സത്യത്തിലെ യുക്തിയും അനുഭവവും
മനുഷ്യ ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും തേടിയുള്ള അന്വേഷണത്തിനു മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. തെറ്റായാലും ശരിയായാലും ആധ്യാത്മികവും ഭൗതികവുമായ നിരവധി ദര്‍ശനങ്ങള്‍ മനുഷ്യ ചരിത്രത്തില്‍ ലഭ്യമായത് അതിന്റെ ഫലമായാണ്. സുന്ദരഭാവന എന്ന നിലയിലും ആഴമേറിയ ചിന്ത എന്ന നിലയിലും അതതു കാലക്കാരെ അത്ഭുതപ്പെടുത്തിയ മിക്ക ദര്‍ശനങ്ങളും കാലത്തിന്റെ ചുരുക്കം പേജുകള്‍ പിന്നിടുമ്പോള്‍ തന്നെ അബദ്ധങ്ങളായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയതുകൊണ്ടാണ് മനുഷ്യ ചരിത്രം അത്തരം ദര്‍ശനങ്ങളുടെ കൂടി ശ്മശാന ഭൂമിയായി മാറിയത്. കാലത്തിന്റെ ഒരു ബിന്ദുവില്‍ നിന്നു കൊണ്ട് മനുഷ്യ ചരിത്രത്തെയും പ്രപഞ്ചത്തെയും വ്യാഖ്യാനിക്കാനുള്ള മനുഷ്യചിന്തയുടെ പരിശ്രമം അതിന്റെ സ്ഥലകാല പരിമിതിയുടെയും മനുഷ്യ ബുദ്ധിയുടെ അപൂര്‍ണതയുടെയും ഫലമായി പരാജയപ്പെടുന്നുവെന്നത് സ്വാഭാവികം മാത്രമാണെന്നതാണ് വസ്തുത. ആധുനിക ജ്ഞാനപരികല്‍പന ശാസ്ത്രം (Epistemology) കേന്ദ്രീകരിക്കുന്നത് തന്നെ അറിവ് എങ്ങനെ ആര്‍ജിക്കാമെന്നും സത്യത്തെ എങ്ങനെ അസത്യത്തില്‍നിന്ന് വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സാധിക്കും എന്നതിലുമാണ്. ആധുനിക ജ്ഞാന പരികല്‍പന ശാസ്ത്രത്തില്‍ അറിവിന്റെ മാധ്യമങ്ങളെ സംബന്ധിച്ച ചര്‍ച്ച തന്നെ നാം ജ്ഞാനം ആര്‍ജിക്കുന്നത് അനുഭവത്തിലൂടെയാണോ (Empirical) അതോ യുക്തിയിലൂടെയാണോ (Rational ) എന്നതിനെ കുറിച്ചാണ്. ഇവിടെയാണ് അനുഭവജ്ഞാനത്തില്‍ (Empiricism) അധിഷ്ഠിതമെന്ന് അവകാശപ്പെടുന്ന മുഴുവന്‍ തത്ത്വദര്‍ശനങ്ങളും കാലാകാലങ്ങളില്‍ ജീവിച്ച കോടിക്കണക്കിനു മനുഷ്യര്‍ക്ക് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ വളര്‍ച്ചയും വികാസവും നല്‍കിയതോടൊപ്പം തന്നെ അവരെ ഊഹങ്ങളിലും നിഗമനങ്ങളിലും തളച്ചിട്ട് അവരുടെ ജീവിതത്തെ പരാജയപ്പെടുത്തിക്കളയുകയായിരുന്നു.
ഈ തത്ത്വശാസ്ത്രങ്ങളും വിശ്വാസങ്ങളും അവകാശപ്പെടുന്ന അനുഭവങ്ങളുടെ സ്ഥലകാല പരിമിതിക്കപ്പുറത്തു അനുഭവങ്ങളെ സ്ഥായീവത്കരിക്കുന്ന ഇതര തെളിവുകളുടെ അഭാവത്തില്‍ അവയെല്ലാം ജീവിതത്തെ സംബന്ധിച്ച വെറും ഊഹങ്ങളും നിഗമനങ്ങളും ആവുക സ്വാഭാവികം മാത്രമായിരുന്നു. 17,18 നൂറ്റാണ്ടുകളില്‍ ദക്കാര്‍തെ, സ്പിനോസ, ലെയ്ബിനീസ് എന്നിവര്‍ പ്രണേതാക്കളായി വളര്‍ന്നു വന്ന, ഇന്ദ്രിയാനുഭവങ്ങളില്‍ നിന്ന് സ്വതന്ത്രമായി യാഥാര്‍ഥ്യത്തെ അറിയുന്നതിനു യുക്തിയെ മാത്രം ആശ്രയിച്ച ചിന്താ പദ്ധതിയാവട്ടെ മനുഷ്യയുക്തിയുടെയും ചിന്തയുടെയും പരിധിയെയും പരിമിതിയെയും ശക്തിദൗര്‍ബല്യങ്ങളെയും മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുക മുഖേന മനുഷ്യനെ തന്നെ മനസ്സിലാക്കുന്നതിലാണ് പരാജയപ്പെട്ടത്. പിന്നെ ആ ചിന്താ പദ്ധതി മനുഷ്യനു അവന്റെ ജീവിതാര്‍ഥത്തെയും ലക്ഷ്യത്തെയും സംബന്ധിച്ച് നല്‍കിയത് കുറെ മിഥ്യാ ധാരണകള്‍ മാത്രമായിരുന്നു. ഇതിനിടെ ദൈവത്തിലും വേദത്തിലും പ്രവാചകരിലും പരലോകത്തിലുമുള്ള വിശ്വാസം അനുഭവജ്ഞാനത്തിനും യുക്തിപരതക്കുമപ്പുറത്തുള്ള, അവക്ക് ഒരിക്കലും വിധേയമാവാത്ത കേവലമായ അന്ധ വിശ്വാസമായി പരിഗണിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. വിശ്വാസം യുക്തിക്കും അനുഭവജ്ഞാനത്തിനും അതീതമാണ് എന്ന തെറ്റായ പരികല്‍പനയാവട്ടെ, എന്ത് അയുക്തികവും വികലവുമായ വിശ്വാസവും കൊണ്ടുനടക്കുന്നതിനും ന്യായീകരിക്കുന്നതിനും അതിന്റെ പ്രണേതാക്കള്‍ക്ക് അവസരമൊരുക്കി. അതിലേറെ, ഈ വാദം ഭിന്ന വിശ്വാസ ധാരകള്‍ക്കിടയില്‍ നടക്കേണ്ടിയിരുന്ന ബൗദ്ധികമായ ആദാന പ്രദാന പ്രക്രിയക്കും ആശയ വിനിമയത്തിനും വലിയ തടസ്സം സൃഷ്ടിച്ചു. ഇത് താന്‍ വിശ്വസിക്കുന്ന, യുക്തിയുടെയും അനുഭവജ്ഞാനപരതയുടെയും പിന്‍ബലമില്ലാത്ത വികലമായ വിശ്വാസം മാത്രമാണ് ശരിയെന്ന വികാരം അതിന്റെ അനുയായികളില്‍ സൃഷ്ടിക്കുകയും ഇതര വിശ്വാസ ധാരകളെ കുറിച്ച അജ്ഞതയും അവജ്ഞയും പുഛവും വളര്‍ത്തുകയും ചെയ്തു. വിശ്വാസം ചിന്താ സായൂജ്യമടയുന്ന സങ്കേതമാകുന്നതിനു പകരം അന്ധവിശ്വാസങ്ങളുടെ അട്ടിപ്പേറായി മാറി. വിശ്വാസം ചിന്തയുടെയും യുക്തിപരതയുടെയും അനുഭവജ്ഞാനത്തിന്റെയും ശാദ്വല തീരത്തുനിന്ന് വൈകാരികതയുടെ വിസ്‌ഫോടനാത്മകമായ പടക്കളത്തില്‍ എത്തിപ്പെട്ട ഈ സാഹചര്യമാണ് അക്രമത്തിന്റെയും കുഴപ്പങ്ങളുടെയും നാരായവേര്. എന്തിനെ കുറിച്ചും എത്രതന്നെ വൈകാരികമായി സംസാരിച്ചാലും തന്റെ വിശ്വാസത്തെകുറിച്ചു മാത്രം ശാന്തമായും സൗമനസ്യത്തോടും കൂടി പോലും സംസാരിച്ചു പോകരുത് എന്ന സാംസ്‌കാരിക പശ്ചാത്തലത്തിന്റെ സൃഷ്ടി അങ്ങനെയാണ് ഉണ്ടായത്. ഈ ചക്കളത്തിപ്പോരിലകപ്പെട്ട അന്ധവിശ്വാസിയായ മനുഷ്യന്‍, അവന്‍ മറ്റു നിലക്ക് വളരെ വിദൂരസ്ഥയായ സൂപ്പര്‍നോവയെ കുറിച്ചുപോലും ചിന്തിക്കാന്‍ കഴിവുള്ളവനായിട്ടും അവന്റെ മൂക്കിനു താഴെയുള്ള യുക്തിയിലും അനുഭവജ്ഞാനത്തിലും അധിഷ്ഠിതമായ സത്യത്തെ കാണാന്‍ സാധിക്കാതെ പോകുന്ന സാഹചര്യം ഉണ്ടായതും അങ്ങനെ തന്നെയാണ്. മുന്‍വിധികളുടെ കൂരിരുട്ടില്‍ നടക്കാന്‍ വിധിക്കപ്പെട്ടവന്, അവന്‍ മറ്റു നിലക്ക് സൂക്ഷ്മങ്ങളില്‍ സൂക്ഷ്മങ്ങളായ കാര്യങ്ങളെ കുറിച്ച് ഗവേഷണം നടത്താന്‍ കഴിവുള്ളവനായിട്ടും, തന്റെ കണ്‍മുമ്പിലുള്ള ബൃഹത്തായ യാഥാര്‍ഥ്യങ്ങള്‍ കാണാന്‍ സാധിക്കാതെ പോകുന്നത് അതുകൊണ്ടാണ്.
ബഹളത്തിന്റെയും ഭയത്തിന്റെയും വെറുപ്പിന്റെയും വൈരത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു വിഷയത്തിന്റെ മര്‍മത്തില്‍ നിന്ന് ബഹുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമം ചില സങ്കുചിത നിക്ഷിപ്ത താല്‍പര്യക്കാര്‍ അവരുടെ നടത്തുന്നുവെന്നത് ഏതൊരു നിരീക്ഷകനും എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നത്ര വ്യാപകവും ശക്തവുമാണ്. പക്ഷേ, ഈ വിഷലിപ്ത പ്രചാരണങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലത്തിലും പ്രാദേശിക തലത്തിലും, വര്‍ധമാന സ്വഭാവത്തിലുള്ള കലാപങ്ങളായും കാലുഷ്യങ്ങളായും അക്രമങ്ങളായും അതിക്രമങ്ങളായും ഉണ്ടാക്കുന്ന വിഭവ ചോര്‍ച്ചയുടെയും നഷ്ടത്തിന്റെയും കണക്ക് ആരും എടുക്കാറില്ല. അതിന്നുള്ള സംവിധാനങ്ങള്‍ നമ്മുടെ അടുക്കലില്ല. പോരിന്റെ ബഹളമയമായ അന്തരീക്ഷത്തില്‍ സത്യത്തിന്റെ സംഗീതം മനുഷ്യനു കേള്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഇതിനു പുറമെയാണ്. ഈ സാഹചര്യ സൃഷ്ടിയില്‍ വിഷലിപ്ത മാധ്യമങ്ങള്‍ സജീവ പങ്കാളികള്‍ ആയതോടുകൂടി മുന്‍വിധികള്‍ അരക്കിട്ടുറപ്പിക്കപ്പെടുകയും അസത്യങ്ങളും അര്‍ധസത്യങ്ങളും വേദസൂക്തങ്ങളെന്നവണ്ണം വിശ്വസിക്കപ്പെടുകയും അബദ്ധജഡിലങ്ങളായ പുതിയ അന്ധവിശ്വാസധാരകള്‍ ആള്‍ദൈവങ്ങളുടെയും കള്‍ട്ടിന്റെയും വേഷത്തില്‍ പ്രചരിപ്പിക്കപ്പെടുകയും വാശിയുടെയും വക്കാണത്തിന്റെയും പുതിയ സാമൂഹിക സാംസ്‌കാരിക പരിസരത്തില്‍ ആരും ആരെയും വസ്തുനിഷ്ഠമായി കേള്‍ക്കാത്ത, യുക്തിരഹിതവും അവിവേക പൂര്‍ണവുമായ അവസ്ഥ സംജാതമാവുകയും ചെയ്തു. ഇത് കാരണം മനുഷ്യനിലെ മനുഷ്യത്വത്തിന്റെ ബൗദ്ധികപരിസരം വിശ്വാസമേഖലയില്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. ഭയവും മുന്‍വിധികളും കരുതിവെപ്പുകളുമില്ലാതെ ഹൃദ്യതയോടും, സൗമനസ്യത്തോടും പരസ്പര ബഹുമാനത്തോടും ആദരവോടും കൂടി ആളുകള്‍ക്ക് തങ്ങളുടെ വിശ്വാസ സങ്കല്‍പങ്ങളെ കുറിച്ച് കലവറയില്ലാതെ പരസ്പരം സംസാരിക്കുവാനും ചര്‍ച്ച ചെയ്യുവാനും സംവദിക്കുവാനുമുളള ആരോഗ്യകരമായ ഒരു സാമൂഹിക സാംസ്‌കാരിക സാഹചര്യത്തിന്റെ പുനഃസൃഷ്ടിയിലൂടെ മാത്രമേ വിശ്വാസ മേഖലയില്‍ നഷ്ടപ്പെട്ട ഈ ബൗദ്ധിക പരിസരം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് ഒന്നാമതായി വേണ്ടത് കള്ളത്തിന്റെയും കബളിപ്പിക്കലിന്റെയും ഒളിച്ചും വളച്ചും വക്രീകരിച്ചും ചെയ്യുന്നതിന്റെയും, സത്യാസത്യങ്ങള്‍ കൂട്ടിക്കുഴച്ചു അവതരിപ്പിക്കുന്നതിന്റെയും ശീലങ്ങളെയും ആശയാദര്‍ശ പ്രസരണരംഗത്തെ തമസ്‌കരണ പ്രവണതകളെയും ഒഴിവാക്കുകയാണ്. ഈ ശീലങ്ങളും പ്രവണതകളും ശുദ്ധവും സത്യസന്ധവുമായ അന്വേഷണത്വരയുടെ നിഷേധം മാത്രമല്ല, മറിച്ചു സാമുദായിക സൗഹൃദത്തിന്റെയും പരസ്പര ആദരവിന്റെയും കടക്കല്‍ കത്തി വെക്കുന്ന ദുര്‍വൃത്തിയും വെറുപ്പിനെയും വിദ്വേഷത്തെയും വൈരത്തെയും വാണിജ്യവത്കരിച്ചു സാമൂഹിക പരിസരത്തെ വര്‍ഗീയവും സാമുദായികവുമായ കലാപങ്ങളുടെ വിളനിലമാക്കി മാറ്റുന്ന വിഷലിപ്ത സമീപനവുമാണ്.
സത്യത്തെ കണ്ടെത്തുക എന്നത് ഗൗരവതരമായൊരു ചിന്താ പ്രശ്‌നമാണ്. അത് സ്വഛസുന്ദര പ്രകൃതിയില്‍ എല്ലാ മനുഷ്യരും പൊതുവായി പങ്കിടുന്ന ആഗ്രഹവും ലക്ഷ്യവുമാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരും സത്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍, നമ്മള്‍ യോജിച്ചാലും ഇല്ലെങ്കിലും, തുറന്നു പറയട്ടെ. മനുഷ്യന്‍ ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഒത്തിരി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അതിനിടെ അവന്നു കൈമോശം വന്നുപോയ അമൂല്യ സ്വത്ത് അവന്റെ ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും നിര്‍ണയിച്ചു കൊടുക്കുന്ന സത്യമാണെന്ന് തോന്നുന്നു. ജീവിതരംഗത്ത് നിന്നുമുള്ള ദീര്‍ഘകാലത്തെ തിരോഭാവം അതിനെ ആധുനിക മനുഷ്യന് തീരെ അപരിചിതമാക്കിയിട്ടുണ്ടാവുക സ്വാഭാവികം മാത്രമാണ്. ഇതര വിവരവിജ്ഞാന വിസ്‌ഫോടനത്തിന്റെ ഈ കാലഘട്ടത്തിലും സത്യത്തെ കണ്ടെത്തുന്ന പണി വളരെ ദുഷ്‌കരമായിരിക്കുന്നു. അതുകൊണ്ടാണ്, മനുഷ്യന്‍ ഇപ്പോഴും ഈ വിഷയത്തില്‍ ഇരുട്ടില്‍ തപ്പുന്നത്. അതുകൊണ്ട് തന്നെയാണ് ശാസ്ത്രീയമായ വസ്തുനിഷ്ഠതക്ക് പകരം, കൊടും അന്ധത തന്നെ ഈ മേഖലയില്‍ മാത്രം കൊടികുത്തിവാഴുന്നത്. ഏറ്റവും വികസിതം എന്നു നാം കരുതുന്ന രാജ്യങ്ങളില്‍ പോലും ശാസ്ത്രീയ വിശകലനരീതികളും യുക്തിചിന്തയും വിശ്വാസത്തിന്റെ ബലിക്കല്ലില്‍ തട്ടി തകരുന്നതും അതുകൊണ്ട് തന്നെ. വിശ്വാസം യുക്തിക്കതീതമാകുന്നുവെന്ന വികലധാരണ യുക്തി ചിന്തയുടെ ചക്രം വിശ്വാസത്തിന്റെ പാറക്കെട്ടുകള്‍ക്കു മുമ്പില്‍ നിലക്കാനും എന്തും അന്ധമായി വിശ്വസിക്കാനുള്ള ലൈസന്‍സും അനുമതി പത്രവുമായി മാറാനും ഇടയാകുന്നതും മറ്റൊന്നുകൊണ്ടല്ല. കൂടാതെ, യുക്തിപരവും പ്രാമാണികവും താര്‍ക്കികവും പ്രകൃതിപരവുമായ ഒരു തെളിവും ആവശ്യമില്ലാത്ത, തെരുവുകളില്‍ കച്ചവടം ചെയ്യപ്പെടുന്ന വെറും അന്ധവിശ്വാസങ്ങളായി 'സത്യം' അധഃപതിക്കുകയും ചെയ്തു. സത്യമെന്ന് അവകാശപ്പെടുന്നവരോട് അതിനുള്ള തെളിവ് ആവശ്യപ്പെടുമ്പോള്‍, തെളിവ് യുക്തിയുടെ തേട്ടമാണെന്നും, വിശ്വാസം യുക്തിക്കതീതമാണെന്നുമുള്ള 'കിടിലന്‍' ഉത്തരത്തിനു മുമ്പില്‍ അന്വേഷകന്‍ പകച്ചു നിന്ന് പോകുന്നു. ഇതാണ് ഭിന്നവിശ്വാസ ധാരകള്‍ക്കിടയില്‍ നിന്ന് സത്യത്തെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്ന സത്യാന്വേഷി അകപ്പെടുന്ന 'ക്യാച്ച് 22' അവസ്ഥ. പരസ്പര വിരുദ്ധങ്ങളായ ഈ വിശ്വാസധാരകളെല്ലാം ഒരേസമയം സത്യമാവുക സംഭവ്യമല്ലെന്നിരിക്കെ, സത്യാന്വേഷികള്‍ പൊതുവെ അകപ്പെട്ടിരിക്കുന്ന ഈ അവസ്ഥക്ക് പരിഹാരം കാണാനുള്ള ശ്രമംകൂടിയാണ് ഈ ലേഖനം. അനുഭവജ്ഞാനത്തിന്റെയും(Empiricism) യുക്തിപരതയുടെയും (Rationalism) തലങ്ങളില്‍ നിന്നുകൊണ്ട് തന്നെയാണ് ഈ പ്രശ്‌നത്തെ സമീപിക്കാന്‍ ശ്രമിക്കുന്നത് എന്നതിനാല്‍ ജ്ഞാനവുമായി ബന്ധപ്പെട്ട, പൊതുവായി യോജിക്കാന്‍ സാധിക്കുന്ന ചില അടിസ്ഥാന മാനദണ്ഡങ്ങളെ കുറിച്ച് ചുരുക്കി പറയേണ്ടതായിട്ടുണ്ട്.
ജ്ഞാനത്തെ വിശ്വാസത്തിന്റെ മുന്നുപാധിയാക്കുക എന്നത് യുക്തിപരതയുടെ ഒന്നാമത്തെ തേട്ടമാണ്. വിശ്വസിച്ച ശേഷം അറിയുക എന്നതിന്റെ അര്‍ഥം തന്നെ ജ്ഞാനത്തെ മുന്‍വിധിയോടു കൂടി കാണുക എന്നതാണ്. ഇത് ജ്ഞാനത്തെ വിശ്വാസത്തിന്റെ കട്ടിലില്‍ കിടത്തി ആവശ്യം പോലെ ചിലപ്പോള്‍ അടിച്ചും ഇടിച്ചും കുത്തിയും ചവിട്ടിയും വലിച്ചും നീട്ടിയും മറ്റു ചിലപ്പോള്‍ വെട്ടിയും കൊത്തിയും ചുരണ്ടിയും ഇറുക്കിയും ഞെരുക്കിയുമൊക്കെ കട്ടിലിനു ഒപ്പിക്കാനുള്ള പ്രവണത വിശ്വാസിയില്‍ ഉണ്ടാക്കുന്നു. ജ്ഞാനത്തിനനുസരിച്ചു വിശ്വാസത്തെ രൂപപ്പെടുത്തുന്നതിനു പകരം വിശ്വാസത്തിനനുസരിച്ച് ജ്ഞാനത്തെ മലിനപ്പെടുത്തുന്ന അനാശാസ്യതക്കും അടഞ്ഞ മനസ്സുകളുടെ സൃഷ്ടിക്കുമാണ് ജ്ഞാനത്തെ മുന്നുപാധിയാക്കാത്ത ഏതു വിശ്വാസവും വഴിവെക്കുക. വിശകലനാത്മകതക്ക് പകരം വിധിപറച്ചിലുകളും തുറന്നമനസ്സുകള്‍ക്ക് പകരം താഴിട്ടടച്ച ശേഷം താക്കോല്‍ കാണാതായിപ്പോയ ഹൃദയങ്ങളുടെ ഉടമകളെയുമാണ് വിശ്വാസത്തിനനുസരിച്ച് ജ്ഞാനത്തെ രൂപപ്പെടുത്തുന്നവരില്‍ കാണാന്‍ സാധിക്കുക. പുതിയതൊന്നും അതില്‍ പ്രവേശിക്കുകയില്ല, പഴയതൊന്നും, അതെത്രതന്നെ ദ്രവിച്ചതും ജീര്‍ണിച്ചതുമാണെങ്കിലും, അതില്‍ നിന്ന് പുറത്തു പോവുകയുമില്ല. എന്നാല്‍ ജ്ഞാനത്തെ വിശ്വാസത്തിന്റെ മുന്നുപാധിയാക്കുന്നവര്‍ വിധി പറയുന്നവരാകില്ല, മറിച്ചു വിശകലനവിശാരദരായിരിക്കും. അവര്‍ ഹൃദയങ്ങളെ താഴിട്ടടച്ചവരാകില്ല. അവരുടെ മനസ്സ്, ഒരിക്കലും നിറയാത്ത ജ്ഞാനത്തിന്റെ സംഭരണിയും സ്വീകരണിയുമായിരിക്കും. അവര്‍ വാക്കുകളുടെ തടവുകാരാവില്ല; അതിന്റെ യജമാനന്മാരായിരിക്കും. വിശ്വാസത്തെ ജ്ഞാനത്തിനനുസരിച്ചു രൂപപ്പെടുത്തുന്ന അവര്‍ മാറ്റത്തിന്റെ ധ്വജ വാഹകരുമായിരിക്കും.
രണ്ടാമതായി, ജ്ഞാനത്തെ ഊഹങ്ങളില്‍ നിന്നും നിഗമനങ്ങളില്‍ നിന്നും സങ്കല്‍പങ്ങളില്‍ നിന്നും, സിദ്ധാന്തങ്ങളില്‍ നിന്നും വരെ വേറിട്ട് കാണുവാനും മനസ്സിലാക്കുവാനും സാധിക്കണം. മതിയായ തെളിവിന്റെ പിന്‍ബലമുള്ളതേ ജ്ഞാനമാവുകയുള്ളൂ. അല്ലാത്തതെല്ലാം, അതിന്റെ വ്യത്യസ്ത വിതാനങ്ങളില്‍ ഊഹങ്ങളും നിഗമനങ്ങളും സങ്കല്‍പങ്ങളും സിദ്ധാന്തങ്ങളും മാത്രമായിരിക്കും. തെളിവ ്തന്നെ സങ്കല്‍പവും വിശ്വാസവും ആയി ചുരുങ്ങാവതല്ല. മറിച്ച് അതിന്റെ സമര്‍പ്പകന്‍ സ്വയംതന്നെ തെളിവ് എന്ന് അവകാശപ്പെടുകയും നമുക്ക് അനുഭവവേദ്യമാകുകയും വേണം. അപ്പോഴേ അതിനെ വെല്ലുവിളിക്കുവാന്‍ സാധിക്കുകയുള്ളൂ. ആ തെളിവിനെ ആരെങ്കിലും ഡിസ്പ്രൂവ് ചെയ്യാനും വെല്ലുവിളിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം അവന് ഉണ്ടായിരിക്കുമെന്ന് മാത്രമല്ല തെളിവിന്റെ സമര്‍പ്പകന്‍ സ്വയംതന്നെ അതിന്റെ എതിരാളികളോട്, ഡിസ്പ്രൂവ് ചെയ്യാന്‍ അത്തരം ഒരു വെല്ലുവിളി നടത്തുകയും വെല്ലുവിളിക്കപ്പെടാന്‍ തയാറാവുകയും വേണം. ഇവിടെയാണ്, യുക്തിപരതയെ (Reasoning) അടിസ്ഥാനമാക്കിയുള്ള സത്യം അതിന്റെ സ്ഥായിയായ തെളിവിലൂടെ അനുഭവജ്ഞാനപരം (Empirical) കൂടി ആവുന്നത്. മൂന്നാമതായി, തെളിവിന്റെ പിന്‍ബലത്തോടുകൂടിയ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട ഒരു സത്യത്തിന്റെ ഭാഗമാകുന്ന കാര്യങ്ങള്‍ക്ക് പ്രത്യേകമായ തെളിവുകള്‍ ആവശ്യമില്ലെന്ന കാര്യവും പ്രത്യേകം പ്രസ്താവ്യമാണ്. ഒരു സൃഷ്ടി മനുഷ്യനാണെന്നു തെളിയിച്ചു കഴിഞ്ഞാല്‍ പിന്നെ അത് ചിരിക്കുന്ന ജീവിയാണ് എന്ന് പ്രത്യേകം തെളിയിക്കേണ്ടതായിട്ടില്ല. കാരണം, മനുഷ്യന്‍ ചിരിക്കുന്ന ജീവി കൂടിയാണ്. ഒരു മരം മാവ് ആണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അതിന്റെ ഭാഗമായ ഇല മാവിലയാണെന്ന് തെളിയിക്കേണ്ട പ്രത്യേക ആവശ്യം ഇല്ലാത്തത് പോലെ തന്നെ.
ഈ സില്ലോജിസം (Syllogism) തര്‍ക്കശാസ്ത്രപരമായും സാധുവായ കാര്യമാണ്. നാലാമതായി, തെളിവ് നല്‍കപ്പെടുന്നത് ഒരു അവകാശവാദത്തെ സ്ഥാപിക്കാനാണ്. അപ്പോള്‍ സത്യമെന്ന് സ്വയം അവകാശപ്പെടാത്ത ഒന്നിനു തെളിവിന്റെ ആവശ്യമില്ല. എന്നാല്‍ സത്യമെന്ന് അവകാശപ്പെടുന്നത് അതിനുള്ള തെളിവ് നല്‍കിയേ തീരൂ. തെളിവിന്റെ അഭാവത്തില്‍ അവകാശവാദം കൊണ്ട് മാത്രം ഒന്നും സത്യമോ ശരിയോ ആവില്ല. എന്നാല്‍ സ്വന്തത്തില്‍ തന്നെ സത്യമെന്ന് അവകാശപ്പെടാത്ത ഒരു കാര്യത്തില്‍ മറ്റുള്ളവര്‍ സത്യമെന്ന് അവകാശപ്പെടുന്നത് വെറും ആരോപണം മാത്രമേ ആവൂ. ഉദാഹരണമായി, ഗാന്ധിജിയും മാര്‍ട്ടിന്‍ ലുതര്‍ കിങ്ങും മദര്‍ തെരെസയുമൊക്കെ അവരവരുടെ തലങ്ങളില്‍ മനുഷ്യരെ സേവിച്ചവരായിരുന്നു. എന്ന് കരുതി, അവരെ സ്‌നേഹിക്കുന്ന ഏതെങ്കിലും ഒരാള്‍ അവര്‍ പ്രവാചകരാണെന്നു അവകാശപ്പെട്ടാല്‍ അത് അവര്‍ തന്നെ സ്വയം അവകാശപ്പെട്ടിട്ടില്ലാത്ത വെറും ആരോപണം മാത്രമായേ നിലനില്‍ക്കുകയുള്ളൂ. അവര്‍ സ്വയംതന്നെ അങ്ങനെ അവകാശപ്പെടുന്ന പശ്ചാത്തലത്തില്‍, അതിനുള്ള തെളിവ് നല്‍കല്‍ നിര്‍ബന്ധവും ആകും. അതുകൊണ്ട് തന്നെ, ഏതൊരു സത്യാന്വേഷകനും, ഏതൊരു വിശ്വാസത്തെയും പിന്‍ബലപ്പെടുത്തുന്ന തെളിവുകള്‍ തെരയുന്നതിനു മുമ്പ് ആ വിശ്വാസം സമര്‍പ്പിക്കുകയും സമര്‍ഥിക്കുകയും ചെയ്ത അതിന്റെ പ്രണേതാവ് അസന്ദിഗ്ധമായും അര്‍ഥശങ്കക്കിടയില്ലാത്ത വിധവും അത് സത്യമാണെന്ന് അവകാശപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. ഈ അവകാശവാദം വ്യാഖ്യാനിച്ചു ഒപ്പിക്കേണ്ട പ്രശ്‌നമല്ല. അതുകൊണ്ട് തന്നെ ഈ അവകാശവാദത്തിനു വിരുദ്ധമായതൊന്നും അദ്ദേഹത്തിന്റെ ഇതര പ്രസ്താവനകളില്‍ ഉണ്ടാകാനും പാടില്ല. മാത്രവുമല്ല, പിന്നെ അത്തരം അവകാശവാദത്തെ സ്ഥാപിക്കുന്ന തെളിവും സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. സ്ഥാപിക്കപ്പെട്ട മറ്റൊരു നിലനില്‍ക്കുന്ന തെളിവുകൊണ്ട് പിന്‍ബലപ്പെടാത്ത പക്ഷം തെളിവിന്റെ സ്ഥലകാല പരിമിതിക്കു അവകാശവാദവും വിധേയമായിരിക്കും.
(തുടരും)
Comments