ഭീകരാന്വേഷണം, പുതിയ നയത്തിന്റെ നേട്ടങ്ങള്‍
ഇക്കഴിഞ്ഞ ജൂലൈ 7-ന് ചരിത്ര നഗരമായ ഗയയിലെ ബുദ്ധമഠത്തില്‍ ഏതാനും ബോംബ് സ്‌ഫോടനങ്ങളുണ്ടായി. പതിവുപോലെ ഇന്ത്യന്‍ മീഡിയ യാതൊരു തെളിവുമില്ലാതെ ഉടന്‍ തന്നെ അതിന്റെ ഉത്തരവാദിത്വം മുസ്‌ലിംകളിലാരോപിച്ചുകൊണ്ട് നിര്‍ലജ്ജം പ്രചാരണമാരംഭിച്ചു. സാഹചര്യം ഈ പ്രചാരണത്തെ തെല്ലും പിന്തുണക്കാത്തതൊന്നും അവര്‍ക്ക് ഒട്ടും പ്രശ്‌നമായില്ല. നേരത്തെ മുസ്‌ലിംകളില്‍ ആരോപിക്കപ്പെട്ട പല സ്‌ഫോടനങ്ങളുടെയും യഥാര്‍ഥ പ്രതികള്‍ ഹിന്ദുത്വ ശക്തികളാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. നക്‌സലൈറ്റുകളുടെ സ്വാധീന മേഖലയിലാണ് ഗയ ഡിസ്ട്രിക്റ്റിന്റെ കിടപ്പ്. ഇടക്കിടെ കനത്ത സ്‌ഫോടനങ്ങള്‍ നടത്തി അവര്‍ ഭയാനകമായ ആള്‍നാശം സൃഷ്ടിച്ചുവരുന്നുമുണ്ട്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജെ.ഡിയുവും ബി.ജെ.പിയും തമ്മിലുള്ള സഖ്യം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്റിനെ ദുര്‍ബലപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമുള്ള തീവ്ര ശ്രമത്തിലാണ് ഹിന്ദുത്വശക്തികള്‍. ഗയ സ്‌ഫോടനത്തന്റെ തലേന്ന് ബി.ജെ.പിയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്തിലിരുന്ന് ബീഹാറിലെ 1500-ഓളം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ നിതീഷ് കുമാറിനെ പാഠം പഠിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതിനൊക്കെ പുറമെ ബുദ്ധ സമുദായത്തില്‍ തന്നെ അവാന്തര വിഭാഗങ്ങള്‍ തമ്മില്‍ ചില തര്‍ക്കങ്ങളും ഉള്‍പ്പോരുകളും നിലനില്‍ക്കുന്നുണ്ട്. ഈ പരിതസ്ഥിതിയില്‍ ഗയ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം തങ്ങളുടെ ചുമലില്‍ വെച്ചുകെട്ടാന്‍ പോലീസ് പെട്ടെന്ന് ധൃഷ്ടരാവുകയില്ലെന്ന് മുസ്‌ലിം സമുദായം മുഖ്യമായും പ്രതീക്ഷിച്ചിരുന്നു.
ആ പ്രതീക്ഷക്ക് പക്ഷേ, ഒട്ടും ആയുസ്സുണ്ടായില്ല. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് പിന്നാലെ പോലീസും അന്വേഷണ ഏജന്‍സികളും തുടക്കം മുതലേ വിരല്‍ ചൂണ്ടിയത് ചില സാങ്കല്‍പിക മുസ്‌ലിം സംഘടനകള്‍ക്ക് നേരെയായിരുന്നു. ഒടുവില്‍ ഗയ സ്‌ഫോടനത്തിനുത്തരവാദികള്‍ 'ഇന്ത്യന്‍ മുജാഹിദീന്‍' ആണെന്ന തീര്‍പ്പിലെത്തിയിരിക്കുകയാണവര്‍. 2008-ലെ ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് നിലവില്‍ വന്നതാണ് ദേശീയ കുറ്റന്വേഷണ ഏജന്‍സി (എന്‍.ഐ.എ). തീവ്രവാദക്കേസുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസുകാര്‍ അവതരിപ്പിക്കുന്ന അനുമാന വ്യൂഹങ്ങളില്‍ കിടന്ന് കറങ്ങാതെ നേരിട്ടുള്ള സ്വതന്ത്രമായ അന്വേഷണത്തിലൂടെ സത്യം കണ്ടെത്തുകയാണതിന്റെ ദൗത്യം. വിചിത്രമെന്നു പറയട്ടെ ഗയ സംഭവത്തില്‍ പോലീസിന്റെ നിഗമനങ്ങള്‍ അപ്പടി അംഗീകരിച്ചിരിക്കുകയാണവരും. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്‌ലിംകള്‍ തന്നെയാണെന്ന് എന്‍.ഐ.എയുടെ ഉയര്‍ന്ന ഓഫീസര്‍ ജൂലൈ 17-ന് പത്ര പ്രതിനിധികളോട് തറപ്പിച്ചു പറയുകയുണ്ടായി. മാത്രമല്ല, സംഭവത്തില്‍ സംശയിക്കപ്പെടാവുന്ന മറ്റു കക്ഷികള്‍ക്കൊക്കെ വിചിത്രമായ ന്യായങ്ങളുന്നയിച്ച് അദ്ദേഹം ക്ലീന്‍ ചീറ്റു നല്‍കുയും ചെയ്തു. നക്‌സലൈറ്റുകള്‍ ഗയയിലേതുപോലെ ആളപായം കുറഞ്ഞ സ്‌ഫോടനങ്ങള്‍ നടത്തുകയില്ല. പോലീസിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വര്‍ധിച്ച ജീവനാശം ലക്ഷ്യം വെച്ചുള്ള ശക്തമായ സ്‌ഫോടനങ്ങളാണവര്‍ നടത്താറുള്ളത്. ഹിന്ദുത്വ ശക്തികളാവട്ടെ മുസ്‌ലിം നശീകരണം ലക്ഷ്യമാക്കി മാത്രമേ ബോംബുപയോഗിക്കാറുള്ളൂ. അവര്‍ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുള്ള സംഭവങ്ങളെല്ലാം അത്തരത്തിലുള്ളതാണ്. ബുദ്ധ സമുദായത്തോട് ഹിന്ദുക്കള്‍ക്ക് കാര്യമായ ശത്രുതയൊന്നുമില്ല. ബുദ്ധ സമൂഹത്തില്‍ ചില തര്‍ക്കങ്ങളും ഉള്‍പ്പോരുകളുമുണ്ടെങ്കിലും തതൊന്നും പരസ്പരം ഹിംസിക്കാന്‍ പ്രേരിപ്പിക്കും വണ്ണം രൂക്ഷമല്ല. എല്ലാ ബുദ്ധ വിഭാഗങ്ങളുടെയും പുണ്യ കേന്ദ്രമായ ബുദ്ധഗയയില്‍ ബോംബ് വെക്കാന്‍ ഒരു വിഭാഗവും ധൃഷ്ടരാകുമെന്ന് പ്രതീക്ഷിച്ചു കൂടാ. അതിനാല്‍ ഗയയിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിംകള്‍ തന്നെ ആയിരിക്കാനേ തരമുള്ളൂ. ഇതാണ് എന്‍.ഐ.എയുടെ ഉറച്ച നിലപാട്. അതായത്, ബോംബുകള്‍ക്ക് ശക്തികുറവായിരുന്നതിനാല്‍ അത് നക്‌സലൈറ്റുകള്‍ സ്ഥാപിച്ചതല്ലെന്നുറപ്പ്. ഹിന്ദുത്വശക്തികളും ബുദ്ധരും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. അതിനാല്‍ സ്‌ഫോടനത്തിനു പിന്നില്‍ അവരെ സംശയിക്കാന്‍ പാടില്ല തന്നെ. അതിനാല്‍ എന്‍.ഐ.എ സംശയിക്കുകയല്ല, ഉറപ്പിക്കുക തന്നെചെയ്യുന്നു. ബുദ്ധരുമായി യാതൊരു പ്രശ്‌നവുമില്ലാത്ത മുസ്‌ലിംകളാണതിന്റെ പിന്നിലെന്ന്! എത്ര യുക്തിബന്ധുരമായ കണ്ടെത്തല്‍!! ബുദ്ധ സമൂഹത്തിലെ ആഭ്യന്തര വടംവലികളുടെ പേരില്‍ എല്ലാവരും ആദരിക്കുന്ന പുണ്യ കേന്ദ്രം ബോംബ് വെച്ച് തകര്‍ക്കാന്‍ ആരും ധൃഷ്ടരാക്കുകയില്ല എന്ന വാദം യുക്തിസഹമാണ്. ഈ യുക്തി പക്ഷേ മാലേഗാവ്, മക്കാ മസ്ജിദ്, അജ്മീര്‍ സ്‌ഫോടനങ്ങളുണ്ടായപ്പോള്‍ ആരും പരിഗണിക്കുകയുണ്ടായില്ല. തീവ്രവാദ ഭീകര വിഷയങ്ങളില്‍ വിദഗ്ധനായി കൊണ്ടാടപ്പെടുന്ന ഭരത് വര്‍മ ചാനല്‍ ചര്‍ച്ചകളില്‍ വാദിച്ചതിങ്ങനെയാണ്: ''ഇത് മുസ്‌ലിംകള്‍ക്കിടയിലുള്ള സൈദ്ധാന്തിക സംഘട്ടനമാണ്. സുഊദിയിലെ വഹാബി പ്രസ്ഥാനമാണിതിനു പിന്നില്‍.'' അജ്മീര്‍ സ്‌ഫോടനം പരാമര്‍ശിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ പറഞ്ഞു: ''ഈ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ മുസ്‌ലിംകളിലെ സൂഫിവിരുദ്ധ ചിന്താഗതിക്കാരുടേതാണ്. സൂഫിസത്തിന്റെ പ്രധാന കേന്ദ്രമാണല്ലോ അജ്മീര്‍.'' പ്രസ്തുത സ്‌ഫോടനങ്ങളുടെയെല്ലാം യാഥാര്‍ഥ്യം വെളിപ്പെടുന്നതുവരെ ഇമ്മട്ടിലുള്ള പ്രചാരണം നിര്‍ബാധം തുടര്‍ന്നു.
തെളിഞ്ഞു വന്ന സത്യത്തിന്റെ വെളിച്ചത്തില്‍ മുന്നോട്ടുപോകാന്‍ രാജ്യത്തിന്റെ നയനിര്‍മാതാക്കള്‍ ഇനിയും തയാറായിട്ടില്ല എന്നതാണ് വസ്തുത. സമീപന തന്ത്രത്തില്‍ സമര്‍ഥമായ മാറ്റം വരുത്തിയിരിക്കുകയാണവര്‍. മുസ്‌ലിംകള്‍ മാത്രം കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ ഹിന്ദുത്വ ഭീകരതയെയും സംശയിക്കാം. അതല്ലാത്ത സംഭവങ്ങളിലൊന്നും അവരെ സംശയിക്കാന്‍ പാടില്ല. ഹിന്ദുത്വം സംയമനവും സമാധാനവുമാണ്. ന്യൂനപക്ഷങ്ങളുടെ ശത്രുതാ നടപടികളില്‍ പ്രകോപിതരാകുമ്പോള്‍ മാത്രമാണ് അവര്‍ സമാധാന ഭംഗമുണ്ടാക്കുന്നത്. ഇതാണ് പുതിയ നിലപാട്. ഇതനുസരിച്ചാണിപ്പോള്‍ പോലീസും അന്വേഷണ ഏജന്‍സികളും നീങ്ങുന്നത്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ബുദ്ധഗയ സ്‌ഫോടനത്തോടുള്ള ഔദ്യോഗിക സമീപനം. ഈ ആശയം രാഹുല്‍ ഗാന്ധി ഭംഗ്യന്തരേണ സമര്‍ഥമായി ഇങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്: ''ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന 'പ്രതിഭീകരത' കൂടുതല്‍ ആപത്കരമാകുന്നു.'' അതായത് യഥാര്‍ഥ ഭീകര പ്രവര്‍ത്തകര്‍ ന്യൂനപക്ഷങ്ങളാണ്. അവരുടെ ചെയ്തികളുടെ പ്രതികരണം മാത്രമാണ് ഭൂരിപക്ഷത്തില്‍നിന്നുണ്ടാകുന്നത്!?
പോലീസും സുരക്ഷാ ഏജന്‍സികളും ഈ ലൈനില്‍ തന്നെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍, ഇനി മുസ്‌ലിംവിരുദ്ധ ശക്തികള്‍ക്ക് മുസ്‌ലിം കേന്ദ്രങ്ങളല്ലാത്ത സ്ഥലങ്ങളില്‍ യഥേഷ്ടം ബോംബ് വെക്കാം. പ്രതികളായി ഏതെങ്കിലും മുസ്‌ലിം സംഘടനകളെയോ വ്യക്തികളെയോ കണ്ടെത്തിക്കൊണ്ട് യഥാര്‍ഥ പ്രതികള്‍ക്ക് അനായാസം രക്ഷപ്പെടാനുള്ള മാര്‍ഗമൊരുക്കുന്ന കാര്യം പോലീസും അന്വേഷണ ഏജന്‍സികളും ഏറ്റെടുത്തുകൊള്ളും. മുസ്‌ലിമേതര കേന്ദ്രങ്ങളില്‍ താരതമ്യേന ലഘുവായ സ്‌ഫോടനങ്ങള്‍ നടത്തിയിട്ട് അതിനുള്ള ഭൂരിപക്ഷത്തിന്റെ പ്രതികരണമായി മുസ്‌ലിം കേന്ദ്രങ്ങളില്‍ വന്‍ നാശമുണ്ടാക്കുന്ന ഭീകര സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കാന്‍ അവസരമൊരുക്കുന്നുവെന്നത് ഈ നയത്തിന്റെ മറ്റൊരു 'മെച്ച'മാണ്.
Comments