ചെന്നൈയിലെ ഹോളിഡേ മദ്‌റസകള്‍
എം.എം സനദ് /
ചെന്നൈയിലെ ഹോളിഡേ മദ്‌റസകള്‍
'ഹോളിഡേ മദ്‌റസകള്‍' (ജൂലൈ 26) എന്ന ശൈഖ് മുഹമ്മദ് കാരകുന്നിന്റെ കുറിപ്പ് അവസരോചിതമായിരുന്നു. അതിവേഗ സംസ്‌കാരത്തില്‍, കുട്ടികള്‍ക്ക് ഏറ്റവും മികച്ച ഭൗതിക വിദ്യാഭ്യാസമൊരുക്കാന്‍ നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍ക്ക് അവരെ ദിനേനയുള്ള മദ്‌റസകളിലേക്ക് പറഞ്ഞയക്കാന്‍ കഴിയാതെ വരുന്നു. ഇതിനൊരു പരിഹാരമാണ് ഹോളിഡേ മദ്‌റസകള്‍. കേരളത്തിനു വെളിയിലുള്ള മെട്രോ സിറ്റികളില്‍ സാഹചര്യം വളരെ പരിതാപകരമാണ്. സ്‌കൂള്‍ അവധിക്കാലങ്ങളില്‍ കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നതിനാല്‍ വളരെ കുറച്ച് സമയം മാത്രമേ ദീനീപഠനത്തിനായി നീക്കിവെക്കാന്‍ കഴിയാറുള്ളൂ. ഇത്തരത്തില്‍ നഷ്ടപ്പെടുന്ന ഞായറാഴ്ചകള്‍ ഒഴിവാക്കി ഏകദേശം 36 ഞായറാഴ്ചകളിലായി 3 മണിക്കൂര്‍ പരിഗണിച്ചാല്‍തന്നെ നൂറോളം മണിക്കൂറുകള്‍ മാത്രമേ ഇത്തരം നഗരങ്ങളില്‍ ലഭിക്കൂ. കുട്ടികളെ മലയാളഭാഷ കൂടി ഈ ചുരുങ്ങിയ സമയത്ത് പഠിപ്പിക്കേണ്ടതുണ്ട് എന്നത് മറ്റൊരു പ്രധാന വെല്ലുവിളിയാണ്.
ഇതെല്ലാം മുന്നില്‍ വെച്ചുകൊണ്ട് ചെന്നൈയിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ മജ്‌ലിസിന്റെ സഹായത്തോടുകൂടി ഇക്കൊല്ലം '90 മണിക്കൂര്‍' സിലബസിനു രൂപം കൊടുത്തു. 7 വര്‍ഷങ്ങളിലായി 630 മണിക്കൂര്‍ കൊണ്ട് ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ സിലബസ് തയാറാക്കപ്പെട്ടിട്ടുള്ളത്. പ്രായത്തിനു പകരം ഖുര്‍ആന്‍ പാരായണത്തിനുള്ള പരിജ്ഞാനമാണ് ഈ മദ്‌റസയിലേക്കുള്ള പ്രവേശന മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്. ഇസ്‌ലാമിക അടിസ്ഥാനങ്ങള്‍ക്കു പുറമെ ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ മനഃപാഠമാക്കല്‍, അറബി അക്ഷരങ്ങള്‍, പ്രാര്‍ഥനകള്‍, ഇസ്‌ലാമിക ചരിത്രം, മലയാളം തുടങ്ങിയവ കൂടി സിലബസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ചെന്നൈ നഗരത്തില്‍ 4 സ്ഥലങ്ങളിലായി 120 ഓളം വിദ്യാര്‍ഥികള്‍ ഈ സിലബസനുസരിച്ച് കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ പഠിച്ചുവരുന്നു. ഇതിന്റെ ഫലം ഉറപ്പുവരുത്തുന്നതിനായി ഓരോ മദ്‌റസയിലും ഒരു നിരീക്ഷണ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഉദ്ദിഷ്ട ഫലം അറിയണമെങ്കില്‍ ഒന്നു രണ്ടു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. കൂടുതല്‍ അറിയണമെങ്കില്‍ ബന്ധപ്പെടുക: 09884654466
അഷ്‌ക്കര്‍, മഞ്ചേരി /
കവിതയിലെ തീവ്രവാദങ്ങള്‍
ഇന്ത്യയിലെ പല സ്വാതന്ത്ര്യസമരപോരാളികളെയും നായകന്മാരെയും കഴിഞ്ഞ നൂറ്റാണ്ടിലെ അധിനിവേശ ശക്തികളായ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തിട്ടുണ്ട്. അവരൊക്കെ തീവ്രവാദികളാണോ? അങ്ങനെയെങ്കില്‍ ഇബ്‌റാഹീം സുലൈമാന്‍ അല്‍ റുബാഇശിന്റെ കവിത നിരോധിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇപ്പോള്‍ പഠിപ്പിക്കുന്ന പല പാഠങ്ങളും ഒഴിവാക്കേണ്ടി വരും. പല യൂനിവേഴ്‌സിറ്റികളിലും ബ്രിട്ടീഷ് സഖ്യകക്ഷികള്‍ തീവ്രവാദിയെന്നും ഭീകരവാദിയെന്നും പറഞ്ഞ് ജയിലിലിട്ട പല സ്വാതന്ത്ര്യസമര നായകന്മാരുടെയും ചരിത്രങ്ങളാണ് പഠിപ്പിക്കുന്നത്. പല രാജ്യങ്ങളിലും ക്രൂരമായ നരവേട്ട നടത്തി അധിനിവേശം നടത്തുന്ന അമേരിക്കയും ബ്രിട്ടനും നേതൃത്വം നല്‍കുന്ന സഖ്യകക്ഷികള്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ മാത്രം അയാള്‍ തീവ്രവാദിയായിത്തീരുന്നില്ല.
പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട് /
വൃദ്ധരായ മാതാപിതാക്കളുടെ പരിചരണം
ത്യാഗം ആവശ്യപ്പെടുന്നതാണ്
മാതാപിതാക്കളെ വാര്‍ധക്യത്തില്‍ പരിചരിക്കുക എന്നത് ഖുര്‍ആന്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കിയ ബാധ്യതയാണ്. ഖുര്‍ആന്റെ ഈ ശാസന കര്‍മജീവിതത്തിലൂടെ പ്രായോഗികമാക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ഇന്ന് വളരെ കുറഞ്ഞുകൊണ്ടിരിക്കുന്നു. വാര്‍ധക്യത്തിലും രോഗാവസ്ഥയിലും മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കി 'കടമ' നിര്‍വഹിക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു ആധുനിക സമൂഹം. മാതാപിതാക്കളെ സംരക്ഷിക്കുക എന്ന വിശ്വാസം പ്രയോഗവത്കരിക്കണമെങ്കില്‍ ത്യാഗമനസ്സ് വിശ്വാസികളില്‍ ഉണ്ടാകണം. പണവും സുഖാഡംബര ജീവിതവും ഒരു പക്ഷേ സ്വന്തം ജോലി പോലും ഒഴിവാക്കാനുള്ള ത്യാഗം ആവശ്യമായി വന്നേക്കാം. അല്ലാഹു നല്‍കിയതെല്ലാം അല്ലാഹുവിനു വേണ്ടി ത്യജിക്കാനും സമര്‍പ്പിക്കാനുമുള്ള മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ വിശ്വാസത്തിന്റെ മാധുര്യം നുകരാന്‍ സാധിക്കുകയുള്ളൂ.
ഏലംകുളം പഞ്ചായത്തിലെ ഒരു വനിതയുടെ മാതൃക ഇവിടെ ഉദ്ധരിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കുമെന്ന് കരുതുന്നു. പ്രൈമറി സ്‌കൂള്‍ അധ്യാപികയായ ആ യുവതി ജോലിയില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ് സ്‌കീം അനുസരിച്ച് വിരമിച്ചിരിക്കുകയാണ്. 'ഇനിയും കുറേകാലം കൂടി സര്‍വീസില്‍ തുടരുകയായിരുന്നില്ലേ നല്ലത്, ഇപ്പോള്‍ പിരിയുന്നത് കൊണ്ട് വലിയ സാമ്പത്തിക നഷ്ടമല്ലേ സംഭവിക്കുന്നത്' എന്ന ചോദ്യത്തിന് കോരിത്തരിപ്പിക്കുന്നതായിരുന്നു അവരുടെ മറുപടി: 'എന്റെ പിതാവ് വാര്‍ധക്യവും രോഗവും ബാധിച്ച് കിടപ്പിലാണ്. അദ്ദേഹത്തിന് പരിചരണം നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അല്ലാഹുവിന്റെ കല്‍പനയാണ്. ഇത് നിര്‍വഹിക്കണമെങ്കില്‍ എന്റെ ജോലി ഞാന്‍ ത്യജിച്ചേ പറ്റുകയുള്ളൂ.' അധ്യാപികയുടെ വാക്കുകളുടെ പൂര്‍ത്തീകരണമെന്നോണം ഭര്‍ത്താവിന്റെ കൂട്ടിച്ചേര്‍ക്കല്‍ കൂടിയായപ്പോള്‍ ഒരു കുടുംബത്തിന്റെ വിശ്വാസ പൂര്‍ണതയാണ് അനാവരണം ചെയ്യപ്പെട്ടത്: 'വാപ്പയെയും ഉമ്മയെയും സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യേണ്ട സമയത്ത് അതൊന്നും ചെയ്യാതെ പണം മാത്രം ഉണ്ടാക്കാന്‍ പണിയെടുത്തിട്ട് എന്താണ് കാര്യം? നാളെ പരലോകത്ത് ഇതിനുള്ള പ്രതിഫലം അല്ലാഹു നല്‍കും.'
കര്‍മജീവിതത്തിലൂടെ അല്ലാഹുവിന്റെ കല്‍പനകളുടെ തിളക്കം ലോകത്തിന് കാഴ്ചവെക്കാന്‍ കഴിയുക എന്നത് നമ്മുടെ പ്രബോധനത്തിന്റെ ഒരു മാര്‍ഗമായി നാം കാണണം. ത്യാഗവും സമര്‍പ്പണവുമാണ് ആ മാര്‍ഗത്തെ ഉജ്ജ്വലമാക്കുന്നത്.
റഹീം, കരിപ്പോടി /
സകാത്ത് സംവിധാനവും മതസംഘടനകളും
സകാത്തിന്റെ പുനരാവിഷ്‌കാരത്തെക്കുറിച്ചുള്ള ലേഖനത്തില്‍ (ജൂലൈ 5) പൊതുമുസ്‌ലിം സമൂഹം അതിനെ സാമൂഹിക വികസനത്തിനുള്ള ഉപാധിയായി കാണാത്തതിനെ വിമര്‍ശിച്ചത് സമയോചിതമായി. കേവലം ഒരു മതചടങ്ങായി അതിനെ കാണുകയാണ് സമൂഹത്തിലെ ഭൂരിഭാഗവും. മതസംഘടനകള്‍ അതിലൊരുഭാഗം തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് നല്‍കാന്‍ പ്രേരിപ്പിക്കുന്നു എന്നതില്‍ അവസാനിക്കുന്നു നമ്മുടെ സകാത്ത് സംവിധാനം. വിഷന്‍ 2016 മാത്രമാണ് ആസൂത്രിതമായി അതിനെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സാമൂഹിക പുരോഗതിക്കുമായി ഉപയോഗിക്കാന്‍ മുന്നോട്ടുവന്നത്. മഹല്ല്-മദ്‌റസ കമ്മിറ്റികള്‍ കേവലം പണക്കാരുടെ കൂട്ടായ്മ എന്ന അവസ്ഥയില്‍നിന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികളുടെയും യുവാക്കളുടെയും ചെറുകിട വ്യാപാരികളുടെയും കൂട്ടായ്മയായി മാറണം. ദരിദ്ര ലക്ഷങ്ങളോട് ചങ്ങാത്തമുള്ള വിഭാഗം മതത്തിന്റെ മര്‍മസ്ഥാനത്ത് വന്നാല്‍ മാത്രമേ ഇസ്‌ലാമിന്ന് പീഡിതരുടെയും ഏഴകളുടെയും ജീവിതത്തില്‍ ചാലകശക്തിയാവാന്‍ പറ്റുകയുള്ളൂ. ഇല്ലെങ്കില്‍ ഇപ്പോഴത്തെപ്പോലെ സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളില്‍നിന്ന് ഓടിയൊളിച്ച് ചരിത്രവും പാണ്ഡിത്യവും വാക്ചാതുരിയുംകേട്ട് കോള്‍മയിര്‍ക്കൊള്ളാനുള്ള ഒരു സംവിധാനമായേ അത് നിലനില്‍ക്കുകയുള്ളൂ.
ഇബ്‌നു ഹസന്‍, മടവൂര്‍ :
പ്രബോധനം പ്രസിദ്ധീകരിച്ച, മുട്ടാണിശ്ശേരിയില്‍ കോയാക്കുട്ടി മൗലവിയുടെയും കരുവള്ളി മുഹമ്മദ് മൗലവിയുടെയും അനുഭവ വിവരണങ്ങള്‍ വളരെ ഹൃദ്യമായി. സങ്കുചിത വിഭാഗീയതയുടെ വേലിക്കെട്ടുകള്‍ പൊളിച്ചുകൊണ്ട് പൂര്‍വകാല പണ്ഡിതരുടെ അനുഭവ സമ്പത്ത് പുതിയ തലമുറക്ക് പകുത്ത് നല്‍കാന്‍ ഉപകരിക്കുംവിധത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രബോധനം വാരികക്ക് ഭാവുകങ്ങള്‍.
കേരളത്തിലെ വിദ്യാലയങ്ങളിലെ അറബിക് ഭാഷാപഠനത്തിന്റെ വളര്‍ച്ച പുതിയ തലമുറക്ക് അജ്ഞാതമാണ്. മുസ്‌ലിം വിദ്യാര്‍ഥികളെ വിദ്യാലയങ്ങളിലേക്കാകര്‍ഷിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ടീച്ചര്‍മാരെ നിയമിച്ചുകൊണ്ട് ശ്രീചിത്തിരത്തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഇതിന് തുടക്കമിട്ടത്. ഇതിന് പ്രചോദനം നല്‍കിയ വക്കം മൗലവിയെ സ്മരിക്കാന്‍ ഈ ലേഖന പരമ്പര കളമൊരുക്കി. കേരള സംസ്ഥാന രൂപീകരണത്തോടെ സാര്‍വത്രികമായിത്തീര്‍ന്ന ഭാഷാപഠനം ഇന്നത്തെ നിലയിലെത്തിയത് മര്‍ഹൂം സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ കാലത്താണ്. അതിന്ന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖന്‍ കരുവള്ളിയാണ്.
കെ.എം അബൂബക്കര്‍ സിദ്ദീഖ്, എറിയാട് :
കേരളത്തില്‍ വളര്‍ന്നുവരുന്ന ''മാലിന്യ സംസ്‌കാരത്തിന്റെ'' നേര്‍ക്ക് ശക്തമായ ഭാഷയില്‍ ചാട്ടുളിയെറിയുന്ന അനുഭവമാണ്, നൗഷാദ് കായംകുളത്തിന്റെ 'മാലിന്യ സംസ്‌കാരം' എന്ന കവിത. അഭിനന്ദനം കവിക്കും പ്രബോധനത്തിനും.
ശാഹിന തറയില്‍ :
തലമുറകളുടെ ഗുരുനാഥന്‍ കരുവള്ളി മുഹമ്മദ് മൗലവിയെക്കുറിച്ച് സദ്‌റുദ്ദീന്‍ വാഴക്കാട് തയാറാക്കിയ ഫീച്ചര്‍ വായിച്ചു. അറബി വിദ്യാഭ്യാസ മേഖലയിലും മുസ്‌ലിം വൈജ്ഞാനിക രംഗത്തും നിരവധി സംഭാവനകളര്‍പ്പിച്ച കരുവള്ളി മുഹമ്മദ് മൗലവി സൗമ്യമായ പെരുമാറ്റം കൊണ്ടും ലളിതമായ ജീവിതശൈലി കൊണ്ടും ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. വളരെ അടുത്ത ബന്ധുവായിരുന്നിട്ടു കൂടി അദ്ദേഹത്തിന്റെ പഠന ചരിത്രത്തെക്കുറിച്ചോ സേവനമേഖലകളെക്കുറിച്ചോ കൂടുതലായി അറിയുമായിരുന്നില്ല. പ്രബോധനത്തിലൂടെ ആ വിശിഷ്ട വ്യക്തിത്വത്തിന്റെ ജീവിതവഴികളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.
Comments