Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 23

കവിത കൊണ്ട് വിപ്ലവം തീര്‍ത്ത ദര്‍വീശ്‌

ടി.എം.സി സിയാദലി

'എന്റെ വാക്കുകള്‍ ഗോതമ്പുമണികളായിരുന്നപ്പോള്‍
ഞാന്‍ ഭൂമിയായിരുന്നു
എന്റെ വാക്കുകള്‍ അമര്‍ഷമായിരുന്നപ്പോള്‍
ഞാന്‍ കൊടുങ്കാറ്റായിരുന്നു
എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍
ഞാന്‍ പുഴയായിരുന്നു
എന്റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍
ഈച്ചകള്‍ എന്റെ ചുണ്ടു പൊതിഞ്ഞു.'
സാമ്രാജ്യത്വത്തിനെതിരെയും അധിനിവേശത്തിനെതിരെയും തന്റെ എഴുത്തുകളിലൂടെ നിരന്തരം പോരാടിയ ഫലസ്ത്വീന്‍ വിപ്ലവ കവി മഹ്മൂദ് ദര്‍വീശിന്റെ വിയോഗത്തിന് ഈ ആഗസ്റ്റ് 9-ന് അഞ്ചു വര്‍ഷം തികഞ്ഞു. ജീവിതത്തില്‍ കവിതകളോട് ഇഷ്ടം തോന്നിതുടങ്ങിയത് ഒരിക്കല്‍ പ്രബോധനം വാരികയില്‍ വന്ന ദര്‍വീശിന്റെ കവിത വായിച്ചപ്പോഴാണ്. അത് വായിക്കാന്‍ ഇടവന്നില്ലായിരുന്നെങ്കില്‍ ഒരു കവിതയും എന്റെ സ്‌കൂള്‍ കാലത്തിനുശേഷം തൊട്ടുനോക്കുക പോലും ചെയ്യില്ലായിരുന്നു.
1941 മാര്‍ച്ച് 15ന് ഫലസ്ത്വീനിലായിരുന്നു ദര്‍വീശിന്റെ ജനനം. ഇസ്രയേലിന്റെ അതിക്രമങ്ങള്‍ കാരണം ചെറുപ്പത്തില്‍തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനു ലബനാനിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഒരു വര്‍ഷത്തിനുശേഷം ഫലസ്ത്വീനിലേക്ക് തന്നെ തിരിച്ചുവന്നു. 1960-ല്‍ എഴുതിയ ഐഡന്റിറ്റി കാര്‍ഡ് എന്ന കവിതയടങ്ങുന്ന ചിറകുകളില്ലാത്ത പക്ഷി എന്ന കവിതാ സമാഹാരം വെറും 19-ാമത്തെ വയസ്സിലാണ് പുറത്തിറക്കുന്നത്. ഇതോടെയാണ് ദര്‍വീശ് അറബ് സാംസ്‌കാരിക മണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതീക്ഷയാവാന്‍, അവനിലെ സമരാഗ്‌നിയെ ജ്വലിപ്പിച്ച് നിര്‍ത്താന്‍ ദര്‍വീശിനു സാധിച്ചു.
'ഞാന്‍ അറബി.
നിങ്ങളെന്റെ മുത്തുപ്പാമാരുടെ
മുന്തിരിത്തോപ്പുകള്‍ തട്ടിപ്പറിച്ചു,
ഞാന്‍ ഉഴാറുള്ള കണ്ടങ്ങള്‍,
ഞാനും എന്റെ മക്കളും
എനിക്കും പേരക്കിടാങ്ങള്‍ക്കും
നിങ്ങള്‍ ബാക്കിയിട്ടത് ഈ പാറകള്‍ മാത്രം
കേള്‍ക്കും പോലെ അവയും
നിങ്ങളുടെ സര്‍ക്കാര്‍
എടുത്തുകൊണ്ടുപോകുമോ?
അപ്പോള്‍
ഒന്നാം പേജിന്നു മുകളില്‍ തന്നെ രേഖപ്പെടുത്തൂ:
എനിക്ക് ജനങ്ങളോടു വെറുപ്പില്ല
ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും
സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ സൂക്ഷിക്കൂ,
എന്റെ കോപത്തെയും!'
വെടിയുണ്ടകളെക്കാള്‍ കരുത്ത് തന്റെ കവിതകള്‍ക്കുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ഒരു ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ബോംബുകള്‍ക്കും മിസൈലുകള്‍ക്കും വിജയം കൈവരിക്കാനാകില്ല എന്ന സത്യം സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികളെ പഠിപ്പിച്ചു. ഒരിക്കല്‍ പ്രവാചകന്‍ തന്റെ പൗത്രന്‍ ഹസനോട് ചോദിച്ചു: ''കല്ലിനെ കല്ലുകൊണ്ടും, വാളിനെ വാളാലും നേരിടാന്‍ നമുക്കിടയില്‍ ആളുകളുണ്ട്. എന്നാല്‍ വാക്കിനെ വാക്കുകള്‍ കൊണ്ട് നേരിടാന്‍ നിങ്ങളില്‍ ആരെങ്കിലുമുണ്ടോ?'' ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു മഹമൂദ് ദര്‍വീശിനെ പോലെയുള്ള വ്യക്തിത്വങ്ങള്‍.
2008 ആഗസ്റ്റ് 9-ന് ഹൃദ്രോഗ ശസ്ത്രക്രിയയെ തുടന്ന് അദ്ദേഹം മരിക്കുമ്പോള്‍ യുദ്ധത്തിന്റെയും പ്രവാസത്തിന്റെയും അഭയാര്‍ഥിത്വത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും ഫലസ്ത്വീന്‍ അനുഭവത്തിന്റെ 30 കവിതാ സമാഹാരങ്ങളും 8 ഗദ്യപുസ്തകങ്ങളും സ്വന്തം പേരില്‍ കുറിച്ചിരുന്നു.
കാലത്തിന്റെ തേട്ടം ദര്‍വീശിനെ പോലെയുള്ള സര്‍ഗവ്യക്തിത്വങ്ങളെയാണ്. തീക്ഷ്ണമായ ജീവിതാനുഭവവും, മൂര്‍ച്ചയുള്ള ചിന്തയും സാമൂഹികാവബോധവുമുള്ളവര്‍ക്ക് മാത്രമേ ഇതിന് സാധിക്കുകയുള്ളൂ.
'എന്റെ മരണപത്രത്തില്‍
ഞാനപേക്ഷിച്ചിട്ടുണ്ട്
എന്റെ ഹൃദയം ഒരു
വൃക്ഷമായി വെച്ചുപിടിപ്പിക്കണമെന്ന്,
എന്റെ നെറ്റി
ഒരു വാനമ്പാടിക്കു വീടായും.'
(കവിതയുടെ മലയാള വരികള്‍ക്ക് കടപ്പാട് ദേശാഭിമാനി ബുക്‌സ് പ്രസിദ്ധീകരിച്ച് കെ.എം അജീര്‍കുട്ടി വിവര്‍ത്തനം ചെയ്ത മഹ്മൂദ് ദര്‍വീശിന്റെ കവിതകള്‍)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

മര്‍യം / 4-7
എ.വൈ.ആര്‍