുന്നു. അങ്ങനെയാണ് തന്റെ മാതാപിതാക്കളെപ്പോലെ ജീവിതം തുലക്കരുതെന്ന ഉള്‍വിളികേട്ട് ജീവിക്കാന്‍ തീരുമാനിച്ചത്. തന്റെ രാജ്യമായ അമേരിക്കക്ക് സേവനം ചെയ്യണം. അതിന് ഒരു നല്ല പട്ടാളക്കാരനാവണം. അങ്ങനെ ഉത്തരവാദിത്വമുള്ള ഒരു നല്ല മനുഷ്യനായി ജീവിക്കണം, നിരീശ്വരവാദിയായ ഹോള്‍ഡ്‌ബ്രോക്‌സ് തീരുമാനിച്ചു. ജോലി തേടിയെത്തിയ അമേരിക്കന്‍ പട്ടാളത്തില്‍ ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിക്കുന്ന പട്ടാള പോലീസിലെ 253-ാം കമ്പനിയിലേക്കാണ് നിയമനം കിട്ടിയത്. അവിടെ നിന്നാണ് താന്‍ ഗ്വാണ്ടനാമോയിലേക്ക് നിയോഗിക്കപ്പെടാന്‍ പോകുന്നു എന്നറിയുന്നത്. അമേരിക്കക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഭീകരരില്‍ ഭീകരരെന്ന് വിളിപ്പേരിട്ടവരെ കൈകാര്യം ചെയ്യാനുള്ള നിയോഗം. ഒരു ദേശസ്‌നേഹി ആഗ്രഹിക്കുന്ന ജോലി. ഗ്വാണ്ടനാമോ തടവുകാരെ കൈകാര്യം ചെയ്യേണ്ട പുതിയ കാവല്‍ക്കാരന് കിട്ടുന്ന രണ്ടാഴ്ചക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി, തകര്‍ക്കപ്പെട്ട ഇരട്ട ടവറുകളുണ്ടായിരുന്ന ഗ്രൗണ്ട് സീറോയിലും പോകേണ്ടിവന്നു. സെപ്റ്റംബര്‍ 11-ന്റെ ഭീകരാക്രമണ വീഡിയോ പ്രദര്‍ശിപ്പിച്ച് തങ്ങള്‍ക്ക് കൈകാര്യം ചെയ്യാനുള്ള ഭീകരരില്‍ ഭീകരരായ തടവുകാരെക്കുറിച്ച് വിശദീകരിക്കപ്പെട്ടു. ഇവര്‍ ബിന്‍ലാദിന്റെ ഡ്രൈവര്‍മാരും പാചകക്കാരുമാണ്. അമേരിക്കയോടും സ്വാതന്ത്ര്യത്തോടും യുദ്ധം പ്രഖ്യാപിച്ച അല്‍ഖാഇദയിലെയും താലിബാനിലെയും അംഗങ്ങള്‍. ലഭിക്കുന്ന ആദ്യാവസരത്തില്‍ തന്നെ ഇവര്‍ നമ്മെ വകവരുത്തും. അങ്ങനെ ഗ്വാണ്ടനാമോയിലേക്ക് പറക്കും മുമ്പ് ഭീകരതക്കെതിരെ ആവര്‍ത്തിച്ചു ചൊല്ലുന്ന കുറെ യുദ്ധപാഠങ്ങള്‍ കേട്ടു. എങ്കിലും ഭീകരരുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ചൊന്നും പഠിപ്പിക്കപ്പെട്ടിരിന്നില്ല.
2003-ലെ ഉഷ്ണത്തിലാണ് മദ്യപാനവും റോക് സംഗീതവും പച്ചകുത്തലും ജീവിത ലഹരിയാക്കിയ 19 കാരനായ ഹോള്‍ഡ്‌ബ്രോക്‌സ് ക്യൂബയിലെ ഗ്വാണ്ടനാമോയിലേക്ക് പറന്നത്. തടവുകാരെ വിചാരണക്കായി ഉദ്യോഗസ്ഥരുടെ അടുത്ത് ഹാജരാക്കുക, ക്യാമ്പുകളില്‍നിന്നും ബ്ലോക്കുകളില്‍ നിന്നും ഇതര ക്യാമ്പുകളിലേക്കും ബ്ലോക്കുകളിലേക്കും തടവുകാരെ ആജ്ഞാനുസാരം മാറ്റുക, തടവുകാര്‍ സെല്ലുകള്‍ക്കിടയിലൂടെ ഒന്നും കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തടവറകള്‍ക്കിടയിലൂടെ റോന്ത് ചുറ്റുക, സെല്ലിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നിവയായിരുന്നു അവിടെ ഏല്‍പ്പിക്കപ്പെട്ട ജോലി.
''പരിശീലനകാലത്ത് അമേരിക്കയില്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുന്ന ആദ്യാനുഭവമായിരുന്നു തീവ്രസുരക്ഷാ വലയത്തിലുള്ള ഗ്വാണ്ടനാമോയിലെ ക്യാമ്പ് ഡല്‍റ്റാ തുറുങ്കിലടക്കപ്പെട്ട കുട്ടി. ഭൂമി ഉരുണ്ടതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ കുട്ടിക്കറിയുമോ ഭീകരതക്കെതിരെയുള്ള യുദ്ധമെന്നാല്‍ എന്താണെന്ന്?'' അതുകൊണ്ട് കേള്‍ക്കുന്നവയുടെ പാട മാറ്റി കാര്യങ്ങളെ കണ്ടാല്‍ മതി എന്ന് ഹോള്‍ഡ്‌ബ്രോക്‌സ് തീരുമാനിച്ചു. കേട്ടതപ്പടി തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേരത്തെ തന്നെ ശീലിച്ചിട്ടില്ല. കണ്ണടച്ചിരുട്ടാക്കി ആര്‍ക്കും വിടുവേല ചെയ്യേണ്ടതുമില്ല. അതുകൊണ്ട് ഹോള്‍ഡ്‌ബ്രോക്‌സ് ഗ്വാണ്ടനാമോയില്‍ വന്ന ഒന്നാം ദിനം തന്നെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. പരിശീലനകാലത്ത് 9/11 ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചപ്പോഴും ഇനിയും വിശദീകരണം ആവശ്യമുള്ളതെന്തോ ബുഷ് ഭരണകൂടം മറച്ചുവെക്കുന്നുവെന്ന് തോന്നിയതാണ്.
തടവുകാരുടെ വികാരങ്ങളറിയാനോ അവരുമായി സംവദിക്കാനോ ഒരു പട്ടാളക്കാരനും താല്‍പര്യം കാണിച്ചില്ല. അവരോട് മമത കാണിക്കാനോ സംസാരിക്കാനോ പാടില്ലെന്നത് പരിശീലനകാലത്തെ കല്‍പ്പനയാണ്. ഭീകരനോട് എപ്രകാരമാണോ പെറുമാറാന്‍ കല്‍പ്പിക്കപ്പെട്ടത് അപ്രകാരം ഏല്‍പ്പിക്കപ്പെട്ട ജോലി കാരുണ്യലേശമില്ലാതെ ഓരോ പട്ടാളക്കാരനും നിര്‍വഹിച്ചു. തടവുകാരെ വിചാരണക്ക് കൊണ്ടുപോകേണ്ട ജോലി ഹോള്‍ഡ്‌ബ്രോക്‌സിനായിരുന്നു. ചിലപ്പോള്‍ വിചാരണ കണ്ടിരിക്കും. അവിടെയുള്ള അനുഭവം അദ്ദേഹം ഇങ്ങനെ ഓര്‍ക്കുന്നു: ''തടവുകാരെ അമ്പതോ അറുപതോ ഡിഗ്രി ചൂടുള്ള മുറിയില്‍ എട്ട് മണിക്കൂറിലധികം അസഹ്യമായ അവസ്ഥയില്‍ ബന്ധനസ്ഥരാക്കി നിര്‍ത്തും. ശീതീകരിച്ച മുറിയില്‍ ബന്ധനസ്ഥരാക്കി കിടത്തി ഐസ് വെള്ളം ഒഴിക്കും. ചിലപ്പോള്‍ ആര്‍ത്തവ രക്തമെന്ന് പറഞ്ഞ് രക്തം മുഖത്തു പുരട്ടും.''
''ഒരിക്കല്‍ ഇങ്ങനെ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു മനുഷന്‍ തന്റെ ശരീരത്തില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തി. ചോദ്യം ചെയ്യുന്നയാളെ ഇത് ഭയങ്കരമായി പ്രകോപിപ്പിച്ചു. അയാള്‍ ആ മനുഷ്യന്റെ ശരീരത്തിലേക്ക് വെള്ളം ശക്തമായി പമ്പുചെയ്തുകൊണ്ട് തന്റെ ചോദ്യത്തിന് മറുപടി പറയാന്‍ തയാറാണോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. വിചാരണ ചെയ്യപ്പെടുന്നയാള്‍ തനിക്കൊന്നും പറയാനില്ലെന്ന് നിസ്സങ്കോചം പറഞ്ഞു. ഞാനിരുന്നാലോചിച്ചു. എന്താണ് ഈ വിചാരണയിലൂടെ നാം ലഭ്യമാക്കാന്‍ ശ്രമിക്കുന്നത്? മനുഷ്യരെ പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്ത് കൃത്യവും സത്യസന്ധവുമായ എന്തെങ്കിലും നേടിയെടുക്കാന്‍ കഴിയുമോ?''
തടവുകാരെ മാനസികമായും പീഡിപ്പിച്ചുകൊണ്ടിരുന്നു. മതചിട്ട പുലര്‍ത്തിയ തടവുകാരെ ലൈംഗികമായി ആക്രമിക്കുക, ഖുര്‍ആനെ അവഹേളിക്കുക, പൂര്‍ണ നഗ്നരാക്കി നിര്‍ത്തി ചോദ്യം ചെയ്യുക, ആര്‍ത്തവരക്തമെന്ന് പറയപ്പെടുന്ന രക്തം ശരീരത്തില്‍ പുരട്ടുക, ചോദ്യം ചെയ്യലിന് ശേഷം ദിവസങ്ങളോളം കുളിക്കാനനുവദിക്കാതിരിക്കുകയോ ശുദ്ധ വെള്ളം കൊടുക്കാതിരിക്കുകയോ ചെയ്യുക. ഇങ്ങനെ ദേഹശുദ്ധിയില്ലാത്ത തടവുകാരനെ നമസ്‌കരിക്കാന്‍ പറ്റാത്ത വിധം ആത്മീയമായി തകര്‍ക്കുക, ഉറങ്ങാനനുവദിക്കാതെ ഓരോ ഈരണ്ട് മണിക്കൂറിലും തടവുകാരെ ഡെല്‍റ്റാ ക്യാമ്പില്‍ നിന്ന് എക്കോ ക്യാമ്പിലേക്കും അവിടന്ന് തിരിച്ചും അല്ലെങ്കില്‍ ബ്രാവോ ബ്ലോക്കില്‍ നിന്ന് ചാര്‍ലി ബ്ലോക്കിലേക്കും അവിടെ നിന്ന് തിരിച്ചും നിരന്തരം മാറ്റിക്കൊണ്ടിരിക്കുക തുടങ്ങിയവ മാനസിക പീഡനത്തിന്റെ ചെറു ഉദാഹരണങ്ങളാണ്.
''ഗ്വാണ്ടിനാമോ മനുഷ്യാവകാശങ്ങളെയും നിയമവ്യവസ്ഥയെയും പരിഹാസ്യമാക്കുന്ന നൂറ് ശതമാനം അധാര്‍മികതയാണ്. അമേരിക്കയുടെ ശത്രുവായ പോരാളികള്‍ എന്ന് നാമകരണം ചെയ്ത് പട്ടാളം വിലയ്ക്കുവാങ്ങി ഭീകരരില്‍ ഭീകരരെന്ന് മുദ്രണം ചെയ്യപ്പെട്ട് ഗ്വാണ്ടനാമോയില്‍ ബന്ധനസ്ഥരാക്കപ്പെട്ട 800-ഓളം തടവുകാരില്‍ 600-ലധികം പേരെ യാതൊരു കുറ്റവും ചാര്‍ത്താതെ വിട്ടയച്ചതുതന്നെ ഗ്വാണ്ടനാമോയുടെ ധാര്‍മികതയെ ചോദ്യം ചെയ്യുന്നു. ഞാനെന്റെ രാജ്യമായ അമേരിക്കയെ സംരക്ഷിക്കാമെന്ന് പ്രതിജ്ഞെയടുത്തത് ഈ നികൃഷ്ട ചെയ്തിക്ക് കാവലിരിക്കാനായിരുന്നില്ല. അവശേഷിക്കുന്ന 166 'ഭീകര'രില്‍ 86 പേരെകൂടി വിട്ടയക്കുമ്പോഴും ശേഷിക്കുന്നവരിലെ 46 പേര്‍ തങ്ങള്‍ ചെയ്ത കുറ്റമെന്തെന്നറിയാതെ വിചാരണയോ കുറ്റപത്രമോ ഇല്ലാതെ പത്തുകൊല്ലം പൂര്‍ത്തിയാക്കി അനിശ്ചിതമായി ഈ കാരാഗൃഹത്തില്‍ കഴിയുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം ഒന്നുകില്‍ പിടിക്കപ്പെട്ടവര്‍ക്ക് കുറ്റപത്രം നല്‍കണം, അല്ലെങ്കില്‍ ഫെഡറല്‍ കോടതിയില്‍ വിചാരണ ചെയ്യപ്പെടണം, അതിനും കഴിഞ്ഞില്ലെങ്കില്‍ അവരെ മോചിപ്പിക്കണം. പക്ഷേ ഭരണകൂടഭാഷയില്‍ ഇവര്‍ വിചാരണചെയ്യപ്പെടാനോ മോചിപ്പിക്കപ്പെടാനോ പറ്റാത്ത അതിഭീകരരാണത്രെ!''
സാമ്രാജ്യത്വം ഗ്വാണ്ടനാമോയെ ആഘോഷിക്കുമ്പോഴും അപൂര്‍വം ചില പട്ടാളക്കാര്‍ തടവുകാരുടെ കാര്യത്തില്‍ സംശയം ഉന്നയിച്ചിരുന്നു. ആദ്യകാല പട്ടാളക്കാരനായ ബ്രാന്‍ഡോന്‍ നീലി പറഞ്ഞു: 'ചിലപ്പോള്‍ ഞങ്ങളില്‍ ചിലര്‍ ഞങ്ങളോട് തന്നെ ചോദിക്കുമായിരിന്നു, ഭീകരവാദികളാണെങ്കില്‍ തന്നെയും എന്തിനാണിവരോടിത്രയും ക്രൂരമായി പെരുമാറുന്നത്' എന്ന്.  രാഹുല്‍ അഹ്മദ് എന്ന തടവുകാരനോട് ദീര്‍ഘമായി സംസാരിച്ചിട്ടുള്ള നീലി ഓര്‍ക്കുന്നത്, ജെയിംസ് ബോണ്ടിനെയും അമേരിക്കന്‍ റാപ്പര്‍ എമിനമിനെയും സ്‌നേഹിക്കുന്ന, സഹതടവുകാര്‍ക്ക് വേണ്ടി പാടുന്ന രാഹുലിനെയാണ്.
തടവുകാരനും പട്ടാളക്കാരനും ഇടയില്‍ ശത്രുത രൂപംകൊള്ളുന്നത് സ്വാഭാവികമാണെങ്കിലും വിമര്‍ശനബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുന്ന ഹോള്‍ഡ്‌ബ്രോക്‌സ് തടവുകാരുടെ മറുപുറം വായിക്കാന്‍ ശ്രമിച്ചു. പകല്‍ മുഴുവന്‍ തടവുകാരെ വിചാരണ സ്ഥലത്തെത്തിക്കലും സെല്ലുകള്‍ക്കിടയിലൂടെ നിരീക്ഷണം നടത്തലുമായി തിരക്കിലാണെങ്കില്‍ പാതിരാത്രിയിലെ ജോലി താരതമ്യേന ശാന്തവും സ്വസ്ഥവുമാണ്. നടുത്തളം തുടച്ചുകഴിഞ്ഞാല്‍ പിന്നെ നിലത്ത് ചമ്രംപടിഞ്ഞിരുന്ന് സെല്ലുകളുടെ വാതിലില്‍ ഘടിപ്പിച്ച ഇരുമ്പ് വലയിലൂടെ അകത്തിരിക്കുന്ന തടവുകാരുമായി സംസാരിച്ചിരിക്കും. തടവുകാരുമായി ഇങ്ങനെ സംസാരിക്കാന്‍ സമയം കണ്ടെത്തുന്നതിനാല്‍ ഹോള്‍ഡ്‌ബ്രോക്‌സ് തടവുകാര്‍ക്ക് സഹൃദയനായ പാറാവുകാരനായിരുന്നു. ഈ അംഗീകാരം മറുവശത്ത് സഹപ്രവര്‍ത്തകരുടെ അനിഷ്ടത്തിനും കാരണമായി.
ഹോള്‍ഡ്‌ബ്രോക്‌സിന് തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ച് ഒട്ടും മതിപ്പുണ്ടായിരുന്നില്ല. മദ്യപാനികളും ലഹരി ചവക്കുന്നവരും വംശീയ വിരോധികളും മര്‍ക്കടമുഷ്ടിക്കാരുമായിരുന്നു അവര്‍. അന്ധമായി കല്‍പനകള്‍ അനുസരിക്കുന്നവര്‍. മദ്യത്തിലും അശ്ലീലതയിലും കളിയിലും അവര്‍ ആനന്ദം കണ്ടെത്തി. ഒരു മാസം കൊണ്ട് തന്നെ അവരുമായുള്ള സംസാരം നിര്‍ത്തി, ഇടക്കിടക്കുണ്ടാകുന്ന വാക്കു തര്‍ക്കമൊഴിച്ച്. ഒരിക്കല്‍ അവരിലൊരാള്‍ ഹോള്‍ഡ്‌ബ്രോക്‌സിനോട് പറഞ്ഞു: 'ഇന്ന് നാം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നിനക്കറിയാമോ? ഇന്ന് ഞങ്ങള്‍ നിന്റെ തലയോട്ടിയില്‍ നിന്ന് താലിബാനെ പുറത്തെടുക്കും. നീ അവരോട് കാണിക്കുന്ന മമത ഞങ്ങള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല.' അങ്ങനെ തര്‍ക്കങ്ങള്‍ തുടങ്ങും.
നിരന്തരം അവഹേളിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതിനിടയിലും തടവുകാര്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുന്നത് ഹോള്‍ഡ്‌ബ്രോക്‌സിനെ അത്ഭുതപ്പെടുത്തി. തടവുകാരുടെ അവിശ്വസനീയമായ ചിന്താസ്വാതന്ത്ര്യവും, ജയിലഴികള്‍ക്കകത്തും അവര്‍ കാത്തുസൂക്ഷിക്കുന്ന സ്വത്വബോധവും ഹോള്‍ഡ്‌ബ്രോക്‌സിനെ വല്ലാതെ സ്വാധീനിച്ചു. തങ്ങളെ കാക്കുന്ന ഒരു ദൈവമുണ്ടെന്ന് ഇവര്‍ക്കിപ്പോഴുമെങ്ങനെ വിശ്വസിക്കാനാകുന്നു? ആ ദൈവത്തില്‍ വിശ്വസിച്ച് അഴികള്‍ക്കകത്ത് പുഞ്ചിരിക്കുകയും നിത്യവും അഞ്ചുനേരം ആ ദൈവത്തിനു മുന്നില്‍ നമസ്‌കരിക്കുകയും ചെയ്യുന്നു. മതത്തെക്കുറിച്ച കൗമാരകാലത്തെ ഹ്രസ്വാന്വേഷണത്തില്‍ ഏകദൈവാധിഷ്ഠിതമായ എല്ലാ മതങ്ങളും പൈശാചികമാണെന്ന തീരുമാനത്തിലാണെത്തിയിരുന്നതെങ്കിലും തടവറയില്‍ ഹോള്‍ഡ്‌ബ്രോക്‌സ് കൂടുതല്‍ സംശയാലുവായി.
''ഗ്വാണ്ടനാമോയില്‍ എത്തുന്നതിന് മുമ്പ് ഇസ്‌ലാമിനെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. എന്നെ സംബന്ധിച്ചേടത്തോളം ഇത് ഒരു സാംസ്‌കാരിക ആഘാതമായിരുന്നു. സാധ്യമാകുന്നത്ര ഇവരെ അറിയാന്‍ ഞാനാഗ്രഹിച്ചു. രാഷ്ട്രീയം, സദാചാരം, ധാര്‍മികത, വ്യക്തി ജീവിതം, സാംസ്‌കാരിക വൈവിധ്യം തുടങ്ങി സകല വിഷയങ്ങളിലും തടവുകാരോട് സംവദിച്ചു. ജിജ്ഞാസകൊണ്ട് തുടങ്ങിയത് വ്യവസ്ഥാപിതമായ പഠനമായി മാറി. ഞങ്ങള്‍ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ദിവസവും ഒരു മണിക്കൂറെങ്കിലും ഇസ്‌ലാമിനെ പഠിക്കാനും ചാറ്റ്‌റൂമില്‍ ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കാനും ചെലവഴിച്ചു.''
''ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചപ്പോള്‍ മനസ്സിലായത് അത് അത്ഭുതങ്ങളുടെ കെട്ടുകഥയല്ലെന്നും ലളിതമായി വായിക്കാനും മനസ്സിലാക്കാനും പറ്റുന്ന, മനുഷ്യജീവിതം എപ്രകാരമായിരിക്കണമെന്ന് നിര്‍ദേശിക്കുന്ന ഒരു സമാഹാരമാണെന്നാണ്. ഖുര്‍ആന്‍ നല്‍കുന്ന വിശ്വാസം ഈ തടവുകാര്‍ക്ക് എങ്ങനെയാണ് ജീവന്‍ നല്‍കുന്നതെന്ന് അനുഭവിച്ചറിയുകയും ചെയ്തു.''
ജയിലില്‍ ഹോള്‍ഡ്‌ബ്രോക്‌സ് നിരന്തരം സംവദിച്ചുകൊണ്ടിരുന്ന തടവുപുള്ളികളായിരുന്നു ജനറല്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മൊറോക്കോക്കാരന്‍ അഹ്മദ് അല്‍ റാശിദിയും ബ്രിട്ടനിലെ 'ടിപ്റ്റണ്‍ ത്രീ'യും.
മൊറോക്കോയില്‍ ജനിച്ച അഹ്മദ് അല്‍ റാശിദി, 18 വര്‍ഷമായി ബ്രിട്ടനില്‍ ഒരു പാചകക്കാരനായി ജോലിചെയ്യുന്നതിനിടയില്‍ വിസ പ്രശ്‌നത്തില്‍ പെട്ട് ബ്രിട്ടനില്‍ നിന്ന് പുറത്താക്കപ്പെടുകയും പിന്നെ കച്ചവടം തുടങ്ങാന്‍ പാകിസ്താനില്‍ എത്തുകയുമായിരുന്നു. അമേരിക്കന്‍ സേനയുടെ ബോംബിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും പിന്നെ പാകിസ്താനിലുണ്ടായ ഒരു കാറപകടത്തില്‍ പിടിക്കപ്പെടുകയും ചെയ്തു. അവിടെനിന്ന് അമേരിക്കന്‍ പട്ടാളത്തിന് വില്‍ക്കപ്പെട്ട റാശിദിയെ ഗ്വാണ്ടനാമോയിലേക്കെത്തിക്കുകയായിരുന്നു. അഞ്ചു വര്‍ഷത്തെ നിന്ദ്യവും നികൃഷ്ടവുമായ തടവിനും നിഷ്ഠുര പീഡനത്തിനും ശേഷം നിരപരാധിയായ ഒരു പാചകക്കാരന്‍ എന്ന തീര്‍പ്പും ലഭിച്ച് 2007-ല്‍ അല്‍ റാശിദി ജയില്‍ മോചിതനായി. തന്റെ ജീവിതം പറയുന്ന 'ഗ്വാണ്ടനാമൊയെ വെല്ലുവിളിച്ച ഒരു സാധാരണക്കാരന്‍' എന്ന ആത്മകഥ രചിച്ചിട്ടുണ്ട്. അമേരിക്കയുടെ സത്യസന്ധതയിലും ഗ്വാണ്ടനാമോയിലും ഇനിയും സംശയിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തമാണിതെന്നാണ് പ്രശസ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മാതാവുമായ ജോണ്‍ പില്‍ഗര്‍ പറഞ്ഞത്. ജീവിതത്തിലൊരിക്കലും കേള്‍ക്കാനിടയില്ലാത്ത ഭീകരസത്യം ലോകത്തോട് പറയാന്‍ കുഴിമാടത്തില്‍ നിന്ന് പുനര്‍ജനിച്ച് ജീവിതത്തിലേക്ക് കയറിവന്ന ഒരു സാധാരണ മനുഷ്യന്റെ തീക്ഷ്ണാനുഭവമാണീ കൃതി. 2001 സെപ്റ്റംബര്‍ 11-ന് ലണ്ടനിലെ കാപ്പികടയിലിരുന്ന് ഇരട്ട ടവറുകള്‍ തകര്‍ന്ന് വീഴുന്നത് ടെലിവിഷനിലൂടെ കാണുമ്പോള്‍ അതിനടിയില്‍ പെട്ടുപോയ ആയിരങ്ങളെക്കുറിച്ച് നടുക്കത്തോടെ ഓര്‍ത്ത അല്‍ റാശിദിക്കറിയില്ലായിരുന്നു താന്‍ കണ്ടുകൊണ്ടിരിക്കുന്നത് തന്റെ ജീവിതവുമായി എത്രമാത്രം ബന്ധപ്പെടാന്‍ പോകുന്നുവെന്ന്. ഓര്‍ക്കാനിഷ്ടപ്പെടാത്ത ജീവിത കറക്കത്തിനൊടുവില്‍ ഇസ്‌ലാമാബാദ് വിമാനത്താവളത്തിലെ നയതന്ത്ര ലോബിയാല്‍ അമേരിക്കക്ക് വില്‍ക്കപ്പെട്ടതും തുടര്‍ന്ന് അഞ്ചരകൊല്ലം ഗ്വാണ്ടനാമോ തടവറയില്‍ പീഡനവും നിന്ദ്യതയും അവഹേളനവും അനുഭവിച്ചതും വരച്ചുവെച്ച പുസ്തകം ഒരു മനുഷ്യന്‍ തെറ്റായ സമയത്ത് തെറ്റായിടത്ത് എത്തിപ്പെട്ടാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ, ധീരതയെയും അതിജീവനത്തെയും നീതിയെയും ഭീകരതക്കെതിരെയുള്ള യുദ്ധത്തിന്റെ മറ്റൊരു മുഖത്തെയും കുറിച്ചും നമ്മെ പഠിപ്പിക്കുന്നു.
മൈക്കല്‍ വിന്റര്‍ബോട്ടമിന്റെ 'ഗ്വാണ്ടനാമോയിലേക്കുള്ള വഴി' എന്ന ഡോക്യു-ഡ്രാമയില്‍ അഭിനയിച്ച മൂന്ന് യുവതടവുകാരാണ് 'ടിപ്റ്റണ്‍ ത്രീ'. ഇംഗ്ലണ്ടിലെ ടിപ്റ്റണ്‍ പ്രദേശത്തുകാരായ രാഹുല്‍ അഹ്മദ്, ആസിഫ് ഇഖ്ബാല്‍, ഷഫീഖ് റസൂല്‍ എന്നീ മൂന്ന് സുഹൃത്തുക്കളെ അഫ്ഗാനില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും ആരെയും അറിയിക്കാതെ അമേരിക്ക ഗ്വാണ്ടനാമോയിലേക്ക് അയക്കുകയുമായിരുന്നു. ബ്രിട്ടന്റെ നയതന്ത്ര ഇടപെടലിലൂടെ മൂന്ന് വര്‍ഷത്തെ പീഡനങ്ങള്‍ക്കൊടുവില്‍ ഇവരെ ബ്രിട്ടന് കൈമാറുകയും നിരപരാധികളെന്ന് കണ്ട് വെറുതെ വിടുകയുമായിരുന്നു. ഒരു മനുഷ്യന്‍ ഭീകരവാദിയാക്കപ്പെടുന്നതും രക്ഷപ്പെടാന്‍ പറ്റാത്തവിധം വീഴ്ത്തപ്പെടുന്നതും, തുടര്‍ന്നു നടക്കുന്ന വിചാരണയും പീഡനവും അവഹേളനവും നേരിട്ടനുഭവിച്ചവരെക്കൊണ്ട് ചിത്രീകരിക്കുന്നതാണ് 'ഗ്വാണ്ടനാമോയിലേക്കുള്ള വഴി' എന്ന ഡോക്യു - ഡ്രാമ. ഹോള്‍ഡ്‌ബ്രോക്‌സ് പറയുന്നു: ''ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചുകൊണ്ടേയിരുന്നു; പുസ്തകങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും തത്ത്വശാസ്ത്രത്തെക്കുറിച്ചും. വൈകിയ രാത്രികളില്‍ ഞങ്ങളുടെ സംസാരം മതത്തെക്കുറിച്ചായിരുന്നു.''
590-ാം നമ്പര്‍ തടവുപുള്ളി, അല്‍ റാശിദിയുമായി ഹോള്‍ഡ്‌ബ്രോക്‌സ് ഹൃദ്യമായ ഒരു ബന്ധം വളര്‍ത്തിയെടുത്തിരുന്നു. രാത്രികളിലെ അവരുടെ സംഭാഷണങ്ങള്‍ തടവറയെക്കുറിച്ച് ഹോള്‍ഡ്‌ബ്രോക്‌സിനെ കൂടുതല്‍ സംശയാലുവാക്കി. തന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ഗൗരവത്തോടെ ചിന്തിച്ച നിമിഷങ്ങളായിരുന്നു അവ. അറബിയും ഇസ്‌ലാമും പഠിക്കാനുതകുന്ന പുസ്തകങ്ങള്‍ വരുത്തി. 2004 ആദ്യത്തിലെ അല്‍ റാശിദിയുമായുള്ള ഒരു സായാഹ്ന സംഭാഷണം ശഹാദത്തിലേക്ക് വഴിതിരിഞ്ഞു. ഒരാള്‍ ഇസ്‌ലാമിനെ മനസ്സറിഞ്ഞു സ്വീകരിച്ചെന്ന് പ്രഖ്യാപിക്കുന്ന ലളിതമായ ഒറ്റവരി പ്രസ്താവനയാണ് 'വഴിപ്പെടാന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു' എന്ന ശഹാദത്ത്. ഹോള്‍ഡ്‌ബ്രോക്‌സ് ഒരു പേനയും ഒരു തുണ്ട് കടലാസും ഇരുമ്പ് നെറ്റിനിടയിലൂടെ തടവറക്കകത്തേക്ക് നീട്ടി. ആ വിശുദ്ധവാക്യം ഇംഗ്ലീഷിലും അറബിയിലും എഴുതാന്‍ അല്‍ റാശിദിയോട് ആവശ്യപ്പെട്ടു. എഴുതിക്കിട്ടിയ വാക്യം ഗ്വാണ്ടനാമോയിലെ ഡെല്‍റ്റാ ക്യാമ്പിന്റെ തറയിലിരുന്ന് ആ അര്‍ധരാത്രിയില്‍ ഹോള്‍ഡ്‌ബ്രോക്‌സ് ഉറക്കെ പ്രഖ്യാപിച്ചു. 'അതെ, ഞാനിതാ മുസ്‌ലിമായിരിക്കുന്നു.' ഒരു വിശ്വാസത്തെ ഇല്ലായ്മ ചെയ്യാന്‍ സാമ്രാജ്യത്വം കെട്ടിയാടുന്ന ഭീകരവിരുദ്ധ യുദ്ധനാടകത്തിലെ ഇരയെ സാക്ഷിയാക്കി ആ കൂരിരുട്ടില്‍ നിന്നും പ്രപഞ്ചത്തിന്റെ പ്രകാശത്തിലേക്ക് ഹോള്‍ഡ്‌ബ്രോക്‌സ് കാലെടുത്തുവെച്ചു.
വിശ്വാസത്തിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുന്നതിന്റെ ആദ്യ പടിയായി ഹോള്‍ഡ്‌ബ്രോക്‌സ് മദ്യത്തോട് വിടചൊല്ലി. സംഗീതവും വേണ്ടെന്ന് വെച്ചു. സഹപ്രവര്‍ത്തകര്‍ കാണാതെ അഞ്ചു നേരം നമസ്‌കരിക്കുക അത്ര എളുപ്പമായിരുന്നില്ല. ഇസ്‌ലാമിലേക്കുള്ള പ്രവേശനത്തോടെ ഹോള്‍ഡ്‌ബ്രോക്‌സിന് ജോലിയുമായി മുന്നോട്ടു പോകാന്‍ പറ്റാതായി. തന്റെ അവസ്ഥ തടവുകാരനെക്കാള്‍ മോശമാണെന്നയാള്‍ക്ക് തോന്നി. തന്നേക്കാള്‍ സന്തോഷം തടുവകാര്‍ അനുഭവിക്കുന്നതായിട്ടാണ് അദ്ദേഹത്തിന് തോന്നിയത്. കാരാഗൃഹത്തിലെ ഇരുമ്പഴികള്‍ക്കിടയിലും തടവുകാര്‍ തങ്ങളുടെ സ്വാതന്ത്ര്യം കണ്ടെത്തിയിരുന്നു. പ്രത്യേകിച്ച് കുസൃതിക്കാരായ ബ്രിട്ടീഷ് ടിപ്റ്റണ്‍ ത്രയങ്ങള്‍. എന്നാല്‍ തന്റെ അവസ്ഥയോ? ആര്‍ക്കോ വേണ്ടി പാദസേവചെയ്യുന്ന, പട്ടാള മേധാവികളുടെ കല്‍പ്പനകള്‍ യാന്ത്രികമായി അനുസരിക്കേണ്ട വെറും അടിമ. ആറ് മാസത്തെ സേവനത്തോടെ ഹോള്‍ഡ്‌ബ്രോക്‌സ് ഗ്വാണ്ടനാമോ വിട്ടു. പിന്നീട് വ്യക്തിത്വത്തിലെ അസ്വാഭാവികത ആരോപിച്ച് പട്ടാളത്തില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു.
കര്‍ക്കശക്കാരനായ ഒരു അരിസോണ യുവാവ് എന്തുകൊണ്ട് ഇസ്‌ലാം സ്വീകരിച്ചു എന്ന ചോദ്യത്തിന് ഹോള്‍ഡ്‌ബ്രോക്‌സിന്റെ ഉത്തരം വളരെ കൃത്യമായിരുന്നു. ''ഘടന, നിയമം, അച്ചടക്കം എന്നിവ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അവ മൂന്നും സന്ധിക്കുന്നിടമായി ഇസ്‌ലാമിനെ കണ്ടപ്പോള്‍ ഞാനതിനെ സ്‌നേഹിച്ചു പോയി.''
താടി നീട്ടി, തലമുടി ചീകിയൊതുക്കി, തലയില്‍ ഒരു കറുത്ത തൊപ്പിയും ധരിച്ച് തന്റെ വലതു കൈയിലെ 'പിശാചിനാല്‍ നയിക്കപ്പെടുന്നവന്‍' എന്ന് പച്ച കൊത്തിയത് മറക്കുന്ന നീളന്‍ വസ്ത്രവും ധരിച്ച ഹോള്‍ഡ്‌ബ്രോക്‌സ് ഇന്ന് മുസ്ത്വഫ അബ്ദുല്ല എന്ന പുതിയ മനുഷ്യനായി ജീവിക്കുന്നു. ഗ്വാണ്ടനാമോ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതി ഈ വര്‍ഷം പ്രസിദ്ധീകരിച്ച പുസ്തകമാണ് ഹോള്‍ഡ്‌ബ്രോക്‌സിന്റെ 'രാജ്യദ്രോഹി'(Traitor?). സാമ്രാജ്യത്വത്തിന് സേവചെയ്യാന്‍ നിയോഗിക്കപ്പെട്ട ഒരു പട്ടാളക്കാരന്‍ കണ്ട തടവറയും അവിടത്തെ ഭീകരാന്തരീക്ഷവും മാനസിക പിരിമുറക്കവും അതിനെ അതിജയിക്കുന്ന മനുഷ്യരുടെ വിശാല ഭുമികയും 'രാജ്യദ്രോഹി'യിലൂടെ നമുക്ക് വായിക്കാം.
ഇസ്‌ലാമിനെ നെഞ്ചിലേറ്റിയതോടെ അനീതിക്കെതിരെ പോരാടുക എന്നത് വിശ്വാസത്തിന്റെ തേട്ടമായി തിരിച്ചറിഞ്ഞ ഹോള്‍ഡ്‌ബ്രോക്‌സ് ഇന്ന് ഭരണകൂട ഭീകരതക്കെതിരെയും നീതിനിഷേധിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയും സംസാരിക്കാന്‍ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ്. ''ഗ്വാണ്ടനാമോ അങ്ങനെ തന്നെ തുടരട്ടെയെന്നും ഇസ്‌ലാം അമേരിക്കയുടെ ശത്രുവാണെന്നുമുള്ള ചിന്തക്കെതിരെ പ്രതികരിക്കാതെ ഒരു ഭാഗത്ത് ഒതുങ്ങുന്നത് ഞാനെന്നോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും'' ഹോള്‍ഡ്‌ബ്രോക്‌സ് പറഞ്ഞു. 11 വര്‍ഷമായി വിചാരണയില്ലാതെ ഗ്വാണ്ടനാമോ തടവറയില്‍ കഴിയുന്ന, ഇപ്പോള്‍ നിരാഹാരസമരം നടത്തുന്ന ബ്രിട്ടീഷ് തടവുകാരനായ ആമിറിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നീതി നിഷേധിക്കപ്പെടുന്ന മനുഷ്യര്‍ക്കായി ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് രാജ്യം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന തിരക്കുള്ള മനുഷ്യനാണ് ഇന്ന് ടെറി ഹോള്‍ഡ്‌ബ്രോക്‌സ് എന്ന മുസ്ത്വഫ അബ്ദുല്ല.

[email protected]


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം / 30-36
എ.വൈ.ആര്‍