Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 04

കുടുംബം ഒരു പാഠശാലയാണ്

സാലിം ചോലയില്‍, ചെര്‍പ്പുളശ്ശേരി


കുടുംബസംവിധാനത്തെ കുറിച്ച് പ്രബോധനത്തില്‍ വന്ന ലേഖനങ്ങള്‍ ശ്രദ്ധേയമായി (ലക്കം: 2817). കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണല്ലോ കുടുംബം. ആദമും ഹവ്വയും അവരുടെ ആദ്യജാത സന്തതികളും കൂടിയതാണ് മനുഷ്യചരിത്രത്തിലെ പ്രഥമ കുടുംബം. അങ്ങനെ പുതിയ കുടുംബങ്ങള്‍ ഉടലെടുക്കുകയും മാനവ നാഗരികത വികസിക്കുകയും ചെയ്യുന്നു. മനുഷ്യവര്‍ഗത്തിന്റെ അനുസ്യൂതമായ നിലനില്‍പ്പും തുടര്‍ച്ചയുമാണ് കുടുംബസംവിധാനത്തിന്റെ ലക്ഷ്യം. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലക്ക് തന്നില്‍ അര്‍പ്പിതമായ ദൗത്യം നിറവേറ്റുക എന്നതാണ് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വം. ഈ മഹോന്നതമായ ദൗത്യത്തിന്റെ അഥവാ ഖിലാഫത്തിന്റെ നിലനില്‍പ്പ് കുടുംബത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ.
കുടുംബം ഒരു മഹത്തായ പാഠശാലയാണ്. കുടുംബം നന്മയിലധിഷ്ഠിതമായാല്‍ ലോകം കൂരിരുട്ടിന്റെ ശക്തികളില്‍നിന്ന് രക്ഷപ്പെടുമെന്ന് തീര്‍ച്ച.


ഷ്‌റഫ് റാസിയുടെ വല്ലാ 'കമാല്' ഹേ.... (ആഗസ്റ്റ് 25) എന്ന കവിത വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ, മര്‍ഹൂം മുഹമ്മദ് റഫി സാബ് തന്നെ പലതവണ ദക്ഷിണേന്ത്യക്കാരോട് ആവശ്യപ്പെട്ട ഒരു കാര്യം ഉച്ചാരണത്തിലും എഴുത്തിലും തന്റെ പേര് റാഫി അല്ല റഫി ആണെന്നായിരുന്നു. ഏതായാലും ഈ അനശ്വര ഗായകന്റെ 33-ാം ചരമ വാര്‍ഷികത്തില്‍ പ്രബോധനത്തില്‍ മുഹമ്മദ് റഫി സാബിനെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കവിത പ്രസിദ്ധീകരിച്ചതിലെ സന്തോഷം രേഖപ്പെടുത്തട്ടെ.

ടി.പി.എം ഹാഷിര്‍ അലി, സ്ഥാപക സെക്രട്ടറി,
മുഹമ്മദ് റഫി ഫൗണ്ടേഷന്‍/

 

രക്ഷിതാക്കള്‍ക്ക്
കൂടുതല്‍  ജാഗ്രത വേണം

സംസ്ഥാനത്തെ വിദ്യാര്‍ഥികളില്‍ കുറ്റകൃത്യപ്രവണത വര്‍ധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ലൈംഗികാതിക്രമം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നമ്മെ അമ്പരപ്പിക്കുംവിധം വര്‍ധിച്ചതായി ക്രൈംറെക്കോഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു. 2011 ആഗസ്റ്റ് വരെ സ്ത്രീപീഡന കേസുകളില്‍ പ്രതികളായ 1092 പേരില്‍ 416 പേര്‍, 18 വയസ്സിന് താഴെയുള്ളവരാണ്. ഇവരില്‍ ബലാല്‍സംഗത്തിന് പിടിയിലായവര്‍ 308 പേര്‍! അടിച്ചുപൊളിച്ചു ജീവിക്കാനും ബൈക്ക്, മൊബൈല്‍ റീചാര്‍ജിംഗ്, അശ്ലീല ക്ലിപ്പിംഗ്, ഇന്റനെറ്റ് കഫേ സന്ദര്‍ശനം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവക്ക് പണം സമ്പാദിക്കാനും മോഷണം നടത്തിയ 216 കുട്ടിക്കവര്‍ച്ചാ സംഘങ്ങളാണ് കഴിഞ്ഞവര്‍ഷം പോലീസ് പിടിയിലായത്. സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഒരു വര്‍ഷത്തിനകം രണ്ടിരട്ടി വര്‍ധിച്ചതായി ഹൈടെക് ക്രൈം എന്‍ക്വയറി വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു.
വിജ്ഞാന വിസ്‌ഫോടനത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഈ കാലത്ത് ടി.വി, സിനിമ, ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങി സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളെ അപ്പാടെ ബഹിഷ്‌കരിക്കുക പ്രായോഗികമല്ല. ഇവയുടെ ദുരുപയോഗത്തില്‍നിന്ന് നമ്മുടെ കുട്ടികളെ പിന്തിരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് വിവേകത്തിന്റെ മാര്‍ഗം. വഴിതെറ്റുന്ന കുട്ടികളെ ശരിയായ ദിശയിലേക്ക് വഴി നടത്താനുള്ള സ്‌നേഹപൂര്‍വമായ സമീപനങ്ങളാണ് ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കൗമാരങ്ങളെ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന വിപത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ഏക മാര്‍ഗം.
രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയായി വര്‍ത്തിക്കേണ്ടതുണ്ട്. അശ്ലീലതകളുടെയും വഴിവിട്ട ജീവിത ശൈലിയുടെയും ദൂഷിതവലയങ്ങള്‍ സ്വഗൃഹത്തില്‍തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന രക്ഷിതാക്കളുടെ 'സദാചാരോപദേശം' മക്കളില്‍ വിപരീത ഫലമാണ് സൃഷ്ടിക്കുക. ശിക്ഷയുടെയും ശിക്ഷണത്തിന്റെയും ചുറ്റുവട്ടത്തില്‍ കുട്ടികളെ തളച്ചിടുന്നതാവട്ടെ, ദുസ്സഹമായ നിയന്ത്രണങ്ങളുടെ വേലികെട്ട് തല്ലിപ്പൊളിച്ച് സര്‍വ തന്ത്ര സ്വതന്ത്രരായി അനാശാസ്യത്തിന്റെ മേച്ചില്‍ പുറങ്ങളെ ശരണം പ്രാപിക്കാന്‍ അവര്‍ക്ക് പ്രചോദനമാവാനല്ലാതെ ഉപകരിക്കില്ല. കുട്ടികളുടെ മാനസികാവസ്ഥയും കൗമാരത്തിന്റെ സവിശേഷതകളും കണ്ടറിഞ്ഞ് പെരുമാറാനുള്ള വിവേകമാണ് മാതാപിതാക്കള്‍ക്കുണ്ടാവേണ്ടത്. നമ്മുടെ കുട്ടികള്‍ക്ക് ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം വഴികാട്ടികളായി നിലകൊള്ളുകയും, ഗുണകാംക്ഷികളായ കൂട്ടുകാരെ പോലെ വര്‍ത്തിക്കുകയും ചെയ്യുകയെന്നതാണ് കരണീയം. സൗഹൃദപരമായ സമീപനമായിരിക്കണം വഴിതെറ്റുന്ന കുട്ടികള്‍ക്ക് വഴികാട്ടിയാവേണ്ടത്.

റഹ്മാന്‍, മധുരക്കുഴി

മഅ്ദനി നീതി അനിശ്ചിതകാലം തടവില്‍ തന്നെയാണ്

ഒരു ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനവും ആരോഗ്യകരമായ നിലനില്‍പ്പും വിലയിരുത്തപ്പെടുന്നത് അതിലെ പൗരന്മാര്‍ക്ക് ലഭിക്കുന്ന തുല്യനീതിയെ കണക്കാക്കിയായിരിക്കും. നീതി ഇല്ലെങ്കില്‍ പൗരസ്വാതന്ത്ര്യത്തിലെ സുപ്രധാന തത്ത്വങ്ങളായ സമത്വവും സ്വാതന്ത്ര്യവും അപ്രായോഗികമാകും. അതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും കാവലാളായി കോടതികളെ ദേശീയ നേതാക്കള്‍ വിഭാവന ചെയ്തത്. എന്തെങ്കിലും കാരണവശാല്‍ നീതി നിഷേധിക്കപ്പെട്ടാല്‍ കോടതിയിലൂടെ അത് നേടിയെടുക്കാന്‍ പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ആ അവകാശവും ഉറപ്പുമാണ് മഅ്ദനിയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അറുപത്താറാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ വിവിധ ജയിലുകളില്‍ വിചാരണ തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുതും ഈ ഉറപ്പിന്റെ ലംഘനം കൊണ്ട് തന്നെയാണ്. നീതിയുടെ കാര്യത്തില്‍ സംഭവിക്കുന്ന ഏതൊരു അലംഭാവവും രാജ്യസ്വാതന്ത്ര്യത്തെയും ജനാധിപത്യ സംവിധാനത്തെ തന്നെയും അപായപ്പെടുത്തും.
നമ്മുടെ മൗനത്തിനും നിശബ്ദതക്കും വളരെ വലിയ വില നാം ഒടുക്കേണ്ടി വരും. മഅ്ദനിയെ പോലെ വിചാരണ തടവുകാരായി, ചെയ്ത കുറ്റം എന്തെന്നുപോലുമറിയാതെ ജയില്‍വാസം അനുഭവിക്കുന്ന ഓരോ പൗരനും നമ്മുടെ കുറ്റകരമായ മൗനത്തിന്റെയും നിശബ്ദതയുടെയും ഇരകളാണ്.  

കെ.വി ഇസ്ഹാഖ്, ഒതളൂര്‍


'ഓതിക്കിനാത്തമാര്‍'

കഴിഞ്ഞ ഏതാനും ലക്കങ്ങളിലായി സദ്‌റുദ്ദീന്‍ വാഴക്കാട് പ്രബോധനം വാരികയിലൂടെ തെക്കന്‍ കേരളത്തിലെ ദീനി സ്ഥാപനങ്ങളെയും പണ്ഡിതന്മാരെയും പരിചയപ്പെടുത്തി എഴുതിവന്ന ലേഖനപരമ്പര വായിച്ചപ്പോള്‍, തെക്കന്‍ കേരളത്തിലെ ദീനീ പൈതൃകവും പണ്ഡിത പാരമ്പര്യവും കൃത്യമായി അടയാളപ്പെടുത്തിയ ഒരു ചരിത്ര രേഖയായിട്ടാണ് അനുഭവപ്പെട്ടത്.
പ്രബോധനം ഉയര്‍ത്തിപ്പിടിക്കുകയും, പ്രസ്ഥാനം ലക്ഷ്യമായി പ്രചരിപ്പിച്ചുവരികയും ചെയ്യുന്ന കാര്യങ്ങളോട് പലപ്പോഴും പ്രകടമായിത്തന്നെ വിയോജിപ്പുള്ള സംഘടനകളെയും പോഷക പ്രസ്ഥാനങ്ങളെയുമാണ് പത്തു ലക്കങ്ങളിലായി വാരിക സവിസ്തരം പരിചയപ്പെടുത്തിയത്.
ഇപ്പോള്‍ ഈ വസ്തുതകള്‍ ഓര്‍ത്തെടുക്കാന്‍ കാരണം,  'ഓത്തു പഠിപ്പിച്ച പെണ്‍ ഉസ്താദുമാര്‍' എന്ന തലക്കെട്ടില്‍ (2013 ആഗസ്റ്റ് 23) പ്രബോധനത്തില്‍ വന്ന ലേഖനമാണ്. ഈ കുറിപ്പുകാരന് നേരിട്ട് അറിവുള്ള, ജീവിത പ്രാരാബ്ധങ്ങള്‍ സഹിച്ച് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചുകൊണ്ട് തങ്ങളുടെ ജീവിതത്തെ ഒരു കാലഘട്ടത്തില്‍ അടയാളപ്പെടുത്തിയ മൂന്ന് പെണ്‍ ഉസ്താദുമാരെ കുറിച്ചാണ് ഈ എഴുത്ത്. മലയാളം എഴുതാനോ വായിക്കാനോ അറിഞ്ഞുകൂടാത്ത ഈ പെണ്‍ ഉസ്താദുമാര്‍ 'ഓതിക്കിനാത്തമാര്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരുഷമൊല്ലാക്കമാരെ 'ഓതിക്കിനാക്ക' എന്ന് വിളിച്ചുവന്നിരുന്നത് കൊണ്ടായിരിക്കണം പെണ്‍ ഉസ്താദുമാരെ ഓതിക്കിനാത്തമാര്‍ എന്ന്‌വിളിക്കുന്നത്. പെരുമ്പാവൂരിലും പരിസരങ്ങളിലുമായി ഇവര്‍ താമസിച്ചിരുന്ന വീടുകളുടെ കോലായില്‍ ഇരുന്നാണ് ഓത്തു പഠിപ്പിച്ചിരുന്നത്.
എന്റെ മാതാവാണ് പാറപ്പുറം പുത്തുക്കാടന്‍ സൈനബ. ഞാന്‍ ഒമ്പതാം വയസ്സിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ഉമ്മ വീടിന്റെ ഇറയത്ത് നടത്തിവന്നിരുന്ന ഓത്തുപുരയില്‍ നിന്നാണ് മറ്റ് സഹപാഠികളോടൊപ്പം ഖുര്‍ആന്‍ പഠിച്ചത്. ഇന്ന് ഏതാണ്ട് 60 വയസുകഴിഞ്ഞ ഒത്തിരി ശിഷ്യകള്‍ ഉമ്മക്കുണ്ട്. 80-ാം വയസിലാണ് ഉമ്മ മരണപ്പെടുന്നത്.
പെരുമ്പാവൂര്‍ ടൗണില്‍ മീന്‍ചന്തക്ക് സമീപം പട്ടരുമഠം ഖാദറിന്റെ ഒരു ബന്ധുവീടിന്റെ ഇറയത്തിരുന്നാണ് പ്രൗഢമായ ശബ്ദത്തിലും സ്ഫുടതയിലും പട്ടര്‍മഠം കുഞ്ഞാമ എന്ന മഹതി കുട്ടികളെ ഖുര്‍ആന്‍ ഓത്ത് പഠിപ്പിച്ചിരുന്നത്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഓത്തുപള്ളികളും ദര്‍സുകളും ഈ ഭാഗത്ത് അന്ന് വളരെ കുറച്ച് മാത്രമേ നടന്നിരുന്നുള്ളൂ.
വല്ലിമ്മ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന മൊയ്തീന്‍ ഉമ്മ ഉസ്താദ് ആലുവ പെരുമ്പാവൂര്‍ റൂട്ടിലുള്ള പട്ടരുമഠം കുടുംബത്തില്‍ തന്നെ പെട്ട മുഹമ്മദിന്റെ വീടിന്റെ മുന്‍വശത്തിരുന്നാണ് ഓത്തുപള്ളി നടത്തിയിരുന്നത്. ഈ മൂന്ന് ഉസ്താദുമാരുടെ കഴിവും, ശീലവും, മിടുക്കും എല്ലാം ഇപ്പോഴും ഓര്‍മയിലുണ്ട്. സമുദായത്തിന്റെ പൊതുനേതൃത്വം യഥാസമയം അവരെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കില്‍ മുസ്‌ലിം പൊതുസമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം ഇന്നത്തേതില്‍ നിന്ന് എത്രയോ പുരോഗമിക്കുമായിരുന്നു. വാസ്തവത്തില്‍ അക്കാലം അവരെ പിറകോട്ടുവലിക്കുകയാണല്ലോ ഉണ്ടായത്.
പരിശുദ്ധ ഖുര്‍ആന്‍, അഖീദ, അഖ്‌ലാഖ്, അറബി മലയാള ലിപികളിലുള്ള തര്‍ജമകള്‍, പാട്ടുകള്‍, ബൈതുകള്‍, നസീഹത്തുമാല, കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട് മുതലായ അക്കാലത്തെ പ്രസിദ്ധമായ മുസ്‌ലിം കവിതകള്‍, ചരിത്രകഥകള്‍ തുടങ്ങിയവയെല്ലാം പഠിച്ച് ഹൃദിസ്ഥമാക്കി ഈ പെണ്‍ ഉസ്താദുമാര്‍, ചെറിയ ചെറിയ സദസ്സുകളില്‍ അവതരിപ്പിക്കുമായിരുന്നു. ഓത്തുപഠിപ്പിച്ച അക്കാലത്തെ പെണ്‍ ഉസ്താദുമാര്‍ മുസ്‌ലിം സമുദായത്തില്‍ അന്നത്തെ പ്രതികൂല സാഹചര്യത്തില്‍ തിളങ്ങിനിന്നിരുന്ന പ്രതിഭകള്‍ തന്നെയായിരുന്നു. കേരളത്തിന്റെ തെക്കും വടക്കും അറിയപ്പെടാതെ പോയ സ്ത്രീ ഉസ്താദുമാര്‍ ഇനിയും ധാരാളമുണ്ട്. അവരെ കണ്ടെത്താനും പരിചയപ്പെടുത്താനും പ്രബോധനത്തിന് കഴിയട്ടെ.
 മുഹമ്മദ് വെട്ടത്ത്, പെരുമ്പാവൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം / 30-36
എ.വൈ.ആര്‍