Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 04

ചൊട്ടു ചികിത്സകള്‍

നിര്‍ദിഷ്ട വര്‍ഗീയ കലാപ നിയന്ത്രണ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ പ്രസ്താവിച്ചിരിക്കുന്നു. മുസഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 23-ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിളിച്ചുചേര്‍ത്ത ദേശീയോദ്ഗ്രഥന സമിതി സമ്മേളനത്തിലാണ് മന്ത്രിയുടെ വാഗ്ദാനം. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ വര്‍ഗീയ വിദ്വേഷം പരത്തുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാധ്യത കാണപ്പെടുമ്പോള്‍ നേരിടാന്‍ അതിജാഗ്രതയോടെ മുന്‍കരുതലുകളെടുക്കാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കര്‍മനിരതരാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നിര്‍ദയം നടപടിയെടുക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നും കൃത്യവിലോപം വരുത്തുന്നവരെ വിചാരണ ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ആഭ്യന്തരമന്ത്രിയുടെ വാഗ്ദാനവും പ്രധാനമന്ത്രിയുടെ ഉപദേശവുമൊക്കെ നടപ്പിലാകുന്നുവെങ്കില്‍ വളരെ നല്ലത്. വര്‍ഗീയ കലാപങ്ങള്‍ തീരെ തുടച്ചുനീക്കാനായില്ലെങ്കിലും ഗണ്യമായി കുറക്കാന്‍ അത് സഹായകമാകും. പ്രഖ്യാപനങ്ങള്‍ കടലാസില്‍ തന്നെ കിടന്നാല്‍ ഫലം നേരെ മറിച്ചായിരിക്കും. ഗുരുതരമായ ദുരന്തങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഞെട്ടിയുണരുന്നു. ഉത്തരവാദപ്പെട്ടവര്‍ വാഗ്ദാനങ്ങളും താക്കീതുകളുമിറക്കുന്നു. ജനങ്ങള്‍ ഉത്കണ്ഠാകുലരാകുന്നു. പ്രതിഷേധ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറുന്നു. പ്രമേയങ്ങള്‍ പാസ്സാക്കപ്പെടുന്നു. അന്തരീക്ഷം ആകെ ബഹള മുഖരിതമാകുന്നു. സ്ഥിതിഗതികള്‍ തല്‍ക്കാലം ശാന്തമാകാന്‍ ഭരണകൂടം ചടുലമായി പ്രവര്‍ത്തിക്കുന്നു. തല്‍ക്കാലം കൊടുങ്കാറ്റടങ്ങുകയും വെള്ളം വലിയുകയും ചെയ്യുന്നതോടെ എല്ലാം അവസാനിക്കുന്നു. പിന്നെ കഴിഞ്ഞതിനെക്കുറിച്ചൊന്നും ആരും ചിന്തിക്കുന്നില്ല. ദുരന്തങ്ങളില്‍ ഇരയാക്കപ്പെട്ടവര്‍ പോലും കഴിഞ്ഞതൊക്കെ മറന്ന് അന്നന്നത്തെ അതിജീവനത്തില്‍ ശ്രദ്ധയൂന്നുന്നു. അവര്‍ക്കതേ കഴിയൂ. അനിഷ്ട സംഭവങ്ങള്‍ വേഗം മറന്നു കളയുന്നത് ഒരു കണക്കിന് നല്ലതാണ്. പിന്നിട്ട ദുരന്തങ്ങള്‍ കരിനിഴലായി ഭാവി ജീവിതത്തെ പിന്തുടരാനനുവദിച്ചു കൂടാ. ദുരന്തങ്ങള്‍ മറക്കുകയെന്നാല്‍ ചരിത്രം പാടെ മറന്നുകളയുകയല്ല; ദുരന്തങ്ങളുളവാക്കിയ വേദനയും നൈരാശ്യവും പ്രതികാരവാഞ്ഛയും മറക്കുകയാണ്. ദുരന്ത സംഭവങ്ങള്‍ അവ വന്ന വഴിയും പോയ വഴിയും മറന്നുകൂടാ. അവയുടെ വിസ്മൃതി അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അവസരമൊരുക്കലാണ്.
ഒരു ദുരന്തം ആദ്യ വട്ടം ഉണ്ടാകുമ്പോള്‍ തന്നെ ആഴത്തില്‍ വിശകലനം ചെയ്ത് അതിന്റെ അടിവേരുകളും വളങ്ങളും കണ്ടെത്തുകയാണ് വേണ്ടത്. ഒപ്പം അതിന്റെ കര്‍ഷകരും ഗുണഭോക്താക്കളും ആരെന്നും മനസ്സിലാക്കണം. എങ്കിലേ അത് ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദവും സുസ്ഥിരവുമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെയായി നാല്‍പതിനായിരത്തിലേറെ വര്‍ഗീയ കലാപങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും നമുക്കതിന് അന്ത്യം കുറിക്കാന്‍ കഴിയാതെ പോയതെന്തേ? നാം അതിനു ശ്രമിക്കേണ്ട വിധം ശ്രമിച്ചിട്ടില്ല എന്നു തന്നെയാണ് ഉത്തരം. ഒരു വശത്ത് വര്‍ഗീയതയെ നിശിതമായി അപലപിക്കുമ്പോള്‍ മറുവശത്ത് അതിനെ തലോടുന്ന നയമാണ് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ എന്നും സ്വീകരിച്ചുപോന്നിട്ടുള്ളത്. മിക്ക രാഷ്ട്രീയ കക്ഷികള്‍ക്കും, വര്‍ഗീയ വിരോധവും വര്‍ഗീയ പ്രീണനവും അവസരം കിട്ടുമ്പോള്‍ ഉപയോഗിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ്. വര്‍ഗീയത എങ്ങനെ ഇല്ലാതാക്കാമെന്നല്ല, സ്വന്തം അധികാര താല്‍പര്യത്തിന് എങ്ങനെ ഉപയോഗിക്കാമെന്നാണ് അവര്‍ ചിന്തിക്കുന്നത്. ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇന്നോളം തുടര്‍ന്നുവന്നിട്ടുള്ള സമീപനത്തില്‍ ഈ നയം തെളിഞ്ഞു കാണാം. 2009-ല്‍ രൂപവത്കരിച്ച, വര്‍ഗീയ സംഘട്ടനങ്ങള്‍ ഒരളവോളം തടയാന്‍ ഉപകരിക്കുന്ന വര്‍ഗീയ കലാപ നിയന്ത്രണ ബില്‍ സര്‍ക്കാറിന് ഇതുവരെ പാര്‍ലമെന്റിലവതരിപ്പിച്ച് പാസ്സാക്കാനായിട്ടില്ല. അതേസമയം യു.എ.പി.എ എന്ന കരിനിയമം പാസ്സാക്കിയെടുക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല. എന്താണ് കാരണം? ആദ്യത്തേത് ഭൂരിപക്ഷ വിഭാഗത്തിലെ വര്‍ഗീയ ശക്തികളുടെ താല്‍പര്യത്തിന് ഹാനികരമാണ്. അതുകൊണ്ട് അത് പാസ്സാക്കിയെടുക്കാന്‍ ധൈര്യം പോരാ. രണ്ടാമത്തേത് ന്യൂനപക്ഷ സമുദായത്തെ വേട്ടയാടാനുള്ളതാണ്. അങ്ങനെയൊരു നിയമമുണ്ടായതില്‍ ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് സന്തോഷമേയുള്ളൂ. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ അക്രമങ്ങള്‍ക്ക് ഭീകരത, ദേശദ്രോഹം തുടങ്ങിയ മുദ്രകളൊന്നുമില്ല. അതിനെതിരെ ന്യൂനപക്ഷത്തുനിന്ന് പ്രതികരണമുണ്ടായാല്‍ അത് ദേശദ്രോഹപരമായ ഭീകര പ്രവര്‍ത്തനമാണ്. അങ്ങനെ പ്ര തികരിക്കുന്നവരെയും സര്‍ക്കാറിനും പോലീസിനും ഇഷ്ടമില്ലാത്തവരെയും വേട്ടയാടാനുള്ളതാണ് യു.എ.പി.എ.
ദുരന്തങ്ങള്‍ പൊട്ടി വീണ് കഷ്ടനഷ്ടങ്ങളും ജീവഹാനിയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങള്‍ ബഹളം കൂട്ടുന്നു. അപ്പോള്‍ സര്‍ക്കാര്‍ ഞെട്ടിയുണര്‍ന്ന് തല്‍ക്കാല ശാന്തിക്കു വേണ്ടി ചിലതൊക്കെ കാട്ടിക്കൂട്ടുന്നു. അന്തരീക്ഷം തെല്ലൊന്ന് ശാന്തമായാല്‍ എല്ലാവരും എല്ലാം മറക്കുന്നു. നടേ സൂചിപ്പിച്ച പോലെ വര്‍ഗീയ കലാപങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ അതിന്റെ അടിസ്ഥാന കാരണങ്ങള്‍ ആഴത്തില്‍ പരിശോധിച്ച് കണ്ടെത്തി ശാശ്വതമായ നിവാരണ നടപടികളാവിഷ്‌കരിച്ചിരുന്നുവെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനാധിപത്യ മതേതര ഇന്ത്യ ഗുജറാത്തിലും ആസാമിലും ഇപ്പോള്‍ മുസഫര്‍ നഗറിലും ഉണ്ടായ ദാരുണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നില്ല. നമുക്ക് ദേശിയോദ്ഗ്രഥന സമിതിയുണ്ട്. രണ്ടു വര്‍ഷമായി ഈ സമിതി യോഗം ചേര്‍ന്നിട്ട്. അതിനിടെ ചെറുതും വലുതുമായ പല വര്‍ഗീയ സംഘട്ടനങ്ങള്‍ നടക്കുകയുണ്ടായി. അപ്പോഴൊക്കെ ഉറങ്ങിക്കിടന്ന സമിതി മുസഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഉണര്‍ന്നെഴുന്നേറ്റതിനു കാരണം ഈ കലാപം സൃഷ്ടിച്ച ഉത്കണ്ഠയെക്കാളേറെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളാണെന്ന് സംശയിക്കുന്നവരുണ്ട്. ഏതായാലും പ്രതിപക്ഷത്തിന്റെ പ്രഗത്ഭരായ മൂന്നു മുഖ്യമന്ത്രിമാര്‍, നരേന്ദ്രമോഡിയും മമതാ ബാനര്‍ജിയും കുമാരി ജയലളിതയും ദേശീയോദ്ഗ്രഥന സമിതിയില്‍ പങ്കെടുക്കുകയുണ്ടായില്ല. വര്‍ഗീയ വിപത്തിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള ജാഗ്രതയുടെ കൂടി സൂചകമാണത്. ആഴവും ആത്മാര്‍ഥയുമില്ലാത്ത പരിഹാരാന്വേഷണം മൂലം ഒരേതരം ദുരന്തത്തിന് വീണ്ടും വീണ്ടും നാം ഇരയായിക്കൊണ്ടിരിക്കുകയാണ്. ഈ നിലപാടിനു മാറ്റം വരാത്തേടത്തോളം കാലം വര്‍ഗീയ വിപത്തിന് ശാശ്വത പരിഹാരം അസാധ്യമാകുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം / 30-36
എ.വൈ.ആര്‍