ടി. ഉബൈദ് മലയാളത്തെ ജനാധിപത്യവത്കരിക്കുകയായിരുന്നു
നിശ്ചിത ചുമതലകള്‍ നിര്‍വഹിച്ച് അറബിമലയാളം ചരിത്രത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്ന കാലത്താണ് ടി. ഉബൈദ് സാഹിത്യരംഗത്തേക്ക് കടന്നുവരുന്നത്. 'അറബിമലയാളം നീണാള്‍ വാഴട്ടെ' എന്നതായിരുന്നില്ല ഉബൈദിന്റെ മുദ്രാവാക്യം. അതൊന്നാകെ അസംബന്ധമാണെന്നുമായിരുന്നില്ല. മാപ്പിളസമുദായത്തിന്റെ സാംസ്‌കാരികാസ്തികളത്രയും കാത്തുസൂക്ഷിച്ചുവെച്ച നിലവറയാണ് അറബിമലയാളം. അതുമുഴുവന്‍ ആവാഹിച്ചുകൊണ്ടുവന്ന്, മാപ്പിളമാരുടെ കൂടി സര്‍ഗാത്മക വ്യാപാരത്തിന് സമര്‍ഥമാകുമാറ് കരുത്തുള്ള ഭാഷയായി മലയാളത്തെ മാറ്റിത്തീര്‍ക്കുക എന്നതായിരുന്നു ശരിയായ വഴി. അത് തിരിച്ചറിയുകയും ആ വഴിയെ ബോധപൂര്‍വം കന്നിയാത്ര നടത്തുകയും ചെയ്ത ഭാഷാപ്രേമിയാണ് ടി. ഉബൈദ്.
കാസര്‍ക്കോടിന്റെ മാപ്പിളപ്പാട്ടുപാരമ്പര്യം ഈടേറിയതാണ്. അന്നാട്ടിലെ ഒരു ഗ്രാമം 'ഇശല്‍ ഗ്രാമം' എന്ന് വിളിക്കപ്പെട്ടത് ഓര്‍ക്കുമല്ലോ. മലയാളത്തെ അറബിമലയാളത്തിന്റെ കൂടി പദങ്ങളും പ്രയോഗങ്ങളും പുരാവൃത്തങ്ങളും ശൈലികളും ഐതിഹ്യങ്ങളും ഈണങ്ങളും അലങ്കാരങ്ങളുമെല്ലാം സന്നിവേശിപ്പിച്ച് സമ്പന്നമാക്കേണ്ടതുണ്ട് എന്ന വിവേകത്തിലേക്ക് ഉബൈദിനെ നയിച്ചത് ആ പാരമ്പര്യത്തിലുള്ള അഗാധജ്ഞാനമാണ്. അതൊരുക്കിക്കൊടുത്തത് വീട്ടിന്റേയും നാട്ടിന്റേയും മാപ്പിളപ്പാട്ടുപാരമ്പര്യമാണ്. ഉബൈദിന്റെ കുഞ്ഞുമനസ്സ് അനുശീലനം കൊണ്ട ആദ്യത്തെ സര്‍ഗശാല അയല്‍പക്കത്തെ തൊഴില്‍ശാലയായിരുന്നു. അവിടെ തൊപ്പി തുന്നുന്നവര്‍ പാടിയും രസിച്ചും വന്ന പാട്ടുകള്‍ കേട്ടാണ് ഉബൈദ് ഇശലുകളും പദാവലിയും പഠിച്ചത്. തളങ്കരയിലും തെരുവത്തുമുണ്ടായിരുന്ന മക്കാനികളില്‍ നിന്ന് മേല്‍പ്പഠിപ്പിനും അവസരമുണ്ടായി. അക്കാലത്ത് തുരുത്തിയില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന തെക്കെ മലബാറുകാരന്‍ മാപ്പിളക്കവി 'പയ്യല്‍ അലി'യില്‍ നിന്ന് രചനാസങ്കേതങ്ങളും ശീലിച്ചു.
ആലിബാബയുടെയും നാല്‍പത് കള്ളന്മാരുടെയും കഥ പാട്ടിലാക്കിക്കൊണ്ടാണ് ഉബൈദ് രചനാലോകത്തേക്ക് പ്രവേശിക്കുന്നത്. ഖാസി അബ്ദുല്ല ഹാജിയുടെ മരണത്തില്‍ അനുശോചിക്കുന്ന കവിത, അദ്ദേഹത്തെ സമ്മാനാര്‍ഹനാക്കുകയും ചെയ്തു. മകന്റെ രചനാവൈഭവം തിരിച്ചറിഞ്ഞ് സന്തുഷ്ടനായ പിതാവ് ആലിക്കുഞ്ഞിഹാജി സമ്മാനിച്ച ഷാളുമണിഞ്ഞുകൊണ്ടാണ് ഉബൈദ് ആ കവിത അവതരിപ്പിക്കാന്‍ പോയത്. കവിതാവതരണം നടന്നതാകട്ടെ പള്ളിയില്‍ വെച്ചും.
മലയാളം, കന്നഡ, അറബി, ഉര്‍ദു തുടങ്ങിയ ഭാഷകളില്‍ നേടിയ പ്രാവീണ്യം മാപ്പിളപ്പാട്ടുകള്‍ ആഴത്തില്‍ പഠിക്കാന്‍ സഹായകമായി. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട പാട്ടുകളാണ് ഉബൈദിന്റെ സൂക്ഷ്മപഠനത്തിന് വിധേയമായതെന്ന് അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും മോയിന്‍കുട്ടി വൈദ്യര്‍, ചാക്കീരി തുടങ്ങിയവരുടെ രചനകള്‍. അങ്ങനെ മാപ്പിളപ്പാട്ടിന്റെ സങ്കേതങ്ങളുടെയും സംസ്‌കാരത്തിന്റെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഉബൈദിന് അവസരമുണ്ടായി. അതിന്റെ സൗന്ദര്യം ഹൃദയത്തില്‍ നിറഞ്ഞു കവിഞ്ഞു. കോപ്പും കഴിവുമുണ്ടായിരുന്നതിനാല്‍ അത് പകര്‍ന്നു നല്‍കാനുള്ള ആവേശവുമുണ്ടായി. ആലാപനശേഷി, പ്രസംഗപാടവം, സാഹിത്യമര്‍മജ്ഞത എന്നിവ അതിന് സഹായകമായി.
നേരത്തേ സ്‌കൂളിലെത്തുന്ന കുട്ടികളെ അറബിമലയാളം പഠിപ്പിച്ചുകൊണ്ടാണ് മലയാളത്തെ ജനാധിപത്യവത്കരിക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് ഉബൈദ് തുടക്കം കുറിക്കുന്നത്. കേരളത്തിന്റെ പൊതുമനസ്സ് പൊതുവിലും പരിഷ്‌കരണവാദിമനസ്സ് വിശേഷിച്ചും അറബിമലയാളത്തോട് അവജ്ഞയും അവഗണനയും പുലര്‍ത്തിയിരുന്ന കാലത്താണ് ഉബൈദ് ഈ ദൗത്യം ഏറ്റെടുക്കുന്നത്. തീര്‍ത്തും സൗജന്യമായിരുന്നു ഈ സേവനം. ഒന്നും രണ്ടും കൊല്ലമല്ല, തുടര്‍ച്ചയായി ഇരുപത് വര്‍ഷമാണ് അദ്ദേഹം ഈ അധ്യാപനം നടത്തിയത്. അത്രയും കൊണ്ടറിയാം തന്റെ ശ്രമത്തിന് ഉബൈദ് കല്‍പിച്ചിരുന്ന പ്രാധാന്യം.
മാപ്പിളപ്പാട്ടുകള്‍ക്ക് മലയാള സാഹിത്യത്തിലുള്ള സ്ഥാനം ആലോചനാവിഷയമാകുന്നത് അവ രണ്ടിനെയും ചേര്‍ത്തുവെച്ച് പഠിക്കാന്‍ ചിലര്‍ ശ്രമിച്ചു തുടങ്ങിയപ്പോഴാണ്. മാപ്പിളസാഹിത്യപഠനമേഖലയില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ ത്രിമൂര്‍ത്തി സംഘത്തില്‍ ഒ. ആബുവിനും പുന്നയൂര്‍ക്കുളം വി. ബാപ്പുവിനുമൊപ്പമുണ്ടായിരുന്നത് കവിയും കാവ്യനിരൂപകനും വ്യാഖ്യാതാവും ഗായകനുമായിരുന്ന ടി. ഉബൈദായിരുന്നു.
ആയിരത്തി തൊള്ളായിരത്തി നാല്‍പത്തിയേഴില്‍ കോഴിക്കോട്ടുവെച്ച് ചേര്‍ന്ന സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സമ്മേളനത്തിന് കൊഴുപ്പേകാനാണ് സംഘാടകര്‍ ഉബൈദിനെ ക്ഷണിച്ചത്. കെസ്സ് പാടുകയായിരുന്നു തന്റെ നിയോഗം. 'ശൃംഗാരരസപ്രധാനങ്ങളായ കെസ്സുപാട്ടുകള്‍ പാടിക്കേള്‍ക്കുന്നത് കൊണ്ടുമാത്രം മാപ്പിളസാഹിത്യത്തെ കുറിച്ചുള്ള തെറ്റിധാരണ മാറുകയില്ല.' അദ്ദേഹം സംഘാടകരില്‍ ഒരാളായ പി.എ മുഹമ്മദ് കോയക്ക് എഴുത്തയച്ചു. പകരം അതേ സമ്മേളനത്തില്‍ മാപ്പിളപ്പാട്ടുകളെ കുറിച്ച് പ്രസംഗിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. കത്ത് സ്വാഗതസംഘം പ്രസിഡന്റ് വര്‍ഗീസ് കളത്തിലിന് കൈമാറി. 'ആ പ്രസംഗം അത്ര നന്നാകുമോ?' അതായിരുന്നു എല്ലാവരുടെയും ആശങ്ക. അന്ന് ചന്ദ്രികയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ളവരുടെ ഇടപെടല്‍ വഴി ഒരു പ്രസംഗാവസരം ഉബൈദിന് കൈവന്നു.
അറബിമലയാളമുള്‍പ്പെടെ, കേരളീയ സാംസ്‌കാരിക ഭൂമികയുടെ ഓരങ്ങളില്‍ കഴിയുന്നവരുടെ ഭാഷാസ്തികള്‍കൂടി ഉള്‍ക്കൊെണ്ടങ്കില്‍ മാത്രമേ മലനാട്ടിലെ മുഴുവനാളുകളുടെയും മാതൃഭാഷയായി മലയാളം മാറുകയുള്ളൂവെന്ന് ഉബൈദിന് അറിയാമായിരുന്നു. അതിനെക്കുറിച്ച് മലയാളത്തിലെ മഹാപ്രതിഭകളുമായി സംവാദത്തിലേര്‍പ്പെടാനുള്ള വേദിയാണ് ഉബൈദ് ചോദിച്ചുവാങ്ങിയത്. അത് അത്ര എളുപ്പമായ കാര്യമല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാല്‍ ഒരുപാട് ദിനരാത്രങ്ങള്‍ പഠനത്തിനും പര്യാലോചനക്കുമായി ചെലവഴിച്ചുകൊണ്ടാണ് അദ്ദേഹം ആ പ്രസംഗം എഴുതിത്തയാറാക്കിയത്.
പൂങ്കുയിലുകള്‍ക്കിടയില്‍ ഒരു കാക്കയിരിക്കുന്നതിലെ ഔചിത്യത്തെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗം ഉബൈദ് തുടങ്ങുന്നത് (ആ ആമുഖഭാഗം ഒഴിവാക്കിയാണ് മാതൃഭൂമി ആ പ്രസംഗം പ്രസിദ്ധീകരിച്ചത്). മ്ലേഛാംശങ്ങള്‍ തീണ്ടാത്ത കാവ്യഭാഷയിലും മാനക മലയാളത്തിലും സാഹിത്യരചന നടത്തുന്നവര്‍ക്കിടയില്‍ അറബിമലയാളപാരമ്പര്യക്കാരനെന്തുകാര്യം എന്നാണ് ചോദ്യം. ആ സാഹിത്യവേദിയില്‍ സന്നിഹിതരായവര്‍ക്കിടയില്‍ അസ്പഷ്ടമായെങ്കിലും നിലനിന്നിരുന്ന പൊതുവായൊരാശങ്ക ഉച്ചത്തില്‍ ചോദിച്ച് ഒരു സംവാദമുഖം തുറക്കുകയായിരുന്നു ഉബൈദ്.
മാപ്പിളപ്പാട്ടിന്റെ ചരിത്രവും പ്രത്യേകതകളും വിവരിച്ചുകൊണ്ട്, ശൃംഗാരവീരരസങ്ങള്‍ ആലപിച്ചുദാഹരിച്ചുകൊണ്ട് ഉബൈദ് പ്രസംഗിച്ചു. കുതിരത്താളത്തിലുള്ള വരികള്‍ മധുരമനോഹരമായി പാടി. പ്രൗഢകവിതകളുടെ ആസ്വാദകരായിരുന്ന ശ്രോതാക്കള്‍ മാപ്പിളപ്പാട്ടിന്റെ തേനിശലില്‍ ലയിച്ചിരുന്നുപോയി. പടക്കളത്തിലേക്ക് പോകുന്ന തരുണനായ മൊയ്തീന്‍കുട്ടി മാതാവിനോട് വിടവാങ്ങുന്ന, 'മലപ്പുറം പടപ്പാട്ടി'ലെ വികാരനിര്‍ഭരമായ വരികള്‍ പാടിവിവരിച്ചപ്പോള്‍ ഹാളിന്റെ ഒരുവശത്ത് ഒതുങ്ങിയിരുന്ന സ്ത്രീകള്‍ പലരും കൈലേസുകൊണ്ട് കണ്ണീരൊപ്പി. 'മലയാളസാഹിത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നേടത്ത് മാപ്പിളപ്പാട്ടുകാരന്ന് എന്തുകാര്യം' എന്ന് സംശയിച്ചിരുന്നവര്‍ക്കുള്ള മറുപടിയായി 'മാപ്പിളപ്പാട്ടിനെപ്പറ്റി കൂടി പ്രതിപാദിക്കാത്ത മലയാളസാഹിത്യ ചരിത്രം അപൂര്‍ണമാണ്' എന്ന് ജി. ശങ്കരക്കുറുപ്പിനെക്കൊണ്ട് പറയിക്കുന്നതില്‍ ചെന്നാണ് ആ പ്രസംഗം കലാശിച്ചത്. മാപ്പിളപ്പാട്ടുസംസ്‌കൃതിയുടെ തേനാറുകൂടിയൊഴുകുന്ന പൂവാടിയായി മലയാളസാഹിത്യാരാമത്തെ മാറ്റേണ്ടതുണ്ടന്ന് തെളിയിച്ച പ്രസംഗമായിരുന്നു അത്. ഈ പര്യവസാനത്തിന്റെ പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോഴാണ് ഉബൈദ് ആമുഖത്തില്‍ നടത്തിയ 'കാക്ക' പരാമര്‍ശം എത്രമേല്‍ തീക്ഷ്ണമാണെന്ന് നാം അത്ഭുതപ്പെടുന്നത്.
ആവേശഭരിതരായ മുപ്പത് സാഹിത്യകാരന്മാര്‍ ഒപ്പുവെച്ച്, ഉബൈദിന് പ്രത്യേക സമ്മാനം നല്‍കണമെന്ന് സംഘാടകര്‍ക്ക് നിവേദനം നല്‍കി. ആരെങ്കിലും എതിര്‍ത്തതുകൊണ്ടായിരുന്നില്ല അത് നടക്കാതെപോയത്. കാശില്ലാത്തതുകൊണ്ട് മാത്രമായിരുന്നു. ആ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളില്‍ പുറത്തിറങ്ങിയ ലക്കങ്ങളിലായി മാതൃഭൂമി പ്രസ്തുത പ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ സംഘാടകര്‍ക്കും അതില്‍ സംബന്ധിച്ചവര്‍ക്കും പ്രസംഗിക്കാന്‍ അവസരം വാങ്ങിക്കൊടുത്തവര്‍ക്കുമെല്ലാം പരമസന്തോഷം. അങ്ങനെ കോഴിക്കോടു പരിഷത്തിലെ ഏറ്റവും ഉജ്ജ്വലമായ പ്രസംഗമായി അതുമാറി. അടുത്ത രണ്ടുപരിഷത്ത് സമ്മേളനങ്ങളിലും മാപ്പിളപ്പാട്ട് ചര്‍ച്ചാവിഷയമാവുകയും വിഷയാവതാരകനായി ഉബൈദ് തന്നെ നിശ്ചയിക്കപ്പെടുകയും ചെയ്തു. മലയാളസാഹിത്യത്തിലെ മഹാരഥന്മാരുടെ സംഗമവേദിയായ സാഹിത്യപരിഷത്തിന്റെ നിര്‍വാഹക സമിതിയില്‍ അംഗമായിരിക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി.
അറബിമലയാളത്തില്‍ നിത്യോപയോഗത്തിലുണ്ടായിരുന്ന പദങ്ങളില്‍ പോലും മലയാളത്തിന്ന് അപരിചിതങ്ങളായവ ഏറെയുണ്ടായിരുന്നു. അറബി, ഹിന്ദുസ്താനി, തമിഴ് തുടങ്ങിയ ഭാഷകളില്‍ നിന്ന് അതേരൂപത്തിലോ അല്ലറചില്ലറ വ്യത്യാസങ്ങളോട് കൂടിയോ അറബിമലയാളത്തിലേക്ക് വാക്കുകള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അവക്ക് പലപ്പോഴും മൂലഭാഷയിലെ അര്‍ത്ഥം തന്നെയായിരിക്കും കല്പിക്കപ്പെട്ടിരിക്കുക. അര്‍ത്ഥഭേദങ്ങളോടുകൂടി സ്വീകരിക്കപ്പെട്ടവയുമുണ്ട്. ഇങ്ങനെ പലരൂപത്തില്‍ അറബിമലയാളപദസഞ്ചയത്തില്‍ സ്വരൂപിക്കപ്പെട്ട വാക്കുകള്‍ ശേഖരിച്ച്, നിഷ്പത്തി കണ്ടെത്തി, അര്‍ത്ഥങ്ങളും ഉദാഹരണങ്ങളും സഹിതം മലയാളത്തിന് ലഭ്യമാക്കുകയാണ്, മലയാളത്തെ മാപ്പിള സൗഹൃദമാക്കുന്നതിന്ന് ഉബൈദ് ചെയ്ത മറ്റൊരു സേവനം.
** ** ** ** **
മാപ്പിള സാഹിത്യത്തെ പ്രസംഗിച്ചും പഠനങ്ങളെഴുതിയും പുലവന്മാരെപ്പോലെ പാടിയും പ്രചരിപ്പിക്കുകയായിരുന്നു ഉബൈദ്. വ്യക്തിപരമായ ഇത്തരം ശ്രമങ്ങള്‍ക്കപ്പുറം സാഹിത്യസംഘാടകരുടെ സഹായത്തോടെ സെമിനാറാദികള്‍ സംഘടിപ്പിക്കാനും ഉബൈദ് മുന്‍കൈയെടുക്കുകയുണ്ടായി. സാഹിത്യസെമിനാറുകള്‍ സംഘടിപ്പിക്കുന്നതില്‍ വലിയ മിടുക്ക് കാണിച്ചിരുന്ന പി.എ സെയ്തുമുഹമ്മദിന്റെ സഹായം അദ്ദേഹം നിരന്തരം തേടിക്കൊണ്ടിരുന്നു. നേരില്‍ കാണുമ്പോള്‍ അങ്ങനെയും അല്ലാത്തപ്പോള്‍ എഴുത്ത് മുഖേനയും. ഒരു മാപ്പിളസാഹിത്യസെമിനാര്‍ സംഘടിപ്പിക്കുകയായിരുന്നു താല്പര്യം. 1968-ല്‍ ആലുവായില്‍ പെരിയാറിന്റെ തീരത്തുവെച്ച് ഇരുവരും ആലോചിച്ച് ഒരു രൂപരേഖ തയാറാക്കി. 1970-ല്‍ കുട്ട്യാമു സാഹിബിന്റെ സാന്നിധ്യത്തില്‍ വീണ്ടും ഒത്തുകൂടി. സെയ്തുമുഹമ്മദ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തു. സിഎച്ച് മുഹമ്മദ് കോയയുടെ പ്രോത്സാഹനവുമുണ്ടായി. സ്വതസ്സിദ്ധമായ ശൈലിയില്‍ 'ഗോ ഫോര്‍വേഡ്' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പച്ചക്കൊടി കാണിച്ചത്. 1971 മെയ്മാസത്തില്‍ അഞ്ചു ദിവസങ്ങളിലായി തിരൂരങ്ങാടിയില്‍ മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ നഗറില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എം.കെ ഹാജി, ടി.പി കുട്ട്യാമുസാഹിബ്, ചാക്കീരി അഹ്മദ് കുട്ടി എം.എല്‍.എ, സി.എച്ച് ഇബ്‌റാഹീം ഹാജി, യു.എ ബീരാന്‍ സാഹിബ് തുടങ്ങിയവരായിരുന്നു സംഘാടകര്‍. ശൂരനാട്ടുകുഞ്ഞന്‍പിള്ള, പ്രേംനസീര്‍, കെപി കേശവമേനോന്‍ തുടങ്ങിയവര്‍ അതിഥികളായി ഓരോരോ സന്ദര്‍ഭങ്ങളില്‍ സെമിനാറില്‍ പങ്കെടുത്തു. മലയാളലിപിയില്‍ തയാറാക്കിയ ചാക്കീരി മൊയ്തീന്‍കുട്ടിയുടെ ബദര്‍പടപ്പാട്ട് പ്രകാശനം ചെയ്തത് ആ സെമിനാറിലാണ്. അറബിമലയാള ഗ്രന്ഥങ്ങളുടെ പ്രദര്‍ശനവും മാപ്പിളകലാപരിപാടികളും നിത്യേനയുണ്ടായിരുന്നു. സെമിനാര്‍ വേദിയില്‍ വെച്ച് കെ.പി കേശവമേനോന്‍ ഉബൈദിനെ പൊന്നാട അണിയിക്കുകയുമുണ്ടായി.
ഉബൈദിന്റെ ഈവിധത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമെന്തായിരുന്നു? മലയാള സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ വളരെ പെട്ടെന്നുതന്നെ നല്ല പ്രതികരണങ്ങളുണ്ടാക്കി അതെന്ന് സി.പി ശ്രീധരന്‍ രേഖപ്പെടുത്തുന്നു. ''ഉബൈദിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും സൃഷ്ടിച്ച അലയൊലി മലയാള സാഹിത്യത്തില്‍ ഉടനെ സൃഷ്ടിപരമായ രൂപംകൊണ്ടു. ആ ശീലിലും ഈണത്തിലും രൂപഭാവത്തിലും പുതിയ പുതിയ കവിതകളും പാട്ടുകളും വാര്‍ന്നുവീണു. വയലാറും ഒ.എന്‍.വിയും കൃഷ്ണകുമാറും മറ്റനേകം കവികളും ഗാനരചയിതാക്കളും ഉള്‍ക്കനമാര്‍ന്ന കവിതകളും പാട്ടുകളും ഈ ശീലുകളില്‍ രചിച്ചു. ആ വൃത്തങ്ങളിന്ന് മലയാള കവിതയുടെ വൃത്തങ്ങളായി മാറിയിരിക്കുന്നു. സിനിമാഗാന രംഗത്ത് ഇന്നും അതിനൊരു മേല്‍ക്കോയ്മ തന്നെയുണ്ട്. മലയാള കവിതക്കും ഗാനസാഹിത്യത്തിനും രൂപപരമായ പുതിയ ചക്രവാളങ്ങള്‍ കാണിച്ചുകൊടുത്തുവെന്നതാണ് ഉബൈദിന്റെ ഈ കൃത്യം വരുത്തിയ പ്രത്യക്ഷഫലം. മലയാളകവിതയുടെ വളര്‍ച്ചക്ക് പുതിയൊരു രസായന ചികിത്സയുടെ ഫലം ചെയ്തതിനു പുറമെ മലയാള സാഹിത്യത്തിന് മറ്റൊരു നേട്ടവുമുണ്ടാക്കി. മലയാളത്തിന്റെ പദസമ്പത്ത് അത് ഒട്ടേറെ വര്‍ധിപ്പിച്ചു. ലോലമൃദുലങ്ങളും വീര്യോത്തേജകങ്ങളുമായ അനേകം മാനസികഭാവങ്ങള്‍ക്കു മാത്രമല്ല, വ്യവഹാര ലോകത്തിലെ കര്‍ക്കശമായ ഇടപാടുകള്‍ക്കും വിനിമയോപാധിയായിത്തീര്‍ന്ന നൂറുകണക്കില്‍ പദങ്ങള്‍ ഈ സാഹിത്യപ്രപഞ്ചത്തില്‍ നിന്ന് മലയാളികള്‍ക്കു കിട്ടി.'' 1954-ല്‍ നീലക്കുയില്‍ എന്ന സിനിമക്കു വേണ്ടി രചിക്കപ്പെട്ട 'കായലരികത്ത്' എന്നുതുടങ്ങുന്ന പാട്ട് പൂര്‍ണാര്‍ഥത്തില്‍ മാപ്പിളപ്പാട്ടായി അംഗീകരിയ്ക്കപ്പെടാനിടയില്ല. എന്നാല്‍ ഉബൈദ് പ്രചരിപ്പിച്ചുകൊണ്ടിരുന്ന പല മാപ്പിളപ്പാട്ടംശങ്ങളും പൊതുസമൂഹം ഏറ്റുവാങ്ങിയതിന്റെ പ്രത്യക്ഷോദാഹരണമാണത്. ഇങ്ങനെയൊക്കെയാണ് ഉബൈദ് മലയാളത്തെ മാപ്പിളസൗഹൃദ ഭാഷയാക്കാന്‍ പെടാപ്പാടുപെട്ടത്. ആ ശ്രമങ്ങള്‍ക്ക് കരുത്തേറിയ പിന്തുടര്‍ച്ചയുണ്ടായില്ല. അത് വേണ്ടവിധം തിരിച്ചറിയപ്പെടുക പോലുമുണ്ടായില്ല. അതാണ് മലയാളത്തെ മാപ്പിളസൗഹൃദമാക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കാതെ മുരടിച്ചുപോകാന്‍ കാരണമായത്.
[email protected]
(ടി. ഉബൈദിനെ കുറിച്ച് തയാറാക്കിക്കൊണ്ടിരിക്കുന്ന
പുസ്തകത്തില്‍നിന്ന്).
Comments