മുന്തിരിവള്ളിയും തോട്ടക്കാരനും
ഈ തോട്ടത്തില്‍ ഒരു മുന്തിരിവള്ളി ജീവിച്ചിരുന്നു. ഇടതൂര്‍ന്ന് ഇലകളും കൊഴുത്തുരുണ്ട മുന്തിരിയും കായ്ച്ച ഒരു മുന്തിരിവള്ളി. ആത്മീയ വള്ളി.
ആകാംക്ഷപ്പെടേണ്ട. ആ വള്ളിയുടെ പേരാണ് 'യേശുക്രിസ്തു.' ഇത് പറഞ്ഞത് യോഹന്നാന്‍ സുവിശേഷത്തില്‍ സാക്ഷാല്‍ യേശു ക്രിസ്തു തന്നെയാണ്.
''ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവ് (യഹോവ) തോട്ടക്കാരനും ആണ്'' (യോഹന്നാന്‍ 15:1). താനും ഈ പ്രപഞ്ചം സൃഷ്ടിച്ചവനായ യഹോവയും തമ്മിലുള്ള ബന്ധത്തെ അടിവരയിടുന്ന ഒരു ഉപമയാണ് ഈ വചനത്തിലൂടെ അദ്ദേഹം നല്‍കുന്നത്. മുന്തിരിവള്ളിയുടെയും തോട്ടക്കാരന്റെയും ഗുണവിശേഷങ്ങള്‍ എങ്ങനെയൊക്കെ വേറിട്ട് നില്‍ക്കുന്നുവോ അതുപോലെ വ്യത്യസ്തമാണ് തന്റെയും യഹോവയുടെയും ഗുണവിശേഷങ്ങള്‍ എന്ന യാഥാര്‍ഥ്യം വ്യക്തമാക്കിത്തരികയാണ് മനോഹരമായ ഈ ഉപമയുടെ ലക്ഷ്യം.
മുന്തിരിച്ചെടിക്ക് വിത്ത് പാകിയ, അതിന്റെ വളര്‍ച്ചക്ക് വെളിച്ചമൊരുക്കിയ, ജലവിധാനങ്ങള്‍ സൃഷ്ടിക്കുകയും ഭക്ഷണം, മണ്ണ്, ആവാസം അങ്ങനെ പലതുമൊരുക്കുകയും ചെയ്ത വലിയൊരു ശക്തി തന്നെയാണ് തോട്ടക്കാരന്‍.
എന്നാല്‍, തോട്ടക്കാരന്‍ നല്‍കുന്ന വിഭവങ്ങളുടെ വാഹകന്‍ മാത്രമാണ് വള്ളി. തോട്ടക്കാരന്‍ നല്‍കുന്ന പോഷകങ്ങള്‍ തന്നോട് ചേര്‍ന്ന് നില്‍ക്കുന്ന മുഴുവന്‍ ശാഖകള്‍ക്കും എത്തിക്കുന്നവന്‍. ആത്മാവിന് വേണ്ട ആത്മീയ ഭക്ഷണം തനിക്കു ചുറ്റുംകൂടിയ മുഴുവന്‍ സമ സൃഷ്ടികള്‍ക്കും എത്തിക്കുന്ന സന്ദേശവാഹകന്‍ മാത്രം. അതുകൊണ്ടാണ് 'ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു' (യോഹന്നാന്‍ 15:5) എന്നദ്ദേഹം പറഞ്ഞത്. ഈ വചനം യേശുവും അദ്ദേഹത്തിന്റെ സഹജീവികളും തമ്മിലുള്ള ബന്ധത്തെ നമുക്ക് വ്യക്തമാക്കിത്തരുന്നു. മുന്തിരിവള്ളിയും അതിന്റെ ശാഖകളും ഒരേ ജനുസ്സില്‍ പെട്ടവയാണ്. പക്ഷേ, വള്ളിയെ സംബന്ധിച്ചേടത്തോളം കൊമ്പുകളെ അപേക്ഷിച്ച് ഒരു വലിയ ഉത്തരവാദിത്വം നിലനില്‍ക്കുന്നുണ്ട് എന്നു മാത്രം. അതിന്മേല്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന കൊമ്പുകളിലേക്ക് തോട്ടക്കാരന്റെ വചനങ്ങള്‍ എത്തിക്കുക എന്ന ഭാരിച്ച ദൗത്യമാണത്.
ഇനി പറയൂ, വള്ളിക്ക് തോട്ടക്കാരന്റെ കഴിവുകളുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ശരിയാകുമോ? അല്ലെങ്കില്‍ വള്ളി തോട്ടക്കാരന്റെ വര്‍ഗത്തില്‍ പെട്ടതാണെന്നും അത് തോട്ടക്കാരന്റെ കഴിവുകള്‍ സ്വയം പ്രകടിപ്പിക്കാറുണ്ടെന്നും പറഞ്ഞാല്‍ ശരിയാണോ? ഒരിക്കലുമല്ല. കാരണം, തോട്ടക്കാരന്‍ ഒരുക്കാത്ത ഒരു മണ്ണില്‍ ജീവിക്കുക വള്ളിക്ക് സാധ്യമല്ല എന്നത് തന്നെ. തോട്ടക്കാരന്‍ മുരടില്‍ ഒഴിക്കാത്ത വെള്ളം അതിന് സ്വയം കഴിവുകള്‍ ഉപയോഗിച്ച് അതിന്റെ ധമനിയില്‍ പ്രവേശനം ചെയ്യിക്കാന്‍ കഴിയുകയില്ല എന്നത് തന്നെ. തോട്ടക്കാരന്‍ നല്‍കാത്ത വളം, സ്വയം ലഭ്യമാക്കി മുന്തിരിയുടെ ഫലം നിര്‍ണയിക്കുക എന്നത് അതിന്റെ കഴിവില്‍ പെട്ടതല്ല എന്നത് തന്നെ.
തോട്ടക്കാരന്‍ വിത്തു പാകിയ നേരത്ത് വള്ളിയുടെ പൊടി പോലുമുണ്ടായിരുന്നില്ല. പാകിയ വിത്തില്‍ വള്ളിക്ക് പങ്കില്ലായിരുന്നു. ഇനി പാകുന്നതിലും വള്ളിക്ക് എന്തു ചെയ്യാനാകും? മുളക്കുന്നതില്‍ വള്ളിക്ക് പങ്കില്ല; വളരുന്നതില്‍ പങ്കില്ല. വള്ളി, ഒരു വള്ളി മാത്രം. സന്ദേശവാഹകന്‍ അന്നവുമായി വരാത്ത നാളുകളില്‍ വള്ളി നിലം പതിച്ചേക്കും.
വള്ളിയും തോട്ടക്കാരും തമ്മിലുള്ള ബന്ധം പോലെയാണ് താനും യഹോവയും എന്ന് യേശു പറഞ്ഞെങ്കില്‍ അതിന്റെ പിന്നില്‍ ഈ ഒരര്‍ഥം നിലനില്‍ക്കുന്നുണ്ടാവില്ലേ? അതല്ല അതൊരു വെറും വാക്കാണ് എന്ന് പറയാമോ? അതിന് സാധ്യതയില്ല; കാരണം വിശാലമായ അര്‍ഥങ്ങള്‍ ഇല്ലാതെ യേശു ഒന്നും പറയില്ല. ഉപമകള്‍ നല്‍കുമ്പോള്‍ അബദ്ധം സംഭവിച്ചതാവാനും തരമില്ല. കാരണം, ദൈവത്തിന്റെ പ്രവാചകന് അത്തരം അബദ്ധങ്ങള്‍ സംഭവിച്ചുകൂടാ എന്നത് തന്നെ.
യേശുവിന്റെ പ്രസ്തുത ഉപമക്ക് മേല്‍ കൊടുത്ത വിശദീകരണം ശരിയും നീതിപുലര്‍ത്തുന്നതും ആണെന്ന് തെളിയിക്കാനുതകുന്ന വചനങ്ങള്‍ നമുക്ക് ബൈബിളില്‍ നിന്ന് തന്നെ ഉദ്ധരിക്കാവുന്നതാണ്.
ഒരിക്കല്‍ ഒരു പ്രമാണി അദ്ദേഹത്തോട് ചോദിച്ചു: ''നല്ല ഗുരോ, ഞാന്‍ നിത്യ ജീവനെ അവകാശമാക്കേണ്ടതിന് എന്തു ചെയ്യണം?'' അതിന് യേശു: ''എന്നെ നല്ലവന്‍ എന്ന് പറയുന്നത് എന്തിന്? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല'' (ലൂക്കോസ് 18:18, 18:19).
ഇതാണ് തോട്ടക്കാരനെ കുറിച്ച വള്ളിയുടെ നിലപാട്. നല്ലവന്‍ എന്ന് പറയാന്‍ പറ്റുന്നത് ദൈവ(തോട്ടക്കാരന്റെ) ഗുണങ്ങള്‍ ഉള്ള ഒരുവനെ മാത്രമാണ്. തനിക്ക് അതില്ല എന്നതുകൊണ്ടല്ലേ അദ്ദേഹത്തിന് അങ്ങനെ പറയേണ്ടിവന്നത്.
യേശുവിന് മുമ്പ് കുറെ വള്ളികള്‍ ഈ തോട്ടത്തില്‍ മുളച്ചു വളര്‍ന്നിട്ടുണ്ടായിരുന്നു. തോട്ടക്കാരന്റെ കഴിവുകളുള്ള ഒരു വള്ളി ഇവിടെ വരാനിരിക്കുന്നുവെന്ന് അവരൊന്നും പറഞ്ഞില്ല. അല്ലെങ്കില്‍, തോട്ടക്കാരന്റെ സഹായമില്ലാതെ വളരുകയും ജീവിക്കുകയും തോട്ടക്കാരന്റെ കര്‍മങ്ങള്‍ സ്വയം നിര്‍വഹിക്കുകയും ചെയ്യാന്‍ കെല്‍പുള്ള ഒരു വള്ളി പ്രത്യക്ഷപ്പെടാനിരിക്കുന്നു എന്ന് ബൈബിളിലൂടെ പോലും അവരൊന്നും പറഞ്ഞില്ല. എന്നാല്‍, അവര്‍ പറഞ്ഞതാവട്ടെ, തോട്ടക്കാരനെ പോലെ തോട്ടക്കാരന്‍ മാത്രം എന്ന സുസ്ഥിര വാക്യം! അതിന് ബൈബിള്‍ തന്നെ സാക്ഷ്യമാണ്.
''യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ'' (ആവര്‍ത്തനം 6:4).
''ഇസ്രായേലേ കേള്‍ക്ക, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ'' (ആവര്‍ത്തനം 6:4).
യഹോവയെക്കൂടാതെ മറ്റൊരുത്തനും തോട്ടക്കാരനായി ഈ പ്രപഞ്ചത്തില്‍ ഏതു രൂപത്തിലും എവിടെയും നിലനില്‍ക്കുന്നില്ല എന്ന സത്യം ആ വള്ളികള്‍ നമ്മെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പഠിപ്പിച്ചു.
''യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്ന് ഭൂമിയിലെ സകല ജീവികളും അറിയേണ്ടതിന്'' (1 രാജാക്കന്മാര്‍ 8:59).
''യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല'' (ആവര്‍ത്തനം 4:35).
മാത്രമല്ല, യഹോവ എന്ന തോട്ടക്കാരന്റെ നേരിട്ടുള്ള വചനം കേട്ടു നോക്കുക. ''ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോള്‍ കണ്ടുകൊള്ളുവിന്‍. ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു. ഞാന്‍ തകര്‍ക്കുന്നു, ഞാന്‍ സൗഖ്യമാക്കുന്നു. എന്റെ കൈയില്‍നിന്ന് വിടുവിക്കുന്നവന്‍ ഇല്ല''(ആവര്‍ത്തനം 32:39). ലോകമെന്ന ഈ തോട്ടത്തിലെ തോട്ടക്കാരന്‍, താന്‍ മാത്രമാണെന്ന് പറയുന്നതോടൊപ്പം ഇവിടെ നിലനില്‍ക്കുന്ന മുഴുവന്‍ സംഗതികളുടെയും ജനനവും മരണവും നിയന്ത്രണവും അവന്റെ കൈയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വചനം. ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ക്ക് എന്തെങ്കിലും പങ്കുള്ളതായി ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു പ്രവാചകനും (വള്ളി) അവകാശപ്പെടുന്നില്ല. യേശുവും (വള്ളി) അവകാശപ്പെടുന്നില്ല.
''നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. കെരൂബുകള്‍ക്ക് മീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും ദൈവമാകുന്നു'' (1 രാജാക്കന്മാര്‍ 19:15).
മറ്റൊരിക്കല്‍ കൊമ്പുകള്‍ വള്ളിയോട് പറഞ്ഞു: ''യോഹന്നാന്‍ (യഹ്‌യ) തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതു പോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കേണമേ'' (ലൂക്കോസ് 11:1).
യേശു എന്ന നന്മ വള്ളി അവരോട് പറഞ്ഞു: ''നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ചൊല്ലേണ്ടത് - സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോട് ക്ഷമിക്കേണമേ'' (ലൂക്കോസ് 11:2, 11:3, 11:4) എന്നാണ്.
താനെന്ന മുന്തിരി വള്ളിക്ക് സ്വന്തമായി ഒരു കഴിവും ഇല്ല എന്ന ഒറ്റ കാരണം കൊണ്ടാണല്ലോ എങ്ങനെ പ്രാര്‍ഥിക്കണം എന്ന തന്റെ ശിഷ്യന്മാരുടെ ചോദ്യത്തിന് തോട്ടക്കാരനെ അഥവാ 'സ്വര്‍ഗസ്ഥനായ പിതാവി'നെ വിളിച്ച് പ്രാര്‍ഥിക്കാന്‍ യേശു പഠിപ്പിക്കുന്നത്. തന്നോട് പ്രാര്‍ഥിക്കണമെന്ന് ഒരിക്കല്‍ പോലും പറയാതിരുന്നതും അതുകൊണ്ടല്ലേ.
പക്ഷേ, ഇന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന മുന്തിരിവള്ളിയുടെ ശാഖകള്‍ ആരെയാണ് വിളിച്ചു പ്രാര്‍ഥിക്കുന്നത്? തോട്ടക്കാരനെ മഹത്വപ്പെടുത്തേണ്ട സ്ഥാനത്ത് സാക്ഷാല്‍ മുന്തിരിവള്ളിയെ മഹത്വപ്പെടുത്തുന്നു. തോട്ടക്കാരനെ വിളിച്ച് പ്രാര്‍ഥിക്കേണ്ട സ്ഥാനത്ത് മുന്തിരിവള്ളിയെ വിളിച്ച് പ്രാര്‍ഥിക്കുന്നു. തോട്ടക്കാരന് ഭക്ഷണവും വസ്ത്രവും എന്നു വേണ്ട ജീവിതത്തില്‍ ആവശ്യമുള്ള സകല വസ്തുക്കളും പ്രദാനം ചെയ്യുമ്പോഴും അതിലൊന്നു തന്നെ പങ്കാളിയല്ല, ഞാന്‍ വെറും മന്തിരിവള്ളിയാണ് എന്ന് പഠിപ്പിച്ച യേശുവിനാണ് തോട്ടക്കാരന് കൊടുക്കേണ്ട ഹൃദയം (സ്‌നേഹം) കൊടുക്കുന്നത്. തോട്ടക്കാരനോട് കൊമ്പുകള്‍ ചെയ്യുന്നത് എന്തു മാത്രം അനീതിയാണ്. ഇത് വള്ളിയോട് കൊമ്പുകള്‍ ചെയ്യുന്ന എത്ര വലിയ അനുസരണക്കേടാണ്.
''ആകയാല്‍ ഇന്നുള്ളത് പോലെ നിങ്ങള്‍ അവന്റെ ചട്ടങ്ങള്‍ അനുസരിച്ച് നടപ്പാനും അവന്റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയില്‍ ഏകാഗ്രമായിരിക്കട്ടെ'' (1 രാജാക്കന്മാര്‍ 8:61). യഹോവയില്‍ ഏകാഗ്രമായിരിക്കാന്‍ കല്‍പിക്കപ്പെട്ട ഹൃദയം എങ്ങനെയാണ് യേശുവില്‍ ഏകാഗ്രമായിപ്പോയത്? ഇത് വളരെ ഗൗരവത്തോട് കൂടി ചിന്തിക്കേണ്ട വിഷയമാണ്.
Comments