Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 04

ഗുജറാത്ത് അധ്യായം രണ്ട്

എ. റശീദുദ്ദീന്‍ / കവര്‍‌സ്റ്റോറി

മുസഫര്‍ നഗര്‍ കലാപവും ഗുജറാത്ത് കലാപവും തമ്മില്‍ അടിസ്ഥാനപരമായി ഒറ്റ വ്യത്യാസമേ ഉള്ളൂ. ഗുജറാത്തില്‍ മീഡിയ കുറെക്കൂടി യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടാന്‍ തയാറായപ്പോള്‍ മുസഫര്‍ നഗറിലെത്തിയ ജേര്‍ണലിസ്റ്റുകള്‍ കെട്ടുകഥകള്‍ പകര്‍ത്തിയെഴുതി മടങ്ങിപ്പോവുകയാണുണ്ടായത്. ഈ കെട്ടുകഥകളില്‍ പലതും പിന്നീട് ആരും ചോദ്യം ചെയ്യാത്ത സത്യങ്ങളായി മാറി. ഷാനവാസ് എന്ന യുവാവ് ഒരു പെണ്‍കുട്ടിയെ കമന്റടിച്ചു എന്ന കഥ ദിവസം ചെല്ലുന്തോറും സംശയാസ്പദമായാണ് മാറുന്നത്. ഷാനവാസ് കൊല്ലപ്പെട്ടത് മോട്ടോര്‍ സൈക്കിള്‍ അപകടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയിലാണെന്നാണ് പുതിയ വിവരം. സച്ചിന്റെയും ഗൗരവിന്റെയും കൊലപാതകത്തെ കുറിച്ച എഫ്.ഐ.ആറില്‍ ഇങ്ങനെയൊരു കമന്റടിയെ കുറിച്ച വിവരമില്ല. ഷാനവാസ് കൊല്ലപ്പെട്ടത് എങ്ങനെയെന്ന് പോലീസ് കുറ്റപത്രം പോലും തയാറാക്കിയിട്ടുമില്ല. ജാട്ടുകളുടെ ഭീഷണിയെ തുടര്‍ന്ന് നേരത്തെ തയാറാക്കിയ കുറ്റപത്രം പിന്‍വലിക്കുകയാണ് പോലീസ് ചെയ്തത്. സച്ചിനെയും ഗൗരവിനെയും കൊന്ന ജനക്കൂട്ടത്തില്‍ ഷാനവാസും ഉണ്ടായിരുന്നുവെന്നും സംഭവത്തിനിടെ അയാള്‍ക്ക് അബദ്ധത്തില്‍ കുത്തേല്‍ക്കുകയുമാണ് ഉണ്ടായതെന്നുമാണ് പോലീസിന്റെ ഇപ്പോഴത്തെ ഭാഷ്യം. ഗുജറാത്തിലേതിനേക്കാള്‍ കെട്ട പോലീസാവുകയാണ് യു.പിയിലേത്. ഒന്നര വര്‍ഷമായി ജാട്ടുകള്‍ക്കിടയില്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത കലാപത്തിന്റെ സിദ്ധാന്തങ്ങള്‍ക്കനുസരിച്ചാണ് പോലീസ് എല്ലാ കഥകളും മാറ്റിയെഴുതുന്നത്. മുസ്‌ലിംകള്‍ സ്വന്തം വീടുകള്‍ക്ക് തീയിട്ട് ഓടിപ്പോയി, പുറമെ നിന്നുള്ള അജ്ഞാതരായ ആളുകള്‍ ആക്രമിച്ചു, ജാട്ടുകള്‍ മുസ്‌ലിംകളെ സംരക്ഷിച്ചു.... എന്നിങ്ങനെ.
കഴിഞ്ഞ എട്ടോ പത്തോ മാസമായി വളരെ ആസൂത്രിതമായ മുന്നൊരുക്കങ്ങളാണ് ഈ മേഖലയില്‍ നടന്നു വന്നത്. ഓരോ ജാട്ട് ഗ്രാമത്തിലും പത്ത് മുതല്‍ പതിനഞ്ചു വരെ കാര്യവാഹകുമാര്‍ കലാപത്തിന്റെ ചുമതലയേല്‍പ്പിക്കപ്പെട്ടിരുന്നു. വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിച്ചെടുക്കാനായി മേഖലയില്‍ ഇവര്‍ സൃഷ്ടിച്ച നീക്കങ്ങള്‍ ദുരന്തത്തിനൊടുവില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നും പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. ഹിന്ദു പെണ്‍കുട്ടികളെ 'തൊപ്പിയിട്ട അപരിചിതരായ ചെറുപ്പക്കാര്‍' കമന്റടിക്കുകയും മുസ്‌ലിം സ്ത്രീകളെ കടവളയിട്ടവര്‍ ഉപദ്രവിക്കുകയും ചെയ്ത, ഈ മേഖലയില്‍ പതിവില്ലാത്ത സംഭവങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. എത്രയെങ്കിലും മുസ്‌ലിം യുവാക്കളെ വഴിയില്‍ പിടിച്ചുനിര്‍ത്തി താടി വടിപ്പിച്ച സംഭവങ്ങളുണ്ടായി. ദയൂബന്തിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ പലതവണ ട്രെയിനില്‍ ആക്രമിക്കപ്പെട്ടു. ഇവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് നിവേദനം നല്‍കുക പോലുമുണ്ടായി. നൂറ്റാണ്ടിലേറെയായി ഒന്നിച്ചു കഴിഞ്ഞ ഗ്രാമീണരില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ വിഷം വിതക്കാന്‍ ഈ ആസൂത്രിത നീക്കങ്ങള്‍ക്കു കഴിഞ്ഞു. പ്രത്യേകിച്ചും മുസ്‌ലിംകള്‍ 10 മുതല്‍ 20 വരെ മാത്രം ശതമാനമുള്ള ഗ്രാമങ്ങളിലായിരുന്നു ഇത്തരം നീക്കങ്ങള്‍ സജീവമായിരുന്നത്. അത്തരം ഗ്രാമങ്ങളിലായിരുന്നു കലാപം ഏറ്റവുമധികം നാശം വിതച്ചതും.
ഗുജറാത്ത് കലാപത്തിന്റെ മാനേജറായിരുന്ന മോഡിയുടെ ആഭ്യന്തരസഹമന്ത്രി അമിത് ഷാ ലഖ്‌നൗവില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കലാപം നടത്താനാവശ്യമായ പണം വിതരണം ചെയ്തതായി അന്വേഷണ സംഘങ്ങള്‍ പിന്നീട് കണ്ടെത്തി. സഞ്ജീവ് ബാലിയാന്‍, ഉമേഷ് മലിക്, ഹുക്കും സിംഗ്, സംഗീത് സോം, സുരേഷ് റാണ, കപില്‍ അഗര്‍വാള്‍ തുടങ്ങിയ കലാപത്തിന്റെ മുഴുവന്‍ അണിയറ ശില്‍പ്പികളും ഈ യോഗത്തില്‍ ഉണ്ടായിരുന്നു. ചില ഗ്രാമങ്ങളില്‍ വാഹനങ്ങളില്‍ മണ്ണെണ്ണയും ആയുധവും വിതരണം ചെയ്തതായി കലാപബാധിതര്‍ മൊഴി നല്‍കിയിട്ടുണ്ട്. കലാപത്തിന്റെ ഏകദേശം ഒരാഴ്ച മുമ്പെ ഷംലിക്കു സമീപം ഒരു ബോലേറോ ജീപ്പിലെത്തിയ ചിലര്‍ ഭക്ഷണധാന്യങ്ങള്‍ വിതരണം ചെയ്യുകയും മേഖലയില്‍ ഉടനെ തന്നെ കര്‍ഫ്യൂ വരാന്‍ പോവുകയാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പത്തു രൂപ നിരക്കില്‍ ചില ഗ്രാമങ്ങളില്‍ വടിവാള്‍ വിതരണം ചെയ്തതായും ഈ ഗ്രാമമുഖ്യന്മാര്‍ ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നതായും മൊഴി നല്‍കിയവരുണ്ട്. പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ നടന്ന, യു.പിയിലെ ഏറ്റവും കൊടിയ കലാപങ്ങളിലൊന്നായിരുന്നു മുസഫര്‍ നഗറിലേത്. കലാപത്തിന്റെ ചാലകശക്തികളായിരുന്ന ഗ്രാമമുഖ്യന്‍മാരെ പോലീസ് ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്ത്യക്കകത്തും പുറത്തും പരമാവധി പ്രകോപനം സൃഷ്ടിക്കുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. മസ്ജിദുകള്‍ക്ക് തീയിടുക മാത്രമല്ല ചെയ്തത്. ഖുര്‍ആന്‍ കൂട്ടത്തോടെ കത്തിക്കുകയും എന്നിട്ട് കത്തിച്ചത് എന്താണെന്ന് വ്യക്തമാകാന്‍ ഒന്നോ രണ്ടോ കത്താത്ത  പ്രതികള്‍ അവക്കു മുകളില്‍ എടുത്തുവെക്കുകയും ചെയ്തത് മിക്ക പള്ളികളിലും കാണാനുണ്ടായിരുന്നു. കള്ളക്കഥകളായിരുന്നു കൂടുതല്‍ ദുസ്സഹം. മുസഫര്‍ നഗറില്‍ നടന്ന 'ബഹു-ബേഠീ ബച്ചാവോ' റാലി കഴിഞ്ഞ് മടങ്ങിപ്പോവുകയായിരുന്ന ജാട്ടുകള്‍ ആക്രമിക്കപ്പെട്ടു എന്നും അപരിചിതമായ ഭാഷ സംസാരിക്കുന്ന താടിയുള്ള ചില കറുത്ത വേഷക്കാര്‍ ജാട്ടുകളെ ആക്രമിച്ചു എന്നും മറ്റുമുള്ള പലതരം കഥകള്‍ പ്രചരിക്കപ്പെട്ടു. ഗ്രാമങ്ങളില്‍ പരക്കുന്ന നുണക്കഥയനുസരിച്ച് 19 ട്രാക്ടറുകളാണ് മുസ്‌ലിംകള്‍ നദിയിലേക്കു തള്ളിയിട്ടത്. അവയിലുണ്ടായിരുന്ന 200ഓളം ജാട്ടുകള്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടുവെന്നും ഗ്രാമങ്ങളില്‍ പ്രചരിപ്പിച്ചു. ഈ സംഭവം നടന്ന ജോളി എന്ന ഗ്രാമത്തിലെ കനാലിനു സമീപം നദിയിലേക്ക് ഒരു ട്രാക്ടറെങ്കിലും മറിച്ചിട്ടതിന്റെ അടയാളം കാണാനാവില്ല. അവിടത്തെ ദോബ പോലീസ് സ്റ്റേഷനില്‍ കൂട്ടിയിട്ട 16 ട്രാക്ടറുകള്‍ നദിയില്‍ നിന്നും വലിച്ചു കയറ്റിയതാണെന്നാണ് സബ് ഇന്‍സ്‌പെക്ടര്‍ പറയുന്നത്. പക്ഷേ ഈ ട്രാക്ടറുകള്‍ വര്‍ഷങ്ങളായി പൊടിപിടിച്ച് എവിടെയോ ഉപയോഗശൂന്യമായി കിടന്ന, പിന്‍ഭാഗത്ത് യാത്രാ സൗകര്യം ഇല്ലാതിരുന്ന ട്രാക്ടറുകളാണ്. സംഘ് പരിവാറിന്റെ കള്ളക്കഥക്ക് പോലീസ് തെളിവുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് വ്യക്തം. അതിന് യു.പി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം / 30-36
എ.വൈ.ആര്‍