Prabodhanm Weekly

Pages

Search

2013 ഓഗസ്റ്റ്‌ 23

ഖുര്‍ആനിലെ മഴസൂക്തങ്ങള്‍

അബൂബക്കര്‍ അരിപ്ര

പ്രാചീന കാലം മുതല്‍ മനുഷ്യനെ ആകാംക്ഷാഭരിതനാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത സമസ്യയാണ് മഴ. മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് എവിടെ നിന്ന്? എങ്ങനെയാണ് മഴ വര്‍ഷിക്കുന്നത്? എന്തുകൊണ്ട് ചിലപ്പോള്‍ ചാറ്റല്‍ മഴയും വേറെ ചിലപ്പോള്‍ പേമാരിയും മറ്റു ചിലപ്പോള്‍ ആലിപ്പഴ വര്‍ഷവും നടക്കുന്നു? ശാസ്ത്രീയ സംവിധാനങ്ങളോ ഉപകരണങ്ങളോ ഇല്ലാതിരുന്ന കാലത്ത് ഉത്തരം കണ്ടെത്തുക എളുപ്പമായിരുന്നില്ല. അറിവില്ലായ്മ പലപ്പോഴും അന്ധവിശ്വാസങ്ങളും ഊഹങ്ങളുമായി മാറും. മഴയുടെ ഉറവിടം സൂര്യനാണെന്ന് ചിലര്‍ വിശ്വസിച്ചു. മഴയും പേമാരിയും ചിലര്‍ ദൈവിക ശിക്ഷയായോ പ്രസാദമായോ കണക്കാക്കി. മഴയുടെ പേരില്‍ ദൈവങ്ങളുണ്ടായി, ഹോമങ്ങളും വഴിപാടുകളും നടത്തപ്പെട്ടു.
എന്നാല്‍, ആധുനിക കണ്ടുപിടുത്തങ്ങളായ കാലാവസ്ഥാ റഡാറുകള്‍, കൃത്രിമ ഉപഗ്രഹങ്ങള്‍, വിമാനങ്ങള്‍ എന്നിവ കാലാവസ്ഥയെയും അന്തരീക്ഷത്തെയും കുറിച്ച പഠനത്തില്‍ മുമ്പെങ്ങുമില്ലാത്ത കുതിച്ചു ചാട്ടത്തിനു നിമിത്തമായി. ജലബാഷ്പീകരണം, അന്തരീക്ഷമര്‍ദം, താപം എന്നിവയെക്കുറിച്ചെല്ലാം പഠനം നടത്തുന്ന ശാസ്ത്രശാഖയാണ് മീറ്റിയറോളജി.

എന്താണ് മഴ?
അത്ഭുതകരമായ വിധത്തില്‍ ഭൂമി മുഴുവന്‍ ജലസേചനം നടത്തുന്ന സംവിധാനം, ഭൂവാസികള്‍ക്ക് മുഴുവന്‍ ശുദ്ധജലം ലഭ്യമാക്കുന്ന പ്രക്രിയ. ഓരോ മഴയിലും ടണ്‍കണക്കിന് ജലം ഭൂമിയില്‍ വര്‍ഷിക്കുന്നു. മരങ്ങളുടെയും ചെടികളുടെയും ദാഹമകറ്റുന്നു. മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മറ്റു കൃമികീടങ്ങള്‍ക്കുമെല്ലാമായി അരുവികളും തോടുകളും പുഴകളും കുളങ്ങളും കിണറുകളും ഒരുക്കുന്നു.
ശാസ്ത്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മഴയുണ്ടാകുന്നത് മൂന്ന് ഘട്ടങ്ങളിലായാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒന്ന് കാറ്റിനോടൊപ്പം അസംസ്‌കൃത വസ്തുക്കള്‍ അന്തരീക്ഷത്തിലെത്തിച്ചേരലാണ്. രണ്ടാമത്തെ ഘട്ടം മേഘരൂപീകരണം. മൂന്നാമത്തേത് മഴ വര്‍ഷിക്കലും.
നിരന്തരമായി അടിച്ചുവീശുന്ന കാറ്റിന്റെ ഫലമായി സമുദ്രത്തില്‍നിന്ന് ഉപ്പിന്റെ നേരിയ അംശം അടങ്ങിയ ജലതന്മാത്രകള്‍ അന്തരീക്ഷത്തിലേക്കുയരുന്നു. പൊടിപടലങ്ങളും ഉപ്പിന്റെ നേരിയ അംശവുമടങ്ങിയ ഈ കുമിളകള്‍ (aerosols)ജലാശയങ്ങളില്‍ നിന്നും മറ്റും ഉയരുന്ന അന്തരീക്ഷത്തിലെ ജലാംശത്തെ മുഴുവന്‍ വലിച്ചെടുത്ത് മേഘകണങ്ങളായി രൂപപ്പെടുന്നു. ഈ കണങ്ങള്‍ വളരെ ചെറുതായിരിക്കും.
വായുവില്‍ തങ്ങി നില്‍ക്കുന്ന മേഘകണങ്ങള്‍ കാറ്റിന്റെ സഹായത്തോടെ വീണ്ടും അന്തരീക്ഷത്തിലേക്കുയരുകയും അവിടെ വെച്ച് കൂടുതല്‍ ജലാംശം സ്വാംശീകരിച്ച് ഘനം കൂടുകയും കാറ്റിന്റെ സഹായത്തോടെ അന്തരീക്ഷം മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു.
ശക്തമായ കാറ്റ് അന്തരീക്ഷത്തിലെ ഉയര്‍ന്ന തലങ്ങളില്‍ വെച്ച് മേഘകണങ്ങളെ പരസ്പരം കൂട്ടിയിണക്കുകയും അവ വലിയ കണങ്ങളായിത്തീരുകയും ചെയ്യുന്നു. ഭൂഗുരുത്വാകര്‍ഷണത്തിന് വിധേയമാകുന്നത്ര വലുപ്പമെത്തുന്നതോടെ ഐസായോ ജലമായോ ഭൂമിയില്‍ പതിക്കുന്നു

മഴ വെള്ളം
കലര്‍പ്പില്ലാത്ത പൂര്‍ണമായും ശുദ്ധമായ ജലമാണ് (Distilled Water) മഴ വെള്ളം. സ്വന്തമായി രുചിയില്ല. മണ്ണിലെ ധാതുക്കളുമായി ചേരുമ്പോഴാണ് വെള്ളത്തിനു രുചിയുണ്ടാകുന്നത്. ഏത് വസ്തുവിനെയും ശുദ്ധീകരിക്കാനും അഴുക്കുകളെ വലിച്ചെടുക്കാനും മഴവെള്ളത്തിന് കഴിവുണ്ട്. അന്തരീക്ഷത്തില്‍ കരിയും പുകയും പൊടി പടലങ്ങളും രാസവസ്തുക്കളുമെല്ലാം കൂടുതലുള്ള സന്ദര്‍ഭങ്ങളില്‍ കരിമഴയോ വര്‍ണമഴയോ ആസിഡ് മഴയോ വര്‍ഷിക്കാറുണ്ട്. ശുദ്ധമായ ഓക്‌സിജന്‍ ഘടകങ്ങള്‍ അടങ്ങിയതിനാല്‍ ജീവജാലങ്ങളുടെ ശരീരത്തില്‍ നിന്നും പൂര്‍ണമായും അഴുക്കുകളെ നീക്കിക്കളയാന്‍ മഴവെള്ളം സഹായിക്കുന്നു.

ഭൂഗര്‍ഭജലം
മഴ വര്‍ഷിക്കുന്നതോടെ മണ്ണ് വികസിക്കുകയും ധാരാളം ജലം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഇത് മരങ്ങളുടെയും ചെടികളുടെയും വളര്‍ച്ചക്കു സഹായിക്കുന്നു. കൂടുതലായി വരുന്ന ജലം പാറകളിലൂടെ ഊര്‍ന്നിറങ്ങി ഭൂമിക്കടിയില്‍ ശേഖരിക്കപ്പെടുന്നു. നൂറ്റാണ്ടുകളിലൂടെയും ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്തുമെല്ലാമാണ് ഈ പ്രക്രിയ നടക്കുന്നത്. ഈ ജലമാണ് ഭൂഗര്‍ഭ ജലം. ഇവയാണ് ഉറവകളും ഉപരിതല ജല നിരപ്പും നിയന്ത്രിക്കുന്നത്.

മേഘങ്ങള്‍
കാഴ്ചക്ക് ഗോചരമായ ഘനീഭവിച്ച നീരാവിയോ മഞ്ഞു പരലുകളോ അടങ്ങിയ വായു പിണ്ഡങ്ങളാണ് മേഘങ്ങള്‍. മേഘങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് നെഫോളജി.
സമുദ്രോപരിതലത്തില്‍ നിരന്തരമായി അടിച്ചു വീശുന്ന കാറ്റിന്റെ ഫലമായി അതിസൂക്ഷ്മമായ ജലകണങ്ങള്‍ അന്തരീക്ഷത്തിലേക്കുയരുന്നു. പൊടിപടലങ്ങളും ഉപ്പിന്റെ അംശവും വായുവും അടങ്ങിയ ഈ ചെറുകുമിളകള്‍ (aerosols)കാറ്റിന്റെ സഹായത്തോടെയാണ് അന്തരീക്ഷത്തിലേക്കുയരുന്നത്. ഒരു ജലകെണി(Water trap) യായി പ്രവര്‍ത്തിക്കുന്ന ഇവ ചുറ്റുമുള്ള ജലാംശം വലിച്ചെടുക്കുകയും ഘനം കൂടുകയും ചെയ്യുന്നു. ഇവയുടെ ഘനം വെറും 0.01 മുതല്‍ 0.04 വരെ മാത്രമായിരിക്കും.
അന്തരീക്ഷത്തില്‍ ഉയരം കൂടുന്തോറും കിലോമീറ്ററിന് അഞ്ചു മുതല്‍ ആറുവരെ എന്ന തോതില്‍ താപം കുറയുന്നു. ശക്തമായ കാറ്റിന്റെ ഫലമായി ഉയര്‍ന്നു പൊങ്ങുന്ന ഈ ചെറുകണങ്ങള്‍ മറ്റു കണങ്ങളുമായി പരസ്പരം കൂടിച്ചേരുകയും അവ വലിയ കണങ്ങളായിത്തീരുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന തലങ്ങളില്‍ വെച്ച് ഇവ ഐസ് പരലുകളായി രൂപപ്പെടുന്നു. വീണ്ടും പരസ്പരം കൂടിച്ചേരുകയും വലിയ മേഘകണങ്ങളായിത്തീരുകയും ചെയ്യുന്നു. വലുപ്പം 0.05 0.06 mm ആവുന്നതോടെ ഭൂഗുരുത്വാകര്‍ഷണത്തിന് വിധേയമായി ഐസായോ ജലമായോ ഭൂമിയില്‍ പതിക്കുന്നു. മേഘരൂപീകരണത്തില്‍ പല ഘടകങ്ങളും പങ്കുവഹിക്കുന്നു:

സൂര്യന്‍
സമുദ്രജലവും ജലാശയങ്ങളിലെ ജലവുമെല്ലാം നീരാവിയാക്കി അന്തരീക്ഷത്തിലേക്കുയര്‍ത്തുന്നതില്‍ സൂര്യന്റെ പങ്ക് സുവിദിതമാണല്ലോ. അപ്രകാരം തന്നെ സൗരക്കാറ്റിനെത്തുടര്‍ന്ന് വികിരണം ചെയ്യപ്പെടുന്ന വിദ്യുത്കണങ്ങള്‍ മേഘങ്ങളിലെ വ്യത്യസ്ത ചാര്‍ജുകളുള്ള (പോസിറ്റീവ്, നെഗറ്റീവ്) കണങ്ങളെ കൂട്ടിയിണക്കാനും സഹായിക്കുന്നു .

കാറ്റ്
സമുദ്രോപരിതലത്തില്‍ നിന്ന് ജലകണങ്ങളെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുന്നത് കാറ്റുകളാണ്. അന്തരീക്ഷത്തിലെ ഉന്നത തലങ്ങളില്‍ അടിച്ചുവീശുന്ന ശക്തമായ കാറ്റുകളുടെ വേഗത മണിക്കുറില്‍ 590 കിലോമീറ്റര്‍ വരെയാണ്. ഇവയാണ് മേഘകണങ്ങളെ മേഘപാളികളും തുടര്‍ന്ന് കൂനകളുമെല്ലാമാക്കുന്നത്. കൂനകളായിത്തീര്‍ന്ന മേഘങ്ങള്‍ക്കിടയില്‍ കാറ്റ് വീശുന്നതോടെ അവ മേലോട്ട് ഉയരുകയും തണുത്തുറയുകയും അങ്ങനെ മഴയായോ ആലിപ്പഴമായോ ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നു.

മലകള്‍
പര്‍വതങ്ങള്‍ സമുദ്രോപരിതലത്തില്‍ നിന്ന് അടിച്ചു വീശുന്ന നീരാവിയടങ്ങിയ കാറ്റിനെ തടഞ്ഞു നിര്‍ത്തുകയും അത് മേലോട്ടുയരാന്‍ സഹായിക്കുകയും മേലോട്ടുയരുന്ന നീരാവി ഘനീഭവിച്ച് മേഘങ്ങളായി മാറുകയും ചെയ്യുന്നു.

മഴ
മേഘങ്ങള്‍ 0.05 mm-ലധികം വലുപ്പമാകുന്നതോടെ ജലമായോ മഞ്ഞായോ ഐസായോ ഭൂമിയില്‍ പതിക്കുന്നതിനാണ് മഴ എന്ന് പറയുന്നത്. മഴ വ്യത്യസ്ത രൂപങ്ങളിലാണ് ഭൂമിയില്‍ പതിക്കുന്നത്.

വിര്‍ഗ (virage)
ചില സന്ദര്‍ഭങ്ങളില്‍ ആള്‍ട്ടോ ക്യുമുലസ് മേഘങ്ങളില്‍ നിന്ന് വര്‍ഷിക്കുന്ന മഴ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ കടന്നു വരുന്നതു കാരണം ബാഷ്പീകരിക്കപ്പെട്ട് അന്തരീക്ഷ ത്തിലേക്കു തന്നെ ഉയരുന്നു. ഈ പ്രതിഭാസമാണ് വിര്‍ഗ. മരുഭൂപ്രദേശങ്ങളിലാണീ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത്.

മൂടല്‍ മഞ്ഞ് (Mist)
മേഘങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് വീഴുകയും ഭൗമോപരിതലത്തിലെത്തും മുമ്പ് തന്നെ ബാഷ്പീകരിക്ക പ്പെടുകയും ചെയ്യുന്നുവെങ്കില്‍ അവ മൂടല്‍ മഞ്ഞായാണ് നമുക്ക് അനുഭവപ്പെടുന്നത്.

മഞ്ഞ് വീഴ്ച
അന്തരീക്ഷ താപം പൂജ്യം ഡിഗ്രിക്കു താഴെയെങ്കില്‍ വര്‍ഷിക്കുന്ന മേഘങ്ങള്‍ മഞ്ഞായിട്ടാണ് ഭൂമിയിലെത്തുന്നത്.

ആലിപ്പഴം
അന്തരീക്ഷത്തില്‍ നിന്ന് വീഴുന്ന മേഘങ്ങള്‍ക്ക് ചിലപ്പോള്‍ 5 mm മുതല്‍ 50 mm വരെ വലുപ്പമുണ്ടാകാറുണ്ട്. അവ ഐസ് കട്ടകളായാണ് ഭൂമിയില്‍ വീഴുന്നത്. ഈ അവസ്ഥയാണ് ആലിപ്പഴ വര്‍ഷം.

കൃത്രിമ മഴ (Cloud Seeding)
അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണിത്. മേഘങ്ങളില്‍, മഴപെയ്യാന്‍ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവര്‍ത്തനങ്ങള്‍, രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കുകയാണിവിടെ ചെയ്യുന്നത്. സാധാരണരീതിയില്‍ മഴ പെയ്യിക്കുന്നതിനോ കൃത്രിമ മഞ്ഞ് വരുത്തുന്നതിനോ മൂടല്‍മഞ്ഞ് കുറക്കുന്നതിനോ ഈ പ്രവര്‍ത്തനം ഉപയോഗിക്കുന്നു.
ക്ലൗഡ് സീഡിംഗിനു സാധാരണ ഉപയോഗിക്കുന്ന രാസ പദാര്‍ഥങ്ങള്‍ സില്‍വര്‍ അയോഡൈഡ്, െ്രെഡ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ്) എന്നിവയാണ്. പൂജ്യം ഡിഗ്രിയേക്കാള്‍ താഴെ തണുപ്പിച്ച ഇത്തരം വസ്തുക്കള്‍ മേഘത്തിലേക്ക് വിതറുകയാണ് ചെയ്യുന്നത്.

അമ്ല മഴ
അന്തരീക്ഷമലിനീകരണത്തിന്റെ ഫലമായി മഴവെള്ളത്തില്‍ ധാരാളമായി അമ്ലാംശം കലരുന്ന പ്രതിഭാസമാണ് അമ്ലമഴ. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡ് വാതകം നീരാവിയുമായിച്ചേര്‍ന്ന് കാര്‍ബോണിക് അമ്ലം ഉണ്ടാകുന്നു. അന്തരീക്ഷത്തിലെ അമ്ലത കലര്‍ന്ന ജലാംശം മഴ, മഞ്ഞ് എന്നിവയുമായിച്ചേര്‍ന്ന് ഭൂമിയില്‍ പതിക്കുന്നു. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് കൂടുന്നതിനനുസരിച്ച് അമ്ലമഴയുടെ തീവ്രതയും കൂടുന്നു.
അമ്ലമഴ ജലമലിനീകരണത്തിന് കാരണമാകുന്നു. കുടിവെള്ളത്തിന്റെ അമ്ലത വര്‍ധിക്കുന്നത് വൃക്കകളുടെ തകരാറ്, എല്ലുകള്‍ക്ക് ബലക്ഷയം എന്നീ രോഗങ്ങളുണ്ടാക്കുന്നു. കുട്ടികളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു. ചെടികളുടെ വളര്‍ച്ച മുരടിപ്പിക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷക്കും ഇത് ഭീഷണിയുയര്‍ത്തുന്നു.

വിശുദ്ധ ഖുര്‍ആന്‍
പതിനാല് നൂറ്റാണ്ടു മുമ്പ് മനുഷ്യ സമൂഹത്തില്‍ നിലനിന്നിരുന്ന അറിവുകളും ധാരണകളും എന്തെല്ലാമാ യിരിക്കാം? ഇന്നത്തെ സംവിധാനങ്ങളോ ഉപകരണങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അബദ്ധ ധാരണകളും അന്ധവിശ്വാസങ്ങളും വ്യാപകമായിരുന്നു എന്നത് സ്വാഭാവികമാണ്. എന്നാല്‍, വിശുദ്ധ ഖുര്‍ആനാകട്ടെ മറ്റേതൊരു പ്രകൃതി പ്രതിഭാസത്തെയും പോലെ മഴയെയും ഏകദൈവത്വവും പരലോക വിശ്വാസവും ഊട്ടിയുറപ്പിക്കാനുള്ള ദൃഷ്ടാന്തമായാണ് മനുഷ്യ സമൂഹത്തിന് പരിചയപ്പെടുത്തുന്നത്. ഇവിടെ ശ്രദ്ധേയമായ കാര്യം, പ്രകൃതി പ്രതിഭാസങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ആറാം നൂറ്റാണ്ടിലെ മൂഢ ധാരണകളിലല്ല ഖുര്‍ആന്‍ നില കൊള്ളുന്നത്, മറിച്ച് ഏറ്റവും ആധുനികമായ കണ്ടെത്തലുകളുടെ കൂടെയാണ് എന്നതാണ്. മരുഭൂവാസിയായി ജീവിച്ച ഒരു സാധാരണക്കാരന് ഇതെങ്ങനെ സാധിക്കും എന്ന ചിന്തയാണ് മനുഷ്യനെ ദൈവത്തിലേക്ക് നയിക്കേണ്ടത്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരം: ''അടുത്തുതന്നെ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്കു കാണിച്ചു കൊടുക്കും. ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകും വിധമായിരിക്കുമത്. നിന്റെ നാഥന്‍ സകല സംഗതികള്‍ക്കും സാക്ഷിയാണെന്ന കാര്യം തന്നെ പോരേ അവരതില്‍ വിശ്വാസമുള്ളവരാകാന്‍?'' (41: 53).
മഴയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനില്‍ വന്ന പരാമര്‍ശങ്ങളെക്കുറിച്ച വിശകലനത്തിനുള്ള ഒരു എളിയ ശ്രമമാണ് നടത്തുന്നത്.

1. മഴ ഒരു ദൃഷ്ടാന്തം
മഴയെക്കുറിച്ച് ചിന്തിക്കാനും അതിലൂടെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയെക്കുറിച്ചറിയാനും വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനോട് ആവശ്യപ്പെടുന്നു. ''അല്ലാഹു കാര്‍മേഘത്തെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കിവെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്‍പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിഛിക്കുന്നവരില്‍നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്'' (24:43).

2. കലര്‍പ്പില്ലാത്ത ശുദ്ധജലം
ഭൗമോപരിതലത്തിന്റെ 71 ശതമാനവും ജലമാണ്. അതില്‍ 65 ശതമാനവും സമുദ്രത്തിലെ വര്‍ധിച്ച തോതില്‍ ലവണാംശങ്ങള്‍ അടങ്ങിയ ജലമാണ്. ബാക്കിവരുന്ന 35 ശതമാനം വരുന്ന ശുദ്ധജലത്തിന്റ 61 ശതമാനം ആര്‍ട്ടിക് അന്റാര്‍ട്ടിക് ധ്രുവങ്ങളില്‍ ഐസ് കട്ടകളായി ഉറഞ്ഞു കിടക്കുന്നു. ബാക്കി വരുന്ന ജലമാണ് മനുഷ്യനും ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാമായി ശുദ്ധജലമായി ഭൂമിയില്‍ നിലകൊള്ളുന്നത്. മനുഷ്യ നിര്‍മിത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കടല്‍ വെള്ളം ശുദ്ധീകരിക്കാറുണ്ട്. എന്നാല്‍, അതിനു വരുന്ന ചെലവ് അതി ഭീമമാണെന്ന് മാത്രമല്ല ബാക്ടീരിയകള്‍, വൈറസുകള്‍, ആല്‍ഗകള്‍, ലവണങ്ങള്‍ എന്നിവയില്‍ നിന്ന് പൂര്‍ണമായും മുക്തമായ ജലം വേര്‍തിരിച്ചെടുക്കാന്‍ സാധ്യവുമല്ല.
ഇവിടെയാണ് ഭൗമോപരിതലത്തിലെ വര്‍ധിച്ച തോതില്‍ ലവണാംശങ്ങള്‍ അടങ്ങിയ ജലത്തില്‍ നിന്ന് യാതൊരു കലര്‍പ്പും രുചി വ്യത്യാസവുമില്ലാത്ത ജലം വേര്‍തിരിച്ചെടുക്കുന്ന മഴയാകുന്ന അനുഗ്രഹത്തിന്റെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടുന്നത്. അല്ലാഹു പറയുന്നത് കാണുക: ''നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചുവോ? നിങ്ങളാണോ കാര്‍മുകിലില്‍നിന്ന് വെള്ളമിറക്കി യത്, അതോ നാമോ അതിറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പുവെള്ളമാക്കി മാറ്റുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്?'' (സൂറത്തുല്‍ വാഖിഅ 68-70).

ശുദ്ധ ജലം
ഏത് തരം അഴുക്കുകളെയും വലിച്ചെടുക്കാനും നീക്കിക്കളയാനും മഴവെള്ളത്തിന് കഴിയും. ധാരാളം ഓക്‌സിജന്‍ അടങ്ങിയതിനാല്‍ മനുഷ്യശരീരം വളരെ പെട്ടെന്ന് മഴവെള്ളത്തെ സ്വാംശീകരിക്കുകയും അഴുക്കുകളെ പുറന്തള്ളുകയും ചെയ്യും. സ്വയം ശുദ്ധിയുള്ളതോടൊപ്പം മറ്റുള്ളവയെ ശുദ്ധീകരിക്കാന്‍ സാധിക്കുന്നത് എന്ന അര്‍ഥത്തില്‍ 'ത്വഹൂര്‍' എന്ന പദം മഴവെള്ളത്തിനു മാത്രമേ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളൂ. പൂര്‍ണമായും ബാക്ടീരിയകള്‍, വൈറസുകള്‍, ആല്‍ഗകള്‍, ലവണങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തമാക്കിയ ജലത്തെ ശാസ്ത്രജ്ഞര്‍ ഡിസ്റ്റില്‍ഡ് വാട്ടര്‍ എന്ന് വിളിക്കുന്നു. മഴവെള്ളത്തോളം ശുദ്ധീകരിക്കപ്പെട്ട ജലം വേറെയില്ല. ലവണാംശങ്ങള്‍ ഒട്ടുമില്ലാത്തതിനാല്‍ മഴവെള്ളത്തിനു രുചിയില്ല. നാം കുടിക്കുന്ന വെള്ളത്തില്‍ ആല്‍ഗകള്‍, ലവണങ്ങള്‍ എന്നിവ അടങ്ങിയതിനാലാണ് നമുക്ക് രുചി അനുഭവപ്പെടുന്നത്. അതിനെക്കുറിച്ച് അദ്ബ് അഥവാ രുചികരമായ വെള്ളം എന്ന പദമാണ് പ്രയോഗിക്കുന്നത്.
മനുഷ്യ ശരീരത്തെ ശുദ്ധീകരിക്കാനുള്ള മഴവെള്ളത്തിന്റെ ശേഷി സൂചിപ്പിച്ചു കൊണ്ട് ഖുര്‍ആന്‍ പറയു ന്നത് കാണുക: ''അല്ലാഹു തന്നില്‍ നിന്നുള്ള നിര്‍ഭയത്വം നല്‍കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്‍ഷിപ്പിച്ചുതരികയും ചെയ്ത സന്ദര്‍ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്‍ നിന്ന് പൈശാചികമായ മ്ലേഛത നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ഉറപ്പിച്ചുനിര്‍ത്താനും'' (8:11).

പോഷക സമൃദ്ധമായ ജലം
മഴ വര്‍ഷിക്കുന്നതിലൂടെ സസ്യലതാദികള്‍, മരങ്ങള്‍ എന്നിവ തഴച്ചു വളരുകയും ഭൂമി ഹരിതാഭയാര്‍ന്ന് കണ്‍കുളിര്‍മയേകുകയും ചെയ്യും. മഴവെള്ളത്തിലൂടെ ഭൂമിയിലെത്തിച്ചേരുന്ന പോഷകങ്ങളായ 'ഉപരിതല സമ്മര്‍ദകണികകള്‍' (Surface Tension Drops) ആണ് ഈ വളര്‍ച്ചയെ സഹായിക്കുന്നത്.
സമുദ്രോപരിതലത്തില്‍ ഒരു മില്ലിമീറ്ററിന്റെ പത്തില്‍ ഒരംശത്തേക്കാള്‍ നേരിയ ഒരു സൂക്ഷ്മ പാളിയുണ്ട് (മൈക്രോലേയര്‍). ഈ പ്രതലത്തില്‍ സൂക്ഷ്മ ജീവികളുടെയും ആല്‍ഗകളുടെയും ധാരാളം ജൈവാവശിഷ്ടങ്ങള്‍ കാണപ്പെടുന്നു. ഇവ സമുദ്രത്തില്‍ നിന്ന് വളരെ അപൂര്‍വമായ മാഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ലവണങ്ങളും, ചെമ്പ്, സിങ്ക്, കൊബാള്‍ട്ട്, ലെഡ് തുടങ്ങിയ ലോഹങ്ങളും ആഗിരണം ചെയ്യുന്നു. ഈ ഫലപുഷ്ടമായ തുള്ളികള്‍ മഴവെള്ളത്തോടൊപ്പം ഉയര്‍ത്തപ്പെടുകയും അനുഗൃഹീതമായ തുള്ളികളായി ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നു. പ്രതിവര്‍ഷം പതിനഞ്ച് ദശലക്ഷം ടണ്ണിലധികം പോഷകങ്ങള്‍ ഇപ്രകാരം ഭൂമിയിലെത്തിച്ചേരുന്നുവെന്നാണ് കണക്ക്. ഈ അനുഗ്രഹമില്ലായിരുന്നെങ്കില്‍ ഭൂമിയില്‍ ഇന്നത്തെ പച്ചപ്പ് നിലനില്‍ക്കുമായിരുന്നില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''മാനത്തുനിന്നു നാം അനുഗൃഹീതമായ ജലം ഇറക്കി. അങ്ങനെ അതുവഴി വിവിധയിനം തോട്ടങ്ങളും കൊയ്‌തെടുക്കാന്‍ പറ്റുന്ന ധാന്യങ്ങളും ഉല്‍പാദിപ്പിച്ചു. അട്ടിയട്ടിയായി പഴക്കുലകളുള്ള ഉയര്‍ന്നുനില്‍ക്കുന്ന ഈത്തപ്പനകളും; നമ്മുടെ അടിമകള്‍ക്ക് ആഹാരമായി. ആ മഴമൂലം മൃതമായ നാടിനെ ജീവസ്സുറ്റതാക്കി. അങ്ങനെത്തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്'' (ഖാഫ് 9-11).
''തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന്‍ തന്നെ. അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റുകിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അങ്ങനെ അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം'' (7: 57).

മേഘങ്ങള്‍ ഉണ്ടാകുന്നത്
മഴമേഘങ്ങള്‍ രൂപം കൊള്ളുന്നതും മഴ വര്‍ഷിക്കുന്നതും വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക: ''കാറ്റുകളെ അയക്കുന്നത് അല്ലാഹുവാണ്. അങ്ങനെ ആ കാറ്റുകള്‍ മേഘത്തെ ചലിപ്പിക്കുന്നു. അവനിഛിക്കും പോലെ ആ മേഘത്തെ ആകാശത്തു പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുന്നു. അപ്പോള്‍ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറത്തുവരുന്നതായി നിനക്കു കാണാം. അങ്ങനെ അവന്‍ തന്റെ ദാസന്മാരില്‍ നിന്ന് താനിഛിക്കുന്നവര്‍ക്ക് ആ മഴയെത്തിച്ചുകൊടുക്കുന്നു. അതോടെ അവര്‍ ആഹ്ലാദഭരിതരാകുന്നു'' (30: 48).
''അല്ലാഹു കാര്‍മേഘത്തെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കിവെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്‍പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തു ന്നു. എന്നിട്ട് താനിഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിഛിക്കുന്നവരില്‍നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്'' (24:43).
പ്രകൃത സൂക്തങ്ങളില്‍ മേഘങ്ങള്‍ രൂപം കൊള്ളുന്നതിന്റെ ക്രമവും, അതിന്റെ വിവരണവും ശ്രദ്ധിച്ചാല്‍ ആധുനിക ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതപ്പെട്ട വിവരണങ്ങളാണെന്ന് തോന്നുന്നില്ലേ? പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വിവരണമാണിത് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോഴാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഒരു സാധാരണ മനുഷ്യന്റെ കഴിവില്‍പ്പെട്ടതല്ലെന്നും ഖുര്‍ആന്‍ മനുഷ്യ നിര്‍മിതിയല്ലെന്നും നമുക്ക് ബോധ്യപ്പെടുക.
ഈ സൂക്തങ്ങളിലെ പ്രധാന പരാമര്‍ശങ്ങള്‍ നമുക്കൊന്ന് വിശകലനം ചെയ്ത് നോക്കാം.
മേഘങ്ങളെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നു.
മേഘങ്ങളെ കാറ്റ് പരസ്പരം കൂട്ടിയിണക്കുന്നു.
മേഘങ്ങളെ കഷ്ണങ്ങളാക്കുന്നു.
മേഘങ്ങളെ കൂനകളാക്കുന്നു.
തുടര്‍ന്ന് മേഘങ്ങള്‍ക്കിടയില്‍നിന്ന് മഴ വര്‍ഷിപ്പിക്കുന്നു.
ചില മേഘങ്ങള്‍ പര്‍വതങ്ങളെപ്പോലെ വളരെ വലിയവയാണ്
അത്തരം മേഘങ്ങളില്‍ നിന്നുമാണ് ആലിപ്പഴ വര്‍ഷം നടക്കുന്നത്.
പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നത്, ആകാശ നിരീക്ഷണത്തിനു യാതൊരുവിധ സംവിധാനങ്ങളുമില്ലാതിരുന്ന ഒരു കാലത്ത് മുകള്‍ഭാഗത്ത് നിന്ന് നോക്കുന്നവര്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന മേഘങ്ങളുടെ പര്‍വത രൂപത്തെക്കുറിച്ച് പറയാന്‍ ഖുര്‍ആനിന് സാധിക്കുന്നു എന്നതാണ്. മാത്രവുമല്ല അത്തരം വലിയ മേഘങ്ങളില്‍ നിന്ന് മാത്രമേ ആലിപ്പഴ വര്‍ഷം നടക്കൂ എന്ന് പറയാന്‍ പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു മനുഷ്യനു സാധിച്ചു എന്ന് വിശ്വസിക്കലാണോ, അതല്ല അദ്ദേഹം തന്നെ പറയുന്നത് പോലെ ഈ ഗ്രന്ഥം ദൈവികമാണെന്ന് മനസ്സിലാക്കലാണോ യുക്തി?

മേഘങ്ങളുടെ ഭാരം
ഭൂമിയുടെ മുക്കാല്‍ ഭാഗത്തോളം വരുന്ന സമുദ്രങ്ങളില്‍ നിന്നും മറ്റും നീരാവിയായുയര്‍ന്ന് രൂപം കൊള്ളുന്ന മേഘങ്ങള്‍ അതീവ ഭാരം പേറുന്നവയാണ്. ഓരോ മേഘവും ടണ്‍കണക്കിനു ജലം വഹിക്കുന്നു. മൊത്തം മേഘങ്ങളുടെ ഭാരം എത്രയായിരിക്കും എന്നൊന്ന് സങ്കല്‍പ്പിച്ച് നോക്കുക. ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് കാണുക: ''തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന്‍ തന്നെ. അങ്ങനെ കാറ്റ് കനം കൂടിയ കാര്‍മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റുകിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അങ്ങനെ അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം'' (7:57).

തോതനുസരിച്ച്
മഴ വര്‍ഷിപ്പിക്കുന്നത് നിശ്ചിത തോതനുസരിച്ചാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''മാനത്തുനിന്ന് നിശ്ചിതതോതില്‍ വെള്ളം വീഴ്ത്തിത്തന്നതും അവനാണ്. അങ്ങനെ അതുവഴി നാം ചത്തുകിടക്കുന്ന ഭൂമിയെ ചൈതന്യവത്താക്കി. അവ്വിധം ഒരുനാള്‍ നിങ്ങളെയും ജീവനേകി പുറത്തെടുക്കും'' (സുഖുറുഫ് 11).
''നാം മാനത്തുനിന്ന് നിശ്ചിത തോതില്‍ വെള്ളം വീഴ്ത്തി. അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അതു വറ്റിച്ചു കളയാനും നമുക്കു കഴിയും'' (അല്‍മുഅ്മിനൂന്‍ 18).
നിശ്ചിത തോത് എന്നത് കൊണ്ട് ഉദ്ദേശ്യം രണ്ട് കാര്യങ്ങളാവാം. ഒന്നാമത്തേത്, മഴയായി വര്‍ഷിക്കുന്ന വെള്ളത്തിന്റെ അളവ് തന്നെ. ഒരു നിമിഷത്തില്‍ പതിനാറ് മില്യന്‍ ജലം ഭൂമിയില്‍ നിന്ന് നീരാവിയായി ആകാശത്തേക്ക് ഉയര്‍ത്തപ്പെടുന്നുവെന്നാണ് കണക്ക്. അത്രയും ജലം മാത്രമാണ് മഴയായി ഭൂമിയില്‍ പതിക്കുന്നത്. അഥവാ ഒരു നിശ്ചിത അളവ് ജലം അന്തരീക്ഷത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം.
മറ്റൊരുദ്ദേശ്യം മഴയായി വര്‍ഷിക്കുന്ന ജലത്തിന്റെ വേഗതയാണ്. സാധാരണ ഗതിയില്‍ മഴത്തുള്ളിയുടെ വലിപ്പവും ഭാരവുമുള്ള ഒരു വസ്തു താഴെ പതിക്കുമ്പോള്‍ അതീവ പ്രവേഗം കൈവരിച്ച് മണിക്കൂറില്‍ 558 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ വേഗതയില്‍ ഭൂമിയില്‍ വന്നിടിക്കുന്ന ഒരു വസ്തു തീര്‍ച്ചയായും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെക്കും. മേല്‍ പറഞ്ഞ വേഗതയില്‍ മഴത്തുള്ളികള്‍ ഭൂമിയില്‍ പതിച്ചിരുന്നെങ്കില്‍ കൃഷിയിടങ്ങളും ആവാസകേന്ദ്രങ്ങളും വീടുകളും നശിക്കുമെന്ന് മാത്രമല്ല, മഴയേല്‍ക്കുന്ന ജീവജാലങ്ങള്‍ ചത്തൊടുങ്ങാനും അത് കാരണമായിത്തീരുമായിരുന്നു. ഇത് 1200 മീറ്റര്‍ ഉയരത്തില്‍ നിന്നും പതിക്കുന്ന മഴയുടെ കാര്യമാണെങ്കില്‍ 10000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേഘങ്ങളില്‍ നിന്നും പതിക്കുന്ന മഴത്തുള്ളികളുടെ വേഗത ഒന്നു സങ്കല്‍പിച്ചു നോക്കുക. അത് വിവരണാതീതമാം വണ്ണം ഭൂമിയില്‍ വിനാശം വിതയ്ക്കും. എന്നാല്‍, എത്ര ഉയരത്തില്‍ നിന്നായാലും ഭൂമിയില്‍ പതിക്കുന്ന മഴത്തുള്ളികളുടെ വേഗത മണിക്കൂറില്‍ അഞ്ചു മുതല്‍ എട്ടു വരെ കിലോമീറ്റര്‍ മാത്രമാണ്. ഇതിന്നു കാരണം മഴത്തുള്ളികള്‍ കൈവരിക്കുന്ന അവയുടെ പാരച്യൂട്ട് രൂപമാണ്. ഈ പ്രത്യേക രൂപം മഴത്തുള്ളികള്‍ കടന്നുപോവുന്ന അന്തരീക്ഷത്തില്‍ ഘര്‍ഷണം കൂട്ടുകയും അതിവേഗത കൈവരിക്കുന്നതില്‍ നിന്നും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ സാങ്കേതിക ജ്ഞാനം അവലംബമാക്കിയാണ് പാരച്യൂട്ടുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്.

മണ്ണും ഉറവകളും
മഴവെള്ളത്തെ ഉള്‍ക്കൊള്ളാന്‍ മണ്ണ് വികസിക്കുകയും അങ്ങനെ ജലം സംഭരിച്ച് ചെടികളുടെയും മരങ്ങളുടെയും വളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു. മണ്ണില്‍ വീഴുന്ന വെള്ളം മുഴുവന്‍ ഒഴുകി സമുദ്രത്തിലെത്താതിരിക്കുന്നത് ഈ പ്രകൃതം കാരണമാണ്. മണ്ണിന്റെ സവിശേഷതകള്‍ക്കനുസരിച്ച് അല്‍പമായോ കൂടുതലായോ ജലം മണ്ണിലേക്ക് അരിച്ചിറങ്ങുകയും ഉറവകളും അരുവികളും രൂപം കൊള്ളുകയും ചെയ്യുന്നു. ഉറവകള്‍ക്ക് മഴയുമായി ബന്ധമുണ്ടന്നത് ആധുനിക കാലഘട്ടത്തില്‍ മാത്രമാണ് മനുഷ്യന്‍ കണ്ടത്തുന്നത്. അതിന് മുമ്പ് സമുദ്ര ജലവുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത് എന്നാണ് പലരും വിശ്വസിച്ചിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക.
''അതിനുശേഷം ഭൂമിയെ പരത്തി വിടര്‍ത്തി. ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തു കൊണ്ടുവന്നു'' (നാസിആത് 30,31). ''ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൗതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു'' (22:5).
ഇങ്ങനെ മഴയുമായി ബന്ധപ്പെട്ട ഒരുപാട് വാക്യങ്ങള്‍ ഖുര്‍ആനില്‍ കാണാനാകും. ഏതെങ്കിലും വാക്യം കാലഹരണപ്പെട്ടുവെന്നോ പുതിയ കണ്ടുപിടുത്തങ്ങളോടെ അതിലെ പ്രസ്താവനകള്‍ അബദ്ധജടിലമാണെന്നോ തെളിയിക്കാന്‍ നമുക്ക് സാധ്യമേയല്ല എന്നതാണ് വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികത. അഥവാ ഖുര്‍ആനിന്റെ പ്രഥമ അഭിസംബോധിതരോട് ഖുര്‍ആന്‍ നടത്തുന്ന വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നുവെന്ന് സാരം.
''അവര്‍ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത ആരില്‍ നിന്നെങ്കിലുമായിരുന്നെങ്കില്‍ അവരതില്‍ ധാരാളം പൊരുത്തക്കേടുകള്‍ കണ്ടെത്തുമായിരുന്നു'' (4:82).

Refernces.
Wikipedia.org(mal/eng/ar)
Kaheel7.com
Harunyahya.com
Geography– by Rajiv Ahir I P S Seventh edition 2003 Spetcrum books pvt ltd janakapuri, New Delhi.

Comments

Other Post

ഖുര്‍ആന്‍ ബോധനം

മര്‍യം / 4-7
എ.വൈ.ആര്‍