Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 04

നിയോഗ വ്യക്തിത്വം വായനയില്‍ വിടരുമ്പോള്‍

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍ / പുസ്തകം

പ്രവാചകന്‍ മുഹമ്മദിന്റെ ധന്യജീവിതം വിടര്‍ത്തിവായിക്കുന്ന എത്രയധികം പുസ്തകങ്ങളായിരിക്കും ഇന്ന് മലയാളത്തില്‍ പ്രചുരമായിട്ടുള്ളത്, ചെറുതും ബൃഹത്തുമായി.  അത്രക്ക് വൈവിധ്യപൂര്‍ണവും സമഗ്രസമീകൃതവുമാണാ ധന്യജീവിതം. ഹൈക്കലിന്റെ ഹയാത്തുമുഹമ്മദിനുശേഷം ഒരേസമയം പ്രവാചകജീവിതത്തെ വിശദത്തില്‍ നിരീക്ഷിച്ച രണ്ട് ഗ്രന്ഥങ്ങള്‍ കൂടി ഈയിടെ പ്രസിദ്ധീകൃതമായി. മാര്‍ട്ടിന്‍ ലിങ്ങ്‌സിന്റെ മുഹമ്മദും പിന്നീടു നഈം സിദ്ദീഖിയുടെ മുഹമ്മദും. ഇതില്‍ പ്രവാചകജീവിതത്തിലെ തേജോമയ രൂപശക്തിയെ സമ്പൂര്‍ണ ഗൗരവത്തിലും സമഗ്രശോഭയിലും പ്രക്ഷേപിക്കുന്ന ഗഹനതയാര്‍ന്ന രചനയാണ് നഈം സിദ്ദീഖിയുടേത്.
പ്രവാചക ചരിത്രസര്‍വസ്വവും സംക്ഷേപവും തയാറാക്കുമ്പോള്‍ തല്‍കര്‍ത്താക്കള്‍ ഏതെങ്കിലും ചില പ്രത്യക്ഷ ഊന്നുകള്‍ കണ്ടെത്താറുണ്ട്. പ്രവാചകകാരുണ്യം, അദ്ദേഹത്തിന്റെ യുദ്ധം, നബിയുടെ ഭക്തി, ഉയര്‍ത്തിപ്പിടിച്ച മൂല്യവ്യവസ്ഥ, അതുമല്ലെങ്കില്‍ തിരുജീവിതത്തിലെ കായക്ലേശങ്ങള്‍.. മേല്‍ വിശേഷങ്ങള്‍ ഒക്കെയും സമീകൃതമാകുന്ന സമ്പൂര്‍ണ രചനകള്‍ അപൂര്‍വങ്ങളാവും. നഈം സിദ്ദീഖിയുടെ ഈ ബൃഹദ് അന്വേഷണം പക്ഷേ പ്രധാനമായും ഊന്നിനില്‍ക്കുന്നത് പ്രവാചകവ്യക്തിത്വത്തിന്റെ അപൂര്‍വ ശോഭയിലാണ്. ഏതുതരം ലക്ഷ്യസാക്ഷാത്കാരത്തിനും ജീവിതം നല്‍കുന്നവര്‍ പ്രകടിപ്പിക്കുന്ന ചില പൊതുസ്വഭാവങ്ങളുണ്ട്. ത്യാഗം, സമര്‍പ്പണം എന്നിങ്ങനെ. ഇതൊക്കെയും ഉള്ളപ്പോഴും പക്ഷേ നവോത്ഥാന നായകന്മാരുടെ കര്‍മജീവിതത്തിലെ നിമ്‌നോന്നതങ്ങളില്‍ അപ്രതീക്ഷിത വ്യതിയാനങ്ങള്‍ സംഭവിക്കുന്നതു കാണാം. ജനാധിപത്യബോധം ഏകാധിപത്യത്തിനും തന്‍പോരിമക്കും വഴിമാറും. താനുണ്ടാക്കിയ പരിവര്‍ത്തനരൂപം അതിന്റെ തന്നെ പ്രൗഢോല്‍പന്നങ്ങളെ കൊന്നുതിന്നും. ഏതുതരം സ്വരഭേദങ്ങളെയും നിര്‍ദയം കവര്‍ച്ച ചെയ്യും. ചിലപ്പോള്‍ അയാള്‍ ആഡംബരങ്ങളില്‍ മുഴുകും. അല്ലെങ്കില്‍ പരിവര്‍ത്തനനേട്ടങ്ങളിലേക്ക് സ്വന്തം കുടുംബങ്ങളെ തുറന്നുവിടും. ചിലപ്പോള്‍ തന്റെ അധികാര താഴ്‌വരകളിലേക്കും ഗിരിശൃംഗങ്ങളിലേക്കും സ്വന്തക്കാര്‍ക്ക് മേഞ്ഞുനടക്കാന്‍ രഹസ്യതുരങ്കങ്ങള്‍ പണിയും. അവസാനമവര്‍ നിസ്സഹായതയുടെ ചുഴിമലരികളില്‍ സ്വയം തിരിഞ്ഞുതാഴും.
ഇവിടെയാണ് പ്രവാചകവ്യക്തിത്വം തിങ്കള്‍ ശോഭയോടെ മിഴിവാര്‍ന്നു നില്‍ക്കുന്നത്. ഈ മിഴിവും ശോഭയും അതിനുപിന്നിലെ നിയോഗശേഷിയുമാണ് അറുനൂറോളം പുറങ്ങളിലേക്ക് വികസിക്കുന്ന ഗഹന പാരായണം കണ്ടെത്തുന്നത്.
അഭിജാതമായൊരു കുടുംബത്തില്‍ അനാഥനെങ്കിലും കുലീനനായി പിറക്കുകയും ജീവിതം പൂക്കുകയും ചെയ്ത മുഹമ്മദ് ഒരിക്കല്‍ പോലും നിമ്‌നനാകാതെ എന്നും ഉന്നതമായിതന്നെ സൂര്യതേജസ്സോടെ ഭൗതികജീവിതത്തില്‍ നിന്നും തിരിച്ചുപോയി. ഇതിനിടയില്‍ കഴിഞ്ഞുപോകുന്ന സംഭവബഹുലതകള്‍ ഇതത്രയും അടുക്കിപെറുക്കി പ്രവാചകവ്യക്തിത്വത്തിന്റെ തല്‍സ്വരൂപം സൂക്ഷ്മത്തില്‍ തന്നെ എഴുത്തുകാരന്‍ നിരീക്ഷിക്കുന്നു.
എന്താണ് പ്രവാചകന്‍ സാക്ഷാത്കരിച്ച സാമൂഹിക നിയോഗം? അത് ആത്മീയ പ്രധാനമോ, അനുഷ്ഠാനമോ, പരിത്യാഗമോ, പരിവ്രാജകത്വമോ, ധര്‍മാനുചാരിയുടെ സ്വാത്വികതയോ? യഥാര്‍ഥത്തില്‍ പ്രവാചക നിയോഗം മുന്നോട്ടു വെക്കുന്ന ഒരു രാഷ്ട്രമീമാംസയുണ്ട്. നിഷ്‌കൃഷ്ടമായ നീതിയും നിര്‍ഭയത്വവും ഒപ്പം സമ്പൂര്‍ണമായ ജീവിതസമൃദ്ധസാധ്യതയും ദൈവത്തിന്റെ അടിയാളുകള്‍ക്ക് അവന്റെ ഭൂമിയില്‍ ലഭ്യമാകുന്ന ഒരു രാഷ്ട്രമീമാംസ. ഈ രാഷ്ട്രീയമീമാംസയുടെ സമ്പൂര്‍ണമായ ആവിഷ്‌കാരമാണ് ഇരുപത്തിമൂന്നു വത്സരം കൊണ്ട് പ്രവാചകന്‍ അറേബ്യയില്‍ വിജയിപ്പിച്ചത്. അതിലൂടെ മരണാനന്തര ജീവിതത്തിലെ മോക്ഷവും സ്വര്‍ഗപ്രാപ്തിയും. ഇതാണ് മുഹമ്മദീയ ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും. ലക്ഷ്യം തന്നെ മാര്‍ഗമാവുകയും മാര്‍ഗം ലക്ഷ്യമാവുകയും ചെയ്യുന്ന ചേതോഹരമായ ഒരു ദിവ്യസംഗമത്തെയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഇതുതന്നെയാണ് പ്രവാചക ജീവിതത്തിന്റെ തികവും തിലകവും. ഈയൊരു അന്വേഷണമാണ് സിദ്ദീഖി നിര്‍വഹിക്കുന്നതും. സയ്യിദ് മൗദൂദിയുടെ പാഠശാലയില്‍ ഇസ്‌ലാമികസാക്ഷരനായ നഈം സിദ്ദീഖിക്ക് ഇസ്‌ലാമിന്റെ ഈ സമഗ്രവീക്ഷണം സ്വന്തമാവുന്നതില്‍ അത്ഭുതമില്ല.
ലോകാലോകങ്ങളിലൊക്കെയും നദീതടനാഗരികതകള്‍ക്ക് അവയുടെ വര്‍ണക്കാഴ്ചകള്‍ കെട്ടുപോയകാലം. ഗോത്രവര്‍ഗജീവിതത്തിന്റെ തമോഘട്ടം അവസാനിച്ച് സാര്‍വദേശീയതയുടെയും ശാസ്ത്രബോധത്തിന്റെയും സംഗമകാലം. ഇതാണ് പ്രവാചകനിയോഗത്തിന് അല്ലാഹു തെരഞ്ഞെടുത്തത് എന്നാണു സിദ്ദീഖിയുടെ നിഗമനം. തീര്‍ത്തും സ്വതന്ത്രമായ ഒരു ജനതയെയും ഈയൊരു കാലത്തെയും അതിലെ മനുഷ്യരെയും സമര്‍ഥമായി വിനിമയം ചെയ്തപ്പോഴാണ് പ്രവാചകനു മരുഭൂമിയില്‍ ചിരന്തനമായ വസന്തം കൊണ്ടുവരാനായത്. ഈയൊരു വസന്തതിലകത്തിന് നവീനമായ ഒരു സിദ്ധാന്തവും പ്രവാചകന്‍ പ്രയോഗിച്ചിട്ടില്ല. മറിച്ച് കാലാതീതമായ നന്മയുടെ ജ്വാലയുമായി സമൂഹകേന്ദ്രത്തില്‍ പ്രത്യക്ഷനായ പ്രവാചകന്‍ പ്രഘോഷിച്ചത് പ്രവാചകപരമ്പര എക്കാലത്തും പെരുമാറിയ ആദിവചനദീപ്തി തന്നെയാണ്. ദൈവത്തിന്റെ അധികാരം പരശ്ശതം വിഗ്രഹങ്ങളിലേക്ക് നിക്ഷേപിക്കുകയും ഫലത്തില്‍ മനുഷ്യ അധികാരക്കോവിലുകള്‍ സാധുജനത്തെ വഴിപ്പെടുത്തുകയും ചെയ്ത ഒരു കെട്ടകാലം. അന്നാണ് ഏകദൈവത്തിലേക്കുള്ള സമ്പൂര്‍ണമായ സമര്‍പ്പണത്തിലേക്കും അതുവഴി അവരുടെ വിമോചനവും സുരക്ഷയും സമൃദ്ധിയും ഒപ്പം സ്വര്‍ഗപ്രാപ്തിയും പ്രവാചകന്‍ ഒരുപോലെ ഉദ്‌ഘോഷിച്ചത്. ഈയൊരു ഉദ്‌ഘോഷത്തിന്റെ ചാരുതയാണ് ഈ പുസ്തകത്തിലുടനീളം നഈം സിദ്ദീഖി അന്വേഷിക്കുന്നത്. സത്യപ്രബോധനത്തിനായി പ്രവാചകന്‍ നടത്തിയ വിശുദ്ധ സഞ്ചാരങ്ങള്‍, നടന്നുതീര്‍ത്ത മുള്ളുപാതകള്‍, ചാടിക്കടന്ന കിടങ്ങുകള്‍, കൊണ്ടേറ്റ ശത്രുക്കള്‍, കഠോരയുദ്ധതാഴ്‌വരകള്‍, നിത്യപീഡനത്തിന്റെ മുള്‍മുടിക്കെട്ടുകള്‍, അഭിമുഖീകരിച്ച വാള്‍തലപ്പുകള്‍, പലായനങ്ങള്‍, തിരസ്‌കാരങ്ങള്‍, പരിഹാസങ്ങള്‍, ഭീതിപൂത്ത സ്വപ്നങ്ങള്‍, ബന്ധുജനങ്ങളുടെ സ്‌നേഹശാത്രവങ്ങള്‍, കയ്ക്കുന്ന ഏകാന്തത, അപ്പോഴും ഏതു സഹനത്തിലും മനസ്സില്‍ സൂക്ഷിക്കുന്ന പ്രതീക്ഷയുടെ ജ്വാല, പയ്യെപയ്യെ തന്റെ അനുയായികളുടെ വിശാലത, അവരുടെ സ്‌നേഹവായ്പ്, സഹനം, പരിത്യാഗം, സങ്കടയാത്രകള്‍, ദേശത്യാഗം, ജയിച്ചടക്കലുകള്‍, അപ്പോഴും മനസ്സില്‍ കിനിയുന്ന സ്‌നേഹാര്‍ദ്രത ഇതെല്ലാം വിസ്തൃതമാക്കുന്ന മഹാജീവിതത്തിന്റെ പുസ്തകമാണിത്.
സാമാന്യം ബൃഹത്തായ പുസ്തകം വിടരുന്നതു രണ്ടു ദളങ്ങളായാണ്. പുണ്യജീവിതത്തിന്റെ പലായനാനന്തരവും പൂര്‍വവുമായ രണ്ടു ദളങ്ങള്‍. ഇതില്‍ ആദിപര്‍വം തുടങ്ങുന്നതുതന്നെ പ്രവാചകത്വം മുതലാണ്. റസൂലിന്റെ ബാല്യകൗമാര യൗവനകാലങ്ങള്‍ എഴുത്തുകാരന്‍, ബോധപൂര്‍വമാകാം വിട്ടുകളഞ്ഞിരിക്കുന്നു. മഹത്തായ നിയോഗജീവിതത്തെ വിസ്താരത്തിനെടുക്കുമ്പോള്‍ പൂര്‍വകാലം അത്ര ബൃഹത്തില്‍ വിശദീകരിക്കേണ്ടതില്ല. പ്രാമാണിക പ്രവാചകചരിത്രപുസ്തകങ്ങളില്‍പോലും നിയോഗത്തെ സാധൂകരിക്കാന്‍ പലപ്പോഴും അത്യുക്തിയോടെ വിസ്തരിക്കുക നിയോഗപൂര്‍വകാല പെരുമകളായിരിക്കും. അതില്ലാതെ തന്നെയാണ് നഈം സിദ്ദീഖി പ്രവാചകജീവിതത്തെ നിരീക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഇതൊരു പുതുസരണിയാണ്. ഇതു തന്നെയാണ് പ്രസക്തവും.
ദീര്‍ഘകാലം പ്രവാചകന്‍ മക്കയിലെ പരുത്ത മലമടക്കുകളില്‍ ഞെരുക്കപ്പെടുന്നു. കഠോരപീഡാനുഭവത്തിന്റെ തീക്കാലങ്ങളിലേക്ക് ഉപേക്ഷിതനാവുന്നു. സഹായം തേടി വിദൂര ഗോത്രങ്ങളിലേക്ക് സഞ്ചാരം. അപ്പോഴും പങ്കുവെക്കുന്നത് ജ്വലിക്കുന്ന പ്രതീക്ഷ. കഷ്ടജീവിതത്തിന്റെ ദുരിതങ്ങള്‍ എണ്ണി സങ്കടം ഉണര്‍ത്തിച്ച അനുയായികളോട് പ്രവാചകന്‍ പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടില്ല. അവര്‍ക്കായി പ്രാര്‍ഥിച്ചുമില്ല. അദ്ദേഹത്തിന്റെ ശാസന തീവ്രമായി പ്രവര്‍ത്തിക്കാനായിരുന്നു. അങ്ങനെ വിദൂരമായ മരുഭൂമിയിലെ ഒറ്റയടിപ്പാതകളില്‍ വരെ ചെന്നായയെപ്പോലും ഭയക്കാതെ ദീര്‍ഘ സഞ്ചാരസുഖങ്ങള്‍ സംഭവിക്കുന്ന നിര്‍ഭയകാലത്തിനായി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനം. തിരസ്‌കാരവും അപമാനകാലുഷ്യവും പേറി നിസ്സഹായനും നിസ്വനുമായി പിറന്നമണ്ണില്‍ നിന്നും പുറപ്പെട്ടു പോകുമ്പോഴും ഖിസ്‌റയുടെയും കൈസറിന്റെയും ജംഗമങ്ങള്‍കൊണ്ടു അമ്മാനംകളിക്കുന്ന ചേതോഹര ദിനങ്ങളെ പറ്റിവര്‍ത്തമാനം പറയുക. പശിയും ദാഹവും പേറി കൊടും ശത്രുവിനെതിരെ പ്രതിരോധങ്ങള്‍ സമാഹരിക്കുമ്പോഴും അന്നത്തെ ലോകസാമ്രാജ്യശക്തികളുടെ ആരൂഢം തെറിക്കുന്നതായി അനുയായികള്‍ക്ക് സുവാര്‍ത്ത നല്‍കുക. അങ്ങനെ മനുഷ്യചൂഷണങ്ങളില്‍ നിന്ന് സ്രഷ്ടാവിന്റെ സ്വാതന്ത്ര്യത്തിലേക്കു സഹജീവികളെ വിമോചിപ്പിക്കുക. ഇതൊരു രാഷ്ട്രമീമാംസയാണ്. ഈ രാഷ്ട്രമീമാംസയുടെ പ്രയോഗമാണ് മുഹമ്മദീയ നിയോഗം ലക്ഷ്യമാക്കുന്നത്. അതിന് ഏതു കൊടുങ്കാറ്റിലും ഉലയാത്ത, ഏതു തിളക്കുന്ന അഗ്നിയിലും വെന്തുപോകാത്ത ഇഛാശക്തിയുള്ള നായകന്‍ വേണം. ഇതാണ് പ്രവാചകന്‍. ഏതു പ്രതിസന്ധിയിലും ഉലയാത്ത ഈ പ്രവാചകവ്യക്തിത്വമാണ് ഇസ്‌ലാമിന്റെ അത്ഭുതകരമായ വ്യാപനത്തിന്റ കാരണങ്ങളില്‍ ഒന്ന്. ഇത് നിഷ്‌കൃഷ്ടമായി ഈ കൃതിയില്‍ നമുക്ക് കണ്ടെത്താം. മരണശേഷജീവിതത്തില്‍ സ്വര്‍ഗം വേണമെങ്കില്‍ ഭൂമിയില്‍ സഹോദരന്റെ ജീവിതം ശുഭമാക്കാന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതു സംഭവിക്കേണ്ടതു സാമൂഹിക ഇടപെടലിലൂടെയായിരിക്കണം. ഇങ്ങനെ സാമൂഹിക നവീകരണത്തിന് പ്രാപ്തമാക്കിയ നിസ്തുലതയിലൂടെയാണ് ഈ പുസ്തകം ആദിമധ്യാന്തം വികസിക്കുന്നത്.
തന്റെ നിയോഗകര്‍മത്തിനു ഒരുതരം പ്രതീക്ഷയും നല്‍കാതെ അറേബ്യന്‍ വരേണ്യവണിക്കുകളായ ഖുറൈശികള്‍ സ്വന്തം സഹോദരനെ നിര്‍ദയം നാടുകടത്തിയ കഥ സിദ്ദീഖി എഴുതുമ്പോള്‍ വായനക്കാരന്‍ അറിയാതെ വിതുമ്പിപ്പോകും. ഒടുവില്‍ എല്ലാറ്റിനെയും വകഞ്ഞാണ് അഖ്വബ ഉടമ്പടിയും റിദ്‌വാന്‍ സന്ധിയുമൊക്കെ എഴുതപ്പെടുന്നത്. ഇതൊക്കെയും കേവലം അനുഷ്ഠാന സ്വാതന്ത്ര്യത്തിനുള്ള ആയല്‍ മാത്രമല്ല, മറിച്ചു ഒരു സാമൂഹിക നിര്‍മിതിക്കുതന്നെയുള്ള അധ്വാനമാണ്. അതിനാണു പ്രവാചകന്‍ നിരവധി തവണ പടയങ്കി കെട്ടിയത്. അതിനാണദ്ദേഹം പാറകള്‍ പിളര്‍ത്തി കിടങ്ങുകള്‍ കോരിയത്. തബൂക്കിലേക്കും ഹുനൈനിലേക്കും പട്ടാളത്തെ നടത്തിച്ചത്. അതിനുമാത്രമാണ് മക്കപിടിച്ചത്. അപ്പോഴൊക്കെയും പ്രത്യാശയെ വാഹനമാക്കിയും ദുഃഖങ്ങളെ സഹചാരിയാക്കിയും വിരക്തിയെ ഉപജീവനമാക്കിയും വിനയം ബഹുമതിയാക്കിയും അദ്ദേഹം അവരില്‍ ഒരാളായി. പ്രവാചക ജീവിതത്തിന്റെ ഈ പരഭാഗശോഭകള്‍ പുസ്തകത്തില്‍ സുലഭമാണ്. മഹായുദ്ധങ്ങള്‍ അനായാസം പോരാടി ജയിക്കുകയും അതിലൊക്കെയും സാധാരണ പട്ടാളക്കാരനായി അങ്കം കൊള്ളുകയും കൈയില്‍ കുമിഞ്ഞ സമരാര്‍ജിതങ്ങളൊക്കെയും ഉദാരമായി വിതരണം ചെയ്തു യാതൊന്നും സ്വന്തമാക്കാതെ നിസ്വനും നിര്‍മമനുമായി സ്വന്തം മണ്‍കുടിലിലെ തഴപ്പായയിലേക്ക് തിരിച്ചെത്തി പട്ടിണിയെ ആഘോഷമാക്കുകയും ചെയ്യുന്ന പ്രവാചകന്‍. ഇങ്ങനെ ഒരു സൈനിക നായകനും രാഷ്ട്രനായകനും. ഇതാണു പ്രവാചകന്റെ രാഷ്ട്രമീമാംസ. ഇസ്‌ലാമിന്റെ രാഷ്ട്രമീമാംസ. ഈ ജീവിതത്തിനു സമശീര്‍ഷമായി ലോകചരിത്രത്തില്‍ ഒരു വിദൂര സാദൃശ്യം പോലുമില്ല. ഒന്നുമില്ലായ്കയില്‍ നിന്നാണ് ഒരു സാമൂഹിക ജീവിതസരണി പ്രവാചകന്‍ പണിതെടുത്തത്. ഒപ്പം അവിടെ ജീവിക്കുന്നവര്‍ക്ക് പ്രശാന്തമായ ഒരു മനസ്സും മരണാനന്തരം പരമമായ മോക്ഷവും. ഈയൊരു ജീവിത രസതന്ത്രം മനുഷ്യര്‍ക്കു സമര്‍പ്പിക്കാന്‍ മനുഷ്യജീവിതത്തിന്റെ സാധ്യതകള്‍ അറിയുന്ന ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളൂ. തന്റെ ഉത്തമരായ പ്രവാചകന്മാര്‍ മുഖേന അതതു കാലത്തിലെ നാഗരിക വികാസങ്ങള്‍ക്കനുരോധമായി വികാസക്ഷമമായി തന്നെ അവതരിപ്പിക്കപ്പെട്ട പ്രപഞ്ചസത്യമാണ് ഈ മുഹമ്മദീയ ദൗത്യം. ഈ സത്യത്തെ വിശദപ്പെടുത്തലാണ് ഈ പുസ്തകം സാധ്യമാക്കുന്നത്.
പുസ്തകത്തില്‍ ധാരാളം കവിതകള്‍ എഴുത്തുകാരന്‍ ഉദ്ധരിക്കുന്നുണ്ട്. അതിന്റെ കാവ്യപരിഭാഷക്ക് തല്‍മണ്ഡലത്തില്‍ കഴിവുള്ളവരെ ആശ്രയിക്കാമായിരുന്നു. അല്ലെങ്കില്‍ ആശയം ശുദ്ധഗദ്യത്തില്‍ ഒതുക്കാമായിരുന്നു. ഇതിപ്പോള്‍ കാവ്യപാരായണത്തിന്റെ സുഖം തരുന്നില്ല. കവിത എവിടെയൊക്കെയോ കൊളുത്തിപ്പറിക്കുന്നതുപോലെ. പുസ്തകത്തില്‍ അബൂത്വാലിബിനെ പ്രവാചകന്‍ സംബോധനം ചെയ്യുന്നത് എളാപ്പ എന്നാണ്. പിതാവിന്റെ ജ്യേഷ്ടസഹോദരനെ എളാപ്പ എന്ന് സംബോധന ചെയ്യുന്ന പതിവ് കേരളീയ മുസ്‌ലിം സമൂഹത്തിലില്ല. അറബിയില്‍ അതാകാം. അവര്‍ക്കൊക്കെയും 'അമ്മ്' എന്ന പൊതു സംജ്ഞയില്‍ അത് ഒതുങ്ങി നില്‍ക്കും. പ്രവാചക പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും 'ജനങ്ങളേ' എന്ന സംബോധന കാണാം. മലയാളത്തില്‍ ഇത് അരോചകമാണ്. അതു 'സുഹൃത്തുക്കളേ' എന്നു മതിയായിരുന്നു. തര്‍ജമക്കാര്‍ക്ക് എടുക്കാവുന്ന സ്വാഭാവികസ്വാതന്ത്ര്യമാണ് ഇതൊക്കെ. പുറംചട്ട മനോഹരമാണ്. വര്‍ണവിന്യാസവും ജാമിതിയും ഉചിതം. അറബി കലിഗ്രാഫിയില്‍ പ്രവാചകനാമം മാത്രം മതിയായിരുന്നു. പുസ്തകം പൊതുസമൂഹത്തിന് വായനക്ഷമമാണ്. പുറംചട്ടയിലെ അറബി ലിപി ബാഹുല്യം അത്തരം വായനക്കാരെ അകറ്റിക്കളയും. പാരായണം കഴിയുമ്പോള്‍ പ്രവാചകനിയോഗം അതിന്റെ സപ്തവര്‍ണ പൊലിവുകളോടെ നമ്മുടെ മുന്നില്‍ ഉജ്വലിച്ചുനില്‍ക്കുന്നു.

മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍
നഈം സിദ്ധീഖി
വിവ: കെ.ടി ഹുസൈന്‍, പി.പി അബ്ദുറഹ്മാന്‍
ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്
വില 390, പേജ് 634

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം / 30-36
എ.വൈ.ആര്‍