Prabodhanm Weekly

Pages

Search

2013 ഒക്‌ടോബര്‍ 04

മാതാവ് എന്ന വിസ്മയം

മുനീര്‍ മുഹമ്മദ് റഫീഖ് / കുടുംബം


ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ജപ്പാനില്‍ ഭൂമികുലുക്കമുണ്ടായ സന്ദര്‍ഭം. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമിടയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്ന സൈനികര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു യുവതിയെ കണ്ടു. പുറംതിരിഞ്ഞു കിടക്കുന്ന അവര്‍ മരിച്ചോ ഇല്ലേ എന്ന് വ്യക്തമല്ല. മുന്നിലേക്ക് ചാഞ്ഞ് നിലത്ത് നെറ്റികുത്തി, രണ്ടു കൈകള്‍ കൊണ്ട് എന്തോ ഒന്നിനെ മാറോടു ചേര്‍ത്ത് ഒളിപ്പിച്ചു വെച്ചതുപോലെയാണ് ആ സ്ത്രീ കിടന്നിരുന്നത്. തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ അവളുടെ തലയിലും മുതുകിലുമായി ചിതറിക്കിടക്കുന്നു. ജീവന്റെ തുടിപ്പുകള്‍ ആ ശരീരത്തില്‍ അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ റെസ്‌ക്യൂ ടീമിന്റെ ക്യാപ്റ്റന്‍ തകര്‍ന്നടിഞ്ഞ ചുമരിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കൈയെത്തിച്ച് നോക്കി. തണുത്ത് വിറങ്ങലിച്ച ആ ശരീരത്തില്‍നിന്ന് പക്ഷേ, കുറേ മുമ്പു തന്നെ ജീവന്‍ പോയിരിക്കുന്നുവെന്ന് അയാള്‍ നിരാശയോടെ മനസ്സിലാക്കി.
    ജീവിതത്തിനും മരണത്തിനുമിടയില്‍ ഇനിയാരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ ആ സ്ത്രീയെ വിട്ട് അവര്‍ വീണ്ടും തിരച്ചില്‍ തുടര്‍ന്നുവെങ്കിലും എന്തോ കാരണത്താല്‍ റെസ്‌ക്യൂ ടീമിന്റെ ക്യാപ്റ്റന്‍ വീണ്ടും ആ യുവതിയുടെ മൃതദേഹത്തിനടുക്കല്‍ വന്നു ഒന്നു കൂടി പരിശോധിച്ചു. ആ സ്ത്രീ എന്തിനെയോ ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന നിഗമനത്തില്‍ അദ്ദേഹം ആ സ്ത്രീ അടക്കിപ്പിടിച്ചിരിക്കുന്നത് എന്താണെന്ന് തെരഞ്ഞു. പെട്ടെന്ന് അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: ഇതാ ഇവിടെ ഒരു കുഞ്ഞ്, ഇങ്ങോട്ടു വരൂ, ഇവിടെ ഒരു കുഞ്ഞ്... രക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞുവന്നു. യുവതിയുടെമേല്‍ വീണുകിടക്കുന്ന അവശിഷ്ടങ്ങള്‍ മാറ്റിയപ്പോള്‍, വെറും മൂന്നുമാസം പ്രായമായ ഒരു കുഞ്ഞ് ഭദ്രമായി കമ്പിളിയില്‍ പൊതിഞ്ഞ് കിടന്നുറങ്ങുന്നതാണ് അവര്‍ കണ്ടത്. തന്റെ ജീവന്‍ കൊടുത്തും ആ സ്ത്രീ തന്റെ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നുവെന്ന് അവരുടെ കിടപ്പില്‍ നിന്ന് മനസ്സിലാകും. വീടിന്റെ അവശിഷ്ടങ്ങള്‍ തന്റെ മുതുകില്‍ വീഴുമാറ് സ്വയം ഏറ്റുവാങ്ങി അവര്‍ തന്റെ കുഞ്ഞിനെ മാറോടു ചേര്‍ത്തുപിടിച്ചു കുനിഞ്ഞുകിടക്കുകയായിരുന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ടീം ക്യാപ്റ്റന്‍ കുഞ്ഞിനെ പൊക്കിയെടുക്കുമ്പോഴും ആ കുഞ്ഞ് തന്റെ മാതാവിന്റെ മാറിലെന്നോണം സുഖമായി ഉറങ്ങുകയാണ്.
കുഞ്ഞിനെ പുതച്ചിരുന്ന കമ്പിളിയില്‍നിന്ന് ഡോക്ടര്‍മാര്‍ ഒരു സെല്‍ഫോണ്‍ കണ്ടെടുത്തു. ആ ഫോണിന്റെ സ്‌ക്രീനില്‍ ഒരു മെസേജ് ഉണ്ടായിരുന്നു. മരണത്തെ മുഖാ മുഖം കണ്ട സന്ദര്‍ഭത്തില്‍ ഒരു പക്ഷേ തന്റെ കുഞ്ഞെങ്കിലും രക്ഷപ്പെട്ടെങ്കിലോ എന്ന് കരുതി ആ മാതാവ് തന്റെ പൊന്നോമനക്ക് അവസാനമായി നല്‍കിയ സന്ദേശമായിരുന്നു അത്. If you can survive, you must remember that I love you very much (രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം, ഞാന്‍ നിന്നെ ഒരു പാട് സ്‌നേഹിക്കുന്നുവെന്ന്). ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു ആ മാതാവിന്റെ സന്ദേശത്തിലെ സ്‌നേഹം തുളുമ്പുന്ന ആ വാക്യം.
ഒരു മാതാവിന് അവരുടെ കുഞ്ഞിനോടുള്ള സ്‌നേഹത്തിന്റെ ആഴം വിശദീകരിക്കാന്‍ ഈയൊരൊറ്റ സംഭവം ധാരാളമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റായിരുന്നു ഇത്. സമാനമായതോ ഇതിനേക്കാള്‍ തീവ്രതരമോ ആയ മാതൃസ്‌നേഹത്തിന്റെ കഥകള്‍ വേറെയുമുണ്ടാകും ഒരു പാട്.

മാതൃസ്‌നേഹം പ്രകൃതിപരം
    സ്‌നേഹമെന്ന വികാരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാവമാണ് മാതൃസ്‌നേഹം. കുഞ്ഞ് മാതാവിനെ സ്‌നേഹിക്കുക, ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിക്കുക, ഭാര്യ ഭര്‍ത്താവിനെ സ്‌നേഹിക്കുക, പിതാവ് കുഞ്ഞിനെ സ്‌നേഹിക്കുക, സ്‌നേഹിതന്‍മാര്‍ പരസ്പരം സ്‌നേഹിക്കുക, ജീവജാലങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കുക തുടങ്ങി വൈവിധ്യമാര്‍ന്നതും വ്യത്യസ്തവുമായ ഭാവതലങ്ങളും പ്രതിഫലനങ്ങളുമുണ്ട് സ്‌നേഹമെന്ന ഉദാത്തമായ വികാരത്തിന്. ഇതില്‍ ഏറ്റവും ശക്തവും തീവ്രവുമായ സ്‌നേഹാവിഷ്‌കാരത്തിന്റെ പ്രതിഫലനമാണ് ഒരു മാതാവിന് കുഞ്ഞിനോടുള്ള സ്‌നേഹം. സാര്‍വലൗകികതയും സാര്‍വകാലികതയുമുള്ള മനുഷ്യവികാരത്തിന്റെ നിദര്‍ശനമാണ് മാതൃസ്‌നേഹമെന്നത്.  
മനുഷ്യരെ വിട്ടു മറ്റു ജീവജാലങ്ങളിലും മാതൃസ്‌നേഹത്തിന്റെ തീക്ഷ്ണതയുടെ അടയാളങ്ങള്‍ കാണാന്‍ സാധിക്കും. പൊതുവെ അക്രമവാസനയില്ലാത്ത ജീവികള്‍ പോലും അവയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതില്‍ കാണിക്കുന്ന ശൗര്യം കുഞ്ഞുങ്ങളോടുള്ള അവയുടെ സ്‌നേഹത്തില്‍ നിന്നുണ്ടാവുന്നതാണ്. ജീവനെടുക്കുമ്പോള്‍ പോലും മനുഷ്യന് വിധേയനായി നിന്നു തരുന്ന കോഴി, അതിന്റെ കുഞ്ഞിനെ അപകടപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ശക്തമായ പ്രത്യാക്രമണം നടത്തും. ശാരീരികമായ കഴിവുകളും ശക്തിയും എത്ര കൂടുതലുള്ള ജീവിയാണെങ്കിലും ശരി, കുഞ്ഞിനെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അവ തുരത്തിയോടിക്കും. തന്റെ ജീവന്‍ അപകടപ്പെടുത്തുന്നവരോടു അവ വിട്ടു വീഴ്ച ചെയ്‌തേക്കാം. എന്നാല്‍ തന്റെ കുഞ്ഞിനെ അക്രമിക്കുന്നവന്‍ എത്ര ശക്തനാണെങ്കിലും ശരി അത് പ്രതികരിക്കും. എല്ലാ ജീവജാലങ്ങളിലും അല്ലാഹു നിറച്ചിട്ടുള്ള മാതൃസ്‌നേഹം എന്ന വികാരത്തിന്റെ പ്രതിഫനമാണിത്.

മാതൃസ്‌നേഹത്തെ വാനോളമുയര്‍ത്തുന്നു ഇസ്‌ലാം
മാതാക്കള്‍ക്ക് മക്കളോടുള്ള സ്‌നേഹത്തെ ഇസ്‌ലാം വളരെ പവിത്രമായി കാണുന്നുണ്ട്. സ്‌നേഹം എന്ന മാനുഷിക വികാരത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് മാതാവിന് കുഞ്ഞിനോടുള്ള സ്‌നേഹം എന്നുള്ളതുകൊണ്ടാകാം ഇത്. ഒരിക്കല്‍ തിരുമേനി (സ) അല്ലാഹുവിന് തന്റെ അടിമകളോടുള്ള സ്‌നേഹത്തെക്കുറിച്ച് വിശദീകരിക്കവെ പറഞ്ഞതിങ്ങനെയാണ്. അല്ലാഹുവിന് അവന്റെ അടിമകളോടുള്ള സ്‌നേഹം ഒരു മാതാവിന് അതിന്റെ കുഞ്ഞിനോടുള്ള സ്‌നേഹത്തേക്കാള്‍ എത്രയോ വലുതാണ്. അല്ലാഹുവിന് അവന്റെ അടിമകളോടുള്ള സ്‌നേഹത്തിന്റെ തോതും വ്യാപ്തിയും മനസ്സിലാക്കിത്തരാന്‍ പ്രപഞ്ചത്തിലെ ഏറ്റവും പവിത്രമായ മാതൃസ്‌നേഹത്തെ താരതമ്യത്തിന് തെരഞ്ഞെടുക്കുകയായിരുന്നു തിരുമേനി.
ഇസ്‌ലാമില്‍ സ്ത്രീകളുടെ സ്ഥാനം പുരുഷന് തുല്യമാണ്. അവരുടെ മാനസിക ശാരീരിക സവിശേഷതകള്‍ കണക്കിലെടുത്താണ് ഇസ്‌ലാം അവര്‍ക്ക് സമൂഹത്തിലും കുടുംബത്തിലും അനുയോജ്യമായ ഇടം നല്‍കുന്നത്. ഇതില്‍ ഒരു മാതാവ് എന്ന നിലയിലുള്ള സ്ത്രീയുടെ മാതൃവികാരത്തെ, മാതൃസ്‌നേഹം കിനിഞ്ഞൊഴുകുന്ന സ്ത്രീ മനസ്സിനെ ഇസ്‌ലാം വേണ്ടത്ര പരിഗണിക്കുന്നതു കാണാം.
നമസ്‌കാര വേളയില്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം കുറച്ച് പെട്ടെന്ന് സലാം വീട്ടി എഴുന്നേല്‍ക്കുന്ന പ്രവാചകന്‍ പിന്നീട് അതിന്റെ കാരണം വ്യക്തമാക്കുന്നുണ്ട്. കുഞ്ഞിനെ മാത്രമല്ല ഇവിടെ തിരുമേനി പരിഗണിക്കുന്നത്, തന്റെ കുട്ടിയുടെ കരച്ചില്‍ മാതാവിന്റെ മനസ്സിന് പ്രയാസമുണ്ടാക്കുമെന്നതുകൊണ്ടു കൂടിയാണ് തിരുമേനി നമസ്‌കാര സമയം ചുരുക്കുന്നതും അങ്ങനെ വേണമെന്ന് അനുചരന്‍മാരോട് ആവശ്യപ്പെടുന്നതും. ഒരു വേള കുട്ടിയുടെ വികാരത്തെക്കാള്‍ മാതാവിന്റെ മാനസികാവസ്ഥയെയാണ് ഇസ്‌ലാം പരിഗണിക്കുന്നതെന്നു കാണാം. ഉമ്മയുടെ സാന്നിധ്യവും വാത്സല്യവും കുട്ടിയില്‍ നിറക്കുന്ന ആശ്വാസത്തോളം വരില്ല മറ്റാരുടെ വാത്സല്യവും സാന്നിധ്യവും.
വിശുദ്ധ ഖുര്‍ആനില്‍ മൂസാനബിയും അദ്ദേഹത്തിന്റെ മാതാവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. തന്റെ കുഞ്ഞിനെ നദിയില്‍ ഒഴുക്കാന്‍ മൂസാ നബിയുടെ മാതാവിന് ബോധനം നല്‍കുന്ന അല്ലാഹു, പിന്നീടങ്ങോട്ട് ആ മാതാവിന്റെ ഹൃദയത്തെ സമാശ്വസിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കൂ.
'ദിവ്യബോധനത്തിലൂടെ നല്‍കപ്പെടുന്ന അതേ വെളിപാട് നാം നിന്റെ മാതാവിന് നല്‍കിയപ്പോള്‍. എന്തെന്നാല്‍ ഈ ശിശുവിനെ പേടകത്തിലാക്കുക. പേടകത്തെ നദിയില്‍ ഒഴുക്കുക. നദി അതിനെ കരയിലിട്ടുകൊള്ളും. എന്റെയും ആ ശിശുവിന്റെയും ശത്രു അതിനെ എടുക്കും. ഞാന്‍ എന്നില്‍ നിന്ന് നിന്റെ മേല്‍ സ്‌നേഹം ചൊരിഞ്ഞിരിക്കുന്നു. എന്റെ മേല്‍നോട്ടത്തില്‍ വളര്‍ത്തപ്പെടാന്‍ വേണ്ട സംവിധാനമുണ്ടാക്കി. ഓര്‍ക്കുക. നിന്റെ സഹോദരി നടന്നുപോവുകയായിരുന്നു. അങ്ങനെ അവള്‍ പറയുന്നു ഈ കുഞ്ഞിനെ നന്നായി പോറ്റുന്ന ഒരാളെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് വിവരം തരട്ടെയോ? ഈവിധം നാം വീണ്ടും നിന്നെ നിന്റെ മാതാവിങ്കലേക്കെത്തിച്ചു. അവളുടെ കണ്‍കുളിര്‍ക്കുന്നതിനും അവള്‍ വിഷാദിക്കാതിരിക്കാനും വേണ്ടി'(ത്വാഹാ 38-40).
'മൂസായുടെ ഉമ്മയ്ക്കു നാം ദിവ്യബോധനം നല്കി: അവനു മുലപ്പാല്‍ കൊടുക്കുക. അവന്റെ കാര്യത്തില്‍ ഭയം തോന്നിയാല്‍ അവനെ നദിയില്‍ ഇടുക. ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. തീര്‍ച്ചയായും, നാമവനെ നിനക്കു തിരികെ തരികയും, പിന്നീട് ദൈവദൂതനാക്കുകയും ചെയ്യും.'
മൂസായുടെ ഉമ്മയുടെ മാനസികാവസ്ഥയെക്കുറിച്ച് ഖുര്‍ആന്‍ വാചാലമാകുന്നതിങ്ങനെ. 'മൂസായുടെ മാതാവിന്റെ മനസ് ശൂന്യമായി (വ്യസനങ്ങളില്‍നിന്ന് മുക്തയായി). അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവാന്‍ അവളുടെ മനസിനെ നാം ദൃഢമാക്കിയില്ലായിരുന്നുവെങ്കില്‍ അവളത് വെളിപ്പെടുത്തിപ്പോകുമായിരുന്നു!
'അതിനുമുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവനു മുലകൊടുക്കുന്നതിനു നാം തടസ്സമുണ്ടാക്കി. അപ്പോള്‍ അവള്‍ പറഞ്ഞു: നിങ്ങള്‍ക്കു വേണ്ടി ഇവനെ സംരക്ഷിക്കുന്ന, അവന്റെ ഗുണകാംക്ഷികളായ ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? അങ്ങനെ അവന്റെ മാതാവിന്റെ കണ്ണ് കുളിര്‍ക്കാനും അവള്‍ ദുഃഖിക്കാതിരിക്കാനും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നറിയാനുമായി അവനെ നാം അവള്‍ക്കു തിരിച്ചുനല്‍കി. എന്നാല്‍, അവരില്‍ അധികപേരും കാര്യമറിയുന്നില്ല' (അല്‍ഖസസ് 12-13).
കുഞ്ഞിനെ നഷ്ടമാകുന്ന ഒരു മാതൃഹൃദയത്തിന്റെ വേദന ഖുര്‍ആന്‍ കോറിയിടുകയാണ്. എന്നിട്ട് ആശ്വാസവചനങ്ങള്‍ നല്‍കുന്നു.
പക്ഷേ പിന്നീടങ്ങോട്ട് ഒരു പ്രവാചകന്റെ മാതാവ് എന്നതിനേക്കാള്‍, ഒരു കുഞ്ഞിന്റെ മാതാവ് എന്ന നിലയിലാണ് ഖുര്‍ആന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പ്രവാചകനാകാന്‍ പോകുന്ന മൂസയുടെ മാതാവ് എന്നതാണ് അവര്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടാന്‍ നിമിത്തം. എങ്കിലും വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മൂസായുടെ ഉമ്മയെയാണ്. നദിയില്‍ ഒഴുക്കാന്‍ കല്‍പ്പന നല്‍കിയ അല്ലാഹു അവര്‍ക്കു ഉറപ്പു നല്‍കുന്നു, തന്റെ മകനെ തിരിച്ചുനല്‍കുമെന്ന്. കുട്ടിയെ സംബന്ധിച്ചിടത്തോളം കൊട്ടാരത്തില്‍ മുലയൂട്ടുന്ന നിരവധി സ്ത്രീകളില്‍ ആരുടെ പാലുകുടിച്ചും കുട്ടിക്ക് വളരാം. തന്റെ ഉമ്മയെത്തന്നെ വേണമെന്ന നിര്‍ബന്ധം കുട്ടിക്ക് ഉണ്ടാവണമെന്നില്ല. എന്നാല്‍ മകനെ നഷ്‌പ്പെട്ട മാതാവിന്റെ ദുഖത്തിന് പരിഹാരം ആ മകനെ തിരികെ ലഭിക്കുക എന്നതു മാത്രമാണ്. മൂസാ എന്ന പ്രവാചകന് വേണ്ടിയല്ല അല്ലാഹു മൂസായെ അവരുടെ മാതാവിന് തിരികെയേല്‍പ്പിക്കുന്നത്. അല്ലെങ്കില്‍ മൂസാ നബിക്ക് ഉമ്മയെ തിരിച്ചു നല്‍കുകയല്ല, മറിച്ച് ഉമ്മക്ക് മകനെ തിരിച്ചു നല്‍കുകയാണ്. മൂസായുടെ മാതാവിന്റെ കണ്‍കുളിര്‍ക്കാനും അവരുടെ ദുഃഖം മാറ്റാനും വേണ്ടിയാണിതെന്ന് ഖുര്‍ആന്‍ പറയുന്നതു അതുകൊണ്ടാണ്. ഖുര്‍ആന്‍ മൂസായെന്ന ഒരു പ്രവാചകന്റെ കഥ പറയുമ്പോള്‍, അല്‍പ സമയത്തേക്കെങ്കിലും ഇവിടെ പ്രധാന കഥാപാത്രം മൂസായുടെ ഉമ്മയായി മാറുന്നു. മാതൃസ്‌നേഹമെന്ന വികാരത്തെ അതിന്റെ ഉത്തുംഗതയില്‍ പ്രതിഷ്ഠിക്കുന്നതിന്റെ ഉദാഹരണമാണ് അല്‍ഖസ്വസ്വ്, ത്വാഹാ അധ്യായങ്ങളിലെ പരമാര്‍ശങ്ങള്‍. മാതാവിന് കുഞ്ഞിനോടുണ്ടാകുന്ന സ്‌നേഹത്തോളം വരില്ല, ഒരു സന്താനത്തിന്റെയും തിരിച്ചുള്ള സ്‌നേഹം എന്നുള്ളതുകൊണ്ടുകൂടിയാണ് മാതാവിനെ നിങ്ങള്‍ ഏറെ സ്‌നേഹിക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അത് പിതാവിനോടുള്ള സ്‌നേഹത്തേക്കാള്‍ മൂന്നിരട്ടി അധികമായിരിക്കണമെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നത് ഉമ്മയുടെ നിസ്തുല സ്‌നേഹത്തിന് പകരംവെക്കാന്‍ മറ്റൊന്നുമില്ല എന്നതുകൊണ്ടാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം / 30-36
എ.വൈ.ആര്‍